സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
വിവിധ പ്രമാണങ്ങളെ കുറിച്ച് പഠിച്ച് കഴിയുമ്പോൾ മനസ്സിൽ ഉയരുന്ന ചോദ്യമുണ്ട് — പ്രമാണങ്ങൾ വഴി ലഭിക്കുന്ന അറിവുകൾ എല്ലാം തന്നെ കുറ്റമറ്റതായിരിക്കുമോ? പ്രമാണങ്ങളിൽ പിഴവുകൾക്കു ഒരു സാധ്യതയും ഇല്ലേ? വളരെ കഴമ്പുള്ള ചോദ്യമാണിത്. ഒരു പ്രമാണവും കുറ്റമറ്റ അറിവിനെ വിനിമയം ചെയ്യുന്നില്ലെന്നാണ് ചില ദാർശനികരുടെ നിലപാട്. ഇതിനു മറുവാദങ്ങളും ഉണ്ട്. പ്രത്യക്ഷ പ്രമാണത്തിന്റെ ന്യൂനതകളായി പറയപ്പെടുന്ന കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
പ്രത്യക്ഷപ്രമാണം അത് വിനിമയം ചെയ്യുന്ന അറിവിന്റെ സാധുതക്കു പൂർണമായും മനുഷ്യന്റെ ഇന്ദ്രിയങ്ങളെ ആശ്രയിക്കുന്നു. എന്നാൽ നമുക്കറിയാവുന്ന പോലെ, മനുഷ്യേന്ദ്രിയങ്ങളുടെ പ്രവൃത്തിമണ്ഢലം പരിമിതമാണ്. നമുക്ക് ലോകത്തിലുള്ള എല്ലാ ശബ്ദങ്ങളും ശ്രവിക്കാനാകില്ല. മനുഷ്യരുടെ കാഴ്ചശക്തിയും പരിമിതമാണ്. ചില ജീവികൾക്കു പല മേഖലയിലും മനുഷ്യനേക്കാൾ കേമത്തം അവകാശപ്പെടാം. ഇക്കാരണങ്ങളാൽ തന്റെ ഇന്ദ്രിയങ്ങൾക്കു പ്രാപ്യമാകുന്നത് മാത്രമാണ് സത്യമെന്നും, അതിനപ്പുറം ഒന്നുമില്ലെന്നും മനുഷ്യൻ കരുതുന്നത് മൗഢ്യമാണ്[1]. പ്രത്യക്ഷപ്രമാണത്തിന്റെ പരിമിതിയാണിത്. പ്രത്യക്ഷ പ്രമാണം, പല പരിമിതികളുമുള്ള മനുഷ്യേന്ദ്രിയങ്ങൾ നിർണയിച്ച അതിർത്തിക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുന്നു.
പ്രത്യക്ഷ പ്രമാണത്തിലൂടെ ലഭിക്കുന്ന അറിവുകളിൽ ‘അനുമാനം’ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ചില ദാർശനികർ ചൂണ്ടിക്കാണിക്കുന്നു. കാരണം നാം ഒരിക്കലും ഒരു വസ്തുവിനെ പൂർണമായി ദർശിക്കുന്നില്ല. ഒരു വൃക്ഷത്തിന്റെ ഒരു ഭാഗം മാത്രമേ ഒരുസമയത്ത് കാണാനൊക്കൂ. ബാക്കിയുള്ള ഭാഗത്തെപ്പറ്റി അനുമാനിക്കുകയാണ് ചെയ്യുന്നത്. വൃക്ഷത്തെ പൂർണമായും നേരിട്ടു കാണാതെയാണ് നാം ‘അതൊരു വൃക്ഷമാണ്’ എന്നു തീരുമാനിക്കുന്നത്. ഒരു വസ്തുവിന്റെ ഒരുഭാഗം മാത്രം ദർശിച്ച്, ആ വസ്തുവിന്റെ സ്വഭാവത്തെപ്പറ്റി അന്തിമപ്രസ്താവന നടത്തുന്നത്, കർക്കശമായ ന്യായബുദ്ധിയോടെ ചിന്തിച്ചാൽ, തെറ്റായ രീതിയാണ്. എന്നാൽ ഈ വാദത്തെ എതിർക്കുന്ന നിലപാടുകളുമുണ്ട്.
പ്രത്യക്ഷ പ്രമാണത്തിലെ, അനുമാനത്തിന്റെ അംശത്തിനു പുറമെ, നമ്മിലുള്ള ഓർമകളും അതിന്റെ സാധുതയെ കുറയ്ക്കുന്നു. കൂടിയാണ്. നാം ഒരു വസ്തുവിനെ ദർശിക്കുമ്പോൾ, മുൻസന്ദർഭങ്ങളിൽ കണ്ടിട്ടുള്ള, ഏകദേശം അതേപോലുള്ള വസ്തുക്കളുടെ ഓർമകൾ പൊടുന്നനെ മനസ്സിൽ ഉയർന്നുവന്ന്, നമ്മുടെ തീരുമാനത്തെ സ്വാധീനിക്കുന്നു. ഇത്തരം ഓർമകൾ നിശ്ചിതമല്ല. ഓർമ എന്നതേ അനിശ്ചിതമായ ഒന്നാണ്. പ്രത്യക്ഷപ്രമാണം വഴി ലഭിക്കുന്ന അറിവ് രൂപപ്പെടുത്തുന്നതിൽ ഓർമകൾ വഹിക്കുന്ന പങ്ക്, പ്രത്യക്ഷ പ്രമാണത്തിന്റെ സാധുത കുറയ്ക്കുന്നു.
പ്രത്യക്ഷപ്രമാണത്തിനു വേറേയും ന്യൂനതകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായവ മുകളിൽ നൽകിയ മൂന്ന് പോയിന്റുകൾ ആണ്.
[1] ചാർവാക ദർശനത്തിന്റെ പ്രധാന ന്യൂനതയാണിത്.