ദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻ

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കാർ ഒരു ഫ്ലാറ്റിനു മുന്നിൽ നിന്നു. പണിക്കർ ഡിക്കി തുറന്നു ലാഗേജുകൾ പുറത്തെടുത്തു. ദേവ് പൈസ കൊടുത്തു ഡ്രൈവറെ മടക്കി അയച്ചു. അപ്പോൾ ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നു ഒരാൾ തിടുക്കത്തിൽ നടന്നു വന്നു. പണിക്കരുടെ വേലക്കാരനായിരുന്നു അത്. അദ്ദേഹം എല്ലാ പെട്ടികളും സ്വന്തം ചുമലിലേറ്റി.

പണിക്കർ അന്വേഷിച്ചു. “സുരൻ, ആരെങ്കിലും ഫോൺ ചെയ്തിരുന്നോ?”

സുരൻ ഉവ്വെന്നു തലയാട്ടി. “ഓഫീസിൽ നിന്നു വിളിച്ചിരുന്നു. തിരിച്ചു വിളിക്കാൻ പറഞ്ഞിട്ടുണ്ട്.”

പണിക്കർ അസ്വസ്ഥനായി. ദേവിനു നേരെ തിരിഞ്ഞ് പറഞ്ഞു. “അത് കുറച്ചു പ്രാധാന്യമുള്ള കാര്യമാകാൻ സാധ്യതയുണ്ട് ദേവ്. ചിലപ്പോൾ എനിക്കു സൈറ്റിൽ പോയി ജോലി ചെയ്യേണ്ടി വന്നേക്കാം… നാശം.”

ദേവ് നിശബ്ദത പാലിച്ചു.

പണിക്കരുടെ ഫ്ലാറ്റ് വലുതായിരുന്നു. ഹാൾ, മൂന്ന് ബെഡ്റൂം, കിച്ചൺ, ടോയ്‌ലറ്റ്., എന്നിവ കൂടാതെ സ്റ്റോർ റൂമും കിച്ചണിനു സമീപം വരാന്തയും ഉണ്ട്. എയർ കണ്ടീഷണർ ഇല്ലാത്തതാണ് ഏക പോരായ്മ. ഫാൻ ഓണാക്കിയപ്പോൾ താഴേക്കു പറന്നിറങ്ങിയത് ചൂടുകാറ്റാണ്.

പെട്ടികൾ ഹാളിൽ അടുക്കിവച്ച് ഭൃത്യൻ അഭിവാദ്യം ചെയ്തു.

“നമസ്തെ ദേവ് സാബ്.”

“നമസ്തെ സുരൻ.”

ദേവ് സുരനെ ശ്രദ്ധിച്ചു. പണിക്കരുടെ വിശ്വസ്ത ഭൃത്യൻ. പൊക്കം കുറവാണ്. മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കും. ഇരുനിറം. മുഖത്ത് ശ്മശ്രുക്കൾ ശുഷ്കം. കുറുകിയ കാലുകളും കൈകളും. ഭംഗിയില്ലാത്ത സുരന്റെ ശരീരം അംഗവൈകല്യമുള്ള ഒരാളെ പോലെ തോന്നിച്ചു.

വൈഷ്ണോദേവി ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ പണിക്കർ ഭൃത്യനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ശാരീരിക പ്രത്യേകതയേക്കാൾ സുരന്റെ അച്ചടക്കത്തിൽ ഊന്നിയായിരുന്നു വിവരണം. കറകളഞ്ഞ യജമാനഭക്തി ആണത്രെ. പണിക്കരുടെ വിവരണം രസകരമായിരുന്നു. ഒടുക്കം പണിക്കർ പ്രവചിക്കുകയും ചെയ്തു.

“ദേവ്, എന്റെ ഭൃത്യനെ നിനക്കു വളരെ ഇഷ്ടമാകും.”

ദേവ് വലിയ താല്പര്യം കാണിച്ചില്ല. ഭൃത്യന്റെ പേരു മാത്രം ചോദിച്ചു.

പണിക്കർ പറഞ്ഞു. “സുരൻ. അതായത് നിന്റെ പേരു തന്നെ.”

അതെ. അസുരൻ അല്ലാത്തവർ സുരൻ. ദേവൻ!

നമസ്തെ പറഞ്ഞ് അഭിവാദ്യം ചെയ്തശേഷം സുരന്റെ നീക്കം ദേവിനെ അൽഭുതപ്പെടുത്തി. ദേവ് ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടണുകൾ സുരൻ അഴിക്കാൻ തുടങ്ങി. വേണ്ടെന്നു തടസം പറഞ്ഞെങ്കിലും സുരൻ വകവച്ചില്ല. എതിർപ്പ് ഔപചാരികമാണെന്നു കരുതി, അദ്ദേഹം ബട്ടൺസിനു പുറമെ ഷർട്ടും ഷൂലേസും കൂടി അഴിച്ചു മാറ്റി. പണിക്കർ അടുത്തില്ലായിരുന്നു.


Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!


അലമാരയിൽ അലക്കിത്തേച്ചു വച്ചിരുന്ന ഏതാനും വസ്ത്രങ്ങൾ സുരൻ കൊണ്ടുവന്നു. ദേവ് അവയിൽനിന്നു മൂന്നു ജോടി വസ്ത്രങ്ങൾ തിരഞ്ഞെടുത്തു.

Read More ->  'അവിദ്യ' എന്ന തത്ത്വം ഉപനിഷത്തിൽ

രണ്ടുമണിയോടെ ഭക്ഷണം തയ്യാറായി. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ ദേവ് ക്ഷണിച്ചെങ്കിലും സുരൻ നിരസിച്ചു. ക്ഷണം ആവർത്തിച്ചപ്പോൾ അതു കേട്ടതായി ഭാവിക്കാതെ, പണിക്കരെ ഒളിക്കണ്ണിട്ടു നോക്കി, സുരൻ അടുക്കളയിലേക്കു തിടുക്കത്തിൽ പോയി. എന്തോ പ്രശ്നമുണ്ടെന്നു ദേവിനു തോന്നി. അല്ലെങ്കിൽ എന്തിനാണ് സുരൻ പെട്ടെന്നു സ്ഥലം വിട്ടത്?

പണിക്കർ ടെലിവിഷൻ കാണുന്നതിനൊപ്പം ഭക്ഷണം കഴിച്ചു. തന്റെ ക്ഷണത്തിനു അനുബന്ധമായി ഒപ്പമിരുന്നു ഭക്ഷണം കഴിക്കാൻ പണിക്കർ സുരനെ നിർബന്ധിക്കുമെന്നു ദേവ് പ്രതീക്ഷിച്ചതാണ്. അതു തെറ്റി.

ഭക്ഷണം വളരെ രുചികരമായിരുന്നു. ദേവ് സുരന്റെ പാചകവൈദഗ്ദ്യത്തെ പുകഴ്ത്തി. സുരൻ നിശബ്ദനായി കേട്ടുനിന്നു. ആ നിൽപ്പിൽ ഭയമുണ്ടായിരുന്നു. ഭക്ഷണം വിളമ്പുമ്പോൾ പ്ലേറ്റുകൾ കൂട്ടിമുട്ടി ശബ്ദമുണ്ടാകാതിരിക്കാൻ സുരൻ ശ്രദ്ധിക്കുന്നുണ്ട്. പണിക്കരിൽ നിന്നു കുറച്ചു അകന്നു നിന്നാണ് ഭക്ഷണം വിളമ്പുന്നത്. സുരന്റെ പെരുമാറ്റം മനപ്പൂർവ്വമാണെന്നും, എന്തോ ഭയം ഇരുവർക്കുമിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ദേവ് മനസ്സിലാക്കി. . അതല്ലെങ്കിൽ ഇതെല്ലാം സുരന്റെ വ്യക്തിഗത ശൈലിയുമാകാം.

ഉച്ചഭക്ഷണത്തിനു ശേഷം ദേവ് ഉറങ്ങി. മൂന്നു മണിക്കൂർ നീണ്ട സുഖനിദ്ര. ഉണർന്നപ്പോൾ കഴിഞ്ഞ മൂന്നുമണിക്കൂർ നേരം മൃതനായിരുന്നുവെന്നു ദേവിനു തോന്നി. എല്ലാ സുഷുപ്തിയും ഒരുതരം മരണമാണ്. ശരീരം ബാഹ്യലോകവുമായി ബന്ധമില്ലാതെ തടി പോലെ കിടക്കും. വ്യക്തി മരിച്ചിട്ടില്ലെന്നു സൂചിപ്പിക്കുന്നത് ശ്വാസോച്ഛാസം മാത്രം. അദ്വൈത വേദാന്തം അനുസരിച്ചു ഗാഢനിദ്രയിൽ ഒരുവന്റെ ആത്മാവ് (പരമാത്മാവിന്റെ പ്രതിബിംബം) അജ്ഞാനത്തിൽ ഏകീകരിക്കപ്പെടുകയാണ്. പക്ഷേ അജ്ഞാനം നശിച്ചിട്ടില്ലാത്തതിനാൽ വ്യക്തി ഉറക്കത്തിൽ നിന്നു ഉണരുമ്പോൾ വാസനകൾക്കു ബലംവച്ച് അന്തഃകരണം ഉണ്ടാവുകയും, അതിൽ പരമാത്മാവ് വീണ്ടും പ്രതിഫലിക്കുകയും ചെയ്യും. ഓരോ സുഷുപ്തിയിലും ഈ പ്രക്രിയ ആവർത്തിക്കുന്നു. സ്വപ്നത്തോടെയുള്ള ഉറക്കത്തിന്റെ കാര്യം വ്യത്യസ്തമാണ്. സ്വപ്നത്തിൽ ആത്മാവ് – മനസ്സ് – ഇന്ദ്രിയ സംസർഗ്ഗം ഇല്ലെങ്കിലും, ആത്മാവും മനസ്സുമായുള്ള സംസർഗ്ഗം നിലയ്ക്കുന്നില്ല. അതിനാൽ സ്വപ്നത്തിൽ മനസ്സ്, ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന, ബാഹ്യലോകത്തെ ആത്മാവിനു മുന്നിൽ വയ്ക്കുന്നില്ല. എന്നാൽ മനസ്സിലുള്ള വാസനകൾ ഒരു മായികപ്രപഞ്ചത്തെ ആത്മാവിനു മുന്നിൽ വയ്ക്കും. അതാണ് സ്വപ്നം. ദേവ് ഗാഢനിദ്രയിൽ അമർന്നു എന്നല്ല, മൂന്നു മണിക്കൂർ നേരം ദേവിന്റെ ആത്മാവ് അജ്ഞാനത്തിൽ ഏകീകരിക്കപ്പെട്ടു എന്നതാണ് ശരി.

ദേവ് മുഖം കഴുകി എത്തിയപ്പോൾ ഊൺമേശയിൽ ചൂടുചായയും എരിവുള്ള ബജ്ജിയും റെഡി. സോഫയിലിരുന്ന് പണിക്കർ ലാപ്‌ടോപിൽ ജോലി ചെയ്യുന്നു. ബജ്ജി ദേവിനു വളരെ ഇഷ്ടമായി. പണിക്കർ മുക്തകണ്ഠം പ്രശംസിച്ചു.

“സുരന്റെ സ്പെഷ്യൽ ഡിഷാണ് ബജ്ജി. മീററ്റിലെ ഏറ്റവും നല്ല ബജ്ജിയെന്നു ഞാൻ പറയും.”

ടെലിവിഷൻ കാണുകയായിരുന്ന സുരൻ ചിരിച്ചു. സുരനു നേരെ തമ്പ്സ് അപ് കാണിച്ചശേഷം ദേവ് പണിക്കരോടു ചോദിച്ചു.

“നിനക്കു നാളെ ഓഫീസിൽ പോകണോ?”

“എന്താ ഇത്ര ആകാംക്ഷ?” പണിക്കർ അൽഭുതപ്പെട്ടു.

“കാരണമുണ്ട്.” ദേവ് പറഞ്ഞു. “എനിക്ക് മീററ്റിലുള്ള ചരിത്ര സ്മാരകങ്ങൾ കാണണം. നമുക്കു ഒരുമിച്ചു പോകാമെന്നാണ് ഞാൻ കരുതുന്നത്.”

പണിക്കർ നിരാശയോടെ തലയാട്ടി. “സോറി ദേവ്. എനിക്കു ഓഫീസ് വർക്കല്ല കിട്ടിയിരിക്കുന്നത്. മറിച്ച് ഫീൽഡ് വർക്കാണ്. ഇന്നു വൈകുന്നേരം ഞാൻ ഡെറാഡൂണിലേക്കു പുറപ്പെടുന്നു. കുറച്ചു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ.”

Read More ->  ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ - 1

ദേവ് ആശയക്കുഴപ്പത്തിലായി. പണിക്കർ ബദൽ നിർദ്ദേശങ്ങൾ വച്ചു.

“എനിക്കിവിടെ കുറച്ചു പരിചയക്കാരുണ്ട്. അവരിൽ ഒരാളെ ഗൈഡായി ഏർപ്പാടാക്കാം. ദേവ് കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങൾ സന്ദർശിച്ചോളൂ.”

ദേവിനു താൽപര്യം തോന്നിയില്ല. ഒരു സുഹൃത്തിനെയാണ് ഇത്തരം യാത്രകളിൽ ആവശ്യം. അല്ലാതെ പൈസയ്ക്കു വേണ്ടി ജോലി ചെയ്യുന്ന ഗൈഡിനെ അല്ല.

പണിക്കർ തിരുത്തി. “ഗൈഡ് എന്നു വിളിക്കുന്നത് ശരിയല്ല. അദ്ദേഹം എന്റെ സുഹൃത്താണ്. ആ അർത്ഥത്തിൽ ദേവിന്റേയും സുഹൃത്താണെന്നു പറയാം.”

ദേവ് പറഞ്ഞു. “ഞാൻ സുരനെ കൂട്ടിക്കൊണ്ടു പോയ്ക്കോളാം. എന്താ?”

പണിക്കർ ക്ഷണനേരത്തിനുള്ളിൽ ആ നിർദ്ദേശം തള്ളിക്കളഞ്ഞു. വിശദീകരണം നൽകിയതുമില്ല.

ദേവ് പിൻമാറിയില്ല. “എന്തുകൊണ്ടാണ് നിരസിച്ചത്. എനിക്കു സുരനെ വിശ്വസിക്കാൻ പറ്റില്ലേ?”

“തീർച്ചയായും സുരൻ വിശ്വസ്തനാണ്. അതിൽ തർക്കമില്ല.” പണിക്കർ പറഞ്ഞു.

“പിന്നെന്താ പ്രശ്നം… സുരൻ മതി.”

പണിക്കർ മിണ്ടിയില്ല. വഴങ്ങാൻ തയ്യാറല്ലെന്നു അദ്ദേഹത്തിന്റെ മുഖഭാവം വെളിപ്പെടുത്തി. സുരന്റെ കാര്യത്തിൽ പണിക്കരുടെ നിലപാടുകൾ വിചിത്രമാണ്. ഊൺമേശയിലെ പെരുമാറ്റം ദേവ് ഓർത്തു. ഇപ്പോൾ ഇതും.

ഒടുവിൽ പണിക്കർ മൗനം ഭജ്ഞിച്ചു. “സുരനു ഇത്തരം ചുമതലകൾ നിറവേറ്റാനാകില്ല ദേവ്. വളരെ നിസാര ചുമതലകളാണ് സുരനു അനുയോജ്യം. കൈകാര്യശേഷിയിൽ പുള്ളി വളരെ പിന്നോക്കമാണ്.”

അതുവരെ പരിചയിച്ച സുരന്റെ സ്വഭാവം വച്ചു നോക്കിയാൽ പണിക്കർ പറഞ്ഞതിൽ ശരിയുണ്ട്. കുറേനാളായി ഒരുമിച്ചു താമസിക്കുന്നതിനാൽ സുരന്റെ ന്യൂനതകൾ പണിക്കർക്കു നന്നായി അറിയാമായിരിക്കും. അപ്പോൾ അദ്ദേഹത്തിന്റെ വാക്ക് മുഖവിലക്കു എടുത്തേ പറ്റൂ. ദേവ് സുരന്റെ കാര്യം വിട്ടു.

വൈകുന്നേരം പണിക്കർ ഡെറാഡൂൺ യാത്രക്ക് ഒരുങ്ങി. സാധനങ്ങൾ അടുക്കിവയ്‌ക്കുമ്പോൾ പണിക്കരുടെ മുഖത്തു പതിവില്ലാത്ത ഗൗരവം നിറഞ്ഞു.

ദേവ് ചോദിച്ചു. “എന്തു പറ്റി, മുഖം വല്ലാതിരിക്കുന്നല്ലോ?”

പണിക്കർ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. വിഷയം മാറ്റാൻ കളിയായി പറഞ്ഞു.

“നിന്റെ അഭിപ്രായ പ്രകാരം പരമസത്യത്തെ അറിയുന്നവർ കൂടുതൽ മൗനികളായിരിക്കില്ലേ. ഞാൻ ആ സത്യത്തെ അറിഞ്ഞ ആളാണെന്നു കരുതിക്കോളൂ.”

അനവസരത്തിലുള്ള തത്ത്വചിന്ത. ദേവ് അസ്വസ്ഥത ഭാവിച്ചു. “കളി കളഞ്ഞ് കാര്യം പറ പണിക്കരേ.”

“പ്രശ്നമൊന്നുമില്ല ദേവ്. ഞാൻ ചിലപ്പോൾ വരാൻ വൈകും. ഇപ്പോൾ രണ്ടു ദിവസത്തെ ജോലിയാണ് പറയുന്നതെങ്കിലും, അത് നീളാൻ സാധ്യതയുണ്ട്.”

“അതു സാരമില്ല. ഞാൻ പുസ്തകം വായിച്ചും, ഉറങ്ങിയും സമയം കൊന്നോളാം.”

പണിക്കർ മൂളി. അഞ്ചു നിമിഷം കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ സൂചിപ്പിച്ചു. “അപ്പോൾ ഞാൻ പറഞ്ഞ പോലെ സുരനേയും കൂട്ടി എങ്ങും പോകരുത്… നിശ്ചയമായും പോകരുത്.”

പറഞ്ഞു ഉറപ്പിച്ച കാര്യത്തിൽ വീണ്ടും ഒരു ഓർമപ്പെടുത്തൽ. ദേവിനു തീർച്ചയായി. പണിക്കരുടെ മനസ്സിനെ അലട്ടുന്നതു സുരനാണ്.


മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

One Reply to “ദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻ”

അഭിപ്രായം എഴുതുക