സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
ആത്മീയമായ മാനം മാറ്റി നിർത്തി നോക്കിയാലും, ബ്രഹ്മം എന്നത് ആസ്ഥിത്വ സംബന്ധിയായ ഒരു നിലയും സത്യവുമാണ്. ഇത്തരമൊരു സത്യമുണ്ടെന്നു ഭാരതീയ ഋഷിമാർ സിദ്ധാന്തിക്കാനും (പിന്നീട് അത് സാക്ഷാത്കരിക്കാനും) മതിയായ കാരണമുണ്ട്. ആസ്ഥിത്വ സംബന്ധിയായ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ ലഭിക്കുന്ന ചിത്രമാണ് പ്രഥമ കാരണം. നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില സാഹചര്യങ്ങൾ കണക്കിലെടുത്ത് നോക്കാം.
ഒരു വ്യക്തി ഒരു മുറിയിലിരുന്ന് പുസ്‌തകം വായിക്കുന്നെന്ന് കരുതുക. അലസവായന അല്ല, മറിച്ച് ഗാഢമായ വായനയിൽ നിമഗ്നനാണ്. ഈ സമയം മുറിയിൽ ആരെങ്കിലും വന്നാലോ, അല്ലെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന്റെ പേരു വിളിച്ചാലോ, അദ്ദേഹം അത് ശ്രദ്ധിക്കണമെന്നില്ല. പതിവിലധികം ഒച്ചയിൽ വിളിച്ചാലേ അദ്ദേഹത്തെ വായനയിൽ നിന്നു ഉണർത്താൻ പറ്റൂ… ഇത്തരം സാഹചര്യം വളരെ സവിശേഷമാണ്. കാരണം, ഇത് ഭൗതിക ലോകത്തിനു അതീതമായ ഒന്നിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. എങ്ങിനെയാണ് ഈ സാഹചര്യം ഭൗതിക ലോകത്തിനു അതീതമായ ഒരു സത്യത്തിലേക്കു വിരൽ ചൂണ്ടുന്നത്?
ഗാഢവായനയിൽ നിമഗ്നനായിരിക്കുമ്പോൾ നമ്മളുടെ ശ്രദ്ധ മുഴുവൻ ഒന്നിലേക്ക് (പുസ്‌തകത്തിലേക്കു) കേന്ദ്രീകരിച്ചിരിക്കുകയായിരിക്കും. തന്മൂലം വായന പ്രക്രിയയിൽ പങ്കെടുക്കാത്ത ഇന്ദ്രിയങ്ങളുടെ പ്രവർത്തനം താൽക്കാലികമായി മന്ദീഭവിക്കുകയോ, പൂർണമായും നിലക്കുകയോ ചെയ്യും. ഇന്ദ്രിയങ്ങൾക്കു കേടുപാടുകൾ ഒന്നും തന്നെ ഇല്ലെങ്കിലും സശ്രദ്ധമായ വായന, വായനപ്രക്രിയയിൽ പങ്കെടുക്കാത്ത ഇന്ദ്രിയങ്ങളെ ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിൽ നിന്ന് പൂർണമായോ ഭാഗികമായോ ഒഴിച്ചുനിർത്തും. ഈ അവസരത്തിൽ ഭൗതിക ലോകത്ത് നിന്നുള്ള ഇൻപുട്ടുകൾക്കു നമ്മിൽ സ്വാധീനമില്ല. ഇക്കാര്യം സൂചിപ്പിക്കുന്നതെന്താണെന്ന് കുറച്ചു കൂടി ആഴത്തിൽ പരിശോധിക്കാം.
നാം ഭൗതികലോകത്തിലാണെന്ന് നാം സ്വയം മനസ്സിലാക്കുന്നത് എങ്ങിനെയാണ്? ഉത്തരം – ഇന്ദ്രിയങ്ങൾ വഴി. നമ്മുടെ ഇന്ദ്രിയങ്ങൾ നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ കണ്ടും കേട്ടും സ്പർശിച്ചും അറിയുന്നു. നമുക്ക് ചുറ്റുമുള്ളവയോടു സംവദിക്കാൻ ഇന്ദ്രിയങ്ങൾ അവശ്യമാണ്. ചുരുക്കി പറഞ്ഞാൽ നമുക്ക് സ്വന്തമായുള്ള ആസ്‌തിത്വത്തെ (Individuality) പറ്റി നാം ബോധവാന്മാരുകുന്നതിനു ഇന്ദ്രിയങ്ങൾ അവശ്യമാണ്. ഞാൻ ‘സുനിൽ ഉപാസന’ ആണെന്ന ബോധം എന്നിലുണ്ടാകണമെങ്കിൽ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. അതില്ലാത്തപ്പോൾ ആസ്‌തിത്വം ഇല്ല.
മുകളിൽ സൂചിപ്പിച്ച ഗാഢമായ വായനയിൽ കണ്ണ് എന്ന ബാഹ്യ ഇന്ദ്രിയമേ പ്രവർത്തിക്കുന്നുള്ളൂ. സശ്രദ്ധമായ വായന ശ്രവണ ഇന്ദ്രിയത്തിനു ലഭിക്കുന്ന ഇൻപുട്ടുകളെ താൽക്കാലികമായി റദ്ദ് ചെയ്യും. (ത്വക്ക്, ജിഹ്വ, നാസിക എന്നിവക്ക് അവയുടെ പ്രവർത്തനത്തിനു വസ്തുക്കളുടെ സാമീപ്യം വേണമെന്നതിനാൽ ഒഴിവാക്കുന്നു). ബാഹ്യലോകവുമായുള്ള ബന്ധം വായനയിൽ മാത്രമായി ഒതുങ്ങും. വ്യക്തിയിൽ അപ്പോൾ ആകെയുള്ളത് വായിക്കുന്ന വരികൾ മാത്രമായിരിക്കും. ഇത് സൂചിപ്പിക്കുന്നത് എന്തെന്നാൽ, നമുക്ക് നമ്മുടെ വ്യക്തിസംബന്ധമായ ആസ്‌തിത്വത്തെ പരിമിതപ്പെടുത്തണമെങ്കിൽ, ബാഹ്യലോകത്തിൽ നിന്നുള്ള ഇൻപുട്ടുകൾ കുറച്ചാൽ മതി. ഏതെങ്കിലും ഒരു വസ്തുവിൽ നമ്മുടെ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുക. അപ്പോൾ ബാഹ്യലോകം മുഴുവൻ നമ്മളെ സംബന്ധിച്ച്, ആ വസ്‌തുവിലേക്ക് ചുരുങ്ങും. നമ്മളും ബാഹ്യലോകവുമായുള്ള ഒരേയൊരു കണ്ണി ഈ വസ്‌തുവാകും. ഇനിയാണ് പ്രധാന ചോദ്യം. നമ്മെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന ഈ ഒരൊറ്റ കണ്ണിയെയും കൂടി നമുക്ക് റദ്ദ് ചെയ്യാൻ കഴിയുമോ? റദ്ദ് ചെയ്യാൻ കഴിഞ്ഞാൽ, ഒരു ഇന്ദ്രിയത്തിനും നമ്മിൽ സ്വാധീനമില്ലാതിരിക്കുകയും, നമുക്ക് സ്വന്തം ആസ്‌തിത്വം കൈമോശം വരികയും ചെയ്യും. ഈ അവസ്ഥയിൽ നമ്മിൽ എന്ത് ആസ്‌തിത്വ നിലയാകും ബാക്കിയുണ്ടാവുക?
ഭാരതീയമായ ചില ദർശന ധാരകൾ ഇന്ദ്രിയങ്ങളെ അടച്ചിട്ട്, ബാഹ്യലോകവുമായി എങ്ങിനെ സമ്പർക്കമില്ലാതാക്കാമെന്നു വിശദമാക്കിയിട്ടുണ്ട്. പ്രായോഗിക പരീക്ഷണത്തിനു വിധേയമാക്കി അവയുടെ സാധുതയും തെളിയിച്ചിട്ടുണ്ട്. ഇന്ദ്രിയങ്ങൾ അടയുമ്പോൾ ബോധത്തിന്റെ മറ്റൊരു തലം യോഗികൾക്കു പ്രാപ്യമാകുന്നു. ആ തലത്തിൽ ‘ഞാൻ’ എന്ന ഭാവം ഇല്ല. വ്യക്തിത്വമോ, ദ്വന്ദാത്മകതയോ ഇല്ല. ഭാരതീയ ഋഷിമാർ സാക്ഷാത്‌കരിച്ചിട്ടുള്ള, ഭൗതിക ലോകത്തിനു അതീതമായ ഈ പരമാർത്ഥിക നില വെറും ഫാന്റസി അല്ല, അശാസ്ത്രീയവുമല്ല. ഇന്ദ്രിയങ്ങളാൽ നിയന്ത്രിതമായ ഭൗതിക ലോകത്തിൽ നിന്ന് പടിപടിയായി ഇന്ദ്രിയങ്ങളെ ഒഴിച്ച് നിർത്തി യോഗികൾ അവസാനം ഇന്ദ്രിയങ്ങളുടെ സ്വാധീനമില്ലാത്ത ഒരു ബോധനിലയിൽ എത്തുന്നു.