ദിമാവ്‌പൂരിലെ സർപഞ്ച് – 4: രാത്രീഞ്ചരൻ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹാളിൽ സുരൻ ടിവി കാണുകയാണ്. ഒരു ഹിന്ദി സിനിമ. സാന്നിധ്യം അറിയിക്കാൻ ദേവ് ചുമച്ചു. സുരൻ തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും സിനിമയിൽ മുഴുകി. തന്റെ സാന്നിധ്യത്തിൽ സുരൻ വിനീതനാവുമെന്നും, ടിവി റിമോർട്ട് തരുമെന്നും ദേവ് കരുതിയിരുന്നു. പകൽ സമയത്തെ ഭവ്യസമീപനം വച്ചു നോക്കിയാൽ അങ്ങിനെ സംഭവിക്കേണ്ടതാണ്. എന്നാൽ അങ്ങിനെയുണ്ടായില്ല.

സത്യത്തിൽ ദേവിനു ടിവി റിമോട്ട് വേണമായിരുന്നു. രാത്രിയിൽ ഇംഗ്ലീഷ് ന്യൂസ് ചാനലുകൾ കാണുന്ന ശീലമുണ്ട്. അതിനു സുരനോടു റിമോട്ട് ചോദിക്കണം എന്ന നിലയാണിപ്പോൾ. എന്നാൽ റിമോട്ട് ചോദിച്ചു വാങ്ങാൻ മടിയും തോന്നി. യജമാനന്റെ അധികാരം പ്രയോഗിക്കാൻ സമയമായിട്ടില്ല.

ദേവ് ഉറങ്ങുന്നത് ഹാളിലാണ്. പണിക്കർ ഒഴിവുള്ള ഒരു കിടപ്പുമുറി ഉപയോഗിക്കാൻ തന്നെങ്കിലും ഹാളിൽ കിടക്കാനായിരുന്നു ദേവിനു താല്പര്യം. ഹാളിലെ കിടക്കയിൽ ഇരുന്നു നോക്കിയാൽ മുറ്റവും ഗേറ്റും വീടിനു മുന്നിലെ വിളക്കുകാലും കാണാം. പൂമുഖത്തുനിന്നു ഹാളിലേക്കുള്ള പ്രവേശന വാതിൽ കിടയ്ക്കയുടെ അടുത്താണ്. ഹാളിൽ കിടയ്ക്കയുടെ മറുവശത്ത് ഊൺമേശ. മേശയിൽനിന്നു കുറച്ചു മാറി, ഭിത്തിയോടു ചേർന്ന് സുരന്റെ കിടയ്‌ക്ക. ടിവി ഊൺമേശക്കും അപ്പുറം ഹാളിന്റെ മൂലയിലാണ്.

ഒമ്പതുമണി വരെ ദേവ് പുസ്തകം വായിച്ചു. ഭക്ഷണം കഴിക്കാമെന്നായപ്പോൾ വായന നിർത്തി എഴുന്നേറ്റു. സുരൻ സിനിമയിൽ മുഴുകിയിരിക്കുകയാണ്. സിനിമയിലെ ഓരോ രംഗങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ മാറിമറിയുന്നുണ്ട്. സന്തോഷവും ആകാംക്ഷയും നർമ്മവും ആ മുഖത്തു വിളയാടി.

“സുരൻ, നമുക്കു ഭക്ഷണം കഴിക്കാം. വരൂ.” ദേവ് വിളിച്ചു.

സുരൻ കേട്ടില്ല. ദേവ് ക്ഷണം ആവർത്തിച്ചു. ഫലം തഥൈവ. ഉച്ചത്തിൽ വിളിച്ചപ്പോഴേ സുരൻ ടിവിയിൽ നിന്ന് കണ്ണെടുത്തുള്ളൂ. അദ്ദേഹം അടുക്കളയിൽ പോയി ഭക്ഷണമെടുത്തു മേശയിൽ നിരത്തി.

ദേവ് കൈ കഴുകി ഭക്ഷണത്തിനിരുന്നു. സുരൻ വിളമ്പി. അപ്പോഴും സുരന്റെ മിഴികൾ ടിവി സ്ക്രീനിലാണ്. ഭക്ഷണം വിളമ്പുന്നതിൽ ഒരു ശ്രദ്ധയുമില്ല. പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായി. നാല് ചപ്പാത്തിക്കു ശേഷം അഞ്ചാമത്തേത് പ്ലേറ്റിലേക്കിടുമ്പോൾ ദേവ് സുരന്റെ കൈയ്യിൽ പിടിച്ചു തടഞ്ഞു. എന്തൊരു അശ്രദ്ധ! പകൽ സമയം സുരൻ കാണിച്ച ഭവ്യതയും വിധേയത്വവും എവിടെപ്പോയി?

Read More ->  ആസ്‌തികരും നാസ്‌തികരും

ദേവിന്റെ ആശ്ചര്യത്തിനു ആക്കം കൂട്ടി സുരൻ ഊൺമേശയിലെ ഒരു കസേരയിൽ ഇരുന്ന്, രണ്ടു ചപ്പാത്തിയും കറിയും സ്വയം വിളമ്പി കഴിക്കാൻ തുടങ്ങി. മിഴികൾ അപ്പോഴും ടിവിയിൽ തന്നെ. ദേവ് ഉറപ്പിച്ചു – സുരനു എന്തോ സംഭവിച്ചിട്ടുണ്ട്. പകൽസമയത്തെ സുരൻ അല്ല ഇപ്പോൾ മുന്നിലിരിക്കുന്നത്. പകൽ സമയത്തേതിൽ നിന്ന് കടകവിരുദ്ധ സ്വഭാവമുള്ള വ്യക്തിയാണിത്.

ടിവിയിൽ കാണിച്ചിരുന്ന സിനിമ അവസാനിച്ചു. സുരൻ ദേവിനോടു പറഞ്ഞു.

“നല്ല സിനിമയായിരുന്നു സാബ്. നാനാ പടേക്കർ പതിവുപോലെ നന്നായി അഭിനയിച്ചു.”

ദേവ് ശരിയാണെന്നു തലയാട്ടി. സുരൻ സംസാരം തുടർന്നു. സിനിമയിലെ ആക്ഷൻ രംഗങ്ങൾ, കോമഡി സീനുകൾ, നാനാ പടേക്കറുടെ പുതിയ സിനിമകൾ., എന്നിങ്ങനെ വിഷയങ്ങൾ നീണ്ടുപോയി. സുരൻ പറയുന്നതെല്ലാം മൂളിക്കേൾക്കുമ്പോൾ ഒരു വ്യക്തിയിൽ ഈ സ്വഭാവമാറ്റം എങ്ങിനെ സാധ്യമാകുന്നു എന്ന ചിന്തയായിരുന്നു ദേവിന്റെ ഉള്ളിൽ. എന്തായാലും സുരൻ ധാരാളം സംസാരിക്കുന്നത് നന്നായി. പണിക്കർ പോയ ശേഷം ഫ്ലാറ്റിൽ നിറഞ്ഞു നിന്നിരുന്ന മൂകമായ അന്തരീക്ഷത്തിനു ഇളക്കം തട്ടിയിരിക്കുകയാണ്. മൗനം മനസിൽ ചെലുത്തിയ ആഘാതത്തിൽ ഇടിവു വന്നിരിക്കുന്നു. ദേവ് സിനിമയെപ്പറ്റി സുരനോടും കുറേ സംസാരിച്ചു. അങ്ങിനെ സമയം കടന്നുപോയി. ഉറങ്ങേണ്ട സമയമായപ്പോഴേ തീൻമേശയിൽ നിന്നു ഇരുവരും എഴുന്നേറ്റുള്ളൂ. അധികം വൈകാതെ രണ്ടുപേരും കിടപ്പറ പൂകി.

ദേവിനു പെട്ടെന്നു ഉറക്കം വന്നില്ല. യാത്രാക്ഷീണം മൂലം തലേന്ന് അലട്ടാതിരുന്ന ചൂട് ഇത്തവണ വില്ലനായി. ഉറക്കം വരാതെ ദേവ് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു സമയത്ത്, എന്തോ ശബ്ദം കേട്ട് അർദ്ധ മയക്കത്തിൽനിന്നു ഉണർന്നു. അവ്യക്ത ശബ്ദമായതിനാൽ, കേട്ടതു കാര്യമാക്കാതെ, ദേവ് വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. അപ്പോൾ വീണ്ടും ശബ്ദമുണ്ടായി. ഇത്തവണ ഉച്ചത്തിൽ വ്യക്തമായി കേട്ടു. ദേവിൽനിന്നു ഉറക്കച്ചടവ് വിട്ടുമാറി. വീട്ടിൽ കള്ളൻ കയറിയോ? അതോ ഉണർന്നിരിക്കുന്ന ആരെങ്കിലും ശബ്ദമുണ്ടാക്കിയതാണോ? ദേവ് സുരൻ കിടക്കുന്നിടത്തേക്കു തലതിരിച്ചു നോക്കി. സുരന്റെ കിടക്ക വിരിച്ചിട്ട നിലയിൽ ഒഴിഞ്ഞു കിടക്കുകയാണ്!

തലയിണക്ക് അരികിൽ വച്ചിരുന്ന മൊബൈലിൽ ദേവ് സമയം നോക്കി. 11:45. നട്ടപ്പാതിര. ഈ സമയത്തു സുരൻ എന്തെടുക്കുന്നു? ദേവ് ആലോചിച്ചിരിക്കെ വീണ്ടും ശബ്ദമുയർന്നു. ലോഹങ്ങൾ കൂട്ടിമുട്ടുന്ന പോലത്തെ ശബ്ദം.

ദേവ് കിടക്കയിൽ എഴുന്നേറ്റിരുന്ന് മുറ്റത്തേക്കു നോക്കി. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ, പൊക്കംകുറഞ്ഞ ഒരുവൻ ഗേറ്റു തുറന്ന്, സൈക്കിൾ ഉന്തി പുറത്തേക്കുക്കു പോകുന്നത് ദേവ് കണ്ടു. അത് പണിക്കരുടെ വിശ്വസ്ത ഭൃത്യനായ സുരൻ എന്ന സുരേന്ദൻ അല്ലാതെ മറ്റാരുമല്ലായിരുന്നു. ദേവിലെ ആശ്ചര്യത്തിന്റെ തോത് പതിന്മടങ്ങ് വർദ്ധിപ്പിച്ച് സൈക്കിളിന്റെ ഹാൻഡിലിൽ, കോണിപ്പടിയിൽ കണ്ട കറുത്ത ഹെൽമറ്റ് തൂങ്ങുന്നുണ്ടായിരുന്നു!

മീററ്റിൽ എത്തിയ ദിവസം പണിക്കർ പറഞ്ഞ കാര്യങ്ങൾ ദേവ് ഓർത്തു. നരബലിക്കു മടിയ്ക്കാത്ത, നരബലി കാളിമാതാവിനെ പ്രീതിപ്പെടുത്താനാണെന്നും, അതിൽ പാപമില്ലെന്നും വിശ്വസിക്കുന്ന തഗ്ഗുകൾ. സുരൻ ഒരു തഗ്ഗ് ആണോ? ദേവ് ഭയന്നു. മീററ്റ് സന്ദർശിക്കാൻ തീരുമാനിച്ച നിമിഷത്തെ ശപിച്ചു. ബാംഗ്ലൂരിലേക്കു മടങ്ങുന്നതു വരെ ഡൽഹിയിൽ തങ്ങിയാൽ മതിയായിരുന്നു.

Read More ->  ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം - ബൗദ്ധ സമ്മേളനങ്ങൾ

ദേവ് മൊബൈലിൽ പണിക്കരെ വിളിച്ചു. അപ്പുറത്തു മൊബൈൽ സ്വിച്ച് ഓഫ്. പണിക്കർ സുഖനിദ്രയിൽ ആയിരിക്കണം. ഇങ്ങകലെ സ്നേഹിതൻ ജീവഭയത്താൽ പേടിച്ചു വിറച്ചിരിക്കുന്നു. അദ്ദേഹമോ അതറിയുന്നില്ല. എന്തൊരു കഷ്ടം!

ദേവ് ആശ്വസിക്കാൻ ശ്രമിച്ചു. ഭയപ്പെടാൻ ഒന്നുമില്ല. സുരൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയതാകണം. രാത്രിയിൽ ഭാര്യയുമായി സംഗമിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. അതിനാൽ സുരൻ പുറത്തുപോയതിൽ അപാകതയില്ല. ഇനി അഥവാ ആളുകളെ കൂട്ടിക്കൊണ്ടുവന്ന് തന്നെ കൊലപ്പെടുത്തുകയാണ് ഉദ്ദേശമെങ്കിൽ അതൊട്ടും എളുപ്പമല്ല. ഫ്ലാറ്റിലേക്കു പ്രവേശിക്കാൻ വീട്ടുമുറ്റത്തെ ഗേറ്റ് മാത്രമേയുള്ളൂ. ഫ്ലാറ്റിന്റെ പിൻഭാഗത്ത് ചാടിക്കടക്കാൻ പറ്റാത്തത്ര ഉയരമുള്ള മതിലാണ്. ചുരുക്കത്തിൽ ആരെങ്കിലും അതിക്രമിച്ചു വരികയാണെങ്കിൽ അത് മുൻകൂട്ടി അറിയാനാകും. അക്രമികൾ ഫ്ലാറ്റിൽ കയറുന്നതിനു മുമ്പ് തന്നെ എല്ലാ വാതിലുകളും കുറ്റിയിട്ടു, ശബ്ദമുണ്ടാക്കി കോളനിക്കാരെ വിളിച്ചുണർത്താം. എങ്കിൽ അക്രമികൾ പെട്ടതു തന്നെ. എന്തായാലും സുരൻ ഒറ്റക്ക് ഒന്നും ചെയ്യാൻ പോകുന്നില്ല. അത് ദേവിനു ഉറപ്പായിരുന്നു. സുരൻ ശാരീരികമായി അത്രയ്ക്കു ദുർബലനാണ്. തോല്പിക്കാൻ വെറുംകൈ മതിയാകും.

സമയം ഇഴഞ്ഞു നീങ്ങി. പന്ത്രണ്ട് പന്ത്രണ്ടരയായി, ഒന്നായി, ഒന്നരയായി. സുരൻ തിരിച്ചെത്തിയപ്പോൾ സമയം രണ്ടര! കൂടെ ആരുമില്ല്ല.

സുരൻ ഒച്ചയുണ്ടാക്കാതെ ഗേറ്റു തുറന്നു അകത്തു കയറി. സൈക്കിൾ ഉന്തി അടുക്കള ഭാഗത്തേക്കു പോയി. ദേവ് തിടുക്കത്തിൽ കിടക്കയിൽ കിടന്നു. പുതപ്പുകൊണ്ട് ശരീരം മൂടി. സുരൻ ഒന്നും സംഭവിക്കാത്ത മട്ടിൽ ഹാളിലെത്തി അദ്ദേഹത്തിന്റെ വിരിച്ചിട്ടിരുന്ന പായയിൽ കിടന്നു. അധികം താമസിയാതെ ഹാളിൽ കൂർക്കംവലി മുഴങ്ങി.

ദേവ് ആശ്വസിച്ചു. മല പോലെ വന്നത് എലി പോലെ പോയി. ചിന്തിച്ചു കൂട്ടിയതെല്ലാം മണ്ടത്തരങ്ങൾ. ഇത്രയും ലഘുവായ സംഭവം എന്തുമാത്രം മനസ്സിനെ മഥിച്ചു കളഞ്ഞു. സാവധാനം ദേവ് ഉറക്കത്തിലേക്കു വഴുതി.

അഞ്ചാം ഭാഗം ഇവിടെ വായിക്കുക.

അഭിപ്രായം എഴുതുക