ബുദ്ധധർമ്മം – ഒരു ആമുഖം

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ഭാരതത്തിൽ ഉദയം കൊണ്ട് ലോകമെമ്പാടും പ്രചാരം നേടിയ മതമാണ് ബുദ്ധമതം. അശോക ചക്രവർത്തിയുടെ കാലത്തു ബുദ്ധമതം ആദ്യമായി ഭാരതത്തിനു പുറത്തേക്കും വ്യാപിച്ചു. അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ അദ്ദേഹം ബുദ്ധധർമ്മ പ്രചാരകരെ മധ്യേഷ്യയിലേക്കും മറ്റും അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അശോകന്റെ കാലത്തിനു ശേഷവും ബുദ്ധധർമ്മം മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്നത് തുടർന്നു. ടിബറ്റ്, ചൈന, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ബുദ്ധധർമ്മം പ്രചുരപ്രചാരം നേടി.

ബുദ്ധമത സ്ഥാപകൻ ഗൗതമ സിദ്ധാർത്ഥൻ ആണ്. അദ്ദേഹം 563 BCE വർഷത്തിൽ കപിലവസ്‌തുവിൽ ജനിച്ചു. ശാക്യവംശജനായിരുന്ന സിദ്ധാർത്ഥൻ രാജകുമാരനും വിവാഹിതനുമായിരുന്നു. അതെല്ലാം ത്യജിച്ചാണ് അദ്ദേഹം ദുഃഖത്തിന്റെ ഹേതു തേടി പരിവ്രാജകനാകുന്നത്. ഇതിനു സിദ്ധാർത്ഥൻ തീവ്രസന്യാസം ഒഴിവാക്കിയും, സുഖോലുപതയിൽ മുഴുകാതെയും, മധ്യമാർഗം അവലംബിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം ബീഹാറിലെ ഗയയിൽ, ഒരു ആൽമരത്തിനു കീഴെ ധ്യാനനിമഗ്നനായിരിക്കുമ്പോൾ അദ്ദേഹത്തിനു ബോധോദയം ഉണ്ടായി. സിദ്ധാർത്ഥൻ അപ്പോൾ ബുദ്ധൻ (Enlightened One) ആയി.

നാല് ആര്യ സത്യങ്ങൾ (For Noble Truths)

ബോധോദയം നേടിയ ശ്രീബുദ്ധൻ ദുഃഖനിവാരണത്തിനായി നാല് തത്ത്വങ്ങളെ ഉപദേശിച്ചു. ഇവയെ “ആര്യ സത്യങ്ങൾ” എന്നു വിളിക്കുന്നു. ‘ആര്യ’ എന്നാൽ ശ്രേഷ്ഠം എന്നർത്ഥം.

1. ദുഃഖം (Sarvam Dukham).
2. ദുഃഖത്തിന്റെ കാരണങ്ങൾ (Dukha Samudaya).
3. ദുഃഖനിവാരണം (Dukha Nirodha).
4. ദുഃഖനിവാരണത്തിനുള്ള മാർഗങ്ങൾ (Dukha Nirodha Marga).

ദുഃഖം –

ബോധോദയം നേടിയ ശേഷമുള്ള ശ്രീബുദ്ധന്റെ ആദ്യത്തെ ധർമ്മഭാഷണമാണ് ധർമ്മ-ചക്ര-പ്രവർത്തന സൂത്രം (Dhamma-cakka-pavattana Sutta / The Setting in Motion of the Wheel of the Dharma). നാല് ആര്യസത്യങ്ങളാണ് ഇതിലെ പ്രതിപാദ്യവിഷയം. ഒന്നാമത്തെ ആര്യസത്യം ദുഃഖത്തിന്റെ ആസ്തിത്വത്തിനു അടിവരയിടുന്നു. ദുഃഖമെന്നത് ഒരു ഭാവനയല്ല. മറിച്ച് യാഥാർത്ഥ്യമാണ്. ഭൗതികലോകത്തിൽ ഉള്ളതെല്ലാം ദുഃഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധവചനപ്രകാരം ജനനം, മരണം, വാർദ്ധക്യം, രോഗാതുരത, ഇഷ്ടമുള്ളവയിൽ നിന്നുള്ള വേർപാട്., എന്നിങ്ങനെയുള്ളതെല്ലാം ദുഃഖമാണ്. ജീവിതത്തിൽ മനുഷ്യർ അനുഭവിക്കുന്ന അസംതൃപ്‌തി, ദുഃഖം, സംഘർഷം., എന്നിവയും ദുഃഖമാണ്. ലോകത്ത് സുഖസൗകര്യങ്ങൾ ഉണ്ടെങ്കിൽ തന്നെയും, അവ നഷ്ടപ്പെടുമോ എന്ന ആകുലചിന്ത വാസ്‌തവത്തിൽ ദുഃഖം തന്നെയാണ്.

‘സർവ്വം ദുഃഖം’ എന്ന ബുദ്ധവചനത്തിനു അതിഭൗതികമായ അർത്ഥതലം കൂടിയുണ്ട്. മനുഷ്യർ നാല് ആര്യസത്യങ്ങൾ അറിയാതെ ജനന-മരണ സംസാര പ്രക്രിയയിൽ ഉള്ള അസ്ഥിരമായ നിലകളെല്ലാം ശാശ്വതനിലകളാണെന്നു കരുതി അവയുമായി ഇടപെട്ടു പ്രവർത്തിക്കുന്നു. അത്തരം പ്രവർത്തികളെല്ലാം ദുഃഖഹേതുവാകുന്നു. അവിദ്യയുടെ സ്വാധീനത്തിലുള്ളവർ ലോകത്തിന്റെ അസ്ഥിരമായ ആസ്തിത്വനില മനസ്സിലാക്കുന്നില്ല. ഇത് ദുഃഖം തന്നെയാണ്.

Read More ->  ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം - ബൗദ്ധ സമ്മേളനങ്ങൾ

ദുഃഖ സമുദായ –

രണ്ടാമത്തെ ആര്യസത്യം ദുഃഖത്തിന്റെ കാരണത്തെ കുറിക്കുന്നു. ഒന്നും കാരണമില്ലാതെ, ശൂന്യതയിൽ നിന്ന് ഉൽഭവിക്കുന്നില്ല. ദുഃഖവും അങ്ങിനെ തന്നെ. ദുഃഖത്തിനു കൃത്യമായ കാരണവും ഉറവിടവും ഉണ്ട്. ഈ ലോകത്തുള്ള എല്ലാം തന്നെ കാരണത്തിൽ (Cause) നിന്നുണ്ടായ കാര്യങ്ങൾ (Effect) ആണ്. ‘ഒന്ന് മറ്റൊന്നിന്റെ ഉൽഭവത്തിനു കാരണമാകുന്നു, രണ്ടാമത്തേത് വീണ്ടുമൊന്നിന്റെ ഉൽഭവത്തിനു വഴിവയ്ക്കുന്നു‘. ഒരു ശൃംഖലയായി അനസ്യൂതം തുടരുന്ന ഈ കാര്യ-കാരണ പ്രക്രിയയെ ‘പ്രതീത്യസമുദ്‌പാദ’ (Pratītyasamutpāda / Dependent Origination) എന്നു വിളിക്കുന്നു. പ്രതീത്യസമുദ്‌പാദ തന്നെയാണ് ജനന-മരണങ്ങൾ ഉൾപ്പെടുന്ന സംസാരചക്രം. പ്രതീത്യസമുദ്‌പാദ-യുടെ ശരിയായ അർത്ഥം മനസ്സിലാക്കാത്തതാണ് ദുഖഃഹേതു. (പ്രതീത്യസമുദ്‌പാദയെ കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്).

ലോകത്തിന്റെ അസ്ഥിരനിലയാണ് ദുഖത്തിന്റെ ഹേതു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ അസ്ഥിരഭാവം മനസ്സിലാക്കാതെ വസ്തുക്കളോടും മറ്റുമുള്ള കമ്പം ദുഃഖത്തിനു വഴിവയ്‌ക്കുന്നു.

ദുഃഖഃ നിരോധ –

ദുഃഖം ഒരു യാഥാർത്ഥ്യമാണെന്നും, ദുഃഖത്തിന്റെ ഉൽഭവത്തിനു കൃത്യമായ കാരണമുണ്ടെന്നും ഉദ്‌ഘോഷിച്ച ശേഷം, ബുദ്ധൻ ദുഃഖം നിവാരണം ചെയ്യാൻ കഴിയുന്നതാണെന്ന് മൂന്നാമത്തെ ആര്യ സത്യത്തിൽ പറയുന്നു. രണ്ടാമത്തെ ആര്യസത്യം പ്രകാരം, ഭൗതിക ലോകത്തുള്ള എല്ലാ കാര്യങ്ങളും ചില കാരണങ്ങൾ മൂലം ഉൽഭവിക്കുന്നതാണല്ലോ. അപ്പോൾ ആ കാരണങ്ങളെ (Cause) ഉന്മൂലനം ചെയ്‌താൽ കാര്യത്തിന്റെ (Effect) ഉൽഭവത്തെ തടയാനാകും. ഇപ്രകാരം ദുഃഖത്തിനു ഹേതുവാകുന്ന കാരണത്തെ ഇല്ലാതാക്കിയാൽ ദുഃഖമാകുന്ന കാര്യത്തെയും ഇല്ലാതാക്കാം.

അവിദ്യയാണ് ദുഃഖത്തിന്റെ അത്യന്തിക കാരണം. പ്രതീത്യസമുദ്‌പാദയുടെ ആദ്യഘട്ടം അവിദ്യയാണ്. ഭൗതികലോകത്തിലെ ബന്ധനങ്ങളും, ജനന-മരണങ്ങളും എല്ലാം അവിദ്യ മൂലം സംഭവിക്കുന്നതാണ്.

ദുഃഖ നിരോധ മാർഗം –

ദുഃഖനിവാരണത്തിനുള്ള മാർഗമാണ് നാലാമത്തെ ആര്യസത്യം. ബുദ്ധൻ ഈ മാർഗ്ഗമാണ് അവലംബിച്ചത്. ഇതിനു 8 ഘടകങ്ങളുണ്ട്. സദാചാര ബന്ധിതവും മാനസിക ആരോഗ്യത്തിനു ഊന്നൽ നൽകിയിട്ടുള്ളതുമാണ് ഈ അഷ്ടമാർഗം.

1. ശരിയായ വീക്ഷണം (Right View) – ത്രിപീഠകയേയും ആര്യസത്യത്തേയും മറ്റു ബൗദ്ധതത്ത്വങ്ങളേയും കുറിച്ചുള്ള ശരിയായ അറിവ്.

2. ഉറച്ച ലക്ഷ്യം (Right Intention) – വിഷയസുഖങ്ങളിൽ അനുരക്തരാകാതെ, മറ്റുള്ളവരോടു വെറുപ്പും വൈരാഗ്യവും പ്രകടിപ്പിക്കാതെ സന്യാസം, ദയ, കരുണ എന്നിവയോടുള്ള പ്രതിപത്തി.

3. പക്വപൂർണമായ ഭാഷണം (Right Speech) – ദുഷ്‌പ്രചരണങ്ങളും നുണപറയലും ഇല്ലാതെ സത്യം മാത്രം പറയുക. മറ്റുള്ളവരെ വേദനിപ്പിക്കുന്ന സംസാരങ്ങൾ ഒഴിവാക്കുക എന്ന് സാരം.

4. ധാർമ്മിക പെരുമാറ്റം (Right Action) – ആർഭാടപൂർണമായ ജീവിതം, അമിതമായ ലൈംഗികത, മോഷണം., തുടങ്ങിയവ പാടില്ല. മാതാപിതാക്കൾ, കുട്ടികൾ, സഹജീവികൾ എന്നിവരോടുള്ള കർത്തവ്യം നിറവേറ്റുക.

5. ശരിയായ ജീവിതമാർഗം (Right Livelihood) – മറ്റുള്ളവർക്കും ജീവികൾക്കും ഹാനികരമായ വ്യാപാരങ്ങളിൽ ഇടപെടാതിരിക്കുക. ഉദാ: ആയുധവ്യാപാരം, മാംസവില്പന, ലഹരി വില്പന.

6. സ്ഥിരതയാർന്ന പരിശ്രമം (Right Effort) – മനസ്സിനേയും ഇന്ദ്രിയങ്ങളേയും എപ്പോഴും കടിഞ്ഞാണിട്ടു പിടിച്ചു നിർത്തുക. അതുവഴി ദുഷ്‌ചിന്തകളെ ഒഴിവാക്കി നല്ല പ്രവൃത്തികൾ ശീലമാക്കുക.

Read More ->  'അപൗരുഷേയത' എന്ന വാക്കിന്റെ അർത്ഥം എന്ത്?

7. അചഞ്ചലമായ ഏകാഗ്രത (Right Mindfulness) – സംവേദനങ്ങൾ, മനസ്സ്, ആശയങ്ങൾ എന്നിവയെ പറ്റിയുള്ള ശരിയായ ധാരണയാണ് ഇവിടെ പ്രതിപാദ്യം. സംവേദങ്ങളുടെ സ്വഭാവം, ഉൽഭവം, വിവിധ മാനസിക വ്യവഹാരങ്ങൾ എന്നിവയെപ്പറ്റിയുള്ള കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

8. പൂർണ സമാധി (Right Concentration) – ആര്യ അഷ്ടമാർഗങ്ങലിൽ ഏറ്റവും പ്രധാനം ഇതാണ്. ഇതിൽ നാല് ധ്യാനരീതികൾ അടങ്ങിയിരിക്കുന്നു.

ആദ്യത്തേതിൽ, ഇന്ദ്രിയ സംബന്ധിയായ ആഗ്രഹങ്ങളും മാനസികഭാവങ്ങളും നിഗ്രഹിക്കപ്പെടുന്നു; ഭിക്ഷു ഹർഷോന്മാദതിലാകുന്നു. രണ്ടാമത്തെ ധ്യാനത്തിൽ, എല്ലാ ബൗദ്ധിക വ്യവഹാരങ്ങളും നിലച്ച് അപാരമായ ശാന്തതയിൽ ഭിക്ഷു എത്തുന്നു; ഹർഷോന്മാദം ഇപ്പോഴും നിലനിൽക്കുന്നു. മൂന്നാമത്തേതിൽ, ഉന്മാദം നിലച്ച്, തികഞ്ഞ ഭിക്ഷു അക്ഷോഭ്യനും സമചിത്തനുമാകുന്നു. നാലാമത്തെ ധ്യാനത്തോടെ എല്ലാ തരം ദ്വൈതഭാവങ്ങളേയും വെടിഞ്ഞ് ഭിക്ഷു അപാരമായ ശാന്തതയിൽ ലയിക്കുന്നു.

നാലാമത്തെ ആര്യസത്യം നിർദ്ദേശിക്കുന്ന അഷ്ടമാർഗം ഇവയാണ്.

ശ്രീബുദ്ധന്റെ നാല് ആര്യസത്യങ്ങൾക്കു തത്തുല്യമായവ ഭാരതീയ ചികിൽസാ ശാസ്‌ത്രത്തിൽ ഉണ്ട്. ബൗദ്ധ പണ്ഢിതനായ യമകാമി സോഗൻ ഇത് സൂചിപ്പിച്ചു കൊണ്ട് പതജ്‌ഞലിയുടെ യോഗശാസ്‌ത്രത്തിനു വ്യാസൻ രചിച്ച ഭാഷ്യത്തിൽ നിന്നു എടുത്തെഴുതുന്നു.

As the medical science has four departments, viz., Disease, Cause of Disease, Removal of Desease and Remedy, even so, this branch of knowledge has Samsara, Cause of Samsara, Emancipation and Means conducting to emancipation.

Systems Of Buddhistic Thought, Yamakami Sogen. Page 72.

ബുദ്ധധർമ്മ സംഹിത

ബുദ്ധധർമ്മവുമായി ബന്ധപ്പെട്ട രചനകളും ഉപരചനകളും നിരവധിയാണ്. ഇവ പ്രധാനമായും എഴുതപ്പെട്ടിരിക്കുന്നത് പാലി, സംസ്‌കൃതം എന്നീ ഭാഷകളിലാണ്. ഹീനയാന വിഭാഗം പാലി ഭാഷ ഉപയോഗിച്ചപ്പോൾ, മഹായാന വിഭാഗം സംസ്‌കൃതം തിരഞ്ഞെടുത്തു.

ബുദ്ധധർമ്മത്തിന്റെ പരമപ്രധാനമായ ആധാര ഗ്രന്ഥങ്ങളെ “ത്രിപീഠക” എന്നു വിളിക്കുന്നു. പേരു സൂചിപ്പിക്കും പോലെ ഇവ മൂന്നാണ്:

വിനയ പീഠക – ബൗദ്ധ സന്യാസിമാരുടെ ‘സംഘം’ അനുസരിക്കേണ്ട പെരുമാറ്റ, അച്ചടക്ക നിയമങ്ങൾ ഇതിൽ പരാമർശിക്കുന്നു.

സൂത്ര പീഠക – ബുദ്ധന്റെ വചനങ്ങൾ, പ്രബോധനങ്ങൾ, സംഭാഷണങ്ങൾ എന്നിവ അടങ്ങുന്നതാണ് സൂത്ര പീഠക. ഇതിനെ നിഖായ എന്നും വിളിക്കുന്നു. ഉദാ: ദിഗനിഖായ, മജ്ജിമനിഖായ.

അഭിധർമ്മ പീഠക – തത്ത്വചിന്താപരമായ ചർച്ചകൾ ഇതിൽ പ്രതിപാദിക്കുന്നു.

ഇത് കൂടാതെ മറ്റനേകം ഗ്രന്ഥങ്ങളും ബുദ്ധധർമ്മ സംഹിതയിലുണ്ട്. ഉദാഹരണമായി മിലിന്ദപഥ (ഹീനയാനം), പ്രജ്ഞാപരമിത ശാസ്ത്രം (മഹായാനം).


അഭിപ്രായം എഴുതുക