ഹിന്ദുമതത്തിന്റെ ആധാര തത്ത്വം

Sunil Upasana | സുനിൽ ഉപാസന
Sunil Upasana | സുനിൽ ഉപാസന

Native Place: Chalakudy (Thrissur) | Education: Computer H/W Maintenance 3 yr Diploma & BA Degree in Philosophy | Profession: IT Industry (Bangalore) | Awards: Kerala Sahitya Academy Award (Geetha Hiranyan Endowment) For Best Short Story Collection in 2016. Email: sunil@sunilupasana.com Read More


ഈ ലോകത്തിലുള്ള എല്ലാത്തിനേയും നമുക്ക് ദ്രവ്യം (Physical / Matter), മനസ്സ് (Mental / Mind) എന്നിങ്ങനെ രണ്ടായി തരം തിരിക്കാമെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇപ്രകാരമല്ലാതെ, വിജ്ഞാന സംബന്ധിയായ വിഭജനവും സാധ്യമാണ് (Epistemological Division). അവ മൂന്നാണ്.

1. ജ്ഞാനി (അറിയുന്നവർ / Knower / Subject).
2. ജ്ഞേയം (അറിയപ്പെടുന്നത് / Known / Object).
3. ജ്ഞാനം (അറിവ് / Knowledge).

ഇതിലെ ആദ്യവിഭാഗത്തിൽ മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്നു. മറ്റൊന്നിനെ വിവേചിച്ച് അനുഭവിച്ചറിയുന്നത് ആരാണോ, അവർ ജ്ഞാനി ആണ് (ജ്ഞാത എന്നും പറയാം). മനുഷ്യർ ശരീരബാഹ്യമായ വസ്തുക്കളെ വിവേചിച്ചറിയുന്നുണ്ടല്ലോ. അതിനാൽ മനുഷ്യർ ജ്ഞാനി എന്ന ഗണത്തിൽ പെടുന്നു.

ജ്ഞേയം എന്ന രണ്ടാമത്തെ വിഭാഗത്തിൽ ലോകത്തിലെ എല്ലാ അചേതന, സചേതന വസ്തുക്കളും ഉൾപ്പെടുന്നു. ഇവ ജ്ഞാനികളുടെ ജ്ഞാനാന്വേഷണ പ്രവൃത്തിക്ക് പാത്രമാകുന്നവയാണ്. ഉദാഹരണമായി, ഒരാൾ ബാഹ്യവസ്തുക്കളെ നോക്കിക്കാണുമ്പോൾ, അദ്ദേഹം ‘ജ്ഞാനി’ എന്ന വിഭാഗത്തിലും, വസ്തുക്കൾ ‘ജ്ഞേയം’ എന്ന വിഭാഗത്തിലും പെടുന്നു. ഇവിടെ ശ്രദ്ധേയമെന്തെന്നാൽ, എല്ലാ മനുഷ്യരും ജ്ഞാനിയും (Subject) ജ്ഞേയവും (Object) ആണ്. ഞാൻ മറ്റൊരാളെ നോക്കിക്കാണുമ്പോൾ, ഞാൻ ജ്ഞാനിയും, ആ വ്യക്തി ജ്ഞേയവും ആകുന്നു. അതേ സമയം, മറ്റേ വ്യക്തി എന്നെ നോക്കിക്കാണുമ്പോൾ, ഞാൻ ജ്ഞേയവും, അദ്ദേഹം ജ്ഞാനിയും ആകും.

മൂന്നാമത്തേയും അവസാനത്തേയും വിഭാഗമാണ് ജ്ഞാനം. ജ്ഞാനം എന്നത് ‘ജ്ഞാനിയും’ ‘ജ്ഞേയവും’ തമ്മിലുള്ള സവിശേഷ ബന്ധമാണെന്ന് പൊതുവെ പറയാം. അറിയപ്പെടുന്ന വസ്തുവിനെ, അറിയുന്നവനിൽ കുറിക്കുന്നത് എന്താണോ, അതാണ് അറിവ്, ജ്ഞാനം. ജ്ഞാനത്തിനു ആശയരൂപമാണുള്ളത്. ജ്ഞാനം അമൂർത്തവുമാണ്.

ഇനി ‘ഹിന്ദുമതത്തിന്റെ ആധാരതത്ത്വം എന്ത്?‘ എന്ന ചോദ്യത്തിന്റെ ഉത്തരം പറയാം – മേൽപ്പറഞ്ഞ വിജ്ഞാന സംബന്ധമായ മൂന്നു വിഭാഗങ്ങളും (വിജ്ഞാന ത്രയം) അത്യന്തികമായി ഭിന്നമല്ല, മറിച്ച് ഒരേയൊരു പരമസത്യത്തിന്റെ ഭിന്നഭാവങ്ങളാണ് എന്നതാണ് ഹിന്ദുമതത്തിന്റെ ആധാരസിദ്ധാന്തം. അതായത്, ജ്ഞാനിയും ജ്ഞേയവും ജ്ഞാനവും അത്യന്തികമായി ഒന്നാണെന്നു ഹിന്ദുമതം പറയുന്നു. ഈ ഐക്യഭാവം അതിഭൗതികമാണ്. അതിഭൗതികമായ ഒരു സത്യത്തിന്റെ വിവിധ പ്രത്യക്ഷപ്പെടലുകളാണ് (Appearance) ഭൗതികലോകത്തുള്ള വിജ്ഞാന ത്രയങ്ങൾ എന്നു ചുരുക്കം. (ഉപനിഷത്തിലെ നാലു മഹാവാക്യങ്ങൾ എപ്രകാരം ഈ തത്ത്വത്തെ സൂചിപ്പിക്കുന്നു എന്നറിയാൻ അദ്ധ്യായം XX നോക്കുക)

Read More ->  ആർഷദർശനങ്ങൾ - പുതിയ പുസ്തകം
ഈ മൂന്ന് വൈജ്ഞാനിക വിഭാഗങ്ങളും അതിഭൗതികമായി ഒന്നാണെന്ന് നമുക്ക് എങ്ങിനെ മനസ്സിലാക്കാം?

ധ്യാന നിമഗ്നനായ ഒരു യോഗിയെ നിരീക്ഷിക്കുക. ഒരു മണിക്കൂറോ, ഒരു ദിവസമോ, അല്ലെങ്കിൽ അതിൽ കൂടുതലോ നേരം ധ്യാനിച്ചിരിക്കുന്നതിൽ യോഗികൾ സമർത്ഥരാണ്. ധ്യാനത്തിൽ നിമഗ്നരായിരിക്കുമ്പോൾ, മനുഷ്യർ സംവേദിച്ചറിയുന്ന ലോകവുമായി യോഗി സംവേദിക്കുന്നില്ലെന്നത് സ്പഷ്ടമാണ്. യോഗിയുടെ ഇന്ദ്രിയങ്ങൾക്കു തകരാറുകൾ ഒന്നും ഇല്ലാതിരുന്നിട്ടും, അവ പ്രവർത്തനക്ഷമമായിട്ടും, യോഗി ബാഹ്യലോകവുമായി സംവദിക്കില്ല. ഇതിനു കാരണം യോഗവിദ്യയിലെ ചില ‘ടെക്‌നിക്കുകൾ’ ആണ്.

ഇന്ദ്രിയങ്ങളുടെ സംവേദന ക്ഷമതയില്ലായ്മ യോഗിയിൽ എന്തു മാറ്റമാണ് ഉളവാക്കുന്നത്? ഭൗതികലോകവുമായി സംവദിക്കാത്തപ്പോൾ യോഗിയിൽ എന്താണ് നടക്കുന്നത്? ഭൗതികലോകവുമായി സംവദിക്കാത്തതിനാൽ ഭൗതികമായ ഒന്നിലല്ല യോഗി അഭിരമിക്കുന്നതെന്ന് വ്യക്തം. അപ്പോൾ മനസ്സിലാകുന്നത്, അതിഭൗതികമായ ഒന്നിൽ യോഗി ലയിച്ചിരിക്കുന്നു എന്നാണ്. ഭൗതികലോകവുമായി സംവേദിക്കാത്തതിനാൽ യോഗി ‘ജ്ഞാനി’ അല്ല. ജ്ഞാനി അല്ലാത്തതിനാൽ, യോഗിയിൽ ‘ജ്ഞേയവും’ ഇല്ല, ‘ജ്ഞാനവും’ ഇല്ല. വൈജ്ഞാനിക വിഭജനം, വിജ്ഞാന ത്രയങ്ങൾ ഇല്ലാത്ത നിലയിലാണ് യോഗിയെന്നു നിസ്സംശയം പറയാം. വിഭജനങ്ങൾ ഇല്ലാത്ത നിലയായതിനാൽ ഇത് അദ്വൈത നിലയാണ്.


Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!


ഇനി കൂടുതൽ കാര്യങ്ങൾ പരിശോധിക്കാം. ഇപ്പോൾ നമുക്ക് രണ്ടു പക്ഷത്തു നിൽക്കുന്ന കാര്യങ്ങൾ അറിയാം.

1. ഭൗതികതലത്തിലുള്ള ജ്ഞാനി (Knower), ജ്ഞേയം (Known), ജ്ഞാനം (Knowledge) അഥവാ വിജ്ഞാനത്രയങ്ങൾ.
2. യോഗികൾ സാക്ഷാത്കരിക്കുന്ന അതിഭൗതിക സത്യം. ഈ സത്യം ഭൗതികതലത്തിലുള്ള വിജ്ഞാനത്രയത്തിന്റെ ആധാരമാണ്.

സൂക്ഷ്മമായി വിലയിരുത്തിയാൽ, വിജ്ഞാനത്രയങ്ങൾ ബഹുത്വത്തിലും (Many / Pluralism), അതിഭൗതിക സത്യം ഏകത്വത്തിലും (One / Monism) അധിഷ്ഠിതമാണെന്നു കാണാം. അതായത് വിജ്ഞാന ത്രയത്തിൽ അസംഖ്യം വസ്തുക്കളുണ്ട്. എന്നാൽ അതിഭൗതിക സത്യം ഒന്നേയുള്ളൂ – പരംപൊരുൾ എന്നു ഈ സത്യത്തെ നമുക്ക് വിളിക്കാം.

ഇനിയാണ് കുഴപ്പിക്കുന്ന ചോദ്യം. എങ്ങിനെയാണ് അതിഭൗതിക തലത്തിലുള്ള ഏകത്വം, ഭൗതികതലത്തിലെ ബഹുത്വമായി പരിണമിക്കുന്നത്? മറ്റൊരു വിധത്തിൽ ചോദിച്ചാൽ, ഭൗതികലോകത്തിലെ ബഹുത്വവും അതിഭൗതികലോകത്തിലെ ഏകത്വവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? അവയ്‌ക്കിടയിലെ സമവാക്യം എന്ത്?

ഏകത്വമായ സത്യത്തിനു സ്വതവേ ബഹുത്വമായി പരിണമിക്കാൻ സാധ്യമല്ല. കാരണം ബാഹ്യചോദന ഒന്നുമില്ലെങ്കിൽ ഒരു വസ്തു അതിന്റെ സ്വാഭാവിക നിലയിൽ തുടരുകയേയുള്ളൂ. പിന്നെ എങ്ങിനെയാണ് ഏകത്വത്തിൽ നിന്ന് ഭൗതികതലത്തിലുള്ള വൈജ്ഞാനിക ത്രിത്വത്തിനു ഉയിർത്തെഴുന്നേൽക്കാൻ സാധിക്കുക? തീർച്ചയായും മറ്റൊരു തത്ത്വത്തിന്റെ സാന്നിധ്യവും ഇവിടെ ഉണ്ടെന്നു സ്പഷ്ടമാണ്.

ഏകത്വം + ? => ബഹുത്വം.
അഥവാ
പരംപൊരുൾ + ? => വിജ്ഞാനത്രയം / ഭൗതികലോകം.

ഇതാണ് നമുക്ക് ലഭിക്കുന്ന സമവാക്യം. ഏകത്വമായ സത്യത്തിനോടു ബന്ധപ്പെട്ടു നിൽക്കുന്ന എന്തോ ഒരു ശക്തിവിശേഷം മൂലം, ഏകത്വം ബഹുത്വമായി കാണപ്പെടുകയാണെന്ന് സമവാക്യം സൂചിപ്പിക്കുന്നു.

Read More ->  ആസ്‌തികരും നാസ്‌തികരും

ഇവിടെ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്.

1. ഏകത്വമായ പരംപൊരുൾ ഒരു മാറ്റത്തിനും വിധേയമാകുന്നില്ല.

2. ഏകത്വത്തിനോടു ബന്ധപ്പെട്ടു നിൽക്കുന്നെന്നു കരുതുന്ന ശക്തിവിശേഷം പ്രക്ഷേപിക്കുന്നതാണ് ഭൗതികലോകവും, അതിലെ വിജ്ഞാനത്രയവും.

3. ഏകത്വത്തിനോടു ചേർന്നു നിൽക്കുന്നെന്നു കരുതുന്ന ശക്തിവിശേഷം അത്യന്തികമായി അയഥാർത്ഥ്യമാണ്. ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുമ്പോൾ ബഹുത്വം പിൻവാങ്ങുന്നു. തന്മൂലം, ശക്തിവിശേഷത്തിനു സ്വന്തം നിലയിൽ സ്വതന്ത്രമായ നിലനിൽപ്പില്ല. അതിനെ ഒഴിവാക്കാൻ വഴികളുണ്ട്.

4. അയഥാർത്ഥ്യമായ ശക്തിവിശേഷത്തിന്റെ സൃഷ്ടിയായതിനാൽ, ബഹുത്വമായ ഭൗതികലോകം അഥവാ വൈജ്ഞാനിക ത്രിത്വം അത്യന്തികമായി ഒരു (കെട്ടു)കാഴ്ചയാണ് (Appearance). ഈ കാഴ്ചയും ചുറ്റുപാടുകളും, വ്യവഹാരിക ഇടപഴകലിനു ശേഷിയുള്ള മീഡിയം മാത്രമല്ല, ഏകത്വം സാക്ഷാത്കരിക്കുന്നതിലേക്കുള്ള പാത കൂടിയാണ്.

ഹിന്ദുമതം അദ്വൈതമായ ഏകത്വത്തെ പരബ്രഹ്മം/പരമാത്മാവ് എന്നും, ഏകത്വത്തെ ബഹുത്വമായി തെറ്റിദ്ധരിപ്പിച്ച്, പ്രക്ഷേപണം ചെയ്യുന്ന ശക്തിവിശേഷത്തെ ‘അവിദ്യ’ എന്നു വിളിക്കുന്നു.

സംഗ്രഹം

ബാഹ്യലോകത്തുള്ള എല്ലാത്തിനേയും വൈജ്ഞാനിക അടിസ്ഥാനത്തിൽ മൂന്നായി വിഭജിക്കാം – ജ്ഞേയം, ജ്ഞാനി, ജ്ഞാനം. ഇവയെ വിജ്ഞാന ത്രയങ്ങൾ എന്നു വിളിക്കുന്നു. ഭൗതിക ലോകത്തെ വ്യവഹാരങ്ങളിൽ ഇവ പരസ്പരം വിഭിന്നമാണെന്നു തോന്നാം. എന്നാൽ അത്യന്തികമായി വിജ്ഞാനത്രയങ്ങളെ ഒരു പരമസത്യത്തിലേക്കു ചുരുക്കാം. യോഗികൾക്കു സവിശേഷമായ ജ്ഞാനം വഴി അതിനു കഴിയുന്നു. ഈ സത്യത്തെ പരംപൊരുൾ എന്നു വിളിക്കുന്നു. പരംപൊരുൾ അടിസ്ഥാനപരമായി അദ്വൈതമാണ്, വിഭജനത്തിനു അതീതമായ ഏകത്വമാണ്. എന്നാൽ അവിദ്യ എന്ന ശക്തിവിശേഷത്തിന്റെ പ്രഭാവം മൂലം ഏകത്വമായ പരംപൊരുൾ ബഹുത്വമായ വിജ്ഞാനത്രയമായി (ഭൗതിക ലോകമായി) കാണപ്പെടുന്നു. വാസ്‌തവത്തിൽ പരമമായ നിലനിൽപ്പ് വിജ്ഞാന ത്രയത്തിനല്ല, മറിച്ച് ഏകത്വമായ പരംപൊരുളിനാണ്. വിജ്ഞാന ത്രയമാകുന്ന ഭൗതികലോകം പരംപൊരുളിനെ സാക്ഷാത്കരിക്കാനുള്ള പാതയാണ്. ഈ പാത വഴി സഞ്ചരിക്കുന്നവർക്കേ മോക്ഷം ലഭിക്കൂ. ഈ സത്യം അറിയുന്നവർ മോക്ഷം നേടി, ജനന-മരണ ചാക്രിക പ്രക്രിയയായ സംസാര-ത്തിൽ നിന്നു വിടുതി നേടുന്നു. ഇതാണ് ഹിന്ദുമതത്തിന്റെ, ഹൈന്ദവ ധർമ്മത്തിന്റെ ആധാരതത്ത്വം.


അഭിപ്രായം എഴുതുക