ചാർവാക ദർശനം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


വേദങ്ങളുടെ അധികാരികത അംഗീകരിക്കാത്ത ദർശനങ്ങളിൽ പ്രമുഖമാണ് ചാർവാക ദർശനം. ലോകായത മതം എന്നും അറിയപ്പെടുന്നു. ചാർവാക ദർശനത്തിന്റെ മൂലഗ്രന്ഥം ‘ലോകായത സൂത്ര’മാണ്. ഇത് ഇന്നുവരെ കണ്ടു കിട്ടിയിട്ടില്ലാത്തതിനാൽ, മറ്റു ദാർശനിക ഗ്രന്ഥങ്ങളിലുള്ള ലോകായത സൂത്രത്തിൽ നിന്നുള്ള വരികൾ ഉദ്ധരിക്കുകയാണ് പതിവ്. മധ്വാചാര്യന്റെ സർവ്വ-ദർശന-സംഗ്രഹം, ശങ്കരാചാര്യരുടെ സർവ്വ-സിദ്ധാന്ത-സംഗ്രഹം, ബുദ്ധവചനമായ സാമന്നഫല സൂത്രം തുടങ്ങിയവയാണ് ചാർവാക നിലപാട് വിശദീകരിക്കുന്ന ഇത്തരം ഗ്രന്ഥങ്ങൾ.

ചാർവാക ദർശന സ്ഥാപകൻ ബൃഹസ്പതിയാണ്. ബൃഹസ്‌പതിയുടെ ശിഷ്യനായ ചാർവാകൻ ആണ് സ്ഥാപകനെന്നും ചില പണ്ഢിതർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണത്രെ ചാർവാക എന്ന പേര് ഈ ദർശനശാഖക്ക് ലഭിച്ചത്. മറ്റൊരു അഭിപ്രായ പ്രകാരം, ചാർവാക (Carvaka) വാക്കിന്റെ മൂലമായ ‘carv’ എന്നതിനു ‘ചവയ്ക്കുക’ എന്നർത്ഥമുണ്ട്. സുഖോലുപത മുഖമുദ്രയാക്കിയവരുടെ ‘തിന്നുക, കുടിക്കുക, മദിക്കുക’ എന്ന കാര്യമാണിവിടെ സൂചിതമെന്ന് അവർ അഭിപ്രായപ്പെടുന്നു.

ചാർവാക ദർശന പ്രകാരം മൂലഘടകങ്ങൾ നാലാണ് – അഗ്നി, വായു, ജലം, പൃഥ്വി. മറ്റു ഭാരതീയ ദർശനങ്ങൾ അംഗീകരിക്കുന്ന ‘ആകാശ’ത്തെ (Space) ചാർവാകർ മൂലഘടകമായി കണക്കാക്കുന്നില്ല, കാരണം ആകാശത്തെ നാം നേരിട്ടു ദർശിക്കുന്നില്ല. ലോകത്തിലുള്ള എല്ലാം അഗ്നി, വായു, ജലം, പൃഥ്വി എന്നീ നാല് ഘടകങ്ങളാൽ നിർമിതമാണ്. മനുഷ്യശരീരത്തിൽ ഈ ഘടകങ്ങൾ പ്രത്യേക അനുപാതത്തിൽ കൂടിക്കലരുന്നതിനാൽ തത്ഫലമായി ബോധം (Consciousness) ഉണ്ടാകുന്നു. അടയ്‌ക്ക, വെറ്റില, ചുണ്ണാമ്പ് എന്നിവയുടെ സങ്കലന ഫലമായി ചുവപ്പു നിറം ഉണ്ടാകുന്നത് ചാർവാകർ ഉദാഹരണമായി ഉദ്ധരിക്കുന്നു. അടയ്‌ക്ക, വെറ്റില, ചുണ്ണാമ്പ് എന്നിവയിൽ ഓരോന്നിനും സ്വതസിദ്ധമായി ചുവപ്പുനിറം ഇല്ല. എന്നാൽ ഇവ പ്രത്യേക അനുപാതത്തിൽ കൂടിച്ചേരുമ്പോൾ, ഇവയിൽ ഇല്ലാതിരുന്ന ചുവപ്പുനിറം ഉല്പാദിപ്പിക്കപ്പെടുന്നു. ഇതുപോലെ അഗ്നി, വായു, ജലം, പൃഥ്വി എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ കൂടിച്ചേരുമ്പോൾ ബോധം ഉല്പാദിപ്പിക്കപ്പെടുന്നു. ബോധത്തിനു ശരീരബാഹ്യമായി നിലനിൽപ്പില്ല.

മറ്റു ഭാരതീയ ദർശനങ്ങളിൽ നിന്നു വ്യത്യസ്തമായി ചാർവാകർ ഒരൊറ്റ പ്രമാണത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ – പ്രത്യക്ഷം. പഞ്ചേന്ദ്രിയങ്ങൾ വഴി നമുക്ക് നേരിട്ടു ലഭിക്കുന്ന സംവേദനങ്ങളാണ് പ്രത്യക്ഷം. നേരിട്ടു കാണാൻ സാധിക്കാത്തവക്ക് നിലനിൽപ്പില്ല. ഒട്ടുമിക്ക ഭാരതീയ ദർശനങ്ങളും അംഗീകരിക്കുന്ന അനുമാനം, ആപ്‌തവാക്യം എന്നീ പ്രമാണങ്ങളെ ചാർവാകർ തള്ളിപ്പറയുന്നു [2].

അനുമാനത്തെ പ്രമാണമായി പരിഗണിക്കുന്നതിനു എതിരെ ചാർവാക ദർശനം ഗൗരവതരമായ എതിർപ്പുകൾ ഉയർത്തുന്നു. അനുമാന പ്രമാണത്തിൽ ‘അനസ്യൂതമായ ചാക്രികപ്രക്രിയ’ (Infinite Regress) ഉണ്ടെന്ന് ചാർവാകർ വാദിക്കുന്നു. അനുമാന പ്രമാണത്തിലൂടെ ലഭിക്കുന്ന അറിവ്, അതിന്റെ സാധൂകരണത്തിനായി, അനുമാനം വഴി ലഭിച്ച മറ്റൊരു മുൻ അറിവിനെ ആവശ്യപ്പെടുന്നു. ഈ മുൻ അറിവ്, അതിന്റെ സാധൂകരണത്തിനായി മറ്റൊരു മുൻ അറിവിനെ ആവശ്യപ്പെടും. ഇതൊരു ചാക്രിക പക്രിയയായി അനന്തമായി നീളും. തീയും പുകയും തമ്മിലുള്ള അഭേദ്യ സഹവർത്തിത്വത്തെ (വ്യാപ്തി / Invariable Concomitant) ഉദാഹരണമായി എടുക്കുക. തീ – പുക സഹവർത്തിത്വത്തെ ആദ്യമായി ദർശിക്കുന്ന ഒരാൾക്കു തീർച്ചയായും അവ തമ്മിലുള്ള അഭേദ്യബന്ധം അറിയാനാകില്ല. തന്മൂലം പുക ദർശിച്ചാൽ തീയുടെ സാന്നിധ്യം അദ്ദേഹത്തിനു അനുമാനിക്കാൻ പറ്റില്ല. അഭേദ്യബന്ധം അറിഞ്ഞ്, പുകയുണ്ടെങ്കിൽ തീയുമുണ്ടെന്നു മനസ്സിലാക്കണമെങ്കിൽ അദ്ദേഹം തീയും പുകയും ഒരുമിച്ചുള്ള ഒരു ദൃശ്യമെങ്കിലും മുമ്പ് കണ്ടിരിക്കേണ്ടതുണ്ട്. ഈ മുൻകാഴ്ചയുടെ തീ – പുക വ്യാപ്തിക്കു സാധൂകരണമായി അതിനു മുമ്പുള്ള മറ്റൊരു തീ – പുക ദർശനം അനിവാര്യമാണ്. ഈ പക്രിയ അനന്തമായി നീളും. ഫലം, അനുമാനം ഒരു പ്രമാണമാണോയെന്നു തർക്കം ഉയർത്താം. ചാർവാക ദർശനവും അതുതന്നെ ചെയ്യുന്നു. ഓരോ അനുമാന പ്രമാണത്തിലും ഒരു പ്രത്യക്ഷ പ്രമാണം അടങ്ങിയിരിക്കുന്നതിനാൽ (പുകയെ പ്രത്യക്ഷത്തിൽ കണ്ടാലേ തീ ഉണ്ടെന്നു മനസ്സിലാക്കാനാകൂ) പ്രത്യക്ഷമാണ് ഒരേയൊരു പ്രമാണമെന്നു ചാർവാകർ വാദിക്കുന്നു.

Read More ->  യോഗയും ദൈവവും

ചാർവാകർ അനുമാനത്തെ പ്രമാണമായി അംഗീകരിക്കുന്നില്ല എന്നു പറയുമ്പോൾ അത് അക്ഷരാർത്ഥത്തിൽ എടുക്കുന്നത് പിശകായേക്കുമെന്നു തോന്നുന്നു. പ്രത്യക്ഷ പ്രമാണത്തിനു വളരെയധികം പ്രാമുഖ്യമുള്ള ചില ‘അനുമാന’ങ്ങളെ ചാർവാക ദർശനം അംഗീകരിച്ചിരിക്കാൻ ഇടയുണ്ട്. മനുഷ്യരുടെ ദൈനംദിന മാനസിക വ്യാപാരങ്ങളിൽ നിരന്തരം കടന്നുവരുന്ന അനുമാനങ്ങളെ ചാർവാക ദർശനം നിരാകരിച്ചിരിക്കാൻ സാധ്യതയില്ല.

ചാർവാകർ അതിഭൗതിക വാദികൾ അല്ല, മറിച്ച് ഭൗതികവാദമാണ് അവരുടെ മുഖമുദ്ര. ദ്രവ്യം (Matter) മാത്രമാണ് ഏകവും പരമവുമായ യാഥാർത്ഥ്യം. അഗ്നി, വായു, ജലം, പൃഥ്വി എന്നീ നാല് മൂലഘടകങ്ങളും അവയുടെ സങ്കലനഫലമായി ഉണ്ടാകുന്ന വസ്തുക്കളും മാത്രമാണ് സത്യം. കാരണം ഇവയെ മാത്രമേ പ്രത്യക്ഷപ്രമാണം വഴി അറിയാനാകൂ. പ്രത്യക്ഷ പ്രമാണം വഴി സ്വർഗ്ഗം, നരകം, ദൈവം., എന്നിവയെ കുറിച്ച് ഒന്നും സംവേദിച്ച് അറിയാൻ കഴിയാത്തതിനാൽ, അവയുടെ ആസ്‌തിത്വം ചാർവാകർ നിഷേധിക്കുന്നു.

ചാർവാകർ ആത്മാവിനെ നിഷേധിക്കുന്നില്ല. പകരം മറ്റു ദർശനങ്ങൾ വച്ചുപുലർത്തുന്ന ആത്മസങ്കല്പത്തിനു കടകവിരുദ്ധമായത് വച്ചു പുലർത്തുന്നു. വിവിധ ചാർവാക വിഭാഗങ്ങൾ മനസ്സ്, ശരീരം, പ്രാണൻ, ഇന്ദ്രിയങ്ങൾ, എന്നിവയെ ആത്മാവായി പരിഗണിക്കുന്നു. ഇവിടെ ആത്മാവ് മാറ്റങ്ങൾക്കു വിധേയമാണ്. മരണത്തോടെ ആത്മാവും ഇല്ലാതാകുന്നു.

ചാർവാക ദർശനത്തിൽ മോക്ഷപ്രാപ്തി മരണത്തോടെ സംഭവിക്കുന്നു. മനുഷ്യനു ഒരു ജന്മമേയുള്ളൂ. മരണത്തിനപ്പുറം ജീവിതമോ പുനർജന്മമോ ഇല്ല. ദൈവം ലോകം സൃഷ്ടിച്ചിട്ടില്ല. ഇവിടെ എക്കാലത്തും നിശ്ചിത അളവിൽ ദ്രവ്യം ഉണ്ടായിരുന്നു, ഭാവിയിൽ ഉണ്ടാവുകയും ചെയ്യും. അതിനാൽ സൃഷ്ടിയും സംഹാരവും അത്യന്തികമായി സാധ്യമല്ല.

സദാചാര വിഷയത്തിൽ, ‘സുഖോലുപതയിൽ പരമാവധി അഭിരമിക്കുക’ എന്നതാണ് ചാർവാക മതം. മരണത്തോടെ ജീവിതം അവസാനിക്കുന്നതിനാൽ, അതിനുമുമ്പ് ഇഹലോകത്ത് ലഭ്യമായ സുഖസൗകര്യങ്ങളെല്ലാം ആവോളം ആസ്വദിക്കുക. മരണാനന്തരമുള്ള ഏതെങ്കിലും ജീവിതത്തെ കരുതി ഇഹലോകത്തുള്ള സുഖങ്ങളെ വർജ്ജിക്കുന്നത് യുക്തിയല്ല. ദുഃഖവും സുഖവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിൽ തന്നെയും നാം സുഖജീവിതം വെടിയേണ്ടഥില്ല. ‘മുള്ളുകൾ ഉണ്ടെന്ന് കരുതി നാം ചില പുഷ്‌പങ്ങൾ ഉപയോഗിക്കാതിരിക്കുന്നില്ലല്ലോ’, ‘വന്യജീവികൾ നശിപ്പിക്കുമെന്ന് കരുതി നാം കൃഷി ചെയ്യാതിരിക്കുന്നില്ലല്ലോ’ തുടങ്ങിയ വാദങ്ങൾ പ്രതിരോധത്തിനായി ചാർവാകർ ഉയർത്തുന്നു. നാല് പുരുഷാർത്ഥങ്ങളിൽ രണ്ടെണ്ണമേ ചാർവാകർ അംഗീകരിക്കുന്നുള്ളൂ – അർത്ഥവും, കാമവും. ധർമ്മവും മോക്ഷവും അവർ ഒഴിവാക്കുന്നു.

ലോകത്തിലെ എല്ലാ സംഭവങ്ങളും സന്ദർഭവശാൽ (യാദൃശ്ചികവാദം) സംഭവിക്കുന്നതാണ്, മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതല്ല, അതിനാൽ കർമ്മ സിദ്ധാന്തം തെറ്റാണ്. ദൈവം ഇല്ല. വേദങ്ങൾ യാതൊരു സത്യവും അടങ്ങിയിട്ടില്ലാത്ത അബദ്ധ പഞ്ചാംഗങ്ങൾ ആണ്… ചാർവാക ദർശന വീക്ഷണങ്ങൾ ഇപ്രകാരം നീളുന്നു. വേദങ്ങളുടെ പ്രമാണ്യം അംഗീകരിക്കാത്തതിനാൽ ചാർവാകരെ നാസ്തികർ എന്നു വിളിക്കുന്നു[1]. എന്നാൽ ബൃഹദാരണ്യക ഉപനിഷത്തിലെ ചില സൂക്തങ്ങൾ ചാർവാക സിദ്ധാന്തത്തെ സൂചിപ്പിക്കുന്നു എന്നു വാദമുണ്ട്.

“As a lump of salt is without interior or exterior, entire, and purely saline in taste, even so is the Self without interior or exterior, entire, and Pure Intelligence alone. (The self) comes out (as a separate entity) from these elements, and (this separateness) is destroyed with them. After attaining (this oneness) it has no more (particular) consciousness. This is what I say, my dear. So said Yajnavalkya.”

Brihadaranyaka Upanishad. IV.v.13

കൂടാതെ മറ്റൊരു ഭാഗത്ത് യാജ്ഞവൽക്യൻ – മൈത്രേയി സംഭാഷണത്തിനിടയിൽ ‘ആത്മാവിന്റെ സുഖത്തിനായാണ് നാം എല്ലാ പ്രവൃത്തികളും ചെയ്യുന്നത്’ എന്നു യാജ്ഞവൽക്യൻ പറയുന്നു.

Read More ->  ലേഖനം 1 -- ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

അനുമാനത്തെ ചാർവാകർ പ്രമാണമായി പരിഗണിക്കാത്തത് വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഭാരതീയ ദർശനങ്ങൾ എല്ലാം തന്നെ പ്രത്യക്ഷത്തിനു ഒപ്പം അനുമാനത്തേയും പ്രമാണമായി അംഗീകരിക്കുന്നവയാണ്. അനുമാനത്തെ പ്രമാണമായി അംഗീകരിച്ചില്ലെങ്കിൽ നമുക്ക് ചർച്ചകളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാൻ സാധിക്കില്ല. ദൈനംദിനേന നടക്കുന്ന പല മാനസിക വ്യവഹാരങ്ങളും അനുമാനത്തിൽ അധിഷ്ഠിതമാണ്. പ്രത്യക്ഷം മാത്രമാണ് പ്രമാണം, അനുമാനം പ്രമാണമല്ല‘ എന്ന ചാർവാക ദർശനത്തിന്റെ നിലപാട് തന്നെ ഒരു അനുമാനം ആണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ചാർവാക ദർശനത്തിന്റെ പ്രധാന ന്യൂനതയാണിത്. സദാചാര സംബന്ധിയായ വീക്ഷണങ്ങളിലും അവർ മറ്റു ഭാരതീയ ദർശനങ്ങളിൽ നിന്ന് രൂക്ഷവിമർശനം നേരിട്ടിട്ടുണ്ട്.

ഭാരതീയ ദർശന ചരിത്രത്തിൽ ഒരിക്കലും നിർണായക ശക്തിയല്ലായിരുന്നെങ്കിലും, പ്രമുഖമായ എല്ലാ ദാർശനിക ശാഖകളും അവരുടെ ഗ്രന്ഥങ്ങളിൽ ചാർവാക ദർശനത്തെ പറ്റി പരാമർശിക്കുകയും ചാർവാക സിദ്ധാന്തങ്ങളെ ഖണ്ഢിക്കുകയും ചെയ്യുന്നുണ്ട്. അതുവഴി, എണ്ണത്തിൽ കുറവെങ്കിലും, ചാർവാകർ എക്കാലത്തും ഭാരതത്തിൽ ഉണ്ടായിരുന്നെന്ന് കരുതാവുന്നതാണ്.


[1] ദൈവം ഇല്ലെന്നു പറയുന്നവരെ പൗരാണിക ഭാരതത്തിൽ നാസ്തികർ എന്നു വിളിച്ചിരുന്നില്ല. മറിച്ച് വേദങ്ങളുടെ അപൗരുഷേയതയും പ്രാമാണ്യവും അംഗീകരിക്കാത്തവരായിരുന്നു നാസ്തികർ. ഉദാഹരണമായി ദൈവത്തെ നിരസിക്കുന്ന സാംഖ്യ ദർശനം നാസ്തികം അല്ല. കാരണം സാംഖ്യം വേദങ്ങളുടെ പ്രാമാണികത അംഗീകരിക്കുന്നു. എന്നാൽ ഹൈന്ദവ ദർശനങ്ങളെ പോലെ കർമ്മസിദ്ധാന്തത്തേയും പുനർജന്മത്തേയും മറ്റും അംഗീകരിക്കുമ്പോഴും, വേദങ്ങളുടെ പ്രാമാണികത അംഗീകരിക്കാത്തതിനാൽ ബുദ്ധദർശനങ്ങൾ നാസ്തിക ധാരയിൽ പെടുന്നു.


അഭിപ്രായം എഴുതുക