ദിമാവ്‌പൂരിലെ സർപഞ്ച് – 5: മാനസികരോഗി

നാലാം ഭാഗം ഇവിടെ വായിക്കുക.

രാവിലെ ദേവ് ഉണർന്നപ്പോൾ പതിനൊന്നായി. ബെഡ്‌കോഫിയുമായി സുരൻ കട്ടിലിനരുകിൽ വന്നിരുന്നില്ല.

പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം ദേവ് ഹാളിലെത്തി. സുരൻ ചായ കൊണ്ടുവന്നു. അദ്ദേഹം പഴയപടി യജമാനഭക്തിയുള്ള ഭൃത്യനായി മാറിയിരുന്നു. ചായകപ്പ് മേശയിൽ വച്ച് ഒരിടത്തേക്കു സുരൻ മാറിനിന്നു. ഏതു ആജ്ഞയും ശിരസ്സാൽ വഹിക്കാൻ തയ്യാറായുള്ള നിൽപ്പ്. രാത്രിയിൽ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന്റെ തരി പോലും ഇല്ല. തനി അടിമ. ഒരു ഘട്ടത്തിൽ, തലേന്നത്തെ രാത്രിയാത്രയെപ്പറ്റി ചോദിക്കാൻ ആഞ്ഞെങ്കിലും, പണിക്കരുമായി കൂടിയാലോചിച്ചിട്ടു ചോദ്യം ചെയ്താൽ മതിയെന്നു ദേവ് തീരുമാനിച്ചു.

ഉച്ചയ്ക്കു പണിക്കരുടെ ഫോൺ വന്നു. കഴിഞ്ഞ രാത്രിയിൽ മൊബൈൽ സ്വിച്ച്ഓഫ് ചെയ്യേണ്ടി വന്നതിൽ പണിക്കർ ക്ഷമ ചോദിച്ചു. ഒരു പ്രധാന കാര്യം പറയാനാണ് അർദ്ധരാത്രിയിൽ വിളിച്ചതെന്നു ദേവ് സൂചിപ്പിച്ചു.

പണിക്കർ പറഞ്ഞു. “ദേവ് പറയാൻ പോകുന്നതെന്താണെന്നു എനിക്കറിയാം. സുരന്റെ രാത്രി സഞ്ചാരത്തെപ്പറ്റി അല്ലേ?”

ദേവ് ഞെട്ടി. അപ്പോൾ പണിക്കരുടെ അറിവും സമ്മതത്തോടെയുമാണോ ഇതെല്ലാം നടക്കുന്നത്! അതോ സുരൻ രാവിലെ പണിക്കരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകുമോ.

“സുരൻ നിന്നെ വിളിച്ചിരുന്നോ?” ദേവ് ചോദിച്ചു.

“ഇല്ല. സുരനു മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയില്ല.”

പച്ചക്കള്ളം. ഇക്കാലത്തു ആർക്കാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാത്തത്? ദേവിന്റെ മനസ്സ് വായിച്ചപോലെ പണിക്കർ പറഞ്ഞു.

“ഞാൻ പറഞ്ഞത് സത്യമാണ് ദേവ്. സുരനു മൊബൈൽ ഉപയോഗിക്കാൻ അറിയില്ല. കാരണം അക്കങ്ങൾ അറിയില്ല. കൂടാതെ വായിക്കാനും എഴുതാനും അറിയില്ല. മറ്റു പല കാര്യങ്ങളിലും പിന്നോക്കമാണ്. അതാണ് സ്ഥലങ്ങൾ കാണിക്കാൻ സുരനെ ദേവിന്റെ കൂടെ അയക്കാതിരുന്നത്.”

ദേവ് അൽഭുതപ്പെട്ടു. പണിക്കർ തുടർന്നു.

“എന്റെ കൂടെ താമസിക്കുമ്പോഴും സുരന്റെ സ്വഭാവം ഇങ്ങിനെയാണ്. പല രാത്രിയിലും സൈക്കിളും ഹെൽമറ്റുമായി പുറത്തു പോകും. വെളുപ്പിനു മൂന്നു മണിയോടെ തിരിച്ചുവരും. പിന്നെ ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും.”

“എവിടേക്കാണ് സുരൻ രാത്രിയിൽ പോകുന്നത്?”

“വീട്ടിലേക്കാണെന്നേ ചോദിച്ചാൽ പറയൂ. അതു നുണയാണ്. സുരൻ വീട്ടിലേക്കു എത്താറില്ല. അദ്ദേഹത്തിന്റെ ഭാര്യ തന്നെ അതെന്നോടു പറഞ്ഞിട്ടുണ്ട്.”

സുരനിൽ പകൽസമയത്തും രാത്രിയിലും ദൃശ്യമാകുന്ന സ്വഭാവ വ്യതിയാനത്തെപ്പറ്റി ദേവ് സൂചിപ്പിച്ചു.

“പകൽസമയത്തു സുരൻ ദാസ്യഭാവമുള്ള ഒരുവനാണ്. എന്നാൽ രാത്രിയിൽ അതു തീരെയില്ല. നീയിത് ശ്രദ്ധിച്ചിട്ടുണ്ടോ?”

കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം പണിക്കർ മുൻകൂറായി ക്ഷമ ചോദിച്ചു.

“ദേവ്, ആദ്യം തന്നെ ഞാൻ നിന്നോടു ക്ഷമ ചോദിക്കുന്നു. കാരണം നിന്നിൽനിന്നു സുരനെ സംബന്ധിച്ച ഒരു സുപ്രധാന കാര്യം ഞാൻ മറച്ചു വച്ചു. കാര്യമിതാണ്. സുരനു ചെറിയ മാനസിക പ്രശ്നമുണ്ട്. ഒരുതരം സ്‌പ്ലിറ്റ് പേർസണാലിറ്റി. പകൽസമയത്തു നല്ല അനുസരണയുള്ള ഭൃത്യനാണ് സുരൻ. എന്നാൽ വൈകുന്നേരം പതിവുള്ള ടെലിവിഷൻ കാണലിനു ഒപ്പം സുരന്റെ സ്വഭാവം മാറും. അപ്പോൾ യജമാന ഭക്തിയിൽ കുറവ് വരില്ലെങ്കിലും, നല്ല ആത്മവിശ്വാസവും പ്രകടിപ്പിക്കും… ഇതിൽ ഭയപ്പെടാൻ ഒന്നുമില്ല ദേവ്. സ്വഭാവം മാറുമെങ്കിലും അത് ഒരുതരത്തിലും നമുക്ക് ഉപദ്രവമാകില്ല.”

Read More ->  ശ്രവണ - മനന - നിദിധ്യാസന

താമസിക്കുന്നത് മാനസിക പ്രശ്നമുള്ള ഒരുവന്റെ കൂടെയാണെന്നു അറിഞ്ഞിട്ടും ദേവ് ഭയന്നില്ല. വിഷയത്തിലുള്ള താല്പര്യം കൂടുകയാണുണ്ടായത്.

“സുരന്റെ സ്‌പ്ലിറ്റ് പേർസണാലിറ്റിയും രാത്രിയാത്രയും തമ്മിൽ ബന്ധമുണ്ടോ?”

“സാധ്യതയുണ്ട്. എനിക്കതിനെപ്പറ്റി അവ്യക്തമായ ചില നിഗമനങ്ങൾ ഉണ്ട്.”

ദേവ് ആകാംക്ഷയോടെ പ്രേരിപ്പിച്ചു. “എല്ലാം പറയൂ പണിക്കരേ.”

“ഞാനെന്റെ നിഗമനം രൂപപ്പെടുത്തിയിരിക്കുന്നത് സുരന്റെ പഴയ യജമാനനെ ചുറ്റിപ്പറ്റിയാണ്. അദ്ദേഹത്തിന്റെ പേര് ഇന്ദർസിങ് രാത്തോർ എന്നാണ്. രാജസ്ഥാനി. ഒരു ഗ്രാമത്തിന്റെ സർപഞ്ച് ആയിരുന്നു. നല്ല അധികാരമുള്ള പദവി… ഈ രാത്തോറിനു ഒപ്പമാണ് സുരൻ ഏറെനാൾ ജോലി ചെയ്തിരുന്നത്. രാത്തോറിനു രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ചായ കിട്ടണം. രാത്തോറിന്റെ ഷർട്ട് ബട്ടൻസ് അഴിക്കുന്നതും, ഷൂലേസ് കെട്ടുന്നതും സുരൻ ആയിരുന്നു.”

ദേവ് മൂളിക്കേട്ടു. പണിക്കർ തുടർന്നു.

“എന്റെ അനുമാനപ്രകാരം അക്കാലത്തു സുരനും രാത്തോറും ചില രാത്രികളിൽ എവിടേക്കോ പോകാറുണ്ട്. ദേവ്, നിനക്കറിയുമോ… സുരൻ മിക്ക കാര്യങ്ങളിലും ഒരു മന്ദബുദ്ധി പോലെയാ. പക്ഷേ അതിശയമെന്നേ പറയേണ്ടൂ, സുരൻ വളരെ നന്നായി ബൈക്ക് ഓടിക്കും. ഞങ്ങൾ ഒരുമിച്ചു യാത്ര പോകുമ്പോൾ ഞാൻ സുരന്റെ പിന്നിലിരുന്നാണ് യാത്രചെയ്യുക. അത്രക്കു സേഫ് ഡ്രൈവ്. കണക്ക് കൂട്ടാനോ കിഴിക്കാനോ അറിയാത്തവൻ ബൈക്ക് ഓടിക്കുന്നുവെന്നു പറയുമ്പോൾ അതിൽ അതിശയോക്തിയില്ലേ ദേവ്.”

“അപ്പോൾ രാത്രി യാത്രക്കാണല്ലേ ആ കറുത്ത ഹെൽമറ്റ്…”

“അങ്ങിനെയാണ് എനിക്കു തോന്നുന്നത്.”

“സുരന്റെ രാത്രിയാത്ര എന്തുകൊണ്ടാണെന്നു ഇപ്പോൾ മനസ്സിലായി. പഴയകാല രാത്രികളുടെ ആവർത്തനങ്ങൾ…”

“അതെ. പക്ഷേ ഇക്കാലത്ത് സുരൻ അത്ര തൃപ്തനല്ലെന്നു തോന്നുന്നു. ഒറ്റയ്ക്കല്ലേ യാത്ര…”

ദേവ് നെടുവീർപ്പിട്ടു. ഒരു രഹസ്യം കൈമാറിവന്നതിന്റെ ഹാങ്ങോവർ. അതു മാറിയപ്പോൾ പണിക്കരോടു ചോദിച്ചു.

“മാനസിക പ്രശ്നമുണ്ടെങ്കിൽ പിന്നെ എന്തിനാ സുരനെ വേലക്കാരനായി വച്ചിരിക്കുന്നത്? പിരിച്ചു വിട്ടു കൂടേ?”

“അതു പറ്റില്ല. എനിക്കു സുരന്റെ കുടുംബത്തെ അടുത്തറിയാം. പിരിച്ചു വിട്ടാൽ അവർക്കു വലിയ വിഷമമാകും. വീട്ടിൽ വേറെ വരുമാനമാർഗമില്ല.”

“അതൊക്കെ ശരിയായിരിക്കാം. പക്ഷേ എപ്പോഴാണ് സുരൻ പ്രശ്നമുണ്ടാക്കുകയെന്നു അറിയില്ലല്ലോ. ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.”

“എന്തായാലും സുരനെക്കൊണ്ട് എനിക്കു ഉപദ്രവങ്ങൾ ഒന്നുമില്ല. ചില രാത്രികളിൽ ഇറങ്ങി നടക്കുമെന്നേയുള്ളൂ.”

“ഈ രാത്തോർ ഇപ്പോൾ എവിടെയാണ്?” ദേവ് അന്വേഷിച്ചു. “അദ്ദേഹത്തിനു സുരനേയും കൂടെ കൊണ്ടുപോയ്ക്കൂടേ. ഇത്ര അടുത്ത ബന്ധമായിട്ടും എന്താ ഒഴിവാക്കിയത്?”

പണിക്കർ മൗനം പൂണ്ടു. ദേവ് ചോദ്യം ആവർത്തിച്ചു.

പണിക്കർ പറഞ്ഞു. “രാത്തോർ ഇന്നില്ല ദേവ്. അദ്ദേഹം മരിച്ചു പോയി… മൂന്നുകൊല്ലം മുമ്പ്, ഒരു രാത്രിയാത്രയിൽ ആരോ അദ്ദേഹത്തെ വെടിവച്ചു കൊന്നു! മീററ്റ് പോലീസ് സ്റ്റേഷനിൽ ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരു കേസാണത്!”

ദേവ് നടുങ്ങി. രാത്രയാത്ര കുട്ടിക്കളിയല്ല. ജീവൻ വരെ നഷ്ടപ്പെടാം.

Read More ->  ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം - ബൗദ്ധ സമ്മേളനങ്ങൾ

ദേവ് സംഭാഷണം അവസാനിപ്പിച്ചു. പണിക്കർ നല്ല സാഹായ്നം നേർന്നു. ദേവ് തിരിച്ചൊന്നും പറഞ്ഞില്ല.

പണിക്കരോടു സംസാരിച്ച ശേഷം സുരൻ – രാത്തോർ ബന്ധത്തിൽ ദേവിന്റെ താല്പര്യം കൂടി. വിഷയത്തിൽ കടന്നുവന്ന നാടകീയത ഓർത്തു കൊണ്ട് ദേവ് കിടക്കയിൽ ചാഞ്ഞു. പണിക്കർ പറഞ്ഞ പ്രകാരമെങ്കിൽ രാത്രിയാത്ര തികച്ചും അപകടകരമാണ്. രാത്തോർ വെടിയേറ്റു മരിച്ചെന്നു കേട്ടപ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയെന്നതാണ് സത്യം. സുരനോടു ഇടപെടാൻ ഭയവും തോന്നി. പക്ഷേ അഞ്ചുമിനിറ്റിനു ശേഷം, അൽഭുതകരമായി, ഭയം ആകാംക്ഷയ്ക്കും ക്രമേണ ആവേശത്തിനും വഴിമാറി.

ദേവ് ചിന്തിച്ചു. ഇപ്പോൾ അകപ്പെട്ടിരിക്കുന്ന സാഹചര്യം അപകടകരം മാത്രമല്ല, ആവേശകരവും കൂടിയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയിലെ നിരന്തര യാത്രകൾ ദേവിന്റെ ശരീരത്തേയും മനസ്സിനേയും ക്ഷീണിപ്പിച്ചിരുന്നു. അതു പരിഹരിക്കാൻ ചരിത്രസ്മാരകങ്ങൾ കാണാമെന്നു കരുതി. പണിക്കരുടെ അഭാവം ആ സാധ്യത കെടുത്തി. വേണ്ടവിധം ആസൂത്രണം ചെയ്താൽ ഒരു അവിസ്മരണീയ സംഭവം ഇപ്പോഴത്തെ സാഹചര്യം വഴി ലഭിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ആ വഴിയിലൂടെ സഞ്ചരിക്കാൻ ദേവ് തെല്ല് മടിച്ചു. എന്നാൽ സാഹസികതയോടുള്ള മനസ്സിന്റെ അഭിനിവേശത്തിനു മുന്നിൽ ദേവിനു ഏറെനേരം പിടിച്ചു നിൽക്കാനായില്ല. വിവേകത്തെ മറികടന്നു വികാരം തീരുമാനമെടുത്തു.

ദേവിന്റെ കണക്കുകൂട്ടലുകൾ വ്യക്തമായിരുന്നു. രാത്രിയിൽ ഫ്ലാറ്റിനു പുറത്തേക്കു യാത്രപോകുന്നത് സുരൻ അല്ല, മറിച്ച് രാത്തോറിന്റെ വേലക്കാരനാണ്. ഇക്കാലത്ത് രാത്രിയാത്രകൾ ഒറ്റയ്ക്കായതിനാൽ, പണിക്കരുടെ അഭിപ്രായ പ്രകാരം, സുരൻ നിരാശനാണ്. പണിക്കരുടെ നിഗമനത്തിന്റെ അടിസ്ഥാനം അറിയില്ലെങ്കിലും, പണ്ട് രാത്രി യാത്രകൾക്കു കൂട്ട് ഉണ്ടായിരുന്നു – ഇപ്പോൾ അതില്ല – അതിനാൽ നിരാശ ഉണ്ട് എന്ന ലളിത സമവാക്യം പ്രസക്തമാണ്. രാത്രിയിൽ കൂടെവരാൻ ഒരുവൻ തയ്യാറായാൽ സുരൻ അവനെ കൂടെ കൂട്ടാൻ എല്ലാ സാദ്ധ്യതയും ദേവ് തെളിഞ്ഞു കണ്ടു.

ചുരുക്കത്തിൽ, അന്നു രാത്രി രാത്തോറായി അഭിനയിച്ച് സുരനോടൊപ്പം യാത്ര ചെയ്യാൻ ദേവ് തീരുമാനിച്ചു!  


ആറാം ഭാഗം ഇവിടെ വായിക്കുക.

One Reply to “ദിമാവ്‌പൂരിലെ സർപഞ്ച് – 5: മാനസികരോഗി”

അഭിപ്രായം എഴുതുക