അദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ഒമ്പതാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Equal opportunity, പദത്തെ വിക്കിപ്പീഡിയ നിർവചിക്കുന്നത് ഇനി പറയും വിധമാണ്.  ‘It is a stipulation that all people should be treated similarly, unhampered by artificial barriers or prejudices or preferences, except when particular distinctions can be explicitly justified’. (Definition accessed on 28-06-2015).

വളരെ ആകർഷകമായ നിർവചനം തന്നെ. ഒരു ഇന്റർവ്യൂവിനെ സംബന്ധിച്ചാണെങ്കിൽ നയം ഉദ്യോഗാർത്ഥിയിൽ വളരെ ആത്മവിശ്വാസം ഉണർത്തും. ഞാൻ ഒരു നല്ല സാധ്യതയാണ്, എന്നിലേക്കു നോക്കൂ എന്നു കേഴാതെ തന്നെ കമ്പനികൾ ശ്രദ്ധ പതിപ്പിക്കുന്നുവെങ്കിൽ ഒരു വികലാംഗ ഉദ്യോഗാർത്ഥിക്കു അതിൽപരം സന്തോഷം എന്തുണ്ട്!

ബാംഗ്ലൂർ നഗരത്തിൽ ഞാനും കുറേ ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കളെ കണ്ടു. തൊഴിൽ സംബന്ധമായ എല്ലാ പത്ര, വെബ്സൈറ്റ് പരസ്യങ്ങളിലും അവർ തിലകം ചാർത്തും. മറ്റു ചിലർ അത്ര ആത്മവിശ്വാസം കാണിക്കില്ല. എങ്കിലും ആന്തരികമായിതങ്ങളും ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കൾ ആണ്എന്നാണ് വയ്പ്. ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികളോടു കമ്പനിയുടെ സമീപനം എങ്ങിനെയാണെന്നു ഏതെങ്കിലും ജീവനക്കാരനോടു അന്വേഷിച്ചു നോക്കൂ. വിക്കിപ്പീഡിയ നിർവചനം പോലൊരു സുന്ദര പ്രസ്താവന നമുക്കു കേൾക്കാം. അതു സത്യമാണെന്നു പൊതുവെ എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ മറിച്ചുള്ള അനുഭവങ്ങൾ ധാരാളം നേരിട്ടിട്ടുള്ളതിനാൽ എനിക്കു വിയോജിക്കാതെ വയ്യ.

ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കൾ എന്നു പരസ്യമായി പറയുന്ന കമ്പനികൾ സത്യത്തിൽ അങ്ങിനെയല്ല. അവർ നടപ്പിലാക്കുന്ന ‘ഈക്വൽ ഓപ്പർച്ചുനിറ്റിയിൽ വിവേചനം അന്തർലീനമാണ്. ഒരു ഓർത്തോപീഡിക്കൽ Vs റെസ്റ്റ് ഓഫ് ടീം മാച്ച്. അതിൽ, കമ്പനി എന്ന റഫറിയാൽ, റെസ്റ്റ് ഓഫ് ടീം മിക്കപ്പോഴും തോൽപ്പിക്കപ്പെടുന്നു. ഫലം, ഈക്വൽ ഓപ്പർച്ചുനിറ്റി എന്നത് ഓർത്തോപീഡിക്കലി ഹാൻഡിക്കേപ്പ്‌ഡ് ആയവർക്കും, ഹിയറിംഗ് എയ്ഡ് ഉപയോഗിച്ചാൽ നന്നായി കേൾക്കാവുന്ന ശ്രവണന്യൂനത ഉള്ളവർക്കും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളവർ എന്നും സഡൺ ഡെത്തിനു വിധേയമാകുന്നു.

ഇതാ അത്തരം ഒരു സഡൺ ഡെത്ത്.

****************

വിശാലമായ പാടശേഖരത്തിന്റെ ഓരത്തുള്ള ഈ പാതയിലൂടെ യാത്ര ചെയ്യുന്നത് രണ്ടാമത്തെ തവണയാണ്. ആദ്യസന്ദർശനത്തിൽ ഇതു പൊടി നിറഞ്ഞ ചെമ്മൺപാതയായിരുന്നു. പിന്നീടു ടാറിങ്ങിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നു സൂചിപ്പിച്ച്, റോഡിൽ കരിങ്കല്ലുകൾ ചിതറിക്കിടക്കുന്നുണ്ട്. ഞാൻ വളരെ സൂക്ഷ്മതയോടെ ബൈക്ക് ഓടിച്ചു.

കട്ടിഗെനഹള്ളിയിൽ ആദ്യ സന്ദർശനം നടത്തിയ കാലത്തു ഞാൻ ബാംഗ്ലൂർ നഗരത്തിൽ പുതുമുഖമായിരുന്നു. പലയിടത്തേക്കും യാത്രപോകുമ്പോൾ മുഖത്തു പരിഭ്രമം പരക്കും. അപരിചിതദേശത്തു പാലിക്കേണ്ട ചിട്ടവട്ടങ്ങൾ അറിയാതെ, റൂമിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതിന്റെ ഹാങ്ങോവർ. അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം.

ബാംഗ്ലൂരിൽ എത്തിയശേഷം ആദ്യം പരിചയപ്പെട്ടതു അടുത്ത റൂമിലുള്ളവരെയാണ്. വർഷങ്ങളായി താമസിക്കുന്ന കൊട്ടാരക്കര സ്വദേശികൾ. കന്നഡ ഭാഷയും ദേശവും അവർക്കു നല്ലപോലെ പരിചിതം. കാരം‌സ് കളിച്ച് സമയം‌ പോക്കുന്ന വിരസമായ ഒരുദിവസം ശ്രീജിത്ത് അപ്പോൾ തോന്നിയ ആശയം പറഞ്ഞു.

‘കട്ടിഗെനഹള്ളിയിൽ പോയി നാടൻകോഴിയും കപ്പയും വാങ്ങുക.’

പുഴുങ്ങിയ കപ്പയും കോഴിക്കറിയും. നല്ല വിഭവമാണ്. ബുദ്ധിമുട്ട് ഒന്നേയുള്ളൂ. സ്ഥലം ദൂരെയാണ്. ബാംഗ്ലൂരിന്റെ പ്രാന്ത പ്രദേശമായ ഹൊസക്കോട്ടെയിൽ ‌നിന്നും കുറച്ചു ദൂരമുണ്ട്. ബൈക്ക് ഉള്ളതിനാൽ ദൂരം പ്രശ്നമല്ലായിരുന്നു. അപ്പോൾ ‌തന്നെ പോയി. നാടൻ കോഴിയിറച്ചിയുടെ രുചിയേക്കാൾ മനസ്സിൽ തങ്ങി നിന്നത് കട്ടിഗെനഹള്ളിയുടെ മനോഹാരിതയാണ്. നഗരത്തിന്റെ കരാളഹസ്തം എത്തിയിട്ടില്ലാത്ത സുന്ദരിയായ ഉൾപ്രദേശം. വിശാലമായ വയലുകൾ, തഴച്ചുവളർന്ന തക്കാളിച്ചെടികൾ, തണ്ണി മത്തനുകൾ, മറ്റു പച്ചക്കറികൾ. അവയുടെ പച്ചപ്പും ഉന്മേഷഭാവവും. അത് സന്തോഷം നൽകിയ യാത്രയായിരുന്നു. വീണ്ടും എത്തുമെന്നു തീർച്ചപ്പെടുത്താൻ അധികം ആലോചിച്ചില്ല. സമയവും കാലവും ഒത്തുവന്നത് ഇപ്പോൾ മാത്രം. നഗരം തരിശാക്കിയ മൂന്നു വർഷങ്ങൾക്കു ശേഷം.

ടിൻഫാക്ടറി ജംങ്ഷനിലെ ഇന്റർനെറ്റ് കഫെയിൽ നിന്നു ഇറങ്ങുമ്പോൾ വേനൽ‌മഴ പെയ്തേക്കുമെന്നു സൂചിപ്പിച്ചു കാർമേഘങ്ങൾ ആകാശത്തു അണിനിരക്കുന്നത് കണ്ടു. കുറച്ചു ദിവസമായി അതു പതിവാണ്. ചുട്ടുപഴുത്ത് കിടക്കുന്ന മണ്ണിലേക്കു പെയ്യുക അപൂർവ്വവും. എങ്ങോട്ടു പോകണമെന്ന കാര്യത്തിൽ എനിക്കു തീരുമാനമെടുക്കാനായില്ല. മുറിയിലേക്കു ഇല്ലെന്നു മാത്രം ഉറപ്പിച്ചു. ഇന്റർനെറ്റ് കഫേയുടെ വീതിയില്ലാത്ത ഗോവണിക്കു താഴെ, പൂക്കടക്കുമുന്നിൽ കുറേ തണ്ണിമത്തനുകൾ കൂട്ടിയിട്ടിരിക്കുന്നത് ഞാൻ കണ്ടു. പച്ചയും വെള്ളയും ഇടകലർന്ന തണ്ണിമത്തന്റെ കാഴ്ച ഓർമകളെ തട്ടിയുണർത്തി. ചെമ്മൺപാതയും, ചുറ്റുമുള്ള പച്ചപ്പും മനസ്സിൽ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കേബിൾ ബ്രിഡ്ജിലേക്കു ബൈക്ക് പ്രവേശിക്കുമ്പോൾ ബസ് കാത്തു നിൽക്കുന്ന ഗ്രാമീണരെ കണ്ടു. കട്ടിഗെനഹള്ളിയെ പച്ചപ്പുതപ്പ് അണിയിക്കു ന്നവർ.

കെ‌ആർ പുരം കഴിഞ്ഞാൽ സിഗ്നൽ ക്രോസുകൾ ഇല്ല. റോഡ് സാവധാനം വിജനമായി മാറും. കോളാറിലേക്കുള്ള നാലുവരിപ്പാത യുടെ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം പല വഴിയിലൂടെ വഴിതിരിച്ചു വിട്ടിട്ടുണ്ട്. റോഡ് പതിവിലേറെ വിജനം. ഹൊസക്കോട്ട കഴിഞ്ഞതോടെ ബൈക്ക് മെയിൻ റോഡിൽ നിന്നിറങ്ങി. ഞാൻ കൂടുതൽ വേഗമെടുത്തു. മനസ്സിന്റെ പാച്ചിലിനു അതിലും വേഗമായിരുന്നു. ഭൂതകാലത്തേക്കു നടത്തുന്ന കൂപ്പുകുത്തൽ അല്ലെങ്കിലും അങ്ങിനെയാണ്. ജലോപരിതലത്തിൽ വന്നു മുഖം കാണിച്ചു ആഴങ്ങളിലേക്കു കുതിക്കുന്ന മത്സ്യങ്ങൾക്കു സമാനം.

“U attend it. Don’t run away this time.”

ജിതുവാണ് നിർബന്ധിപ്പിച്ച് അയച്ചത്. നേരിൽ നല്ല പരിചയമില്ലാതിരുന്നിട്ടും അദ്ദേഹം താല്പര്യമെടുത്തു. ആദ്യത്തെ ഇന്റർവ്യൂ സമയക്കുറവ് മൂലം പങ്കെടുക്കാതെ ഒഴിവാക്കിയപ്പോൾ ശകാരത്തോടെ, സ്നേഹപൂർണമായ നിർബന്ധം. ഒഫിഷ്യലായി റഫർ ചെയ്യുകയും ചെയ്തു. അദ്ദേഹം അയച്ച ഇമെയിലിൽ ഒരു സ്മൈലിയുണ്ടായിരുന്നു. അതെന്റെ മുഖത്തും വിരിഞ്ഞു. ഇന്റർവ്യൂവിനു ശേഷവും പുഞ്ചിരി മുഖത്തു തുടർന്നു. സുഹൃത്തിന്റെ ആത്മവിശ്വാസം അഭിമുഖം നടത്തിയ ടെക്നിക്കൽ എക്സിക്യുട്ടീവും പകർന്നു തന്നിരുന്നു. പൂരിപ്പിച്ച എമ്പ്ലോയ്മെന്റ് ആപ്ലിക്കേഷൻ ഫോം കൊടുക്കുമ്പോൾ അദ്ദേഹം എന്നെ അറിയിച്ചു.

“We will contact you soon.”

ഞാൻ ഒരു പെട്ടിക്കടയ്ക്കു മുന്നിൽ ബൈക്ക് നിർത്തി. സത്യത്തിൽ അതിനെ കടയെന്നു വിശേഷിപ്പിക്കാൻ പറ്റില്ല. ഒരു ഉന്തുവണ്ടിയിൽ സജ്ജീകരിച്ചിരിക്കുന്ന, മുക്കാലും ഒഴിഞ്ഞ, കുറച്ചു പലഹാരകുപ്പികൾ. മുകൾവശത്തെ കമ്പിയിൽ തൂങ്ങുന്ന പല ബ്രാൻഡിലുള്ള പാൻ മസാലകൾ. അവയാണ് പ്രധാന കച്ചവടം. പാനീയങ്ങൾ കിട്ടുമെന്നു തോന്നിയില്ല. അറിയാവുന്ന ഹിന്ദിയിൽ അന്വേഷിച്ചു.

“ജി പാനി കഹാം മിലേഗാ?”

ഇതു വഴി യാത്രക്കാർ കുറച്ചേ വരാറുള്ളൂ. എന്നിട്ടും ഒരു കസ്റ്റമറെ നഷ്ടപ്പെട്ട കുണ്ഠിത്തം കടക്കാരൻ പുറത്തു കാണിച്ചില്ല. അകലെയുള്ള വളവിനു നേരെ അദ്ദേഹം കൈ ചൂണ്ടി. നീണ്ട പാതയാണ്. അവിടെ കടകളുടെ ലാഞ്ചന പോലുമില്ല.

“ഉധർ!” ഞാൻ അൽഭുതപ്പെട്ടു.

“ഉധർ ഏക് ദൂകാൻ ഹൈ. തും ചലോ.”

ഒന്നു സംശയിച്ച ശേഷം പുറപ്പെട്ടു. അല്ലെങ്കിലും ആ വഴിയിലൂടെയും പോകാനുള്ളതല്ലേ. പിന്നെന്തിനു സന്ദേഹിക്കുന്നു. ഞാൻ തിരികെ വണ്ടിയിൽ ‌കയറി.

കടക്കാരൻ ചൂണ്ടിക്കാണിച്ച വളവിൽ നാലു ചെറിയ കടകൾ ഉണ്ടായിരുന്നു. മൂന്നും പൂട്ടിയ നിലയിൽ. നാലാമത്തേത് ഇങ്ങോട്ടേക്കു വഴി പറഞ്ഞു തന്ന വൃദ്ധന്റേതു പോലെ പെട്ടിവണ്ടിയിൽ സജ്ജികരിച്ച പാൻ‌ഷോപ്പാണ്. അവിടെയൊരു തടിച്ച പയ്യനിരുന്നു ഉറക്കം തൂങ്ങുന്നു. നാലുകടകളിൽ ‌നിന്നും കുറച്ചു മാറിയാണ് ഇളനീർ കച്ചവടം. നാലഞ്ച് മെടഞ്ഞ തെങ്ങോലകൾക്കു മുളങ്കാൽ കൊണ്ടു താങ്ങു കൊടുത്തിരിക്കുന്നു. അതിന്റെ തണലിൽ അഞ്ചാറു കരിക്കിൻ കുലകൾ. കുറച്ചുനീങ്ങി പനയോല മേഞ്ഞ ഒറ്റമുറിയുടെ വലുപ്പം മാത്രമുള്ള ചെറിയ കുടിൽ. കരിക്കിൻ കുലകളുടെ സ്റ്റോർ റൂം. കുടിലിന്റെ വരാന്തയിലേക്കു ചിതൽ‌ പറ്റങ്ങൾ പടർന്നു കയറിയിരുന്നു. അവിടെ ആരും സ്ഥിരം താമസമില്ലെന്നു വ്യക്തം. കുടിലിനു മുന്നിൽ വരാന്തയോടു ചേർന്നു കഷ്ടിച്ച് മൂന്നുപേർക്കു ഇരിക്കാവുന്ന പൊക്കം കുറഞ്ഞ കരിങ്കൽ ബഞ്ച്. ചെത്തി മിനുക്കാത്ത അതിന്റെ പ്രതലത്തിൽ കോഴിക്കാഷ്ഠത്തിന്റെ അവശിഷ്ടങ്ങൾ വെള്ള, ചാരനിറത്തിൽ ഉണക്കിപ്പിടിച്ചിട്ടുണ്ട്.

Read More ->  അദ്ധ്യായം 5 -- വിദ്യാർത്ഥി ജീവിതം

ഞാൻ ചുറ്റും കണ്ണോടിച്ച് കുടിലിന്റെ പിൻഭാഗത്തു ചെന്നു. അവിടെ ആരുമില്ല. അന്വേഷിക്കാൻ മിനക്കെടാതെ ഞാൻ കരിങ്കൽ ബഞ്ചിൽ വന്നിരുന്നു. റോഡിനു അപ്പുറം, എതിർവശത്തു മൈതാനമാണ്. ചില ഭാഗങ്ങളിൽ വെയിലേറ്റു വാടിയ പുൽപ്പരപ്പുകൾ. വിജനമായ മൈതാനത്തു ചെറിയ ചുഴലിക്കാറ്റുകൾ രൂപം‌ കൊള്ളുന്നുണ്ട്. അവ വേഗം ഉയരുകയും അതിനേക്കാൾ വേഗം നിലം‌ പറ്റുകയും ചെയ്‌തു. ഏതെങ്കിലും ഒരു ചുഴലിക്കാറ്റ് വലിപ്പം ആർജ്ജിച്ച് എന്നെയും കൊണ്ടുപോകുമോ? എന്തും സംഭവിക്കാം. കരുതിയിരുന്നോളൂ. അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്.

“Sorry Sunil. They already selected a guy. So you have less chance now.”

ഒരു മണിക്കൂർ മുമ്പ് ഇന്റർ‌നെറ്റ് കഫെയിലിരുന്നു ജിതുവിന്റെ ഇമെയിൽ വായിച്ചപ്പോൾ, മനസ്സിൽ അത്രനാൾ കൂടെ കൊണ്ടു നടന്നിരുന്ന ഒരു ഉറച്ച വിശ്വാസം‌ തകർന്നു വീണതിന്റെ അവിശ്വസനീയതയുണ്ടായിരുന്നു. EGL ബിസിനസ് പാർക്കിലെ കമ്പനിയിൽ ഇന്റർവ്യൂ നേരിടുമ്പോൾ പുറത്തു കനത്ത മഴയായിരുന്നു. കട്ടിച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകൾ പുറത്തുള്ള ദൃശ്യങ്ങളെ വികലമാക്കി. അതിനിടയിലാണ് ഇന്റർവ്യൂ ചെയ്ത സാർ ചോദ്യശരങ്ങളെറിഞ്ഞത്. ഞാൻ ഒട്ടും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം വേണ്ടുവോളമായിരുന്നു.

മഴ എന്നുമൊരു ശുഭസൂചനയായിരുന്നു. ജീവിതത്തിൽ സംഭവിച്ചിട്ടുള്ള പല നല്ല സംഭവങ്ങളിലും എനിക്കു കൂട്ടായി മഴ ഉണ്ടായിരുന്നു. അന്നേവരെ ചതിച്ചിട്ടില്ലാത്ത ഉറ്റചങ്ങാതി. അവനെ വലിയ വിശ്വാസമായിരുന്നു. അതൊക്കെയാണ് കുറച്ചുമുമ്പ് തകർന്നു വീണത്. ഞാൻ ആശ്വസിച്ചു. തകരട്ടെ. ഇന്നുവരെ ശരിയെന്നു കരുതിയ വിശ്വാസ പ്രമാണങ്ങൾ എല്ലാം തകർന്നു വീഴട്ടെ. അവയുടെ അടിത്തറയിൽ പുതിയ മിഥ്യാ ധാരണങ്ങൾ ഉയരട്ടെ. വിശ്വസിക്കാൻ വേണ്ടി മാത്രം പുതിയ വിശ്വാസങ്ങൾ രൂപം‌കൊള്ളട്ടെ.

മൈതാനത്തു കണ്ണുനട്ടിരുന്ന എനിക്കു മുന്നിൽ ഒരു അക്ക പ്രത്യക്ഷപ്പെട്ടു. അവർ എന്തു വേണമെന്നു ചോദിച്ചു.

“യേനു ബേക്കു?”

അരയുടെ ഒടിവിൽ തുളുമ്പുന്ന മൺ‌കുടം. ഇടുപ്പിനു താഴോട്ടു വെള്ളം നനഞ്ഞ മുഷിഞ്ഞ സാരി ദേഹത്തോടു ഒട്ടിക്കിടക്കുന്നു. കടുത്തചൂടിൽ വിയർത്ത അക്കയുടെ മുഖത്തിനു വല്ലാത്ത മുറുക്കമുണ്ട്. ഞാൻ കരിക്കിൻകുലയ്ക്കു നേരെ വിരൽ ചൂണ്ടി. മൺകുടമേന്തി അക്ക കുടിലിനകത്തു പോയി. ഉച്ചവെയിലിന്റെ ചൂട് ശരീരത്തിലേക്കു അരിച്ചു കയറി.

“നീയെന്താ ഒന്നും മിണ്ടാത്തത്?”

നാട്ടിൽ‌വച്ചു ആത്മസുഹൃത്താണ് ചോദിച്ചത്. ഞങ്ങൾ പുഴക്കരയിൽ ഇരിക്കുകയായിരുന്നു. ഏറെനേരം നീണ്ടു നിൽക്കാറുള്ള എന്റെ മൗനങ്ങൾ അവനു പരിചിതമാണ്. എങ്കിലും ഇത്തവണ മനസ്സിൽ എന്തോ ഒളിപ്പിക്കുന്നതിന്റെ മുന്നോടിയാണ് മൗനമെന്നു മനസ്സിലാക്കിയിരിക്കണം.

“എല്ലാം കരയ്‌ക്കണയാൻ പോകുന്നു സഖേ.” ഞാൻ പറഞ്ഞു.

ജോലിയെ പറ്റിയാണെന്നു അവനു തീർച്ച. “ഉറപ്പായോ.”

“ഇല്ല. പക്ഷേ ഉറപ്പാകുമെന്നാണ് പറഞ്ഞത്.”

“ആര്?”

“റഫർ ചെയ്ത സുഹൃത്ത്.”

കാലിൽ ഒരു തണുത്ത സ്പർശം. ഒപ്പം കരിങ്കല്ലിൽ വെള്ളം വീഴുന്ന ശബ്ദവും കേട്ടു. കുടിലിനുള്ളിൽ‌ നിന്നാണ്. കുടിലിന്റെ മൂലയിലൂടെ വെള്ളം ഒലിച്ചുവന്ന് എന്റെ കാലിൽ ‌തൊട്ടു. കാലിരിക്കുന്ന ഭാഗത്തെ ചെറിയ കുഴിയിൽ വെള്ളം തളം‌കെട്ടി. ഞാൻ കാലുകൾ അതിൽ ഇറക്കി വച്ച്, വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇളക്കി. ഏതാനും തവണ ആവർത്തിച്ചപ്പോൾ വെള്ളത്തിനു മീതെ പത ഉയർന്നു. കാരസോപ്പിന്റെ നേരിയ പത.

ഓലഷെഡിന്റെ വാതിൽ ഉണ്ടാക്കിയിരിക്കുന്നത് പനയോല മുളയോടു ചേർത്തു കെട്ടിയാണ്. മേൽക്കൂരയും പനയോല തന്നെ. തെങ്ങോലകളേക്കാളും കൂടുതൽ കാലം നിലനിൽക്കും. പോരാതെ മഴയെ പ്രതിരോധിക്കാനുള്ള സവിശേഷ സാമർത്ഥ്യവും. വാതിൽ ഒഴിച്ചുള്ള ചുമർഭാഗം മെടഞ്ഞ തെങ്ങോല കൊണ്ടു അധികം കട്ടിയില്ലാതെ കെട്ടിയതാണ്. പുറത്തുനിന്നു നോക്കിയാൽ ഉൾഭാഗം കുറച്ചൊക്കെ കാണാം. മറിച്ചും അങ്ങിനെ തന്നെ.

വാതിൽ നിരക്കിനീക്കി അക്ക മുന്നിലെത്തി. മുഖത്തു അതുവരെ ഉണ്ടായിരുന്ന കാഠിന്യം അപ്രത്യക്ഷമായിരുന്നു. മുഖവും കൈകളും വെള്ളമൊഴിച്ചു കഴുകിയിട്ടുണ്ട്. മുഖത്തിനു അഴകേറ്റി ചെന്നിയിൽ ഏതാനും മുടിയിഴകൾ ഒട്ടിയിരിക്കുന്നു.

കരിക്ക് കുലയിൽ ചാരിവച്ചിരുന്ന മടവാൾ കയ്യിലേന്തി അക്ക ചോദ്യഭാവത്തിൽ നോക്കി. ‘ഏതു കരിക്ക് വേണം?’ ഞാൻ അത്ര വലുതല്ലാത്ത ഒന്നിനുനേരെ വിരൽ ‌ചൂണ്ടി. അതു തൊട്ടു മുന്നിലായിരുന്നു. അതിലെ വെള്ളത്തിനു മധുരമുണ്ടാകില്ല. എന്നിട്ടും എന്റെ കൈ അതിനുനേരെ നീണ്ടു. അക്ക എനിക്കു മുന്നിൽ കുനിഞ്ഞു.

മൂന്നു വെട്ടുകൊണ്ടു അക്ക കരിക്കിന്റെ മൂട് ചെത്തി. ഇളനീർ എനിക്കു മുന്നിൽ നിറഞ്ഞു തുളുമ്പി.

അക്ക പറഞ്ഞു. “സ്ട്രോ ഇല്ല.”

അതു കാര്യമാക്കിയില്ല. വേനലിൽ ബാംഗ്ലൂർ നഗരത്തിന്റെ മുക്കിലും മൂലയിലും ഇളനീർ കച്ചവടമുണ്ടാകും. സൈക്കിളിന്റെ തണ്ടിൽ ഒരുപിടി കരിക്കിൻ കുലകളുമായി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽനിന്നു വരുന്ന പാവപ്പെട്ട ഗ്രാമീണരാണ് ഏറെയും. കസ്റ്റമർ സപ്പോർട്ട് ജോലിക്കായി നഗരത്തിലൂടെ അലയുന്നതിനു ഇടയിൽ പലതവണ ഇളനീർ കുടിച്ചിട്ടുണ്ട്. ഒരിക്കലും സ്ട്രോ ഉപയോഗിച്ചിട്ടില്ല. വായിലൂടെ ഒലിച്ചിറങ്ങുന്ന ഇളനീർ ചാലുകൾക്കു നാടിന്റെ ഓർമയുണർത്താൻ പര്യാപ്തമായ തണുപ്പുണ്ടാകും.

ഞാൻ കരിക്ക് കൈനീട്ടി വാങ്ങി, കൽ‌ബെഞ്ചിൽ ഇരുന്നു. കുറച്ചകലെ അക്കയും കാലുകൾ നീട്ടിവച്ച്, മുളങ്കോലിൽ ചാരി ഇരുന്നു. അക്ക വാടിയ വെറ്റിലയെടുത്ത് ചുണ്ണാമ്പു തേച്ച് വായിൽ‌തള്ളി. ചൂണ്ടുവിരലിന്റെ അഗ്രത്തിൽ പറ്റിപ്പിടിച്ച ചുണ്ണാമ്പ് തരികൾ സാരിയിൽ തുടച്ചു. കരിക്കു മൊത്തുന്നതിനിടയിൽ ഞാൻ എല്ലാം ഒളികണ്ണിട്ടു നോക്കിക്കണ്ടു.

അപരിചിതരുടെ സാമീപ്യവും അവരുമായുള്ള സഹവാസവും ചില സാഹചര്യങ്ങളിൽ എനിക്കു ഏറെ ഇഷ്ടമാണ്. എനിക്കു അവരോടു എല്ലാം തുറന്നു പറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും,… അങ്ങിനെ എല്ലാം. അതോടെ എന്റെ മാനസിക സംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷമിക്കുന്നുവെന്നു ക്രൂരമായ അറിവിൽ എന്നിലെ സംഘർഷം കുറയും. എങ്കിലും അപരിചിതർ എന്നും അപരിചിതരായി തുടരില്ലല്ലോ. ഒരിക്കൽ അവരും പരിചയക്കാർ ആകും. അപ്പോൾ, അടുത്ത അപരിചിതർ വരുന്നതു വരെ ഞാൻ ക്ഷമാപൂർവ്വം കാത്തിരിക്കും. ഇനിയിപ്പോൾ ഇതാ അക്കയുടെ ഊഴമാണ്.

ഞാൻ ചോദിച്ചു. “യേനു ഹെസറു, അക്കാ?”

അക്ക പേരു പറഞ്ഞു. “സത്യ.”

ഞാൻ പിന്നെ കുറച്ചു നേരം മിണ്ടിയില്ല. സംസാരം എങ്ങിനെ ആരംഭിക്കണം എന്ന കാര്യത്തിൽ എനിക്കു അവ്യക്തത തോന്നി.

ഒരു മിനിറ്റു കഴിഞ്ഞു. അക്ക അലക്ഷ്യമായി ചോദിച്ചു. “എല്ലി ഹോഗതെ?”

ഞാൻ ആലോചിച്ചു. എവിടേക്കാണ് യാത്ര? ആശ്വാസം ലഭിക്കുന്ന ഒരിടത്തേക്കായിരുന്നില്ലേ യാത്ര. ഇപ്പോഴാണെങ്കിൽ ഞാൻ ഒരു അപരിചിതയോടൊപ്പമാണ്. അപരിചിത എന്നാൽ ആശ്വാസം എന്നാണ് എനിക്കു അർത്ഥം.

ഞാൻ പറഞ്ഞു. “ലക്ഷ്യം ഇല്ലാത്ത യാത്രയായിരുന്നു അക്ക. എന്നാൽ ഇപ്പോൾ മനസിലാകുന്നു, ഇവിടമായിരുന്നു ലക്ഷ്യമെന്ന്.”

അക്ക ചിരിച്ചു. “ഹഹഹ, ഒല്ലെ മാത്താദിദ്രി.”

ചിരി നിർത്താതെ അക്ക കൂട്ടിച്ചേർത്തു. “ചുർക്കിദിയ.”

മിടുക്കൻ! ആ വാചകത്തിന്റെ പ്രതിധ്വനി എനിക്കു ചുറ്റും നിറഞ്ഞു. ഇതു തന്നെയാണ് അന്നും കേട്ടത്. അഭിമുഖത്തിനുശേഷം ഇന്റർവ്യൂവർ എന്നെ അഭിനന്ദിച്ചു. ‘You are a smart guy’.

എനിക്കു എന്തെന്നില്ലാത്ത ഉറപ്പു തോന്നി. ഈ ജോലി ലഭിച്ചതു തന്നെ. ബസ് കാത്തു നിൽക്കുമ്പോൾ ഞാൻ നാട്ടിലേക്കു വിളിച്ചു. ജ്യേഷ്ഠനോടു ആവേശത്തോടെ എല്ലാം പറഞ്ഞു. അപ്പുറത്തു കനത്ത നിശബ്ദത മാത്രം. അനുജനു ആശ കൊടുക്കുന്നവരെ ജ്യേഷ്ഠൻ എന്നും ഭയന്നിരുന്നു. കാലം പഠിപ്പിച്ചത് അതാണ്. കാലം പഠിപ്പിക്കുന്നതും അതാണ്.

ജ്യേഷ്ഠൻ മന്ത്രിച്ചു. “ഇപ്പോൾ ഒന്നും ഉറപ്പിക്കണ്ട… സമയമാകട്ടെ.”

ഞാൻ കൽബെഞ്ചിൽ ഒന്ന് അനങ്ങിയിരുന്നു. ആകാശത്തേക്കു നോക്കി. വെയിലിനു ഭാവമാറ്റം വരികയാണ്. സൂര്യപ്രകാശത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. മൈതാനത്തു നിന്നു വരുന്ന കാറ്റിനു വേനലിനു ചേരാത്ത ഊഷ്മളത.

ഒരു മിനിറ്റിനു ശേഷം കുടിലിന്റെ പനയോല മേഞ്ഞ മേൽക്കൂരയിൽ എന്തോ താളാത്മകമായി വന്നുവീണു. ആരെങ്കിലും വളപ്പൊട്ടുകൾ വാരി വിതറിയോ? ഞാൻ കാതോർത്തു ശ്രദ്ധിച്ചു. ഒട്ടു നേരത്തെ നിശബ്ദത. അതിനു ശേഷം വീണ്ടും അതേ താളങ്ങളുടെ കുറച്ചുകൂടി ദീർഘമായ ആവർത്തനം. താളം മുറുകുന്ന പഞ്ചാരി പോലെ നാലഞ്ച് തവണ ഇത് ആവർത്തിച്ചു. ഒടുവിൽ പനയോലയിൽ മഴത്തുള്ളികൾ തുടരെ വന്നു പതിച്ചു. വേനൽമഴ, ഇടവേളകളില്ലാതെ താളം മുറുകി. നീണ്ട യാത്രയ്ക്കു ശേഷം കൂടണഞ്ഞ ആഹ്ലാദത്തിൽ മഴത്തുള്ളികൾ നാലുപാടും ചിതറിത്തെറിച്ചു. അവയുടെ അനാദിയായ തണുപ്പിൽ പ്രകൃതി ആശ്വാസം കൊണ്ടു. അക്ക എഴുന്നേറ്റു മഴയിലേക്കു ഇറങ്ങി.

“Sorry Sunil. They already selected a guy. So you have less chance now. And, unfortunately I failed to track the reason for rejection.”

Read More ->  അദ്ധ്യായം 9 -- പുരാവൃത്തങ്ങളിലേക്ക്

ഒട്ടും പ്രതീക്ഷിക്കാത്ത അശുഭ വാർത്തയാണ് കുറച്ചുമുമ്പ് ജിതുവിന്റെ ഇമെയിലിൽ വായിച്ചത്. ഒരു മിനിറ്റോളം തല മരവിച്ച് ഇരുന്നു പോയി. അത്ര നെഗറ്റീവ് ന്യൂസ്. എന്നിട്ടും ഇമെയിലിൽ അവസാനം കണ്ട കൂട്ടിച്ചേർക്കൽ എന്നെ ചിരിപ്പിച്ചു. ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കളും പതിവുകൾ തെറ്റിച്ചില്ലല്ലോ. അതോർത്തപ്പോൾ പിടിച്ചു നിൽക്കാനായില്ല. വെറുതെ ചിരിച്ചു. അതിനു പിന്നിലെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല. ‘ജീവിതം’ എന്ന മൂന്നു അക്ഷരങ്ങളുള്ള വാക്കിനു മനുഷ്യനെ പലതും പഠിപ്പിക്കാൻ സാധിക്കും. അതും വളരെ പെട്ടെന്ന്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവനെ ഒരു മിനിറ്റിനുള്ളിൽ തകർത്തു കളഞ്ഞ്, പൊള്ളയായി ചിരിപ്പിക്കുകയും ചെയ്യും. ഇപ്പോൾ അത് ബോധ്യമായി.

മഴയത്തു നിന്ന് കരിക്കിൻ കുലകൾ താങ്ങിയെടുത്തു അക്ക തിരിച്ചുവന്നു. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടു അക്ക അന്വേഷിച്ചു.

“യാക്കെ അലൂദു?”

ഞാൻ മിണ്ടിയില്ല. അക്ക ആവർത്തിച്ചു. “മാത്താടു…”

ഞാൻ ഒന്നും പറയാതെ കരിങ്കൽ ബെഞ്ചിൽ നിന്നു എഴുന്നേറ്റു. മഴയിലേക്കിറങ്ങി ബൈക്കിനു നേരെ നടന്നു. അപരിചിതന്റെ ദുഃഖം ഏറ്റുവാങ്ങാതെ അക്ക അങ്ങിനെ രക്ഷപ്പെട്ടു. അവർ അപരിചിതയായി ഇന്നും തുടരുന്നു.

***************

ശ്രവണ ന്യൂനത ഉള്ളവർക്കു യോജിക്കുന്ന ഒരൊറ്റ ജോലിയും ഐടി സ്ഥാപനങ്ങളിലെ ടെക്നിക്കൽ പോസ്റ്റുകളിൽ ഇല്ലെ ന്നാണോ?”

അങ്ങിനെയല്ല സുനിൽ. They are afraid. അതാണ് കാര്യം. അല്ലാതെ മനപ്പൂർവ്വമുള്ള അവഗണനയാണെന്നു കരുതരുത്

അതായിരുന്നു ഒരു സുഹൃത്തിന്റെ പ്രതികരണം. ഞങ്ങൾ ഓൺലൈൻ വഴി സംവദിക്കുകയായിരുന്നു. എനിക്കു പേടിയുടെ അടിസ്ഥാനത്തെ പറ്റി അറിയാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കൂടുതൽ ചോദിക്കുന്നത്, വളരെ അടുത്തു പരിചയമില്ലാത്ത സുഹൃത്തിനു ഇഷ്ടമാകില്ലെന്നു കരുതി മിണ്ടിയില്ല.

ഞാൻ അതു വരെ അഭിമുഖീകരിച്ച എച്ച്ആർടെക്നിക്കൽ എക്സിക്യുട്ടീവുകളെ പറ്റി ഓർത്തു. അവരിലൂടെ തിരനോട്ടം നടത്തി നോക്കി. മറ്റു ഉദ്യോഗാർത്ഥികൾക്കു ഒപ്പം, ശ്രവണന്യൂനത ഉള്ളവരെയും അഭിമുഖം ചെയ്യുന്ന ഇവരിൽ എൺപത് ശതമാനത്തിനും, അത്തരക്കാരെ പറ്റി കൃത്യമായ ധാരണയുള്ളതായി കണ്ടിട്ടില്ല; വികലാംഗ ഉദ്യോഗാർത്ഥിയുടെ കഴിവുകൾ അളക്കാൻ പ്രാപ്തിയുള്ളതായി തോന്നിയിട്ടില്ല. ചിലർ ഇത്തരക്കാരെ ആദ്യമായി കൈകാര്യം ചെയ്യുന്നതിന്റെ അജ്ഞത വെളിപ്പെടുത്തും. നമുക്കു വേണ്ടത് കുറച്ചുകൂടി സെൻസിബിളിറ്റിയുള്ള ആളുകളെയാണ്. അല്ലാതെ ഇന്നുവരെ വെറുംകാൽ മണ്ണിൽ കുത്താത്തവരെയോ, ഹാരിപോട്ടറും പൈങ്കിളി റൊമാൻസും മാത്രം വായിക്കുന്നവരേയോ അല്ല. ഉദ്യോഗാർത്ഥിയുടെ ആന്തരികഭാവങ്ങളും കഴിവുകളും മനസ്സിലാക്കപ്പെടണം. എന്നാൽ നിർഭാഗ്യവശാൽ സംഭവിക്കുന്നതെന്താണ്? ഒരു വികലാംഗനായ ഉദ്യോഗാർത്ഥിക്കു ന്യൂനതയുള്ളപ്പോൾ തന്നെ, ഉള്ള കഴിവുകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നു ചിന്തിക്കാതെ, എങ്ങിനെ ഒഴിവാക്കാം എന്നു (ഓർത്തോപീഡിക്കൽ & ശ്രവണ സഹായി ഫലപ്രദമായവർ ഒഴികെ[1]) ചിന്തിക്കുന്നവരാണ് കൂടുതലും. ഒരു ഉദാഹരണം താഴെ.

ഹൈദരാബാദിൽ നടന്ന ഇന്റർവ്യൂ. വികലാംഗർക്കു മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്ടുമെന്റ് ഡ്രൈവ്. എനിക്കു മുന്നിൽ പ്രശസ്തമായ ഒരു കമ്പനിയുടെ ടെക്നിക്കൽ ഇന്റർവ്യൂവർ ഇരിക്കുന്നു. എന്റെ കഴിവുകൾ വിലയിരുത്തപ്പെടുന്നു. പ്രൊഫൈലിൽ നിന്നു ലഭിച്ച വിവരങ്ങളെ അദ്ദേഹം വിലയിരുത്തി. ഒഴിവാക്കാൻ മാർഗങ്ങളൊന്നും കണ്ടില്ല. അപ്പോൾ പതിവുരീതികൾ അദ്ദേഹം പുറത്തെടുത്തു. ‘എനിക്കു പ്രോഡക്ഷൻ ലെവൽ ജോലി പരിചയമുണ്ടോ, ഡവലപ്പിങ്ങ് ലെവൽ പരിചയമുണ്ടോഎന്ന ചോദ്യങ്ങൾ എത്തി. ഇന്റർവ്യൂ റിസൾട്ട് എന്തായിരിക്കുമെന്നും, അത് ഇന്റർവ്യൂ ചെയ്യുന്നതിനു മുമ്പുതന്നെ തീരുമാനിക്കപ്പെട്ടുവെന്നും ഞാൻ മനസ്സിലാക്കി. മേഖലയിൽ തൊഴിൽ പരിചയമില്ലെന്നു ഞാൻ സമ്മതിച്ചു. സാർ അപാരമായ നിസ്സഹായത മുഖത്തു പ്രസരിപ്പിച്ച് എന്നോടു പറഞ്ഞു.

We want people with 4-5 years experience, in respective fields.”

അങ്ങിനെ തുടച്ചു നീക്കപ്പെട്ടു. അരിമണി പോയിട്ടു ഒരിറ്റു വെള്ളം പോലും കിട്ടിയില്ല. എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു, ‘എന്റെ ബയോഡാറ്റാ വായിച്ചുനോക്കിയിട്ടും, ഇത്തരം മേഖലയിൽ അറിവില്ലെന്നു കണ്ടിട്ടും, എന്റെ ബയോഡാറ്റയ്ക്കു യോജിക്കുന്ന ടെക്നിക്കൽ ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങളിൽ തൃപ്തനായിട്ടും, താങ്കൾ എന്തിനാണു എന്റെ പ്രാപ്തിക്കു അപ്പുറമുള്ള കാര്യങ്ങൾ ചോദിക്കുന്നത്’ എന്ന്?

പക്ഷേ ഞാൻ അത് ചോദിച്ചില്ല. നുണ പറഞ്ഞല്ല നമുക്കു ബഹുഭൂരിഭാഗം ആളുകളേയും പ്രകോപിപ്പിക്കാൻ സാധിക്കുക, മറിച്ചു അപ്രിയകരമായ സത്യം പറഞ്ഞാണ്!

ഇപ്പോൾ കുറേ കൊല്ലങ്ങൾ കഴിഞ്ഞു. കമ്പനികളുടേയും, എക്സിക്യുട്ടീവുകളുടേയുംപേടിഇന്നും മാറിയിട്ടില്ല. അറ്റകൈയ്ക്കു പ്രോഡക്ഷൻ ലെവൽ ജോലി പരിചയം ഇക്കാലത്തും എന്നോടു ചോദിക്കപ്പെടുന്നു. കമ്പനികളുടെ പേടി ഇക്കാലത്തിനിടയിൽ പോളിസിയായി മാറിയെന്നു തോന്നുന്നു. പോളിസി എന്നു മാറും?

ഇന്റർവ്യൂ പ്രക്രിയകളിലെ അന്തർധാരകൾ വൈവിധ്യമാർന്നതാണ്. അവ നമ്മളെ അതിശയിപ്പിച്ചു കളയും, ഒപ്പം തോൽപ്പിക്കുകയും.


[1] ഐടി മേഖലയിലെ ജോലികളിൽ ബഹുഭൂരിഭാഗവും ഇരുന്നുകൊണ്ടു ചെയ്യാവുന്നവയാണ്. അതിനാൽ ഓർത്തോപീഡിക്കൽ വൈകല്യമുള്ളവർ ഇന്റർവ്യൂ പക്രികയിൽ പൊതുവെ വിവേചനം നേരിടാറില്ല. ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കു തുല്യമായ പരിഗണന ഇക്കൂട്ടർക്കു ലഭിക്കും. ശ്രവണസഹായി ഉപയോഗിച്ചു കേൾക്കാൻ കഴിയുന്ന ‘ശ്രവണ ന്യൂനതയുള്ളവരുടേയും’ കാര്യം ഇങ്ങിനെ തന്നെ.

ഇവിടെ വളരെ ശ്രദ്ധേയമായ, പെട്ടെന്നു ശ്രദ്ധയിൽപെടാത്ത ഒരു കാര്യമുണ്ട്. മേൽപ്പറഞ്ഞ രണ്ടു കൂട്ടരും ഐടി കമ്പനികളുടെ കയ്യിലെ തുറുപ്പുചീട്ടുകൾ ആണ്. ആരെങ്കിലും എപ്പോഴെങ്കിലും വികലാംഗരോടുള്ള കമ്പനികളുടെ വിവേചനസമീപനത്തെപ്പറ്റി പ്രതിഷേധമുയർത്തിയാൽ കമ്പനികൾ കൈ ചൂണ്ടുന്നത് മേൽപ്പറഞ്ഞ ആളുകൾക്കു നേരെയാണ്. ‘ഇതാ നോക്കൂ കൈകാലുകൾക്കു അംഗവൈകല്യം ഉള്ളവരും, ശ്രവണന്യൂനത ഉള്ളവരും ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഞങ്ങൾ തൊഴിൽ അന്വേഷികളോടു തുല്യസമീപനമാണ് പുലർത്തുന്നതെ എന്നതിനു ഇതിൽപരം തെളിവു വേണോ?’’ എന്നാകും കമ്പനികളുടെ പ്രതികരണം. ഈ മറുപടിയിൽ എത്രത്തോളം ലോജിക് ഉണ്ടെന്നത് പലരും പരിശോധിക്കാറില്ല. നിരവധി ചോദ്യങ്ങൾ ഇവിടെ ഉയർന്നു വരുന്നുണ്ട്.

ശ്രവണന്യൂനതയുള്ള ഒരുവൻ ജോലിക്കു അപേക്ഷിച്ചാൽ അവനെ എതിരേൽക്കുന്ന ആദ്യത്തെ ചോദ്യം, ‘താങ്കൾക്കു ശ്രവണസഹായി ഉപയോഗിച്ചാൽ കേൾക്കാൻ സാധിക്കുമോ? എന്നതാണ്. ഞാനും കുറേതവണ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. ‘ശ്രവണസഹായി ഉപയോഗിച്ച് കേൾക്കാമെങ്കിൽ, പ്രായോഗിക വീക്ഷണകോണിലൂടെ ചിന്തിച്ചാൽ, പിന്നെ എങ്ങിനെയാണ് ഞാൻ ശ്രവണ ന്യൂനതയുള്ളവൻ ആവുക’ എന്ന ചോദ്യം എന്റെ നാവിൻ തുമ്പിൽ വന്നു എത്തി നിൽക്കുന്നുണ്ടാകും. പക്ഷേ ഒരിക്കലും ചോദിച്ചിട്ടില്ല. തർക്കുത്തരം പറയുന്നവൻ എന്ന ഖ്യാതിയെ ഭയമാണ്.

ശ്രവണസഹായി ഉപയോഗിച്ചാൽ കേൾക്കാവുന്ന ഒരുവൻ ഇന്റർവ്യൂ പ്രക്രിയയിലും ഐടി തൊഴിലിടങ്ങളിലും ജനറൽ കാൻഡിഡേറ്റിനു ഏകദേശം സമശീർഷനാണ്. അതാണ് സത്യം. (ശ്രവണസഹായി ഇല്ലാത്തപ്പോൾ അവൻ വൈകല്യത്തിനു വിധേയനാണ് എന്നതു മറക്കുന്നില്ല. പക്ഷേ ഇൻസ്‌ട്രുമെന്റൽ സപ്പോർട്ട് ഉള്ളിടത്തോളം പ്രായോഗിക തലത്തിൽ പ്രശ്നമില്ല. വികലാംഗത്വബോധം എന്നിട്ടും അവനിൽ നിലനിൽക്കുന്നുവെങ്കിൽ അതു പൂർണമായും മനഃസംബന്ധിയാണ്. ഉചിതമായ കൗൺസലിങ് കൊടുക്കുകയാണ് വേണ്ടത്). അതുപോലെ തന്നെ അല്പസ്വല്പം വൈകല്യമുള്ള ഓർത്തോപീഡിക്കൽ വ്യക്തികളെ ജോലിക്കു തിരഞ്ഞെടുത്തു കൊണ്ട് ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽ ദാതാവ് എന്ന ടാഗ് അവകാശപ്പെടുന്നതിൽ യാതൊരു യുക്തിയുമില്ല. ഇത്തരക്കാരെ സെലക്ട് ചെയ്യാൻ ഈക്വൽ ഓപ്പർച്ചുനിറ്റി എന്ന ടാഗ് ആവശ്യവുമില്ല. ഏതാണ്ട് എല്ലാ കമ്പനികളും ഇത്തരക്കാരുടെ ന്യൂനത പ്രശ്നമാക്കാതെ അവരെ ജോലിക്ക് തിരഞ്ഞെടുക്കും.

ഈവിധ നാടകങ്ങൾക്കിടയിൽ ക്രൂരമായി അവഗണിക്കപ്പെടുന്ന ചിലരുണ്ട്. ശ്രവണ സഹായി ഉപയോഗിച്ചിട്ടും ന്യൂനത വിട്ടുമാറാത്തവർ ആ കൂട്ടത്തിലെ പ്രമുഖ വിഭാഗമാണ്. അത്തരക്കാർക്കു ജോലി ലഭിക്കാൻ ആവശ്യമായ വിദ്യാഭ്യാസ, പ്രവൃത്തി പരിചയയോഗ്യതകൾ ഉണ്ടായിരിക്കും. പക്ഷേ അവരോടുള്ള കമ്പനികളുടെ സമീപനം പടിയടച്ചു പിണ്ഢം വയ്ക്കലാണ്. പത്തുകൊല്ലം മുമ്പ് ബാംഗ്ലൂരിൽ എത്തിയ ഞാൻ അത്തരം ഒരു ഭ്രഷ്ടനാണ്. വേറേയും ഭ്രഷ്ടന്മാർ ഉണ്ടായിരിക്കും. കമ്പനികൾ അവഗണിച്ചാൽ അവർ എവിടെ പോകുമെന്നതിനു എനിക്കു ഉത്തരമില്ല. കമ്പനികൾക്കു ഇത്തരക്കാരിലെ ടെക്നിക്കൽ നോളജ് ആവശ്യമില്ലെന്നു തോന്നുന്നു. എന്തിനേറെ പറയുന്നു, ഇത്തരക്കാർ ജീവിച്ചാലും ഇല്ലെങ്കിലും കമ്പനികൾക്കു ഒരു പ്രശ്നവുമില്ലെന്നും എനിക്കു തോന്നുന്നുണ്ട്.

Featured Image Source: – https://medium.com/christian-perspectives-society-and-life/what-is-or-isnt-equal-opportunity-238ea38efac0

പതിനൊന്നാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അഭിപ്രായം എഴുതുക