അദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.എട്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാവി ജീവിതത്തെ അടിമുടി മാറ്റിത്തീർത്തേക്കാവുന്ന, അല്ലെങ്കിൽ സ്വാധീനിച്ചേക്കാവുന്ന, ആശയങ്ങൾ മനസ്സിൽ ഉദിക്കാനും പ്രാവർത്തികമാക്കാനും ചുരുങ്ങിയത് എത്രസമയം വേണം? ഒരു മിനിറ്റ്…. ഒരു മണിക്കൂർ…. ഒരു ദിവസം….? എല്ലാ ഉത്തരവും ശരിയാണ്. അതെങ്ങനെയാണ് എല്ലാ ഉത്തരങ്ങളും ശരിയാകുന്നത്. സൂചിപ്പിക്കട്ടെ, ആശയവൽക്കരണവും സ്വായത്തമാക്കലും വ്യക്തിപരമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നതിനാൽ വൈവിധ്യം പ്രതിഫലിക്കും. എന്റെ കാര്യത്തിൽ, വെറും ഒരുമിനിറ്റ് മാത്രം നീണ്ട ആലോചനയിലെടുത്ത, ‘മലയാളത്തിൽ ഒരു ബ്ലോഗ് തുടങ്ങുക‘ എന്ന തീരുമാനമാണ് ഭാവിയെ ആകെ മാറ്റിമറിച്ചത്.

എഴുതുക എന്ന ആശയം ആദ്യം മനസ്സിൽ ഉദിക്കുന്നത് തിരുവനന്തപുരത്തു ഹോളിസ്റ്റിക് ചികിൽസക്കു വിധേയനായ കാലത്താണ്. ഒരുദിവസം അടുത്ത മുറിയിൽ താമസിക്കുന്ന അരുൺ എന്ന സുഹൃത്തിന്റെ പേർസണൽ ഡയറി തുറന്നിരിക്കുന്ന പോസിൽ കാണാനിടയായി. അതിൽ കോളേജിൽ പ്രണയിക്കുന്ന പെൺകുട്ടിയെപ്പറ്റി അദ്ദേഹം കുറച്ചു വാക്കുകൾ എഴുതിയിട്ടിരിക്കുന്നു. കഥയല്ല, കവിതയല്ല, വെറുതെ കുറച്ചു വാക്കുകൾ മാത്രം. പ്രണയം ആരെക്കൊണ്ടും എഴുതിപ്പിക്കും എന്നാണല്ലോ പ്രമാണം. അദ്ദേഹവും അത്തരത്തിലുണ്ടായ മുകുളമാണെന്നു തോന്നി. സുഹൃത്തിന്റെ വാക്‌ചാതുര്യം എഴുതണമെന്ന ആഗ്രഹം എന്റെ മനസ്സിലുണർത്തി. ചില ശ്രമങ്ങൾ ഞാൻ നടത്തുകയും ചെയ്തു. എങ്കിലും എഴുത്ത് കാര്യമായി മുന്നോട്ടു പോയില്ല.

ഒന്നര വർഷത്തിനു ശേഷം കെൽട്രോണിൽ ജോലി ചെയ്യാൻ വീണ്ടും തിരുവനന്തപുരത്ത് എത്തേണ്ടി വന്നു. എഴുതണമെന്ന ആഗ്രഹം സടകുടഞ്ഞ് എഴുന്നേറ്റു. എന്നിലെ എഴുത്തുകാരൻ രാജുവിൽ വായനക്കാരനെ കണ്ടെത്തി. റൂമിലും ഓഫീസിലും സംഭവിച്ച രസകരമായ കാര്യങ്ങൾ ഞാൻ എഴുതിക്കാണിച്ചു. രാജു ചിലതിനു സബാഷ് എന്നു പറഞ്ഞു. മറ്റു ചിലത് വായിച്ച് നീയിനി എഴുതരുത് എന്നു താക്കീത് ചെയ്തു. തിരുവനന്തപുരം വിട്ട ശേഷം നിലച്ച എഴുത്ത്, വീണ്ടും ആരംഭിക്കുന്നത് ബ്ലോഗിലാണ്.

മലയാളം ബ്ലോഗിലേക്കുള്ള കാൽവയ്പ് ഞാൻ അന്നുവരെ അനുവർത്തിച്ച രീതികളിൽ മാറ്റം കൊണ്ടുവന്നു. ഞാൻ ചില പുതിയ ശീലങ്ങൾ തുടങ്ങി. കൂടുതൽ ഭാവന ചെയ്തു. കാണുന്ന രംഗങ്ങളിൽ കഥക്കുള്ള ത്രെഡ് ഉണ്ടോയെന്നു പരിശോധിച്ചു. സുഹൃത്തുക്കളുടെ സ്വാഭാവിക പെരുമാറ്റങ്ങളെ പോലും അബ്നോർമലിറ്റിയിലേക്കു പരിവർത്തിപ്പിക്കാൻ ശ്രമിച്ചു., അങ്ങിനെയങ്ങിനെ. എല്ലാം എഴുതാൻ കോപ്പുകൾ അന്വേഷിച്ചുള്ള പരക്കം പാച്ചിലിന്റെ ഫലമായിരുന്നു. ക്രമേണ ഈവിധ ശീലങ്ങൾ എന്നെത്തന്നെ മാറ്റിയെടുത്തു. ഒളിഞ്ഞു കിടന്നിരുന്ന കഴിവുകൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥ. പ്രത്യക്ഷപ്പെട്ടതിനെയെല്ലാം മലയാളം ബ്ലോഗ് പരിപാലിച്ചു വളർത്തി.

Read More ->  അദ്ധ്യായം 15 -- ഫൈനൽ ലാപ്പ്

നമ്മൾ നേരിട്ടതും നേരിടുന്നതുമായ തോൽവികളെ അവഗണിക്കാനും, മറക്കാനും ഉതകുന്ന നിരവധി ഉപാധികൾ നമുക്കു ചുറ്റുമുണ്ട്. സഹജീവികളുമായുള്ള ഇടപെടലുകളിൽ നിന്നു പിൻവാങ്ങുന്നതു പരിഹാരമേയല്ല. കാരണം മനസ്സിന്റെ ജഢാവസ്ഥ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുകയേയുള്ളൂ. മനസ്സ് ജോലിയാണ് ആവശ്യപ്പെടുന്നത്, വിശ്രമം അല്ല. വിശ്രമാവസ്ഥയിൽ മാനസിക വ്യാപാരങ്ങൾ വ്യാപിക്കുന്നത് കൂടുതലും അയഥാർത്ഥ്യങ്ങളിൽ ആയിരിക്കും. ഭൗതികലോകത്തിന്റെ പങ്കാളിത്തമില്ലായ്മയാണ് കാരണം. ബാഹ്യപ്രകൃതിയുടെ പങ്കാളിത്തമില്ലാത്ത പ്രവൃത്തികൾ, മനസ്സിനെ നിയന്ത്രണമില്ലായ്മയുടെ തലത്തിലേക്കു ഉയർത്തുന്നു. അത് അപക്വമായ തലമാണ്. അതിൽനിന്നു ഒഴിഞ്ഞു നിൽക്കേണ്ടതുണ്ട്. ഈവിധ കാരണങ്ങളാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ചുറ്റുപാടുകളിൽ നിന്നു വേർപെട്ടു ജീവിക്കുന്നത് നന്നല്ല. തിരിച്ചടി കിട്ടിയ മേഖലയിൽ നിന്നു മാറി പുതിയ മേഖലയിൽ ഇടപെട്ടു പ്രവർത്തിക്കുന്നതാണ് ഉചിതം. അപ്പോൾ നിരാശക്കിടയിലും വ്യക്തി പിടിച്ചു നിൽക്കുന്നത് കാണാം. ഈ തത്വം മനസ്സിലാക്കിയവർ മനപ്പൂർവ്വം പണി തേടിപ്പിടിക്കും. എന്റെ കാര്യത്തിൽ അങ്ങിനെ ഉണ്ടായില്ല. പകരം ആകസ്മികമായി മലയാളം ബ്ലോഗ് എന്ന ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ഞാൻ അകപ്പെട്ടു പോവുകയായിരുന്നു..

എനിക്കു എഴുതാനായി കുറേ കാര്യങ്ങൾ അതിനകം സംഭവിച്ചു കഴിഞ്ഞിരുന്നു. കൂടുതൽ കാര്യങ്ങൾ ഭാവിയിൽ സംഭവിക്കുമെന്നു ഊഹവും കിട്ടിയിരുന്നു. ആവിഷ്കരണം ആദ്യമൊക്കെ ഡയറിത്താളുകളിൽ ഒതുക്കി നിർത്തി. പക്ഷേ സ്വന്തം അനുഭവങ്ങൾ സ്വയം എഴുതി, സ്വയം വായിച്ചു തൃപ്തിയടയുന്നതിൽ എന്താണ് രസം? കൂടുതൽ വായനക്കാരെ ഞാൻ ആഗ്രഹിച്ചു. അവരോടു വിളിച്ചു പറയാൻ ആഗ്രഹിച്ചു. ഇതാ, ഇവിടെ ആരുമറിയാതെ, ചില വ്യത്യസ്തമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. നിങ്ങൾ അതു അറിയുന്നുവോ?. മലയാളം ബ്ലോഗ് ഇത്തരം അഭിപ്രായ പ്രകടനത്തിനുള്ള വേദിയായി. അതിൽ ബാംഗ്ലൂർ നഗരത്തിൽ തൊഴിലന്വേഷണത്തിനിടെ നേരിട്ട ഓരോ ദുരനുഭവവും ഞാൻ കുറിച്ചുവച്ചു. എന്റെ അനുഭവങ്ങളുടെ പ്രതിനിധീകരണം, നഗരത്തിൽ സമാന സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഓരോരുത്തരുടേയും കൂടിയായിരുന്നു. ബ്ലോഗിൽ ഞാൻ എഴുതിയിട്ട വാക്കുകൾ അവഗണനകൾക്കെതിരെയുള്ള എന്റെ പരിമിതമായ കലാപവും.

ആദ്യം ബാംഗ്ലൂർ നഗരത്തിലെ അനുഭവങ്ങളിൽ ഒതുങ്ങിനിന്ന എഴുത്ത്, പിന്നീടു സ്വന്തം ഗ്രാമത്തിലെ പ്രാദേശിക ഹീറോകളെ, ഗ്രാമം പശ്ചാത്തലമാക്കി പരിചയപ്പെടുത്തുന്നതിലേക്കു വളർന്നു. അത് ദീർഘവീക്ഷണത്തോടെ നടത്തിയ ഒരു ചുവടുവയ്പായിരുന്നു. എഴുത്തിൽ നിയതമായ ഘടന ഞാൻ എപ്പോഴും പുലർത്തി. ഒരേ ഭൂപ്രകൃതി എല്ലാപോസ്റ്റിലും നിലനിർത്തി. ഇത്തരത്തിൽ ഐക്യരൂപത്തോടെ എഴുതിയ പതിനാറ് കഥകൾ ഉൾപ്പെട്ട സമാഹാരം 2014 ഏപ്രിലിൽ മലയാളത്തിലെ മുൻനിര പബ്ലിഷിങ് സ്ഥാപനമായ ഡിസി ബുക്ക്സ്, ‘കക്കാടിന്റെ പുരാവൃത്തം’ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കി. നാട്ടുപെരുമയുടെ ഉൽസവം തീർത്ത ആ പുസ്തകം എന്റെ ആദ്യത്തെ ചുവടുവയ്പായിരുന്നു. ആത്മകഥാ കുറിപ്പുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്.

***************

പറയാൻ പോകുന്നത് പ്രതീക്ഷയെ പറ്റിയാണ്. എല്ലാ മനുഷ്യരിലുമുള്ള ഒരു മാനസിക നില. (മാനസികനില എന്ന നിർവചനത്തിൽ ഒതുങ്ങുന്നതല്ല പ്രതീക്ഷയുടെ വ്യാപ്തിയെന്ന് അറിയാത്തതല്ല. പക്ഷേ ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്ന്, എന്തിനെയെങ്കിലും നിർവചിക്കുക എന്നതാണല്ലോ) കവർ ചെയ്യുന്ന കാലത്തെ ആസ്പദമാക്കി പ്രതീക്ഷകളെ രണ്ടായി തരംതിരിക്കാം കുറേക്കാലം നീളുന്നവയും, കുറച്ചുകാലം മാത്രം നീണ്ടുനിൽക്കുന്നവയും. ആദ്യത്തേത് തികച്ചും അപകടകരമാണ്. കാരണം കൊല്ലങ്ങളോളം നീളുന്ന പ്രതീക്ഷകൾക്കു, എപ്പോഴും സമയഘടന നിശ്ചയിക്കാൻ പറ്റിയേക്കില്ല. അതിനാൽ പ്രതീക്ഷകൾ ആശിച്ച കാലത്തു സംഭവിച്ചില്ലെങ്കിൽ മറ്റൊരു കാലത്തേക്കു, പ്രതീക്ഷ പുലർത്തുന്നവൻ നീട്ടിവയ്ക്കും. കാലത്തും യാഥാർത്ഥ്യമായില്ലെങ്കിൽ വീണ്ടും നീട്ടിവയ്ക്കൽ. പ്രതീക്ഷ അങ്ങിനെ അനന്തമായി നീളും. ഇക്കാലത്തിനിടയ്ക്കു സംഭവിക്കാൻ വളരെ സാധ്യതയുള്ളത് എന്നതിൽ നിന്നു ചിലപ്പോൾ സംഭവിച്ചേക്കാം എന്ന സ്ഥിതിയിലേയ്ക്കു പ്രതീക്ഷ മാറുകയും ചെയ്യും. റിയാലിറ്റി സ്റ്റേജിൽ നിന്നു സെമി-റിയാലിറ്റി സ്റ്റേജിലേക്കുള്ള മാറ്റം. ആദ്യത്തെ അവസ്ഥയിൽ പ്രതീക്ഷയ്ക്കു ഊർജ്ജസ്വല ഭാവമാണെങ്കിൽ രണ്ടാമത്തേതിൽ മുരടിപ്പും അനിശ്ചിതത്വവും മുറ്റി നിൽക്കുന്നുണ്ടാകും.

എഴുത്തിനെ പറ്റി എനിക്കു കൃത്യമായ പദ്ധതികളും പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ സപ്പോർട്ടിങ്ങ് സിസ്റ്റത്തിന്റെ കടിഞ്ഞാൺ എന്നിൽ അല്ലാതിരുന്നതിനാൽ, ആസൂത്രണം ചെയ്ത ലോങ്ങ്ടേം പ്ലാനുകൾക്കു സമയഘടന കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിനിടയിൽ പ്ലാനിനെ ആശ്രയിച്ചു ടൈംഫ്രെയിമുള്ള മറ്റു പ്ലാനുകൾക്കും ഞാൻ രൂപം കൊടുത്തു. ആദ്യത്തേതിന്റെ പരാജയമോ നീട്ടിവയ്ക്കലോ രണ്ടിനേയും ബാധിക്കുമെന്ന നില.

ഒടുവിൽ ഭയന്നതു സംഭവിച്ചു. ആദ്യത്തെ പ്ലാൻ തെറ്റി. തുടർന്നു സകലതും തകർന്നടിഞ്ഞു. അതൊരു പാഠമായിരുന്നു. കുറഞ്ഞ കാലം നീണ്ടുനിൽക്കുന്ന പ്രതീക്ഷകളേ മനസ്സിൽ വച്ചു പുലർത്താവൂ എന്ന പാഠം. വർഷങ്ങളോളം നീളുന്ന പ്രതീക്ഷകൾ മനസ്സിൽ പേറിയാൽ അതു ജീവിതത്തിൽ വിപരീതഫലം ഉളവാക്കിയേക്കും. പ്രതീക്ഷ എന്നത് തന്നെ മറ്റൊരു പ്രതീക്ഷയാകുന്ന അവസ്ഥ. അതിനാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന പ്രതീക്ഷകൾ മനസ്സിൽ വച്ചുപുലർത്തുന്നവർ സ്വയം വിശകലനം നടത്തുക.

പത്താമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Read More ->  അദ്ധ്യായം 14 -- പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അഭിപ്രായം എഴുതുക