ദിമാവ്‌പൂരിലെ സർപഞ്ച് – 3: നുണയൻ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

രാവിലെ ഒമ്പതുമണിക്കു ഉണരുമ്പോൾ ട്രേയിൽ ചായയുമായി നിൽക്കുന്ന സുരനെയാണ് ദേവ് കണി കണ്ടത്. സുരൻ വന്നിട്ടു കുറച്ചു നേരമായെന്നു തോന്നി.

ദേവ് അന്വേഷിച്ചു.“സമയം എത്രയായി?”

സുരൻ മറുപടി പറഞ്ഞു. “എനിക്കു സമയം നോക്കാൻ അറിയില്ല സാബ്.”

ദേവ് അൽഭുതപ്പെട്ടു. ഇക്കാലത്തും സമയം നോക്കാൻ അറിയാത്തവരോ! വെറുതെയല്ല സുരനേയും കൂട്ടി എവിടേയ്ക്കും പോകരുതെന്നു പണിക്കർ വിലക്കിയത്. സുരനിൽ പോരായ്മകൾ ഇനിയുമുണ്ടാകാം.

ദേവ് വീണ്ടും ചോദിച്ചു. “സുരൻ ഇവിടെ, കട്ടിലിനരികിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര സമയമായി?”

സുരൻ പരുങ്ങി. “കുറച്ചു സമയമായി സാബ്.”

സമയം നോക്കാൻ അറിയാത്തവനോടു ചോദിക്കാൻ പാടില്ലാത്ത മണ്ടൻ ചോദ്യമാണ് ചോദിച്ചത്. ദേവ് ഇളിഭ്യനായി. എങ്കിലും യജമാനൻ ഉണരുന്നതും കാത്ത് ട്രേയിൽ ചായയുമായി നിൽക്കുന്ന ഭൃത്യനെ ആദ്യമായി കാണുകയാണ്. എന്തൊരു വിധേയത്വം!

“സുരൻ എന്തിനാണ് ഇത്രനേരം ഇവിടെ കാത്തുനിന്നത്?” ദേവ് ചോദിച്ചു.

“പണിക്കർ സാബിനു ഉറക്കമുണരുമ്പോൾ തന്നെ ചായ കിട്ടണം. അതൊരു പിടിവാശിയാ. സാബിനും അത്തരം ശീലമുണ്ടോ എന്നറിയില്ലല്ലോ. അതുകൊണ്ടു ചായയുമായി കാത്തു നിൽക്കാൻ തീരുമാനിച്ചു.”

“എനിക്കു അങ്ങിനെയൊന്നുമില്ല. സുരൻ ചായ അടുക്കളയിൽ തിരികെ വച്ചോളൂ… ചായ വേണ്ടപ്പോൾ ഞാൻ അറിയിക്കാം.”

സുരൻ സ്ഥലം വിട്ടു. പണിക്കരുടെ പിടിവാശി ഓർത്ത് ദേവ് കിടക്കയിൽ മലർന്നു കിടന്നു. രാവിലെ ബെഡ്‌കോഫി കുടിക്കുന്നത് ചീത്ത ശീലമല്ല. പക്ഷേ അതിനായി ഭൃത്യനെ കിടയ്ക്കക്കു അരികിൽ കാത്തു നിർത്തിക്കുന്നത് മഹാമോശമാണ്. ഭാവനയ്ക്കും അപ്പുറമുള്ള വികൃതി.

പണിക്കർ അല്പം ചൂടൻ സ്വഭാവക്കാരനാണെന്ന് ദേവിനു അറിയാം. ഒരിക്കൽ ഓൺലൈനായി സംസാരിക്കുമ്പോൾ ജോലിയിൽ വീഴ്ച വരുത്തിയ കീഴ്‌ജീവനക്കാരനെ കഠിനമായി ശാസിച്ച കാര്യം പണിക്കർ എടുത്തു പറഞ്ഞു. ആ സംഭവത്തിൽ സ്വന്തം ഭാഗത്തുനിന്നു പിഴവുകളുണ്ടായോ എന്നു ചർച്ച ചെയ്യാൻ സന്നദ്ധതയും പ്രകടിപ്പിച്ചു. നല്ല കാര്യം. സ്വഭാവത്തിലെ മോശം ഭാഗങ്ങൾ ഒഴിവാക്കാൻ ആരെങ്കിലും ഉൽസാഹിച്ചാൽ നല്ലത് പറയാനേ കഴിയൂ.

പണിക്കർ കാര്യം അവതരിപ്പിച്ചു. ദേവ് ശ്രദ്ധയോടെ എല്ലാം മൂളിക്കേട്ടു. ചില തെറ്റുകൾ പണിക്കരുടെ ഭാഗത്തു കണ്ടെങ്കിലും, അങ്ങിനെയുണ്ടെന്നു ദേവ് നടിച്ചില്ല. പകരം സുഹൃത്തിനു ക്ലീൻ ചീട്ട് കൊടുത്തു. ഒപ്പം ചെറിയ ഉപദേശവും. മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഉള്ളിലെ ‘ഞാൻ‘ ഭാവത്തെ ഒഴിച്ചു നിർത്തുക. ഇല്ലെങ്കിൽ ‘ഞാൻ‘ ഭാവം സ്വാർത്ഥ താല്പര്യങ്ങൾക്കു നിലകൊള്ളുമെന്നും, അത്തരത്തിൽ നോക്കിയാൽ സ്വയം സ്നേഹിക്കുന്നത് വിനാശകരമാണെന്നും സൂചിപ്പിച്ചു. ബുദ്ധ ഭഗവാന്റെ പ്രബോധനത്തിന്റെ സാരാംശം ദേവ് എടുത്തെഴുതി.

Read More ->  അവിദ്യ & മായ

“Great is the one who have no Ego,
Great is the one, who give up whatever he has,
Great is the one, who is untouched by anger, desire, hatred, jealous, greed and lust,
Great is the one who have peace in mind.”

എല്ലാം കേട്ടുകഴിഞ്ഞ് പണിക്കർ നന്ദി പറഞ്ഞു. അപ്പോൾ കരുതിയത് സ്വഭാവത്തിലെ തിരുത്തേണ്ട ഭാഗങ്ങൾ അദ്ദേഹം സ്വയം കയ്യൊഴിയുമെന്നാണ്. ആ പ്രതീക്ഷ ഇപ്പോൾ തെറ്റിയിരിക്കുന്നു. വീണ്ടും ഉപദേശിക്കാൻ വകുപ്പുണ്ട്.

രാവിലെ പുസ്തകം വായിച്ചും, ഉച്ചയ്ക്കു ഉറങ്ങിയും ദേവ് സമയം കൊന്നു. ഉച്ചഭക്ഷണത്തിനു കൂടുതൽ കറികൾ ഉണ്ടായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. ദേവ് സുരനെ അഭിനന്ദിച്ചു. സുരൻ ഭവ്യതയോടെ, ദേവിൽനിന്ന് അകലം പാലിച്ച് കേട്ടു നിന്നു. ഒപ്പമിരുന്നു ഭക്ഷണം കഴിക്കാനുള്ള ക്ഷണം സുരൻ നിരസിച്ചു. ഭക്ഷണം വിളമ്പുമ്പോൾ പ്ലേറ്റുകൾ കൂട്ടിമുട്ടാതിരിക്കാൻ വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ദാസ്യഭാവങ്ങളും സുരനിൽ ഉണ്ടായിരുന്നു. തലേന്നു രാത്രിയിൽ പ്രകടിപ്പിച്ച ആത്മവിശ്വാസം എങ്ങോ പോയ്‌പ്പോയി.

വൈകുന്നേരം കുറച്ചുനേരം ടെറസിൽ ഉലാത്താൻ ദേവ് തീരുമാനിച്ചു. പണിക്കരെ ഫോൺ ചെയ്യേണ്ട കാര്യമുണ്ട്.

ടെറസിലേക്കു കയറാൻ ഹോണിപ്പടിയിലേക്കു കാലെടുത്ത് വച്ചപ്പോൾ തന്നെ, അമ്പരപ്പിക്കുന്ന ഒരു ദൃശ്യം ദേവ് കണ്ടു. കോണിപ്പടിയിൽ, താഴെനിന്നു അഞ്ചാമത്തെ പടിയുടെ മധ്യഭാഗത്തു ഒരു കറുത്ത ഹെൽമറ്റ് വച്ചിരിക്കുന്നു! കോണിപ്പടി അധികം വീതിയില്ലാത്തതാണ്. ടെറസിൽ കയറുന്നവർക്കു ഹെൽമറ്റിന്റെ സ്ഥാനം തികച്ചും അസൗകര്യമാണ്.

ദേവ് സുരനെ ഒച്ചയെടുത്തു വിളിച്ചു. സുരൻ ഓടിയെത്തി. “ഈ ഹെൽമറ്റ് എന്തിനാണ് ഇവിടെ വച്ചിരിക്കുന്നത്?”

“എനിക്കറിയില്ല സാബ്. പണിക്കർ സാബിന്റെ ചെയ്തിയാണ്. ഈ ഹെൽമറ്റ് ഇവിടെ നിന്നു മറ്റൊരിടത്തേക്കു മാറ്റാൻ അദ്ദേഹം സമ്മതിക്കില്ല. എപ്പോഴും ഇവിടെ തന്നെ വയ്ക്കണമെന്നു നിർബന്ധമാണ്.”

ദേവിനു കാര്യങ്ങൾ നിഗൂഢകരമായി തോന്നി. കോണിപ്പടിയുടെ മധ്യഭാഗത്തു ബൈക്കിന്റെ ഹെൽമറ്റ് വയ്ക്കുന്നത് എന്തായാലും സാധാരണ ഏർപ്പാടല്ല. ഏതെങ്കിലും ആഭിചാരക്രിയ ആണോ ഇത്? അഥർവവേദത്തിൽ മറ്റുള്ളവരെ അപായപ്പെടുത്താനും വശീകരിക്കാനുമുള്ള നിരവധി മന്ത്രങ്ങളുണ്ട്. അവ യഥാവിധി ഉരുക്കഴിച്ച ശേഷം ചില കർമ്മങ്ങൾ ചെയ്താൽ ഉദ്ദിഷ്ടകാര്യം സാധിക്കുമത്രെ. ഈ ഹെൽമറ്റ് അത്തരമൊരു ദുഷ്കർമ്മത്തിന്റെ ഭാഗമാണോ? ഈ ഹെൽമറ്റ് ധരിച്ചു യാത്ര ചെയ്താൽ വാഹനാപകടം സംഭവിക്കുമോ? ദേവ് ആശ്ചര്യപ്പെട്ടു.

ടെറസിലെ വാട്ടർടാങ്കിനു മുകളിൽ നിന്നപ്പോൾ വൃന്ദാവൻ ആർക്കേഡിന്റെ വിശാലദൃശ്യം ദേവിനു കിട്ടി. കോളനിയിലെ എല്ലാ വീടുകൾക്കും ഒരേ ഡിസൈൻ ആയിരുന്നു. ഒരു വീടിന്റെ ഉൾഭാഗം എങ്ങിനെയെന്നു മനസ്സിലാക്കിയാൽ എല്ലാ വീടുകളുടേയും ഉൾഭാഗ ഘടന ഏകദേശം ഊഹിക്കാം. മോഷ്ടാക്കൾക്കു ഇഷ്ടമുള്ള സംഗതി.

ദേവ് പണിക്കരെ വിളിച്ചു. അധികം കാക്കേണ്ടി വന്നില്ല. പണിക്കർ ഫോൺ എടുത്തു. ഡെറാഡൂണിലെ ടെക്നിക്കൽ പ്രശ്നങ്ങൾക്കു പരിഹാരമായില്ലെന്നും, പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസം തങ്ങേണ്ടി വരുമെന്നും പണിക്കർ പറഞ്ഞു.

Read More ->  പുസ്തക പ്രകാശനം - 'ദിമാവ്‌പൂരിലെ സർപഞ്ച്'

“അവിടെ എങ്ങിനെയുണ്ട് ദേവ്. ബോറിങ് ആണോ?”

പണിക്കരെ നിരാശനാക്കേണ്ടെന്നു കരുതി ദേവ് മറുപടി ലഘൂകരിച്ചു.

“ബോറിങ്ങ് എന്നു പറയാനില്ല. ഞാൻ സിനിമ കണ്ടു. പുസ്തകം വായിച്ചു. കുറേ സമയം ഉറങ്ങി… അങ്ങിനെ പോകുന്നു. ഇതുവരെ വിരസതയില്ല.”

“പക്ഷേ ഇനിയുള്ള ദിവസങ്ങൾ വിരസമായേക്കും. ഞാൻ സുഹൃത്തിനോടു സ്ഥലങ്ങൾ കാണിക്കാൻ പറയാം. രണ്ടു ദിവസത്തിനുള്ളിൽ മറുപടി കിട്ടും.”

ദേവ് നിരുന്മേഷകരമായി മൂളി. അപരിചിതരോടൊത്തുള്ള യാത്ര ഇഷ്ടമല്ലെന്ന കാര്യം പണിക്കരോടു പറഞ്ഞില്ല. യാത്രയ്ക്കു സന്നദ്ധമായി ആരെങ്കിലും വരുന്ന പക്ഷം എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയണമെന്നു തീരുമാനിച്ചു.

ദേവ് കാര്യത്തിലേക്കു കടന്നു.

“എന്തിനാണ് പണിക്കരെ ഒരു ഹെൽമറ്റ് കോണിപ്പടിയുടെ മധ്യഭാഗത്തു വച്ചിരിക്കുന്നത്? സുരനോടു ചോദിച്ചപ്പോൾ നീ വച്ചതാണെന്നു പറഞ്ഞു. അതവിടെ നിന്നു മാറ്റുന്നത് നിനക്കിഷ്ടമല്ലെന്നും. സത്യമാണോ?”

പണിക്കർ ശക്തിയായി നിഷേധിച്ചു. “ഒട്ടും ശരിയല്ല ദേവ്. ഹെൽമറ്റ് കോണിപ്പടിയിൽ തന്നെ വയ്ക്കണമെന്നു നിർബന്ധമുള്ളത് സുരനാണ്. എനിയ്ക്കല്ല. ഹെൽമറ്റ് ഉള്ളിലെടുത്തു വയ്ക്കാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. സുരൻ സമ്മതിക്കില്ല. അതവിടെ ഇരുന്നാലേ ശരിയാകൂ എന്നു പറയും. കാരണം എനിക്കറിയില്ല.”

ദേവിനു കാര്യങ്ങൾ മൊത്തത്തിൽ രസകരമായി തോന്നി. “അപ്പോൾ സുരൻ നമ്മളോടു നുണ പറയുമോ?”

“ഉവ്വ്. പക്ഷേ നിസാര കാര്യങ്ങളെ പറ്റിയായിരിക്കും നുണ. അവ നമുക്കൊരിക്കലും ഹാനികരമാകില്ല.”

ദേവ് ബെഡ്കോഫി സംഭവം ഓർത്തു. “നിനക്കു രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ബെഡ്കോഫി വേണമെന്നു നിർബന്ധമുണ്ടോ?”

“ഇല്ലല്ലോ. പല്ലുതേച്ച ശേഷമേ ഞാൻ എന്തും കഴിക്കൂ. അതിപ്പോൾ കോഫി ആയാലും.”

“പക്ഷേ, നിനക്കു ബെഡ്‌കോഫി എഴുന്നേൽക്കുമ്പോൾ തന്നെ കിട്ടണമെന്നാണ് സുരൻ പറഞ്ഞത്. ഇന്നു രാവിലെ എനിക്കും കോഫി കൊണ്ടു വന്നിരുന്നു.”

“അതു മറ്റൊരു നുണയാണ്. ഭൃത്യനായി ജോലി തുടങ്ങിയ ശേഷം കുറച്ചുനാൾ സുരൻ എനിക്കും ബെഡ്‌കോഫി കൊണ്ടു വന്നിരുന്നു. കർക്കശമായി വിലക്കിയപ്പോൾ നിർത്തി.”

കുറച്ചു സമയം കൂടി സംസാരിച്ച ശേഷം ശുഭരാത്രി നേർന്ന് പണിക്കർ ഫോൺ വച്ചു. ദേവ് തിരിച്ച് ആശംസിച്ചില്ല. ആ പതിവ് ഇല്ല.

ദേവിന്റെ മനസ്സിൽ സുരൻ ഒരു അതിപ്രധാന കഥാപാത്രമായി വളർന്നു. അമിത ദാസ്യഭാവം, കോണിപ്പടിയിൽ ഹെൽമറ്റ് വയ്ക്കുന്ന സ്വഭാവം, ആശ്ചര്യജനകമായ നുണകൾ., ഇവയെല്ലാം സുരന്റെ വ്യക്തിത്വത്തെ സവിശേഷമാക്കി. ഇത്രയും വൈവിധ്യ സ്വഭാവമുള്ള ആരേയും അന്നുവരെ പരിചയപ്പെട്ടിട്ടില്ല. മറഞ്ഞു കിടക്കുന്ന സ്വഭാവങ്ങൾ സുരനിൽ ഇനിയുമുണ്ടാകാം. അവയ്ക്കായി ദേവ് കാത്തിരുന്നു.

നാലാം ഭാഗം ഇവിടെ വായിക്കുക.

അഭിപ്രായം എഴുതുക