സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
1190-മാണ്ടിൽ, മീനമാസത്തിലെ ഒരു ദിവസം ആശാൻകുട്ടി പതിവില്ലാതെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, ഭക്തിപൂർവ്വം ശാസ്താവിനെ തൊഴുത് തീർത്ഥവും ചന്ദനവും വാങ്ങി. അമ്പലത്തിലെ പതിവുകാർ അമ്പരന്നു. ആശാൻകുട്ടി നിരീശ്വരവാദി അല്ലെങ്കിലും, ക്ഷേത്രത്തിലെ വിശേഷദിനമായ ശനിയാഴ്ച പോലും സന്ദർശനം നടത്താറില്ല. ഉൽസവം, അയ്യപ്പൻ വിളക്ക്, നവരാത്രി പൂജ, ഓണം, വിഷു തുടങ്ങിയ വിശേഷ ദിനങ്ങളിൽ മാത്രമേ ക്ഷേത്രദർശനം പതിവുള്ളൂ. പിന്നെന്തിനു ബുധനാഴ്ച ദിവസം ദർശനത്തിനു മുതിർന്നു? നാട്ടുകാരുടെ ആകാംക്ഷ ഉയർത്തി, ക്ഷേത്രക്കുളത്തിലെ കുളിയും ശാസ്താവിനെ തൊഴുന്നതും അദ്ദേഹം പതിവാക്കി. ചന്ദനം അണിഞ്ഞ് ഭൈരവപ്രതിഷ്ഠക്ക് മുന്നിൽ നിന്ന് സെൽഫി എടുത്ത്, ആർക്കോ അയച്ച് കൊടുക്കയും ചെയ്യും.
ഇക്കാലത്തു തന്നെ മറ്റൊരു സ്വഭാവ വ്യതിയാനവും കക്കാടുകാർ അദ്ദേഹത്തിൽ ദർശിച്ചു. മൊബൈൽ ഫോൺ പോലുള്ള ഗാഡ്ഗറ്റുകളിൽ തരിമ്പും താല്പര്യമില്ലാത്ത ആളാണ് ടിയാൻ. സാധാരണ ഉപയോഗിക്കാറുള്ള കാൾ ചെയ്യാൻ മാത്രം കഴിയുന്ന ഒരു ഫോൺ മാത്രമേ സ്വന്തമായുള്ളൂ. ആ ഫോൺ ഒഴിവാക്കി വീഡിയോ കാൾ സൗകര്യവും മറ്റുമുള്ള പുത്തൻ സാംസങ് മൊബൈൽ ആശാൻ വാങ്ങി. പിന്നെ, മര്യാദാമുക്കിലെ മതിലിൽ കിടന്ന്, ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി പത്തുവരെ വിളിയോട് വിളി. മൊബൈലിൽ കുത്താവുന്ന ആധുനിക ഹെഡ്‌സെറ്റും മൈക്കും എപ്പോഴും തലയിലുണ്ടാകും. കാര്യമെന്താണെന്ന് ചോദിച്ചവരോടൊക്കെ ആശാൻകുട്ടി ‘വേഗം സ്ഥലം കാലിയാക്കാൻ’ പറഞ്ഞു. പോകാതെ വീണ്ടും കുത്തികുത്തി ചോദിച്ചവരോടു കാൾ സെന്ററിൽ ജോലി കിട്ടിയെന്ന് പറഞ്ഞു. വിവിധ നാടുകളിലെ സുരപാനീയ കേന്ദ്രങ്ങളിലേക്ക് വഴി പറഞ്ഞു കൊടുക്കുന്ന കാൾ സെന്റർ ആണെന്ന് കരുതി നാട്ടുകാർ അത് അവിശ്വസിച്ചുമില്ല.
മര്യാദാമുക്കിൽ ആളൊഴിഞ്ഞാൽ ആശാൻകുട്ടി വീണ്ടും കിന്നാരം തുടങ്ങും.
“എന്റെ മോളൂസേ… അതൊന്നുമില്ല. അതൊക്കെ നിർത്തീട്ട് ഇപ്പോ പത്ത് മാസായി. സത്യം പറഞ്ഞാ മോളൂസിനെ കണ്ട അന്നുമുതൽ ഞാൻ വെള്ളമടി നിർത്തീതാ”
അപ്പുറത്ത് കോരിത്തരിപ്പ്. എന്നാലും പ്രണയത്തിന്റെ പതിവ് ഡയലോഗുകൾ മൊഴിയാതിരുന്നില്ല.
“ഞാൻ വിശ്വസിക്കില്ല”
“എന്റെ തംബുരുവേ…. സത്യമാണ് ഞാൻ പറഞ്ഞെ. പരമസത്യം”
“ഒരു ബിയർ പോലും കഴിച്ചില്ല എന്ന് പറഞ്ഞാലോ?”
“അതാണ് സത്യം. മോളൂസിനെ കണ്ട നാൾ മുതൽ ആ ശീലങ്ങൾ ഒക്കെ നിർത്തി. പ്രേമം എന്നുവച്ചാൽ അങ്ങിനെയാ. മോളൂസിന് ആ പാട്ട് അറിയില്ലേ?”
“ഏത് പാട്ട്?”
“അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു”
ആശാൻകുട്ടി പാടി. അരികിലേക്ക് കർത്താറ തറവാടിന്റെ കാരണവത്തിയായ കല്യാണി അമ്മൂമ്മ വന്നത് അദ്ദേഹം അറിഞ്ഞില്ല. അമ്മൂമ്മ നാട്ടിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. എൺപതിനോടു അടുത്ത് പ്രായം.
കല്യാണി അമ്മൂമ്മ ചോദിച്ചു. “നീയെന്തൂട്ട് തേങ്ങയാ ഈ പറയണെ കുട്ട്യേ?”
ആശാൻകുട്ടി മതിലിൽ നിവർന്നിരുന്ന് വിക്കി വിക്കി പറഞ്ഞു. “അമ്മൂമ്മേ. ഞാൻ.. ഞാൻ… ഞാനൊരു കൂട്ടുകാരനുമായി സംസാരിക്കാണ്.”
“കൂട്ടുകാരനോടാ?!” അമ്മൂമ്മ അമ്പരന്നു. “നിനക്കപ്പോ പെണ്ണുങ്ങളോട് അനുരാഗം ഒന്നുമില്ലേ? ആണുങ്ങളോടാ കമ്പം.”
“അയ്യോ… സത്യമായും അല്ലട്ടോ” ആശാൻകുട്ടി അമ്മൂമ്മയെ തൊഴുതു. “നമ്മടെ വാളൂരിലെ അനുരാഗിനെ കണ്ടട്ട് കുറേ നാളായല്ലോ എന്ന് പറയാരുന്ന്….”
ആശാൻകുട്ടിയെ ആ സമയത്ത് അവിടെ കാണുക പതിവല്ല. അമ്മൂമ്മ നിഷ്കളങ്കമായി തുറന്നടിച്ച് ചോദിച്ചു.
“നേരം ആറര ആയല്ലോ. നീയിന്ന് വെള്ളമടിക്കാൻ പോണില്ലേ?”
അശാന്റെ അടിവയറ്റിൽ നിന്ന് ഒരു ആന്തൽ പൊങ്ങി. അമ്മൂമ്മ പറഞ്ഞത് എങ്ങാനും അപ്പുറത്ത് കേട്ടാൽ എല്ലാം ഗോപിയാകും. ആശാൻ അപാരമായ മെയ്‌വഴക്കം പുറത്തെടുത്തു. അപ്പുറത്തെ പ്രേമഭാജനം അമ്മൂമ്മ പറഞ്ഞത് കേട്ടോ ഇല്ലയോ എന്നൊന്നും ചോദിക്കാൻ നിന്നില്ല. മതിലിൽ നിന്ന് ചാടിയിറങ്ങി അമ്മൂമ്മയോടു ‘കൂടുതൽ മിണ്ടല്ലേ’ എന്ന് ആംഗ്യത്താൽ കെഞ്ചി, ഫോണിലൂടെ അപ്പുറത്തെ വ്യക്തിക്ക് കേൾക്കാവുന്നതിലും കൂടുതൽ ഉച്ചത്തിൽ പറഞ്ഞു.
“മേനോന്റെ അഞ്ചേക്കർ പറമ്പ് വെള്ളമടിച്ച് നനയ്‌ക്കാൻ എന്നെക്കൊണ്ട് പറ്റില്ല. എത്ര കാശ് തരാന്ന് പറഞ്ഞാലും പറ്റില്യ. എല്ലാ ദിവസോം വിളിക്കും. വെള്ളമടിച്ച് നനച്ച് ഊപ്പാട് ഇളകും. അത്രേം ണ്ട്. അഞ്ചേക്കർ”
അമ്മൂമ്മയും സന്ദർഭത്തിനൊത്ത് ഉയർന്നു. “എന്നാ വേണ്ട”
“അപ്പോ നീയിങ്ങനെ ഒറ്റത്തടി ആയിട്ട് നിക്കാനാ ഉദ്ദേശം? ഒരു പെണ്ണിനെ കെട്ടി പുതിയ വീട് വച്ചൂടേ നിനക്ക്”
“വേണം. അതിന്റെ ആദ്യപടിയിലാ ഞാനിപ്പോ”
“എന്ന്വച്ചാ?”
ആശാൻ അല്പം നാണിച്ചു. “ഒരു ലൈൻ… ശരിയാക്കാണ്.”
ഫോണിന്റെ അങ്ങേ തലക്കലെ കുണൂങ്ങിച്ചിരി കൂടി കേട്ടപ്പോൾ കല്യാണി അമ്മൂമ്മക്ക് കാര്യം മനസ്സിലായി.
“അപ്പോ നീ അനുരാഗിനെ വിളിച്ചതല്ല ല്ലേ.”
ആശാൻകുട്ടി തലചൊറിഞ്ഞു.
“എന്നാ പിന്നെ ഞാൻ ഇത് അലമേലു അമ്മയുമായി സംസാരിക്കാം. കാർന്നോന്മാരെ ആണല്ലോ ഇക്കാര്യം ആദ്യം അറിയിക്കണ്ടെ”
ആശാൻകുട്ടിയും മര്യാദാമുക്കും നടുങ്ങി. മര്യാദാമുക്കിലെ മതിലിൽ കിടന്ന് മയങ്ങുകയായിരുന്ന മുരളി ഒരു തോർത്ത് മുണ്ടെടുത്ത് മുഖത്തിട്ടു. ആശാന്റെ ഒരു അകന്ന ബന്ധുവാണ് അലമേലു അമ്മ. അലമേലു അമ്മയുടെ അനുഗ്രഹം കിട്ടിയവരുടെയൊക്കെ ജീവിതം ഗോപിയായി, അനുഗ്രഹം കിട്ടാത്തവർ ജീവിതത്തിൽ പച്ചപിടിച്ചു. ഇതിനു ഉത്തമോദാഹരണം കക്കാടിന്റെ സ്വന്തം പിള്ളേച്ചനാണ്. ചെറുപ്പകാലത്ത് അദ്ദേഹം പഠനത്തിൽ അതീവ സമർത്ഥനായിരുന്നു. നാട്ടുകാരൊക്കെ അക്കാലത്ത് അടക്കം പറയുമായിരുന്നു, ‘ചെറിയ പിള്ള ഭാവിയിൽ ജഡ്‌ജിയാകും. ഷുവറാ”. പിള്ളേച്ചന്റേയും ലക്ഷ്യം മറ്റൊന്നല്ലായിരുന്നു. അങ്ങിനെ എല്ലാം നന്നായി മുന്നേറുന്ന കാലത്താണ്, ഒരു ഓണം വെക്കേഷനിൽ പിള്ളേച്ചൻ നാട്ടിലേക്കു വരുന്നത്.
ഓണക്കാലമല്ലേ. മര്യാദാമുക്ക് സജീവമായിരുന്നു. ബസിറങ്ങി കക്കാടിലെ യു-ഷേപ്പ് വളവ് കടന്ന് വരുമ്പോൾ മര്യാദാമുക്കിൽ സുഹൃത്തുക്കൾ നിൽക്കുന്നത് പിള്ളേച്ചൻ കണ്ടു. അദ്ദേഹത്തിനു സന്തോഷമായി. കുറച്ച് നേരം കത്തി വച്ചിട്ട് വീട്ടിൽ പോയാൽ മതി. അപ്പോൾ ഒരു കാൾ വന്നു. ഒരു മിനിറ്റ് അത് അറ്റൻഡ് ചെയ്ത ശേഷം പിള്ളേച്ചൻ നോക്കിയപ്പോൾ മര്യാദാമുക്ക് അമ്പേ ശൂന്യമായിരിക്കുന്നു. അൽഭുതം! എന്നാൽ മര്യാദാമുക്കിൽ എത്തിയപ്പോൾ കവലയിൽ ആളൊഴിഞ്ഞതിന്റെ കാരണം പിള്ളേച്ചനു പിടികിട്ടി. അലമേലു അമ്മ മര്യാദമുക്കിൽ എത്തിയിരിക്കുന്നു. എത്രയും പെട്ടെന്ന് ചാതുര്യം പ്രയോഗിച്ചില്ലെങ്കിൽ ജീവിതം കോഞ്ഞാട്ട ആകും. ഇരുപത്തിമൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിള്ളേച്ചൻ അന്നേ വാഗ്മിയും കുശാഗ്രബുദ്ധിയും ആയിരുന്നു. അപാരമായ വാക്‌ചാതുര്യം കൂടപ്പിറപ്പാണ്. അലമേലു അമ്മയുമായി സംസാരിക്കുമ്പോൾ സംസാരവിഷയം തന്നിലേക്ക് എത്തരുത്. മറ്റുള്ളവരിൽ ഒതുക്കി നിർത്തണം. അപ്പോൾ ഡാമേജ് മുഴുവൻ അവർക്കായിരിക്കും. അറ്റകൈക്ക് അലമേലു അമ്മയുടെ വായപൊത്തി പിടിക്കാൻ വരെ തയ്യാറായി പിള്ളേച്ചൻ കൈലേസും വലതുകയ്യിൽ എടുത്ത് പിടിച്ചു.
പിള്ളേച്ചൻ അലമേലു അമ്മയോടു ഉപചാരവാക്കുകൾ ഒന്നും മിണ്ടിയില്ല. ‘സുഖമാണോ’ എന്ന കുശലപ്രശ്നമൊക്കെ അപകടകരമാണ്. അയ്യങ്കോവ് അമ്പലത്തിനു മുന്നിൽ, കണ്ണാമ്പലത്ത് ട്രസ്റ്റിന്റെ പറമ്പിൽ കാതിക്കുടം അപ്പു നായർ വച്ച പതിനായിരത്തോളം വാഴകളുടെ ദൃശ്യം പിള്ളേച്ചൻ ഓർത്തു. ദേശത്തെ കിടയറ്റ കർഷകനാണ് അപ്പു നായർ. പനമ്പിള്ളിക്കടവിനു അടുത്തുള്ള ആളൊഴിഞ്ഞ തറവാട്ട് വളപ്പിൽ ഇരുപതിനായിരം നേന്ത്രവാഴ വച്ച് അതെല്ലാം ഓണത്തിനു വിറ്റ് നല്ല ലാഭം നേടിയ ആൾ. കാർഷിക സംസ്കാരം അലിഞ്ഞു ചേർന്ന ജീവിതം. പിള്ളേച്ചനും അപ്പുനായരോടു വലിയ ബഹുമാനമാണ്. പക്ഷേ അലമേലു അമ്മ അടുത്തുള്ളപ്പോൾ എന്ത് ചെയ്യാനാ. കിട്ടിയ വിഷയം എടുത്തു വീശുകയല്ലാതെ വേറെ വഴിയില്ല.
“എവിടയ്ക്കാ അലമേലു അമ്മ പോണത്?” പിള്ളേച്ചൻ ചോദിച്ചു.
“റേഷൻ കട… നീ വരണ വഴിയാ?”
ചോദിച്ചതിനു മറുപടി പറയാതെ പിള്ളേച്ചൻ വിഷയം മാറ്റി.
“എന്തോരം വാഴകളാ അലമേലു അമ്മേ അമ്പലത്തിനടുത്ത് ആ അപ്പു നായര് വച്ചേക്കണത്. ഒരു അഞ്ചുപത്ത് ലക്ഷമെങ്കിലും കിട്ടും. ഷുവറാ.”
‘അപ്പു കാശുകാരനാകും’ എന്ന ഉദ്ധരണിക്ക് പകരം അലമേലു അമ്മ സഹതപിക്കുകയാണ് ചെയ്തത്.
“എവിടന്നാടാ അത്രയും കിട്ടാ. കാറ്റും മഴേം വരാണ്. ഇടവപ്പാതി കടുത്താ ആ വാഴയൊക്കെ എപ്പോ ഒടിയുമെന്ന് ചോദിച്ചാ മതി. അപ്പൂന്റെ കാര്യം കഷ്ടമാ. ഇത്തവണ കാറ്റ് ഇമ്മിണി വീശാൻ സാധ്യതയുണ്ട്.”
അലമേലു അമ്മയുടെ മറുപടി കേട്ട് പിള്ളേച്ചനു സന്തോഷമായി. അപ്പു നായർ പച്ച പിടിച്ചോളും. പിള്ളേച്ചന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ആ സമയത്ത് എക്കോ ജോസ് അദ്ദേഹത്തിന്റെ ഓട്ടോയിൽ മര്യാദാമുക്ക് വഴി എത്തി. ജോസിന്റെ ഓട്ടോ വരുന്നത് കണ്ടതും പിള്ളേച്ചൻ അത്യാഹ്ലാദത്തോടെ അലമേലു അമ്മയെ തോണ്ടി ഓട്ടോ വരുന്നത് കാണിച്ച് കൊടുത്തു.
അലമേലു അമ്മ ശങ്കിച്ചു. “ആരാത്?”
പിള്ളേച്ചൻ വിസ്തരിച്ചു. “അയ്യോ… അത് നമ്മടെ ജോസ് അല്ലേ. കാതിക്കുടത്തെ എക്കോ ജോസ്. റേഷൻ കടയിലേക്ക് ഈ ഓട്ടോയിൽ തന്നെ പോകാം.”
മര്യാദാമുക്കിൽ അലമേലു അമ്മയെയും പിള്ളേച്ചനേയും കണ്ടതോടെ ജോസിന്റെ വായും തൊണ്ടയും വരണ്ടു. ജോസ് ഉറപ്പിച്ചു, അലമേലു അമ്മയെ ഇനി കൈകാര്യം ചെയ്യേണ്ട ചുമതല തനിക്കാണ്. പിള്ള അതിനുള്ള കുറുക്കുവഴികൾ ഒപ്പിച്ചിട്ടുണ്ടാകും. ജോസിന്റെ കണക്കുകൂട്ടൽ ശരിവച്ച്, ഓട്ടോ അടുത്തെത്തിയില്ലെങ്കിൽ തന്നെയും, പിള്ളേച്ചൻ നിറഞ്ഞ ചിരിയോടെ ഓട്ടോ നിർത്താൻ കൈനീട്ടി. ജോസ് പെട്ടെന്ന് മൊബൈൽ എടുത്തു അരോടോ സംസാരിക്കുകയാണെന്ന നാട്യത്തിൽ ഇരുവരേയും ശ്രദ്ധിക്കാതെ കടന്നു പോകാൻ ശ്രമിച്ചെങ്കിലും അലമേലു അമ്മ ഉഗ്രശബ്ദത്തിൽ വിളിച്ചു.
“എടാ ജോസേ…”
ജോസ് വണ്ടി നിർത്തി, റിവേഴ്സ് അടുത്ത് അലമേലു അമ്മക്ക് അരുകിൽ നിർത്തി വാചാലനായി.
“എത്ര നാളായി അമ്മേ കണ്ടിട്ട്. അമ്മ കേറിക്കോ. എവടെ വേണമെങ്കിലും ഇറക്കാം. ഞാനേ… അന്നമനടയിൽ പോയതാ. കൊറച്ച് അലുവ വാങ്ങാൻ. അമ്മക്കു അലുവ ഇഷ്ടമല്ലേ. കുറച്ച് കഴിച്ച് നോക്ക്” ജോസ് ഒരു പൊതി നീട്ടി.
പലഹാരം കണ്ടപ്പോൾ അലമേലു അമ്മയുടെ മുഖം തെളിഞ്ഞു. മധുരം ഇഷ്ടമാണ്. അലമേലു അമ്മ ഓട്ടോയിൽ കയറി. പിള്ളക്ക് സമാധാനമായി. അദ്ദേഹം പോകാൻ ഭാവിച്ചു. “എന്നാ പിന്നെ ഞാൻ പോട്ടെ… ജോസേ സമയം കളയണ്ട. നീ വിട്ടോ”
ജോസ് ഓട്ടോ മുന്നോട്ട് എടുക്കവേ അലമേലു അമ്മ പറഞ്ഞു. “നിർത്തടാ ജോസേ. ഞാൻ അവനോട് ഒരു കാര്യം പറയട്ടെ”
പിള്ളക്കുള്ള പാര വരുന്നെന്ന സൂചന കിട്ടിയപ്പോൾ, ജോസ് ഓട്ടോ നിർത്തുക മാത്രമല്ല, വണ്ടി ഓഫ് ചെയ്ത് കീ ഊരി പോക്കറ്റിൽ വരെ ഇട്ടു.
അലമേലു അമ്മ പിള്ളേച്ചനെ ഉപദേശിച്ചു. “നീയീ കവലേൽ ഒള്ള അലവലാതികളുടെ കൂടെ ഒന്നും കൂട്ടു കൂടരുത്. അവറ്റകൾ ഒക്കെ പെഴകളാ. നീ നന്നായി പഠിക്കണം. കോടതീ പോയി വല്യ ജഡ്ജി ആകണം. നാട്ടാര് എല്ലാരും അതാ പറേണെ. എനിക്കും അതാ ആഗ്രഹം. അത് കണ്ട് കണ്ണടച്ചാ മതി.”
അലമേലു അമ്മ പറഞ്ഞു നിർത്തിയതും പിള്ള റോഡിൽ കുഴഞ്ഞു വീണു. അലമേലു അമ്മയുടെ വായ പൊത്താൻ പിള്ള കയ്യിൽ കരുതിയ കൈലേസ് വായുവിൽ ആടിയുലഞ്ഞ് പിള്ളയുടെ അരികിൽ തന്നെ വീണു.
ഈ അലമേലു അമ്മയോടാണ് കല്യാണി അമ്മൂമ്മ വിവാഹക്കാര്യം പറയാൻ പോകുന്നത്. കല്യാണത്തിന്റെ കാര്യമായതിനാൽ അനുഗ്രഹം നിശ്ചയമാണ്.
ആശാൻകുട്ടി അമ്മൂമ്മയുടെ കാൽക്കൽ വീണു. “ആരോടൊക്കെ പറഞ്ഞാലും അലമേലു അമ്മയോടു പറയരുത്”.
കല്യാണി അമ്മൂമ്മ അത് നിസാരവൽക്കരിച്ചു. “ആളോള് അതുമിതുമൊക്കെ പറയും. പക്ഷേ ഞാനതിനൊപ്പം തുള്ളില്ല… ആയമ്മയുടെ നാക്ക് തങ്കമാണെടാ… തനി തങ്കം, നീ പേടിക്കണ്ട, ഞാൻ ഫോൺ വിളിച്ച് പറയാം””
“അതെന്തേ നേരിൽ പോയി പറഞ്ഞാൽ?”
കല്യാണി അമ്മൂമ്മ ചിരിച്ചു. “നേരീ കണ്ടാ ആയമ്മ എങ്ങാനും പറഞ്ഞാലോ, ‘കല്യാണിയേയ്. നീ ആകെ അങ്ങട് നന്നായിണ്ടല്ലാ’ എന്ന്”
ആശാൻ കുത്തി. ” അപ്പോ പേടീണ്ട്…”
കല്യാണി അമ്മൂമ്മ ചിരിച്ച് കൊണ്ട് കളമൊഴിഞ്ഞു.
ആശാൻ ഫോൺ മൈക്ക് പൊത്തിപ്പിടിച്ച് കൂടെയുള്ളവരോട് തന്റെ ഗുണഗണങ്ങളെ പറ്റി പ്രശംസിച്ച് സംസാരിക്കാൻ അഭ്യത്ഥിച്ചു.
“ആശാനെ, എനിക്കൊരു ഇരുന്നൂറ് രൂപ വേണം. വീട്ടിൽ അരി വാങ്ങാൻ കാശില്ല. പിള്ളേര് പഷ്‌ണി ആണ്” കല്യാണം കഴിച്ചിട്ടില്ലാത്ത മുരളി ഉറക്കെ പറഞ്ഞു.
താൻ അകപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ സന്ദർഭം നോക്കി സ്നേഹിതൻ ആഞ്ഞ് തള്ളുകയാണ്. കയ്യിൽ പൂത്ത കാശൊക്കെ ഉണ്ടെന്നാണ് കാമുകിയെ ആശാൻകുട്ടി ധരിപ്പിച്ചിരിക്കുന്നത്.
അപ്പുറത്ത് സങ്കടം. “ചേട്ടായി ആ ചേട്ടനു ഒരു അഞ്ഞൂറ് രൂപ കൊടുക്ക്. പാവം.. പിള്ളേര് പഷ്ണി കെടക്കണ കാര്യം എനിക്ക് ആലോചിക്കാൻ കൂടി വയ്യ”
ആദ്യം ആശാൻകുട്ടി പറയാൻ വന്നത് ‘അവൻ കല്യാണം കഴിക്കാത്തവനാണ്, കാശ് വസൂലാക്കാനുള്ള അവന്റെ നമ്പറാണ് എന്നൊക്കെയാ’. പക്ഷേ പിന്നീട് കാശ് കൊടുത്താലൂള്ള അനന്തസാധ്യതകളെ പറ്റി ബോധവാനായി. കാമുകിക്ക് മുന്നിൽ ദയാലു, പരസഹായി എന്നെല്ലാം ചമയാം. എന്നാലും 500 രൂപ. ആശാൻ അതിനും പോംവഴി കണ്ടെത്തി. ഫോൺ ചെവിയിൽ നിന്ന് അല്പം അകറ്റി, എന്നാൽ താൻ സംസാരിക്കുന്നതൊക്കെ കൃത്യമായും ഉച്ചത്തിൽ അപ്പുറത്ത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കുന്ന രീതിയിൽ ഫോണിലൂടെ മുരളിയോടു ചുമ്മാ ഡയലോഗടിച്ചു.
“ഇന്നാ മുരളി ആയിരം രൂപ. മോളൂസ് പറഞ്ഞാൽ പിന്നെ എനിക്ക് കൊടുക്കാതിരിക്കാൻ പറ്റ്വോ. വേണ്ടാന്ന് പറയരുത്… അയ് നീ വച്ചോടാ… എന്റെ കയ്യിൽ കാശുണ്ട്.. നീ വച്ചോ..”
മുരളി ഇതെല്ലാം കേട്ട് അന്തിച്ചുനിന്നു. അദ്ദേഹം തന്തവിരലും ചൂണ്ടുവിരലും തമ്മിൽ ഉരസി ‘കാശ് എവിടെ’ എന്ന് ആംഗ്യത്തിൽ എന്ന് ചോദിച്ചു. ആശാൻകുട്ടി തരാമെന്ന് തിരിച്ച് ആംഗ്യം കാണിച്ചു. അപ്പോൾ മുരളിയും ഡയലോഗടിച്ചു.
“ആശാനേ ഈ നല്ല മനസ്സിനു ഞാൻ എങ്ങിനെ നന്ദി പറയുമെടാ. എനിക്ക് കരച്ചിൽ വരുന്നു. ഞാനും എന്റെ കുടുംബവും എന്നും നിന്നോടു നന്ദിയുള്ളവരായിരിക്കും.”
അടുത്തതായി ആശാനെ സഹായിക്കാൻ പോകുന്നത് നവിച്ചൻ ആണ്. ആശാനു സന്തോഷമായി. നവിച്ചൻ അത്യാവശ്യം വായനാശീലം ഉള്ള ആളാണ്. ലോക കാര്യങ്ങളെ പറ്റിയൊക്കെ അറിയാം. സംസാരത്തിനു ഒരു നിലവാരമെല്ലാം ഉണ്ടാകും. നവിച്ചൽ ആമുഖമായി ആശാനെ അഭിസംബോധന ചെയ്തു.
“ആശാനെ. പ്രിയപ്പെട്ടവനേ…”
സംബോധന കേട്ടു ആശാൻ അന്തിച്ചുനിൽക്കെ നവിച്ചൻ തുടർന്നു. “ഈ സന്ദർഭത്തിൽ നീ എനിക്ക് നൽകിയിട്ടുള്ള സഹായങ്ങളെ പറ്റി ഞാൻ ഓർത്ത് പോവുകയാണ്.”
ആശാൻ ഉദാരമതിയായി. “ഓഹ്… അതൊന്നും വേണ്ടാന്നേയ്. കുറേ കാണും. അതൊക്കെ ഇപ്പോ ഓർത്തിട്ടെന്തിനാ നവിച്ചാ?”
‘പ്രിയപ്പെട്ടവനേ’ എന്ന സംബോധന അപ്പുറത്തെ ആൾക്ക് ഇഷ്ടമായില്ല.
“ചേട്ടായി. അങ്ങേരോടു പ്രിയപ്പെട്ടവനേ എന്ന് വിളിക്കരുതെന്ന് പറ. എന്റെ ചേട്ടായീനെ ഞാൻ മാത്രേ പ്രിയപ്പെട്ടവനേ എന്ന് വിളിക്കാവൂ. വേറാരു വിളിച്ചാലും ചേട്ടായി അത് വേണ്ടെന്ന് പറയണം.”
ആശാൻ സമ്മതിച്ചു. “കേട്ടോ നവിച്ചാ… എന്റെ തംബുരുവിനു ഒരു ഡിമാന്റ്. അവള് മാത്രേ എന്നെ പ്രിയപ്പെട്ടവനേ എന്നു വിളിക്കാവൂന്ന്”
നവിച്ചൻ അനുകൂലഭാവത്തിൽ തലകുലുക്കി. “അത് ശരിയാണ്. ദാമ്പത്യത്തിന്റെ പദാവലികളിലുള്ള ആ പദം, അത്തരം ബന്ധം നീയുമായി ഇല്ലാത്ത ഞാൻ പ്രയോഗിക്കരുതായിരുന്നു… ഇതാ എന്റെ പുതിയ സംബോധന. തംബുരുവിനു കുഴപ്പമില്ലല്ലോ എന്ന് ചോദിക്കൂ……. ആശാനേ… താമരകണ്ണാ“
സദാസമയവും വെള്ളത്തിൽ നിൽക്കുന്ന താമരയുടെ പേര് ചേർത്ത് ആശാനു ഇരട്ടപ്പേരിട്ടത് കുഞ്ഞിസനു ആണ്. നാട്ടിലത് പ്രതീക്ഷിച്ച പോലെ ഹിറ്റായി. ആശാനു മാത്രം ഇഷ്ടമായില്ല.
ആശാൻകുട്ടിയുടെ മാംഗല്യം നാടകം ഇത്രയുമെത്തിയപ്പോൾ, മര്യാദമുക്കിലൂടെ ഒരു ബൈക്ക് കടന്നു പോയി. വണ്ടിയിൽ ഇരുന്നവർ തമ്മിലുള്ള കൂലംകുഷ ചർച്ച മൂലം സാവധാനമാണ് യാത്ര. ആശാന് ആളെ മനസ്സിലായി. ചെറുവാളൂരിലെ പൊളിറ്റിക്കൽ സൈദ്ധാന്തികനും ഗാനരചന രംഗത്തെ നിറസാന്നിധ്യവുമായ സൂര്യനാണ് ആ പോകുന്നത്. എന്തിനേയും ഏതിനേയും സൈദ്ധാന്തിക കാഴ്‌ചപ്പാടിലൂടെ നോക്കിക്കാണുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.
ആശാൻ നീട്ടി വിളിച്ചു. “സൂര്യാാാ…”
ആശാനേയും കൂട്ടരേയും കണ്ടപ്പോൾ സൂര്യൻ സന്തോഷിച്ചു. തന്റെ സൈദ്ധാന്തിക ചർച്ചകൾക്കു ഒരു വിശാലമായ സദസ്സിനെ കിട്ടിയിരിക്കുന്നു!
ആശാൻ ആശയക്കുഴപ്പത്തിലായി. സൂര്യനോടു എന്ത് പറഞ്ഞ് കുശലം ചോദിക്കും? ‘സുഖമാണോ’ എന്നു ചോദിക്കാൻ പാടില്ല. അങ്ങിനെ ചോദിച്ച തമ്പിയോടു രണ്ടാഴ്ച മുമ്പ് അദ്ദേഹം ചൂടായിരുന്നു, ‘സാമ്രാജ്യത്വത്തിന്റെ നീരാളി കൈകൾ ശക്തമായി തുടരുകയാണ്. പിന്നെ എനിക്കെന്ത് സുഖം” എന്ന്.
ആശാനു അടുത്തെത്തിയ സൂര്യൻ സംസാരിക്കുന്നതിനു മുന്നോടിയായി വായിലെ മുറുക്കാൻ വെള്ളം മതിലിന്റെ ഓരത്തേക്ക് തുപ്പി. നാലും കൂട്ടിയുള്ള വിശദമായ മുറുക്ക് ഉപരിവർഗ്ഗത്തിന്റെ ക്രൂരതയാണെന്നോ മറ്റോ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്ന ആളാണ്.
ശാസ്‌താവിന്റെ കൃപയാൽ സൂര്യനെ അഭിസംബോധന ചെയ്യാൻ ആശാനു നല്ലൊരു കുശലാന്വേഷണ വാക്യം കിട്ടി. അരികിലെത്തിയ സൂര്യനെ ശക്തമായി കെട്ടിപ്പിടിച്ച് ആശാൻ അതീവ ഗൗരവത്തോടെ ചോദിച്ചു.
“വിപ്ലവം സമാഗതമാകാറായോ സഖാവേ?”
കുശലാന്വേഷണം സൂര്യനു ക്ഷ പിടിച്ചു. അദ്ദേഹം വികാരഭരിതനായി. ആശാന്റെ കൈത്തലം കയ്യിലെടുത്ത് ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു. “വരും…. തീർച്ചയായും വരും” ഒന്ന് നിർത്തി കൂട്ടിച്ചേർത്തു. “സഖാവ് കൂടെയുണ്ടാകണം”
ആശാൻകുട്ടി അങ്ങിനെ രാഷ്ട്രീയ ചായ്‌വ് ഒന്നുമില്ലാത്ത ആളാണ്. പക്ഷേ ഒരുനിമിഷം പരിസരം മറന്ന ആശാൻ ഇടത് കൈത്തണ്ടയിൽ നോക്കി, ആ കൈത്തണ്ട മുഴുവൻ വലത്കൈത്തലം കൊണ്ട് തടവി, പതിവ് ഡയലോഗ് കാച്ചി.
“വിപ്ലവത്തിനു വരാൻ കുഴപ്പമൊന്നുമില്ല. പക്ഷേ… ആദ്യം രണ്ടെണ്ണം അടിക്കണം”
ഫോൺ മൈക്ക് പൊത്തിയിട്ടില്ലെന്ന് ആന്തലോടെ ഓർത്ത ആശാൻ ഉടൻ കൂട്ടിച്ചേർത്തു.
“രണ്ട് പേരേ പൂശണം എന്നർത്ഥം”
അപ്പോഴേക്കും ഫോണിന്റെ അങ്ങേ തലക്കൽ താക്കീത് മുഴങ്ങി. “ചേട്ടാായീീീ”
“എന്താ മോളൂസേ. ആരേം പൂശണ്ട എന്നാണോ?”
“വേണ്ട”
ആശാൻ സൂര്യനു നേരെ തിരിഞ്ഞ് പറഞ്ഞു. “കേട്ടോ സൂര്യാ. എന്റെ മോളൂസിനു ഇഷ്ടല്യാത്ത ഒന്നിനും ഞാനില്യ. എന്ന്വച്ചാ വിപ്ലവത്തിനു ഞാനില്ല”
നിലപാട് പ്രഖ്യാപിക്കലും നിലപാട് മാറ്റവും നൊടിയിടയിൽ കഴിഞ്ഞത് കണ്ട് സൂര്യൻ അമ്പരന്ന് നിന്നു. പ്രണയമെന്നത് എപ്രകാരം വിപ്ലവത്തിനു ഹാനികരമാണെന്നായി പിന്നീട് അദ്ദേഹത്തിന്റെ സംഭാഷണ വിഷയം. അരമണിക്കൂർ സമയം സംസാരിച്ച ശേഷം സൂര്യൻ വിടപറഞ്ഞു പോയി.
കാര്യങ്ങളെല്ലാം ഇങ്ങിനെ മംഗളകരമായി മുന്നേറി. കല്യാണം ഉറച്ചു എന്ന ഘട്ടം വരെ കാര്യങ്ങളെത്തി. അപ്പോഴാണ് ചെറാലക്കുന്ന് തമ്പി മര്യാദാമുക്കിൽ എത്തുന്നത്. തമ്പി ആശാനും വീശാൻ ഒരുമിച്ച് പോകുന്നവർ അല്ല. അപൂർവ്വം അവസരങ്ങളിൽ ആശാൻ തമ്പിയെ വീശാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ തമ്പിക്ക് തിരിച്ച് ഒന്ന് സൽക്കരിക്കാൻ അവസരം കിട്ടിയിട്ടില്ല. ഇത് തമ്പിയുടേയും ആശാന്റേയും ഒരു സ്വകാര്യദുഃഖം ആണ്.
തമ്പിയുടെ യെസ്‌ഡി ഒരു ഹുങ്കാരത്തോടെ മര്യാദാമുക്കിൽ എത്തി. വന്നപാടെ തമ്പി കരച്ചിലിന്റെ ടോണിൽ പരിഭവിച്ചു.
“എന്റെ ആശാനേ ഇതെവിട്യത്. ഞാൻ അന്വേഷിക്കാത്ത സ്ഥലമില്ല.”
സംഭാഷണത്തിന്റെ പോക്ക് എങ്ങോട്ടാന്ന് അറിയാതെ ആശാൻ സന്നിഗ്ദനായി നിന്നു. തമ്പി തുടർന്നു.
“കൊരട്ടി മധുര ബാറിൽ പോയി, ആശാൻ അവിടില്യ. അന്നമനട റോയലിൽ പോയി, അവിടില്യ. ചാലക്കുടി ബാറിൽ പോയി, അവിടേമില്ല….. മാള സിന്ദൂരത്തിൽ പോയി, അവിടേമില്ല…. സിന്ദൂരത്തിലെ റോയി പറഞ്ഞു, ആശാൻ അവടെ വന്നട്ട് കൊറേ നാളായീന്ന്. അത് കേട്ടപ്പോ എനിക്ക് ഭയങ്കര വെഷമമായി…. ഞാൻ കരഞ്ഞു”
ആശാൻ അന്തിച്ചു. “കരയെ?! എന്തൂട്ടിനു?”
തമ്പി കണ്ണ് തുടച്ചു. ‘ഞാനറിയാണ്ട് ആശാൻ എങ്ങാനും വടി ആയോന്ന് പേടിച്ച്”
ആശാൻ തമ്പിയെ ചവിട്ടാൻ കാലോങ്ങി. “%$#@ വട്യാവൽ അല്ലാണ്ട്… ഞാൻ കുടി നിർത്തി നന്നായി എന്ന് നിന്റെ തലേൽ തോന്നിയില്ല ല്ലേ?”
സത്യത്തിൽ തമ്പിയുടെ ഡയലോഗ് ആശാനെ ആകെ പുളകം കൊള്ളിച്ചിരുന്നു. മദ്യപാനം നിർത്തി എന്നതിന്റെ ഉത്തമ തെളിവ് മറ്റൊരുത്തൻ അറിയാതെയാണെങ്കിലും കാമുകി കേൾക്കെ വിളിച്ച് കൂവുന്നതിൽ സന്തോഷമല്ലാതെ മറ്റെന്താണ് ഉള്ളത്?
ആശാൻ അതീവ സന്തോഷത്തോടെ കൈകൾ കൂട്ടിത്തിരുമ്മി തമ്പിയോടു പറഞ്ഞു. “അതേയ്… തമ്പി… ഞാൻ വെള്ളമടി നിർത്തി”
തമ്പി അവിശ്വസനീയതയോടെ മര്യാദാമുക്കിൽ ഉള്ളവരെ നോക്കി. മയക്കത്തിൽ കിടക്കുകയായിരുന്ന മുരളി, അതിനിടയിലും ആശാന്റെ ഡയലോഗ് കേട്ട് ചെറുതായി മന്ദഹസിച്ചു. കക്കാടിലെ പലരും ഒരു ഘട്ടത്തിൽ കളിയായും കാര്യമായും ‘മദ്യപാനം നിർത്തി’ എന്നു പറയാറുണ്ട്. പക്ഷേ ആശാന്റെ വായിൽ നിന്ന് അങ്ങിനെയൊന്ന് ഇതുവരെ വന്നിട്ടില്ല.
തമ്പി ആശാന്റെ മറുപടി ഗൗരവത്തിൽ എടുത്തില്ല. “ഒന്ന് പോ ആശാനേ, തമാശ പറയാണ്ട്”
തമ്പിയുടെ മനമറിഞ്ഞ് ആശാൻ കൂട്ടിച്ചേർത്തു. “ഞാൻ കല്യാണം കഴിക്കാൻ പോവാ തമ്പീ. ഫേസ്ബുക്കിൽ ഒരു സൂചന ഞാൻ ഇട്ടിരുന്നില്ലേ. നീയതിനു ആശംസയും കമന്റായി ഇട്ടിരുന്നു.”
തമ്പി അട്ടഹസിച്ച് ചിരിച്ചു. “ഹഹഹഹ. എന്തൂട്ട് ഫേസ്‌ബുക്ക്! അതിൽ എഴുതണതൊക്കെ ആരെങ്കിലും കാര്യായിട്ട് എടുക്കോ.”
ആശാൻ പറഞ്ഞു. “ഞാൻ കാര്യായിട്ടാ തമ്പീ”
തമ്പി നിരുൽസാഹപ്പെടുത്തി. “എന്തിനാ ആശാനേ ആ പെൺകൊച്ചിനെ പറ്റിക്കണെ. ആശാൻ വാ. നമക്ക് പൂവാം”
“എവിടേക്ക്”
“ഈതെന്തൂട്ട് ചോദ്യാ. ബാറിലേക്ക്. അല്ലാണ്ട് ഇന്നേരം എവിടെ പോകാൻ”
ആശാൻ സ്തംഭിച്ച് നിൽക്കെ, തമ്പി പോക്കറ്റിലെ കാശെണ്ണി. ഒപ്പം തുടർന്നു. “എത്രനാളായി ആശാൻ പരാതി പറയണ്. ഞാനൊരു സ്മോൾ പോലും വാങ്ങി തന്നില്ലാന്ന്. അതിന്ന് ഞാൻ തീർക്കും. ഇന്ന് നമക്ക് സുഖിക്കണം. സുഖിക്കാന്ന് വച്ചാ.. അങ്ങട് സുഖിക്കാ”.
ഇതുകേട്ടതും ഫോണിന്റെ മറുതലക്കൽ നിന്ന് മുള ചീന്തും പോലെ കരച്ചിൽ ഉയർന്നു. ആശാൻ ആദ്യം തമ്പിയെ തല്ലാൻ കയ്യോങ്ങിയെങ്കിലും പിന്നെ കാമുകിയെ സമാധാനിപ്പിക്കാൻ തുനിഞ്ഞു.
“എന്റെ മോളൂസെ. എന്തിനാ കരയണെ. അവൻ മുരളീനെ വിളിച്ചതാ. ഞാൻ പറയാറില്ലെ, മുരളി എപ്പോഴും തണ്ണിയാന്ന് “
മതിലിൽ കിടന്ന് മയങ്ങുകയായിരുന്ന, വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന മുരളി ഞെട്ടി. തന്റെ ചിലവിൽ ആശാൻ ആളാവുകയാണോ?
കാമുകി അയഞ്ഞില്ല. “മുരളീനെ അല്ല. ആ ചേട്ടൻ വെള്ളമടിക്കാൻ വിളിച്ചത് ചേട്ടായീനെയാ”
“എന്ന്യാ. പത്ത് മാസായി വെള്ളം തൊട്ടിട്ടില്ലാത്ത എന്ന്യാ!” ആശാൻ വ്യാജമായി അൽഭുതപെട്ടു.
“ആശാൻ എന്ന് വിളിച്ചല്ലോ”
“ഹഹഹ. അത് എന്നെ അല്ല. അപ്പറത്ത് ഒരു പട്ടി കെടപ്പുണ്ട്. അതിനെ ‘ആ ശ്വാനൻ’ എന്ന് വിളിച്ചതാ”
ആശാന്റെ സാന്ത്വനവചനങ്ങൾ ഏശിയില്ല. അപ്പുറത്ത് ഫോണിന്റെ അങ്ങേ തലക്കൽ “ങ്‌ഹീ ങ്ഈ” എന്ന കരച്ചിൽ തുടങ്ങി. ആശാൻ തികഞ്ഞ ഗൗരവത്തിലായി. മര്യാദാമുക്കിലെ എല്ലാവരിൽ നിന്നും സാമാന്യം ദൂരെ അകന്ന് മാറി കാമുകിയോടു സംസാരിച്ചു. ഏകദേശം പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ഗൗരവഭാഷണം. അതിനൊടുവിൽ ലാഘവത്വമാർന്ന മുഖഭാവത്തോടെ അദ്ദേഹം തിരിച്ചെത്തി.
തമ്പി ക്ഷമാപണം നടത്തി. “ആശാനേ.. സോറീട്ടാ. എല്ലാം കാര്യായിട്ടാന്ന് തമ്പി അറിഞ്ഞില്ലാട്ടാ.”
ആശാന്റെ മറുപടി പക്ഷേ തമ്പിയെ അമ്പരപ്പിച്ചു. “നീ എന്നെ സത്യത്തിൽ രക്ഷിക്കുകയായിരുന്നു തമ്പീ… ഞാൻ മദ്യപാനം നിർത്തിയോ എന്നതിൽ അവൾക്കു അല്പം സംശയമുണ്ടായിരുന്നു. പക്ഷേ നീ ഇവിടെ വന്ന് പറഞ്ഞ ആ ഡയലോഗുണ്ടല്ലോ. അതേറ്റു.” ആശാൻ ആവർത്തിച്ച് പറഞ്ഞു.
“അത് ഏറ്റൂ തമ്പീ. ഇനി കല്യാണം എന്ന് വേണമെങ്കിലും ആകാം എന്നാ അവളിപ്പോ പറയുന്നെ.”
മര്യാദാമുക്ക് ആകെ ഹർഷത്തിൽ ആണ്ടു.
——————
കല്യാണം ഭംഗിയായി നടന്നു. രണ്ട് പിള്ളേരും പിടക്കോഴിയുമായി ആശാൻകുട്ടി കക്കാടിൽ സസുഖം വാഴുന്നു.