
ഇന്നേവരെ 2-3 സന്ദർഭങ്ങളിൽ മാത്രമാണ് എഴുതിയ കഥകൾ/പുരാവൃത്തം ഞാൻ വാരികകൾക്ക് പ്രസിദ്ധീകരണത്തിനു അയച്ച് കൊടുത്തിട്ടുള്ളത്. അതും വളരെ കൊല്ലം മുമ്പ്. ഗ്രന്ഥാവലോകം മാസികക്ക് ‘നിർവ്വാണം’ എന്ന കഥ അയച്ചത് ഓർക്കുന്നു. പ്രതീക്ഷിച്ച പോലെ മറുപടി ഒന്നും ലഭിച്ചില്ല. അതോടെ അയച്ച് കൊടുക്കൽ നിർത്തി. ജീവിതവും ഇത്തരം സാഹിത്യ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കുന്ന തരത്ഥിലുള്ളതായിരുന്നില്ല. പിന്നീട് എഴുതിയതെല്ലാം സ്വന്തം വെബ്‌സൈറ്റിൽ / ബ്ലോഗിൽ ( http://www.sunilupasana.com / http://www.indicphilosophy.com ) പബ്ലിഷ് ചെയ്തതേയുള്ളൂ. എന്നാൽ വെബ്ബിൽ പബ്ലിഷ് ചെയ്തതെല്ലാം പുസ്തകമായി ഇറങ്ങി, അത്യാവശ്യം വായനക്കാരെ നേടിയെടുത്തു എന്നത് വേറെ കാര്യം. ഇന്നും വെബ്ബിലൂടെ ആളുകൾ എന്റെ കഥകൾ വായിക്കുന്നുണ്ട്. കഥകളേക്കാളും കൂടുതൽ വെബ്ബ് വായന ദാർശനിക ലേഖനങ്ങൾക്കാണ് എന്നത് കൗതുകകരമായ മറ്റൊരു കാര്യമാണ്.
‘കേസരി’യെ ഞാൻ ആദ്യമായി ബന്ധപ്പെടുന്നത് “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും” എന്ന എന്റെ സുദീർഘമായ ദാർശനിക ലേഖനം പബ്ലിഷ് ചെയ്യണമെന്ന അഭ്യർത്ഥനയോടെയാണ്. 2017-ൽ ആണെന്ന് തോന്നുന്നു ഇത്. അവർ എന്റെ ലേഖനം നാല് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. നല്ല പ്രതിഫലവും കിട്ടി. അതിനു ശേഷം കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ഞാൻ ദാർശനിക ലേഖനങ്ങൾ ഒന്നും എഴുതി പൂർത്തിയാക്കിയില്ല എന്നതാണ് ശരി. കുറച്ച് പുരാവൃത്തങ്ങൾ എഴുതിയതല്ലാതെ കാര്യമായ ആക്ടിവിറ്റി കഴിഞ്ഞ 4-5 കൊല്ലമായി ഇല്ല. വീണ്ടും സജീവമാകുന്നതിന്റെ ആദ്യപടിയായി ഏതാനും ആത്മകഥാ കുറിപ്പുകൾ കൂടി ഒരു വർഷം മുമ്പ് എഴുതി. 15-ഓളം അദ്ധ്യായങ്ങൾ 10 കൊല്ലം മുമ്പേ എഴുതിയിരുന്നു. ഇപ്പോൾ ആകെ 22-23 അദ്ധ്യായങ്ങൾ ആയി. അവ കേസരിയുടെ താളുകളിലൂടെ ഇനി ആഴ്ച തോറും പ്രസിദ്ധീകരിക്കപ്പെടുകയാണ്.
കുറച്ച് നാൾ മുമ്പ് തിരുവനന്തപുരം NISH-മായി ചേർന്ന് ഗവേഷണം ചെയ്യുന്ന ഒരു വ്യക്തി എന്നെ ബന്ധപ്പെട്ടിരുന്നു. അവർ ഗവേഷണവുമായി ബന്ധപ്പെട്ട്, വികലാംഗരുടെ ആത്മകഥകൾക്കായി ഇന്റർനെറ്റിൽ ആകെ തിരഞ്ഞത്രെ. ആകെ കണ്ടുകിട്ടിയത് ഒരെണ്ണം മാത്രം! വൈകല്യമുള്ളവരുടെ ആത്മകഥനങ്ങൾ അത്യപൂർവ്വമാണെന്നത് തന്നെ കാര്യം. ഇപ്പോ ആകെയുള്ള ഒന്നിനെ രണ്ടാക്കി ഉയർത്തുകയാണ് എന്റെ എഴുത്ത്. എന്റെ ആത്മകഥനം വൈകല്യത്തിന്റെ വീക്ഷണത്തിൽ നിന്ന് എഴുതുന്നവയാണ്. വൈകല്യവുമായി ബന്ധമില്ലാത്ത എന്റെ വ്യക്തി ജീവിതമൊന്നും ഈ ആത്മകഥാ കുറിപ്പുകൾ ഇല്ല. മാത്രമല്ല ചില അദ്ധ്യായങ്ങൾ സൗന്ദര്യാത്മകമാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. തന്മൂലം, ആത്മകഥകൾക്കു പരിചിതമല്ലാത്ത, ചില പുത്തൻ ആഖ്യാനശൈലി ചില അദ്ധ്യായങ്ങളിൽ കണ്ടേക്കാം.