പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.



പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നതിലേക്കു വളർന്നു. ഇന്ത്യ – ചീന – ടിബറ്റ് എന്നിവിടങ്ങളിൽ പ്രചാരത്തിലിരുന്ന കിഴക്കൻ ദർശനങ്ങളും, ഗ്രീസ് – ഈജിപ്ത് എന്നിവിടങ്ങളിലെ ‘പടിഞ്ഞാറൻ’ ദർശനങ്ങളുമാണ് ഇത്തരം താരതമ്യ പഠനങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നവ. ചൈനീസ് – ടിബറ്റൻ ദർശനങ്ങളിൽ ബുദ്ധിസം വഴി ഭാരതീയ ദർശനം കനത്ത സ്വാധീനം ചെലുത്തിയിരുന്നതിനാലും, പൗരാണിക കാലത്തെ പടിഞ്ഞാറൻ ദർശനങ്ങളുടെ കേന്ദ്രം ഗ്രീസ് ആയിരുന്നതിനാലും, തത്ത്വജ്ഞാന താരതമ്യ പഠനങ്ങൾ പലപ്പോഴും ഇന്ത്യൻ – ഗ്രീക്ക് താരതമ്യമായി വിവക്ഷിക്കപ്പെട്ടു. ഭാരതീയ ദർശനങ്ങളും ഗ്രീക്ക് ദർശനങ്ങളും തമ്മിലുള്ള നിരവധി സാമ്യങ്ങൾ ദാർശനിക പണ്ഢിതന്മാരുടെ ശ്രദ്ധയിൽ പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.

ഭാരതീയ ദർശനങ്ങളുടെ ആരംഭം ഉപനിഷത്തിലാണെന്നു[1] കരുതിയാൽ അവയുടെ കാലം, കുറഞ്ഞത്, BCE രണ്ട്, മൂന്ന് സഹസ്രാബ്ദങ്ങളിലാണെന്നു തീർച്ചപ്പെടുത്താം[2]. ഗ്രീക്ക് ദർശനങ്ങളുടെ കാലം BCE ഒന്നാം സഹസ്രാബ്ദത്തിലാണെന്നത് സുവിദിതമാണ്. കാലഗണനയിലും ഭൂമിശാസ്ത്രപരമായും ഉള്ള അന്തരം പരിഗണിച്ച്, പതിനെട്ട് – പത്തൊമ്പത് നൂറ്റാണ്ടുകളിലെ ദാർശനിക പണ്ഢിതർ വാദിച്ചു കൊണ്ടിരുന്നത് ഭാരതീയ – ഗ്രീക്ക് ദർശനങ്ങൾ തമ്മിൽ സാമ്യം ഉണ്ടെങ്കിലും അവ യാദൃശ്ചികം മാത്രമാണെന്നും, അവയ്ക്കിടയിൽ ഒരു ആശയവിനിമയ ബന്ധം തെളിയിക്കുക അസാധ്യമാണ് എന്നുമാണ്. ‘Early Greek Philosophy’ എന്ന ഗ്രന്ഥത്തിൽ പ്രമുഖ ഗ്രീക്ക് ഫിലോസഫി പണ്ഢിതനായ ജോൺ ബർണറ്റ് (John Burnet) ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്.

“എന്നിരുന്നാലും പ്രമുഖ ഓർഫിക് സിദ്ധാന്തങ്ങൾ കൂടുതൽ പ്രാചീനമാണെന്നു നമുക്കറിയാം. ഓർഫിക് ശ്ലോകങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള കുറേ സ്വർണഫലകങ്ങൾ തെക്കൻ ഇറ്റലിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. നാം ചർച്ച ചെയ്യുന്ന കാലഘട്ടത്തിനു ശേഷമാണ് ഇവയുടെ കാലമെങ്കിലും, ഓർഫിക് വിശ്വാസം അന്നു സജീവമായി നിലനിന്നിരുന്നു. ഒരു വിശ്വാസമെന്ന നിലയിൽ ഓർഫിക് അനുയായികൾ പുലർത്തിപ്പോന്ന സിദ്ധാന്തങ്ങൾക്കു, ഏകദേശം അതേ കാലത്തു, ഭാരതത്തിൽ നിലനിന്നിരുന്ന വിശ്വാസ ധാരകളുമായി അപാരസാമ്യം ഉണ്ട്. എന്നാൽ അക്കാലത്തു ഭാരതവും ഗ്രീസും തമ്മിൽ ഏതെങ്കിലും വിധത്തിൽ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നു കരുതുക സാധ്യമല്ല. ഓർഫിക്കുകളുടെ ആചാരങ്ങൾ വിശ്വാസിയുടെ ആത്മാവിനെ പാപമോചിതമാക്കി ശുദ്ധമാക്കാനും, അതുവഴി ജനന-മരണ പരമ്പരയിൽനിന്നു വിശ്വാസിക്കു രക്ഷ നേടാനും അവസരമൊരുക്കുന്നു. ഈ ലക്ഷ്യം സാക്ഷാത്കാരിക്കാനാണ് ഓർഫിക് വിശ്വാസികൾ ഒരു സമൂഹമായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്.”

“പൈതഗോറസ് പുനർജന്മ സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്നു എന്നത് തർക്കമറ്റ കാര്യമാണ് നാഗരികർ അല്ലാത്ത ജനതകളിൽ പുനർജന്മ വിശ്വാസത്തിനു ഒപ്പം, ചില പ്രവൃത്തികൾ ചെയ്യുന്നതിനു വിലക്കുകളും നിലവിലുണ്ടാകും. പൈതഗോറസ് ഇതേവിധമുള്ള വിലക്കുകൾ പാലിച്ചിരുന്ന വ്യക്തിയായിരുന്നു. അത് സുവിദിതമാണ്…… അതേ ദിശയിലൂടെ ചരിക്കുവാൻ മറ്റു ചില കാരണങ്ങളും ഉണ്ട്. പൗരാണിക ഇന്ത്യയിൽ അക്ഷരാർത്ഥത്തിൽ ഇതുപോലെയുള്ള ആചാര രീതികളും വിശ്വാസങ്ങളും നിലനിന്നിരുന്നതായി നമുക്കറിയാം. എന്നാൽ ഭാരതത്തിൽ നിന്നു ഈ ആചാരരീതികൾ ഗ്രീക്കുകാർ കടമെടുത്തതായി തെളിയിക്കുന്ന വസ്തുതകൾ നിലവിൽ ഇല്ല. ഭാരതീയ – ഗ്രീക്ക് ചിന്തകൾ തമ്മിലുള്ള ഈ സാമ്യങ്ങളെ വിശദീകരിക്കുവാൻ ഏറ്റവും ഉചിതമായ മാർഗം, ഈ രണ്ടു ദർശന ശാഖകളും ഒരേയൊരു ആദിമ ഉറവിടത്തിൽ നിന്നു ഉൽഭവിച്ച ശേഷം, സ്വതന്ത്രമായ രീതിയിൽ വ്യാഖ്യാനിച്ചു വികസിക്കപ്പെട്ടു എന്നതാണ്. ലോകത്തിൽ പലയിടത്തും ഇതുപോലുള്ള പരസ്പര സാമ്യങ്ങൾ നിലവിലുണ്ട്. എന്നാൽ ഭാരതത്തിലും ഗ്രീസിലും മാത്രമാണ് ഇത് വളരെയേറെ വ്യപ്തിയിൽ തെളിഞ്ഞു കാണാവുന്നത്.”[3]

ജോൺ ബർണറ്റ് ഈ ഗ്രന്ഥം എഴുതിയത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ്. അതിനുശേഷം കാര്യങ്ങൾ തീർച്ചയായും മാറിയിട്ടുണ്ട്. പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പൗരാണിക ഗ്രീസും ഭാരതവും തമ്മിൽ പേർഷ്യൻ സാമ്രാജ്യം ഇടനിലയായിട്ടുള്ള ആശയവിനിമയ ഉപാധികൾ നിലവിലുണ്ടായിരുന്നു എന്നാണ്[4]. കൂടാതെ ഇരു ദർശന വിഭാഗങ്ങളുടേയും ഉറവിടം ഒന്നു തന്നെയാണെന്ന വാദവും ഇതിനിടയിൽ ഉയർന്നു വന്നിട്ടുണ്ട്[5]. ഗ്രീക്ക് ദാർശനികർ തങ്ങളുടെ ചില സിദ്ധാന്തങ്ങളിൽ വൈദേശിക സ്വാധീനം (പ്രധാനമായും ഈജിപ്ത്) ഉണ്ടെന്നു സമ്മതിച്ചിട്ടുണ്ടെങ്കിലും, പൂർണമായ ഒരു കടമെടുക്കലോ ഭീമമായ സ്വാധീനമോ നടന്നതായി പ്രസ്താവിച്ചിട്ടില്ലാത്തതിനാൽ ഒരേ ഉറവിടത്തിൽ നിന്നാണ് ഭാരതീയ – ഗ്രീക്ക് ദർശനങ്ങൾ ഉയർന്നു വന്നതെന്ന വാദം തള്ളിക്കളയാൻ ആകില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ വേണം ഇരുവിഭാഗങ്ങളിലുമുള്ള സാമ്യങ്ങളെ നോക്കിക്കാണേണ്ടത്.

അടിസ്ഥാന മൂലഘടകങ്ങൾ (പഞ്ചമഹാഭൂതങ്ങൾ):-

പ്രകൃതിയിലെ അടിസ്ഥാന മൂലഘടകങ്ങളെ (First Principles) പറ്റി ഭാരതീയ – ഗ്രീക്ക് ദാർശനികർ സിദ്ധാന്തിക്കുന്നുണ്ട്. ജലം (Water), വായു (Air), അഗ്നി (Fire), ആകാശ (Space), പൃഥ്വി (Earth) എന്നിവയാണ് ഈ മൂലഘടകങ്ങൾ. ഇവയെ പറ്റി ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിലുള്ള വിവരണങ്ങൾ ഏറെക്കുറെ സദൃശ്യമാണ്. ഭാരതത്തിലെ എക്കാലത്തേയും പ്രബല സാ‌മ്രാജ്യമായ മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യന്റെ രാജസഭയിൽ ഗ്രീക്ക് അംബാസഡറായിരുന്ന മെഗസ്തനസ്, ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ, അന്നേ തന്നെ, ഈ സാമ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

“പല കാര്യങ്ങളിലും ഭാരതീയരുടെ അഭിപ്രായങ്ങൾ ഗ്രീക്കുകാരുടേതുമായി ഒത്തുപോകുന്നതാണ്. ലോകത്തിനു ആരംഭമുണ്ട്, ലോകം അനശ്വരമല്ല, ലോകത്തിനു ഗോളാകൃതിയാണ്, ലോക സൃഷ്ടാവ് ലോകത്തെ പരിപാലിച്ചുകൊണ്ട് ലോകത്തിൽ നിമഗ്നമായിരിക്കുന്നു., തുടങ്ങിയവ ഗ്രീക്ക് സിദ്ധാന്തങ്ങളുമായി അവ യോജിച്ചു പോകുന്നു. പ്രപഞ്ചത്തിൽ ഏതാനും മൂലഘടകങ്ങൾ ഉണ്ടെന്നും ജലത്തിനു അതിൽ പ്രമുഖ സ്ഥാനമുണ്ടെന്നും ഭാരതീയർ പറയുന്നു. നാലു മൂലഘടകങ്ങളെ കൂടാതെ ‘ആകാശം’ എന്നൊരു അഞ്ചാമത്തെ മൂലഘടകത്തെ സ്വർഗത്തിന്റേയും നക്ഷത്രങ്ങളുടേയും ഉറവിടമായി അവർ കണക്കാക്കുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ്. ആത്മതത്ത്വങ്ങൾ ഉൾപ്പെടെയുള്ള ഭാരതീയരുടെ വിവിധ സിദ്ധാന്തങ്ങൾ ഗ്രീക്കുകാരുടേതിനു സമമാണ്. അനശ്വരതയേയും, പുനർജന്മത്തേയും കുറിച്ചുള്ള അവരുടെ വിശ്വാസങ്ങൾ സംഗ്രഹിച്ചിരിക്കുന്നത് പ്ലേറ്റോയുടെ രീതിയിൽ തന്നെയാണ്.”[6]

മൂലഘടകങ്ങളെ കുറിച്ചുള്ള താരതമ്യ പഠനത്തിൽ ഉപനിഷത്തുക്കൾ ഒരു വശത്തും തേൽസ്, ഹെരാക്ലിറ്റസ്, അനാക്‌സിമെനസ്, ഫിലോലൗസ് തുടങ്ങിയ ഗ്രീക്ക് ചിന്തകർ മറുവശത്തും അണിനിരക്കുന്നു. ഉപനിഷത്തിലുള്ള ആശയങ്ങളിൽ ആത്മീയതയുടെ നിറച്ചാർത്തുണ്ടെങ്കിൽ, ഗ്രീക്ക് ചിന്തകരിൽ മിസ്റ്റിസിസത്തിന്റെ സ്വാധീനം പ്രകടമാണ്.

ജലം ഗ്രീക്ക് ദർശനത്തിൽ:-

ഒറാക്കിൾ ഓഫ് ഡെൽഫിയുടെ (Oracle of Delphi[7]) അഭിപ്രായ പ്രകാരം ഗ്രീസിലെ ഏറ്റവും ബുദ്ധിമാനായ ചിന്തകൻ മിലേറ്റസിലെ[8] തേൽസ്[9] ആണ്. ലോകത്തിലുള്ള എല്ലാത്തിന്റേയും അടിസ്ഥാന ഘടകം ജലമാണെന്നു ഗ്രീസിൽ സിദ്ധാന്തിച്ചത് അദ്ദേഹമാണ്.

“ലോകത്തിന്റെ ആശ്രയം ജലം ആണ്, ജലത്തിൽ ഒരു കപ്പലെന്ന പോലെ ലോകം സഞ്ചരിക്കുന്നു, ജലപ്രവാഹത്തിലെ അപ്രതീക്ഷിത ഒഴുക്ക് മൂലം ലോകം വിറയ്ക്കുന്നതാണ് ഭൂകമ്പം., എന്നെല്ലാം തേൽസ് പറയുന്നു.”[10]

ജലത്തെ പറ്റിയുള്ള തേൽസിന്റെ അഭിപ്രായം അരിസ്റ്റോട്ടിലും എടുത്തു പറഞ്ഞിട്ടുണ്ട്.

“എന്നിരുന്നാലും എത്ര മൂലഘടകങ്ങൾ ഉണ്ട്, അവയുടെ സ്വഭാവമെന്ത് എന്ന വിഷയങ്ങളിൽ അവർക്കിടയിൽ വിയോജിപ്പുണ്ട്. ഇത്തരം ദാർശനിക ചിന്തയുടെ സ്ഥാപകനായ തേൽസിന്റെ അഭിപ്രായത്തിൽ ജലമാണ് ആദ്യത്തെ മൂലഘടകം. (അതിനാലാണ് ഭൂമിയുടെ ആശ്രയം ജലമാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്).”[11]

ഒട്ടുമിക്ക ആദിമ സംസ്കൃതികളിലുമുള്ള ഏഴ് മഹാഋഷിമാർ (Seven Sages) എന്ന പദവി ഗ്രീസിലും ഉണ്ടായിരുന്നു. തേൽസ് ഇവരിൽ ഒരാളാണ്. ഉപനിഷത്തിലെ പോലെ എല്ലാം ദൈവികമാണ്[12] എന്ന ആശയം തേൽസ് പുലർത്തുന്നതായി ‘On the Souls’ എന്ന കൃതിയിൽ അരിസ്റ്റോട്ടിൽ രേഖപ്പെടുത്തുന്നു[13]. പ്രപഞ്ചത്തിലുള്ള എല്ലാം തന്നെ ഏതെങ്കിലും വിധത്തിൽ ജീവനെ ഉൾക്കൊള്ളുന്നു എന്ന നിലപാടും (Hylozoism) തേൽസിനു ഉണ്ടായിരുന്നു. ഭാരതീയ ദർശനത്തിൽ ഈ നിലപാട് എടുത്തവർ ജൈന ദാർശനികരാണ്.

ജലം ഭാരതീയ ദർശനത്തിൽ:-

എല്ലാത്തിന്റേയും ഉറവിടമായി ബൃഹദാരണ്യക ഉപനിഷത്ത് ജലത്തെ കണക്കാക്കുന്നു.

“ഇത് (വ്യാകൃതമായ ജഗത്) ആദ്യം ജലം മാത്രമായിരുനു. ആ ജലം സത്യത്തെ സൃഷ്ടിച്ചു. സത്യം ബ്രഹ്മമാണ്. ബ്രഹ്മം പ്രജാപതിയേയും (വിരാട്) പ്രജാപതി ദേവന്മാരേയും സൃഷ്ടിച്ചു. ആ ദേവന്മാർ സത്യത്തെ തന്നെ ഉപാസിക്കുന്നു.”[14]

ഇതേ ആശയം മറ്റു ഉപനിഷത്തുകളിലും ഏറെക്കുറെ ഒരേപോലെ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ആദിവേദമായ ഋഗ്‌വേദത്തിലും ഇത് പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നു.

“പ്രളയകാലത്ത് അസത്ത് ഇല്ലായിരുന്നു. സത്തും ഇല്ലായിരുന്നു. ആകാശഭൂമികളും ഇല്ലായിരുന്നു. ആകാശസ്ഥിതങ്ങളായ സപ്തലോകങ്ങളും ഇല്ലായിരുന്നു. അപ്പോൾ ആരിവിടെ വസിച്ചിരുന്നു. ബ്രഹ്മാണ്ഢം എവിടെയായിരുന്നു. ഗംഭീരമായ ജലം എവിടെയായിരുന്നു.”[15]

ഇവിടെ ജലത്തെ പരാമർശിക്കുക വഴി ആദ്യമുണ്ടായ മൂലഘടകം ജലമാണെന്നു വരുന്നു.

വായു ഗ്രീക്ക് ദർശനത്തിൽ:-

‘വായു’വാണ് അടിസ്ഥാന ഘടകമെന്ന് ഗ്രീക്ക് ദർശനത്തിൽ സിദ്ധാന്തിച്ചത് അനാക്സിമെനസ് ആണ്. തേൽസിനെ പോലെ അദ്ദേഹവും മിലേറ്റസ് നഗരവാസിയായിരുന്നു.

“മിലേറ്റസിലെ അനാക്‌സിമെനസ് എല്ലാ വസ്തുക്കളുടേയും അടിസ്ഥാന ഘടകം ഒന്നാണെന്നും, അത് പരിമിതികളില്ലാത്തതാണെന്നും സിദ്ധാന്തിക്കുന്നു. എന്നാൽ അനാക്‌സിമെന്ററിന്റെ സിദ്ധാന്തത്തിനു  വിരുദ്ധമായി ഈ അടിസ്ഥാനം ഘടകം നിസ്സീമം അല്ല, മറിച്ച് നിശ്ചിതമാണെന്നു അനാക്‌സിമെനസ് പറയുന്നു. വായു ആണ് ഈ അടിസ്ഥാന ഘടകം. സാന്ദ്രതയ്ക്കു അനുസരിച്ച് വായു വിവിധ രൂപത്തിലുള്ള വസ്തുക്കളായി മാറുന്നു. വായു വികസിക്കുമ്പോൾ അഗ്നിയായും, സങ്കോചിക്കുമ്പോൾ ആദ്യം കാറ്റായും, പിന്നെ മേഘം, ജലം, പൃഥ്വി, ഖരപദാർത്ഥങ്ങൾ, എന്നിങ്ങനെ[16]

ഉപനിഷത്തിൽ പ്രതിപാദിക്കുന്ന ബ്രഹ്മ സങ്കല്പത്തിനു അനുരൂപമായി എല്ലാം ‘വായു’വിൽ നിന്ന് ഉണ്ടായെന്നും എല്ലാം വായുവിലേക്ക് തിരികെ പോകുമെന്നും അനാക്സിമെനസ് പറയുന്നു. മനുഷ്യരിലെ ആത്മാവ് വായു ആണെന്നും, വായുവിനു ദൈവികത്വമുണ്ടെന്നും, ദേവതകൾ ഉൽഭവിച്ചത് വായുവിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു. ഉപനിഷത്തിലെ പ്രാണ സിദ്ധാന്തത്തോടു സദൃശ്യമായ നിലപാടുകളാണ് മേൽപ്പറഞ്ഞവയിൽ പലതും.

“വസ്തുക്കൾ എല്ലാം ഉൽഭവിക്കുന്നതും, നശീകരണ ശേഷം വിലയിക്കുന്നതും വായുവിൽ ആയതിനാൽ, വായുവാണ് എല്ലാ വസ്തുക്കളുടേയും അടിസ്ഥാന ഘടകം. ആത്മാവായ വായുവാണ് നമ്മിലെ പ്രവർത്തനങ്ങളെ വേണ്ടവിധം നിയന്ത്രിക്കുന്നതെന്നും അനാക്‌സിമെനസ് പറയുന്നു[17]

“വായു ഒരു ദൈവമാണെന്നും, അനാദിയല്ലാത്ത, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന അത് എപ്പോഴും ചലനാത്മകമാണെന്നും അനാക്‌സിമെനസ് അഭിപ്രായപ്പെടുന്നു.”[18]

“എല്ലാ വസ്തുക്കളുടേയും കാരണമായി അനാക്സിമെനസ് വായുവിനെ കണക്കാക്കുന്നു. അതേസമയം അദ്ദേഹം ദൈവങ്ങളുടെ ആസ്ഥിത്വത്തെ നിഷേധിക്കുന്നുമില്ല. വായു ദൈവങ്ങളാൽ സൃഷ്ടിക്കപ്പെട്ടതല്ലെന്നും, മറിച്ച് ദൈവങ്ങൾ വായുവിൽ നിന്ന് ഉയിർകൊണ്ടതാണെന്നും അദ്ദേഹം കരുതുന്നു.”[19]

വായു ഭാരതീയ ദർശനത്തിൽ:-

വളരെ പഴക്കമുള്ള ചാന്ദോഗ്യ ഉപനിഷത്തിൽ വായുവിനെ അടിസ്ഥാന ഘടകമായി പരിഗണിക്കുന്നുണ്ട്. ശൂദ്ര രാജാവായ ജനശ്രുതിയും രൈക്വ മുനിയും തമ്മിലുള്ള സംഭാഷണമാണ് പശ്ചാത്തലം.[20]

“ഹേ ശൂദ്ര, നീ പശുക്കളേയും മറ്റും കൊണ്ടുവന്നത് ഉത്തമം ആയി. നല്ലത്. ഞാൻ എല്ലാത്തിനേയും സ്വീകരിക്കുന്നു. ഈ കന്യക വിദ്യാദാനത്തിനു ഉത്തമയാണ്. ഇവർ നിമിത്തം നീ എന്നെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ നിന്നെ ഞാൻ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭ മുഹൂർത്തത്തിൽ നിനക്കു ഉപദേശം നൽകുന്നതാണ്……

ഉപദേശത്തിനു കാലമായെന്നു തോന്നിയപ്പോൾ രൈക്വ മുനി ശാന്തഭാവത്തിൽ ജനശ്രുതിയെ അരികിൽ വിളിച്ചു.

‘പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കൾക്കു ഇപ്പോഴില്ല. രജസ്തമോഗുണങ്ങൾ കെട്ടടങ്ങിയ നിങ്ങൾ സംവർഗ്ഗവിദ്യയ്ക്കു അധികാരിയായിരിക്കുന്നു. നിങ്ങൾക്കിപ്പോൾ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാൽ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാൻ നിങ്ങൾക്കു ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.’

ശുഭദിനത്തിൽ ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജനശ്രുതി രൈക്വ മുനിയെ സമീപിച്ചു. നമസ്ക്കരിച്ചിട്ട് അടുത്തിരുന്നു. രൈക്വ മുനി ശാസ്ത്രവിധി പ്രകാരം ആത്മോപദേശം കൊടുത്തു.

“സംവർഗ്ഗ വിദ്യയെന്നാൽ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ് അർത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത് ആത്മാവാണ്. ഇതിനു ദേവന്മാരുടെ കൂട്ടത്തിൽ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളിൽ പ്രാണന്റെ സ്ഥാനവുമാണ്. അധിദൈവത ദർശനത്തിൽ വായുവാണ് സംവർഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ് ഉള്ളത്. വായു വീശുമ്പോൾ അഗ്നി ആളിക്കത്തുന്നത് കണ്ടിട്ടില്ലേ? തീ അണയുമ്പോൾ അത് വായുവിൽ തന്നെ ലയിക്കുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ അതു വായുവിൽ തന്നെ ലയിക്കുന്നു. ചന്ദ്രൻ അസ്തമിക്കുമ്പോൾ അതും വായുവിൽ ലയിക്കും. വെള്ളം വറ്റുമ്പോൾ അതും വായുവിൽ ചേരുന്നു. ഇത് വായുവിന്റെ പ്രത്യേകതയാണ്.“[21]

വായു എല്ലാത്തിനേയും ഉൾക്കൊള്ളുന്നുവെന്ന് പറയുമ്പോൾ എല്ലാത്തിന്റേയും ഉറവിടവും വായു തന്നെയാണെന്ന് വരും. ഉപനിഷത്തിനെ പോലുള്ള ഗ്രന്ഥസമാഹാരത്തിൽ തത്ത്വജ്ഞാന – അത്മീയ അംശങ്ങൾ എപ്രകാരം ഇടകലർന്നു കിടക്കുന്നുവെന്നതിനു മേൽപ്പറഞ്ഞ വരികൾ ദൃഷ്ടാന്തമാണ്.

ഋഗ്‌വേദയിൽ (അനാക്സിമെനസ് പറയുന്ന അതേപോലെ തന്നെ) വായുവിനെ അടിസ്ഥാന ഘടകമായും,ദൈവമായും, ദൈവങ്ങളുടെ ജീവശക്തിയായും സൂചിപ്പിച്ചിട്ടുണ്ട്. എങ്ങോട്ടു വേണമെങ്കിലും ചലിക്കാനുള്ള ആന്തരികശക്തി വായുവിനുണ്ടെന്നും പറയുന്നു.

“ആകാശ മാർഗ്ഗങ്ങളിലൂടെ വരുന്ന വായു ഒരു ദിവസമൊരിടത്തും നിൽക്കുന്നില്ല. എപ്പോഴും സഞ്ചരിക്കുന്നു. ജലത്തിനു ചങ്ങാതിയും എല്ലാത്തിനേക്കാളും മുമ്പ് ഉളവായവനും സത്യവാനുമായ അവിടുന്ന് ഏതിടത്താണ് ജനിച്ചത്? എവിടെ നിന്നാണ് ജഗത്തു മുഴുവൻ വ്യാപിക്കുന്നത്? ഈ വായു ഇന്ദ്രാദി ദേവന്മാർക്കും ആത്മാവാകുന്നു. (ജീവരൂപത്തിൽ അവരിൽ നിൽക്കുന്നതു കൊണ്ട്) ചരാചരങ്ങൾക്കു ഗർഭം പോലെ ഉള്ളിൽ പ്രാണരൂപത്തിൽ വർത്തിക്കുന്നവനാകുന്നു. ഈ ദേവൻ ഇഷ്ടം പോലെ ചരിക്കുന്നു. അവിടുത്തെ ശബ്ദങ്ങൾ മാത്രമേ കേൾക്കപ്പെടുന്നുള്ളൂ. രൂപം കാണപ്പെടുന്നില്ല. ആ വായുവിനെ ചരുപുരോഡാശാദി ഹവിസ്സുകൊണ്ട് നാം പരിചരിക്കാവൂ.”[22]

(“Travelling on the paths of air’s mid-region, no single day doth he take rest or slumber.

Read More ->  പുസ്‌തക പരിചയം - 'Indo-Aryan Origin and Other Vedic Issues' by Nicolas Kazanas

Holy and earliest-born, Friend of the waters, where did he spring and from what region came he?

Germ of the world, the Deities’ vital spirit, this God moves ever as his will inclines him.

His voice is heard, his shape is ever viewless. Let us adore this Wind with our oblation.)

വായുവിനെ പറ്റിയുള്ള ആശയങ്ങൾക്കു ഭാരതത്തിൽ എത്രത്തോളം പഴമയുണ്ടെന്ന് ഋഗ്‌വേദ സൂക്തങ്ങൾ തെളിവു നൽകുന്നു.

അഗ്നി ഗ്രീക്ക് ദർശനത്തിൽ:-

‘ബാഹ്യലോകത്തുള്ള എല്ലാം എപ്പോഴും മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു’ എന്നത് ഒരു ഉപനിഷത്ത് പാഠമാണ്. നാം നേരിൽ കാണുകയും ഇടപെട്ടു പ്രവർത്തിക്കുകയും ചെയ്യുന്ന ബാഹ്യലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നുവെന്നും, ബാഹ്യലോകത്തെ വസ്തുക്കളിൽ ഒന്ന് അതിന്റെ നിലനിൽപ്പിനു മറ്റൊന്നിനെ ആശ്രയിച്ചിരിക്കുകയാൽ അവയ്ക്കെല്ലാം പരസ്പരാശ്രിതമായ, ആപേക്ഷിക നിലനിൽപ്പ് മാത്രമേയുള്ളൂ എന്നും ഉപനിഷത്ത് പറയുന്നു. ശ്രീബുദ്ധന്റെ അഭിപ്രായങ്ങൾക്കും ഇതേ ആശയഗതിയായിരുന്നു. ഗ്രീക്ക് ദാർശനികരിൽ ഹെരാക്ലിറ്റസ് ആണ് ഈ അഭിപ്രായഗതി മുന്നോട്ടുവച്ചത്. ഒരേ നദിയിലേക്ക് രണ്ടു തവണ ഇറങ്ങാൻ പറ്റില്ല എന്നത് അദ്ദേഹത്തിന്റെ പ്രമുഖവചനം ആണ്. ഹെരാക്ലിറ്റസിന്റേതായ നിരവധി പ്രാചീന രേഖകളിൽ അഗ്നിക്കു പ്രമുഖ സ്ഥാനമാണുള്ളത്[23].

ആത്മാവ് അഗ്നിയാണെന്നും, അഗ്നിയെ ഘനീഭവിപ്പിച്ചാൽ അത് ജലമാകുമെന്നും ഹെരാക്ലിറ്റസ് സമർത്ഥിച്ചു. ഭാരതീയ ദർശനങ്ങളിലെ പോലെ ഹെരാക്ലിറ്റസ് പ്രപഞ്ചത്തിന്റെ ഉൽഭവവും നശീകരണവും ഒരു ചാക്രിക പ്രക്രിയയായി (Cyclic Process) നടക്കുമെന്ന് പറയുന്നു. പുനർജന്മത്തിലും അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു.[24]

അഗ്നി ഭാരതീയ ദർശനത്തിൽ:-

പ്രകൃതിയുടെ അടിസ്ഥാന ഘടകമായി അഗ്നിയെ തുറന്ന് വിശേഷിപ്പിക്കുന്ന ഭാഗങ്ങൾ ഉപനിഷത്തിൽ പ്രത്യക്ഷത്തിൽ ഇല്ല. എന്നാൽ പരോക്ഷ സൂചനകൾ ഉണ്ട്. കഠോപനിഷത്തിൽ അഗ്നി പ്രപഞ്ചത്തിൽ പ്രവേശിച്ച ശേഷം പല രൂപങ്ങൾ കൈക്കൊണ്ടുവെന്നു പറയുന്നു. ചാന്ദോഗ്യ ഉപനിഷത്തിൽ പരിണാമ പക്രിയയുടെ വിവിധ ഘട്ടങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ആദ്യഘട്ട നിലയിൽ നിന്ന് (Primeval Being) ആദ്യം പരിണമിച്ചുണ്ടായത് അഗ്നിയാണെന്നും, അഗ്നിയിൽ നിന്നു ജലവും, ജലത്തിൽ നിന്ന് ഭൂമിയും ഉണ്ടായി എന്നും പറയുന്നു.

“Where can be the root of that apart from being in food? In this very way, O good-looking one, through food which is the sprout, understand water as the root. O good looking one, through water which is the sprout, understand fire as the root. O good looking one, through fire which is the sprout, understand Existence as the root. O good-looking one, all these beings have Existence as their root. Existence is their abode. Existence is their place of merger.”[25]

ഹെരാക്ലിറ്റസിന്റെ ‘Way up & Way down’ ആശയം കൃത്യമായി മേൽപ്പറഞ്ഞ ഉപനിഷത്ത് സൂക്തത്തിൽ സൂചിതമാണ്. പരിണാമത്തിന്റെ വിവിധ ദശകൾ ശ്രദ്ധിക്കുക:  Existence – Fire – Water – Food (earth). അപ്പോൾ പ്രപഞ്ച നശീകരണത്തിന്റെ സമയത്ത് പൃഥ്വി ജലത്തിലും, ജലം അഗ്നിയിലും, അഗ്നി Existence/Primeval being-ലും വിലയിക്കും. ഇനി ഹെരാക്ലിറ്റസ് പറയുന്നത് ശ്രദ്ധിക്കൂ.

“As it is condensed fire becomes moist, and then as it is further compressed it becomes water, and as water solidifies it turns into earth, this is the ‘road downward’. Then again earth dissolves and give rise to water, which is the source of everything else, since he attributes everything to the process of exhalation from the sea; this is the ‘road upward’.”

മറ്റേതു ഗ്രീക്ക് ദാർശനികനേക്കാളും അധികം സാമ്യങ്ങൾ ഹെരാക്ലിറ്റസിന്റെ സിദ്ധാന്തങ്ങൾക്കു ഉപനിഷത്ത് ആശയങ്ങളുമായുണ്ട്. ‘One is Many, and Many is one’ എന്ന ആശയത്തിൽ അടിയുറച്ച ദാർശനികനായിരുന്നു ഹെരാക്ലിറ്റസ്.

പൃഥ്വി, ആകാശം എന്നിവ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ:-

അടിസ്ഥാന ഘടകത്തെ പറ്റിയുള്ള ആദ്യസിദ്ധാന്തങ്ങളിൽ പൃഥ്വിക്കു (earth) പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. എല്ലാ ജീവജാലങ്ങൾക്കും ആധാരമായി വർത്തിക്കുന്ന പ്രഥ്വിയെ അടിസ്ഥാന മൂലഘടകമായി പരിഗണിക്കാൻ ഉയർന്ന നിലയിലുള്ള ചിന്താഗതി അനിവാര്യമല്ല. ഹെസിയോഡിന്റെ (Hesiod) കാലം മുതൽ പൃഥ്വി ഒരു അടിസ്ഥാന ഘടകമായി ഗ്രീസിലുണ്ട്. എമ്പഡോക്ലിസ് (Empedocles) മറ്റു മൂന്ന് മൂലഘടകങ്ങൾക്കൊപ്പം പൃഥ്വിയേയും അടിസ്ഥാന ഘടകമായി കണക്കാക്കുന്നു[26]. ഭാരതീയ വൈദിക സാഹിത്യത്തിൽ, മുണ്ടക ഉപനിഷത്തിൽ ഈ ആശയം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ആകാശ-യെ (Space) അടിസ്ഥാന മൂലഘടകമായി ഗ്രീസിൽ അവതരിപ്പിച്ചത് പൈതഗോറസിന്റെ പിൻഗാമികളിൽ ഒരാളായ ക്രോട്ടോണിലെ ഫിലോലൗസ് (Philolaus of Croton) ആണ്.

“The bodies (physical Elements) of the Sphere are five: the Fire in the Sphere, and the Water, and Earth, and Air, and, fifth, the vehicle(?) of the Sphere.”[27]

ചാന്ദോഗ്യ ഉപനിഷത്തിലെ പ്രവഹണ ജീവാലി ആകാശ അടിസ്ഥാന മൂലഘടകമാണെന്നു പറയുന്നു.

“അനുവാദം കിട്ടിയപ്പോൾ ശാലാവത്യൻ ചോദിച്ചു. “ഈ ലോകത്തിനു ഗതി എന്താണ്?.

‘ആകാശം’ എന്നായിരുന്നു പ്രവാഹണ ജീവാലിയുടെ ഉത്തരം. ‘ഈ ഭൂതങ്ങളെല്ലാം ആകാശത്തിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നത്. ആകാശത്തിലേക്കു അസ്തമിക്കുകയും ചെയ്യുന്നു. ആകാശം തന്നെയാണ് ഈ ഭൂതങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തിനേക്കാളും മഹത്തരമായത്. ആകാശം പരമമായ പ്രതിഷ്ഠയാകുന്നു.”[28]

[“When Pravahana Jaivali was asked what was the final habitat of all things, he answered it was Space. ‘All these beings emerge from space and are finally absorbed in space; space is verily greater than any of these things; space is the final habitat.]

ഗ്രീക്ക് – ഭാരതീയ ദർശനങ്ങൾക്കു ഒരു പൊതുഉറവിടം ഉണ്ടോ?

            മേൽപ്പറഞ്ഞ വസ്തുതകൾ (ഈ ലേഖനത്തിന്റെ പരിധിയിൽ വരാത്ത മറ്റനേകം സാമ്യങ്ങളും സൂചിപ്പിക്കുന്നത്) സൂചിപ്പിക്കുന്നത് ഭാരതീയ – ഗ്രീക്ക് ദർശനങ്ങൾക്കിടയിൽ ഒരു പൊതു ആശയവിനിമയ ധാര പ്രവർത്തിച്ചിട്ടുണ്ടെന്ന് തന്നെയാണ്. പേർഷ്യൻ സാ‌മ്രാജ്യം ഇടനിലയായും ആശയവിനിമയ ഉപാധികൾ നിലവിലിരുന്നതിനു തെളിവുകളുണ്ട്[29].

            ഒരു ഇന്ത്യൻ യോഗി ഏതൻസിൽ വച്ച് സോക്രട്ടീസുമായി സംഭാഷണം നടത്തിയതിനെ കുറിച്ച് യൂസേബിയസ് എഴുതിയത് ഈ അവസരത്തിൽ സ്മരണീയമാണ്.

            “അപ്പോൾ സംഗീതകാരനായ അർസ്റ്റോ‌ക്സെനുസ് ഇത്തരം നിലപാട് ഇന്ത്യയിൽനിന്നാണ് വന്നതെന്ന് പറഞ്ഞു. കാരണം, ഒരിക്കൽ ഇന്ത്യയിൽ നിന്നൊരു യോഗി സോക്രട്ടീസുമായി ഏതൻസിൽ വച്ച് കൂടിക്കാഴ്ച നടത്തി. ആ അവസരത്തിൽ ഇന്ത്യൻ യോഗി ‘താങ്കൾ ഏത് വിഷയമാണ് അടിസ്ഥാനപരമായി പഠിക്കുന്നത്’ എന്നു സോക്രട്ടീസിനോടു ചോദിച്ചു. ‘മനുഷ്യനെ പറ്റിയാണ് പഠിക്കുന്നതും സിദ്ധാന്തിക്കുന്നതും’ എന്ന സോക്രട്ടീസിന്റെ മറുപടിയിൽ ഇന്ത്യൻ യോഗി ചിരിച്ചു. ‘ദൈവികമായതിനെ അറിയാതെ മാനുഷികമായതിനെ അറിയാനാകില്ലെന്ന്’ ഇന്ത്യൻ യോഗി സോക്രട്ടീസിനോടു മറുപടിയായി പറഞ്ഞു”[30].

            ‘ദൈവികത്വവും മനുഷ്യത്വവും വ്യത്യസ്തമല്ല, ഒന്നാണ്’ എന്നതാണ് ഇന്ത്യൻ യോഗിയുടെ മറുപടിയുടെ കാതൽ. ഒറാക്കിൾ ഓഫ് ഡെൽഫിയുടെ കവാടത്തിൽ കൊത്തിവച്ചിരിക്കുന്ന ‘Know Thyself’ എന്ന വരി പ്രതിഫലിപ്പിക്കുന്നതും ഇന്ത്യൻ യോഗിയുടെ അഭിപ്രായം തന്നെയാണ്. പൗരാണിക ഭാരതവും ഗ്രീസും തമ്മിൽ ദാർശനിക സംബന്ധിയായ ആശയവിനിമയ ഉപാധികൾ നിലവിലുണ്ടായിരുന്നതായി ഈ സംഭാഷണം തെളിവ് തരുന്നു.

ഇതു കൂടാതെ ഇരു ദർശനങ്ങൾക്കും ഒരു പൊതു ഉറവിടം എന്ന ആശയവും പരിഗണനാർഹമാണ്. ഔട്ട് ഓഫ് ഇന്ത്യാ തിയറിയുടെ പ്രാധാന്യം ഇവിടെയാണ്[31]. വിവിധ ഇൻഡോ യൂറോപ്യൻ സമൂഹങ്ങൾ പഞ്ചാബ്-ഹരിയാന-ബാക്‌ട്രിയ എന്ന പ്രോട്ടോ ഇൻഡോ-യൂറോപ്യൻ ഹോംലാൻഡിൽ നിന്നാണ് അവരുടെ ഇന്നത്തെ ആവാസ സ്ഥലത്തേക്കു പാലായനം ചെയ്തതെങ്കിൽ ഗ്രീക്കുകാർ ഏറ്റവും അവസാനം പാലായനം ചെയ്ത സമൂഹമാകും[32]. എങ്കിൽ ഉപനിഷദ്/വേദിക് കാലഘട്ടത്തിൽ ഗ്രീക്കുകാരുടെ പ്രപിതാമഹന്മാർ പൗരാണിക ഭാരതത്തിൽ ഉണ്ടാകുമെന്നു സാരം. വിവിധ ഇൻഡോ ആര്യൻ സമൂഹങ്ങൾ തമ്മിലുള്ള ആചാരസംബന്ധിയായ കലഹം മൂലം ഗ്രീക്കുകാരുടെ പൂർവ്വികർ ഭാരതത്തിൽ നിന്നു പാലായനം ചെയ്യുന്നത് വേദിക്-ഉപനിഷത്ത് ആശയങ്ങളും കൊണ്ടാകുമെന്നത് ഇത്തരത്തിൽ സ്പഷ്ടമാണ്. ഒരു പൊതു ഉറവിടത്തിൽ നിന്നാണ് ഇന്ത്യൻ – ഗ്രീക് ഫിലോസഫികൾ ഉണ്ടായതെന്ന ജോൺ ബർണറ്റിന്റെ വാദം ഇവിടെ ശ്രദ്ധേയമാണ്. സാമ്യങ്ങളെ വെറും യാദൃശ്ചികമോ മറ്റോ ആയി കരുതി അദ്ദേഹം തള്ളിക്കളയുന്നേയില്ല. Early Greek Philosophy-യിൽ നിന്നു എടുത്തെഴുതുന്നു.

 “In India we have a precisely similar doctrine, and yet it is not possible to assume any actual borrowing of Indian ideas at this date. The only explanation which will account for the facts is that the two systems were independently evolved from the same primitive ideas. These are found in many parts of the world; but it seems to have been only in India and in Greece that they were developed into an elaborate doctrine.”

ഭാരതീയ്റ്റ – ഗ്രീക് ചിന്തകൾ ഒരേ ആദിമ ഉറവിടത്തിൽ നിന്നു ഉൽഭവിച്ച ശേഷം, സ്വതന്ത്രമായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ട് വികസിക്കപ്പെട്ടു എന്ന് ജോൺ ബർണറ്റ് പറയുന്നു. ഒരിക്കൽ ബാക്ട്രിയ – പഞ്ചാബ്/സപ്തസിന്ധു എന്ന പ്രോട്ടോ ഇൻഡോ-യൂറോപ്യൻ മാതൃദേശക്കാരായിരുന്ന ഗ്രീക്കുകാർക്കു തങ്ങളുടെ തത്ത്വചിന്ത ആശയങ്ങളിലുള്ള വേദിക് – ഉപനിഷത്ത് അംശങ്ങൾ തങ്ങളുടേതല്ലെന്നു തോന്നേണ്ട കാര്യമില്ലെന്നു ചുരുക്കം! അതിനാൽ തന്നെ ഭാരതീയ ദർശനവുമായുള്ള സാമ്യങ്ങൾ കടം കൊണ്ടതാണെന്നു അവർ സൂചിപ്പിച്ചില്ല[33].


[1] വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ എന്നിവയും തത്ത്വജ്ഞാന ചിന്തകളാൽ സമൃദ്ധമാണ്. രാമചന്ദ്ര ദത്താത്രേയ റാനഡെ & എസ്.കെ ബെൽവാൽക്കർ എന്നീ പണ്ഢിതർ ‘History of Indian Philosophy: The creative Period’ എന്ന ഗ്രന്ഥത്തിൽ അവയെല്ലാം വിശദീകരിച്ചിട്ടുണ്ട്.

[2] വേദിക് ആര്യന്മാർ ഭാരതത്തിലെ തദ്ദേശവാസികൾ തന്നെയാണെന്നാണ് ആർക്കിയോളജി ഉൾപ്പെടെയുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഭാഷാശാസ്ത്ര പ്രകാരമുള്ള തെളിവുകൾ സൗത്ത് റഷ്യ, അനറ്റോളിയൻ (തുർക്കി), ഇൻഡോ – ബാക്ട്രിയൻ ഉൾപ്പെടെയുള്ള വിവിധ ‘ഇൻഡോ-യൂറോപ്യൻ ഹോംലാൻഡ്’ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നതിനായി വ്യാഖ്യാനിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഒരൊറ്റ ഹോംലാൻഡ് സിദ്ധാന്തത്തെയല്ല ഭാഷാശാസ്ത്ര തെളിവുകൾ ചൂണ്ടിക്കാണിക്കുന്നത് എന്നർത്ഥം. ഭാഷാശാസ്ത്ര തെളിവുകൾ ഇപ്രകാരം അന്യോന്യ വിരുദ്ധമായ ഹോംലാൻഡ് സിദ്ധാന്തങ്ങളെ പിന്താങ്ങുന്നതിനായി ഉപയോഗപ്പെടുത്താമെന്നതിനാൽ, ഇൻഡോ യൂറോപ്യൻ സംസ്കാരങ്ങളിൽ ഏറ്റവും പൗരാണികമായതിനെ ഹോംലാൻഡ് ആയി പരിഗണിക്കുന്നതാണെന്ന് ഉചിതമന്ന് വാദമുണ്ട്, പ്രത്യേകിച്ചും സിന്ധു-സരസ്വതി നദീതടങ്ങളിലെ ആർക്കിയോളജി ആര്യൻ ആക്രമണ/അധിനിവേശ സിദ്ധാന്തങ്ങളെ നിരാകരിച്ചിട്ടുള്ളതിനാൽ. കൂടുതൽ വായനക്ക്:- Indo Aryan Origin and other Vedic issues, Nicolas Kazanas.

[3] “We do know, however, that the leading ideas of Orphicism were quite early. A number of thin gold plates with Orphic verses inscribed on them have been discovered in Southern Italy; and though these are somewhat later in date than the period with which we are dealing, they belong to the time when Orphicism was a living creed and not a fantastic revival. What can be made out from them as to the doctrine has a startling resemblance to the beliefs which were prevalent in India about the same time, though it seems impossible that there should have been any actual contact between India and Greece at this date. The main purpose of the Orgia (sacraments) was to ‘purify’ the believer’s soul, and so enable it to escape from the ‘wheel of birth’ and it was for the better attainment of this end that the Orphics were organized in communities.”

“…… In the first place, then, there can be no doubt that he (Pythagoras) really taught the doctrine of transmigration… among savages, this belief is commonly associated with a system of taboos on certain kinds of food, and the Pythagorean rule is best known for its prescription of similar forms of abstinence…… There is a further consideration which tells strongly in the same direction. In India we have a precisely similar doctrine, and yet it is not possible to assume any actual borrowing of Indian ideas at this date. The only explanation which will account for the facts is that the two systems were independently evolved from the same primitive ideas. These are found in many parts of the world; but it seems to have been only in India and in Greece that they were developed into an elaborate doctrine.”

Read More ->  ലേഖനം 7 -- അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ - 2

Early Greek Philosophy, John Burnet.

[4] The Shape of Ancient thought: Comparative Studies in Greek and Indian Philosophies, Thomas McEvilley.

[5] പ്രമുഖ ഇന്ത്യൻ ഇൻഡോളജിസ്റ്റ്, ശ്രീകാന്ത് തലഗേരി ഇൻഡോ – യൂറോപ്യൻ ഹോംലാൻഡ് പൗരാണികകാലത്തെ ‘ബാക്ട്രിയ – പഞ്ചാബ്’ പ്രവിശ്യയാണെന്നു Rigveda and Avesta: The final evidence എന്ന പുസ്തകത്തിൽ സമർത്ഥിക്കുന്നു. ഈ ‘ഔട്ട് ഓഫ് ഇന്ത്യ’ സിദ്ധാന്തപ്രകാരം ഇൻഡോ-യൂറോപ്യൻ ഭാഷകൾ ബാക്ട്രിയ – പഞ്ചാബ് പ്രവിശ്യയിൽ നിന്ന് ഇന്നു കാണുന്ന രാജ്യങ്ങളിലേക്ക് ജനങ്ങളുടെ പാലായനം വഴി വ്യാപിക്കുകയാണുണ്ടായത്. ഇപ്രകാരം ഏറ്റവും ഒടുവിൽ ബാക്ട്രിയൻ – പഞ്ചാബ് പ്രവിശ്യയിൽ നിന്ന് പുറത്തേക്കു പാലായനം ചെയ്തത് ബിസി രണ്ടായിരത്തോടു അടുത്ത്, ഗ്രീക്ക് – ഫ്രിജിയൻ വിഭാഗമാണെന്നു അദ്ദേഹം പലവിധ തെളിവുകൾ സഹിതം സമർത്ഥിക്കുന്നു. ഈ ‘ഔട്ട് ഓഫ് ഇന്ത്യ’ സിദ്ധാന്തം ശരിയാണെങ്കിൽ ഉപനിഷത്ത് കാലഘട്ടത്തിൽ പിൽക്കാല ഗ്രീക്കുകാരുടെ പൂർവികർ ബാക്ട്രിയ – പഞ്ചാബ് പ്രവിശ്യയിലുള്ളവരായിരിക്കും. ഉപനിഷത്തിനും പ്രീ-സോക്രട്ടിക് ഗ്രീക്ക് ദാർശനികർക്കും ഇടയിലുള്ള നിരവധി സാമ്യങ്ങൾക്കു കാരണം ഈ സഹവാസം ആയിരിക്കാൻ സാധ്യതയേറെയാണ്.

[6] “……. yet on many points their (Indians) opinions coincide with those of the Greeks, for like them they say that the world had a beginning, and is liable to destruction, and is in shape spherical, and that the Deity who made it, and who governs it, is diffused through all its parts. They hold that various first principles operate in the universe, and that water was the principle employed in the making of the world. In addition to the four elements there is a fifth agency, (Ether/Aakaasa) from which the heaven and the stars were produced. The earth is placed in the center of the universe. Concerning generation, and the nature of the soul, and many other subjects, they express views like those maintained by the Greeks. They wrap up their doctrines about immortality and future judgment, and kindred topics, in allegories, after the manner of Plato. Such are his statements regarding the Brachmanes.”

— Citing from ‘Ancient India’ as described by Megasthanes and Arrian.

[7] ഒറാക്കിൾ ഓഫ് ഡെൽഫിയുടെ കവാടത്തിൽ കൊത്തിവച്ചിരിക്കുന്നത് നിന്നെ തന്നെ നീ അറിയുക എന്നു അർത്ഥം വരുന്ന ‘Know Thyself’ എന്ന വരിയാണ്. ഇതിനു ഉപനിഷത്തിലെ ‘തത്ത്വമസി’യുമായുള്ള (Thou art that) സാമ്യം ശ്രദ്ധേയമാണ്.

[8] മിലേറ്റസിനു അക്കാലത്തെ പ്രമുഖ സംസ്കാരങ്ങളായിരുന്ന ബാബിലോണിയ, ഈജിപ്ത് എന്നിവയുമായി വ്യാപാരബന്ധമുണ്ടായിരുന്നു. പൗരാണിക കാലത്തു വാണിജ്യ മാർഗങ്ങളിലൂടെ ഒരു ദേശത്ത് നിലനിൽക്കുന്ന തത്ത്വജ്ഞാന – ശാസ്ത്ര – സാമൂഹിക ആശയങ്ങൾ മറ്റു ദേശങ്ങളിലേക്കു വ്യാപരിക്കുന്നത് സർവ്വസാധാരണമായിരുന്നു.

[9]  Thales has Phoenician lineage. (Herodotus, Histories).

[10] “Thales says that the world is held up by water and rides on it like a ship, and that what we call an earthquake happens when the earth rocks because of the movements of water.”

— Seneca, Questions about Nature.

[11]  “… However they disagree about how many of such principles there are, and about what they are like. Thales, who was the founder of this kind of philosophy, says that water is the first principle (which is why he declared that the earth was on water)…”

— Aristotle, Metaphysics. Another fragment about Thales-water connection is in his On the Heavens.

[12] സർവ്വം ഖലു ഇദം ബ്രഹ്മം.

[13] “Some says that the universe is shot through with soul, which is perhaps why Thales too thought that all things were full of gods.” – Aristotle, On the Soul.

[14] “In the beginning, verily, the waters alone existed; from the waters was born Satya or Truth; Satya produced Brahman, Brahman gave birth to Prajapati, and from Prajapati were born the gods; these gods worship Satya alone.”

— Brihadaranyaka Upanishad V.5.1. ( മറിച്ചു പ്രസ്താവിച്ചിട്ടില്ലെങ്കിൽ, ഉപനിഷത്തിന്റെ എല്ലാ മലയാള തർജ്ജമയും Sreyas.in ഓൺലൈൻ ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നാണ്).

[15] “Then was not non-existent or existent; there was no realm of air, no sky beyond it.

What covered in, and where? And what gave shelter? Was water there, unfathomed depth of water?”

— Rig-Veda: 10.129.1 (ഋഗ്‌വേദം അർത്ഥസഹിതം: വി ബാലകൃഷ്ണൻ & ആർ ലീലാദേവി).

[16] “Anaximenes of Miletus… shares his views that the underlying nature of things is single and infinite; however unlike Anaximender, Anaximenes’ underlying nature is not Boundless, but specific, since he says that it is Air, and claims that it is thanks to rarefaction and condensation that it manifests in different forms in different things. When dilated it becomes fire and when condensed it become first wind, then cloud and then… water, earth, stones, etc…”

— Theophrastus/Simplicius on ‘Commentary on Aristotle’s Physics’.

[17] “… Air is the first principle of things, since it is the source of everything and everything is dissolved back into it. He says, soul, which is air, hold us together…”

 ‌— Aetius, Opinions.

[18] “Next came Anaximenes, who claimed that air was a god, which has been created, was infinitely huge, and was always in motion.”

— Cicero, On the nature of the Gods.

[19] “… He attributed all the causes of the things to infinite air, but he did not deny the existence of gods or have nothing to say about them; however he believed not that air was made by them, but that they emerged from air.”

— Augustine, The city of Gods.

[20] Chandogya Upanishad. IV.3.1-2.

[21] Citing from Sreyas.in.

[22] Rigveda: 10.168.3-4. (ഋഗ്‌വേദ ഭാഷാഭാഷ്യം, ഒഎംസി നമ്പൂതിരിപ്പാട്).

[23] “It is wise for those who listen not to me but to the principle to agree in principle that everything is fire.”

— Hippolytus, Refutation of all heresies.

 “This world which is the same for all, no one of gods or men has made; but it was ever, is now, and ever shall be an ever-living Fire.”

“The transformations of Fire are, first of all, sea; and half of the sea is earth, half whirlwind.”

“All things are an exchange for Fire, and Fire for all things, even as wares for gold and gold for wares.”

“Fire lives in the death of earth, air lives in the death of fire, water lives in the death of air, and earth in the death of water.”

“Fire in its advance will judge and convict all things.”

— Citing from Early Greek Philosophy, John Burnet.

[24] Robin Waterfield, The First Philosophers: The Pre-Socratics and the Sophists.

[25] Chandogya Upanishad VI.8.4

[26] “I shall tell you of a double process. At one time it increased so as to be a single One out of Many; at another time it grew apart so as to be Many out of One—Fire and Water and Earth and the boundless height of Air, and also execrable Hate apart from these, of equal weight in all directions and Love in their midst, their equal in length and breadth.”

Ancilla to Pre-socratics philosophers, Kathleen Freeman.

[27] Ancilla to Pre-socratics philosophers, Kathleen Freeman. ഇവിടെ ‘Vehicle’ എന്നതിനു സാധാരണയായി കൊടുക്കുന്ന അർത്ഥം ‘Space/Ether’ എന്നാണ്. ഭാരതീയ ദർശനത്തിലെ ‘ആകാശ’ എന്നതിനോടു ഈ അർത്ഥം യോജിക്കുന്നു.

[28] Chandogya Upanishad. I. 9. 1

[29] The Shape of Ancient thought: Comparative Studies in Greek and Indian Philosophies, Thomas McEvilley.

[30]Eusebius of Caesarea: Praeparatio Evangelica (Preparation for the Gospel)’, Citing from The Shape of Ancient thought: Comparative Studies in Greek and Indian Philosophies, Thomas McEvilley.

[31] Rigveda: A Historical Analysis & Rigveda and Avesta: The final evidence, Srikant G Talageri.

[32] Rigveda and Avesta :The final evidence, Srikant G Talageri.

[33] രണ്ടു വസ്തുതകൾ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഒന്ന്, പ്രോട്ടോ ഇൻഡോ-യൂറോപ്യൻ മാതൃദേശം ഏതെന്ന സിദ്ധാന്തങ്ങളിൽ ഗ്രീസിനെ മാതൃദേശമായി കാണുന്ന സിദ്ധാന്തങ്ങൾ ഇല്ല. രണ്ട്, ഗ്രീക്കുകാർ അവർ ഇന്നു താമസിക്കുന്ന ഭൂമികയിലേക്കു പുറമേ നിന്നു വന്നവരാണ്, തദ്ദേശവാസികൾ അല്ല. അവലംബം – Indo Aryan Origin and other Vedic issues, Nicolas Kazanas.

Featured Image Credit -> https://indianexpress.com/article/research/similarities-between-greek-and-indian-mythology-as-narrated-by-devdutt-pattanaik-4586440/


അഭിപ്രായം എഴുതുക