അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബുദ്ധ ബുക്ക്സ് (അങ്കമാലി) പ്രസിദ്ധീകരിച്ച ‘ആർഷദർശനങ്ങൾ‘ എന്ന എന്റെ പുസ്തകത്തിലെ അദ്ധ്യായമാണ് ഇത്. പുസ്തകം വാങ്ങാൻ 9446482215 എന്ന നമ്പറിൽ ബന്ധപ്പെടുക. OR ആമസോണിൽ നിന്നു വാങ്ങാൻ, ഫ്ലിപ്‌കാർട്ടിൽ നിന്നു വാങ്ങാൻ.


ഒരു ദൈവത്തിനു/പരമാർത്ഥ സത്യത്തിനു ഏറ്റവും അവശ്യമായി ഉണ്ടായിരിക്കേണ്ട ഗുണമായിട്ടാണ് ജ്ഞാനം, ശക്തി, വ്യാപ്തി എന്നിവയെ കണക്കാക്കുന്നത്. ദൈവത്തിനു എല്ലാം അറിയാം, ദൈവം എന്തും ചെയ്യാൻ ശക്തിയുള്ളവനാണ്, ദൈവം എല്ലായിടത്തുമുണ്ട്, ദൈവം അറിയാതെ ലോകത്തിൽ ഒന്നും നടക്കുന്നില്ല., എന്നീ ആശയങ്ങൾ ദൈവസങ്കല്പം ഉയർന്ന നാൾ മുതൽ മനുഷ്യനിൽ ഉള്ളതാണ്. ഋഗ്‌വേദത്തിൽ ഇന്ദ്രനും വരുണനും മറ്റും ഇപ്രകാരം വിശേഷണങ്ങളുള്ള ദേവന്മാരാണ്. പുരാണങ്ങളിൽ ത്രിമൂർത്തികൾ ഈ സ്ഥാനം ഏറ്റെടുക്കുന്നു. ബുദ്ധമതത്തിൽ ബുദ്ധനും ജൈനമതത്തിൽ മഹാവീരനും ഈ ഗണത്തിൽ പെടുന്നു. എന്തു തന്നെയായാലും ജ്ഞാനം, ശക്തി, വ്യാപ്തി എന്നിവ പരിമിതമായ ഒരു ദൈവവും നിലനിൽക്കുന്നില്ലെന്നു പറയാം. ഈ ത്രൈഗുണങ്ങൾ ദൈവസങ്കല്പവുമായി അത്രയും ഇഴപിരിഞ്ഞു കിടക്കുകയാണ്.

എന്നാൽ ആറാം അദ്ധ്യായത്തിൽ സൂചിപ്പിച്ച പോലെ ഏതെങ്കിലും ഗുണം ദൈവത്തിനു നൽകുന്നതിൽ പിശകും ഉണ്ട്. കാരണം ദൈവത്തിനു നൽകുന്ന ഓരോ ഗുണവും ദൈവത്തെ ദൈവമല്ലാതാക്കി മാറ്റും. കർക്കശമായ യുക്തിയിൽ അതാണ് സത്യം. ഉദാഹരണമായി, ദൈവം മറ്റുള്ളവരോടു ‘ദയ’ കാണിക്കുന്നുവെന്ന് കരുതുക. ഒപ്പം നാം നമ്മുടെ ചുറ്റുവട്ടത്തിലും നോക്കുക. മനുഷ്യൻ ഉൾപ്പെടെ ധാരാളം ജീവികളിൽ നമുക്കു ‘ദയ’ ദർശിക്കാം. എന്നാൽ നിർജീവ വസ്തുക്കളിൽ ഒന്നിലും ദയ ഉണ്ടാകില്ല. ഈ നിരീക്ഷണത്തിൽനിന്നു മനസ്സിലാക്കാവുന്നത് ‘ദയ എന്ന വികാരം പുലർത്തണമെങ്കിൽ ഏതൊന്നും ജീവനുള്ളതായിരിക്കണം’ എന്നാണ്. ദൈവമാണെങ്കിലും തന്നെയും ദയ എന്ന വികാരം പുലർത്തണമെങ്കിൽ അതിനു ജീവനുള്ള, മൂർത്തമായ ഒന്നായിരിക്കേണ്ടതുണ്ട്. അപ്രത്യക്ഷമായി നിലകൊള്ളുന്ന ഒന്നിനും ദയാലുവാകാൻ പറ്റില്ല. നിരീക്ഷണത്തിൽനിന്ന് മനുഷ്യനു മനസ്സിലാക്കാൻ സാധിക്കുന്നത് ഇതാണ്.

ദൈവത്തിനു നൽകിയിരിക്കുന്ന ഗുണങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ത്രൈഗുണങ്ങൾ ഉണ്ടായിരിക്കണമെങ്കിൽ ദൈവം ജൈവിക ഭാവമുള്ള ജീവിയായിരിക്കണം. ത്രൈഗുണങ്ങളുടെ ആധാരം (ദൈവം) അപ്രത്യക്ഷമായി നിലകൊള്ളുന്ന ഒന്നാകാൻ പാടില്ല. ഗുണങ്ങൾക്കു നിലനിൽക്കാൻ ആധാരം ആവശ്യമാണ്. ആ ആധാരം ഇന്ദ്രിയങ്ങൾക്കു പ്രാപ്തവുമാകണം. എങ്കിലേ ഗുണങ്ങളെ മനസ്സിലാക്കാനാകൂ. ഇന്ദ്രിയങ്ങൾക്കു എത്തിപ്പിടിക്കാനാകാത്ത ആധാരത്തിനാണ് ത്രൈഗുണങ്ങളെങ്കിൽ, ത്രൈഗുണങ്ങൾ ആ ആധാരത്തിനു ഇല്ലെന്നും വ്യാഖ്യാനിക്കാം. അതിനാൽ ഏതൊന്നിനും ഗുണങ്ങൾ കല്പിക്കണമെങ്കിൽ ഗുണങ്ങളുടെ ആധാരത്തിനു മൂർത്തഭാവം ഉണ്ടായിരിക്കണം. എങ്കിലേ മനുഷ്യബുദ്ധിക്ക് അവയെ ആശയവൽക്കരിക്കാൻ പറ്റൂ.

അദ്വൈതം – കർക്കശമായ ഏകത്വം:-

ദൈവം ന്യായവും നീതിയും നോക്കി പരിപാലിക്കുന്നുവെന്ന് ഋഗ്‌വേദം പറയുന്നു. പുരാണങ്ങളിലും അങ്ങിനെ തന്നെ. ന്യായവും നീതിയും ഒരു ദൈവിക നിയമവ്യവസ്ഥയായാണ് കരുതിയിരുന്നത്. ഋഗ്‌വേദികൾ ഈ നിയമവ്യവസ്ഥയെ ‘ഋത’ (Rta) എന്നു വിളിച്ചു. ‘ഋത’യുടെ പാലകൻ ദേവരാജാവായ വരുണൻ ആണ്[1]. കാലംപോകെ ദൈവികത്വമുള്ള നിയമവ്യവസ്ഥ കൂടുതൽ വികസിച്ചു. സ്വഭാവവും പെരുമാറ്റവും ‘നിയമവ്യവസ്ഥ’യോടുള്ള നിഷേധവും മറ്റും അനുസരിച്ച് ദേവന്മാരിലെ ഒരു വിഭാഗം അസുരന്മാരായി. അവർ തമ്മിൽ നിരന്തരം കലഹിച്ചു. പുരാണങ്ങളിൽ ഇത്തരം കലഹങ്ങളുടെ വിവരണങ്ങൾ ധാരാളമാണ്. ഈ ഘട്ടത്തിൽ തന്നെ അസുരഗുണമുള്ള വരുണനെ ദേവരാജാവ് സ്ഥാനത്തുനിന്നു ഇന്ദ്രൻ നിഷ്കാസനം ചെയ്തു[2]. പിന്നീടുള്ള ഭാരതീയ പുരാണങ്ങളിൽ, ഋഗ്‌വേദയിൽ വളരെ പ്രാമുഖ്യമുള്ള, വരുണൻ-മിത്രൻ ദ്വയത്തിന്റെ പ്രാധാന്യം കുറഞ്ഞു. വരുണൻ ഇറാനികളുടെ ‘അവസ്ത’യിൽ അസുര രാജാവായി. മിത്രൻ റോമാ സാ‌മ്രാജ്യത്തിന്റെ സൈന്യത്തിന്റെ കാവലാളായി.

ഈശ്വരൻ ദൈവികമായ ‘നീതിന്യായ വ്യവസ്ഥ’യുടെ പാലകനാണെന്ന ആശയം ഭാരതത്തിൽ പണ്ടേയുണ്ട്. ഈശ്വരനു നന്മ – തിന്മയെ വേർതിരിച്ചറിയാമെന്നും, ഈശ്വരൻ ഭക്തരെ മോക്ഷത്തിലേക്കു കൈപിടിച്ചുയർത്തുമെന്നും ഭാരതീയർ കരുതിയിരുന്നു. എന്നാൽ അദ്വൈത വേദാന്തം അത്തരം വീക്ഷണങ്ങൾ വച്ചു പുലർത്തുന്നില്ല. ഈശ്വരൻ എന്ന പരമാർത്ഥ സത്യത്തെ അദ്വൈതികൾ ഗുണങ്ങളില്ലാത്ത ഒന്നായി (നിർഗുണ ബ്രഹ്മം) കണക്കാക്കുന്നു. (കാരണം ഗുണങ്ങൾ ഇല്ലാത്ത ഒന്നിനേ പരമാർത്ഥ സത്യമായിരിക്കാൻ കഴിയൂ[3]). ഈ പരമാർത്ഥ-സത്യ-നിലയിൽ നന്മ – തിന്മ ദ്വൈതം ഇല്ലാതാകും. ഇത് നീതീകരിക്കാവുന്നതാണോ? ദൈവം നന്മയാണ്, നന്മയുടെ പാലകനാണ് എന്നതൊക്കെ തെറ്റാണെന്നു വരുന്നതിൽ പ്രശ്നമില്ലേ? ഈ വാദങ്ങൾ ഇനി പരിശോധിക്കാം.

Read More ->  അവിദ്യ & മായ

ഏതൊന്നും അതിനെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ളവയെ സൂചിക്കുന്നു. ‘ഞാൻ’ എന്നു ഒരുവൻ പറയുമ്പോൾ അത് ‘ഞാൻ അല്ലാത്തവർ’-ലേക്കു വിരൽ ചൂണ്ടുന്നു. ഞാൻ-ഉം, ഞാൻ അല്ലാത്തവർ-ഉം ഒരിക്കലും ഒന്നല്ല, മറിച്ച് രണ്ടാണ്. ദ്വൈതം ആണ്. എതിർധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കാര്യങ്ങൾ. അവയ്ക്കു ഒരിക്കലും ഒരേ വസ്തുവിനെ ആധാരമാക്കാനാകില്ല. ഒരേ വസ്തുവിനു, എതിരിട്ടു നിൽക്കുന്ന ഈ രണ്ട് കാര്യങ്ങളെ ഉൾക്കൊള്ളാൻ ആകില്ല. ഉൾക്കൊള്ളുന്നെന്ന് പറയുന്നതും കരുതുന്നതും, ആ വസ്തുവിന്റെ തന്നെ വിശ്വാസ്യതക്കു കോട്ടമാകും. പരസ്പരം എതിരിട്ടു നിൽക്കുന്ന ഘടകങ്ങൾ ഒരേ വസ്തുവിനെ ആധാരമാക്കുന്നത് വൈരുദ്ധ്യമാണ്.

ഈശ്വരൻ നന്മയുടെ ഉറവിടമാണെങ്കിൽ, തൻമൂലം ലോകത്ത് നന്മ മാത്രമേ ഉണ്ടാകൂ എന്നില്ല. കാരണം നന്മ ഉണ്ടെങ്കിൽ, ആ ‘നന്മ’ ഉടൻ തന്നെ ‘നന്മ-അല്ലാത്തതിനെ’ (തിന്മ) സൂചിപ്പിക്കുകയും അതിലേക്കു വിരൽ ചൂണ്ടുകയും ചെയ്യും. ഈ ‘നന്മ-അല്ലാത്തതിന്റെ’ (തിന്മയുടെ) ഉറവിടമോ ഇരിപ്പിടമോ ഒരിക്കലും ഈശ്വരൻ ആകില്ല. രണ്ട് എതിർദിശയിലുള്ള ഗുണങ്ങൾ ഒരേ ആധാരത്തിൽ നിക്ഷിപ്തമാകുന്നത് അസാധ്യമാണ്. കാരണം ഒന്നിനെ നിർവചിക്കുന്നത് മറ്റൊന്നിന്റെ അഭാവമാണ്. അപ്പോൾ പിന്നെ എങ്ങിനെ രണ്ടും ഒരേ ഉറവിടത്തിൽ നിലനിൽക്കും?

ഇത്തരം സാഹചര്യമാണ് ദേവ – അസുര വിഭജനം കൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവികമായ നിയമവ്യവസ്ഥ അനുസരിച്ച് നയിക്കപ്പെടുന്നവർ ദേവകളും, അതിനു എതിരായവർ അസുരന്മാരും ആകുന്നു. അങ്ങിനെ പ്രതാപികളായ ദേവന്മാർ പ്രതാപികളായ അസുരന്മാരുമായി ഏറ്റുമുട്ടി. നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടൽ. അന്തിമ വിജയം എപ്പോഴും നന്മയുടെ പക്ഷത്തുനിന്നു.

ഭാരതീയ ദർശനം പ്രകാരം ദേവൻമാരും അസുരന്മാരും അല്ല പരമാർത്ഥ സത്യത്തെ പ്രതിനിധീകരിക്കുന്നത്. മറിച്ച് ദേവ-അസുരന്മാർ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാത്തവരാണ്[4]. ദേവ-അസുരന്മാരുടെ നിലനിൽപ്പിന്റെ അടിസ്ഥാനം ബ്രഹ്മമാണ്[5]. ബ്രഹ്മം മാത്രമാണ് പരമാർത്ഥ സത്യം. ബാക്കിയെല്ലാം ബ്രഹ്മത്തെ ആശ്രയിച്ചു നിലനിൽക്കുന്ന ആപേക്ഷിക സത്യം മാത്രം.

ബ്രഹ്മത്തിൽ നന്മയുടേയും തിന്മയുടേയും പ്രതിനിധീകരണം ഏതു വിധമായിരിക്കും? അദ്വൈതം എങ്ങിനെയാണ് നന്മ – തിന്മയെ പരമാർത്ഥ സത്യത്തിൽ സജ്ജീകരിക്കുക? ഉത്തരം ഒന്നു മാത്രം – ബ്രഹ്മത്തിൽ ഒരു തരത്തിലുമുള്ള ദ്വന്ദങ്ങൾ ഇല്ല. നന്മ – തിന്മ, സന്തോഷം – ദുഃഖം, ദേവൻ – അസുരൻ., ഇത്യാദി ദ്വന്ദങ്ങൾ പരമാർത്ഥ സത്യത്തിൽ ഇല്ല. കാരണം പർമാർത്ഥ സത്യത്തിനു ഏതെങ്കിലും ഗുണം (നന്മ/സന്തോഷം) ഉണ്ടെന്നു വന്നാൽ ഉടൻ അതിന്റെ എതിർഗുണവും സ്വാഭാവികമായും ഉയർന്നുവരും. അപ്പോൾ ഇവ രണ്ടിനേയും പ്രതിനിധീകരിക്കേണ്ടി വരും. അതു വൈരുദ്ധ്യമാണ്. ഈ പ്രക്രിയ അദ്വൈതത്തിലല്ല, മറിച്ച് ദ്വൈത സിദ്ധാന്തത്തിലാണ് കലാശിക്കുക[6].

അദ്വൈത വേദാന്ത പ്രകാരമുള്ള പരമാർത്ഥ സത്യം ഗുണങ്ങൾക്കും ആശയവൽക്കണത്തിനും അപ്പുറമാണ്.


[1] ഋഗ്വേദത്തിൽ ദേവരാജാവ് വരുണൻ ആണ്; ഇന്ദ്രൻ അല്ല. വരുണനാകട്ടെ അസുരഗുണവും ഉണ്ട്.

With bending down, oblations, sacrifices, O Varuna, we deprecate thine anger:
Wise Asura, thou King of wide dominion, loosen the bonds of sins by us committed.
Loosen the bonds, O Varuna, that hold me, loosen the bonds above, between, and under.
So in thy holy law may we made sinless belong to Aditi, O thou Aditya.

Rigveda. 1.24.14-15

[2] അസുരന്മാരും ദേവന്മാരും ഒരേ വിഭാഗത്തിൽ പെടുന്നവരാണ്. ബ്രാഹ്മണരും ക്ഷത്രിയരുമുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും ഇരുപക്ഷത്തുമുണ്ട്. ചില ആരാധനാ സമ്പ്രദായങ്ങൾ പിന്തുടരുന്ന കാര്യത്തിലുള്ള കലഹങ്ങളിൻമേലാണ് ഇരുപക്ഷവും വേർ‌തിരിഞ്ഞത്. അസുരന്മാരെ അതിനീചന്മാരായി ചിത്രീകരിക്കുന്ന പൗരാണിക ഭാഗങ്ങൾ മറുപക്ഷത്തിന്റെ ആരോപണങ്ങളായി മാത്രം കണ്ടാൽ മതി. അല്ലാതെ അവയെ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല. പണ്ടുകാലത്ത് ഭാരതീയരിൽനിന്നു വിഘടിച്ചു പോയ വിഭാഗമായ പാഴ്സികളുടെ പുണ്യഗ്രന്ഥം ‘അവസ്ത’യിൽ ദേവന്മാർ വില്ലന്മാരും അസുരന്മാർ നായകരുമാണ്. അതുവഴി അസുരന്മാർ അഗ്നി-ആരാധകരായ പാഴ്സികളും, ദേവന്മാർ ഭാരതീയരുമാകാനാണ് എല്ലാ സാധ്യതയും. ബൃഹദാരണ്യക ഉപനിഷത്തിൽ നല്ല ഗുണങ്ങളുള്ള ദേവന്മാരും, ‘ദുഃസ്വഭാവ’ങ്ങളുള്ള അസുരന്മാരും പ്രജാപതിയുടെ പുത്രന്മാരാണെന്നു പരാമർശിച്ചിട്ടുണ്ട്. ചാന്ദോഗ്യ ഉപനിഷത്തിലും അതു തന്നെ പറഞ്ഞിരിക്കുന്നു.

Read More ->  എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?

“There were two classes of Prajapati’s sons, the Gods and the Asuras. Naturally, the Gods were fewer, and the Asuras more in number. They vied with each other for the mastery of these worlds”

Brihadaranyaka Upanishad I.iii.1

“When the gods and the asuras, who were both progeny of Prajapati, fought against each other, then, the gods took up the Udgitha with the belief, ‘We shall defeat them with the help of this.”

Chandogya Upanishad I.2.1

[3] അദ്ധ്യായം 6 വായിക്കുക.

[4] Who verily knows and who can here declare it, whence it was born and whence comes this creation?; The Gods are later than this world’s production. Who knows then whence it first came into being?; He, the first origin of this creation, whether he formed it all or did not form it; whose eye controls this world in highest heaven, he verily knows it, or perhaps he knows not.

Nasadiya Sukta Rig-Veda – 10.129.6

[5] “… Therefore it becomes all. And whoever among the gods knew It also became That; and the same with sages and man… Even the gods cannot prevail against him, for he becomes their self…”

Brihadaranyaka Upanishad I.iv.9

“How many gods are there?”
Yajnavakya said, “three hundred and three, and three thousand and three.”
“Which are those?”
“These are but the manifestations of them; but there are only theirty-three gods”
Similarly the thirty three gods are hown to be included in six and so it goes on till to the question,
“Which is the One god?”
“The Vital force (Hiranyagarbha)”

By showing here the identity of all the gods with Hiranyagarbha, the Upanishad reveals that Hiranyagarbha Himself has multiple forms simultaneously.

Brihadaranyaka Upanishad. III.ix.1-9. Citing from Brahma Sutra Bhashya of Sankaracharya.

[6] പരമാർത്ഥ സത്യമായ ദൈവം നന്മയുടെ പാലകനാണെങ്കിൽ, എങ്ങിനെയാണ് തിന്മയും തിന്മയെ പ്രോൽസാഹിപ്പിക്കുന്ന ഒരു പ്രകൃത്യാതീത ശക്തിക്കും (അസുരൻ/ചെകുത്താൻ) നിലനിൽക്കനാവുക. തിന്മയെ പ്രോൽസാഹിപ്പിക്കുന്ന ഏതൊരു ശക്തിയും ദൈവത്തെ ദൈവമല്ലാതാക്കി മാറ്റുകയാണ്. തിന്മയെ വച്ചുപൊറുപ്പിക്കുന്ന ദൈവം എങ്ങിനെയാണ് ദൈവമാവുക? പരമാർത്ഥ സത്യത്തിൽ നന്മയോ തിന്മയോ ഉണ്ടാകാൻ പാടില്ല എന്നു നിശ്ചയമാണ്.

Featured Image: – https://www.hinduwebsite.com/hinduism/concepts/advaita.asp

അഭിപ്രായം എഴുതുക