അദ്ധ്യായം 14 — പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



പതിമൂന്നാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്ദ്രപ്രസ്ഥം വളരെ മനോഹരമാണ്. അനേകം രാജവംശങ്ങളുടെ ഉദയവും പതനവും ഇവിടേയും, ഇതിനടുത്ത ഭൂമികയിലുമായിരുന്നു. കാണാനും വിസ്മയിക്കാനും അനവധി ഇടങ്ങൾ. കുത്തബ്‌ മീനാറിന്റെ തുഞ്ചത്തു കണ്ണുനട്ടു. സ്വാമി നാരായൺ ക്ഷേത്രത്തിന്റെ ശില്പചാതുരിയിൽ മതിമറന്നു. ചെങ്കോട്ടയിലെ നിർമിതികൾ വിസ്മയിപ്പിച്ചു. ഇന്ത്യാഗേറ്റിൽ കൊത്തി വച്ചിരിക്കുന്ന ജവാന്മാരുടെ പേരുകൾ വായിച്ചു. പക്ഷേ മനസ്സിൽ തങ്ങിനിന്നത് ലോട്ടസ് ബഹായി ടെമ്പിളിലെ നിശബ്ദതയാണ്. താമരയുടെ ആകൃതിയുള്ള ടെമ്പിളിൽ കയറാൻ ക്യൂ നിൽക്കുമ്പോൾ ഒരു യുവതി, അവർക്കു ദൈവികമായ ഭംഗിയുണ്ടായിരുന്നു, ഹിന്ദിയിലും ഇംഗ്ലീഷിലും വരിയിലുള്ളവർക്കു നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

ഹരീഷ് സൂചിപ്പിച്ചു. “അമ്പലത്തിനുള്ളിൽ സംസാരിക്കരുത്. നിശബ്ദമായി ബെഞ്ചിൽ ഇരിക്കാം, എത്ര നേരം വേണമെങ്കിലും. പ്രത്യേക സമയക്രമം ഇല്ല.”

വട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്ന മരബെഞ്ചുകളിലൊന്നിൽ ഞാൻ ഇരുന്നു. ചുറ്റിലും ആളുകൾ ഉണ്ട്. അവർ ഒന്നും മിണ്ടിയില്ല. മൗനത്തിന്റെ സുരക്ഷിതത്വത്തിൽ എല്ലാവരും ഒതുങ്ങിക്കൂടി. ഒരു മിനിറ്റേ കഴിഞ്ഞുള്ളൂ. പ്രതീക്ഷിച്ച പോലെ എന്റെ മനസ്സിൽ കനംവീണു. കൗമാരത്തിൽ ആകെക്കൂടി അഞ്ചുമിനിറ്റ് മാത്രം സംസാരിക്കാറുള്ള ദിനങ്ങൾ ഓർമയിലെത്തി. വീട്ടിൽ, ഇരുട്ടുവീണ തെക്കേമുറിയിലെ ചാരുകസേരയിൽ ഇരുന്ന്, വിഷമത്തോടെ മണിക്കൂറുകൾ തള്ളിനീക്കുമ്പോൾ ഞാൻ അനുഭവിച്ചിട്ടുള്ള നിശബ്ദതക്കു ഇതേ ഭാരമായിരുന്നു. മനസ്സിലെ സമ്മർദ്ദം നിയന്ത്രണാതീതമായി ഉയരുന്നതറിഞ്ഞ് ഞാൻ ബെഞ്ചിൽനിന്നു എഴുന്നേറ്റു. കുറച്ചുനേരം കൂടി ഇരിക്കാൻ ഹരീഷ് ആംഗ്യം കാണിച്ചെങ്കിലും ഞാൻ ഗൗനിച്ചില്ല. തിരക്കിട്ടു ടെമ്പിളിനു പുറത്തിറങ്ങി; അടുത്തു കണ്ട കൽപ്പടവിൽ ഇരുന്നു കിതച്ചു. എന്നിലെ നിശബ്ദതക്കു അതോടെ വേലിയിറക്കം ആരംഭിച്ചു.

കനത്ത നിശബ്ദതയെ, ചിലപ്പോൾ, ഭയമാണ്. അന്നും ഇന്നും.

***************

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിളിറ്റി ഫൗണ്ടേഷൻ (Ability Foundation) എന്ന പ്രമുഖ സ്ഥാപനത്തേയും, അവർ വികലാംഗർക്കു മാത്രമായി സംഘടിപ്പിക്കാറുള്ള ‘Employ Ability’ തൊഴിൽ ‌മേളയേയും പറ്റി ഞാൻ ആദ്യമായി അറിയുന്നത് ഒരു സുഹൃത്തിൽ നിന്നാണ്. കമ്പനി മുഖേന ലഭിച്ച വിവരം അദ്ദേഹം എനിക്ക് കൈമാറി. ഞങ്ങൾ തമ്മിൽ അടുത്ത പരിചയമില്ലെങ്കിലും ചെന്നൈയിൽ നടക്കുന്ന പ്രസ്തുത പ്രോഗ്രാം എനിക്കു ഗുണകരമായേക്കുമെന്നു സുഹൃത്തിനു തോന്നിയിരിക്കണം. അദ്ദേഹത്തിന്റെ ജാഗ്രതയെ ഞാൻ മാനിച്ചു. എങ്കിലും തൊഴിൽമേളയിൽ പങ്കെടുത്തില്ല.

‘Employ Ability 2006’ തൊഴിൽമേളയിൽ പങ്കെടുക്കാതിരിക്കാൻ എനിക്കു ചില കാരണങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തു, അനുഭവങ്ങളുടെ കുറവു മൂലം, ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നത് ശ്രവണന്യൂനത മൂലം എനിക്കു ബാംഗ്ലൂരിൽ വിവേചനങ്ങൾ നേരിടേണ്ടി വരില്ലെന്നാണ്. നഗരത്തിൽ എത്തിയിട്ടു ഒന്നര വർഷമേ ആയുള്ളൂ. പ്രമുഖ കമ്പനികളുടെ ഇന്റർവ്യൂകൾ അഭിമുഖീകരിച്ചിട്ടില്ല. ഐടി രംഗത്തെ ‘കളി’കളെ പറ്റി ബോധവാനല്ല. അല്പം ബുദ്ധിമുട്ടിയേക്കാമെങ്കിലും ഭാവി ശോഭനമാണെന്ന ഉറച്ച വിശ്വാസം. തൊഴിൽമേളയിൽ പങ്കെടുക്കാതിരിക്കാൻ ഇവയൊക്കെയായിരുന്നു പ്രധാന കാരണങ്ങൾ.

കുറച്ചു നാളുകൾക്കുള്ളിൽ എബിളിറ്റി ഫൗണ്ടേഷൻ വിസ്മൃതിയിൽ ആണ്ടു. അതു മറ്റൊരു അൽഭുത പ്രതിഭാസം. ‘മറവി’ എന്താണെന്നു ഇന്നുവരെ മനസ്സിലായിട്ടില്ല. ഓർമ്മ എന്നു പറയപ്പെടുന്ന ഇടത്തിൽ, ഒരിക്കൽ വസ്തുതകൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നു. പിന്നീട് ‘മറന്നു പോകുന്നു’. എന്നുവച്ചാൽ ഓർമയിൽ രേഖപ്പെടുത്തപ്പെട്ടവ ഇല്ലാതാകുന്നു. രേഖപ്പെടുത്തപ്പെട്ട ഇടം ഇപ്പോൾ തീർച്ചയായും ഒഴിഞ്ഞു കിടക്കുകയാണ്. പിന്നീടു ‘മറന്നുപോയ’ കാര്യങ്ങൾ വീണ്ടും ഓർമയിൽ തെളിയുന്നു. ഒഴിഞ്ഞു കിടന്നിരുന്ന ഇടങ്ങൾ വീണ്ടും സജീവമാക്കപ്പെടുനു. ഇതു ആൽഭുതകരമല്ലേ? ഓർമ്മയിൽ നിന്നു മറന്നവ എവിടെയാണ് ശേഖരിക്കപ്പെട്ടത്? ഓർമ്മക്കു പുറമെ, മറന്ന കാര്യങ്ങൾ സൂക്ഷിക്കാൻ, മറ്റൊരു വിർച്ച്വൽ ഓർമ്മയും ഉണ്ടോ? ഈ വിർച്ച്വൽ ഓർമ്മയുടെ പേരാണൊ മറവി? എബിളിറ്റി ഫൗണ്ടേഷൻ എന്റെ ഓർമ്മയിൽ നിന്നു വിർച്ച്വൽ ഓർമ്മയിൽ ശേഖരിപ്പിക്കപ്പെട്ടു.

യാഥാർത്ഥ്യത്തിലേക്കു എത്താൻ കുറച്ചു കാലമേ വേണ്ടിവന്നുള്ളൂ. അതിനുള്ളിൽ ഞാൻ നടുക്കത്തോടെ, നിരാശയോടെ മനസ്സിലാക്കി. ചില പ്രത്യേക കള്ളികളിൽ നിൽക്കാൻ വിധിക്കപ്പെട്ടവർ അത്തരം കള്ളികളിൽ അടങ്ങി ഒതുങ്ങി നിൽക്കുമ്പോൾ മാത്രമേ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നുള്ളൂ. കള്ളികൾക്കു പുറത്തു നിൽക്കാൻ ആഗ്രഹിച്ചിട്ടു കാര്യമില്ല. ചവിട്ടി മെതിക്കപ്പെട്ടു പോകും. കള്ളികൾക്കു പുറത്തു നിന്നു, ജീവിതത്തിൽ വിജയിക്കാനുള്ള ആശയെ അതിമോഹം എന്നു വിളിക്കാനും ചിലപ്പോൾ ആളുകളുണ്ടാകും. അപ്പോൾ കള്ളികൾ അന്വേഷിച്ചു പോയേ തീരൂ.

മനുഷ്യ മസ്തിഷ്കം പരസ്പര ബന്ധിതവും അല്ലാത്തതുമായ വിവിധ ആശയങ്ങളുടെ കലവറയാണ്. ഇവ എല്ലാവരിലുമെന്ന പോലെ വികലാംഗരിലുമുണ്ട്. പക്ഷേ മറ്റുള്ളവരെ പോലെ ഏതേതു നിലയിലും ആശയത്തിലും ഉറച്ചു നിൽക്കണമെന്ന സ്വന്തം തീരുമാനമെടുക്കാൻ വികലാംഗർ അനുവദിക്കപ്പെട്ടിട്ടില്ല. തീരുമാനമെടുക്കൽ, ആശയങ്ങൾ പേറുന്നവനിൽ നിന്നു മാറ്റപ്പെട്ടു മറ്റൊരാളിൽ, അല്ലെങ്കിൽ സിസ്റ്റത്തിൽ, നിക്ഷേപിക്കപ്പെടുകയാണ് പലപ്പോഴും. ഇത് മനസ്സിന്റെ ചക്രവാളം നിയന്ത്രിക്കപ്പെട്ടു ഒതുങ്ങിപ്പോകാൻ ഇടയാകും. ഒരു ഉദാഹരണമായി, ഒരിക്കൽ എനിക്കു വന്ന ജോലി സാധ്യതയെ വീക്ഷിക്കാം. ബന്നർഘട്ട റോഡിലുള്ള ഒരു ബിപിഒ സ്ഥാപനം. എനിക്കു അനുവദിക്കപ്പെട്ട മേഖല ബിപിഒ, ഡാറ്റഎൻട്രി ആണ്. ആ ജോലിയിൽ താല്പര്യമില്ലെന്നു പ്രൊഫൈൽ കാണിച്ചു കാര്യകാരണസഹിതം ഞാൻ വിവരിച്ചു. ഇന്റർവ്യൂവർ തികഞ്ഞ മാന്യനായിരുന്നു. അദ്ദേഹം ടെക്നിക്കൽ മേഖലയിലേക്കു എന്നെ റഫർ ചെയ്തു. അവിടെയൊരു വേക്കൻസി ഉണ്ടായിരുന്നു. പക്ഷേ ടെക്നിക്കൽ റൗണ്ട് പാസായിട്ടും എന്റെ ആപ്ലിക്കേഷൻ നിരസിക്കപ്പെട്ടു. ഡാറ്റാ എൻട്രി ജോലിയിൽ എനിക്കു അപ്പോഴും സ്വാഗതം തന്നെയായിരുന്നു. എന്തു കൊണ്ട്? കാരണം വികലാംഗർക്കു മിക്കപ്പോഴും അനുവദിക്കപ്പെട്ടിരിക്കുന്ന കള്ളി ബിപിഒ, ഡാറ്റാ എൻട്രി മേഖലയാണ്!

Read More ->  അദ്ധ്യായം 13 -- സ്പീച്ച് തെറാപ്പി ട്രെയിനിങ്

ഏകദേശം രണ്ടു വർഷത്തെ തൊഴിൽ ദാരിദ്ര്യം ഉണ്ടായി. നഗരത്തിൽ തന്നെ തുടർന്ന ഇക്കാലയളവ് എന്നെ പലതും പഠിപ്പിച്ചു. ബാംഗ്ലൂർ ഐടി ലോകത്തെപ്പറ്റിയുള്ള ധാരണകൾ പാടെ നിലം പൊത്തി. അനുഭവങ്ങളുടെ പിൻബലം ഇല്ലാത്ത, വ്യക്തിപരമായ കണക്കുകൂട്ടലുകളിൽ നിന്നു ഞാൻ പുറത്തുചാടി. ഈ നിലം പതിക്കലിൽ പിടിച്ചു നിൽക്കാനും തിരിച്ചടിക്കാനും ഉതകുന്ന കോപ്പുകൾ അഴിച്ചു മാറ്റപ്പെട്ടു. പിന്നീട് ‘Employ Ability 2008, New Delhi’ തൊഴിൽ മേളയിലേക്കു ക്ഷണം കിട്ടിയപ്പോൾ ഞാൻ ചെറുത്തു നിന്നില്ല. അത്ര നാൾ പിടിച്ചുനിന്ന എന്റെ മനസ്സ് കീഴടങ്ങി. വൈകല്യത്തെ ആസ്തിയായി കാണിച്ചു ജോലിയ്ക്കു അപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. അന്നു രാത്രി ടെറസിലിരുന്ന് ഞാൻ മണിക്കൂറുകളോളം കരഞ്ഞു.

ഡൽഹിയിൽ ഹരീഷ് ഉണ്ടായിരുന്നു. മൂന്നുകൊല്ലം പോളിടെക്നിക്കിൽ ഒരേ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. പക്ഷേ മൂന്നു തവണയെങ്കിലും മിണ്ടിയിട്ടുണ്ടോ എന്നു സംശയമാണ്. ആദ്യവർഷം പേരു ചോദിച്ചതു മാത്രം വ്യക്തമായി ഓർമ്മയുണ്ട്. പിന്നെയെല്ലാം സംശയത്തിന്റെ നിഴലിലാണ്. എന്നിട്ടും ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ ഇടയായി. മലയാളം ബ്ലോഗ് അതിനു വേദിയൊരുക്കി. ഡൽഹിയിൽ സംഭവിച്ച കൊച്ചുകൊച്ചു കാര്യങ്ങൾ ബ്ലോഗിലൂടെ പങ്കുവയ്ക്കുമ്പോൾ, ക്ലാസിലെ ആരവങ്ങൾക്കിടയിൽ നിശബ്ദത പേറിയവനെ അവിടെ കണ്ടുമുട്ടുമെന്നു ഹരീഷ് പ്രതീക്ഷിച്ചിരിക്കില്ല. ക്ലാസ്മുറിയിൽ സംസാരിക്കാത്തതിന്റെ കുറവു നികത്താൻ ജിമെയിൽ ചാറ്റിലൂടെ ഞങ്ങൾ പതിവായി സംസാരിച്ചു. ഡൽഹിയിലെ തൊഴിൽമേളയിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോൾ സുഹൃത്തിന്റെ ഉറപ്പുണ്ടായിരുന്നു. ‘Welcome to Indraprastha. I’m Here’. ഫെബ്രുവരിയിലെ മരംകോച്ചുന്ന തണുപ്പുള്ള പ്രഭാതത്തിൽ, കർണാടക എക്സ്‌പ്രസ്സിൽ ഞാൻ രാജ്യതലസ്ഥാനത്ത് എത്തി. ആദ്യ സന്ദർശനം അതായിരുന്നു.

ഡൽഹിയിലെ പ്രഗതി മൈതാനം വളരെ പ്രശസ്തമാണ്. നൂറ്റമ്പത് ഏക്കറോളം വിസ്താരമുണ്ട് ഈ പരപ്പിന്. ഇവിടെയാണ് ‘Employ Ability 2008’ സംഘാടകർ നടത്തിയത്. ഞാൻ തികഞ്ഞ ഉൽസാഹത്തിലായിരുന്നു. ഇനിയും തൊഴിൽരഹിതനായി തുടരേണ്ടി വരില്ലെന്നു ഉറപ്പിച്ചിരുന്നു. കാരണങ്ങൾ പലതാണ്. വൈകല്യമുള്ളവർക്കു വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന തൊഴിൽ മേളയായതിനാൽ സാധാരണ ഇന്റർവ്യൂകളിലെ പോലെ കടുത്ത മൽസരം ഉണ്ടാകില്ല. ഈവന്റിനു വരുന്നവരിൽ ഉയർന്ന വിദ്യാഭ്യാസക്കാർ താരതമ്യേന കുറവായിരിക്കാൻ സാധ്യതയുണ്ട്. ബാംഗ്ലൂരിലും തിരുവനന്തപുരത്തും ജോലി ചെയ്തു പരിചയമുള്ളതിനാൽ മുൻതൂക്കം കിട്ടും. തൊഴിൽമേളയ്ക്കു രജിസ്ട്രേഷൻ ആവശ്യമായതിനാലും, ഈവന്റിനെപ്പറ്റിയുള്ള പ്രചാരണം മുഖ്യമായും ഇന്റർനെറ്റ് വഴിയായതിനാലും വലിയ തിരക്കുണ്ടാകില്ല. ഇതൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടലുകൾ. എല്ലാം ഏറെക്കുറെ ശരിയുമായി.

തൊഴിൽമേളക്കു തിരക്ക് അല്പം കുറവായിരുന്നു. പ്രമുഖരായ കുറേ കമ്പനികളും പങ്കെടുത്തു. അഭിമുഖങ്ങൾ ഭംഗിയായി നടന്നു. നാല് കമ്പനികളിൽ നിന്നെങ്കിലും അനുകൂല മറുപടി കിട്ടുമെന്നു പ്രതീക്ഷയുണ്ടായി. സുഹൃത്ത് അറിയിച്ച ചെന്നൈ തൊഴിൽമേളയിൽ പങ്കെടുക്കാതിരുന്നതിൽ എനിക്ക് കുറ്റബോധം തോന്നി. അതിൽ പങ്കെടുത്തിരുന്നെങ്കിൽ പണ്ടേ ജോലി കിട്ടുമായിരുന്നു എന്ന നഷ്ടബോധം മനസ്സിനെ നീറ്റി. പക്ഷേ ഈ മാനസികവിഷമം ക്രമേണ മാറി. കാരണം ഡൽഹി തൊഴിൽമേളയിൽ ഫീഡ്‌ബാക്ക് കിട്ടുമെന്നു ഞാൻ കരുതിയിരുന്ന ഒരു കമ്പനിയും പിന്നീടെന്നെ ഫോൺ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെട്ടില്ല. ഇത്തരം പെരുമാറ്റങ്ങൾ ഐടി മേഖലയിൽ സർവ്വ സാധാരണമാണ്. എങ്കിലും വൈകല്യമുള്ളവർക്കു വേണ്ടി നടത്തുന്ന തൊഴിൽ മേളയിൽ ഇങ്ങിനെ ഉണ്ടാകില്ലെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. അതു തിരുത്തപ്പെട്ടു.

തണുത്തുറഞ്ഞ ഡൽഹി രാത്രികളിൽ രണ്ടു കമ്പിളിപ്പുതപ്പുകൾക്കു കീഴിൽ കിടന്നുറങ്ങാൻ ശ്രമിക്കുമ്പോൾ വീട്ടിലെന്ത് പറയണമെന്നു ഞാൻ ആലോചിച്ചു. ജോലി കിട്ടുമെന്നു ഉറപ്പു കൊടുത്തിട്ടാണ് ഡൽഹിയിലേക്കു വന്നിരിക്കുന്നത്. എല്ലാം വൃഥാവിലായെന്നു ജ്യേഷ്ഠനെ വിളിച്ചറിയിക്കാൻ തോന്നിയില്ല. പ്രതീക്ഷകൾ പതിയെ തല്ലിക്കെടുത്തിയാൽ മതി. ഒറ്റയടിയ്ക്കു ചെയ്താൽ താങ്ങാനായേക്കില്ല.

ഞാൻ പറഞ്ഞു. “അവർ അറിയിക്കാമെന്നാണ് പറഞ്ഞത്. ഒന്നും ഉറപ്പിക്കണ്ട.”

ജ്യേഷ്ഠൻ പലതും പറഞ്ഞു സാന്ത്വനപ്പെടുത്തി. തണുത്തുറഞ്ഞ അന്തരീക്ഷവായുവിൽ തട്ടി ജലകണികകൾ തണുത്തു.

ഡൽഹി സന്ദർശനം വിജയമായില്ലെങ്കിലും എന്നിൽ പ്രതീക്ഷകൾ ബാക്കിയുണ്ടായിരുന്നു. വികലാംഗർക്കായി ചില പ്ലാറ്റ്‌ഫോമുകൾ അക്ഷീണം പ്രവർത്തിക്കുന്നുണ്ട് എന്നത് സന്തോഷം നൽകിയ അറിവായിരുന്നു. അക്കാലത്തു തന്നെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ‘Enable India’ ടീമുമായും ഞാൻ ബന്ധപ്പെട്ടു. ഇതെല്ലാം കാരണം ഇന്നല്ലെങ്കിൽ നാളെ സ്ഥിതി മെച്ചപ്പെടുമെന്നു ഞാൻ പ്രത്യാശിച്ചു. ഒരു വർഷത്തിനുള്ളിൽ പ്രത്യാശ സത്യമായും ഭവിച്ചു.

‘Employ Ability 2009, Chennai’ തൊഴിൽമേള എന്നിൽ അടയാളപ്പെടുത്തിയതും അർത്ഥ പൂർണമാക്കിയതും ഉമ എന്നു പേരുള്ള മഹതിയാണ്. ഒരു പ്രമുഖ ഇന്ത്യൻ കമ്പനിയുടെ എച്ച്ആർ ചീഫ്. തൊഴിൽ മേളയിൽ, കമ്പനിയുടെ സ്റ്റാളിൽ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ഓരോ ഉദ്യോഗാർത്ഥിയിലും അവർ അസാധാരണ ശ്രദ്ധ പതിപ്പിച്ചു. സ്റ്റാളിന്റെ മൂലയിൽ മറ്റൊരു എക്സിക്യുട്ടീവിനാൽ അഭിമുഖം ചെയ്യപ്പെടുന്ന എന്നെ മാഢം അടുത്തു വിളിച്ച്, വിശദമായി സംസാരിച്ചു. അതൊരു ഇന്റർവ്യൂ ആയിരുന്നുവെന്നു വിശ്വസിക്കാൻ പ്രയാസം. എച്ച്ആർ ചീഫായ മാഢം എന്നോടു സംസാരിച്ചപ്പോൾ, ഇഎൻടി ഡോക്‌ടറിലേക്കു പരകായപ്രവേശം ചെയ്തു. എന്റെ ശാരീരിക ന്യൂനതയെ അളക്കുകയായിരുന്നു ഉദ്ദേശം. ശ്രവണന്യൂനതയെപ്പറ്റി ഞാൻ നൽകിയ മറുപടികൾ വിലയിരുത്തി, എന്റെ ടെക്നിക്കൽ കഴിവ് ഉപയോഗപ്പെടുത്താവുന്നതാണെന്നു മാഢം തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കാതെ എന്നോടു ചോദിച്ചു.

“എവിടെ ജോലി ചെയ്യാനാണ് താല്പര്യം?”

ഞാൻ പറഞ്ഞു. “ബാംഗ്ലൂർ.”

കമ്പനിയുടെ ബാംഗ്ലൂർ ഓഫീസിലെ സോണൽ മാനേജറെ അപ്പോൾ തന്നെ, ഞാൻ മുന്നിലിരിക്കെ, മാഢം വിളിച്ച് സംസാരിച്ചു. രണ്ടു പേരുടേയും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും തന്ന്, ഇതൊരു വ്യാജ ഉറപ്പല്ലെന്നു എന്നെ വിശ്വസിപ്പിച്ചു. പിന്നെ വിളിക്കാം എന്നതിനു പകരം പോയി കാണൂ എന്ന മറുപടി. ഐടി മേഖലയിൽ മനസ്സുകളോടു സംവദിക്കാൻ കഴിവുള്ള ഒരാളെ അന്നാദ്യമായി ഞാൻ കണ്ടു. മാഢത്തിന്റെ പേര് എന്റെ മനസ്സിൽ കൊത്തിവയ്ക്കപ്പെട്ടു.

Read More ->  അദ്ധ്യായം 18 -- ആംഗ്യഭാഷാ പഠനം @ Resilient Minds

ജീവിതത്തിൽ നമ്മൾ ആരോടെങ്കിലുമൊക്കെ കടപ്പെട്ടിരിക്കുന്നതു നല്ലതാണ്. അത്തരം കടപ്പാട് നമ്മളിൽ മറ്റുള്ളവരോടു നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന ശക്തമായ പ്രേരണയുണ്ടാക്കും. എനിക്കു കടപ്പാടു തോന്നിയിട്ടുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളാണ് ഉമ മാഢം. രണ്ടു വർഷത്തെ തൊഴിൽ അന്വേഷണമാണ് അവിടെ അവസാനിച്ചത്. കടപ്പാട് തോന്നാതിരിക്കുന്നതെങ്ങിനെ? ബാംഗ്ലൂർ നഗരത്തിൽ എത്രപേരുണ്ട് കമ്പനികളുടെ അവഗണന മൂലം നീണ്ടനാൾ തൊഴിലില്ലാതെ, നഗരത്തിൽ തന്നെ താമസിച്ച്, വീണ്ടും തൊഴിൽ നേടിയവർ. അതും വൈകല്യത്തിന്റെ സംഭാവനയായ കടുത്ത മാനസിക സംഘർഷത്തെ അതിജീവിച്ചു കൊണ്ട്? എനിക്കതിനു കഴിഞ്ഞു. ആരുടെയൊക്കെയോ അനുഗ്രഹം. അല്ലെങ്കിൽ എന്റെ മാത്രം സാമർത്ഥ്യം. അതുമല്ലെങ്കിൽ മേൽപ്പറഞ്ഞ രണ്ടും സമാസമം ഇടകലർന്ന മിശ്രണം.

മാഢം റഫർ ചെയ്ത ജോലി മൂന്നേമുക്കാൽ കൊല്ലം എനിക്കു അത്താണിയായി വർത്തിച്ചു, ടെക്നിക്കൽ മൽസര ക്ഷമതയുടെ കാര്യത്തിൽ കുറച്ചു പിന്നോക്കം പോയെങ്കിലും. കമ്പനിയെ കുറ്റപ്പെടുത്താൻ ഒന്നുമില്ല. അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. പരിമിതികൾ ഇല്ലാത്ത കമ്പനികളാണെങ്കിൽ, ടെക്‌നിക്കൽ-എച്ച്ആർ അഭിമുഖങ്ങൾ പൂർത്തിയാക്കി പ്രതീക്ഷയോടെനിന്ന എനിക്കുനേരെ വാതിലുകൾ കൊട്ടിയടക്കുകയാണ് ചെയ്തത്. മാനം മുട്ടുന്ന പ്രതീക്ഷയുടെ വക്കിൽനിന്നു തള്ളിത്താഴെയിടപ്പെട്ടു. ഒന്നും രണ്ടും തവണയല്ല. നിരവധി തവണ. ആർക്കു മനസ്സിലാകും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ. ഞാൻ അനുഭവിച്ച നിസ്സഹായത. ഓർമയില്ലേ ദി ഷാഷങ്ക് റിഡപ്‌ഷൻ (The Shawshank Redemption) സിനിമയിൽ മോർഗൻ ഫ്രീമാന്റെ മുഖഭാവം. ഇരുപതു കൊല്ലത്തെ ജയിൽശിക്ഷക്കു ശേഷം വീണ്ടും പത്തുകൊല്ലത്തേക്കു കൂടി ശിക്ഷ നീട്ടിയെന്നറിഞ്ഞ് പുറത്തു വരുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തു പടരുന്ന ഭാവം. പ്രത്യാശയുടെ കൊടുമുടിയിൽ നിന്നു നിരാശയുടെ പടുകുഴിയിലേക്കു പതിക്കുന്ന അവസ്ഥ. ജീവിതത്തിൽ അധികം കഷ്ടപ്പെട്ടിട്ടില്ലാത്തവർ ഫ്രീമാന്റെ ആ മുഖഭാവം ശ്രദ്ധിച്ചേക്കണമെന്നില്ല. പക്ഷേ ജീവിതം വല്ലാതെ പരീക്ഷിച്ചു കളഞ്ഞവരെല്ലാം ആ സീൻ കാണുമ്പോൾ റിമോട്ടിലെ ‘Pause’ ബട്ടൺ ഞെക്കി ഫ്രീമാന്റെ മുഖത്തു ഉറ്റുനോക്കും. തങ്ങളിൽ തന്നെയുള്ള ദയനീയതയുടെ പരകോടിയെ മറ്റൊരാൾ ദൃശ്യവൽക്കരിക്കുന്നത് അവർ അൽഭുതത്തോടെ കണ്ടുനിൽക്കും. ഞാനും കണ്ടു നിന്നിട്ടുണ്ട്, പലവട്ടം. കമ്പനികൾ ഓരോ തവണയും ശ്രവണന്യൂനത മൂലം ഒഴിവാക്കുമ്പോൾ ഞാൻ കരയും. ആ ദയനീയതയിൽ നിന്നു മോചനം ആഗ്രഹിച്ചിരുന്നു. അതാദ്യം തന്നത് ഉമ മാഢമാണ്. ഓർക്കുക, ആദ്യമെത്തുന്നവർ എന്നും വിശേഷപ്പെട്ടവരാണ്.

വീണ്ടും ‘Employ Ability’ തൊഴിൽമേളകളിൽ ഞാൻ പങ്കെടുത്തു. ചെന്നൈയിലും ഹൈദരാബാദിലും പ്രതീക്ഷയോടെ ഞാനുണ്ടായിരുന്നു. ശ്രവണന്യൂനതയുള്ള ഉദ്യോഗാർത്ഥികൾ അവഗണിക്കപ്പെട്ടിരിക്കണം[1]. എന്റെ കാര്യത്തിൽ അതായിരുന്നു ഫലം. ഔപചാരികതയിൽ ഒതുങ്ങിപ്പോയ അഭിമുഖങ്ങൾ. അപ്പോൾ ഞാൻ മനസിലാക്കി, ഉമ മാഢത്തെ പോലുള്ളവർ വളരെ അപൂർവ്വമാണ്. അത്തരക്കാർക്കു വംശനാശം വരാതെ നോക്കേണ്ടതു സമൂഹത്തിന്റെ കടമയാണ്.

ഇതുവരെ അഞ്ച് Employ Ability തൊഴിൽ മേളകളിൽ ഞാൻ പങ്കെടുത്തു. ഇനിയും പങ്കെടുക്കുകയും ചെയ്യും. ജോലി സാധ്യത തേടി എത്തുന്ന അസംഖ്യം വികലാംഗർക്കിടയിൽ ഒരാളായി ഞാനുമുണ്ടാകും. അറിയാൻ പാടില്ലല്ലോ, എപ്പോഴാണ് ഉമാ മാഢത്തിനെപ്പോലുള്ളവർ പ്രത്യക്ഷപ്പെടുകയെന്ന്. ഉദ്യോഗാർത്ഥിയുടെ കഴിവിനേയും ന്യൂനതയേയും അളന്നു മുറിക്കുന്ന ചോദ്യങ്ങൾ ചോദിച്ച്, യുവാർ ടാലന്റഡ് എന്നു തോളിൽതട്ടി അനുമോദിക്കുന്ന അത്തരക്കാരെ അന്വേഷിച്ചു, ഇനിയും ധാരാളം ഡിഫറ‌ന്റ്‌ലി ഏബിൾഡ് (എന്തൊരു അരോചകമായ വിശേഷണമാണിത്! വികലാംഗർ എന്നു വിളിക്കുന്നതാണ് കൂടുതൽ ഭേദം.) എന്നു വിളിക്കപ്പെടുന്നവർ തൊഴിൽ മേളകളിൽ വരും. കാരണം അവർക്കു പോകാൻ അധികം ഇടങ്ങളില്ല. എബിളിറ്റി ഫൗണ്ടേഷന്റേയും, ഇനേബിൾ ഇന്ത്യയുടേയും മറ്റും മഹത്വം അതാണ്.

***************

എല്ലാവരുടേയും ജീവിതത്തിൽ നിർജീവമായ ചില കാലഘട്ടങ്ങൾ ഉണ്ടാകും. ലക്ഷ്യമില്ലാതെയുള്ള ജീവിതം, അല്ലെങ്കിൽ ലക്ഷ്യത്തിൽ എത്താതെയുള്ള ജീവിതം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. പ്രത്യക്ഷത്തിൽ, ഇത്തരം കാലങ്ങൾ ജീവിതത്തേയും പ്രൊഫഷനേയും കുളം തോണ്ടുന്നതായി കാണാമെങ്കിലും, അടിത്തട്ടിനെ സ്പർശിച്ചുള്ള വിശകലനത്തിൽ, ഈ കാലഘട്ടം പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നു മനസ്സിലാക്കാം. അപ്പോൾ നാം ആശയക്കുഴപ്പത്തിൽ ആകും. എന്തു കൊണ്ടാണ് നിർജീവതക്കു ഇടയിലും പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാകുന്നത്? ഉത്തരം ലളിതം. ഇൻപുട്ട് ഒന്നുമില്ലാതെ തന്നെ കാലപ്രവാഹത്തിനു (Time) മനുഷ്യനിൽ ചില ആഘാതങ്ങൾ ഉളവാക്കാൻ സാധിക്കും. അത്തരം ആഘാതങ്ങളിൽ ചിലത്, തീർച്ചയായും, പോസീറ്റീവ് ഘടകങ്ങൾ പേറുന്നുണ്ടാകും. ഉദാഹരണമായി മനസ്സിന്റെ പക്വത (Maturity). ചുരുക്കത്തിൽ നിർജീവതയുടെ അടിത്തട്ടിലും സജീവതയുടെ ഒരു അന്തർധാര ഉണ്ടെന്നു കാണാം.

ഉമ മാഢം നേടിത്തന്ന ജോലിയിൽ വ്യാപൃതനായ കാലയളവ് ഒരു നിർജീവ കാലഘട്ടം ആയിരുന്നു. ലക്ഷ്യമില്ലായ്മ അല്ല, മറിച്ച് ലക്ഷ്യത്തിൽ എത്തായ്കയായിരുന്നു പ്രശ്നം. ഈ കാലത്തു ഉടനീളം എന്റെ കഴിവുകളും അറിവുകളും അണ്ടർ യൂട്ടിലൈസ് ചെയ്യപ്പെട്ടു. വേറെ വഴിയില്ലാത്തതിനാൽ അതിനു കീഴടങ്ങി ജീവിച്ചു. എങ്കിലും സജീവതയുടെ അന്തർധാര മനസ്സിനെ പാകമാക്കുന്നുണ്ടായിരുന്നു. ഒരുതരം തയ്യാറെടുപ്പിന്റെ രൂപത്തിൽ പിന്നീടതു പ്രത്യക്ഷമായി.

പതിനഞ്ചാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


[1] എബിളിറ്റി ഫൗണ്ടേഷൻ എന്ന സ്ഥാപനം വികലാംഗരെ റിക്രൂട്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കമ്പനികൾക്കു ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുകയാണ് തൊഴിൽ മേള വഴി ചെയ്യുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ ഉദ്യോഗാർത്ഥികളെ സെലക്ട് ചെയ്യാതെ അവഗണിച്ചാൽ അത് കമ്പനികളുടെ ഭാഗത്തു നിന്നുള്ള അലംഭാവം ആണ്. അല്ലാതെ എബിളിറ്റി ഫൗണ്ടേഷനു അതിൽ യാതൊരു പങ്കുമില്ല. തൊഴിൽ മേള ഒരുക്കുന്നതിലും മറ്റു പ്രവർത്തങ്ങളിലും എബിളിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനം തികച്ചും ശ്ലാഘനീയമാണ്.


അഭിപ്രായം എഴുതുക