സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
വൈകുന്നേരം ഡെറാഡൂണിൽനിന്നു പണിക്കൽ എത്തി. ദേവ് മയങ്ങുകയായിരുന്നു. എഴുന്നേറ്റു കണ്ണു തുറന്നപ്പോൾ കണ്ടത് ബജ്ജിയും ചായയും ചൂടോടെ കഴിക്കുന്ന സുഹൃത്തിനെയാണ്. ദേവ് നിരാശനായി. പണിക്കർ ഉടനെയെങ്ങും തിരിച്ചു വരേണ്ടെന്നായിരുന്നു ആഗ്രഹം. ഇപ്പോളിതാ കഥാപാത്രം കൺമുന്നിൽ. ഇനിയെങ്ങിനെ യുവതിയെ കാണാൻ പോകും.
പണിക്കർ കുശലം ചോദിച്ചു. “എങ്ങിനെയുണ്ട് ദേവ്. സുഖമാണോ ഇവിടെ?”
ദേവ് ചിരിച്ചു. മനസ്സിലെ നിരാശ മുഴുവൻ പ്രതിഫലിപ്പിച്ച വിളറിയ ചിരി.
പണിക്കർ ആരാഞ്ഞു. “എന്താണ് മുഴുവൻ സമയവും കിടന്നുറങ്ങുന്നത്? ഇന്നുച്ച വരെ ഉറങ്ങിയെന്ന് സുരൻ പറഞ്ഞു. എന്നിട്ടിപ്പോൾ വീണ്ടും ഉറങ്ങുന്നോ”
ദേവ് പരിഭവിച്ചു. “ഇവിടെ ചില സമയത്തു മഹാബോറാണ്.”
“എങ്കിൽ ശരി, ഇന്നു രാത്രി നാം പുറത്തുപോയി ഭക്ഷണം കഴിക്കുന്നു. മടുപ്പ് കുറച്ചു മാറും.”
പണിക്കരുടെ പോംവഴി ഒരു പ്രഭാവവും ഉണ്ടാക്കിയില്ല. ഡിന്നർ അല്ല, യുവതിയുമായി വീണ്ടും സംഗമിക്കുകയായിരുന്നു ദേവിന്റെ ആവശ്യം. പണിക്കർ ഫ്ലാറ്റിലുള്ളപ്പോൾ അതു നടക്കുകയുമില്ല.
“ഡെറാഡൂണിലെ ജോലി കഴിഞ്ഞോ?” ദേവ് അന്വേഷിച്ചു. സുഹൃത്ത് തിരിച്ചു പോകാൻ സാദ്ധ്യതയുണ്ടെങ്കിൽ അതറിയണം.
പണിക്കരുടെ മുഖഭാവം നിരാശയിലേക്കു വഴുതി. “കഴിഞ്ഞ ആഴ്ച രണ്ടു മൊബൈൽ ടവറുകൾ നിലംപൊത്തി. ഞാൻ അവ പുനസ്ഥാപിക്കുന്ന തിരക്കിലായിരുന്നു. കുഴപ്പം പിടിച്ച ചില ടെക്നിക്കൽ പ്രശ്നങ്ങൾ എന്നെ വലച്ചു.”
“ഇപ്പോളെങ്ങിനെ? എല്ലാം കഴിഞ്ഞോ?”
“ഇല്ല, പകുതിയേ പൂർത്തിയായിട്ടുള്ളൂ. നാളെ രാവിലെ ഞാൻ വീണ്ടും യാത്രയാകും.”
ദേവ് ചാടിയെഴുന്നേറ്റു. “എന്ത്… നാളെയോ!”
ദേവിന്റെ പ്രതികരണത്തിൽ പണിക്കർ ഞെട്ടി. സന്തോഷം കൊണ്ടാണ് ദേവ് ആവേശഭരിതനായത്. പക്ഷേ പണിക്കർ നിരാശ മൂലമാണെന്നു തെറ്റിദ്ധരിച്ചു.
“അയാം വെരി സോറി. ഡെറാഡൂണിലെ ജോലിയ്ക്കു ഇപ്പോൾ ആരുമില്ല. ഞാൻ തന്നെ പോകേണ്ടത് അവശ്യമാണ്.”
മനസ്സിലെ ആഹ്ലാദം അടക്കി ദേവ് ഗൗരവ ഭാവം കൈക്കൊണ്ടു.
“ഒഫീഷ്യൽ കേസല്ലേ. എതിർപ്പിലും പരിഭവത്തിലും കാര്യമില്ല. ജോലികൾ തീർത്തിട്ടു തിരിച്ചു വന്നാൽ മതി. എനിക്കിവിടെ ഒറ്റക്ക് കഴിയാൻ പ്രശ്നമില്ല,
ടയ്‌ക്കു വിരസത തോന്നുമെങ്കിലും.”
ഇരുവരും സംഭാഷണം അവസാനിപ്പിച്ചു.
രാത്രി എട്ടുമണിക്കു മൂവരും ഡിന്നർ കഴിക്കാനിറങ്ങി. നഗരത്തിലെ സാമാന്യം മുന്തിയ ഹോട്ടലിൽ തന്നെ കയറി. ഹോട്ടലിൽ തിരക്കില്ലായിരുന്നു. ഭക്ഷണ സമയം ആകുന്നതേയുള്ളൂ.
പണിക്കർ ഒരു ലഘുവിവരണം നൽകി. മീററ്റ് നോൺവെജിറ്റേറിയൻ വിഭവങ്ങൾക്കു പ്രശസ്തമാണ് – അത്തരം വിഭവങ്ങൾ ലഭിക്കുന്ന ഒരു ഹോട്ടലിലാണ് ഇപ്പോൾ ഇരിക്കുന്നത് – ഇവിടത്തെ ചിക്കൻ കബാബ് വളരെ പ്രസിദ്ധം – എന്നിങ്ങനെ. കബാബിനു പേരുകേട്ട ഇടമെന്നത് ദേവിന്റെ മനസ്സിൽ തറച്ചു. ഉടൻ ഓർഡർ കൊടുത്തു. ഒപ്പം തന്തൂരി റൊട്ടിയും. മീററ്റിൽ എത്തിയ ശേഷം രുചിയില്ലാത്ത ഭക്ഷണം കഴിച്ചിട്ടില്ല. ഇതും കേമമായാൽ നന്ന്.
മൂവരും ഭക്ഷണത്തിനു കാത്തിരിക്കുമ്പോൾ നാല്പത്തഞ്ചു വയസിനു മേൽ തോന്നിക്കുന്ന ഒരു പുരുഷൻ ഹോട്ടലിൽ വന്നു. ഇരുണ്ട ചെമ്പിന്റെ നിറം. വേഷം മുഷിഞ്ഞ പൈജാമയും കുർത്തയും. നരച്ച കുറ്റിത്താടി. അജാനുബാഹു. ആറടിയോളം പൊക്കം. ദൃഢശരീരം. ആൾക്കൂട്ടത്തിലും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന പ്രകൃതം.
പുരുഷൻ മേശയെ കടന്നു പോകുമ്പോൾ സുരൻ നാടകീയമായി അദ്ദേഹത്തിന്റെ കയ്യിൽ പിടുത്തമിട്ടു. ആദ്യം അമ്പരന്നെങ്കിലും സുരനേയും പണിക്കരേയും കണ്ടപ്പോൾ പുരുഷൻ ചിരിച്ചു. അദ്ദേഹം പണിക്കരോടു കൈകൂപ്പി നമസ്തെ പറഞ്ഞു. പണിക്കർ ചോദിച്ചു.
“എന്തു പറയുന്നു റാം. സുഖമല്ലേ?”
“അതെ പണിക്കർ സാബ്. താങ്കൾക്കും സുഖമെന്നു കരുതുന്നു.”
ഇതാരാ പുതിയ കക്ഷി എന്നർത്ഥത്തിൽ റാം ദേവിനെ നോക്കി. പണിക്കർ പരിചയപ്പെടുത്തി.
“എന്റെ സുഹൃത്ത് ദേവകുമാർ. ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.”
റാം കൈകൂപ്പി. ദേവ് ചിരിച്ചു. മുഷിഞ്ഞ വേഷമെങ്കിലും റാമിന്റെ വലിയ ആകാരവും ശരീരഭാഷയും ആദരവ് ജനിപ്പിച്ചിരുന്നു. നാലഞ്ച് ആളുകൾ വിചാരിച്ചാലൊന്നും ഇദ്ദേഹത്തെ കായികമായി കീഴ്‌പ്പെടുത്താൻ പറ്റില്ല. ഇത്തരം ജനുസ്സുകളെ അപൂർവ്വമേ കണ്ടിട്ടുള്ളൂ.
റാം ഹോട്ടലിന്റെ മൂലയിലുള്ള മേശയിൽ
രുന്നു. സുരൻ ഒപ്പം കൂടി. അവർ തമ്മിൽ നല്ല പരിചയമുണ്ടെന്നു വ്യക്തം. ദേവ് ആരാധനാ സ്വരത്തിൽ പറഞ്ഞു.
“റാം വളരെ കരുത്തനാണ്.”
പണിക്കർ ശരിവച്ചു. “അതിൽ അൽഭുതപ്പെടാനില്ല. സീതാറാം ഒരു കൊല്ലൻ ആണ്. പ്രധാനമായും ഇരുമ്പ് പണിയായുധങ്ങൾ ഉണ്ടാക്കുന്നു. ആലക്ക് ഒപ്പം തന്നെ ഒരു വർക്കുഷോപ്പും ഉണ്ട്. കായികാധ്വാനമുള്ള ജോലിയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം.”
“പണിക്കർ എങ്ങിനെ റാമുമായി പരിചയപ്പെട്ടു. എന്താണ് ടെലികോം എൻജിനീയറും കൊല്ലനും തമ്മിലുള്ള കണക്ഷൻ ലിങ്ക്?”
“ആറുമാസം മുമ്പ് ഫ്ലാറ്റിന്റെ താക്കോൽ നഷ്ടപ്പെട്ടിരുന്നു. അപ്പോൾ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ റാം സഹായിച്ചു. സുരനാണ് പരിചയപ്പെടുത്തി തന്നത്.”
അസാധാരണ മറുപടിക്കു കാതോർത്ത ദേവ് നിരാശനായി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കാൻ കൊല്ലന്റെ സഹായം തേടുന്നത് സർവസാധാരണമാണ്.
സുരനും റാമും
രിക്കുന്ന മേശയിലേക്കു ദേവ് നോക്കി. ഇരുവരും ഗൗരവമായ സംഭാഷണത്തിലാണ്.
“അവർ തമ്മിൽ നല്ല പരിചയമുണ്ടെന്നു തോന്നുന്നല്ലോ?” ദേവ് ചോദിച്ചു.
“ശരിയാണ്. സുരന്റെ സഹോദരൻ റാമിന്റെ അടുത്ത കൂട്ടുകാരനായിരുന്നു.”
“എവിടെയാണ് റാം താമസിക്കുന്നത്.”
“കുറച്ചകലെ. ആലയും വീടും അടുത്തടുത്താണ്. വർക്ക്‌ഷോപ്പും അവിടെത്തന്നെ.”
പണിക്കർ ആവശ്യത്തിലേറെ വിശദീകരണം നൽകുന്നുണ്ട്. ഒറ്റവാക്കിൽ മറുപടി ഒതുക്കുകയാണ് പണിക്കരുടെ പതിവ്. ഇപ്പോൾ റാമിന്റെ താമസ സ്ഥലത്തെപ്പറ്റി ചോദിച്ചപ്പോൾ ജോലി സ്ഥലത്തേയും പരാമർശിച്ച് മറുപടി തരുന്നു. സുരനുമായുള്ള പരിചയത്തെപ്പറ്റി ചോദിച്ചപ്പോൾ സുരന്റെ സഹോദരനും സംഭാഷണത്തിൽ കടന്നു വരുന്നു.
“റാമിനു പണിക്കർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ.”
“തെളിയിച്ചു പറയൂ.” പണിക്കർക്കു കാര്യം വ്യക്തമായില്ല.
“വെറുമൊരു കൊല്ലന് ആളുകൾ കൊടുക്കുന്ന പ്രാധാന്യത്തേക്കാൾ കൂടുതൽ പണിക്കർ റാമിനു കൊടുക്കുന്നതായി എനിക്കു തോന്നി. എന്നുവച്ചാൽ റാം പ്രാധാന്യമുള്ള ഒരു വ്യക്തിയാണെന്ന്. അതാണ് ഞാൻ ഉദ്ദേശിച്ചത്.”
പണിക്കർ സമ്മതിച്ചു. “ശരിയാണ്. റാം നിസാരനായ കൊല്ലൻ അല്ല. മറിച്ചു പ്രതിസന്ധി ഘട്ടത്തിൽ നമുക്കു ആശ്രയിക്കാവുന്ന വിശ്വസ്ത വ്യക്തിയും കൂടിയാണ്.”
“എന്ത് ആശ്രയം. പണിക്കർ അദ്ദേഹത്തെ ആശ്രയിച്ചിട്ടുണ്ടോ. ഏതു പ്രതിസന്ധിയിലാണ് പണിക്കർ അകപ്പെട്ടത്?” ദേവിന്റെ ഒച്ച അറിയാതെ ഉയർന്നു പോയി.
ഒച്ച കുറയ്‌ക്കാൻ ആംഗ്യം കാണിച്ച്, പണിക്കർ തുടർന്നു. “ഞാൻ ഒരു അപകടത്തിലും പെട്ടിട്ടില്ല. അതിനാൽ ആശ്രയിക്കേണ്ടിയും വന്നിട്ടില്ല. പക്ഷേ പ്രതിസന്ധി ഘട്ടത്തിൽ റാം തുണച്ചിട്ടുള്ള നിരവധി പേരെ എനിക്കറിയാം.”
പറഞ്ഞതിൽ കൂടുതൽ പണിക്കർ ഒളിപ്പിക്കുന്നുണ്ട്. ദേവ് തീർച്ചപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ വ്യക്തികളെ സഹായിക്കുന്നത് റാം മാത്രമാണോ. തീർച്ചയായും അല്ല. അപ്പോൾ അദ്ദേഹത്തെ പ്രധാന വ്യക്തിയാക്കുന്ന മറ്റു ഘടകങ്ങളും ഉണ്ടെന്നു വരുന്നു. ചോദിക്കാതെ തന്നെ പണിക്കർ പറഞ്ഞു.
“സീതാറാം ഒരു അപകടകാരിയാണ്. സാധാരണ പ്രതിസന്ധിയിലല്ല, മറിച്ചു അപകടകരമായ പ്രതിസന്ധിയിലാണ് നാം അദ്ദേഹത്തെ ആശ്രയിക്കേണ്ടത്.”
“എന്തുകൊണ്ടാണ് അപകടകാരിയാകുന്നത്?” ദേവ് ഉദ്വേഗം കൊണ്ടു.
“അദ്ദേഹത്തിനു നിയമവിരുദ്ധ ബിസിനസുകൾ ഉണ്ട്. റാമിന്റെ ആലയിൽ പലവിധം കത്തികളും വാളുകളും ഉണ്ടാക്കാറുണ്ട്. ഇവിടത്തെ അക്രമ സംഭവങ്ങളിൽ അവ വ്യാപകമായി ഉപയോഗിക്കപ്പെടും.”
“എന്നിട്ടെന്തേ ഇദ്ദേഹം പോലീസിന്റെ പിടിയിലാകാത്തത്?”
“പോലീസിനു ഇത്തരക്കാരെ ആവശ്യമുണ്ട്.” പണിക്കർ മുഖം അടുപ്പിച്ചു മന്ത്രിച്ചു. “റാം ഉണ്ടാക്കുന്നതിൽ ഏറ്റവും മാരകമായ ആയുധം ഇരട്ടക്കുഴൽ തോക്കാണ്.”
സീതാറാം ഇരിക്കുന്ന മേശക്കുനേരെ ദേവ് ഒളിക്കണ്ണിട്ടു നോക്കി. അദ്ദേഹം ഇങ്ങോട്ടും കൂർപ്പിച്ചു നോക്കുകയാണ്. ദേവ് പെട്ടെന്നു മുഖം തിരിച്ചു. കുറച്ചു സമയം ഇരുവരും മിണ്ടാതിരുന്നു. ഗൗരവമായ ഓരോ സംഭാഷണവും, സംസാരിക്കുന്നവരിൽ ആവേശവും ആഘാതവും ഉളവാക്കും. അത്തരം ഉത്തേജിക്കപ്പെട്ട മാനസിക നിലയിൽ നിന്നു മിതത്വത്തിന്റെ പൂർവ്വനില പ്രാപിക്കാൻ അല്പനേരത്തെ നിശബ്ദത അവശ്യമാണ്.
ഓർഡർ ചെയ്ത ഭക്ഷണങ്ങൾ മേശയിൽ നിരന്നു. മൂന്നുതരത്തിൽ പാകംചെയ്ത കബാബുകളുണ്ട്. സുരൻ റാമിനോടു വിടപറഞ്ഞു തിരിച്ചെത്തി. റാമിനെ പറ്റി ഒന്നുമറിയില്ലെന്ന നാട്യത്തിൽ ദേവ് സംസാരിച്ചു.
“നിങ്ങൾ രണ്ടുപേരും കുറേ സംസാരിച്ചല്ലോ, സുരൻ.”
“അതെ സാബ്. കുറേനാളിനു ശേഷം റാം ഭായിയെ കൂടിക്കാണുകയാണ്.”
“പക്ഷേ അദ്ദേഹം ഇവിടെ അടുത്തല്ലേ താമസം. പിന്നെന്താ കൂടിക്കാണാൻ പ്രയാസം.”
“ജി കുറച്ചുനാൾ ജയിലിലായിരുന്നു. ആരോ കള്ളക്കേസ് കൊടുത്തു. ഞാൻ അക്കാര്യങ്ങൾ ചോദിക്കുകയായിരുന്നു.”
പണിക്കർ സംഭാഷണത്തിൽ ഇടപ്പെട്ടു. “തോക്ക് കേസാണോ?”
സുരൻ പണിക്കരെ തുറിച്ചു നോക്കി. മൂന്നാമതൊരാളുടെ സാന്നിധ്യത്തെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ഉദ്ദേശം. പണിക്കർക്കു അത് മനസ്സിലായി.
“ഞാനെല്ലാം ദേവിനോടു പറഞ്ഞു. നമുക്കു അദ്ദേഹത്തെ വിശ്വസിക്കാം. സുരൻ പറയൂ.”
“അതെ. തോക്കുവില്പന തന്നെ വില്ലൻ.”
ദേവ് ഇടപെട്ടു. “സുരനു കുറേക്കാലമായി ഇദ്ദേഹത്തെ അറിയാമോ?”
“അറിയാം. എന്റെ മൂത്ത സഹോദരന്റെ കൂട്ടുകാരനായിരുന്നു. ജി മിക്ക ദിവസവും സഹോദരനോടു സംസാരിക്കാൻ വീട്ടിൽ വരുമായിരുന്നു.”
“എന്നിട്ട്..?” ദേവ് കൂടുതൽ പറയാൻ പ്രേരിപ്പിച്ചു.
“എന്നിട്ടെന്താ… സഹോദരൻ മരിച്ചശേഷം വരവ് നിന്നു. ആയിടക്കാണ് ആലയിൽ കൂടുതൽ പണി ലഭിച്ചു തുടങ്ങിയത്. എന്നുവച്ചാൽ തോക്ക് ഉണ്ടാക്കാൻ തുടങ്ങിയത്.”
ദേവിനു ആശയപ്പൊരുത്തം നഷ്ടമായി. “എങ്ങിനെയാണ് സുരന്റെ സഹോദരൻ മരിച്ചത്?”
“വെടിയേറ്റ്”
“വെടിയേറ്റോ!” ദേവ് അമ്പരന്നു.
“അതെ. ഇരട്ടക്കുഴൽ തോക്കുകൊണ്ട്.”
“ആരാണ് വെടിവച്ചത്?”
“പോലീസ് അത് ആത്മഹത്യയായി എഴുതിത്തള്ളി. സഹോദരനു തോക്കുണ്ടായിരുന്നെന്നും അതുപയോഗിച്ച് സ്വയം വെടിവച്ചതാണെന്നും അവർ പറഞ്ഞു.”
പണിക്കർ നീരസത്തോടെ ഇരുവരോടും ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. സുരൻ സംസാരം നിർത്തി. യജമാനൻ പറയാതെ ഇനി വായ തുറക്കില്ലെന്നു ഉറപ്പ്. ദേവ് കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ചും സഹോദരൻ വെടിയേറ്റു മരിച്ച സ്ഥലത്തെപ്പറ്റി. സഹോദരന്റെ മരണത്തിനു രാത്തോറിന്റെ കൊലപാതകവുമായി പരോക്ഷ ബന്ധമെങ്കിലും ഉണ്ടാകാതെ തരമില്ല. സുരനോടു ഇതേപ്പറ്റി മറ്റൊരു അവസരത്തിൽ ചോദിക്കാൻ ദേവ് നിശ്ചയിച്ചു.
പത്തരയോടെ മൂവരും ഫ്ലാറ്റിൽ തിരിച്ചെത്തി. കൂടുതലൊന്നും ചെയ്യാനില്ലാത്തതിനാൽ വേഗം ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ ദേവിന്റെ അബോധമനസ്സിൽ ഒരു സ്വപ്നം നിറഞ്ഞാടി. കരിമ്പിൻപാടത്തിനു മദ്ധ്യേയുള്ള പാതയിൽവച്ചു റാം ഇരട്ടക്കുഴൽ കൊണ്ട് ദേവിനെ വെടിവയ്ക്കുന്നു; വെടിയേറ്റ് തലച്ചോർ തെങ്ങിൻ പൂക്കുല പോലെ ചിതറിത്തെറിക്കുന്നു. ദേവ് ഉറക്കം വിട്ടു ഞെട്ടിയെഴുന്നേറ്റു. ശരീരം വിയർത്തൊഴുകി. ഉറക്കം ലഭിക്കാതെ ദേവ് ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.
വെളുപ്പിനു അഞ്ചുമണിക്കു പണിക്കർ വീണ്ടും ഡെറാഡൂണിലേക്കു യാത്ര തിരിച്ചു.
–– End Of Part 8 —
Nannayirikkunnu. Thudaruka. Ashamsakal…!!!