ത്രിപാദ സിദ്ധാന്തം (Syllogism)

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.

സുനിൽ ഉപാസനയുടെ ഏറ്റവും പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.


അനുമാന പ്രമാണം രണ്ടുവിധത്തിൽ പ്രവർത്തിക്കുന്നു. ആദ്യത്തേതിൽ, അടയാളം കാണുന്ന കാഴ്ചക്കാരൻ, അറിവിനു വേണ്ടി, വ്യാപ്തിയെ കുറിച്ച് സ്വയം ആത്മചിന്തനം നടത്തുന്നു (Inference for himself). യാന്ത്രികമായി നടക്കുന്ന മാനസിക പ്രക്രിയയാണ് ഇത്. കുന്നിൻമുകളിൽ പുക കാണുമ്പോൾ കാഴ്ചക്കാരന്റെ മനസ്സിൽ, തീ-പുക ബന്ധത്തെപ്പറ്റി, യാന്ത്രികമായി ത്സടുതിയിലൊരു വിശകലനം നടത്തപ്പെടുന്നു. തത്‌ഫലമായി കുന്നിൻമുകളിൽ തീയുണ്ടെന്നു കാഴ്ചക്കാരൻ ഉറപ്പിക്കുന്നു.

അനുമാനത്തിന്റെ രണ്ടാമത്തെ രീതിയിൽ, കാഴ്ചക്കാരൻ തീയും പുകയും തമ്മിലുള്ള വ്യപ്തിയെ പറ്റി, വ്യാപ്തി ദർശിച്ചിട്ടില്ലാത്ത, മറ്റൊരു വ്യക്തിക്കു വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് (Inference for others). വ്യാപ്തിയെ പറ്റി ആന്തരിക വിശകലനമല്ല ഇവിടെ നടക്കുന്നത്. മറിച്ച് സംഭാഷണത്തിലൂടെ വ്യാപ്തിയെ പ്രതിപാദിക്കുകയാണ് ചെയ്യുന്നത്. വസ്തുവും അതിന്റെ അടയാളവും തമ്മിലുള്ള അഭേദ്യബന്ധം യുക്തിപരമായി, കാഴ്ചക്കാരൻ കാഴ്ചക്കാരനല്ലാത്ത മറ്റൊരു വ്യക്തിയെ പറഞ്ഞു മനസ്സിലാക്കിയ്ക്കുന്നു. ഈ പ്രക്രിയയെ ത്രിപാദ സിദ്ധാന്തം (Syllogism) എന്നു വിളിക്കുന്നു.ഒരു ഉദാഹരണം താഴെ.

“അടുക്കളയിലെ പോലെ, തീ എവിടെയുണ്ടോ അവിടെ പുകയും ഉണ്ട്. (1)
ഈ കുന്നിനു മുകളിൽ പുകയുണ്ട്. (2)
അതിനാൽ കുന്നിനു മുകളിൽ തീയും ഉണ്ട്. (3)”

മിക്ക ഭാരതീയ ദർശനങ്ങളും മൂന്നു ഘട്ടമുള്ള ത്രിപാദ സിദ്ധാന്തമാണ് ഉപയോഗിക്കുന്നത്. എന്നാൽ ന്യായ ദർശനത്തിൽ അഞ്ച് ഘട്ടങ്ങളുണ്ട്. ഉദാഹരണം താഴെ.

“കുന്നിനു മുകളിൽ തീ ഉണ്ട്. (1)
കാരണം കുന്നിനു മുകളിൽ പുക ഉണ്ട്. (2)
അടുക്കളയിലെ പോലെ, എവിടെയാണോ പുകയുള്ളത് അവിടെ തീയും ഉണ്ട്. (3)
തീ ഉള്ളപ്പോൾ കാണാറുള്ള പോലെ, പുക കുന്നിനു മുകളിൽ ഉണ്ട്. (4)
അതിനാൽ കുന്നിനു മുകളിൽ തീ ഉണ്ട്. (5)”

അനേകം സൂക്ഷ്മനിരീക്ഷണങ്ങളിൽ നിന്നു യുക്തിഭദ്രമായി വ്യവഹരിച്ചെടുക്കപ്പെട്ട തീരുമാനങ്ങളും, ഈ തീരുമാനങ്ങളെ പ്രവർത്തിപഥത്തിൽ പ്രതിഷ്ഠിച്ച് പരീക്ഷണത്തിലൂടെ അതിൽ അടങ്ങിയിരിക്കുന്ന സത്യത്തിന്റെ സാധുത ഉറപ്പുവരുത്തുന്നതും ഭാരതീയ ദർശനങ്ങൾ ഉപയോഗിക്കുന്ന ത്രിപാദസിദ്ധാന്തത്തിന്റെ പ്രത്യേകതയാണ്. ‘The positive sciences of ancient Hindus’ എന്ന പ്രശസ്ത ഗ്രന്ഥത്തിൽ B N Seal ഇതിനെക്കുറിച്ചു പറയുന്നുണ്ട്.

Read More ->  ലേഖനം 7 -- അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ - 1

“The Hindu inference is therefore neither merely formal not merely material, but a combined Formal – Material, Deductive – Inductive process…… this formal – material deductive – inductive process thus turns on one thing – the establishment of the invariable concomitance between the ‘mark’ and the character inferred – in other words, an inductive generalization.”

D M Dutta അദ്ദേഹത്തിന്റെ ‘The six ways of knowing’ എന്ന ഗ്രന്ഥത്തിലും ഇതേ വിഷയം പരാമർശിക്കുന്നു.

“… The necessity of classifying inference into the deductive and inductive also did not arise, because for the Indian logician no syllogism was of any value unless based on a universal major established through induction; consequently, the processes of induction and deduction blended together to constitute a syllogism.”

ഭാരതീയ ദർശനത്തിലെ, ചില ദർശനധാരകൾ വ്യത്യസ്ത പ്രമാണമായി പരിഗണിക്കുന്ന പ്രമാണങ്ങൾ, മറ്റു ചില ദർശനങ്ങൾ ‘അനുമാനം’ എന്ന പ്രമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി, അദ്വൈത വേദാന്തത്തിൽ ആറ് പ്രമാണങ്ങളുണ്ട് – പ്രത്യക്ഷം, അനുമാനം, ഉപമാനം, അർത്ഥപത്തി, അനുപലബ്ധി, ആപ്തവാക്യം. മറ്റു ദർശനങ്ങൾ ഈ ആറെണ്ണത്തിൽ പെടുന്ന പ്രമാണങ്ങളെ അംഗീകരിക്കുമെങ്കിലും, അവർ ഓരോ പ്രമാണവും വെവ്വേറെയാണെന്നു പറയില്ല. അദ്വൈത വേദാന്തത്തിലെ ഉപമാനം, അർത്ഥപത്തി എന്നീ പ്രമാണങ്ങളെ മറ്റു ദർശനങ്ങൾ അനുമാന പ്രമാണത്തിൽ ഉൾപ്പെടുത്തുകയാണ് പതിവ്.

ഭാരതീയ ദർശനത്തിൽ ചാർവാക ദർശനം ഒഴികെ എല്ലാ ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു[1].

Featured Image Credit: – https://www.studyvirus.com/set-10-syllogism-for-sbi-po-and-sbi-clerk-2019-must-go-through-these-questions-2/


[1] അനുമാനത്തെ പ്രമാണമായി പരിഗണിക്കുന്നതിനു എതിരെ ചാർവാക ദർശനം ഗൗരവതരമായ എതിർപ്പുകൾ ഉയർത്തുന്നു. അനുമാന പ്രമാണത്തിൽ ‘അനസ്യൂതമായ ചാക്രികപ്രക്രിയ’ (Infinite Regress) ഉണ്ടെന്ന് ചാർവാകർ വാദിക്കുന്നു. അനുമാന പ്രമാണത്തിലൂടെ ലഭിക്കുന്ന അറിവ്, അതിന്റെ സാധൂകരണത്തിനായി, അനുമാനം വഴി ലഭിച്ച മറ്റൊരു മുൻഅറിവിനെ ആവശ്യപ്പെടുന്നു. ഈ മുൻഅറിവ്, അതിന്റെ സാധൂകരണത്തിനായി മറ്റൊരു മുൻഅറിവിനെ ആവശ്യപ്പെടും. ഇതൊരു ചാക്രിക പക്രിയയായി അനന്തമായി നീളും. തീയും പുകയും തമ്മിലുള്ള അഭേദ്യ സഹവർത്തിത്വത്തെ ഉദാഹരണമായി എടുക്കുക. തീ – പുക സഹവർത്തിത്വത്തെ ആദ്യമായി ദർശിക്കുന്ന ഒരാൾക്കു തീർച്ചയായും അവ തമ്മിലുള്ള അഭേദ്യബന്ധം (വ്യാപ്തി) അറിയാനാകില്ല. (തന്മൂലം പുക ദർശിച്ചാൽ തീയുടെ സാന്നിധ്യം അദ്ദേഹത്തിനു അനുമാനിക്കാൻ പറ്റില്ല). അഭേദ്യബന്ധം അറിഞ്ഞ്, പുകയുണ്ടെങ്കിൽ തീയുമുണ്ടെന്നു മനസ്സിലാക്കണമെങ്കിൽ അദ്ദേഹം തീയും പുകയും ഒരുമിച്ചുള്ള ഒരു ദൃശ്യമെങ്കിലും മുമ്പ് കണ്ടിരിക്കേണ്ടതുണ്ട്. ഈ മുൻകാഴ്ചയുടെ തീ – പുക വ്യാപ്തിക്കു സാധൂകരണമായി അതിനു മുമ്പുള്ള ഒരു തീ – പുക ദർശനം അനിവാര്യമാണ്. ഈ പക്രിയ അനന്തമായി നീളും. ഫലം, അനുമാനം ഒരു പ്രമാണമാണോയെന്നു തർക്കം ഉയർത്താം. ചാർവാക ദർശനവും അതുതന്നെ ചെയ്യുന്നു. ഓരോ അനുമാന പ്രമാണത്തിലും ഒരു പ്രത്യക്ഷ പ്രമാണം അടങ്ങിയിരിക്കുന്നതിനാൽ (പുകയെ പ്രത്യക്ഷത്തിൽ കണ്ടാലേ തീ ഉണ്ടെന്നു മനസ്സിലാക്കാനാകൂ) പ്രത്യക്ഷമാണ് ഒരേയൊരു സ്വതന്ത്ര പ്രമാണമെന്നു ചാർവാകർ വാദിക്കുന്നു.

Read More ->  ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ

അഭിപ്രായം എഴുതുക