കാരിക്കാംവളവിലെ ആക്സിഡന്റ്

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


സന്ധ്യാസമയത്ത് വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ ശാസ്താവിനെ ഒന്നു കണ്ടുകളയാം എന്നു പിള്ളേച്ചനു തോന്നി. ഗൾഫിലായിരുന്നപ്പോൾ ഓർക്കാറേ ഇല്ലായിരുന്നു. ഇനിയിപ്പോൾ പരിചയം ഒന്നു പുതുക്കണം. ഷർട്ട് ധരിച്ച് പിള്ളേച്ചൻ ഇറങ്ങി. അമ്പലത്തിൽ വച്ച് കുഞ്ഞിസനുവിനെ കണ്ടു. സനു വാരരുടെ ജോലിയിലാണ്. പിള്ളേച്ചൻ പ്രദക്ഷിണം വച്ച് വരുമ്പോൾ സനു ഭൈരവപ്രതിഷ്ഠക്കു സമീപം പല്ലിന്റെ ഇടകുത്തി നിൽക്കുകയാണ്. പല്ലുകൾ അല്പം പൊന്തിയിട്ടുണ്ട്.

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാൽ സനുവിനെ ഒന്നു ഉപദേശിച്ചു കളയാമെന്നു പിള്ളേച്ചൻ കരുതി. മുരടനക്കി സംസാരിക്കാൻ തുടങ്ങി.

“സന്വോ… എന്തെങ്കിലൊക്കെ ചെയ്യണം. നീ ഇനീം ഇക്കാര്യത്തീ അലംഭാവം കാണിക്കരുത്.”

പിള്ളേച്ചൻ പറഞ്ഞു വരുന്നത് പല്ലിന്റെ കാര്യമാണെന്നു സനുവിനു മനസ്സിലായി. അദ്ദേഹം മിണ്ടാതെ കൂടുതൽ കാര്യങ്ങൾ കേൾക്കാൻ ചെവി കൂർപ്പിച്ചു. സനു പാവം മൂഡീലാണെന്നു കണ്ട് പിള്ളേച്ചൻ വയലന്റാണെന്ന ഭാവം നടിച്ചു. ആരോടെങ്കിലും ഒന്ന് ചൂടായിട്ട് കുറേ നാളായിരുന്നു. ചൂടാകുക എന്നത് എത്ര മഹത്തരവും ജീവിതത്തിൽ അവശ്യവുമായ ഘടകമാണെന്ന് വരെ ആ നിമിഷം പിള്ളേച്ചനു തോന്നിപ്പോയി.

“നിനക്ക് ഈ പല്ലൊന്നു കെട്ടിച്ചൂടേ. രണ്ടുകൊല്ലം കഴിഞ്ഞാ ഒരു പെണ്ണു കെട്ടണ്ടവനാ നീ. അതോർമ്മ വേണം.” 

സനുവിന്റെ മനസ്സ് കുളിർന്നു. നാട്ടുകാരോ വീട്ടുകാരോ ഓർമിക്കാറേ ഇല്ലാത്ത തന്റെ കല്യാണക്കാര്യം പിള്ളേച്ചൻ ഓർക്കുന്നു എന്നത് സനുവിനെ സന്തോഷിപ്പിച്ചു. പിള്ളേച്ചനോടു വല്ലാത്ത കൃതജ്ഞതയും തോന്നി.

ഇരുപത്താറ് വയസ്സേ ആയുള്ളൂവെങ്കിലും സനുവിനു കല്യാണമൊക്കെ കഴിച്ചാൽ കൊള്ളാമെന്നുണ്ട്. സനുവിന്റെ മുഖത്ത് അല്പം നാണം പരന്നു.

“പിള്ളേച്ചാ. സത്യം പറയാലാ എനിക്കും ഇന്ററസ്റ്റിണ്ട്. എന്നെ വിശ്വസിക്ക്. എനിക്കും ഇന്ററസ്റ്റിണ്ട്… പ്രശ്നം കാശാ. പിള്ളേച്ചനറിയോ നമ്മടെ മുരളി എനിക്ക് പതിനായിരം രൂപ തരാന്ണ്ട്. പതിനായിരം രൂപാ… അത് കിട്ട്യാ പിറ്റേന്നന്നെ ഞാൻ പോയി പല്ല് കെട്ടിക്കും. പക്ഷേ ഓരോ കാരണം പറഞ്ഞ് ആള് ഒഴിഞ്ഞു മാറാ. അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണം.”

“എന്താ സംശയം… ചെയ്യണം. അവനെ നമക്ക് പൂട്ടണം” പിടിവള്ളി കിട്ടിയ ഉൽസാഹത്തിൽ പിള്ളേച്ചൻ പറഞ്ഞു.

“സന്വോ നമക്ക് കോടതീലൊരു കേസ് കൊട്‌ക്കാം. ഒര് മാസത്തിനുള്ളീ ഞാൻ കാശ് വാങ്ങി നിന്റെ കയ്യീത്തരും. ഏറ്റാ?”

പിള്ളേച്ചനു കേസ് കൊടുക്കുകയോ! സനു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“പതിനായിരം രൂപക്ക് കേസ് കൊടുക്കേ. ഹേയ്… അതൊരു ചെറിയ തുകയല്ലേ?”

പിള്ളേച്ചൻ അത് കാര്യമാക്കിയില്ല. “എന്റെ സന്വോ, ചെറ്തായാലും എനിക്കത് മതി!”

നാക്ക് പിഴ! ഹോ! പിള്ളേച്ചൻ ഉടൻ വലതു കൈത്തലം ഉയർത്തി അതിൽ തല താങ്ങി. തിരുത്തി പറഞ്ഞാൽ പോലും ആരും വിശ്വസിക്കാത്ത തരം പിഴവ്. സനു സന്ദർഭത്തിനു ഒത്ത് ഉയർന്നു. പിള്ളേച്ചനെ ‘കുറ്റവിമുക്തനാക്കി’.

“നാക്ക്‌പെഴ ആർക്കാ പറ്റാത്തെ. വിട്ട് കളാന്ന്.”

“നമ്മളെ മനസ്സിലാക്കുന്നവരാ സന്വോ നമ്മടെ ബലം.” പിള്ളേച്ചൻ സനുവിനെ കെട്ടിപ്പിടിച്ച് ആശ്വസിക്കുന്നതായി അഭിനയിച്ചു.

“എങ്ങിനെ പോകുന്നു, ഊട്ടുപുര കാറ്ററിംങ്?” പിള്ളേച്ചൻ വിഷയം മാറ്റി.

കുഞ്ഞിസനുവിന്റെ പുതിയ സംരഭമാണ് ഊട്ടുപുര കാറ്ററിംങ് സർവ്വീസ്. അജീഷിനും, ദീപേഷിനും ശേഷം കക്കാടിൽ നിന്ന് മൂന്നാമത്തെ പ്രഗൽഭനായ കുക്ക്. ഭക്ഷണം കഴിക്കുന്നതിൽ മാത്രം തല്പരനായ സനു പാചകരംഗത്ത് ഇറങ്ങിയപ്പോൾ നാട്ടുകാർ അദ്ദേഹത്തിന്റെ കഴിവിൽ സംശയിച്ചതാണ്. എന്നാൽ കക്കാട് രമേശന്റെ മകൻ രാജേഷിന്റെ കല്യാണ പാർട്ടിക്കു സനു പാചകം ചെയ്ത കോഴിക്കറി കഴിക്കാൻ കല്യാണത്തിനു വിളിക്കാത്തവർ കൂടി തള്ളിക്കയറി. ആ ഒരൊറ്റ ദഹണ്ണം കൊണ്ട് സനു നാടാകെ പേരെടുത്തെന്നു പറഞ്ഞാൽ അതാണ് സത്യം. പിള്ളേച്ചനു അക്കാര്യമറിയാം.

സനു ആവേശത്തോടെ വലതു കയ്യിലെ അഞ്ചുവിരലും പൊക്കിക്കാണിച്ചു. പിന്നെ തന്റെ ട്രേഡ്മാർക്ക് ശൈലിയിൽ, സംസാരത്തിനു മുമ്പ് അല്പസമയം ഇടവേള കൊടുത്തിട്ടു, തുടർന്നു.

“പിള്ളേച്ചാ ദേ സത്യം പറയാലാ… ഇപ്പോ അഞ്ച് പേര് വിളിച്ചണ്ട്.”

പിള്ളേച്ചൻ അതിശയിച്ചു. “ഹോ! അപ്പോ കാശിത്തിരി മറയൂലോടാ നിനക്ക്…”

സനു ഉവ്വെന്നു തലയാട്ടി. “ഒരു സദ്യക്ക് ഒരു അയ്യായിരം ഒക്കെ ഞാനിപ്പോ വാങ്ങും. അത്രക്കു ഡിമാന്റാ…”

സനു സംസാരം പെട്ടെന്ന് നിർത്തി. മറന്നു പോയിരുന്ന ഒരു കാര്യം ഓർത്തെടുത്തു പറഞ്ഞു.

“എനിക്ക് നാണി ടീച്ചറുടെ വീട്ടിൽ പോകണ്ട കാര്യണ്ട്.”

“ടീച്ചറ് അവടെ ഇല്ലല്ലാ.”

“ഇല്യ. അതോണ്ട് അവര് വരണ വരെ വീടൊന്ന് നോക്കാൻ എന്നോട് പറഞ്ഞേക്കാണ്.” സനു ശബ്ദം താഴ്ത്തി കൂട്ടിച്ചേർത്തു. “വീട്ടില് കാര്യായിട്ട് എന്തെങ്കിലും ഇണ്ടാവും.”

പിള്ളേച്ചൻ പറഞ്ഞു. “കാശൊന്നും ഇപ്പോ ആരും വീട്ടിൽ വയ്ക്കാറില്ല സനോ. ഒക്കെ ബാങ്കിലല്ലേ”

“അത് ശര്യാ” സനു കൂട്ടിച്ചേർത്തു. “എനിക്ക് അവരുടെ കറന്റ് കാശ് അടയ്ക്കാൻ കൊരട്ടി വരെ പോണം. ഇല്ലെങ്കി ഫ്യൂസ് ഊരുംന്ന് പറഞ്ഞേക്കാണ്. അക്കാര്യം ഇലക്ട്രീസിറ്റി ഓഫീസിൽ ചോദിക്കണം.”

പിള്ളേച്ചൻ യാത്ര പറഞ്ഞു. “എന്നാപ്പിന്നെ ഞാൻ…”

സനൂപ് നർമഭാവത്തിൽ പറഞ്ഞു. “മുരളി കാശ് തരുമെന്ന് തോന്നണില്ല. കമ്പിയിടാൻ പിള്ളേച്ചൻ ഒരു പൈനായിരം താ”

പിള്ളേച്ചൻ ഞെട്ടി. ഉടൻ നമ്പറിട്ടു.

“ശ്ശോ… ഒരു രണ്ട് ദെവസം മുമ്പ് ചോദിച്ചൂടാർന്നോടാ നിനക്ക്. മൂന്ന് ദിവസം മുമ്പ് കയ്യിലെ പൈസ മുഴ്വോൻ തീർന്ന്. ഇനിയിപ്പോ എപ്പഴാ കയ്യീ കാശ് വരാന്ന് പറയാൻ പറ്റില്ല.”

“ഗൾഫ് റിട്ടേൺഡ് അല്ലേ പിള്ളേച്ചൻ.? ഡെപ്പോസിറ്റ് ഒക്കെ ഉണ്ടാകില്ലേ”

പിള്ളേച്ചൻ സനുവിനെ കളിയായി തല്ലാനോങ്ങി. “ഞാൻ ഗൾഫ് റിട്ടേണ് ആണെന്നൊന്നും നീ ആരോടും പറയരുത് ട്ടാ. അതിലൊന്നും ഒരു കാര്യവുമില്ല. ആ കാശൊക്കെ എന്നേ തീർന്നു.”

ഇരുവരും കൈകൊടുത്ത് യാത്ര പറഞ്ഞു പിരിഞ്ഞു.

രാജൻ പണിക്കരുടെ കപ്പക്കൃഷി

2000-ലാണ് കക്കാട് രാജൻ പണിക്കർ ന്യുഡൽഹി ഇന്ത്യൻ കോഫീഹൗസിലെ ജോലി രാജിവച്ച് നാട്ടിൽ തിരിച്ചെത്തുന്നത്. അദ്ദേഹം തികഞ്ഞ അധ്വാനിയാണ്. കർഷകനുമാണ്. ഡൽഹിക്ക് പോകും മുമ്പ് കൃഷിക്കാരനായിരുന്നു. ഡൽഹിയിൽ നിന്ന് തിരിച്ച് വന്ന ശേഷവും എന്ത് ചെയ്യണമെന്ന് രാജൻ പണിക്കർ അലോചിച്ചേ ഇല്ല. കൃഷി തന്നെ കാര്യം. അദ്ദേഹത്തിന്റെ ഇഷ്ട വിള മരച്ചീനി എന്ന കപ്പ ആണ്. എവിടെ മണ്ണൊഴിഞ്ഞ് കിടക്കുന്നതു കണ്ടാലും, അതിന്റെ ഉടമസ്ഥനോടു ‘അവടെ രണ്ട് മൂട് കപ്പ വച്ചൂടേ’ എന്നു ചോദിക്കുന്ന വ്യക്തി. കാർഷിക സംസ്കാരം അത്രത്തോളം സ്വഭാവത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഒരൊറ്റ ദുഃശ്ശീലമേ രാജൻ പണിക്കർക്ക് ഉള്ളൂ. ഇടയ്ക്കിടെ ചായ കുടിക്കും. കോഫീഹൗസ് ജോലിക്കാരനായിരുന്ന കാലം മുതലുള്ള ശീലമാണ്. തെറ്റു പറയാനില്ല.

കക്കാടിൽ എത്തി അധികം നാൾ കഴിയും മുമ്പ്, എല്ലാവരും പ്രതീക്ഷിച്ച പോലെ, രാജൻ പണിക്കർ കൃഷിപ്പണിയിലേക്കു തിരിഞ്ഞു. പടമാൻ വീട്ടുകാരുടെ വിശാലമായ പറമ്പ് അത്രനാൾ വലിയ കൃഷിപ്പണികൾ ഒന്നുമില്ലാതെ കാടുപിടിച്ച് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതെല്ലാം വെട്ടിത്തെളിച്ചു കപ്പകൃഷി ആരംഭിക്കാൻ രാജൻ പണിക്കർ തീരുമാനിച്ചു. എന്നാൽ പറമ്പിലിറങ്ങി കിളയ്ക്കുന്നത് ബോറാണെന്ന പക്ഷക്കാരനാണ് അദ്ദേഹം. അതുകൊണ്ട് കപ്പ കൃഷിക്ക് സഹായിയായി കല്ലുമടയിലെ കരിച്ചിലയെയും കൂടെ കൂട്ടി.

കാതിക്കുടം ബിസ്മി ടൈലറിക്കു അടുത്തുള്ള പനമ്പിള്ളി ശശി മേനോന്റെ പാറമടയിലായിരുന്നു കരിച്ചിലക്കു ജോലി. അതിനു മുമ്പ് കർണാടകയിലെ ബെല്ലാരിയിലേയും കോളാറിലേയും സ്വർണ – ഇരുമ്പ് ഖനികളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ധാതു ഖനനത്തെപ്പറ്റി നല്ല അറിവാണ്. നടക്കുമ്പോൾ അല്പം മുടന്തു തോന്നിക്കുമെങ്കിലും കാരിരുമ്പ് പോലുള്ള മേനിയാണ് കരിച്ചിലയുടേത്. മൂന്ന്-നാൽ മണിക്കൂർ നിന്ന് കിളക്കും. ഖനികളിൽ ജോലി ചെയ്തു കാതൽ വന്ന ശരീരം. കപ്പ നടുന്ന കാര്യം പറഞ്ഞപ്പോൾ ഒരു ആശങ്കയേ കരിച്ചിലക്ക് ഉണ്ടായിരുന്നുള്ളൂ. നെഞ്ച് തടവി, മുണ്ട് അഴിച്ച് വീണ്ടും മടക്കി കുത്തി, രണ്ട് തവണ ചുമച്ച് ശേഷം അദ്ദേഹം അത് ചോദിക്കുകയും ചെയ്തു. ആരും അടുത്തില്ലാതിരുന്നിട്ടും കരിച്ചില രാജൻ പണിക്കരുടെ മുഖത്തോടു മുഖം ചേർത്ത് ആശങ്ക ഉണർത്തിച്ചു.  മുഴുവൻ കേൾക്കുന്നതിനു മുമ്പേ തന്നെ രാജൻ പണിക്കർ അസഹ്യമായതു കേട്ടപോലെ ചെവിപൊത്തി. പിന്നെ കരിച്ചിലയുടെ കൈകൾ രണ്ടും കയ്യിലെടുത്ത് സ്വന്തം നെഞ്ചിൽ ചേർത്തു പിടിച്ചു ഉറപ്പു കൊടുത്തു.

Read More ->  ദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻ

“എന്നെ വിശ്വാസം ഇല്ല്യേ?”

നാട്ടുകാർക്കെല്ലാം വിശ്വാസമാണ്. പിന്നെയല്ലേ കരിച്ചിലക്ക്. പിറ്റേന്നു തന്നെ പണി തുടങ്ങാമെന്നു ഉറപ്പുകൊടുത്തു. രാജൻ പണിക്കർ അപ്പോൾ താക്കീത് നൽകി.

“ശങ്കരമ്മാൻ കാവിന്റെ അടുത്തും, പൊട്ടക്കിണറിന്റെ അടുത്തും തൂമ്പ കാണിക്കരുത്. അന്തർജ്ജനത്തിന്റെ ദൃഷ്ടിയിൽ എങ്ങാനും പെട്ടാൽ….”

കരിച്ചില പേടി അഭിനയിച്ച് കിളക്കില്ലെന്നു കൈത്തലം അനക്കി.

എന്നാൽ പറമ്പ് മുഴുവൻ കിളച്ച് വന്നപ്പോൾ ആരോ പറഞ്ഞു, പൊട്ടക്കിണറിനു അടുത്ത് കിളച്ചിട്ടുണ്ടെന്ന്. അന്നുരാത്രി കരിച്ചിലക്ക് പനി കയറി. അഞ്ചുദിവസം ഒറ്റ കിടപ്പ്. അവസാനം തൈക്കൂട്ടം കാളിവിരുത്തിക്കാവിൽ പോയി മന്ത്രിച്ചൂതിയ ചരട് കെട്ടി. പനി ഇറങ്ങി. പിന്നീട് പടമാൻ പറമ്പിലിറങ്ങി പണി ചെയ്യുമ്പോൾ, പൊട്ടക്കിണറിനടുത്തുള്ള ഏഴിലംപാലയുടെ ഇലകൾ കാറ്റിൽ ഉലയുമ്പോൽ കരിച്ചിലയുടെ ഉള്ളം കിടുങ്ങി. രക്ഷയിൽ തെരുപ്പിടിച്ച് ‘അമ്മേ… ദേവ്യേ’ എന്നു മനസ്സിലുരുവിട്ട ശേഷമേ കരിച്ചില പണി തുടരൂ.

രാജൻ പണിക്കർ മരച്ചീനി തോട്ടത്തിനു ചുറ്റും, കഥകളി വേഷക്കാരെ പോലെ, നടന്ന് ദില്ലി ബഡായികൾ പൊട്ടിച്ച് കരിച്ചിലയെ പ്രോൽസാഹിപ്പിക്കും. വൈകീട്ട് പണി ഒഴിഞ്ഞ് അമ്പലക്കുളത്തിൽ കുളിച്ചു കയറി, കുറി തൊട്ട് ഇരുവരും തീർത്ഥം കഴിച്ചു. കരിച്ചിലയുടെ ബെല്ലാരി ബഡായികളും, രാജൻ പണിക്കരുടെ ദില്ലി ബഡായികളും ശ്രവിച്ച് വളർന്ന കപ്പകൾ നീലനിറം ബാധിച്ച് പേട്ടയായി. അതിനു കാരണം എതിരാളിയുടെ ബഢായികളാണെന്നു ഇരുവരും പരസ്പരം ആരോപിക്കുക പതിവായിരുന്നു.

കപ്പ വിളവെടുപ്പ് കെങ്കേമമായി നടന്നു പോന്നു. മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി മരച്ചീനി ഒറ്റയടിക്കു മൂടുപറിച്ച് ഒരുമിച്ചുള്ള വില്പന രാജൻ പണിക്കർ നടത്തിയില്ല. അത്തരം വിപണനത്തിൽ അദ്ദേഹം പിശക് കണ്ടു. നാട്ടുകാരുടെ വിശ്വാസം കളഞ്ഞു കുളിക്കരുതല്ലോ. പകരം ഒരോ ദിവസവും നാലഞ്ച് മൂടുകൾ മാത്രം പറിച്ച് ഓസീൻ കമ്പനിപ്പടിയിൽ വച്ച് നാട്ടുകാർക്കു മാത്രം വില്പന നടത്തി. കമ്പനിയിൽ നിന്നു ജോലികഴിഞ്ഞു ഇറങ്ങുന്നവരും കപ്പ വാങ്ങുക പതിവായിരുന്നു. അങ്ങിനെ നാനൂറ് രൂപയോളം ദിവസവരുമാനം രാജൻ പണിക്കരും കരിച്ചിലയും നേടി. ആശങ്കകൾ ഒഴിവാക്കാൻ ആ തുക ധാരാളമായിരുന്നു. ആശങ്കകൾ ഒഴിയുമ്പോൾ കരിച്ചില പഴയ ബെല്ലാരി സ്മരണകളിൽ മുങ്ങി രാജൻ പണിക്കരോടു കന്നഡയിൽ സംസാരിക്കും. ‘യാരിഗെ… യാരിഗെ… യാരിഗെ ബേക്കു കപ്പ’ എന്ന കരിച്ചിലയുടെ സ്ഥിരം ചോദ്യത്തിനു മറുപടിയായി രാജൻ പണിക്കർ ഹിന്ദിയിലും ഭോജ്പുരിയിലും അനർഗളം പ്രസംഗിച്ചു. ‘ബായിയോം ഓർ ബഹനോം’ എന്നു തുടങ്ങുന്ന പ്രസംഗം തുടങ്ങുമ്പോൾ, പടമാൻവീടിനു അടുത്തുള്ള, റേഷൻ‌കട കെട്ടിടത്തിന്റെ മുകളിൽ താമസിക്കുന്ന ബംഗാളികൾ ഒന്നടങ്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമായിരുന്നു.

ഇതാണ് കാരിക്കാംവളവ് സംഭവം വരെയുള്ള രാജൻ പണിക്കരുടെ ചരിത്രം.

കാരിക്കാം വളവ്, കുലയിടം

കറന്റ് ബില്ലടയ്ക്കാൻ കൊരട്ടി കെഎസ്ഇ‌ബി ഓഫീസിലേക്കു സനു സൈക്കിളിൽ ഇറങ്ങി. ഉച്ച കഴിഞ്ഞ സമയം. ചെറാലക്കുന്ന് കയറാൻ ഒരുങ്ങുമ്പോഴാണ് രാജൻ പണിക്കർ നടന്നുപോകുന്നത് കണ്ടത്. സനു സൈക്കിൾ നിർത്തി.

“എവടേക്കാ പണിക്കരേട്ടൻ പോണത്?” സനു അന്വേഷിച്ചു.

“കെഎസ്ഇ‌ബി ഓഫീസ് വരെ. കറന്റ് ബില്ല് അടക്കാൻ”

സനു അമ്പരന്നു. “ഞാനും അങ്ങടാ. പണിക്കരേട്ടൻ കേറ്”

സംസാരം ഇത്രയുമെത്തിയപ്പോൾ ഇരുവരുടേയും പിന്നിൽ ഒരു വണ്ടി ശബ്ദത്തോടെ സഡൺ ബ്രേക്കിട്ടു നിന്നു. ചെറാലക്കുന്ന് എക്സ്പ്രസ് യെസ്ഡിയിൽ തമ്പി. കല്യാണം കഴിഞ്ഞ ശേഷം ശരീരം ആകെയൊന്ന് മിനുങ്ങിയിട്ടുണ്ട്. മസിലൊക്കെ പിന്നേയും ഉരുണ്ട് കേറി.

“എവടക്കാ രണ്ടുപേരും കൂടെ?” വണ്ടിയുടെ കാലിയായ പിൻസീറ്റ് കാണിച്ച് തമ്പി ക്ഷണിച്ചു. “കേറണ്‌ണ്ടാ? ഞാനെറക്കാം”

രാജൻ പണിക്കർ വണ്ടിയൊന്ന് ഉഴിഞ്ഞു നോക്കി. പിടിച്ചിരിക്കാൻ ഒറ്റക്കമ്പിയില്ലാത്ത സീറ്റ്.

“ഇതുമ്മെ കേറ്യാ എവിടെ പിടിച്ചിരിക്കും?”

“അതൊക്കെ ഈസ്യല്ലേ. പണിക്കരേട്ടൻ സനൂന്റെ വയറിൽ വട്ടം പിടിക്കും”

“അപ്പോ സന്വോ?”

“സനു എന്റെ വയറിൽ വട്ടം പിടിക്കും. അല്ലെങ്കി തളപ്പുമ്മെ.”

“തളപ്പോ?”

“അതേന്ന്” പെട്രോൾ ടാങ്കിനു ഇരുവശത്തും അഞ്ചുരൂപയുടെ കയർ കൊണ്ടുണ്ടാക്കിയ തളപ്പ് പോലുള്ള പിടിവള്ളി തമ്പി കാണിച്ചു കൊടുത്തു.

രാജൻ പണിക്കർക്കു സംഗതി അത്ര പന്തിയായി തോന്നിയില്ല. തമ്പിക്കു മറുപടി നൽകാതെ അദ്ദേഹം നടന്നു. എന്നാൽ സനു പിന്തിരിഞ്ഞില്ല. ഈ കാണുന്ന ദൂരം മുഴുവൻ സൈക്കിൾ ചവിട്ടണ്ടേ?

“കെഎസ്ഇ‌ബി ഓഫീസ് വരെ എത്താൻ എത്ര സമയമെടുക്കും തമ്പീ?”

“കൊരട്ടിക്ക് വെറും 2 മിനിറ്റ് മതി.”

“എന്നാ വാ.” സനു സൈക്കിൾ റോഡരുകിൽ ഒതുക്കിവച്ച് യെസ്ഡിയിൽ കയറിയിരുന്നു. തമ്പിയെ ഉറുമ്പടക്കം വട്ടം പിടിച്ചു. ഒരു മുരൾച്ചയോടെ യെസ്ഡി മുന്നോട്ടു കുതിച്ചു. രാജൻ പണിക്കരെ കടന്നു പോകുമ്പോൾ ഹാൻഡിലിൽ നിന്ന് കയ്യെടുത്ത് തമ്പി അഭ്യാസവും കാണിച്ചു.

രാജൻ പണിക്കർ നടത്തം തുടർന്നു. ഉച്ചവെയിൽ നന്നായുണ്ട്. മഴക്കാലമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. നന്നായൊന്ന് പെയ്തിട്ടു ദിവസങ്ങളേറെ ആയി. മൃഗാശുപത്രിക്കു അടുത്തുള്ള, രവിയുടെ ചായക്കടയിൽ കയറി രാജൻ പണിക്കർ ഒരു കട്ടനും പരിപ്പുവടയും കഴിച്ചു. അപ്പോൾ ചെറിയ മഴച്ചാറ്റൽ തുടങ്ങി. അതുനോക്കി ചൂടുചായ ഊതിയൂതി കുടിച്ചു. ചായക്കടയിൽ നിന്നു ഇറങ്ങുമ്പോൾ അതാ അൽഭുതം! സനു എതിരെ നടന്നു വരുന്നു. രാജൻ പണിക്കർ അതിശയിച്ചു. ഇത്ര പെട്ടെന്നു കെഎസ്ഇബി ഓഫീസിൽ പോയി വന്നോ!

രാജൻ പണിക്കർ ചോദിച്ചു. “നീ ഇത്ര പെട്ടെന്ന് പോയി വന്നോ?”

സനു മറുപടി പറഞ്ഞില്ല. പകരം കടുപ്പിച്ചൊരു നോട്ടം പാസാക്കി.

പണിക്കർ ആരാഞ്ഞു. “എന്തേലും ഒന്ന് പറേടാ.”

സനു പതിഞ്ഞ സ്വരത്തിൽ രണ്ടുവാക്ക് പറഞ്ഞു. “തളപ്പ്… പൊട്ടി!”

“എന്നട്ട്…” രാജൻ പണിക്കർ ആകാംക്ഷാവാനായി.

രാജൻ പണിക്കർക്കു പുറം തിരിഞ്ഞു നിന്നു ഷർട്ട് പൊക്കിവച്ച്, പുറംഭാഗം മുഴപ്പിച്ച്, കൈകൂപ്പി തൊഴുന്ന പോസിൽ സനു നിന്നു. പുറത്തു നീളത്തിൽ മൂന്ന് നീലവരകൾ. അതിനു താഴെ ചുവന്ന നിറത്തിൽ രണ്ടെണ്ണം വേറെ. തമ്പിയെ നമ്പരുതെന്നതിന്റെ സാക്ഷ്യപത്രം.

രാജൻ പണിക്കർ താങ്ങി. “വേദനേണ്ടാ?”

സനു നിഷേധിച്ചു. “പരമസുഖം.”

“നീയപ്പോ ഇനി കറന്റ് ബില്ലടയ്ക്കാൻ പോണില്ലേ?”

സനു തിടുക്കത്തിൽ പറഞ്ഞു. “ഉവ്വ്. ഞാൻ സൈക്കിൾ എടുത്തിട്ടു തിരിച്ചു വരും. പണിക്കരേട്ടൻ ഇവിടെ നിന്നോ. നമുക്ക് രണ്ടാൾക്കും സൈക്കിളിൽ പോകാം.”

രാജൻ പണിക്കർ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. “ആ നീ വാ. ഞാൻ പതുക്കെ നടക്കാം.”

കൊരട്ടി കെഎസ്ഇബി ഓഫീസിന്റെ സ്ഥാനം നല്ല ഗതാഗത സൗകര്യമില്ലാത്ത ഒരിടത്താണ്. ബസുകൾ ഒരു മണിക്കൂർ ഇടവിട്ടേ ഉണ്ടാവുകയുള്ളൂ. കക്കാടു നിന്നുള്ളവർക്കാണെങ്കിൽ ബസിറങ്ങി കുറേ നടക്കുകയും വേണം.

പാറയം ജംങ്ഷനിൽ എത്തിയപ്പോൾ സനു സൈക്കിളിൽ എത്തി ക്ഷണിച്ചു.

“പണിക്കരേട്ടൻ വാ. നമക്ക് ഒരുമിച്ച് പോവാം.”

ബസിറങ്ങി ഇലക്ട്രിസിറ്റി ഓഫീസ് വരെ നടക്കുന്ന കാര്യം ആലോചിക്കാനേ വയ്യ. ജംങ്ഷനിലാണെങ്കിൽ ഓട്ടോ ഒന്നും കാണുന്നുമില്ല. രാജൻ പണിക്കരുടെ മനസ്സിലെ സന്നിഗ്ദാവസ്ഥ മനസ്സിലാക്കി സനു അദ്ദേഹത്തെ പിടിച്ചു വലിച്ച് സൈക്കിളിനു അടുത്തെത്തി.

Read More ->  കേരള സാഹിത്യ അക്കാദമി അവാർഡ്

“ഇത്ര പേടിക്കാൻ എന്തൂട്ടാ… ഇത് വെറും സൈക്കിൾ അല്ലേ? സൈക്കിളിൽ പോയി ഇതുവരെ ആരെങ്കിലും ആക്സിഡന്റ് ആയിട്ട്‌ണ്ടാ.”

ആലോചിച്ചപ്പോൾ സംഗതി ശരിയാണ്. സൈക്കിൾ ഉപദ്രവകാരിയല്ല. അധികം ആലോചിക്കാതെ രാജൻ പണിക്കർ സൈക്കിളിൽ കയറി. വീഴില്ലെന്നു ഉറപ്പാക്കാൻ അദ്ദേഹം കാലുകൾ രണ്ടും സൈക്കിൾ കാരിയറിന്റെ ഇരുവശത്തുമിട്ടാണ് ഇരുന്നത്. ഇനിയിപ്പോൾ വീണാൽ തന്നെയും ആ വശത്തേക്കു കാൽ കുത്തി രക്ഷപ്പെടാമല്ലോ. സനു സൈക്കിൾ ചവിട്ടി തുടങ്ങി.

സമയം കുറച്ചു കഴിഞ്ഞു. എന്തെങ്കിലും സംസാരിക്കണമല്ലോ എന്നു കരുതി രാജൻ പണിക്കർ ചോദിച്ചു.

“എങ്ങനീണ്ട് സന്വോ ഊട്ടുപുര കാറ്ററിങ്.”

സനു തമ്പ്സ് അപ് അടയാളം കാണിച്ചു, “രാജേഷിന്റെ കല്യാണത്തിനു ഞാൻ വച്ച കോഴിക്കറി പണിക്കരേട്ടൻ കഴിച്ചോ”

“പിന്നില്ലാണ്ടാ. എന്തൂട്ടാടാ അതിനു പിന്നിലെ ചേരുവ?”

സനുവിന്റെ മനം കുളിർന്നു. പ്രംശംസകൾ സനുവിനു ഇഷ്ടമാണ്.

“പതിവ് ചേരുവ തന്നേണ്. ഞാൻ കൂടുതലൊന്നും ചേർത്തട്ടില്ല. കൈപ്പുണ്യാണ് വേണ്ടെ.”

രാജൻപിള്ള അത് തലകുലുക്കി സമ്മതിച്ചു. സൈക്കിൾ കുലയിടം സുബ്രമണ്യസ്വാമി ക്ഷേത്രത്തോടു അടുക്കുകയാണ്. ക്ഷേത്രം പ്രശസ്തമാണ്. സുബ്രമണ്യസ്വാമി മുഖ്യപ്രതിഷ്ഠയായിട്ടുള്ള വേറെ അമ്പലം അടുത്തെങ്ങും ഇല്ല. ഭക്തജനങ്ങൾ ധാരാളമായുണ്ട്.

സനു ചോദിച്ചു. “സുബ്രമണ്യസ്വാമീടെ അമ്പലത്തില് മയിൽ വന്ന കാര്യം പണിക്കരേട്ടൻ അറിഞ്ഞോ?”

“ഉവ്വോ!” രാജൻ പണിക്കർ അതിശയിച്ചു.

“അതേന്ന്. കഴിഞ്ഞാഴ്ച പല ദിവസോം വന്നു. ഒരു ആൺമയിലും പെൺമയിലും. ആദ്യം ആലിൽ ഇരുന്നു. പിന്നെ നെലത്തെറങ്ങി അമ്പലത്തിനു ചുറ്റും നടന്നു. കൊറേ ആളോള് വന്നണ്ടായിരുന്നു കാണാൻ.”

സൈക്കിൾ അമ്പലത്തിനു അടുത്ത് എത്തിയപ്പോൾ ഇരുവരും സുബ്രമണ്യ സ്വാമിയെ മനസ്സിൽ കണ്ട് ഒരു നിമിഷം ധ്യാനിച്ചു.

സൈക്കിൾ കുലയിടം വാട്ടർപമ്പിനു അടുത്തെത്തി. അവിടെ റോഡിൽ കുത്തനെ ഒരു ഇറക്കമുണ്ട്. ഇറക്കത്തിനു താഴെ പാടശേഖരത്തിലേക്കു വെള്ളമെത്തിക്കാൻ പണ്ടു പണിഞ്ഞ കുളവും മോട്ടോർ ഷെഡും. കുത്തനെയുള്ള കയറ്റം മൂലം ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി വരില്ല. ലോഡ് ഉണ്ടെങ്കിൽ ഓട്ടോറിക്ഷ പോലും മുക്കിയും മൂളിയുമേ കയറൂ.  ഇറക്കം അവസാനിക്കുന്നിടത്തു 45 ഡിഗ്രിയിൽ ഒരു വളവുണ്ട്. ഇറക്കത്തെ കൂടുതൽ അപകടകരമാക്കുന്ന മറ്റൊരു കാര്യമാണ് ഇറങ്ങി വരുന്ന വാഹനങ്ങൾക്കു സ്വാഗതം ആശംസിച്ചുകൊണ്ട് കെഎസ്ഇ‌ബി സ്ഥാപിച്ചിട്ടുള്ള വലിയ ട്രാൻസ്‌ഫോർമർ. ഇറക്കത്തിൽ എത്തുന്ന വണ്ടികൾ ഇറക്കത്തെ മാത്രം പേടിച്ചാൽ പോര, ട്രാൻസ്ഫോർമറിനേയും പേടിയ്ക്കണം. ഇതാണ് കുലയിടത്തെ കാരിക്കാം വളവ്.

സൈക്കിൾ ഇറക്കം ഇറങ്ങിത്തുടങ്ങിയപ്പോൾ രാജൻ പണിക്കർ സനുവിന്റെ വയറിൽ പൊത്തിപ്പിടിച്ചു. സനു പതുക്കെ ബ്രേക്ക് പിടിച്ചു. അത് ഫലവത്തായില്ല. ബ്രേക്ക് മുഴുവൻ പിടിച്ചു. അപ്പോഴാണ് സനുവിനു കാര്യം മനസ്സിലായത്. സൈക്കിൾ മാറിയിരിക്കുന്നു! അച്ഛന്റെ സൈക്കിളിലാണ് വന്നിരിക്കുന്നത്. അതാണെങ്കിൽ അധികം ഉപയോഗിക്കാതെ വച്ചിരിക്കുന്ന ബ്രേക്കില്ലാത്ത സൈക്കിളും.

സൈക്കിൾ സ്പീഡ് എടുക്കവെ രാജൻ പണിക്കർ പറഞ്ഞു. “ബ്രേക്ക് കുറച്ചു പിടിച്ചാ മതി സന്വോ. ഈ ഇറക്കത്തിന്റെ ഊക്കിനു നമുക്ക് അടുത്ത കയറ്റം കയറണം. എനിക്കപ്പോ ഇറങ്ങാതെ കഴിയാലോ.”

കുലയിടം ഇറക്കം കഴിഞ്ഞുള്ള ചെറിയ കയറ്റത്തിന്റെ കാര്യമാണ് രാജൻപിള്ള പറയുന്നത്. കാത്തിരിക്കുന്ന ദുരന്തം മനസ്സിലാക്കി സനു കല്ലിച്ച സ്വരത്തിൽ വിളിച്ചു. “പണിക്കരേട്ടാ…”

ഗൗരവം മുറ്റിയ സംബോധന. പണിക്കർ ജാഗരൂകനായി. സൈക്കിളിന്റെ വേഗം ഹൈസ്പീഡായി കഴിഞ്ഞു. ഇറക്കം ഇനിയും പകുതി ബാക്കി. രാജൻ പണിക്കർ കഴുത്ത് ചെരിച്ച് മുന്നോട്ടു ആഞ്ഞു സനുവിന്റെ മുഖത്തു നോക്കി.

സനു നിലവിളിയുടെ ടോണിൽ പറഞ്ഞു. “ബ്രേക്കില്ല പണിക്കരേട്ടാ. എനിക്ക് സൈക്കിൾ മാറി.”

ആദ്യം വിശ്വസിച്ചില്ലെങ്കിലും സൈക്കിൾ ടയറിനോടു ചേർന്നു കറുത്ത ബ്രേക്ക് കട്ടകൾ ഇല്ലെന്നു കണ്ടതോടെ രാജൻപിള്ള സനുവിനെ ഉറുമ്പടക്കം വട്ടം പിടിച്ചു.

അതിദ്രുതം കറങ്ങുന്ന പിൻചക്രത്തിലേക്കു നോക്കി സനു ഒരു പ്രതിവിധി നിർദ്ദേശിച്ചു. “പണിക്കരേട്ടൻ ബാക്ക് വീലിലേക്കു കൈ കടത്തി വക്ക്.”

രാജൻ പണിക്കർ ചക്രത്തിലേക്കു നോക്കി. ചക്രത്തിന്റെ കമ്പികളൊന്നും കാണാനില്ല. അത്രക്കു സ്പീഡ്. ഇടതുകൈ വച്ചാൽ പിന്നെ രണ്ടിനു പോകുമ്പോൾ പ്രശ്നമാകും. വലതുകൈ വച്ചാൽ ഭക്ഷണം ആരെങ്കിലും കോരിത്തരേണ്ടി വരും.

രാജൻ പണിക്കർ ചോദിച്ചു. “ഇടതു കയ്യോ? വലതു കയ്യോ?”

സനു സംശയിക്കാതെ പറഞ്ഞു. “രണ്ടും വച്ചോ…”

രാജൻ പണിക്കർ ആരെയെന്നില്ലാതെ ചീത്ത പറഞ്ഞു. അദ്ദേഹം ശരീരം ആവതു ചുരുക്കി സനുവിനെ കെട്ടിപ്പിടിച്ചു. പണിക്കരുടെ ലക്ഷ്യം സനുവിനു മനസ്സിലായി. താൻ ഒരു ഷീൽഡ് ആണ് ഇപ്പോൾ.

ഇറക്കത്തിനു താഴെ കെഎസ്ഇ‌ബിയുടെ ട്രാൻസ്ഫോർമർ കാത്തുനിൽക്കുന്നത് കണ്ട് സനുവിന്റെ ഉള്ളം കിടുങ്ങി.

സനു അങ്കലാപ്പോടെ ചോദിച്ചു. “പണിക്കരേട്ടാ… ട്രാൻസ്ഫോർമർ മൂളണ്‌ണ്ടാ.? സൗണ്ട് കേക്കണ്‌ണ്ടാ?”

രാജൻ പണിക്കർ തിരിച്ചു ചോദിച്ചു. “നമ്മ വീട്ടീന്ന് പോന്നപ്പോ കറന്റ് ഇണ്ടായിര്ന്നാ?”

സനുവും രാജൻ പണിക്കരും ‘ആആ… ആആ… അയ്യോ’ എന്ന ടോണിൽ പതുക്കെ മൂളിത്തുടങ്ങി. സൈക്കിൾ ടോപ് സ്പീഡിലായി. നേരെ മുന്നിൽ ട്രാൻസ്ഫോർമർ കണ്ട് സനുവിന്റെ പ്രാണൻ പോയി. ഹാൻഡിൽ വെട്ടിച്ചാൽ സൈക്കിൾ മറിഞ്ഞ് റോഡിൽ തലയടിച്ചു വീഴും. ട്രാൻസ്ഫോർമറിൽ ഇടിച്ചാൽ ചിതാഭസ്മം ആയിരിക്കും ലഭിക്കുക.

ഭാഗ്യമെന്നേ പറയേണ്ടൂ, ഇറക്കത്തിലുള്ള ഒരു കുഴിയിൽ ചാടി സൈക്കിളിന്റെ ഹാൻഡിൽ അല്പം ചെരിഞ്ഞു. സുബ്രമണ്യസ്വാമിയുടെ കളി. ട്രാൻസ്ഫോർമറിൽ ഇടിക്കാതെ സൈക്കിൾ മൺതിട്ടയിൽ ഇടിച്ചു. സൈക്കിളിൽ നിന്നു തെറിച്ച്, ഇരുവരും ജിംനാസ്റ്റിക്കുകളേപ്പോലെ വായുവിൽ കരണം മറിഞ്ഞു. കുളത്തിലേക്കു പതിക്കുമ്പോൾ സനു ഉച്ചത്തിൽ ‘ആണ്ടവാ… മുരുകാ… വേലായുധാ’ എന്നു വിളിച്ചു. രാജൻ പണിക്കർ ‘അയ്യോ… അയ്യോ’ എന്നു വിളിച്ചു. ഫലം, കുഞ്ഞിസനുവിനു സാരമായ പരുക്കും ഒരു മാസം വിശ്രമവും. രാജൻ പണിക്കർക്കു വാരിയെല്ലിനു ചെറിയ ക്ഷതം, മൂന്നു മാസം വിശ്രമം.

01/07/2016

സ്ഥലം – അയ്യങ്കോവ് ശ്രീധർമ്മശാസ്ത ക്ഷേത്രം മതിൽക്കെട്ട്.
സമയം – വൈകീട്ട് ആറുമണി.

മതിൽക്കെട്ടിൽ വാസുട്ടനും തമ്പിയും ഇരിക്കുന്നു. കൂടെ കക്കാടിലെ മറ്റ് ഗഡികളും. സനു ഹോണ്ട ആക്ടീവയിൽ വന്നിറങ്ങി സംഭാഷണത്തിൽ ഇടപെടുന്നു.

“തമ്പീ ദേ സത്യം പറയാലാ… ഇതിങ്ങിനെ പോയാ ശര്യാവില്ല.”

“എന്ത്?”

ഒഴിച്ചിട്ടിരിക്കുന്ന പടമാൻ വീട് ചൂണ്ടിക്കാട്ടി സനു പറഞ്ഞു. “വീട് ആർക്കെങ്കിലും വാടകക്കു കൊടുക്കണം. ഇല്ലെങ്കിൽ ഇഴജന്തുക്കളുടെ ആസ്ഥാനമാവും ഈ സ്ഥലം.”

“പഴയ തറവാട് വീടല്ലേ സന്വോ. അതോണ്ടായിരിക്കും ആർക്കും കൊടുക്കാത്തെ.”

സംഭാഷണം ഇത്രയുമെത്തിയപ്പോൾ ഗ്രാനൈറ്റ് സതീഷിന്റെ ബൈക്കിൽ രാജൻ പണിക്കർ വന്നിറങ്ങി. ആമുഖമൊന്നുമില്ലാതെ സനുവിനോടു ചോദിച്ചു.

“അടുത്ത തിങ്കളാഴ്ചേടെ പ്രാധാന്യം അറിയോ നിനക്ക്?”

അമ്പലമതിലിൽ ഇരിക്കുകയായിരുന്നവർക്കു കാര്യം പിടികിട്ടിയില്ല. പക്ഷേ സനുവിനു കാര്യം മനസ്സിലായി. കൈകെട്ടി നിൽക്കുകയായിരുന്ന അദ്ദേഹം വലതുകൈ പൊക്കി നെറ്റിയിൽ വച്ച് കുറ്റബോധ പോസിൽ നിന്നു.

രാജൻ പണിക്കർ കാര്യം വെളിപ്പെടുത്തി. “കാരിക്കാം വളവ് ട്രാജഡിക്കു തിങ്കളാഴ്ച അഞ്ച് വർഷം ആകുന്നു.”

സനു ഒഴിച്ചുള്ളവരെല്ലാം ചിരിച്ചു മറിഞ്ഞു. തമ്പി എപ്പോഴും പറയാറുള്ള കാര്യം അപ്പോഴും എടുത്തിട്ടു.

“പണിക്കരേട്ടനു അന്ന് എന്റെ യെസ്ഡീമെ കേറ്യാ പോരായിരുന്നോ? അങ്ങന്യാണെങ്കീ ഇക്കണ്ട പ്രശ്നൊന്നും ഇണ്ടാവില്യാർന്ന്.”

അതിനു മറുപടിയായി രാജൻപിള്ള തമ്പിയെ തൊഴുതു. സനു പുറം ഉഴിഞ്ഞു.


അഭിപ്രായം എഴുതുക