സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
രാത്രി. എങ്ങും കനത്ത ഇരുട്ട്. ചന്ദ്രന്റെ പൊടി പോലുമില്ല. സന്ധ്യക്കു ശേഷം സുരന്റെ സ്വഭാവം പതിവുപോലെ മാറിയിരുന്നു. ഇപ്പോൾ സുരൻ വെറും ഭൃത്യനല്ല; സർപഞ്ച് രാത്തോറിന്റെ വലംകയ്യാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവങ്ങളും ചലനങ്ങളുമായി സുരൻ ഹാളിൽ നിറഞ്ഞുനിന്നു. എന്നാൽ ദേവ് അസ്വസ്ഥനായിരുന്നു. കുഴപ്പം പിടിച്ച ഒരു പദ്ധതി രാത്രിയിൽ പ്രാവർത്തികമാക്കാനുണ്ട്. എല്ലാ പദ്ധതിയും ആസൂത്രകനിൽ സമ്മർദ്ദമുണ്ടാക്കും. ദേവും അതിൽനിന്നു ഭിന്നനായില്ല. രാത്രിയാത്രയിൽ കൂടെ വരാമെന്ന നിർദ്ദേശം സുരൻ നിരാകരിച്ചാൽ എന്തുചെയ്യും? ശകാരിച്ചു സമ്മതിപ്പിക്കാം എന്ന ചിന്ത ആദ്യമേ ഒഴിവാക്കി. മാനസിക പ്രശ്നമുള്ള ഒരുവനെ, പ്രശ്നമുള്ള സമയത്തു ശകാരിക്കുന്നത് ആത്മഹത്യാപരമാണ്. പ്രതികരണം ഊഹിക്കാനാകില്ല. അതിനാൽ സുരൻ എതിർത്താൻ രാത്രിയാത്ര ഉപേക്ഷിക്കാൻ ദേവ് തീരുമാനിച്ചു.
അത്താഴം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ദേവ് സുരനെ വിളിച്ചു. സംസാരത്തിലും ശരീരഭാഷയിലും ഒരു ഉയർന്ന പദവിയുള്ള വ്യക്തിയെ അനുകരിക്കാൻ ദേവ് ആവതു ശ്രമിച്ചു.
“സുരൻ. ഇന്നു രാത്രി നാം പുറത്തു പോകുന്നുണ്ട്… അതിനു തയ്യാറായിക്കോളൂ.”
“ശരി സാബ്” സുരൻ സമ്മതിച്ചു.
പുറത്തു പോകാമെന്നല്ലാതെ എങ്ങോട്ടാണ് യാത്രയെന്നു ദേവ് പറഞ്ഞില്ല. ലക്ഷ്യം അറിയില്ലല്ലോ. ലക്ഷ്യസ്ഥാനം ഒരു സ്ഥലമാകാം, അല്ലെങ്കിൽ ഒന്നിലധികം സ്ഥലങ്ങൾ. എന്തായാലും പ്രശ്നമില്ല. സുരൻ അവിടേക്കു നയിച്ചോളും.
സുരൻ വിലപിടിപ്പുള്ള ഒരു കുർത്തയും പൈജാമയും ദേവിനെ അണിയിച്ചു. പിന്നെ കണ്ണാടിക്കു മുന്നിലിരുത്തി അത്യാവശ്യം ചമയങ്ങൾ നടത്തി. മുല്ലപ്പൂ മണമുള്ള പെർഫ്യൂം കുർത്തയിൽ സ്പ്രേ ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ സുരൻ പറഞ്ഞു.
“ശരി. യാത്ര തുടങ്ങാം രാത്തോർ സാബ്.”
സുരന്റെ സംബോധനയിൽ ദേവ് അൽഭുതപ്പെട്ടില്ല. അപ്രകാരമുള്ള സംബോധന പ്രതീക്ഷിച്ചതാണ്. രാത്തോർ സാബ് എന്നു വിളിച്ചില്ലെങ്കിൽ സുരന്റെ സ്വഭാവത്തിൽ അപശ്രുതി തോന്നുമായിരുന്നു. അപൂർണമായ സ്വഭാവ മാറ്റത്തിന്റെ ചൂണ്ടുപലകയാകുമത്.
ദേവ് മുറ്റത്ത് കാത്തുനിന്നു. സുരൻ സൈക്കിളും ഹെൽമറ്റുമായി വന്നു. പഴയകാല രാത്രിയാത്രയെ പൂർണമായും പുനരുജ്ജീവിപ്പിക്കാൻ ഹെൽമറ്റ് അവശ്യമാണ്. എങ്കിലും യാഥാർത്ഥ്യങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാൻ ദേവിനു കഴിഞ്ഞില്ല. സ്വബോധം ഇല്ലാത്ത സുരനു ഹെൽമറ്റ് പ്രശ്നമേയല്ല. പക്ഷേ ദേവ് അങ്ങിനെയല്ലല്ലോ. അദ്ദേഹം നിരുൽസാഹപ്പെടുത്തി.
“സുരൻ, എന്തിനാണ് ഈ ഹെൽമറ്റ്. സൈക്കിളിൽ പോകുമ്പോൾ ഹെൽമറ്റ് ആവശ്യമില്ലല്ലോ.”
സുരൻ അറുത്തു മുറിച്ച് പറഞ്ഞു. “ആവശ്യമുണ്ട്. ഹെൽമറ്റ് ഇല്ലാതെ നാം യാത്ര ചെയ്തു കൂടാ.”
ദേവ് എതിർത്തു പറയാതെ സൈക്കിൾ ചവിട്ടാൻ തുടങ്ങി. സുരൻ പിന്നിലിരുന്നു. കുറേ നാളുകൾക്കു ശേഷം സൈക്കിൾ ചവിട്ടുകയായതിനാൽ ആദ്യം അരക്കെട്ടിനും കാലുകൾക്കും സുഖം തോന്നി. പിന്നീട് ക്ഷീണവും. സൈക്കിളിന്റെ നിലവാരം മോശമായിരുന്നു.
വിവിധ ഭാഗങ്ങൾ വെൽഡ് ചെയ്തുണ്ടാക്കിയ മിക്സഡ് സൈക്കിളാണ് സുരന്റേത്. സീറ്റിനേയും പെഡലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരുമ്പ് ദണ്ഢിനു നല്ല വ്യാസമുണ്ട്. എന്നാൽ സീറ്റിനേയും ഹാൻഡിലിനേയും ബന്ധിപ്പിക്കുന്ന ഇരുമ്പുദണ്ഡിനു സാധാരണ വലിപ്പം മാത്രമേയുള്ളൂ. പൊക്കമില്ലാത്തവർക്കു എളുപ്പം ചവിട്ടാൻ പാകത്തിനു പണിയിച്ചതാണ് ഹാൻഡിൽ. സാമാന്യം പൊക്കമുള്ള ദേവിനു അതു പ്രശ്നമായി. സൈക്കിൾ സെക്യൂരിറ്റി റൂം കടന്നു പോകുമ്പോൾ ദേവ് മുഖം ഒളിപ്പിക്കാൻ ശ്രമിച്ചു. വെളിച്ചം എത്താത്ത ഓരത്തുകൂടി സൈക്കിൾ ചവിട്ടി. എന്നിട്ടും സെക്യൂരിറ്റിക്കാർ യാത്രികരെ മനസ്സിലാക്കിയെന്നു തോന്നി. സുരനോടൊത്തുള്ള രാത്രിസഞ്ചാരം സെക്യൂരിറ്റിക്കാർ പണിക്കരെ അറിയിച്ചാൽ എല്ലാം തുലഞ്ഞതു തന്നെ. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. ദേവ് പ്രാർത്ഥിച്ചു.
സൈക്കിൾ മെയിൻ റോഡിനോടു അടുത്തപ്പോൾ സുരൻ ഹെൽമറ്റ് നീട്ടി ധരിക്കാൻ ആവശ്യപ്പെട്ടു. ദേവ് കേട്ടതായി ഭാവിച്ചില്ല. എന്നാൽ സുരൻ ഹെൽമറ്റ് ബലമായി തലയിൽ കമഴ്ത്തിയപ്പോൾ വഴങ്ങേണ്ടി വന്നു. അല്ലെങ്കിൽ യാത്ര പ്രശ്നമായേക്കാം.
മെയിൻറോഡിലൂടെ ഇരുവരും അഞ്ചുമിനിറ്റ് യാത്ര ചെയ്തു. വഴിയിൽ ഒരു പോലീസ് ചെക്ക്പോസ്റ്റ് ഉണ്ടായിരുനു. അവിടെയുള്ള പോലീസുകാർ വിചിത്രമായ സൈക്കിൾ സവാരി കണ്ടിട്ടും തീരെ ശ്രദ്ധിച്ചില്ല. സുരന്റെ രാത്രിയാത്ര അവർക്കു അത്രമേൽ പരിചിതമാകണം. ഒരു ഭാന്തന്റെ കൂടെ ഇന്നിതാ വേറൊരു ഭ്രാന്തനും എന്നേ പോലീസുകാർ ചിന്തിച്ചിരിക്കുള്ളൂ. ദേവിനു വളരെ ജാള്യമായി.
ടാറിട്ട മെയിൻറോഡിലൂടെ സൈക്കിൾ ചവിട്ടാൻ സുഖമായിരുന്നു. അതേറെ നേരം നീണ്ടില്ല. ഒരു ജംങ്ഷനിലെത്തിയപ്പോൾ സൈക്കിൾ വലത്തോട്ടു തിരിക്കാൻ സുരൻ ആവശ്യപ്പെട്ടു. അത് സാമാന്യം വീതിയുള്ള ഇടവഴിയായിരുന്നു. എന്നാൽ മുന്നോട്ടു പോകുന്തോറും വീതി കുറഞ്ഞുവന്നു. അവസാനം ഒരു ബൈക്കിനു പോകാൻ മാത്രം വീതിയുള്ള പാതയായി മാറി. കൂടെ കൊണ്ടു വന്നിരുന്ന പെൻടോർച്ച് മിന്നിച്ച് സുരൻ വഴി കാണിച്ചു കൊണ്ടിരുന്നു.
ദേവ് ചുറ്റുപാടുകൾ നിരീക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ വീതിയില്ലാത്ത റോഡും കൂരിരുട്ടും നിരീക്ഷണം അസാധ്യമാക്കി. വെളിച്ചത്തിന്റെ കീറ് പോലും എങ്ങുമില്ല. പെൻടോർച്ചിന്റെ വെളിച്ചം കൂടിയില്ലെങ്കിൽ നടന്നു പോകാനേ സാധിക്കുകയുള്ളൂ.
ദേവ് അല്പം ഭയന്നിരുന്നു. സമയം അർദ്ധരാത്രി, അപരിചിത ദേശം, അപരിചിത ചുറ്റുപാടുകൾ, കൂടെയുള്ളതോ രണ്ടുദിവസം മാത്രം പരിചയമുള്ള ഭൃത്യൻ. അദ്ദേഹത്തിനാണെങ്കിൽ മാനസികപ്രശ്നം. ഭയപ്പെടാൻ ഇതൊക്കെ ധാരാളമാണ്. ദേവിലും ഈ ഘടകങ്ങൾ നന്നായി പ്രവർത്തിച്ചു. ഒപ്പം ഭയത്തെ നിർവീര്യമാക്കുന്ന ചില ഘടകങ്ങൾ എതിരെയും. ഒന്ന് – യജമാനനോടു വളരെ വിധേയത്വമുള്ള ഭൃത്യനാണ് കൂടെയുള്ളത്; രണ്ട് – മാനസിക വിഭ്രാന്തി അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടേയുള്ളൂ, യജമാനഭക്തി കുറച്ചിട്ടില്ല; മൂന്ന് – രാത്തോർ വെടിയേറ്റു മരിച്ചത് ഇത്തരമൊരു രാത്രി യാത്രയിലാണെങ്കിലും അതു സംഭവിച്ചത് വളരെക്കാലം മുമ്പാണ്. ഇപ്പോൾ സാഹചര്യങ്ങൾ തീർച്ചയായും മാറിയിരിക്കും. ഇവയെല്ലാം, ഭയത്തിനിടയിലും, യാത്രയുമായി മുന്നോട്ടു പോകാൻ ദേവിനെ പ്രേരിപ്പിച്ചു.
ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര പത്ത് മിനിറ്റിലധികം നീണ്ടു. ഒടുക്കം സൈക്കിൾ ഉയർന്ന വിതാനത്തിൽ, ഉറപ്പില്ലാത്ത പൊടിമണലുള്ള വീതിയേറിയ പാതയിലേക്കു എത്തി. ഇളംകാറ്റ് മെല്ലെ വീശുന്നുണ്ട്. പരിസരം പൂർണമായും നിശബ്ദമാണ്. ദേവ് ദീർഘമായി നിശ്വസിച്ച്, അത്രനേരം യാത്രചെയ്ത വഴിയിലേക്കു തിരിഞ്ഞു നോക്കി. മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞത് കരിമ്പിൻ പാടമാണ്. ദേവ് അമ്പരന്നു. ഇത്രയും നേരം സൈക്കിളിൽ സഞ്ചരിച്ചത് കരിമ്പുചെടികൾക്കു ഇടയിലൂടെയായിരുന്നെന്ന് വിശ്വസിക്കാനായില്ല.
ഒരാൾ പൊക്കമുള്ള രണ്ടു കുറ്റിച്ചെടികൾക്കിടയിൽ സുരൻ സൈക്കിൾ ഒളിപ്പിച്ചു. ഉറച്ച പ്രതലമുള്ള ഒരു ഇടവഴിയിലൂടെ ഇരുവരും നടന്നു. അവസാനം പുല്ലുമേഞ്ഞ ഒരു കുടിലിനു മുന്നിലെത്തി.
സുരൻ മൃദുവായി ചൂളം കുത്തി. കുടിലിനുള്ളിൽ ആളനക്കമുണ്ടായി. സുരൻ വരാന്തയിൽനിന്ന് ഇറങ്ങി, ദേവിനു പിന്നിൽ വന്നു നിന്നു. ദേവ് വിറച്ചു തുടങ്ങി. ആരാണ് ഇറങ്ങി വരാൻ പോകുന്നത്? ആണോ പെണ്ണോ? അവർ എന്തായിരിക്കും ചോദിക്കുക? ആ ചോദ്യത്തിനു എന്താണ് മറുപടി പറയേണ്ടത്? ദേവിനു ഒരു എത്തുംപിടിയും കിട്ടിയില്ല.
കുടിലിനു പുറത്തു വന്നത് ഒരു യുവതിയാണ്. മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിച്ചു. ആറടി പൊക്കം. അതിനൊത്ത ആകാരം. നിർവികാരമായ മുഖം. ദേവിനെ കണ്ടപ്പോൾ യുവതിയുടെ പുരികം ചുളിഞ്ഞു. അവരുടെ മുഖത്തു തെളിഞ്ഞുനിന്ന ചോദ്യം ദേവിനു മനസ്സിലായി. പ്രായപൂർത്തിയായ ഒരു സ്ത്രീ താമസിക്കുന്ന കുടിലിൽ ഒരു പുരുഷൻ അർദ്ധരാത്രിയിൽ എത്തിയാൽ അത് എന്തിനാണെന്നു അറിയാൻ കവടി നിരത്തേണ്ടതുണ്ടോ?
ദേവ് യുവതിയിൽ നിന്നു ഒളിച്ചോടാൻ ആഗ്രഹിച്ചു. രാത്രിയാത്ര മുൻകൂട്ടി ആലോചിച്ചെടുത്ത തീരുമാനമല്ലെന്നു പറയാൻ ആശിച്ചു. എന്നാൽ സുരൻ കൂടെയുള്ളപ്പോൾ ഒന്നും പറയാനും കഴിയില്ല. എന്തൊരു നിർഭാഗ്യം! ഒരു ആംഗ്യം കൊണ്ട് സുരനെ സ്ഥലത്തുനിന്നു പറഞ്ഞയക്കാൻ കഴിയും. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ സുരന്റെ സാന്നിധ്യം അനിവാര്യമാണ്. യുവതിക്കും തനിക്കുമിടയിലെ ഏക കണ്ണിയാണ് സുരൻ. ആ കണ്ണി മുറിക്കരുത്. കൂടാതെ കുടിലിൽ യുവതിയുടെ ഭർത്താവുണ്ടെങ്കിലോ? കായികമോ വാചികമോ ആയ ആക്രമണമാകട്ടെ, എന്തിനേയും ഏതിനേയും പ്രതിരോധിക്കാൻ സുരനില്ലാതെ പറ്റില്ല. ദേവ് ഗംഭീരഭാവം കൈകൊണ്ടു യുവതിക്കു മുന്നിൽ കൂസലില്ലാതെ നിന്നു. സംസാരിക്കേണ്ട ചുമതല സുരനു വിട്ടുകൊടുത്തു.
യുവതിയുടെ മുഖം പരുക്കനായി. ദേവിനു നേരെ വിരൽചൂണ്ടി യുവതി സുരനോടു ചോദിച്ചു.
“ഇദ്ദേഹം ആരാണ്?”
സുരൻ വളരെ അൽഭുതപ്പെട്ടു. അൽഭുതം ക്രമേണ കോപത്തിനു വഴിമാറി. ആ ഭാവമാറ്റം ദേവ് നോക്കിക്കണ്ടു. വിനയവും ദാസ്യവും വിളങ്ങിനിന്നിരുന്ന സുരന്റെ മുഖത്തു ക്രൗര്യം വ്യാപിക്കുന്നു!
സുരൻ കോപാന്ധനായി യുവതിക്കുനേരെ ചുവടുവച്ചു. “നിനക്ക് രാത്തോർ സാബിനെ അറിയില്ലെന്നോ! അത്രയ്ക്കു ധിക്കാരമായോ?”
വീണ്ടും മുന്നോട്ടു കുതിക്കാനാഞ്ഞ സുരനെ ദേവ് വിലക്കി. യുവതി ഭയമില്ലാതെ ദൃഢചിത്തയായി നിൽക്കുകയാണ്. സുരന്റെ ശകാരം അവരെ ഒട്ടും ഏശിയിട്ടില്ല. വേണ്ടിവന്നാൽ ഒരു ആക്രമത്തെ വരെ നേരിടാൻ തയ്യാറായാണ് നിൽപ്പ്. ശാരീരികശേഷി വച്ചു നോക്കിയാൽ സുരനെ വിജയകരമായി പ്രതിരോധിക്കാൻ യുവതിക്കു കഴിയുകയും ചെയ്യും.
ദേവിനു യുവതിയുടെ ധൈര്യത്തിൽ മതിപ്പ് തോന്നി. മനസ്സാൽ അവരെ അഭിനന്ദിച്ചു. പിന്നെ കൈകൾ പിറകിൽ കെട്ടി യുവതിക്കു നേരെ സാവധാനം നടന്നടുത്ത്, രാജകീയ ഭാവത്തിൽ അവർക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്നു.
ദേവ് പറഞ്ഞു. “ഞാൻ ഇന്ദർസിങ് രാത്തോർ. ദിമാവ്‌പൂർ ഗ്രാമത്തിന്റെ സർപഞ്ച്!”
സ്വരത്തിലെ ഗാംഭീര്യവും ആജ്ഞാശക്തിയും അസാമാന്യമായിരുന്നു. പേരു പറയുമ്പോൾ ഒരു കുലീനഭാവം തന്നിലേക്കു സന്നിവേശിച്ചില്ലേയെന്നു വരെ ദേവ് സംശയിച്ചു.
യുവതി തർക്കിച്ചില്ല. അവർ തല കുനിച്ചു വണങ്ങി, കുടിലിനു ഉള്ളിലേക്കു ‘രാത്തോറി’നെ ക്ഷണിച്ചു.
“സ്വാഗതം രാത്തോർ സാബ്.”
ദിമാവ്പൂർ ഗ്രാമത്തിന്റെ സർപഞ്ച് കുടിലിലേക്കു കയറി, തറയിൽ വിരിച്ച പുൽപായയിൽ ഇരുന്നു. യുവതി കരിമ്പു വാറ്റിയ മദ്യവുമായി എത്തി. അവർ പൂർണനഗ്നയായിരുന്നു. സർപഞ്ചിന്റെ അന്നനാളത്തിലൂടെ കരിമ്പിൻ മദ്യം തീ പോലെ ഇറങ്ങി. അതിന്റെ ചൂടിൽ ശരീരം ഉണർന്നു. രാത്തോർ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. യുവതി കാലുകൾ കവച്ചുവച്ച് രാത്തോറിന്റെ മടിയിൽ ഇരുന്നു. യുവതിയുടെ സീൽക്കാരങ്ങൾക്കിടയിൽ രാത്തോർ മുരണ്ടു. ഇരുവരും ഏറെനേരം ഇണ ചേർന്നു.
കുടിലിനു പുറത്തു, സിഗററ്റ് പുകച്ച്, സുരൻ ജാഗരൂകനായി കാവൽ നിന്നു.
(തുടരും…)