ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം – ബൗദ്ധ സമ്മേളനങ്ങൾ

Sunil Upasana | സുനിൽ ഉപാസന
Sunil Upasana | സുനിൽ ഉപാസന

Native Place: Chalakudy (Thrissur) | Education: Computer H/W Maintenance 3 yr Diploma & BA Degree in Philosophy | Profession: IT Industry (Bangalore) | Awards: Kerala Sahitya Academy Award (Geetha Hiranyan Endowment) For Best Short Story Collection in 2016. Email: sunil@sunilupasana.com / Whatsapp: 8281197641 Read More


ശ്രീബുദ്ധന്റെ പരിനിർവാണത്തിനു ശേഷം, ബൗദ്ധ അനുയായികളിൽ ബുദ്ധവചനങ്ങളുടെ കൃത്യമായ അർത്ഥത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. ഇതിനു പ്രധാന കാരണം ബൗദ്ധ അനുയായികളിലെ ബുദ്ധിപരമായ അസമത്വമായിരുന്നു. ചില അനുയായികൾ ബുദ്ധവചനങ്ങളിൽ അടങ്ങിയിരിക്കുന്ന അത്യന്തം നിഗൂഢകരമായ അർത്ഥങ്ങൾ വരെ മനസ്സിലാക്കാൻ ശേഷിയുണ്ടായിരുന്നപ്പോൾ മറ്റുള്ളവർക്കു അതിനുള്ള സാമർത്ഥ്യമില്ലായിരുന്നു. ഇത് ‘ബുദ്ധധർമ്മത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങിനെയായിരിക്കണം’ എന്നതിനെ ചൊല്ലി ബൗദ്ധ അനുയായികളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി. ഇത്തരം ഭിന്നതകൾ ഒഴിവാക്കി പൊതു ആചാരക്രമം ഉണ്ടാക്കാൻ ബൗദ്ധ പണ്ഢിതരുടെ ഒന്നാമത്തെ സമ്മേളനം (Buddhist Council) രാജ്‌ഗിറിൽ വച്ചു നടന്നു. ചരിത്രത്തിൽ ഇതേ വരെ നാലു സമ്മേളനങ്ങളാണ് നടന്നിട്ടുള്ളത്.

ഒന്നാമത്തെ സമ്മേളനം

അജാതശത്രു രാജാവിന്റെ രക്ഷാകർതൃത്ത്വത്തിൽ, രാജ്‌ഗിർ (ബീഹാർ) എന്ന സ്ഥലത്താണ് ഒന്നാമത്തെ കൗൺസിൽ നടന്നത്. ബുദ്ധന്റെ അടുത്ത അനുയായിയായ മഹാകാശ്യപൻ ചർച്ചകൾക്കു നേതൃത്വം കൊടുത്തു. ശ്രീബുദ്ധന്റെ പ്രബോധനങ്ങൾ അടങ്ങിയ സൂത്രപീഠക, ആശ്രമചര്യകൾ അടങ്ങുന്ന വിനയപീഠക എന്നിവയുടെ ക്രമീകരണം ഈ കൗൺസിലിൽ വച്ച് നടന്നു.

രണ്ടാമത്തെ സമ്മേളനം

വൈശാലിയിൽ വച്ചു നടന്ന രണ്ടാമത്തെ സമ്മേളനത്തിൽ ബൗദ്ധ അനുയായികൾക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി, അവർ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. വിനയപീഠകയിൽ നിർദ്ദേശിച്ചിട്ടുള്ള അനുശാസനങ്ങളും സദാചാര സംബന്ധിയായ നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന ആശ്രമചര്യകൾ കർശനമായി പാലിച്ചു നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടവർ സ്‌തവിരവാദികൾ (Sthaviravadins) എന്നറിയപ്പെട്ടു. ആശ്രമചര്യകൾ കാലത്തിനൊത്ത് പരിഷ്‌കരിച്ച് ലളിതമാക്കാമെന്നു അഭിപ്രായപ്പെട്ടവർ മഹാസാംഘികർ (Mahasamghika) എന്ന വിഭാഗമായി.

മൂന്നാമത്തെ സമ്മേളനം

അശോക ചക്രവർത്തിയുടെ രക്ഷാകർതൃത്വത്തിൽ പാടലീപുത്രയിൽ വച്ചാണ് മൂന്നാമത്തെ സമ്മേളനം നടന്നത്. മൊഗ്ഗളിപുത്ര തിസ്സ എന്ന പണ്ഢിതൻ സമ്മേളനത്തിനു നേതൃത്വം നൽകി. ബൗദ്ധ അനുയായികൾക്കിടയിൽ നുഴഞ്ഞു കയറിയിരുന്ന ബുദ്ധധർമ്മ വിരുദ്ധമായ ആശയങ്ങൾ ഒഴിവാക്കി, കഥാവത്തു എന്ന ഗ്രന്ഥം രചിക്കപ്പെട്ടു. സ്‌തവിരവാദികൾ (പാലി ഭാഷയിൽ തെരവാദികൾ) അംഗീകരിക്കുന്ന പ്രമുഖ ഗ്രന്ഥങ്ങളിൽ ഒന്നാണിത്.

നാലാമത്തെ സമ്മേളനം

കനിഷ്‌ക ചക്രവർത്തിയുടെ ഭരണകാലത്ത് കാശ്മീരിൽ വച്ചാണ് നാലാമത്തെ സമ്മേളനം നടന്നത്. ബുദ്ധധർമ്മം മധ്യേഷ്യയിലേക്കു വ്യാപിച്ചു തുടങ്ങിയത് കനിഷ്‌കന്റെ കാലത്താണ്. സർവ്വസ്‌തിവാദ വിഭാഗമാണ് പ്രധാനമായും ഈ സമ്മേളനം സംഘടിപ്പിച്ചത്. വസുമിത്രൻ, അശ്വഘോഷൻ എന്നീ ബൗദ്ധ പണ്ഢിതർ നേതൃത്വം നൽകി. സർവ്വസ്‌തിവാദ ദർശനത്തിലെ വിഭാഗീയതകൾ പരിഹരിച്ച് മഹാവിഭാസ എന്ന ബൃഹദ്‌ഗ്രന്ഥം സമ്മേളനത്തിൽ രചിക്കപ്പെട്ടു.

Read More ->  'നിർവചനം' എന്നാലെന്ത് ?
സംഗ്രഹം

രണ്ടാമത്തെ ബൗദ്ധ സമ്മേളനത്തിലാണ് ഒന്നിച്ചു ചേരാനാകാത്ത വിധം രണ്ട് വിഭാഗങ്ങളായി ബുദ്ധധർമ്മം പിരിഞ്ഞത്. ഇതിൽ ബുദ്ധധർമ്മവും, ബുദ്ധവിഹാരങ്ങളിലെ സന്യാസിമാർ അനുവർത്തിക്കേണ്ട പെരുമാറ്റ ചിട്ടവട്ടങ്ങളും, ബുദ്ധന്റെ കാലത്തെ പോലെ അണുവിട തെറ്റാതെ പാലിക്കണമെന്ന് ശഠിച്ചവർ സ്‌തവിരവാദികൾ അഥവാ തെരവാദികൾ (പാലി) എന്നറിയപ്പെട്ടു. ബുദ്ധവിഹാരങ്ങളിൽ അനുഷ്ഠിക്കുന്ന ചിട്ടവട്ടങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താമെന്നു നിലപാട് എടുത്തവർ മഹാസാംഘികർ എന്നു വിളിക്കപ്പെട്ടു. ശ്രീബുദ്ധന്റെ പ്രബോധനങ്ങളിൽ തന്നെ, ‘ഭാവിയിൽ വിനയപീഠകയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താം‘ എന്നുള്ള വചനങ്ങൾ ഉണ്ടായിരുന്നു. മഹാസാംഘികർ ഇത് പ്രത്യേകം എടുത്തു പറഞ്ഞെങ്കിലും വിഭജനം തടനായായില്ല. മഹാസാംഘിക വിഭാഗം പിൽക്കാലത്ത് മഹായാനം എന്ന ബൗദ്ധവിഭാഗമായി മാറി. സ്‌തവിരവാദികൾ ഹീനയാനം എന്നു വിളിക്കപ്പെട്ടു.


അഭിപ്രായം എഴുതുക