കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബ്ലാക്ക്മാൻ – ആദ്യഭാഗം ഇവിടെ വായിക്കുക.

കള്ളനെ അറസ്റ്റ് ചെയ്ത ശേഷമുള്ള ഞായറാഴ്ച വൈകുന്നേരം വിൽസനും അന്വേഷണ സംഘാംഗമായ കട്ടപ്പുറം ഷാജുവും കൊരട്ടിയിലെ മധുര ബാറിൽ കയറി. ഒരു ബിയർ കുപ്പിക്കു പറഞ്ഞ് ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തിരുന്നു. വിൽസൺ അന്വേഷണരീതി വിശദീകരിക്കാൻ തയ്യാറെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം ഷാജുവിനെ അമ്പരപ്പിക്കുകയാണ് ചെയ്‌തത്.

ചിയേഴ്‌സ് പറഞ്ഞ് ബിയർകുപ്പി മൊത്തി, ചുണ്ട് തുടച്ച് വിൽസൻ ചോദിച്ചു. “ഷാജു, നീ ഞങ്ങടെ ലാലുച്ചേട്ടന്റെ കാല് കണ്ടിട്ടുണ്ടാ?”

ഷാജു ചുമച്ചു. മൊത്തിയ ബിയർ ശിരസ്സിൽ കയറി. എത്ര വളിച്ച ചോദ്യമാണ് വിൽസൻ ചോദിച്ചത്. നാട്ടിലെ സൗമ്യനും നിരുപദ്രവകാരിയും മര്യാദക്ക് ജീവിച്ചു പോകുന്ന വ്യക്തിയും. അതാണ് ഗ്ലാമർ ടെയ്‌ലേഴ്‌സ് ഉടമ ‘ഗ്ലാമർ ലാലു’. കക്കാടുകാർക്കു ലാലുചേട്ടൻ. അദ്ദേഹത്തെ പറ്റിയാണ് വിൽസന്റെ ചോദ്യം.

ആദ്യത്തെ അമ്പരപ്പിനു ശേഷം ഷാജുവിനു മാനസിക വിഷമമായി. വിൽസൻ വഴിപിഴച്ചു പോകുന്നത് ഷാജുവിനു സഹിക്കാനായില്ല.

“വിൽസാ… അങ്ങിനെ ചിന്തിക്കരുത്. അത് തെറ്റാണ്.”

വിൽസനിൽ പക്ഷേ ഭാവമാറ്റമുണ്ടായില്ല. ഇത്തരം പ്രതികരണം ഷാജുവിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

“ഷാജു അമ്പരക്കണ്ട. ഞാൻ ഹോമോ‌സെക്ഷ്വൽ അല്ല. കേസുമായി ബന്ധപ്പെട്ട ചോദ്യം തന്നെയാ ചോദിച്ചെ.”

ഷാജുവിനു അതിശയമായി. “ലാലുച്ചേട്ടന്റെ തൊടേം കള്ളന്റെ മോഷണവും തമ്മിൽ എന്തൂട്ടാ ബന്ധം.?”

വിൽസൻ കസേരയിൽ അനങ്ങിയിരുന്നു. കൂടുതൽ വിശദീകരണം നൽകുന്നതിനു മുമ്പ് അത് പതിവാണ്.

“ഷാജു, ഈ കേസ് രസകരമാണ്. എന്തെന്നാൽ കള്ളൻ ഭവനഭേദനം നടത്താനോ വിലപിടിപ്പുള്ള വസ്തുക്കൾ കവരാനോ ശ്രമിക്കുന്നില്ല. മോഷ്ടിക്കുന്നത് കയ്യകലത്തുള്ള സാധനങ്ങളാണ്… എന്നുവച്ചാൽ നമുക്ക് മുന്നിലുള്ളത് അപകടകാരിയായ, പ്രൊഫഷണൽ കള്ളൻ അല്ല. മറിച്ച്, സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ മറ്റോ മോഷ്ടിക്കേണ്ടി വരുന്ന ഒരാളാണ് പ്രതി. അതെനിക്ക് ഉറപ്പായിരുന്നു.”

വിൽസൻ തുടർന്നു. “ആദ്യം നമുക്ക് സാക്ഷിമൊഴികൾ നോക്കാം. കള്ളന്റെ ശരീരപ്രകൃതി പറ്റി രണ്ട് വ്യത്യസ്ത വിവരണങ്ങൾ… ഒന്ന് സനു പറഞ്ഞ മസിൽമാനായ കള്ളൻ. പിന്നെ ജയൻ പറഞ്ഞ മെലിഞ്ഞ ശരീരമുള്ള കള്ളൻ. നമുക്ക് അവരെ രണ്ടുപേരെയും അവിശ്വസിക്കേണ്ടതില്ല. കാരണം അവർ കള്ളനെ കണ്ട പരിസരം അങ്ങിനെയാണ്. പൂർണമായും ഇരുട്ടുള്ള സ്ഥലമല്ല. അറിയാമല്ലോ”

Read More ->  ചെറുവാളൂര്‍ ഗബ്രെസെലാസി

ഷാജു തലയാട്ടി. വിൽസൻ തുടർന്നു. “ഞാനും ആദ്യം ഈ ശരീരവിവരണങ്ങളിൽ ഊന്നി രണ്ട് കള്ളന്മാർ ഉണ്ടെന്നാണ് കരുതിയത്. അതിനനുസരിച്ച് അന്വേഷണവും നീങ്ങി. പക്ഷേ അപ്പോഴാണ് കാര്യം മനസ്സിലായത്. എന്തെന്നാൽ, നമ്മുടെ പക്കൽ തെളിവ് ഒന്നുമില്ല. നമുക്ക് ലഭിച്ച വിവരങ്ങളിൽ തുമ്പുകളില്ല. ഷാജു എന്ത് പറയുന്നു”

ഷാജു പറഞ്ഞു. “നമുക്ക് കിട്ടുന്ന സത്യസന്ധമായ ഓരോ മൊഴികളിലും കേസിന്റെ തുമ്പ് മറഞ്ഞു കിടക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. നാം പല രീതിയിൽ ചിന്തിച്ച് ആ തുമ്പുകൾ കണ്ടുപിടിക്കുകയാണ് വേണ്ടത്. വൈവിധ്യമില്ലാതെ ചിന്തിച്ചില്ലെങ്കിൽ, തുമ്പുകൾ മറഞ്ഞു കിടക്കുകയും അന്വേഷണം വഴിമുട്ടി പോവുകയും ചെയ്യും.”

“എക്‌സാറ്റിലി” വിൽസൻ ആഞ്ഞു തലകുലുക്കി.

“ഇവിടെ ഞാനും അങ്ങിനെ ചിന്തിച്ചു. കള്ളന്മാരായി രണ്ടു പേർ ഉണ്ടെന്ന് കരുതിയാൽ, അന്വേഷണത്തിനു സഹായകമായ തുമ്പുകളൊന്നും കിട്ടില്ല. അതിനാൽ കള്ളൻ ഒന്നേയുള്ളൂ എന്ന നിഗമനവുമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു.”

“പക്ഷേ ശരീരപ്രകൃതിയെ കുറിച്ചുള്ള വിവരണങ്ങൾ ഇങ്ങിനെയൊരു നിഗമനത്തിൽ എത്തുന്നതിനു തടസ്സമല്ലേ” ഷാജു ആരാഞ്ഞു.

“പൂർണമായും എതിരാണ്” വിൽസൻ അനുകൂലിച്ചു. പിന്നെ നാടകീയമായി കൂട്ടിച്ചേർത്തു. “എതിരാണെന്നാ ഞാനും ആദ്യം കരുതിയത്. പക്ഷേ… ആ വിലയിരുത്തൽ തെറ്റായിരുന്നു. നമ്മുടെ ഗ്ലാമർ ലാലു അവിടെയാണ് ഒരു ഫാക്‌ടർ ആയി വരുന്നത്”.

“അതെങ്ങനെ” കള്ളനും ഗ്ലാമർ ലാലുവും തമ്മിലുള്ള ലിങ്ക് എന്തായിരിക്കാമെന്ന് ഓർത്ത് ഷാജു ആകെ ആവേശഭരിതനായി.

വിൽസൻ തുടർന്നു. “കേസിലെ ആദ്യ തെളിവെടുപ്പിനു ശേഷം, രണ്ട് കള്ളന്മാരുണ്ടെന്ന തിയറി വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ കഴിയുന്ന ഒരു ദിവസമാണ്, ഞാൻ തയ്‌ച്ച പാന്റ്‌സ് വാങ്ങാൻ ഗ്ലാമർ ടൈലേഴ്‌സിൽ പോകുന്നത്. ലാലു ചേട്ടൻ പാന്റ് തയ്ച്ച് പൂർത്തിയാക്കി ഇസ്തിരി ഇടുകയായിരുന്നു. എന്നോട് അഞ്ചു മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞ്, ഒരു കസേര തന്നു. ലാലുചേട്ടൻ ഇസ്‌തിരിയിടുന്നതും നോക്കി ഞാനതിൽ ഇരുന്നു. അപ്പോഴാണ് അതുണ്ടായത്. അത്രനേരം അഴിച്ചിട്ടിരുന്ന മുണ്ട് ലാലുചേട്ടൻ മുട്ടിനു മേലെ മടക്കി കുത്തി. അപ്പോൾ ലാലു ചേട്ടന്റെ കാൽ ഞാൻ കണ്ടു. പെട്ടെന്നു തന്നെ, കേസിനു ഉപയോഗിക്കാവുന്ന അതിശക്തമായ ഒരു തുമ്പും എനിക്കു കിട്ടി”

Illustration & Design: Sunish Pulikkal.

ഷാജു അമ്പരന്ന് ഇരിക്കെ വിൽസൻ പരമാവധി നാടകീയത കലർത്തി പറഞ്ഞു.

“ഷാജു… മെലിഞ്ഞ നെഞ്ചും കയ്യും, എന്നാൽ ബലിഷ്ഠമായ കാലുകളും… ഇവ രണ്ടും ഒരേ വ്യക്തിയിൽ ഉണ്ടാകുന്നത് അപൂർവ്വമല്ലെന്നു മാത്രമല്ല, ഒരു വിഭാഗം ആളുകളുടെ ശരീരപ്രകൃതി തന്നെ ഇങ്ങിനെയായിരിക്കും… ആരാണവരെന്ന് ഷാജു പറയാമോ?”

ഷാജുവിനു പെട്ടെന്നൊരു സ്പാർക്ക് കിട്ടി. അല്പം ഒച്ചയിൽ തന്നെ ഷാജു മറുപടി പറഞ്ഞു. “ടെയ്‌ലർ, ടെയ്‌ലർ… തുന്നല്പണിക്കാർ”.

“അവർ തന്നെ” വിൽസൻ ആവേശത്തിൽ പറഞ്ഞു. “സ്പിന്നിങ്ങ് വീൽ നിരന്തരം ചവിട്ടി കറക്കുന്നത് മൂലം തുന്നൽക്കാരുടെ കാലുകൾ ബലിഷ്‌ഠമായിരിക്കും. എന്നാൽ എപ്പോഴും ഇരുന്നുള്ള, കൈകൾക്കു ആയാസമുള്ള ജോലിയല്ലാത്തതിനാൽ അരക്ക് മേല്പോട്ട് വലിയ ആകർഷകത്വം ഉണ്ടാവുകയുമില്ല. ഇവിടെയാണ് കാര്യങ്ങളുടെ കാതൽ കിടക്കുന്നത്”.

Read More ->  ബ്രദേഴ്സ് - 1

“മുണ്ട് മടക്കിക്കുത്തി ഇസ്‌തിരിയിടുന്ന ലാലുചേട്ടന്റെ കാൽ കണ്ടതും, കള്ളനായി ഒരാളേ ഉള്ളൂവെന്ന് ഞാൻ ഉറപ്പിച്ചു. അത് മാത്രമല്ല, കള്ളൻ ഏതു മേഖലയിൽ ജോലി ചെയ്യുന്ന ആളാകാനാണ് സാധ്യതയെന്നും എനിക്ക് വ്യക്തമായ ഊഹം കിട്ടി”

ഷാജു പറഞ്ഞു. “തുന്നൽക്കാരൻ ആണെന്ന്. അല്ലേ?”

“ഏകദേശം അങ്ങിനെ തന്നെ… കള്ളൻ തുന്നൽക്കാരനാണ് എന്നല്ല, മറിച്ച് കള്ളനു തുന്നൽപ്പണി അറിയാം എന്നാണ് ഇവിടെ സൂചിതം. ഇതിനു മറ്റൊരു കാരണം അനിൽ പിള്ളയുടെ വീട്ടിൽ നിന്ന് കിട്ടിയ കത്രികയാണ്. അത് സ്വയരക്ഷക്കു കൊണ്ടുവന്നതാണെന്നാ ഞാനാദ്യം കരുതിയെ. പക്ഷേ തുന്നൽക്കാർ തുണി മുറിക്കുന്ന തരത്തിലുള്ള ഒന്നാണത്. മോഷണം നടന്ന മിക്ക വീടുകളീന്നും വസ്ത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അതോടെ കള്ളൻ തുന്നൽക്കാരനാണെന്ന് ഞാൻ ഉറപ്പിച്ചു.”

“പിന്നെ…” ഷാജു അർദ്ധോക്തിയിൽ നിർത്തി.

“കള്ളന്റെ തൊഴിൽമേഖല മനസ്സിലായതോടെ, അന്വേഷണത്തിന്റെ പാതിഘട്ടം പിന്നിട്ടെന്ന് ഞാൻ മനസ്സിലാക്കി. ഇനി ആളെ കണ്ടുപിടിക്കലാണ്. അതിനു ഞാൻ കള്ളന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു.”

“എന്ന്വച്ചാൽ…”

“ഷാജു… തുന്നൽപണി അറിയാവുന്ന ആൾ ഒരു നാട്ടിൽ എത്തിയാൽ അയാൾ എന്തായിരിക്കും ചെയ്യുക? ആ മേഖലയിൽ ഒരു തൊഴിൽ അന്വേഷിക്കില്ലേ?”

“ഉറപ്പ് പറയാൻ പറ്റില്ല. തൊഴിൽ അന്വേഷണമാണ് ഉദ്ദേശമെങ്കിൽ തുന്നൽ ജോലി അന്വേഷിക്കും. വേറെയാണ് ഉദ്ദേശമെങ്കിൽ കാര്യമില്ല.”

വിൽസൻ അത് ശരിവച്ചു. “അതെ. ഞാൻ ആ രീതിയിലാണ് മുന്നോട്ടു പോയത്. കള്ളൻ തുന്നൽ ജോലി അന്വേഷിച്ചിരിക്കാം എന്ന കണക്കുകൂട്ടലിൽ. അത് ഭാഗ്യവശാൽ ശരിയായി… മാളയിൽ വസ്ത്രങ്ങൾ നിർമിക്കുന്ന ഒരു ഇടത്തരം സ്ഥാപനത്തിൽ തുന്നൽജോലിയുണ്ടോ എന്നു അന്വേഷിച്ച് ഒരാൾ വന്നിരുന്നത്രെ. അവിടത്തെ ഒരു ജീവനക്കാരൻ എന്തോ കാരണത്താൽ ഒരാഴ്‌ച ലീവെടുത്തപ്പോൾ ഇയാൾ അവിടെ ജോലിയും ചെയ്തു.”

“എന്തായിരുന്നു തെളിവ്..?” ഷാജു ചോദിച്ചു.

“അനിൽ പിള്ളയുടെ വീട്ടിൽനിന്ന് കിട്ടിയ കത്രിക. അതുപോലത്തെ കത്രികകളാ അവിടത്തെ ജീവനക്കാർ ഉപയോഗിക്കുന്നത്. സ്ഥാപനത്തിന്റെ ഇനീഷ്യൽ കത്രികയുടെ വശത്ത് കൊത്തിയിട്ടുമുണ്ട്.”

വിൽസൻ തുടർന്നു. “പിന്നെയെല്ലാം ഈസിയായിരുന്നു. ജോലിയുണ്ടെന്ന നാട്യത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ആളെല്ലാം തത്ത പറയും പോലെ പറഞ്ഞു. സീരിയസ് ആയ കേസല്ല. മോഷണത്തിൽ മുൻപരിചയമൊന്നുമില്ല. ഒരു വർഷം തടവ് കിട്ടാവുന്ന വകുപ്പേ ഞാൻ ചേർത്തുള്ളൂ. അതിനു ശേഷം നന്നാവുന്നെങ്കിൽ നന്നാകട്ടെ.”

ഷാജു മന്ദഹസിച്ചു. വിൽസൺ പോലീസ് ദയാലു ആണ്. ബിയർ കുപ്പികൾ കാലിയാക്കി ഇരുവരും എഴുന്നേറ്റു.


Featured Image Design: Sunish Pulikkal.

അഭിപ്രായം എഴുതുക