ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.



ബുദ്ധ ബുക്ക്സ് (അങ്കമാലി) പ്രസിദ്ധീകരിച്ച ‘ആർഷദർശനങ്ങൾ‘ എന്ന എന്റെ പുസ്തകത്തിലെ അദ്ധ്യായമാണ് ഇത്. പുസ്തകം വാങ്ങാൻ 9446482215 എന്ന നമ്പറിൽ ബന്ധപ്പെടുക. OR ആമസോണിൽ നിന്നു വാങ്ങാൻ, ഫ്ലിപ്‌കാർട്ടിൽ നിന്നു വാങ്ങാൻ.


ഒന്നാമത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്. ചില ദർശനങ്ങൾ ഒന്നിൽ കൂടുതലും. അദ്വൈത വേദാന്തത്തിൽ നിർഗുണ ബ്രഹ്മം, ന്യായ – വൈശേഷിക ദർശനത്തിൽ ദൈവം, ആറ്റങ്ങൾ., സാംഖ്യ ദർശനത്തിൽ പ്രകൃതി – പുരുഷ, ബുദ്ധദർശനത്തിൽ നിർവാണം, മഹായാന ബുദ്ധിസത്തിൽ പ്രജ്ഞ – വിജ്ഞാപ്തിമാത്ര., എന്നിവയെല്ലാം ഏറെക്കുറെ പരമാർത്ഥ സത്യം/സത്യങ്ങളായി കണക്കാക്കപ്പെടുന്നു.

പരമാർത്ഥ സത്യങ്ങളുടെ എണ്ണം ഉൾപ്പെടെയുള്ള വിവിധ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഭാരതീയ ദർശനങ്ങളെ തരംതിരിക്കാവുന്നതാണ്. ഇത്തരം വിഭജനം വിവിധ ദർശന ധാരകളെ എളുപ്പത്തിൽ പരിചയപ്പെടാൻ ഉപകരിക്കും.

ചാർവാക ദർശനം (Materialism):-

ചാർവാക ദർശനത്തിൽ ദ്രവ്യം (Matter) മാത്രമാണ് യാഥാർത്ഥ്യം. പ്രത്യക്ഷം (Perception) മാത്രമാണ് പ്രമാണം/വിജ്ഞാന സ്രോതസ്[1]. അനുമാനം, വേദവാക്യങ്ങൾ എന്നിവയെ പ്രമാണങ്ങൾ അല്ല. പ്രകൃതിയിലെ അടിസ്ഥാന ഘടകങ്ങൾ പൃഥ്വി, ജലം, വായു, അഗ്നി എന്നിങ്ങനെ നാലെണ്ണം. മനുഷ്യശരീരം ഈ നാല് ഘടകങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനിലെ ബോധം (Consciousness) ഈ നാല് അടിസ്ഥാനഘടകങ്ങൾ അനുയോജ്യമായ അളവിൽ കൂടിച്ചേരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്നു. സ്വന്തമായ നിലയിൽ ലഹരിയില്ലാത്ത ചില പദാർത്ഥങ്ങൾ ഒരു പ്രത്യേക അളവിൽ കൂട്ടിച്ചേർക്കുമ്പോൾ ലഹരി ഉണ്ടാകുന്നത് ചാർവാക ദർശനം താരതമ്യത്തിനായി ചൂണ്ടിക്കാട്ടുന്നു.

ആത്മാവിനെ നിർവചിക്കുന്ന കാര്യത്തിൽ ചാർവാക ദർശനത്തിലെ ധാരകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒരു വിഭാഗം ശരീരത്തെ തന്നെ ആത്മാവായി കണക്കാക്കുന്നു. മറ്റു വിഭാഗങ്ങൾ മനസ്സ്, ഇന്ദ്രിയങ്ങൾ, പ്രാണൻ എന്നിവയെ ആത്മാവായി കണക്കാക്കുന്നു. ചാർവാക ദർശനം പ്രകാരം ആത്മാവ് അനശ്വരമല്ല. മരണത്തോടെ ആത്മാവ് നശിക്കുന്നു.

മരണാനന്തര ജീവിതത്തിൽ ചാർവാകർ വിശ്വസിക്കുന്നില്ല. മരണം തന്നെയാണ് മുക്തി/മോക്ഷം. അതിനാൽ ഇഹലോക ജീവിതം സന്തോഷത്തോടെ ജീവിക്കുക; ആകുന്നത്ര ആസ്വദിക്കുക. കർക്കശമായ ധർമ്മ-അധർമ്മ ജീവിതരീതി ചാർവാക ദർശനത്തിൽ ഇല്ല. എന്നാൽ ചാർവാകർ അരാജവാദികളാണെന്നോ നിയമവിരുദ്ധരാണെന്നോ ഇതിനെ വ്യാഖ്യാനിക്കുന്നത് പിശകാകും. ഓരോ ചാർവാക അനുഭാവിയും സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതരീതി തിരഞ്ഞെടുക്കുമെന്നേ അർത്ഥമാക്കേണ്ടൂ. ഇഹലോകത്തിൽ മാത്രം ബാധകമാകുന്ന കാര്യ-കാരണ സിദ്ധാന്തത്തെ[2] (ഹേതുവാദം) ചാർവാക ദർശനം അംഗീകരിച്ചിരിക്കാൻ ഇടയുണ്ട്.

ബാഹ്യ-വാദം (Realism):-

ബാഹ്യ-വാദം അനുസരിച്ച് മനുഷ്യ മനസ്സിനു പുറത്തുള്ള ബാഹ്യലോകം സ്വന്തം നിലയിൽ തന്നെ സ്വതന്ത്രമായി നിലനിൽക്കുന്നു. മനസ്സിനു ബാഹ്യലോകത്തെ സ്വാധീനിക്കാൻ കഴിവില്ല. കാഴ്ചക്കാരനും, കാഴ്ചക്കാരൻ കാണുന്ന വസ്തുവിനും അതിന്റേതായ നിലനിൽപ്പുണ്ട്. കാഴ്ചക്കാരൻ ഇല്ലെങ്കിലും വസ്തുക്കൾ അവയുടെ സ്വാഭാവിക നിലനിൽപ്പ് തുടരും. ബാഹ്യലോകത്തുള്ള വസ്തുവിനു മാത്രമേ മനുഷ്യചിന്തയിൽ അതേപോലുള്ള വസ്തുവിനെ രേഖപ്പെടുത്താനാകൂ. ബാഹ്യവസ്തുക്കളും അവയുടെ ഗുണങ്ങളും യഥാർത്ഥമാണ്. ഇങ്ങിനെ പോകുന്നു ബാഹ്യ-വാദികളുടെ നിലപാടുകൾ. ഇതുപ്രകാരം പരമാർത്ഥ സത്യം ഒന്നോ അതിലധികമോ ആകാം.

ഭാരതീയ ദർശനത്തിൽ സാംഖ്യ, യോഗ, ന്യായ, വൈശേഷിക, പൂർവ്വ മീമാംസ, ജൈന, വൈഭാസിക, സൗട്രാന്തിക ദർശനങ്ങൾ ബാഹ്യവാദികളാണ്. അദ്വൈത വേദാന്തവും വ്യവഹാരിക തലത്തിൽ ബാഹ്യവാദത്തെ പിന്തുണക്കുന്നു.

വിജ്ഞാന വാദം (Absolute Idealism):-

വിജ്ഞാനവാദ ദർശന പ്രകാരം മനസാണ് ഏക യാഥാർത്ഥ്യം. ‘ബാഹ്യലോക’ത്തിന്റെ നിലനിൽപ്പ്, ബാഹ്യലോകത്തെ വീക്ഷിക്കുന്ന വ്യക്തിയുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഒരുവൻ ഒരു വൃക്ഷത്തെ നോക്കിക്കാണുമ്പോൾ വൃക്ഷത്തിനു, അവന്റെ മനസ്സിൽനിന്നു വേറിട്ട, സ്വതന്ത്രമായ നിലനിൽപ്പില്ല. വൃക്ഷം എന്നത് മനസ്സിനെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്. മനസ്സിൽ അനസ്യൂതം ഉയർന്നു വരുന്ന ചിന്തകളുടെ പ്രവാഹമാണ് ബാഹ്യലോകം. ഇത്തരം ചിന്തകൾക്കു (stream of consciousness) കാരണം അനാദിയായ ‘അവിദ്യ’യും.

Read More ->  പുസ്‌തക പരിചയം - 'Indo-Aryan Origin and Other Vedic Issues' by Nicolas Kazanas

ഭാരതീയ ദർശനത്തിൽ ബുദ്ധിസ്റ്റ് യോഗാചര വിഭാഗം ഈ ഗണത്തിൽ പെടുന്നു. എന്നാൽ ‘വിജ്ഞാപ്തിമാത്ര’ എന്ന പരമാർത്ഥ സത്യത്തെയും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്[3].

ദ്വൈത വാദം (Dualism):-

ദ്വൈത വാദികൾ പരമമായ രണ്ട് യാഥാർത്ഥ്യങ്ങൾ മാത്രമേയുള്ളൂവെന്നു പറയുന്നു – ദ്രവ്യവും മനസ്സും. ഒന്നിനെ മറ്റൊന്നുമായി ഒരു വിധത്തിലും ബന്ധപ്പെടുത്താനാകില്ല. ദ്രവ്യത്തിനും മനസ്സിനും വെവ്വേറെ, സ്വതന്ത്രമായ നിലനിൽപ്പുണ്ട്.

ഭാരതീയ ദർശനങ്ങളിൽ ഏറ്റവും പഴക്കമുള്ള സാംഖ്യ ദർശനം ദ്വൈതവാദം ആണ്. പ്രകൃതി, പുരുഷ എന്നീ രണ്ട് യാഥാർത്ഥ്യങ്ങളെ സാംഖ്യം മുന്നോട്ടു വയ്ക്കുന്നു. ഹീനയാന ബുദ്ധിസത്തിലെ വൈഭാസിക വിഭാഗമാണ് മറ്റൊരു ദ്വൈത വാദികൾ.

അദ്വൈത വാദം (Absolute Monism):-

അദ്വൈത വാദികൾ മനസ്സ്, ബാഹ്യലോകം എന്നിവ ഉൾപ്പെടെ ലോകത്തിലുള്ള എല്ലാം തന്നെ അത്യന്തികമായ ഒന്ന്-ന്റെ വ്യത്യസ്ത ഭാവങ്ങളാണെന്നു പറയുന്നു. അദ്വൈതികളുടെ അഭിപ്രായ പ്രകാരം ആപേക്ഷിക തലത്തിൽ മനസ്സും ബാഹ്യലോകവും വ്യത്യസ്തമാണെന്നു തോന്നിയേക്കാം. ഇതിനു കാരണം കാഴ്ചക്കാരനിലെ അവിദ്യയാണ്. എന്നാൽ നിപുണനായ ഒരു ഗുരുവിൽനിന്നു ബ്രഹ്മജ്ഞാനം നേടി ബ്രഹ്മപദം സാക്ഷാത്കരിക്കുന്നതോടെ, ദ്വൈതഭാവം അപ്രത്യക്ഷമാകും.

വിവിധ ദാർശനിക ആശയങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഉപനിഷത്തിൽ പരാമർശിക്കപ്പെടുന്ന പ്രധാന വിഷയം അദ്വൈതമാണെന്നു കരുതപ്പെടുന്നു. ആത്മാവും ബ്രഹ്മവും രണ്ടല്ല, ഒന്നാണെന്നു സാരം. ഭാരതീയ ദർശനങ്ങളിൽ ശങ്കരാചാര്യരുടെ അദ്വൈതവേദാന്തം ഈ വിഭാഗത്തിൽ പെടുന്നു. മഹായാന ബുദ്ധിസത്തിൽ, നാഗാർജുനയുടെ മധ്യമക ദർശനം ഏറെക്കുറേ അദ്വൈത ഭാവം പ്രകടിപ്പിക്കുന്നുണ്ട്.

ബഹുത്വ വാദം (Pluralism):-

ബഹുത്വവാദ പ്രകാരം പരമമായ നിലനിൽപ്പുള്ള വസ്തുക്കൾ ഒന്നും രണ്ടുമല്ല, നിരവധിയാണ്. സ്വതന്ത്ര നിൽനിൽപ്പിനു ശേഷിയുള്ള അനേകം ആറ്റങ്ങൾ പ്രപഞ്ചത്തിലുണ്ട്. അവ പ്രത്യേക രീതിയിലും അനുപാതത്തിലും കൂടിക്കലർന്ന് വൈവിധ്യമുള്ള വസ്തുക്കൾ രൂപം കൊള്ളുന്നു. ദൈവത്തിനൊപ്പം ആറ്റങ്ങളും അനാദിയും അനശ്വരവുമാണെന്ന് ബഹുത്വവാദികൾ പറയുന്നു. ഭാരതീയ ദർശനങ്ങളിൽ ന്യായ, വൈശേഷിക, ജൈന വിഭാഗങ്ങൾ ബഹുത്വവാദികളാണ്.

ലോകത്തിലെ ആദ്യത്തെ പരമാണു വാദം (Atomic theory)വൈശേഷിക ദർശനമാണ്. കണാദ മുനി ക്രോഢീകരിച്ച ‘വൈശേഷിക സൂത്രം’ ആറ്റോമിക് സിദ്ധാന്തത്തെ വിശദീകരിക്കുന്നു. എന്നാൽ വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവ് കണാദ മുനിയാണെന്നു കരുതാൻ വയ്യ. തന്റെ കാലത്തു നിലനിന്നിരുന്ന ആറ്റോമിക് സിദ്ധാന്തങ്ങളെ അദ്ദേഹം ക്രമത്തിൽ ചിട്ടപ്പെടുത്തിയെന്നു കരുതുകയാണ് ഏറെ യുക്തം.

നിയതി വാദം (Fatalism):-

എല്ലാം വിധി പ്രകാരം സംഭവിച്ചു – സംഭവിക്കുന്നു – സംഭവിക്കും എന്ന സിദ്ധാന്തമാണ് നിയതിവാദം. മനുഷ്യന്റെ പ്രയത്നങ്ങൾക്കു വിലയില്ല. എത്രമാത്രം കഠിനമായി യത്നിച്ചാലും, ഒട്ടും യത്നിച്ചില്ലെങ്കിലും ലഭിക്കുന്ന ഫലം ഒന്നായിരിക്കും. ആ ഫലം നിശ്ചയിക്കുക വിധിയുമായിരിക്കും. മനുഷ്യ പ്രയത്നങ്ങൾക്കു വിധിയെ മാറ്റി മറിക്കാനാകില്ല. മനുഷ്യൻ ചെയ്യേണ്ടത് വിധിപ്രകാരം ജീവിക്കുക മാത്രമാണ്. അടുത്ത ജന്മം പോലും വിധി പ്രകാരമേ നടക്കൂ. 8400000 മഹാകൽപ കാലയളവോളം നീളുന്ന നിരവധി പുനർജന്മങ്ങൾക്കു ശേഷം എല്ലാ മനുഷ്യരും ഒരുപോലെ മോക്ഷം നേടുന്നു. നിയതി വാദം ഇപ്രകാരമാണ്.

ഭാരതീയ ദർശനത്തിലെ ഏക നിയതിവാദം ആജീവിക ദർശനം ആണ്. ആജീവിക ദർശനത്തെ പറ്റി കുറച്ച് അറിവുകളേ ലഭ്യമുള്ളൂ. ആജീവിക വിഭാഗത്തിനു ജൈനവിഭാഗവുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്നു[4]. ആജീവിക ദർശനത്തിന്റെ മുൻനിര സൈദ്ധാന്തികനായ മക്കാളി ഗോശാല, ശ്രീബുദ്ധന്റേയും മഹാവീരന്റേയും സമകാലികനായിരുന്നു.

സർവ്വ-ശൂന്യ-വാദം:-

ബുദ്ധിസത്തിലെ ‘സത്യസിദ്ധി’ വിഭാഗമാണ് ഭാരതീയ ദർശനത്തിലെ ഏക സർവ്വശൂന്യവാദികൾ. വസുബന്ധുവിനും മുമ്പ് ജീവിച്ചിരുന്ന ഹരിവർമ്മനാണ് സത്യസിദ്ധി ദർശനത്തിന്റെ സ്ഥാപകൻ[5]. സത്യസിദ്ധി ശാസ്ത്ര-മാണ് മൂലകൃതി. ദാർശനികമായി സർവ്വസ്തിവാദ-ബുദ്ധിസത്തിനും മഹയാന ബുദ്ധിസത്തിനും മദ്ധ്യത്തിൽ വരുന്ന സത്യസിദ്ധി ദർശനം സർവ്വസ്തിവാദികളെപ്പോലെ ജീവാത്മാവിനെ നിഷേധിക്കുന്നതിനൊപ്പം ജീവാത്മാവിനു കാരണമായ അഞ്ച് ‘സ്കന്ദ’-കൾക്കും പരമമായ നിലനിൽപ്പില്ലെന്നു പ്രഖ്യാപിക്കുന്നു[6]. തത്വത്തിൽ ബാഹ്യലോകത്തിലെ വസ്തുക്കൾക്കും പരമമായ നിലനിൽപ്പില്ലെന്നു വരും.

മഹായാന ബുദ്ധിസത്തെ അദ്വിതീയമായ രീതിയിൽ ക്രോഢീകരിച്ച ദാർശനികനാണ് ശ്രീ നാഗാർജുന. ഇദ്ദേഹത്തിന്റെ ശൂന്യവാദം നിഹിലിസമാണെന്ന ധാരണ ചില കോണുകളിൽ ഉയർന്നു കേട്ടിട്ടുണ്ട്. ഇത് വലിയൊരു തെറ്റിദ്ധാരണയാണ്. നാഗാർജുന പ്രയോഗിച്ച ‘ശൂന്യ’ എന്ന പദത്തിനു അനുയോജ്യമായ മലയാള അർത്ഥം ‘ശൂന്യത/ഒന്നുമില്ലാത്ത അവസ്ഥ’ എന്നതല്ല. അദ്വൈത വേദാന്തത്തിലെ ‘മായ’യോടു ഏകദേശം യോജിച്ചു പോകുന്ന അർത്ഥമാണ് ശൂന്യ എന്ന പദത്തിനുള്ളത്. നാഗാർജുന ക്ഷണികമായ ബാഹ്യലോകത്തിനു അപ്പുറം, ‘പ്രജ്ഞ’ എന്നു വിളിക്കപ്പെടുന്ന ഒരു പരമാർത്ഥ സത്യത്തെ മുന്നോട്ടു വയ്ക്കുന്ന ദാർശനികനാണ്. അദ്ദേഹത്തിന്റെ ‘പ്രജ്ഞാ-പരമിത-ശാസ്ത്ര’ സാഹിത്യം വായിച്ചാൽ ഈ വസ്തുത എളുപ്പത്തിൽ മനസ്സിലാക്കാം. നാഗാർജുന ഒരു നിഹിലിസ്റ്റ് അല്ല[7].

Read More ->  ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾ

പരമാർത്ഥ സത്യം ഉൾപ്പെടെയുള്ള വിവിധ സിദ്ധാന്തങ്ങളെ ആസ്പദമാക്കി പ്രമുഖ ഭാരതീയ ദർശന ധാരകളെ ഇപ്രകാരം തരംതിരിക്കാം. ഒരു ദർശന ധാരയിൽ തന്നെ പല ഉപവിഭാഗങ്ങൾ നിലനിന്നിരുന്നു. ഇത്തരം വൈവിധ്യമാർന്ന ദാർശനിക സിദ്ധാന്തങ്ങളും, അവയുടെ ദീർഘകാലത്തെ സഹവാസവും സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ സാംസ്കാരികവും തത്ത്വചിന്താപരവുമായ കഴിവും ഗരിമയും, ചിന്തകർക്കു അനുകൂലമായി ഇന്നാട്ടിൽ നിലനിന്നിരുന്ന സ്വതന്ത്ര ചുറ്റുപാടുകളും, ദാർശനികർക്കിടയിൽ നിലനിന്നിരുന്ന പരസ്പര ബഹുമാനവും ആണ്. വ്യത്യസ്തവും മൽസരബുദ്ധിയോടെയുമുള്ള ചിന്താരീതികൾ എപ്പോഴും ഉടലെടുക്കുന്നത് ചലനാത്മകവും സഹിഷ്‌ണുതയുമുള്ള ഒരു സമൂഹത്തിലായിരിക്കും. പൗരാണിക ഭാരതം അത്തരത്തിലുള്ള ഒരു ജനസമൂഹമായിരുന്നു.

മൂന്നാമത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


[1] വിജ്ഞാനസ്രോതസ് = Source of Knowledge. ബാഹ്യലോകത്തുനിന്ന് മനുഷ്യനു ഏതുവിധത്തിലെല്ലാം അറിവ് സമ്പാദിക്കാനാകും എന്നാണ് ‘വിജ്ഞാനസ്രോതസ്’ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. അദ്ധ്യായം 4 വായിക്കുക.

[2] ഓരോ കാര്യത്തിനു പിന്നിലും ഒരു കാരണം പ്രവർത്തിക്കുന്നു എന്ന സിദ്ധാന്തം. Law of casue and effect.

[3] ‘As per popular opinion, Vijnānavāda advocates subjective idealism. But it is false. Vasubandhu clearly posits an ultimate reality which is unchanging and eternal. He calls it Vijnāptimātra.’ – ‘A critical survey of Indian Philosophy’ by Chandradhar Sarma.

[4] കൂടുതൽ വായനക്ക്, “The Ājīvikas” by Beni Madhav Barua and ‘History and doctrines of the Ājīvikas’ by A L Basham.

[5] ഈ ദാർശനിക വിഭാഗത്തെ കുറിക്കുന്ന ഒരു വിവരവും ഭാരതീയ ഗ്രന്ഥങ്ങളിൽ ഇല്ല. ചൈനീസ് രേഖകളിൽ ഈ വിഭാഗത്തെപ്പറ്റി രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ ബുദ്ധിസ്റ്റ് പണ്ഢിതനായ ജുൻജിറോ തകാകുസു (Junjiro Takakusu) ‘The Essentials of Buddhist Philosophy’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

[6] സർവ്വസ്തിവാദത്തിൽ അഞ്ച് സ്കന്ദ-കൾക്കു പരമമായ നിലനിൽപ്പുണ്ട്.

[7] നാഗാർജുനയെ നിഹിലിസ്റ്റ് എന്നു ശങ്കരാചാര്യർ വിശേഷിപ്പിക്കുന്നുണ്ട്. പക്ഷേ തുടർന്നു യുക്തവും, വിശദവുമായ ന്യായീകരണം നൽകാതെ ആചാര്യർ വിഷയം പെട്ടെന്നു അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ നാഗാർജുനൻ നിഹിലിസ്റ്റ് ആണെന്നു ഊന്നിപ്പറയുന്നതിൽ കാര്യമില്ല.

“As for the view of absolute nihilist, no attempt is made for its refutation since it is opposed to all means of valid knowledge. For human behavior, conforming as it does to all right means of valid knowledge, cannot be denied so long as a different order of reality is not realized; for unless there be an exception, the general rule prevails.” — Brahma Sutra Bhashya. II.ii.31

Featured Image credit – http://totalhangout.com/indian-philosophy/

അഭിപ്രായം എഴുതുക