അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.പന്ത്രണ്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആദ്യമായി മൊബൈൽ വാങ്ങിയ കാലത്ത് ഞാൻ അടുത്ത സുഹൃത്തുക്കൾക്കു ദിവസവും മെസേജുകൾ അയയ്ക്കുമായിരുന്നു. അവർ തിരിച്ചും. അർത്ഥപൂർണമെന്നു തോന്നിയ മഹദ്‌ വാക്യങ്ങളും, നർമ്മം തുളുമ്പുന്ന ബിറ്റുകളുമായിരുന്നു ബഹുഭൂരിഭാഗം മെസേജുകളും. ടൈപ്പിക്കൽ ആശയങ്ങളുടെ ആവർത്തന വിരസത എല്ലാത്തിലും മുറ്റി നിൽക്കുന്നുണ്ടാകും. എങ്കിലും എന്റെ യാന്ത്രിക ജീവിതത്തിൽ അവ കൂടുതൽ മുഷിച്ചിൽ ഉണ്ടാക്കിയില്ല.

അന്നൊരു ദിവസമാണ് മനസ്സിനെ ആകെ പിടിച്ചുലച്ച ഒരു മെസേജ് ആരിൽ നിന്നോ ലഭിച്ചത്.

“One day, when I was a boy, I cried for a new shoe. But suddenly I stopped crying, when I saw a man, without legs…. Life is full of blessings. Sometimes we don’t understand it.”

മെസേജ് വായിച്ചു കഴിഞ്ഞ് ഞാൻ തരിച്ചിരുന്നു. എത്ര അർത്ഥപൂർണമായ വരികൾ. ആശയം എന്റെ മനസ്സിലും വ്യത്യസ്തഭാവത്തിൽ മറഞ്ഞു കിടക്കുന്നുണ്ടായിരുന്നല്ലോ! ഞാൻ അപ്പോൾ തന്നെ അനുഗ്രഹീതരായ എന്റെ എല്ലാ സുഹൃത്തുക്കൾക്കും മെസേജ് ഫോർവേഡ് ചെയ്തു. അവർ എത്രത്തോളം അനുഗ്രഹീതരാണെന്ന്, അനുഗ്രഹീതനല്ലാത്ത ഒരുവന്റെ ഭാഗത്തു നിന്നുള്ള, ചെറിയ ഓർമപ്പെടുത്തൽ.

എനിക്കു ലഭിച്ച മെസേജ് ശാരീരിക ന്യൂനതയില്ലാത്തവർക്കു മാത്രം ബാധകമാകുന്ന, അവരെ മാത്രം അഭിസംബോധന ചെയ്യുന്ന ഒന്നാണെന്നായിരുന്നു എന്റെ ധാരണ. പക്ഷേ കാലം അതും തെറ്റാണെന്നു തെളിയിച്ചു. ചിലയിടത്തു വച്ച് ചിലരെ കണ്ടുമുട്ടി പരിചയപ്പെട്ടപ്പോൾ, സുഹൃത്തിന്റെ മെസേജ് ലക്ഷ്യം വയ്ക്കുന്നത് ശ്രവണന്യൂനത ഇല്ലാത്തവരെ മാത്രമല്ല, ന്യൂനത ഉള്ളവരെ കൂടിയാണെന്നു ഞാൻ മനസ്സിലാക്കി. ബാംഗ്ലൂരിലെ വളരെ പ്രശസ്തമായ ഒരു സ്പീച്ച് & ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നെ ആ യാഥാർത്ഥ്യത്തിലേക്കു കുലുക്കിയുണർത്തി. ഞാൻ അംഗീകരിക്കാൻ നിർബന്ധിതനായി, ഞാനും ഒരു പരിധി വരെ അനുഗ്രഹീതൻ തന്നെയാണ്.

സുഹൃത്ത് അയച്ചു തന്ന മെസേജ് ഒരു വർഷത്തിലധികം ഞാൻ മൊബൈൽ ഇൻബോക്സിൽ സൂക്ഷിച്ചു.

***************

പെൺകുട്ടി പറയുന്നു. “കാക്ക.”

ആൺകുട്ടി പ്രതിവചിക്കുന്നു: “കാക്ക.”

വീണ്ടും പല വാക്കുകൾ, അവയുടെ ആവർത്തനങ്ങൾ.

“പൂച്ച.”

“പൂച്ച.”

“തത്ത.”

“തത്ത.”

“ബെല്ല്.”

“പല്ല്.”

പെൺകുട്ടി പറഞ്ഞു. “ശ്രദ്ധിച്ചു കേൾക്കൂ… ബെല്ല്.”

ആൺകുട്ടിയുടെ ശബ്ദം പരിക്ഷീണിതമായിരുന്നു. അവൻ തല താഴ്ത്തി. കേട്ട വാക്ക് ഏതാണോ അത് അതേ പടി ഉച്ചരിച്ചു. “പല്ല്.”

പത്തു നിമിഷത്തെ ഇടവേള. പെൺകുട്ടി പറഞ്ഞു. “ഇനി കുറച്ചു ഇംഗ്ലീഷ്‌ വാക്കുകൾ. എന്റെ മുഖത്തു നോക്കരുത്. ലിപ് റീഡ് ചെയ്യരുത്.”

ആൺകുട്ടി തലയാട്ടി സമ്മതിച്ചു.

“ക്യാറ്റ്.”

“ക്യാറ്റ്.”

“സീറ്റ്.”

“സീറ്റ്.”

“പാറ്റ്.”

“ബാറ്റ്.”

“പൗണ്ട്.”

“ബൗണ്ട്.”

പെൺകുട്ടി വാക്കുകൾ ഉച്ചരിക്കുന്നത് നിർത്തി. മേശപ്പുറത്തിരുന്ന പുസ്തകത്തിൽ എന്തോ എഴുതി. മുറിയിലെ നിശബ്ദതയിൽ ആൺകുട്ടി അസ്വസ്ഥനായി. അവന്റെ മനസ്സിൽ പലതും മുളപൊട്ടുകയായിരുന്നു. തിരുവനന്തപുരം, ബേക്കറി ജംഗ്ഷൻ, പ്രശാന്ത് ലോഡ്‌ജ്, വീർപ്പു മുട്ടിക്കുന്ന നിശബ്ദത, മുറിക്കു പുറത്തു ചാടാനുള്ള അദമ്യമായ വെമ്പൽ.

പെൺകുട്ടി, അവരുടെ പേര് മേഘ എന്നായിരുന്നു, ചുമലിൽ തട്ടി വിളിച്ചു. “സുനിൽ വല്ലാതായോ?”

“ഇല്ല.” ഞാൻ പറഞ്ഞു.

കള്ളം പറഞ്ഞതാണ്. മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. കുറച്ചു ദിവസങ്ങളായി അത്തരം അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

മേഘയും ഞാനും അധികം വലുപ്പമില്ലാത്ത സമചതുരത്തിലുള്ള മേശക്കു ഇരുപുറവുമാണ് ഇരുന്നിരുന്നത്. സ്പീച്ച്‌ തെറാപ്പി ആരംഭിച്ചിട്ടു കുറച്ചു ദിവസങ്ങളേ ആയുള്ളൂ. എല്ലാം പുതുമകൾ.

സ്പീച്ച്‌ തെറാപ്പി ആദിയിലേക്കുള്ള പ്രയാണം പോലെയാണ്. നമ്മൾ കൊച്ചുകുട്ടിയാകണം അപ്പോൾ. മേശക്കു ഇരുപുറവുമിരുന്നു ഞാനും തെറാപ്പിസ്റ്റും തമ്മിൽ സംസാരിക്കാറുള്ള വാക്കുകളും വരികളും കുട്ടികളുടെ സംസാരത്തിനു യോജിക്കുന്നതാണ്. അല്ലെങ്കിൽ കുട്ടികളേക്കാളും താഴ്ന്ന ലെവലിലുള്ളതാണ്. അത്തരം സംഭാഷണങ്ങൾ എന്നെ ആദിയിലേക്കു കൂട്ടിക്കൊണ്ടു പോകും. ശബ്ദത്തിന്റെ ഓരോ വികാസഘട്ടങ്ങളിലും അച്ഛനമ്മമാർ തങ്ങളുടെ കുഞ്ഞിനോടു എങ്ങിനെയാണ് സംസാരിച്ചിരിക്കുകയെന്നു ഞാൻ മനസ്സിലാക്കി.

മാഢം ആദ്യദിവസം തന്നെ സൂചിപ്പിച്ചു. “തെറാപ്പി ഒരു കുട്ടിക്കളിയാണ്. അല്ലെങ്കിൽ സുനിലിനു അങ്ങിനെ തോന്നും.”

ഞാൻ അമ്പരപ്പോടെ മാഢത്തിനെ നോക്കി. മാഢം തുടർന്നു.

“ഞാൻ സുനിലിന്റെ കേസ്‌ ഷീറ്റ് കണ്ടു. നാല്പത്തിയൊന്നു ശതമാനം ശ്രവണന്യൂനതയാണ് അതിൽ കാണിച്ചിരിക്കുന്നത്. അതും ന്യൂറൽ ഡഫ്‌നസ്. ശബ്ദത്തിന്റെ വോള്യത്തേക്കാൾ ഉപരി വ്യക്തതയാകാം നഷ്ടപ്പെട്ടിരിക്കുന്നത്.”

“അതു ശരിയാണ്. എനിക്കു വാഹനങ്ങളുടേയും പ്രകൃതിയിലേയും എല്ലാ ശബ്ദങ്ങളും കേൾക്കാൻ സാധിക്കാറുണ്ട്. പക്ഷേ അതേ വോള്യത്തിലുള്ള മനുഷ്യസംസാരം, നന്നായി കേൾക്കുമെങ്കിലും, മനസ്സിലാക്കാൻ സാധിക്കാറില്ല.”

“സുനിൽ ലിപ് റീഡ് ചെയ്യാറുണ്ടോ?”

“ഉണ്ട്. അതു തന്നെയാണ് പ്രശ്നമെന്നു തോന്നുന്നു. ലിപ്റീഡ് വഴി മനസ്സിലാക്കാൻ കഴിയുന്ന സംസാരം, ചുണ്ടുകൾ മറച്ചു പിടിച്ച് അതേ വോള്യത്തിൽ ആവർത്തിച്ചാൽ മനസ്സിലാക്കാനാകില്ല.”

“സുനിൽ ആദ്യം മുതലേ തുടരാമോ…” മാഢം പറയണോ വേണ്ടയോ എന്ന സംശയത്തിൽ പൂരിപ്പിച്ചു. “ഞാൻ ചെയ്യുന്ന പ്രോജക്ടിലെ വിഷയം സുനിലിന്റെ ഇഷ്യുവാണ്.”

ഞാൻ ആദ്യം മുതൽ പറയാൻ തുടങ്ങി.

“എന്റെ കേൾവിക്കു കുഴപ്പമുണ്ടെന്ന കാര്യം കണ്ടുപിടിച്ചത് സ്കൂളിലെ ടീച്ചർമാരാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ഞാൻ പതിവായി ‘എന്താണ് എന്നോടു ചോദിച്ചതെന്നു’ ആവർത്തിച്ചു ചോദിക്കാൻ തുടങ്ങിയപ്പോൾ അവർ സംശയിച്ചു. ഉദാഹരണമായി മറ്റൊരു കുട്ടിയുടെ നേരെ തിരിഞ്ഞു ടീച്ചർ ചോദിക്കുന്ന ചോദ്യം എനിക്കു മനസ്സിലാക്കാൻ കഴിയാറില്ല, നന്നായി കേൾക്കുമെങ്കിലും. അതേസമയം ടീച്ചർ എന്നെ അഭിമുഖീകരിച്ചു അതേ ചോദ്യം അതേ വോള്യത്തിൽ ചോദിച്ചാൽ എനിക്കു മനസ്സിലാക്കാൻ കഴിയും. ഞാൻ ആദ്യം കരുതിയത് മറ്റു കുട്ടികൾക്കും ഇങ്ങിനെയാണെന്നാണ്. അതു തെറ്റായിരുന്നു… പിന്നീടു ഓരോകാര്യവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഉൽസവപ്പറമ്പുകളിൽ നാടകവും കഥാപ്രസംഗവും കാണാൻ പോകുമ്പോൾ മൈക്കുസെറ്റിലൂടെ പുറത്തുവരുന്ന ശബ്ദങ്ങൾ മനസ്സിലായില്ല. സ്റ്റേജിൽ മിമിക്രിക്കാർ അരങ്ങു തകർക്കുന്ന വേളയിൽ എനിക്കു ചുറ്റുമുള്ളവർ ആർത്തുചിരിക്കുമ്പോൾ ഞാൻ ഒന്നുകിൽ മിണ്ടാതിരിക്കും. അല്ലെങ്കിൽ അവിടെ നിന്നു വഴുതും. ഇതു രണ്ടും സാധ്യമല്ലാതെ വരുമ്പോൾ, ഞാനും കേട്ടുവെന്നു ദ്യോതിപ്പിച്ചു ചിരിക്കും… കാലം പോയപ്പോൾ സ്റ്റേജ് പ്രോഗ്രാമുകളിൽ എനിക്ക് താല്പര്യം കുറഞ്ഞു. പകരം താളവാദ്യങ്ങളിലേക്കു ശ്രദ്ധ പതിഞ്ഞു. അവിടെ സംസാരം ഇല്ലല്ലോ. മേളം, പഞ്ചവാദ്യം,…. ഒക്കെ തട്ടും തടവുമില്ലാതെ ആസ്വദിക്കാനാകും.”

സംസാരം വഴിമാറിപ്പോകുന്നത് മനസ്സിലാക്കി, ഞാൻ നിർത്തിയിട്ടു വീണ്ടും തുടർന്നു.

“പഠനത്തിന്റെ കാര്യം പ്രശ്‌നത്തിലായി. ടീച്ചർമാർ ക്ലാസിൽ പഠിപ്പിക്കുന്നതു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് കൂടിവന്നു. അപ്പോൾ പാഠപുസ്തകങ്ങൾ ശ്രദ്ധിച്ചു വായിക്കാൻ തുടങ്ങി. അധികം സങ്കീർണ്ണമല്ലാത്ത വിഷയങ്ങൾ ടീച്ചറുടെ സഹായമില്ലാതെ വായിച്ചു മനസ്സിലാക്കാൻ സാധിക്കുമെങ്കിലും ചില വിഷയങ്ങളിൽ ടീച്ചറുടെ വിശദീകരണം കേൾക്കേണ്ടത് അവശ്യമായിരുന്നു. ഉദാഹരണമായി കണക്ക്. കണക്കിലെ ചില ക്രിയകൾ പെട്ടെന്നു മനസ്സിലാകും. ചിലത് പറ്റില്ല. ഈ പരിമിതി മറികടക്കാൻ ട്യൂഷനു പോയി. പക്ഷേ ട്യൂഷൻ ക്ലാസ്സുകൾ സ്കൂൾക്ലാസ്സുകളുടെ മിനി പതിപ്പായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്റെ ഇഷ്ടവിഷയങ്ങൾ ടീച്ചറുടെ സഹായമില്ലാതെ തന്നെ പഠിക്കാൻ പറ്റുന്ന വിഷയങ്ങളായി മാറി.”

“പത്താം ക്ലാസ്സ് വരെ കാര്യങ്ങൾ ഇങ്ങിനെ പോയി. ട്യൂഷൻ കൊണ്ടും പാഠപുസ്തകങ്ങൾ വായിച്ചും മാത്രം പഠിച്ചു. ഞാനന്നു കുട്ടിയായിരുന്നു. കാലം എനിക്കു വേണ്ടി കാത്തു വച്ചിരിക്കുന്നത് എന്താണെന്നു അറിഞ്ഞില്ല… നാട്ടിൻപുറത്തെ വിദ്യാലയത്തിൽനിന്നു നഗരത്തിലെ പ്രശസ്തമായ കോളേജിലേക്കു മാറിയപ്പോൾ പഠനം നരകമായി. പഠനമാദ്ധ്യമം മലയാളത്തിൽ നിന്നു ഇംഗ്ലീഷിലേക്കു മാറിയതു ദുരന്തം പൂർണമാക്കി. സംഭാഷണം മനസ്സിലാക്കാൻ ഞാൻ ശബ്ദത്തോടൊപ്പം സംസാരിക്കുന്ന വ്യക്തിയുടെ ലിപ് മൂവ്‌മെന്റ്സും ആശ്രയിക്കാറുണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിൽ ഞാൻ പതറും. കോളേജ് ക്ലാസ്സിൽ മുൻനിരയിൽ ഇരുന്നിട്ടൂം ഇംഗ്ലീഷ് ലിപ്മൂവ്മെന്റ്സ് പഠിച്ചെടുക്കാൻ എനിക്കു കഴിഞ്ഞില്ല. പഠനം താറുമാറായി. സുഹൃത്തുക്കൾ ഇല്ലാതിരുന്നതിനാൽ മാനസികാവസ്ഥയും… രണ്ടു വർഷം ഞാൻ പ്രീഡിഗ്രിക്കു പഠിച്ചു. എന്നെ സംബന്ധിച്ചു മറവിയിൽ തള്ളാൻ ഏറ്റവും ആഗ്രഹിക്കുന്ന കാലമാണിത്. ആലോചിക്കും തോറും എങ്ങിനെ പിടിച്ചു നിന്നെന്നു അൽഭുതപ്പെടും… കോളേജിലെ രണ്ടു വർഷത്തിനുള്ളിൽ എന്റെ മനസ്സ് തിരിച്ചടികൾ നേരിടാൻ നന്നായി പാകപ്പെട്ടു.”

മാഢം ചോദിച്ചു. “കോളേജ്‌ലൈഫിനെ പോലെ പോളിടെക്നിക്ക് ലൈഫും മറക്കാൻ ആഗ്രഹമുണ്ടോ?”

“ഇല്ല. ഞാൻ കുറച്ചൊക്കെ ആസ്വദിച്ച കാലമാണത്. പ്രത്യേകിച്ചും ഫൈനൽ ഇയർ. ഇന്നെനിക്കുള്ള കുറച്ചു സുഹൃത്തുക്കൾ പോളിടെക്നിക്കിലെ സഹപാഠികളാണ്. കോളേജ് സുഹൃത്തുക്കൾ അല്ല. പോളിടെക്നിക്കിലും മിക്കപ്പോഴും ഏകാന്തതയിലായിരുന്നു എന്റെ സ്ഥാനം. പക്ഷേ കൂട്ട് ചേർക്കപ്പെട്ട സന്ദർഭങ്ങളും ഉണ്ട്. സത്യത്തിൽ കലാലയ ജീവിതം ആസ്വദിക്കുകയായിരുന്നോ എന്ന് സംശയമുണ്ട്. ഏറെക്കുറെ രണ്ടു വർഷത്തെ കോളേജ്ലൈഫിനെ പോലെ തന്നെയായിരുന്നു പോളിടെക്നിക്കും. വലിയ വ്യത്യാസമൊന്നും ഞാൻ കാണുന്നില്ല. എന്നിലെ നിസ്സഹായതയെ കോളേജ് ലൈഫ് ഇല്ലാതാക്കിയതാണ് പോയിന്റെന്നു തോന്നുന്നു. എന്റെ മനസ്സ് സെന്റിമെന്റ്സുകളോടു കാര്യമായി പ്രതികരിച്ചില്ല. ഇതാണ് യഥാർത്ഥ്യത്തിൽ നടന്നത്. മാനസിക സന്തോഷമില്ലാതെ ദുഃഖത്തെ ചെറുത്തു നിൽക്കാനുള്ള കഴിവ്. അത് ഇന്നും എനിക്കുണ്ട്.”

മാഢം ചോദിച്ചു. “സുനിലിനു ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നില്ല എന്ന അവസ്ഥയാണോ, അതോ കേൾക്കുന്ന ശബ്ദങ്ങൾ, ഉദാഹരണത്തിനു സംഭാഷണം, വാക്കുകൾ അടക്കം വേർതിരിച്ചു കേൾക്കാത്തതിനാൽ എന്താണ് പറഞ്ഞതെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന അവസ്ഥയാണോ?”

“രണ്ടാമത്തെയാണ് പ്രോബ്ലം. സംഭാഷണം മനസ്സിലാക്കാനാണ് ബുദ്ധിമുട്ട്. ശബ്ദങ്ങൾ കേൾക്കാൻ ബുദ്ധിമുട്ടില്ല.”

“എന്നു വച്ചാൽ…”

“മാഢം, എന്നെ സംബന്ധിച്ചു സംസാരം കേൾക്കലും, സംസാരം മനസ്സിലാക്കലും രണ്ട് പ്രക്രിയയാണ്. ആരെങ്കിലും കുറച്ചുദൂരെ നിന്നു ശബ്ദമുണ്ടാക്കി എന്നെ വിളിക്കുന്നത്, വാഹനങ്ങളുടെ ഹോൺമുഴക്കം, അയൽവീട്ടിൽ ടെലഫോൺ ബെല്ലടിക്കുന്നത്., എന്നിവയൊക്കെ എനിക്കു കേൾക്കാൻ സാധിക്കും. ഇത്തരം ശബ്ദങ്ങൾ നമ്മളോടു വിശദമായ ആശയങ്ങൾ കൈമാറുന്നില്ല. ദാ കൂട്ടുകാരൻ വിളിക്കുന്നു, അല്ലെങ്കിൽ പിന്നിലൂടെ വണ്ടി വരുന്നുണ്ട് എന്നിങ്ങനെയുള്ള അറിയിപ്പുകളാണ് ഇവ. ശബ്ദം കേട്ടാൽ മതി, എന്താണ് കാര്യമെന്നു മനസ്സിലാകും. ശബ്ദങ്ങൾ ഇങ്ങിനെ വെറുതെ കേട്ടാൽ മതിയെങ്കിൽ ഞാൻ പറയില്ല, എനിക്കു ശ്രവണന്യൂനതയുണ്ടെന്ന്. കാരണം ഞാൻ ഏതാണ്ട് എല്ലാ ശബ്ദങ്ങളും കേൾക്കുന്നു എന്നതു സത്യമാണ്… പക്ഷേ സംഭാഷണങ്ങളുടെ കാര്യം വ്യത്യസ്തമാണ്. നല്ല ഉച്ചത്തിൽ സംഭാഷണം കേട്ടാൽപോലും എന്താണ് പറഞ്ഞതെന്നു എനിക്കു ചിലപ്പോൾ മനസ്സിലാക്കാനാകില്ല. വാക്കുകൾ തുടക്കവും ഒടുക്കവും ഇല്ലാതെ അനസ്യൂതം ചെവിയിലേക്കു വരും. ഒന്നും മനസ്സിലാകില്ല. കേൾക്കുന്നില്ല എന്നല്ല ഇവിടെ പറയേണ്ടത്, മറിച്ചു മനസ്സിലാകുന്നില്ല എന്നാണ്. ശബ്ദങ്ങൾ കേട്ടിട്ടും മനസിലാകായ്ക… ഇങ്ങിനെയാണെങ്കിലും സംഭാഷണം നടത്തുന്നതിൽ ഞാൻ പൂർണ പരാജയമാണെന്നു കരുതരുത്. പരിചയമുള്ളവരുടെ സംഭാഷണം കുറേ മനസ്സിലാകും. പരിചയമില്ലാത്തവരാണെങ്കിൽ ആദ്യം ബുദ്ധിമുട്ടും. ആ ബുദ്ധിമുട്ടും അദ്ദേഹം പരിചയക്കാരൻ ആകുന്നതോടെ മാറും.”

Read More ->  അദ്ധ്യായം 8 -- മഞ്ഞുമലയുടെ അഗ്രം

“ഒരേകാര്യം പല ആളുകൾ പറയുമ്പോൾ കേൾക്കുന്ന, സോറി മനസ്സിലാക്കുന്ന ലെവൽ വ്യത്യസ്തമാണെന്ന്. അല്ലേ?”

“അതെ. ഒരു സുഹൃത്ത് ഉച്ചത്തിൽ പറഞ്ഞിട്ടും മനസ്സിലാക്കാത്ത കാര്യം, മീഡിയം ഒച്ചയിൽ മറ്റൊരു സുഹൃത്തു പറഞ്ഞാൽ മനസ്സിലാകും.”

“സുനിലിനു ഇപ്പോൾ പതിനെട്ടു വർഷത്തോളമായി ന്യൂനതയുണ്ട്. ഈ കാലയളവിൽ കേൾവി സംബന്ധമായി എന്തെങ്കിലും വ്യത്യാസങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? എന്നുവച്ചാൽ ബാഹ്യലോകവുമായുള്ള ഇടപെടലുകളിലോ, ബാഹ്യലോകത്തുള്ളവർ സുനിലുമായി നടത്തുന്ന ഇടപെടലുകളിലോ?”

“ചില വ്യത്യാസങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്… മറ്റുള്ളവരോടു സംസാരിക്കുമ്പോൾ എന്റെ ശബ്ദം പതുക്കെയാണോ, ഞാൻ സംസാരിക്കുന്നത് അവർക്കു കേൾക്കാൻ പറ്റാവുന്നത്ര ഉച്ചത്തിൽ തന്നെയാണോ എന്നു സന്ദേഹിച്ചിട്ടുണ്ട്. കാരണം പലപ്പോഴും മറ്റുള്ളവർ എന്നോടു പറയും നീ കുറച്ചു കൂടി ഉച്ചത്തിൽ പറയൂ എന്ന്. സത്യത്തിൽ ഞാൻ മനപ്പൂർവ്വം ഒച്ചകുറച്ചു സംസാരിക്കാറില്ല. അറിയാതെ കുറഞ്ഞു പോകുന്നതാണ്. ഈ സന്നിഗ്ദാവസ്ഥ ഏറ്റവും മോശമാകുന്നത് ശബ്ദമാനമായ ചുറ്റുപാടിൽ സംസാരിക്കുമ്പോഴാണ്. ഉദാഹരണമായി ബസിൽ കണ്ടക്ടറോടു എവിടെ വരെ യാത്ര ചെയ്യണമെന്നു പറയുമ്പോൾ. പലപ്പോഴും കണ്ടക്ടർ എന്നോടു തിരിച്ചു ചോദിക്കും, എന്താ പറഞ്ഞത് എന്നു… ഇത് മുൻനിലയിൽ നിന്നുള്ള മാറ്റം ആകാം. സ്കൂൾ കാലഘട്ടത്തിൽ ഇങ്ങിനെ സംഭവിക്കാറില്ല.”

ഞാൻ പറയുന്നത് നിർത്തി. മാഢം ബുക്കിൽ വീണ്ടും കുത്തിക്കുറിച്ചു.

“ബാംഗ്ലൂരിൽ വന്നശേഷം എങ്ങിനെ?” മാഢം ചോദിച്ചു.

“ഞാൻ ജോലി അന്വേഷിച്ചാണ് ഇവിടെ വന്നത്. ശ്രവണന്യൂനത മൂലം ജോലികിട്ടാൻ വളരെ ബുദ്ധിമുട്ട് തോന്നി. വല്ലാത്ത വിവേചനമാണ് നേരിട്ടത്.”

മാഢം അതിശയിച്ചു. “ഞാൻ അങ്ങിനെയല്ലല്ലോ കേട്ടിരിക്കുന്നത്. തുല്യഅവസരം എല്ലാ കമ്പനികളും നൽകാറില്ലേ?”

ഞാൻ ശക്തിയായി നിഷേധിച്ചു.

“എന്റെ അനുഭവം മറിച്ചാണ് മാഢം. ഐടി കമ്പനികൾ പറയുന്ന ഈക്വൽ ഓപ്പർച്ചുനിറ്റി പൊതുവെ കൈകാലുകൾക്കു വൈകല്യം ഉള്ളവർക്കും ശ്രവണ സഹായിയുടെ സഹായത്താൽ കേൾക്കുന്നവർക്കും മാത്രമാണ്. അത്തരക്കാരെ സെലക്ട് ചെയ്തുകൊണ്ടു തങ്ങൾ ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കൾ ആണെന്നു പറയുന്നതിൽ ഒട്ടും ലോജിക് ഇല്ല. കാരണം ഇത്തരക്കാരെ ബാംഗ്ലൂർ സിറ്റിയിൽ, മാത്രമല്ല ഏതു നഗരത്തിലും, ഒട്ടുമിക്ക കമ്പനിയും അവരുടെ ന്യൂനത പ്രശ്നമാക്കാതെ ജോലിക്കു തിരഞ്ഞെടുക്കും. ഇവരെ തിരഞ്ഞെടുക്കാൻ ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കൾ എന്ന ലേബൽ ആവശ്യമില്ല. സെലക്ഷൻ കിട്ടാക്കനിയാകുന്നത് കാഴ്ച, കേൾവി, സംസാര പ്രശ്നമുള്ളവർക്കാണ്. ഇത്തരക്കാർക്കു തന്നെയാണ് ഇന്റർവ്യൂ പ്രക്രിയയിൽ പ്രത്യേക പരിഗണന കൊടുക്കേണ്ടത്. അതും വിദ്യാഭ്യാസ, പ്രവൃത്തിപരിചയ യോഗ്യതയുടെ കാര്യത്തിലല്ല, മറിച്ചു യോഗ്യത അളക്കുന്ന രീതിയിൽ. നല്ല വിദ്യാഭ്യാസവും ആവശ്യത്തിനു പ്രവൃത്തി പരിചയവുമുള്ള, ശ്രവണസഹായി ഫലപ്രദമല്ലാത്ത, ഒരുവനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ചിലപ്പോൾ അദ്ദേഹം ചില ചോദ്യങ്ങൾ കേട്ടുവെന്നു വരില്ല. അപ്പോൾ ഇന്റർവ്യൂവർ ചോദ്യം ആവർത്തിക്കേണ്ടി വരും. ഇങ്ങിനെ ചോദ്യം ആവർത്തിക്കുന്നത് യോഗ്യത അളക്കുന്നതിലെ പ്രത്യേക പരിഗണനയാണ്. അല്ലാതെ വിദ്യാഭ്യാസ യോഗ്യതയിലെ പരിഗണന അല്ല. കമ്പനികൾ ടോട്ടൽ വ്യൂ, യോഗ്യതയും അതിന്റെ അസ‌സ്മെന്റും, ആണ് എഫക്ടീവ് യോഗ്യതയായി പരിഗണിക്കുകയെന്നു തോന്നുന്നു. അങ്ങിനെയാണെങ്കിൽ ഈക്വൽ ഓപ്പർച്ചുനിറ്റി എന്ന ആശയത്തെ തന്നെ വികലമാക്കു കയാണ് അത്തരക്കാർ…”

“കേൾവി–സംസാര വൈകല്യമുള്ളവരെ, അവർ എത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവരായാലും ബിപിഒ, ഡാറ്റഎൻട്രി ജോലികളിൽ കൊണ്ടു തള്ളുകയാണ് പതിവ്. വിദ്യാഭ്യാസം കുറവാണെങ്കിൽ ബിപിഒ ജോലികൾ ചെയുന്നതിൽ കുഴപ്പമില്ല. നല്ല വിദ്യാഭ്യാസം ഉണ്ടാകുമ്പോഴാണ് പ്രശ്നങ്ങൾ സംഭവിക്കുന്നത്. എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ എനിക്കു ടെക്നിക്കൽ വിദ്യാഭ്യാസവും ആ മേഖലയിൽ, കഷ്ടപ്പെട്ടു നേടിയ, പ്രവൃത്തിപരിചയവും ഉണ്ട്. ഡാറ്റാ എൻട്രി ജോലികൾ ചെയ്യാൻ താല്പര്യമില്ല. കൂടുതൽ നല്ലജോലി ഞാൻ അർഹിക്കുന്നുവെന്നു എനിക്കു ഉറപ്പാണ്. ഇതു പറയാൻ കാരണം ഒരിക്കൽ ടെക്നിക്കൽ ഇന്റർവ്യൂ പാസായിട്ടും, ആ മേഖലയിൽ ജോലി തരാത്ത കമ്പനി, അവിടെത്തന്നെ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പേര് ഈക്വൽ ഓപ്പർച്ചുനിറ്റി എന്നല്ല, വിവേചനം എന്നു തന്നെയാണ്.”

“സോറി സുനിൽ. എനിക്കു ഇക്കാര്യത്തിൽ ആഴത്തിൽ അറിവില്ല. ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ചിലർക്കു ഐടി കമ്പനികളിൽ ജോലി കിട്ടിയിട്ടുണ്ടെന്നു മാത്രം അറിയാം.”

“അതു ശരിയായിരിക്കും. ജോലി കിട്ടിയവരിൽ ഏറിയ പങ്കും ബിപിഒ മേഖലയിലും ആയിരിക്കും. കുറച്ചു പേരെ ടെക്നിക്കൽ ഏരിയയിലും കണ്ടേക്കാം. നമുക്കു പ്രോജക്ട് മാനേജർ ലെവലിൽ പിടിപാട് ഉണ്ടെങ്കിൽ ടെക്നിക്കൽ ഏരിയയിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. ഒരിക്കൽ ഒരു സുഹൃത്തു വഴി എനിക്കും അങ്ങിനെ ജോലി ലഭിക്കേണ്ടതായിരുന്നു. നിർഭാഗ്യത്താൽ നടന്നില്ല.”

മാഢം ചോദിച്ചു. “ഇന്റർനാഷണൽ പ്രോജക്ടുകൾ ഏറ്റെടുത്തു നടത്തുന്നതു കൊണ്ടാകില്ലേ ഇങ്ങിനെ വിവേചിക്കേണ്ടി വരുന്നത്?”

“വിദേശ ക്ലയന്റുകൾ ഇന്ത്യൻ കമ്പനികളെയാണോ, അതോ ഇന്ത്യൻ കമ്പനിയിലെ പ്രോജക്ട് ടീം അംഗങ്ങളെയാണോ വിശ്വസിക്കുന്നതെന്ന ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. ആദ്യത്തെ മറുപടി സ്വാഗതാർഹമാണ്. കാരണം കമ്പനിയിലെ ഏതു എക്സിക്യുട്ടീവിനേയും, വികലാംഗർ ഉൾപ്പെടെ, അപ്പോൾ ക്ലയന്റിനു വിശ്വസിക്കാം. രണ്ടാമത്തെ മറുപടി കളക്‌ടീവ് എഫർട്ടിനെ കൊഞ്ഞനം കുത്തുന്നതാണ്. വളരെ ഗഹനമോ ലളിതമോ ആയ ചിന്തയിൽപോലും, 8-10 അംഗങ്ങളുള്ള പ്രോജക്ട് ടീമിൽ ടെക്നിക്കൽ റൗണ്ട് പാസായ ഒരു വികലാംഗൻ അംഗമായാൽ, വർക്ക്ഫ്ലോ തകരാൻ പോകുന്നില്ല എന്ന നിഗമനത്തിൽ എത്താവുന്നതാണ്. ഇനിയിപ്പോൾ പ്രധാനപ്പെട്ട റോൾ കൊടുക്കുന്നില്ലെങ്കിൽ തന്നെയും സപ്പോർട്ടിങ്ങ് റോളുകൾ നൽകാവുന്നതേയുള്ളൂ. നല്ല വർക്ക് ഫോഴ്സുള്ള കമ്പനികൾക്കു തീർച്ചയായും അതിനു സാധിക്കും. ഏറ്റവും പ്രധാനമായി കമ്പനികൾക്കു വേണ്ടത് വികലാംഗരിലെ കഴിവിനെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന അറിവാണ്. ചിലർ ഇക്കാര്യത്തിൽ വട്ടപ്പൂജ്യമാണ്. കഴിവിനെ ഉപയോഗപ്പെടുത്താൻ അറിയാവുന്നവരാകട്ടെ ഉദ്യോഗാർത്ഥി നന്നായി പണിയെടുക്കുമോ എന്ന പേടിയാൽ ഒഴിവാക്കി എന്നു എക്‌സ്‌ക്യൂസും പറയുന്നു.”

മാഢം വിഷയം മാറ്റി.

“സുനിലിനു റേഡിയോ പാട്ടുകൾ കേൾക്കാൻ കഴിയുമോ. വെറുതെ ശബ്ദം കേൾക്കുക എന്നല്ല ഉദ്ദേശിച്ചത്. വരികളിലെ വാക്കുകളെല്ലാം വ്യക്തമായി കേട്ടു മനസ്സിലാക്കാനാകുമോ എന്നാണ്”

ഞാൻ അനുകൂലിച്ചു. “വരികൾ ഹൃദിസ്ഥമായ പാട്ടാണെങ്കിൽ എല്ലാ വരികളും, വാക്കുകൾ ഉൾപ്പെടെ, കേട്ടു ആസ്വദിക്കാൻ പറ്റും. പുതിയ പാട്ടാണെങ്കിൽ വാക്കുകൾ കേൾക്കാം, പക്ഷെ വേർതിരിഞ്ഞു മനസ്സിലാകില്ല. ഓർക്കസ്ട്രാ സാധാരണപോലെ ആസ്വദിക്കാം. പക്ഷേ ആരെങ്കിലും ഈ പുതിയ പാട്ടിലെ വരികൾ എനിക്കു എഴുതിത്തന്നു എന്നിരിക്കട്ടെ. ഞാനതു വായിക്കുകയോ ഹൃദിസ്ഥമാക്കുകയോ ചെയ്താൽ പുതിയപാട്ടും, വരികൾ ഉൾപ്പെടെ, പൂർണമായും കേട്ടു മനസ്സിലാക്കാൻ സാധിക്കും. വരികൾ ഹൃദിസ്ഥമായ പാട്ട്, അല്ലെങ്കിൽ വരികൾ എഴുതിക്കിട്ടിയ പുതിയ പാട്ട്, ഓരോ വരിയുടേയും ലിപ് മൂവ്‌മെന്റ് സീക്വൻസ് എനിക്കു നൽകുകയാണ് ചെയ്യുന്നത്.”

മാഢം ബുക്കിൽ കുത്തിക്കുറിച്ചു.

“സ്ത്രീ-പുരുഷന്മാരുടെ സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഒരു പോലെയാണോ?”

“അല്ല. മലയാളം സംസാരിക്കുന്ന സ്ത്രീകളുടെ ശബ്ദം മനസ്സിലാക്കാൻ കാര്യമായ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ഇംഗ്ലീഷ് പക്ഷേ സ്ത്രീപുരുഷ ഭേദമന്യെ പ്രശ്നമുണ്ടാക്കും.”

“കാലാവസ്ഥ വ്യതിയാനത്തിനു അനുസരിച്ചു കേൾവിപ്രശ്നം കൂടാറുണ്ടോ?”

“ഇല്ല.”

“നീർക്കെട്ട് പോലുള്ള അസുഖങ്ങൾ വരുമ്പോൾ?”

“ഇല്ല. കേൾവി ശക്തി സ്റ്റേബിൾ ആണ്.”

“സുനിലിനു, ഇവിടെ ഓഡിയോഗ്രാമും ചില അഡ്വാൻസ്‌ഡ് ചെക്കപ്പുകളും, തെറാപ്പിയും ഉണ്ട്. സുനിൽ ഇതുവരെ നടത്തിയ ടെസ്റ്റുകളൂടെ റിസൾട്ട് എന്താണ്?”

“പണ്ട് സിടി സ്കാൻ ചെയ്തിരുന്നു. ഡോക്ടർ പറഞ്ഞത് ബാഹ്യ–മധ്യ–ആന്തര കർണ്ണങ്ങൾക്കു കുഴപ്പമില്ല എന്നാണ്. ശ്രവണവ്യൂഹത്തിൽ നിന്നു തലച്ചോറിലുള്ള ശ്രവണകേന്ദ്രത്തിലേക്കു ശബ്ദതരംഗങ്ങൾ വഹിക്കുന്ന ഞെരമ്പിന്റെ തകരാർ ആണത്രെ കാരണം. ഓപ്പറേഷൻ സാധ്യമല്ല.”

മാഢം സംഭാഷണം മതിയാക്കി. ഫയൽ മടക്കി എഴുന്നേറ്റു.

ഇതായിരുന്നു സ്പീച്ച്തെറാപ്പിസ്റ്റ് മേഘയുമായി നടന്ന ആദ്യത്തെ കൂടിക്കാഴ്ച. പിറ്റേന്നു ഞാൻ മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ചു. അവ പഠിച്ചശേഷം എനിക്കുള്ള ചികിൽസ നിശ്ചയിച്ചു. ആറുമാസം സ്പീച്ച്‌ തെറാപ്പി ചെയ്യണം. ഞാൻ സമ്മതം മൂളി. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം ആരംഭിച്ചു.

തെറാപ്പി തുടങ്ങിയ ശേഷമുള്ള ദിവസങ്ങൾ പഴയതു പോലെയായിരുന്നില്ല. വെറുതെ ഇരിക്കുമ്പോഴും എഴുതുമ്പോഴും വായിക്കുമ്പോഴും എന്തോ മ്ലാനത എന്നെ മൂടിപ്പൊതിഞ്ഞു. കുടഞ്ഞെറിയാൻ ആവതു ശ്രമിച്ചു. കഴിഞ്ഞില്ല. ക്രമേണ ഞാൻ മനസ്സിലാക്കി. ഓരോ സ്പീച്ച് തെറാപ്പി സെഷനും ഞാനൊരു വികലാംഗനാണ് എന്ന ചിന്ത എന്നിൽ ഊട്ടിയുറപ്പിക്കുകയാണ്. വികലാംഗനാണെന്ന ബോധം മനസ്സിലുണ്ടാകുന്നതിൽ കുഴപ്പമില്ല. അതിൽനിന്നു ഒഴിഞ്ഞു നിൽക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുമില്ല. വികലാംഗരിൽ പക്ഷഭേദം ഇല്ലെന്നത് തന്നെ കാരണം. പക്ഷേ വികലാംഗബോധം ന്യൂനതയുള്ളവരുടെ പ്രജ്ഞയിൽ ആഴത്തിൽ വേരുപടർത്തുന്നത് നല്ലതല്ല. മാനസികമായി തകർന്നു പോകാൻ ഇടയുണ്ട്. അതിനെ ചെറുത്തേ മതിയാകൂ. അത്രയും നാൾ എനിക്കു ചെറുക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ തെറാപ്പി തുടങ്ങിയശേഷം അതിൽ മാറ്റമുണ്ടായി.

വികലാംഗത്വ ബോധത്തിന്റെ സ്ഥാപനവൽക്കരണം ഓരോ സ്പീച്ച് തെറാപ്പി സെഷനും എന്നിൽ നിർവഹിച്ചു. പരാജയപ്പെടുമോ എന്ന ഭീതിയിൽ നിൽക്കുന്നവനിൽ നിന്നു പരാജയപ്പെട്ട ഒരുവനിലേക്കുള്ള കൂടുമാറൽ. ആദ്യത്തെ അവസ്ഥ അത്ര വേദനാജനകമല്ല. കാരണം, ആ നിമിഷം വരെ മിഥ്യയെന്നു പറയാവുന്ന, ചിന്തകളിലേക്കും ശരീരഭാഷയിലേക്കും പടർന്നു കയറിയിട്ടില്ലാത്ത ഒരു മാനസികാവസ്ഥയാണത്. പരാജയത്തിലെത്താൻ ഇനിയും ഏറെ മൈലുകൾ താണ്ടാനിരിക്കുന്നു. ഒരുപക്ഷേ അതിനിടയിൽ തിരിച്ചു വരവിനും സാധ്യതകളുണ്ട് ഇങ്ങിനെയായിരുന്നു മനസ്സിലെ പ്രതീതി. തെറാപ്പി സെക്ഷനുകൾ ആ വിശ്വാസം തകർത്തു. എന്റെ മനസ്സിനു ബോധ്യമായി, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി. അതാണ് ഇവിടം, പരാജയം. ഇനി ഇതിനോടു പൊരുത്തപ്പെട്ടു പോവുകയല്ലാതെ വഴികളില്ല. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണം. ആദ്യം ലിപ് റീഡ്, പിന്നെ സംഭാഷണവിഷയം ഏതാണെന്നു അന്വേഷിച്ചു കൊണ്ടു സംസാരിക്കൽ, പിന്നെ അക്ഷരമാല ട്രെയിനിങ്ങ്, പിന്നെ, പിന്നെ., അനന്തം.

ഓരോ സ്പീച്ച് തെറാപ്പി സെഷനും എനിക്കു മാനസികാഘാതം ആയിരുന്നു[1]. അതു മനസ്സിലായത് കുറച്ചു വൈകിയാണ്. അതിൽ പിന്നെ മനസ്സിനെ അകറ്റി നിർത്തി, തെറാപ്പി സെഷനുകളിൽ ഫിസിക്കലി പങ്കെടുക്കാൻ ആരംഭിച്ചു. ഞാൻ ‘ഞാൻ’ ആകുന്നത് ഫിസിക്കൽ ശരീരത്തോടൊപ്പം, എന്നിലെ ആശയങ്ങളും ബോധവും യുക്തിയും ഒത്തുചേരുമ്പോഴാണ്. അപ്പോഴേ പ്രകൃതിയുമായി അർത്ഥപൂർണമായ ആശയവിനിമയം സാധ്യമാകൂ. ബാഹ്യലോകത്തോടു മനസ്സിന്റെ പ്രതികരണം വൈകാരികമായിരിക്കും. അതേസമയം ശരീരം മനസ്സിന്റെ ഇശ്‌ചയ്ക്കു അനുസരിച്ചു യാന്ത്രികമായാണ് പ്രതികരിക്കുക. എന്റെ മനസ്സിൽനിന്നു തെറാപ്പി സെഷനുകൾക്കു പ്രാധാന്യമുണ്ട് എന്ന ബോധം ഞാൻ പരമാവധി ഒഴിവാക്കി. ശരീരത്തെ മാത്രം തെറാപ്പിറൂമിലേക്കു ആനയിച്ചു. അവിടെ ഞാനൊരു പഠനവസ്തുവായി. ശരീരം യാന്ത്രികമായി സംവദിച്ചു. ചുണ്ടുകൾ നിരന്തരം ഉരുവിട്ടു. കാക്ക, പൂച്ച, തത്ത, ക്യാറ്റ്, മാറ്റ്, പാറ്റ്…

Read More ->  അദ്ധ്യായം 7 -- ആരാണ് ഒരു സുഹൃത്ത്?

എന്നെ കുഴപ്പത്തിൽ ചാടിക്കുന്നത് നാവിനെ മറച്ചുകൊണ്ടു, ചുണ്ടുകൾ അടച്ചുകൊണ്ട് ഉച്ചരിക്കുന്ന വാക്കുകളായിരുന്നു. ,, എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ തിരിച്ചറിയുന്നതിൽ ഞാൻ പരാജയമായി. ശബ്ദത്തോടൊപ്പം, ചുണ്ടിന്റേയും നാവിന്റേയും ചലനങ്ങൾ നോക്കി സംസാരം മനസ്സിലാക്കിയെടുത്തതിന്റെ പരിണതി. Bat നെ Mat ആയും Bound നെ Pound ആയും ഞാൻ തെറ്റായി ഉച്ചരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലും, റൂമിലും വച്ച് നന്നായി പരിശീലിച്ചെങ്കിലും പൂർണമായും ഫലം കണ്ടില്ല. അതിൽ നിരാശപ്പെട്ടുമില്ല. കാരണം നാം ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പരിശ്രമിച്ചിട്ടും ഇശ്ചിച്ച ഫലം ലഭിച്ചില്ലെങ്കിൽ, അതു കൈയെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണെന്നു കരുതുക. സാഹചര്യങ്ങൾ മാറുമ്പോൾ, വീണ്ടുമൊരു ശ്രമത്തിനു സ്കോപ്പുണ്ടെന്നു തോന്നിയാൽ വീണ്ടും പരിശ്രമിക്കുക. ജീവിതം ഇത്തരം ശ്രമങ്ങളാൽ സമൃദ്ധമാണ്. ഫലപ്രാപ്തി എപ്പോഴും കഴിവിനെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, പരിമിതിയെ കൂടിയാണ്.

സ്പീച്ച് & ഹിയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുറേ കുട്ടികൾ ഉണ്ടായിരുന്നു. ജന്മനാൽ തന്നെ കേൾവി ശക്തി ഇല്ലാത്തവർ. പലർക്കും കോക്ലിയാർ ഇമ്പ്ലാന്റ് നടത്തിയിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാണെന്നു പറയുക വയ്യ. അടയാളഭാഷയും (Sign Language) മറ്റും പഠിക്കാനാണ് കുട്ടികൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യുട്ടിലെ വിദ്യാർത്ഥികൾ പ്രാക്ടിക്കൽ ക്ലാസിൽ കുട്ടികളെ അടയാളഭാഷ പഠിപ്പിക്കേണ്ടതുണ്ട്. ഭഗീരഥപ്രയത്നം ആവശ്യമുള്ള പണി. ശബ്ദങ്ങൾ എത്താത്ത തലച്ചോറിനെ വരുതിക്കു നിർത്താനും, വഴക്കിയെടുക്കാനും ചില്ലറ പ്രയത്നം പോര. അടയാളഭാഷ പഠനത്തിനിടയിൽ കുട്ടികൾ അവർക്കു തോന്നുമ്പോൾ മുറിയിൽ ഓടും, ചാടും. അങ്ങിനെ കുസൃതികളുടേയും അനുസരണക്കേടിന്റേയും മേളം. തെറാപ്പിസ്റ്റിനു ക്ഷമയുടെ അപാരതീരം കാണാം. ഇവിടെ ആര് ആരെയാണ് പഠിപ്പിക്കുന്നതെന്നു ഞാൻ സംശയിച്ചിട്ടുണ്ട്. കുട്ടികൾ തെറാപ്പിസ്റ്റുകളെ, ജീവിതത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണമായ ക്ഷമ പഠിപ്പിക്കുകയാണോ. അതോ തെറാപ്പിസ്റ്റുകൾ കുട്ടികളെ അടയാളഭാഷ പഠിപ്പിക്കുകയോ. രണ്ടു കൂട്ടരും പരസ്പരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം.

ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളിൽ ചിലർ കളിപ്പാവകളെ അനുസ്മരിപ്പിച്ചു. മറ്റു ചിലർ യന്ത്രങ്ങളെ പോലെ നിർത്താതെ ചലിച്ചു. എല്ലാം ശബ്ദങ്ങൾ എത്താത്ത മസ്തിഷ്കത്തിന്റെ ഋതു–മൃത ഭാവങ്ങൾ. മൂകതയുടെ താഴ്‌വരകൾ തലയിൽ പേറുന്ന അവരുടെ വികാരവിചാരങ്ങൾ എന്തായിരിക്കും. ഒരിക്കൽ ഞാനത് മേഘയോടു ചോദിച്ചു.

“സുനിൽ, അവർ ഉള്ളിൽ എന്തൊക്കെയോ ആവിഷ്കരിക്കുന്നുണ്ട്. അവരുടേതായ ഭാവനകൾ. സ്വപ്നങ്ങളേക്കാൾ വിചിത്രവും വന്യവുമായവ. ചില കുട്ടികൾ ചിലത് പറയാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ഏറെ ശ്രമിച്ചിട്ടും മനസ്സിൽ ഉദ്ദേശിച്ച കാര്യം കൃത്യമായി വിനിമയം ചെയ്യാനാകില്ലെന്നു മനസ്സിലാക്കി അതുവേണ്ട, പിന്നെ പറയാം എന്നു അവർ തന്നെ നിരുൽസാഹപ്പെടുത്തും. വീണ്ടും പറയാൻ പ്രോൽസാഹിപ്പിച്ചാൽ അവർ ഗദ്ഗദത്തോടെ ഒന്നുമില്ല എന്നു കൈ കൊണ്ടു ആംഗ്യം കാണിക്കും. നിസ്സഹായതയുടെ പരകോടിയാണ് അവരിലപ്പോൾ. കാണുമ്പോൾ സങ്കടം വരും.”

മേഘ നിർത്തിയിട്ടു തുടർന്നു.

“കുട്ടികളിൽ പലരും മുഴുവൻ കേൾവിശക്തിയും നശിച്ചവരല്ല. ചിലർക്കു കുറേയൊക്കെ ശബ്ദങ്ങൾ കേൾക്കാം. ഒച്ചയില്ലാത്ത അവരുടെ ലോകത്തേക്കും കുറേ വികലശബ്ദങ്ങൾ എത്തുന്നു. അവർക്കു പുറംലോകം അപൂർണ്ണമായിട്ടെങ്കിലും പ്രാപ്തമാണ്. കൂടുതൽ ആശയങ്ങളും അവരിലാണ്. എന്നാൽ ആ ആശയങ്ങൾ മറ്റുള്ളവരിലേക്കു കൈമാറാനുള്ള വിനിമയശേഷി ഇല്ലാതിരിക്കൽ. അതാണു പ്രശ്നം. ആ അവസ്ഥ ഭീകരമാണ്, സ്പീച്ച്‌ തെറാപ്പി വഴി കുറേയൊക്കെ വഴക്കിയെടുക്കാമെങ്കിലും. ഭാഗികമായി കേൾവിശക്തി ഉള്ളവരാണ്, മുഴുവൻ കേൾവിയില്ലാത്തവരേക്കാളും ഭാവിയിൽ ദുഃഖിക്കുക. കാരണം അവർക്കറിയാം, എന്താണ് ഈ ലോകത്തിൽ അവർക്കു നഷ്ടപ്പെടുന്നതെന്ന്. അപ്പോൾ തോന്നും ഒട്ടും കേൾക്കാതിരിക്കുന്നതാണ് നല്ലതെന്ന്.”

തെറാപ്പി സെഷനുകൾക്കിടയിൽ കിട്ടിയ അപൂർവ്വം സന്ദർഭങ്ങളിൽ ഞാൻ കുട്ടികളുമായി ‘സംസാരിച്ചു’. ചിലർ എന്നെ തുറിച്ചു നോക്കി മിണ്ടാതിരിക്കും. ചിലർ മൃദുവായി ചിരിച്ചു നാണിച്ചു നിൽക്കും. ഇനിയുമുള്ള മറ്റൊരു കൂട്ടർ അപ്രതീക്ഷിതമായി ഓടിയെത്തി എന്റെ ശരീരത്തിൽ അടിച്ച് നിർത്താതെ ഓടും. ജന്മനാൽ തന്നെ ശ്രവണന്യൂനത വന്നിരുന്നെങ്കിൽ ഞാനും അവരിൽ ഒരാളാകുമായിരുന്നു എന്ന് ഓർത്തപ്പോഴൊക്കെ ഞാൻ നടുങ്ങിയിട്ടുണ്ട്. നമ്മുടെ ജീവിതം പലവിധ അനുഗ്രഹങ്ങളാൽ സമൃദ്ധമാണ്. പലരും അതിനെ പറ്റി ബോധവാന്മാരല്ലെന്നു മാത്രം.

ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. മാനസികമായി തകരാതിരിക്കാൻ ഞാൻ പറ്റാവുന്നത്ര തെറാപ്പിയിൽ നിന്നു അകന്നു. പലപ്പോഴും മേഘയുടെ കൂടെ വേറേയും തെറാപ്പിസ്റ്റുകൾ വന്നു. മെർലിൻ, ശോഭിൻ ജെയിംസ്, ലിന്റ., അവർ പതിവ് തെറാപ്പി സെഷനുകൾ ആവർത്തിച്ചു. ലിപ്റീഡ്, അക്ഷരമാല ലിപ്റീഡ് ഇല്ലാതെ പഠിക്കൽ, വിഷയം അറിഞ്ഞു സംഭാഷണത്തിൽ ഏർപ്പെടൽ., അങ്ങിനെയങ്ങിനെ. എനിക്കു മുന്നിൽ, ലക്ഷ്യമില്ലായ്മയുടെ ഇരുട്ടിനു കൂടുതൽ കനംവച്ചു. ഒരു മിന്നാമിനുങ്ങിനെപോലും എവിടേയും കണ്ടില്ല. അവർ വന്നിട്ടുണ്ടെങ്കിൽ തന്നെ പ്രകാശം ചൊരിയാതെ കടന്നു പോയി!

തെറാപ്പിക്കു വിധേയനായ നാളുകളിൽ മൗനമായിരുന്നു മുഖമുദ്ര. ഉച്ചയൂണ് കഴിഞ്ഞു ടിൻഫാക്ടറി ബസ്‌ സ്റ്റോപ്പിൽ നിന്നു ഞാൻ ബസ് കയറും. റിംങ്റോഡിലൂടെ ബസ് പായുമ്പോൾ ജനൽ കമ്പിയിൽ മുഖം അമർത്തി ഞാൻ പുറത്തുനോക്കി ഇരിക്കും. മനസ്സിൽ ഫ്ലാഷ് ബാക്കുകളുടെ കുത്തൊഴുക്ക്. സ്കൂൾ ആനിവേഴ്സറിക്കു മറ്റൊരു കുട്ടിയുടെ സമ്മാനം സ്റ്റേജിൽ കയറി വാങ്ങിയത്; രാസ പരീക്ഷണം തെറ്റിയപ്പോൾ കെമിസ്ട്രിലാബിൽ നിന്നു ചീത്തകേട്ടു കോളേജിലെ അരണമരങ്ങൾക്കിടയിലിരുന്നു കരഞ്ഞത്; പോളിടെക്നിക്കിനു അടുത്തുള്ള റെയിൽവേ സ്റ്റേഷനിലെ സിമന്റുബഞ്ചിൽ കനത്ത മനസ്സോടെ നിസ്സംഗനായി ഇരിക്കാറുള്ളത്; തിരുവനന്തപുരം യൂണിവേഴ്സിറ്റി ഗ്രൗണ്ടിന്റെ ഗാലറിയിൽ ഭാവിയെ പറ്റി ആശങ്കാകുലനായി മലർന്നു കിടക്കാറുള്ളത്., അങ്ങിനെ കുറേ ഫ്ലാഷ്ബാക്കുകൾ. അവ ആവശ്യപ്പെടാതെ വിരുന്നു വന്ന് മനസ്സിനെ വിഷാദപൂരിതമാക്കും. സ്പീച്ച് & ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റു കടക്കുമ്പോഴേക്കും ഞാൻ ഞാനല്ലാതായി മാറും. എന്നിൽ തന്നെ അന്തർലീനമായി കിടക്കുന്ന വികലാംഗത്വ ബോധത്തിലേക്കു ഞാൻ നടന്നു കയറും. അവിടെ ഞാൻ മാനസിക സമ്മർദ്ദത്തിന്റെ ആൾരൂപമായി. എല്ലാ വികലാംഗനിലും ചില സമയങ്ങളിൽ നിർമിക്കപ്പെടുന്ന ഒരു പ്രത്യേകവികാരമുണ്ട്. സങ്കടത്തിന്റെ, നഷ്ടബോധത്തിന്റെ, അവഹേളിക്കപ്പെട്ടതിന്റെ ഒക്കെ പരഭാവം. അതിന്റെ അളവ് വളരെ ഭീമമായിരിക്കും. താങ്ങാനാകില്ല. അപൂർവ്വമായി മാത്രം ഉല്പാദിപ്പിക്കപ്പെടുന്ന ഈ വികാരത്തിനു വ്യക്തിയെ ആത്മഹത്യയിലേക്കു വരെ നയിക്കാൻ കെൽപ്പുണ്ട്. തെറാപ്പി സെഷനുകളിൽ ഞാൻ വികലാംഗനല്ല എന്ന ബോധം ഞാൻ സ്വയം ഉള്ളിലുണ്ടാക്കുമെങ്കിലും പൂർണമായും ശാരീരിക ന്യൂനതയുടെ നിഴലിൽ നിന്നു എനിക്കു അകലാനായില്ല. അത് എന്റെ മാത്രം പരാജയമല്ല, ഒരോ വികലാംഗന്റേയും പരാജയമാണ്.

ആറു മാസത്തിനു ശേഷം, കാര്യമായ നേട്ടങ്ങളില്ലാതെ, തെറാപ്പി സെഷനുകൾ ഞാൻ അവസാനിപ്പിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ നഷ്ടബോധം തോന്നിയില്ല. എല്ലാം സംഭവിക്കേണ്ടതു തന്നെ. കാലം പോകുന്നതിനനുസരിച്ചു എന്തെല്ലാം നടക്കുന്നു. ഭാഗഭാക്കാവേണ്ടവയിൽ എല്ലാം പങ്കെടുക്കുക. നമുക്കുള്ള റോളുകൾ ജീവിച്ചു തീർക്കുക. ഫലം പിന്നാലെ വന്നുകൊള്ളും. ഈ ഗീതാവാക്യം ഞാൻ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്.

പതിനാലാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


[1] The reason for this mental distress was in no way related to the quality of the treatment I got from the speech and hearing institute. The therapists there were well-versed and accomplished. The reason that I felt down by these therapies may be this: I was a perfectly normal boy without any hearing problems up to the age of 13. I enjoyed the world around me with all its splendors in full. Even after the on-start of this affliction I cannot say that I was entirely cut off from that – I still enjoyed and communicated with the external world, though not in full… Then I had to undergo this speech therapy. It was a typical treatment for people having severe hearing issues. The feelings aroused in people having moderate hearing loss, like me, who once used to that world of sounds, when compelled by situation to undergo a therapy, is beyond anyone’s conception. One having hearing loss by birth or from early childhood itself may not get that much mentally distressed by the fact that he had to undergo the speech therapy – because he never had the full experience of communicating with the external world through his auditory sense organ. But I was not such a boy. I had normal hearing capacity up to my 13th year and I communicated with the external world as any other boy of that age would do. So when I faced certain speech therapy techniques at the institute, which I had to learn, I almost collapsed thinking that I was going to be totally cut off from the external world. This was what made me mentally down. The speech therapy training I got there was indeed very good and well planned.

Featured Image source: – https://goo.gl/QQTkzR

One Reply to “അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്”

  1. സുനിൽ,
    സ്ഥിരമായി മെയിൽ കിട്ടാറുണ്ട്. എല്ലാം വായിച്ചു എന്ന് അവകാശപ്പെടുന്നില്ല. സമയം പോലെ ചിലതൊക്കെ വായിക്കാറുണ്ട്. Touching!! All the bests.
    Satheesan

അഭിപ്രായം എഴുതുക