ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾ

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ബുദ്ധധർമ്മ തത്ത്വങ്ങളെ നമുക്ക് ആദ്യകാല തത്ത്വങ്ങൾ എന്നും പിൽക്കാല തത്ത്വങ്ങൾ എന്നും സാമാന്യമായി തരംതിരിക്കാം. ഈ തരംതിരിവ് കാലഘട്ടത്തേയും, തത്ത്വങ്ങളിൽ വന്ന വികാസത്തേയും അടിസ്ഥാനമാക്കിയാണ്. ലോകത്തിൽ ഉഅദയം കൊണ്ടിട്ടുള്ള എല്ലാ സിദ്ധാന്തങ്ങളുടേയും പ്രത്യേകത എന്തെന്നാൽ, ഉൽഭവകാലത്ത് സിദ്ധാന്തം വളരെ ലളിതമായിരിക്കും. എന്നാൽ കാലംപോകെ പല പണ്ഢിതരും ഈ സിദ്ധാന്തങ്ങളെ നവീകരിക്കും. ഈ നവീകരണ പ്രക്രിയയിൽ അവർ അവരുടെ ആശയങ്ങളും ഇടകലർത്തിയേക്കാം. അപ്രകാരം ഏതാനും നൂറ്റാണ്ടുകൾ കഴിയുമ്പോൾ മൂലസിദ്ധാന്തത്തിൽ നിന്ന് കുറച്ചോ അതിലധികമോ വ്യത്യാസമുള്ള, വികസിത സിദ്ധാന്തമായിരിക്കും നിലവിലുണ്ടാവുക. തന്മൂലം സിദ്ധാന്തങ്ങളെ കാലഘട്ടത്തിനു അനുസരിച്ച് ആദ്യകാല സിദ്ധാന്തം, പിൽക്കാല സിദ്ധാന്തം എന്നു തരംതിരിക്കുന്നതിൽ തെറ്റില്ല.

ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾ ഏറെക്കുറെ ലളിതമായിരുന്നു. ആശ്രമചര്യങ്ങൾക്കും സദാചാര വ്യവസ്ഥകൾക്കുമായിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ ബുദ്ധൻ ദാർശനികമായ പ്രബോധനങ്ങൾക്കു പ്രാധാന്യം കൊടുക്കാതെ, സദാചാരം ഉൾപ്പെടെയുള്ള ശിക്ഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകിയതെന്നുള്ള ചില പണ്ഢിതരുടെ വാദം ശരിയല്ല. ചിന്താശേഷിയും ബൗദ്ധികവികാസവും കുറഞ്ഞ സാധാരണക്കാരുമായി ഇടപഴകുമ്പോൾ ദാർശനിക ഉൾക്കാഴ്ചകൾ ബുദ്ധൻ പങ്കുവച്ചിരുന്നില്ല. ഇത് ദാർശനിക ചർച്ചകളിൽ നിന്നുള്ള പിൻ‌വാങ്ങൽ അല്ല. ബൗദ്ധിക സംവാദങ്ങൾക്കു കരുത്തുള്ള ശിഷ്യരുമായി ബുദ്ധൻ ദാർശനിക മാനമുള്ള പ്രബോധനങ്ങൾ നടത്തിയിരുന്നു.

ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾ പ്രധാനമായും മൂന്നാണ് – ദുഃഖം, അനിത്യ, അനാത്മ. (Sarvam duhkham, Sarvam anityam, Sarvam anatmam).

സർവ്വം ദുഃഖം: –

“സർവ്വം ദുഃഖം” എന്നാണ് ബുദ്ധൻ പരിഭവപ്പെടുന്നത്. ജനനവും മരണവും വേദനാജനകമാണ്. വാർദ്ധക്യം, രോഗം, ഇഷ്ടമുള്ളവയിൽ നിന്നുള്ള വേർപാട് എന്നിവയും ദുഃഖമാണ്. ദുഃഖമെന്നത് ബുദ്ധന്റെ അഭിപ്രായത്തിൽ സർവ്വവ്യാപിയാണ്. ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിൽ ദുഃഖം കൂടെയുണ്ടാകും. ജീവിതത്തിൽ സന്തോഷത്തിനുള്ള ഉപാധികൾ ഉണ്ടെങ്കിലും, അവ നഷ്ടപ്പെടുമോ എന്ന ചിന്ത ദുഃഖം തന്നെയാണ്.

സർവ്വവ്യാപിയായ ദുഃഖത്തിന്റെ ഹേതു അന്വേഷിച്ചാണ് സിദ്ധാർത്ഥൻ വീടും രാജ്യവും ഉപേക്ഷിക്കുന്നത്.

സർവ്വം അനിത്യം –

അനിത്യം എന്ന ദാർശനിക തത്ത്വം ലോകത്തിലെ പല പണ്ഢിതരും സിദ്ധാന്തിച്ചിട്ടുണ്ട്. ഉപനിഷത്തിൽ അന്തർലീനമായ ഈ തത്ത്വത്തിനു ഭാരതത്തിൽ പ്രചുരപ്രചാരം നൽകിയതിൽ ബുദ്ധന്റെ പങ്ക് വലുതാണ്. ‘ഒരേ നദിയിലേക്കു രണ്ടു തവണ ഇറങ്ങാനാകില്ല’ എന്ന ഹെരാക്ലിറ്റസിന്റെ വചനം, അതിനു മുമ്പേ ഭാരതത്തിൽ മുഴങ്ങിയിരുന്നു.

Read More ->  കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ - 2

അനിത്യം എന്നാൽ ‘ഒന്നും ശാശ്വതമല്ല, എല്ലാ വസ്തുക്കളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു‘ എന്നർത്ഥം. പ്രതീത്യസമുദ്പാദ സിദ്ധാന്തം ഭൗതികതലത്തിൽ പ്രയോഗവൽക്കരിക്കുമ്പോൾ അനിത്യ സിദ്ധാന്തം ആകുന്നു. നിലവിലുള്ള സാഹചര്യങ്ങൾ മൂലം പുതിയ വസ്‌തുക്കൾ ഉണ്ടാകുമ്പോൾ, അതിനർത്ഥം നിലവിലെ സാഹഹര്യങ്ങൾ ഇല്ലാതാകുമ്പോൾ വസ്‌തുക്കളും ഇല്ലാതാകും എന്നു കൂടിയാണ്. ഭൗതികമായവ മാത്രമല്ല, മാനസികമായവയും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾക്കിടയിൽ സ്ഥിരവും അചഞ്ചലവുമായി നിലനിൽക്കുന്ന ഒന്നുമില്ല. അനശ്വരത്വം എന്നത് ഭൗതികലോകത്തെ സംബന്ധിച്ച് മിഥ്യയാണ്. ഇതാണ് അനിത്യ സിദ്ധാന്തത്തിന്റെ കാതൽ.

ബുദ്ധന്റെ അനിത്യ സിദ്ധാന്തം ഭൗതികലോകത്തെ മാത്രമാണോ ഉദ്ദേശിക്കുന്നത്, അതോ അതിഭൗതീക ലോകത്തെ കൂടി ആണോ എന്നത് സംവാദ വിഷയമായിട്ടുണ്ട്. സത്യത്തിൽ, ഭൗതികലോകത്തെ മാത്രമാണ് അനിത്യ സിദ്ധാന്തം സ്പർശിക്കുന്നത്. അതിഭൗതിക തലത്തിൽ അനശ്വരമായി നിലനിൽപ്പുള്ള ഒരു പരംപൊരുൾ ഉണ്ടെന്ന് ബുദ്ധന്റെ പ്രബോധനങ്ങളിൽ വ്യക്തമായ സൂചനയുണ്ട്. ഉദാന-യിൽ നിന്ന് എടുത്തെഴുതുന്നു.

“There is an unborn, an unoriginated, an unmade, an uncompounded; were there not, Oh mendicants, there would be no escape from the world of the born, the originated, the made and the compounded.”

Udana.

അതിഭൗതിക തലത്തിലേക്കു കൂടി അനിത്യ സിദ്ധാന്തം വ്യാപിപ്പിക്കുന്നത് ഉച്ഛേദവാദത്തിനു (Nihilism) വഴിവയ്ക്കും. പരമമായ ഒരു സത്യവും ഭൗതികലോകത്തോ, അതിഭൗതിക ലോകത്തോ നിലവിലില്ല എന്ന വാദമാണ് ഉച്ഛേദവാദം. ഭാരതീയ ദർശനങ്ങളിൽ ഒരു വിഭാഗവും ഉച്ഛേദവാദികൾ അല്ല. ബൗദ്ധ ദർശനങ്ങളിൽ, നാഗാർജ്ജുനന്റെ മധ്യമക ദർശനം ഉച്ഛേദവാദമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇത് പൂർണമായും തെറ്റാണ്. പ്രജ്ഞ എന്ന പരമാർത്ഥ സത്യം മധ്യമക ദർശനത്തിലുണ്ട്.

ഹരിവർമ്മൻ സ്ഥാപിച്ച സത്യസിദ്ധി വിഭാഗമാണ് സംശയദൃഷ്ടിയിൽ നിൽക്കുന്ന മറ്റൊരു ബൗദ്ധദർശനം. എന്നാൽ ഈ വിഭാഗത്തെ കുറിക്കുന്ന കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമുള്ളൂ.

പ്രതീത്യസമുദ്പാദ സിദ്ധാന്തത്തിന്റേയും ക്ഷണികവാദത്തിന്റേയും കാതൽ അനിത്യ സിദ്ധാന്തമാണ്. കാര്യകാരണ സിദ്ധാന്തം അനിത്യസിദ്ധാന്തത്തിൽ അന്തർലീനമാണ്.

സർവ്വം അനാത്മം :-

ശ്രീബുദ്ധന്റെ അനാത്മ സിദ്ധാന്തം ഭൗതികലോകത്തിൽ മാറ്റങ്ങൾക്കു വിധേയമാകാതെ അനശ്വരമായി, അചഞ്ചലമായി നിലകൊള്ളുന്ന ഒരു അതിഭൗതിക തത്ത്വം (ആത്മാവ്) ഉണ്ടെന്ന നിലപാടിനെ തള്ളിക്കളയുന്നു. ആത്മാവിനെ മാത്രമല്ല, ആത്മസങ്കല്പം പോലെ അനശ്വരമായുള്ള എന്തിനും ഭൗതികലോകത്ത് നിലനിൽപ്പില്ലെന്നാണ് ഈ ശിക്ഷണം. പ്രതീത്യസമുദ്പാദ സിദ്ധാന്തം അതിഭൗതിക തലത്തിൽ അനാത്മസിദ്ധാന്തത്തിനു വഴിവയ്‌ക്കുന്നു.

മിലിന്ദപൻഹയിൽ നാഗസേനൻ എന്ന യോഗി രഥത്തിന്റെ ചക്രത്തെ ആസ്പദമാക്കി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. രഥചക്രം എന്നത് ആണികളും, അച്ചുതടികളും, അച്ചുതണ്ടും എല്ലാം ചേർന്ന ഒരു മിശ്രിതത്തിനു നൽകുന്ന പേരാണ്. അല്ലാതെ രഥചക്രം ആസ്‌തിത്വപരമായി ഒറ്റയ്ക്കു നിലനിൽപ്പുള്ള ഒന്നല്ല. ചുരുക്കിപ്പറഞ്ഞാൽ, ബൗദ്ധ ദർശനം പ്രകാരം ഭാഗങ്ങളേ/ഖണ്ഢങ്ങളേ (Parts) അത്യന്തികമായി ഉള്ളൂ, ഭാഗങ്ങൾ കൂടിച്ചേർന്നു ഉണ്ടാകുന്ന അഖണ്ഢമായ ഉല്പന്നത്തിനു (Whole) ആസ്‌തിത്വപരമായ നിലനിൽപ്പില്ല. നിലനിൽപ്പുണ്ടെന്നു സാധാരണ ദൃഷ്ടിയിൽ ദൃഷ്‌ടാവിനു തോന്നാം. എന്നാൽ അതൊരു തെറ്റിദ്ധാരണയാണ്. ആത്മാവിന്റെ കാര്യവും ഇങ്ങിനെ തന്നെ. ആത്മാവ് (Whole) എന്നത് അഞ്ച് സ്‌കന്ധകളുടെ (Parts) സംയോജിത പ്രവർത്തനത്തിന്റെ ഫലമായി ഒരാളിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണയാണ്. (അഞ്ച് സ്‌കന്ധകൾ – രൂപം, വേദന, സംജ്ഞ, സംസ്‌കാരം, വിജ്ഞാനം. സ്‌കന്ധകളെ പറ്റി മറ്റൊരു അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിക്കുന്നതാണ്). ഈ താത്ത്വിക നിലപാടിനെ പുദ്‌ഗല ശൂന്യത എന്നു വിളിക്കുന്നു. ഇതിനു അനുബന്ധമായി ധർമ്മശൂന്യത എന്ന നിലപാടും ഉണ്ട്. ഭൗതികലോകത്തിലെ വസ്‌തുക്കളുടെ അത്യന്തിക ആസ്‌തിത്വം ധർമ്മശൂന്യതയിൽ നിരാകരിക്കപ്പെടുന്നു.

Read More ->  ഹിന്ദുമതത്തിന്റെ ആധാര തത്ത്വം

സംഗ്രഹം:-

മുകളിൽ പറഞ്ഞ മൂന്ന് അടിസ്ഥാന സിദ്ധാന്തങ്ങളേയും നമുക്ക് വേണമെങ്കിൽ ‘അനിത്യ’യിലേക്ക് ചുരുക്കാം. അതു വഴി കാര്യകാരണ സിദ്ധാന്തത്തിലേക്കും. കാരണമെന്തെന്നാൽ, അനാത്മ സിദ്ധാന്തത്തിന്റേയും ദുഃഖത്തിന്റേയും ആധാരം അനിത്യ സിദ്ധാന്തമാണ്. എല്ലാം മാറ്റങ്ങൾക്കു വിധേയമാകുന്നതിനാൽ, മാറ്റത്തിനു വിധേയമാകാത്ത, സ്ഥിരമായ ആത്മാവിനു നിലനിൽപ്പില്ല. വസ്‌തുക്കളുടെ നില മാറിമറയുമെന്നത് കണക്കിലെടുക്കാതെ, അവയിൽ അഭിരമിക്കുന്നത് ദുഃഖത്തിനും ഹേതുവാകും.

Featured Image Credit: https://www.hinduwebsite.com/buddhism/anicca.asp


One Reply to “ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾ”

അഭിപ്രായം എഴുതുക