ദിമാവ്പൂരിലെ സർപഞ്ച് – 1: ആതിഥേയൻ


ഡൽഹിയിൽ നിന്നു മീററ്റിലേക്കു മൂന്നു മണിക്കൂർ നീണ്ട കാർ യാത്ര. യാത്രയുടെ ആരംഭത്തിൽ തന്നെ പണിക്കർ ഉറക്കത്തിലാണ്ടു. ഡ്രൈവർ ഒരു ബീഹാറിയായിരുന്നു. അദ്ദേഹം ഏതാനും കാര്യങ്ങൾ ദേവിനോടു ചോദിച്ചു.

“സാർ എവിടെനിന്നു വരുന്നു?”

“ബാംഗ്ലൂർ”

“എന്താണ് ജോലി?”

“ഐടി.”

ഡ്രൈവറുടെ അടുത്ത ചോദ്യം അമ്പരപ്പിച്ചു. “വടക്കേ ഇന്ത്യക്കാരെ ഇഷ്ടമാണോ?”

ദേവ് തിരുത്തി. “വടക്കേ ഇന്ത്യ അല്ല, ഇന്ത്യയുടെ വടക്കുഭാഗം ആണ്.”

ഡ്രൈവർ പുഞ്ചിരിച്ചുകൊണ്ടു തമ്പ്സ് അപ് കാണിച്ചു. പ്രാദേശിക – ഭാഷാ ഭേദമന്യെ എല്ലാ ഇന്ത്യക്കാരോടുമുള്ള ഇഷ്ടം മറുപടിയിൽ വ്യക്തമായിരുന്നു.

മീററ്റ്! 1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച ഭൂമിക. ദേവിനു അൽപം ആവേശം തോന്നാതിരുന്നില്ല. മനസ്സ് ഒന്നര നൂറ്റാണ്ട് പിന്നിലേക്കു ചലിച്ചു. എത്രയെത്ര രക്തസാക്ഷികൾ. എത്ര വലിയ ത്യാഗസ്മരണകൾ!

മീററ്റ് യാത്രയുടെ വിത്ത് പാകപ്പെട്ടത് ഒരു മാസം മുമ്പായിരുന്നു. ജിമെയിൽ ചാറ്റിൽ സുഹൃത്തുക്കളുമായുള്ള അലസഭാഷണത്തിനിടയിൽ പുതിയൊരു ചാറ്റ്-ബോക്‌സ് പൊടുന്നനെ തുറക്കപ്പെട്ടു. സന്ദേശം അയച്ച വ്യക്തിയുടെ പേര് ഏറ്റവും മുകളിൽ കണ്ടു. ‘ആർ. പണിക്കർ’. ദേവ് മെസേജ് വായിച്ചു.

ഈ മാസം അവസാനം ഞാൻ ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രദർശനത്തിനു പോകുന്നു. ദേവ് കൂടിയുണ്ടെങ്കിൽ കൂടുതൽ നന്നായി.”

പ്രലോഭനീയ വാഗ്ദാനം. ഉയർന്ന ഗിരിശൃംഗങ്ങൾക്കിടയിൽ വാഴുന്ന വൈഷ്ണോ ദേവി. കട്രയുടെ മനോഹാരിത. ജയ് മാതാ ദി പ്രാർത്ഥനകളാൽ മുഖരിതമാകുന്ന പ്രദക്ഷിണ പന്ഥാവുകൾ. പണിക്കരോടു യെസ് മൂളാൻ അധികം ആലോചിച്ചില്ല.

4000 അടി ഉയരത്തിലേക്കുള്ള യാത്രയിൽ തീർത്ഥാടകർ അവിരാമം ജയ് മാതാ ദീ ഉരുവിട്ടു. ആറു മണിക്കൂർ നീളുന്ന മലകയറ്റത്തെ പ്രതിരോധിക്കാനാകാത്തവർ കുതിരപ്പുറത്തേറി മലമുകളിലേക്കു കുതിച്ചു. ഒടുക്കം ഗുഹാശിലകൾക്കുള്ളിൽ കുടികൊള്ളുന്ന വൈഷ്ണോ ദേവി. ദർശന പുണ്യം. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞു അനുഗ്രഹം വാങ്ങി. ഭൈരോംനാഥിനെ വണങ്ങാൻ വീണ്ടും മലമുകളിലേക്കു കയറി. തറനിരപ്പിൽ നിന്നു ഏറെ ഉയരെയാണെന്നു ഓർമിപ്പിച്ച്, തണുത്ത കാറ്റ് ശരീരത്തെ വിറപ്പിച്ചു പറന്നു. വിയർപ്പുകണികകൾ ബാഷ്പമായി മാറി. താഴേയ്‌ക്കു നോക്കിയപ്പോഴൊക്കെ ദേവിന്റെ കാലുകൾ പതറി. മനം പതറാതെ വൈഷ്ണോ ദേവി കാത്തു.

കാർ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റിലെത്തി. ദേവ് പണിക്കരെ കുലുക്കി എഴുന്നേൽപ്പിച്ചു. പണിക്കർ ഉറക്കച്ചടവോടെ സെക്യൂരിറ്റിയോടു സംസാരിച്ച്, ചില പേപ്പറുകളിൽ ഒപ്പിട്ടു കൊടുത്തു. സെക്യൂരിറ്റികളായ മറ്റു രണ്ടു ഗൂർഖകൾ സംശയത്തോടെ കാറിനു നേരെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. കാർ ദൃഷ്ടിയിൽ നിന്നു മറയുവോളം അവർ നോട്ടം തുടർന്നു. പണിക്കർ ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞു.

“ദേവ്, നീയൊരു തഗ് ആണോയെന്നു ഗൂർഖ ചോദിച്ചു.

“എന്താണ് ആ വാക്കിന്റെ അർത്ഥം?”

“കള്ളൻ എന്നാണ് പൊതുവെ പറയുക. കുറച്ചു കൂടി വിശദമാക്കിയാൽ, തഗ്ഗുകൾ കാളിഭക്തരാണ്. കാളിയെ പ്രീതിപ്പെടുത്താൻ മനുഷ്യരെ പോലും ബലി നൽകും. തഗ്ഗുകളുടെ വിശ്വാസപ്രകാരം ഇത്തരം നരബലി പാപമല്ല.”

Read More ->  അദ്ധ്യായം 19 -- 'സ്‌പെഷ്യൽ' മനസ്സുകൾ

ഗൂർഖയുടെ സംശയം കടുകട്ടി തന്നെ. അത്രയ്ക്കു മോശമാണോ തന്റെ സൗന്ദര്യം. ദേവിന് നീരസം തോന്നി.

വൃന്ദാവൻ ആർക്കേഡ് എന്നായിരുന്നു ഫ്ലാറ്റ് സമുച്ചയത്തിന്റെ പേര്. അമ്പത് ഏക്കറിൽ പരന്നു കിടക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ. അവയ്‌ക്കു ‘അഭംഗിയായി’ അങ്ങിങ്ങ് ഇലകൾ ശുഷ്കമായ വൃക്ഷങ്ങൾ. അവ ജലത്തിനായി ധ്യാനിച്ചു നിന്നു. കെട്ടിടങ്ങൾക്കിടയിലെ ഇടുങ്ങിയ സ്ഥലങ്ങൾ കുട്ടികൾക്കുള്ള പാർക്കായി മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾ ഈ കോൺക്രീറ്റ് വനത്തിൽ താമസിക്കണമെന്നു ഓർത്ത് ദേവ് അസ്വസ്ഥനായി.

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായം എഴുതുക