സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
(ഒന്നാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
ചില ഓർമകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്നവ. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാൻ ശ്രമിച്ചാൽ വേദന കൂടും. എന്നിൽ അത്തരം ഓർമകൾ ഒന്നും രണ്ടുമല്ല, മറിച്ച് നിരവധിയാണ്. എല്ലാം ഓർമയിൽ നിലനിൽക്കുന്നുമുണ്ട്. പക്ഷേ ആദ്യത്തേതിനു മറ്റുള്ളവയേക്കാൾ മിഴിവുണ്ട്. ഞാൻ ആ സംഭവത്തെ ‘ആനിവേഴ്‌സറി എപ്പിസഡ്’ എന്നാണ് വിളിക്കുക. കാരണം പ്രസ്തുത സംഭവം സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു ഇടയിലാണ് അരങ്ങേറിയത്.
അന്നുവരെ ശ്രവണന്യൂനതയുണ്ടെന്നു ഉള്ളിൽ ബോധ്യമുണ്ടായിട്ടും, പുറമേക്കു ഞാൻ അത് സമ്മതിച്ചിരുന്നില്ല. വിധിയാൽ തോൽപ്പിക്കപ്പെടുന്നവരെ ബാധിക്കാറുള്ള സ്വതസിദ്ധമായ പിടിവാശി തന്നെ കാരണം! പക്ഷേ ആനിവേഴ്സറി എപ്പിസഡ് ആ പിടിവാശിയെ എന്നിൽ നിന്നു പിഴുതെറിഞ്ഞു. ഞാൻ ശ്രവണന്യൂനതയുള്ള ഒരുവനാണെന്നു സ്വയം തുറന്നു അംഗീകരിച്ചു. ഇതാ ആ ഏട്….
പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം. ജൂൺ മാസത്തിലെ മഴയുള്ള പ്രഭാതം. ചെറുവാളൂർ ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികളോടു ക്ലാസ്ടീച്ചർ കർശനമായി പറഞ്ഞു.
“എല്ലാവരും അച്ചടക്കത്തോടെ, വരിയായി എട്ടാം ക്ലാസ്സിലേക്കു പോയ്ക്കോളൂ.”
മഴ റോഡിൽ അടയാളങ്ങൾ പതിപ്പിച്ചിരുന്നു. അവിടവിടെ തളം കെട്ടിയ ചെളിവെള്ളം. ടില്ലറിൽ നിന്നു ഊറിവീണ ഡീസൽ ചെളിവെള്ളത്തിനു സപ്‌തവർണ്ണങ്ങൾ നൽകി. കാൽ കൊണ്ടു വെള്ളത്തിൽ പടക്കം പൊട്ടിച്ച്, സപ്‌തവർണ്ണങ്ങളെ അടിച്ചു പറത്തിയാണ് എന്റെ വരവ്. അതിനിടയിൽ ബെല്ലടിച്ചു ക്ലാസ് തുടങ്ങി കഴിഞ്ഞിരുന്നു. തൂണിനു പിന്നിൽ പതുങ്ങി, ക്ലാസ്സിലിരിക്കുന്ന ഒരുവനോടു ഞാൻ ആംഗ്യത്തിൽ ചോദിച്ചു.
“ഏത് ടീച്ചറാ?”
അപരൻ തമ്പ്സ് ഡൗൺ അടയാളം കാണിച്ചു. അനിതടീച്ചർ! ഞാൻ ഒന്നു മടിച്ചശേഷം രണ്ടും കല്പിച്ചു മുന്നോട്ടു ചെന്നു. ടീച്ചർ എന്നെ രൂക്ഷമായി നോക്കി ചോദിച്ചു.
“എവിടേക്കാ?”
ഞാൻ ഇടതുകയ്യിന്റെ തള്ളവിരൽ ആകുന്നത്ര പിന്നോട്ടു വളച്ച് പുറംചൊറിഞ്ഞു. തല താഴ്ത്തി ടീച്ചറോടു പറഞ്ഞു.
“മഴയായിരുന്നു…”
ആദ്യത്തെ ദിവസമല്ലേ. ടീച്ചർ വഴക്കൊന്നും പറഞ്ഞില്ല. ഞാനാണെങ്കിൽ വലിയ ആവേശത്തിലായിരുന്നു. രണ്ടു മാസത്തിനു ശേഷം കൂട്ടുകാരെയെല്ലാം കാണുകയാണ്. സന്തോഷം തോന്നാതിരിക്കുമോ.
ഷർട്ട് കുടഞ്ഞു വെള്ളം തെറിപ്പിച്ച്, ഞാൻ പിൻനിരയിലെ ബെഞ്ചിൽ പോയിരുന്നു. പുസ്തകങ്ങൾ കള്ളിഡെസ്‌കിൽ നിക്ഷേപിച്ചു. അപ്പോഴാണ്, ക്ലാസിലുള്ള പലരും എന്നെ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണെന്നു ഞാൻ മനസ്സിലാക്കിയത്. മോഷണം തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളനെപ്പോലെ എന്റെ മുഖം വിളറി. തല ഉയർത്താതെ ഞാൻ അടുത്തിരുന്ന വിനോയിയോടു കാര്യം അന്വേഷിച്ചു. വിനോയി പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കു നോക്കി ആവേശത്തോടെയും, ഇത്തിരി നാണത്തോടെയും പറഞ്ഞു.
“എടാ അവര് നിന്നെ നോക്കണ്.”
പൊതുവെ പെൺകുട്ടികളെ അഭിമുഖീകരിക്കാൻ മടിയുള്ള ഞാൻ ഞെട്ടി. “ആരാടാ കവിതയാണോ?”
കഴിഞ്ഞ കൊല്ലം ക്ലാസ്സിലെ ചില അലമ്പന്മാർ എന്നേയും കവിതയേയും ചേർത്തു ‘കുണ്ടാമണ്ടി’ പറഞ്ഞതിൽ പിന്നെ കവിതക്കെന്നോടു ലൈനാണോയെന്ന് എനിക്കു സംശയം ഉണ്ടായിരുന്നു. കവിത കാണാൻ സുന്ദരിയാണെങ്കിലും ഞാൻ താൽപര്യമെടുത്തില്ല. വിനോയിയുടെ മറുപടിക്കു കാക്കുമ്പോൾ മുൻബെഞ്ചിലിരുന്ന കണ്ണൻ പിന്നോട്ടു തിരിഞ്ഞ് എന്നോടു പതിവില്ലാത്ത ലോഹ്യം കാണിച്ചു. ഒരു ഘട്ടത്തിൽ ‘സുന്യേയ്‌യ്’ എന്ന പഞ്ചാരവിളിയോടെ എന്റെ ചുമലിൽ ഇടിക്കുകയും ചെയ്തു. അപ്പോൾ കാര്യം ഗൗരവതരമാണെന്നു ഞാൻ ഉറപ്പിച്ചു. കാരണം കണ്ണനും ഞാനും ക്ലാസിൽ എന്നും എതിരാളികളാണ്. സമയം കിട്ടുമ്പോഴൊക്കെ തല്ലാണ്. അങ്ങിനെയുള്ളവനാണ് ലോഹ്യം കാണിച്ചത്. അതും പെൺകുട്ടികൾ എന്നെ നോക്കിയിരിക്കെ!
വിനോയ് പറഞ്ഞു. “കവിതയല്ല… എട്ടാം ക്ലാസിൽ ചേരാൻ കുറച്ചു പുതിയ പെൺകുട്ടികൾ വന്നിട്ടുണ്ട്. അതിൽ ചിലരാണ് നിന്നെ ഇടയ്ക്കിടെ നോക്കുന്നത്.”
വിനോയ് എന്നെ ഇക്കിളിയിട്ട് പ്രോൽസാഹിപ്പിച്ചു. “നീയും ഒന്നു നോക്ക്. അവര് കാണാൻ കൊള്ളാമെടാ.”
ഞാൻ നോക്കിയില്ല. വിനോയിയോടു ചോദിച്ചു. “അതെന്താ എന്നെ മാത്രം നോക്കാൻ?”
വിനോയി വിശദമാക്കി. സംഗ്രഹം ഇങ്ങിനെയാണ്. മറ്റു ക്ലാസുകളിൽനിന്നു വ്യത്യസ്തമായി ഞാൻ പഠിക്കുന്ന ക്ലാസ്സിൽ പഠനത്തിന്റെയും റാങ്കുകളുടേയും കുത്തക കാലാകാലങ്ങളായി ആൺകുട്ടികൾക്കാണ്. പെൺകുട്ടികൾ പച്ചതൊടാറില്ല. ഇങ്ങിനെ റാങ്കുകളെല്ലാം ആൺകുട്ടികൾ നേടുന്നതിൽ ചില പെൺകുട്ടികൾക്കു പരിഭവമുണ്ട്. അവരത് പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും. പുതുതായി ചേർന്നിട്ടുള്ള വിദ്യാർത്ഥിനികളിൽ രണ്ടുപേർ പഠനത്തിൽ വളരെ സമർത്ഥരാണത്രെ. ഞാൻ ക്ലാസ്സിൽ എത്തിയപാടെ, ക്ലാസിലെ രണ്ടാം റാങ്കുകാരനെ പെൺകുട്ടികൾ ചൂണ്ടിക്കാണിച്ചു കൊടുത്തു. അതാണ് പുതുതായി വന്ന, പഠനത്തിൽ സമർത്ഥയായ അവർ എന്നെ കൂർപ്പിച്ചു നോക്കാൻ കാരണം. പെൺകുട്ടികൾ എന്നെ നോക്കുന്നതു കണ്ടു മറ്റുള്ളവരും അതേറ്റു പിടിച്ചു. ഞാൻ തിരിച്ച് അവരേയും നോക്കുന്നുണ്ടോ എന്നറിയാൻ!
അനിത ടീച്ചർ കുട്ടികളോടു പറഞ്ഞു. “എല്ലാവരും എഴുന്നേറ്റു വരിയായി നിൽക്കൂ.”
ക്ലാസിൽ വിദ്യാർത്ഥികളെ ഇരുത്തുന്നത് പൊക്കത്തിനു ആനുപാതികമായണ്. പൊക്കം അളക്കാനാണ് എല്ലാവരേയും വരിയായി നിർത്തുന്നത്. സാമാന്യം പൊക്കമുള്ള എനിക്കു ആ പെൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിനു അടുത്തിരിക്കാൻ മോഹം ഉദിച്ചു! ടീച്ചർ പൊക്കത്തിനു അനുസരിച്ച് എല്ലാവരേയും നിർത്തി. ശരാശരി പൊക്കമുള്ള കുറച്ചുപേർ ഉണ്ടായിരുന്നു. അവരെ തരം തിരിക്കുക എളുപ്പമല്ല. ആർക്കു വേണമെങ്കിലും ആരുടേയും പകരക്കാരനാകാം. ഞാൻ തികഞ്ഞ കണക്കുകൂട്ടലുകളോടെ വരിയിൽ എന്റെ സ്ഥാനം രണ്ടു തവണ മാറ്റി. പെൺകുട്ടികൾക്കു അടുത്തിരിക്കുകയെന്ന ലക്ഷ്യം അങ്ങിനെ സാധിച്ചെടുത്തു. ഇരിപ്പ് പിൻവരിയിൽ ആയിപ്പോയെങ്കിലും കാര്യമാക്കിയില്ല.
പക്ഷേ എന്നത്തേയും പോലെ പ്രശ്നങ്ങൾ വരുന്നതു ഏതു വഴിക്കാണെന്നു മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല. എന്റെ കേൾവിശക്തി അക്കാലത്തു പതറിത്തുടങ്ങിയിരുന്നു. സ്വാഭാവികമായും ടീച്ചർമാരാണ് അതാദ്യം കണ്ടുപിടിച്ചത്. ഞാൻ പിൻവരിയിൽ ഇരിക്കുന്നതിനെ അനിതടീച്ചർ എതിർത്തു.
“സുനിൽ പിൻബഞ്ചിൽ ഇരിക്കണ്ട. ഇവിടെ മുൻബഞ്ചിൽ വന്നിരിക്കൂ. എന്നാലേ ശരിക്കും കേൾക്കാൻ സാധിക്കൂ.”
പുതിയ കുട്ടികളുടെ മുന്നിൽവച്ച് എന്റെ ശ്രവണന്യൂനതയെ പറ്റി ടീച്ചർ നടത്തിയ തുറന്ന പരാമർശം എന്നെ വേദനിപ്പിച്ചു. ഒന്നും മിണ്ടാതെ, ആരേയും ശ്രദ്ധിക്കാതെ ഞാൻ മുൻബഞ്ചിൽ വന്നിരുന്നു.
ഏതാനും ആഴ്ചകൾ കടന്നു പോയി. പഠിപ്പിക്കുന്ന ടീച്ചറിൽ നിന്നു ദൂരെയാണോ അടുത്താണോ ഇരിക്കുന്നത് എന്നത് എന്റെ കേൾവിശക്തിയിൽ മാറ്റം ഉണ്ടാക്കുന്നില്ലെന്നു മനസ്സിലാക്കിയ അനിതടീച്ചർ, പിന്നീട് മുൻബഞ്ചിൽ ഇരിക്കാൻ എന്നെ നിർബന്ധിച്ചില്ല. ഞാൻ സന്തോഷത്തോടെ പെൺകുട്ടിയ്ക്കു അടുത്തുള്ള പിൻബഞ്ചിലേക്കു ഇരിപ്പിടം മാറ്റി.
പിന്നീടുള്ള നാളുകൾ സൗഹൃദത്തിന്റേതായിരുന്നു. കടുത്ത മത്സരത്തിന്റേതും. ഞങ്ങളോടു എതിരിടാൻ വന്നിരിക്കുന്ന പെൺകൊടികൾ പഠനത്തിൽ അതിസമർത്ഥരാണെന്നത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു. ഫസ്റ്റ്ടേം പരീക്ഷയിൽ തന്നെ അവയിലൊരാൾ മികവോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി. സെക്കന്റ് ടേമിൽ ഒന്നാം റാങ്കും. ക്ലാസിലെ പെൺകുട്ടികൾ അത് ശരിക്കും ആഘോഷിച്ചു. ബോയ്സിന്റെ കുത്തക തകർന്നല്ലോ. ആ കൊല്ലം നടക്കുന്ന സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിനു സ്റ്റേജിൽ കയറി സമ്മാനം വാങ്ങാൻ, ഒന്നാംറാങ്ക് വഴി, ആ പെൺകുട്ടി അർഹയായി. ഏഴാംക്ലാസിലെ വാർഷിക പരീക്ഷക്കു ഒന്നാമനാവുക വഴി എനിക്കും അവസരമുണ്ടായിരുന്നു.
സുവർണ ജുബിലി ആഘോഷം അടുത്തതോടെ എന്റെ മനസ്സിൽ ഭയം ചേക്കേറി. മൈക്കിലൂടെ സമ്മാനാർത്ഥിയുടെ പേര് വിളിക്കുന്നതു മനസ്സിലാകില്ല. ശബ്ദം നല്ല ഉച്ചത്തിൽ കേൾക്കാമെങ്കിലും വാക്കുകൾ വേർതിരിഞ്ഞു കിട്ടില്ല. അതിനാൽ പേരു വിളിക്കുമ്പോൾ അറിയിക്കാൻ ഞാൻ രണ്ടുപേരെ ഏർപ്പാടാക്കി. എന്നാൽ സമയമായപ്പോൾ അവരെ കണ്ടില്ല. എന്റെ കാതിനെ വിശ്വസിക്കാൻ ഞാൻ നിർബന്ധിതനായി. മനസ്സിൽ ഒരു പദ്ധതിയും തയ്യാറാക്കി. അനൗൺസ്മെന്റിനു ശേഷം കുറച്ചു നേരം കാത്തുനിൽക്കുക. എന്റെ പേരാണ് വിളിച്ചതെങ്കിൽ ആരും സ്റ്റേജിലേക്കു കയറി വരില്ല. അപ്പോൾ അനൗൺസ്മെന്റ് വീണ്ടും മുഴങ്ങും. അപ്പോൾ സ്റ്റേജിൽ കയറി സമ്മാനം വാങ്ങുക. ഇതായിരുന്നു പ്ലാൻ. അതിനനുസരിച്ച് എല്ലാം നീങ്ങി.
“First Prize ———- 8th Std” എന്നാണ് കേട്ടത്.
ഞാൻ പെൺകുട്ടി സ്റ്റേജിൽ വരുന്നതും കാത്തുനിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ആരും വന്നില്ല. അനൗൺസ്‌മെന്റ് വീണ്ടും മുഴങ്ങി. അതോടെ ഞാൻ ഉറപ്പിച്ചു, ‘വിളിച്ചത് എന്റെ പേരാണ്’. പിന്നെ അധികം കാത്തുനിൽക്കാതെ ഞാൻ സ്റ്റേജിൽ കയറി സമ്മാനം സ്വീകരിച്ചു.
സത്യത്തിൽ ആ പെൺകുട്ടി സ്റ്റേജിലേക്കു കയറി വരാൻ സമയമെടുത്തതായിരുന്നു. സമ്മാനം വാങ്ങി സ്റ്റേജിൽനിന്നു ഇറങ്ങുമ്പോൾ ഞാൻ കണ്ടത് അമ്പരപ്പ് മുറ്റിനിൽക്കുന്ന പെൺകുട്ടിയുടെ മുഖമാണ്. പിഴവ് എനിക്കു മനസ്സിലായി. നൊടിയിടയിൽ എന്റെ കണ്ണുകൾ നിറഞ്ഞു. വളരെ പരവേശം തോന്നി. നടന്നപ്പോൾ ഞാൻ വേച്ചു പോയി. കുറച്ചു സമയത്തിനു ശേഷം സമ്മാനം ടീച്ചേഴ്സിനു കൊണ്ടു കൊടുത്ത്, പറ്റിപ്പോയതൊക്കെ പറഞ്ഞു ക്ഷമ ചോദിച്ചു.
ആനിവേഴ്സറി, യൂത്ത് ഫെസ്റ്റിവൽ പോലുള്ള ആഘോഷങ്ങളിൽ ഒരു കുട്ടിയുടെ സമ്മാനം മറ്റൊരു കുട്ടി അബദ്ധവശാൽ മാറി വാങ്ങുന്നത് അത്ര അപൂർവ്വമല്ലാത്ത കാര്യമാണ്. പല തവണ അങ്ങിനെ സംഭവിച്ചിട്ടുമുണ്ട്. ഏതാനും ദിവസങ്ങൾക്കകം സംഭവത്തിൽ ഉൾപ്പെട്ടവർ അതു മറക്കുകയും ചെയ്യും. പക്ഷേ എന്റെ കാര്യത്തിൽ അങ്ങിനെ ഉണ്ടായില്ല. കാരണം ശ്രവണവൈകല്യം ഇല്ല എന്ന മാനസികാവസ്ഥയിൽ നിന്നു ശ്രവണവൈകല്യമുണ്ട് എന്ന ദയനീയതയിലേക്കു ഞാൻ പതിച്ചത് ആ സംഭവത്തോടെയാണ്. ശ്രവണന്യൂനത വഹിച്ച റോൾ, ആ സംഭവത്തെ ഊരിപ്പോകാത്ത ഒരു ചൂണ്ടക്കൊളുത്തായി എന്നിൽ നിലകൊള്ളിച്ചു. ജീവിതത്തിൽ അന്നുവരെ പുലർത്തിപ്പോന്ന വൈകല്യമില്ല എന്ന എന്റെ പിടിവാശിയെ ആനിവേഴ്സറി എപ്പിസഡ് തകർത്തു തരിപ്പണമാക്കി. ഒപ്പം വിചിത്രമായ ഒരു സ്വത്വപ്രതിസന്ധിയിലേക്കും ഞാൻ തള്ളിവിടപ്പെട്ടു. മറ്റുള്ളവരോടു പെരുമാറേണ്ടത് എങ്ങിനെയെന്ന കാര്യത്തിൽ എനിക്കു വളരെ ആശയക്കുഴപ്പം ഉണ്ടായി.
ആനിവേഴ്സറി സംഭവത്തിനുശേഷം ക്ലാസിലെ ചില പെൺകുട്ടികൾ കുറച്ചുകാലത്തേക്ക് എനിക്കു എതിരായി. അത്ര നാളത്തെ സൗഹൃദങ്ങൾ പൊടുന്നനെ നിലച്ചു. പതിമൂന്നു വയസ്സുകാരനു അതു താങ്ങാവുന്നതിലും ഏറെയായിരുന്നു. ഉറക്കമില്ലാത്ത രാവുകളിൽ ഞാൻ മുറ്റത്തിറങ്ങി കലങ്ങിയ മനസ്സോടെ വെറുതെ നടന്നു. ആനിവേഴ്സറി ആഘോഷത്തിന്റെ അവസാന ദിവസം സ്കൂൾ ഗ്രൗണ്ടിൽ യേശുദാസിന്റെ ഗാനമേള കേൾക്കാൻ നാട് ഒന്നടങ്കം വീടുപൂട്ടി ഇറങ്ങി. ഞാൻ മാത്രം വീട്ടിലെ ഇരുട്ടു മൂലകളിലൊന്നിൽ കുത്തിയിരുന്ന് ആലോചിച്ചു. ഇന്നു ആനിവേഴ്സറി ആഘോഷം കഴിയുകയാണ്. നാളെ ക്ലാസിൽവച്ചു എങ്ങിനെ പെൺകുട്ടിയെ അഭിമുഖീകരിക്കും? എന്നിലെ മാനസിക സമ്മർദ്ദം പരകോടിയിലായിരുന്നു. ആത്മഹത്യാ മുനമ്പിൽ നിൽക്കുന്നവന്റെ അവസ്ഥ.
തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ പലവിദ്യകൾ പയറ്റി. ക്ലാസ് തുടങ്ങുന്ന സമയത്തു മാത്രം സ്കൂളിൽ എത്തുക, ഇടവേളകളിൽ ക്ലാസിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കുക, ഉച്ചഭക്ഷണം സ്കൂളിലേക്കു കൊണ്ടുവരാതെ വീട്ടിൽപോയി ഉണ്ണുക., അങ്ങിനെ കുറച്ചു ഗതികേടുകൾ. എല്ലാം എരിഞ്ഞടങ്ങാൻ ആഴ്ചകളേറെ എടുത്തു. സംഭവം എല്ലാവരിലും വിസ്മൃതിയിലാണ്ടപ്പോഴും എന്നിൽ മാത്രമത് ഒരു ചൂണ്ടക്കൊളുത്തായി നിലകൊണ്ടു.
കാലം എല്ലാം മറക്കാൻ പഠിപ്പിക്കുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ സൗഹൃദങ്ങളൊക്കെയും പിന്നീടു എനിക്കു തിരിച്ചു കിട്ടി. ആനിവേഴ്സറി എപ്പിസഡ് മനപ്പൂർവ്വമല്ലെന്നു മനസ്സിലായപ്പോൾ എല്ലാവരും, പെൺകുട്ടികൾ ഉൾപ്പെടെ, പഴയപോലെ എന്നോടു തുടർന്നും ഇടപഴകി. പക്ഷേ എന്നെ സംബന്ധിച്ച് സൗഹൃദങ്ങൾ ആസ്വദിക്കാനുള്ള മനസ്ഥിതി കൈമോശം വന്നിരുന്നു. ആനിവേഴ്സറി എപ്പിസഡ് എന്നെ അങ്ങിനെ ആക്കിത്തീർത്തു. നഷ്ടപ്പെട്ടതും ആഗ്രഹിച്ചതുമായവ വളരെ വൈകി തിരിച്ചു കിട്ടുന്നത്, പിന്നീടുള്ള എന്റെ ജീവിതത്തിൽ പതിവായി മാറി. അത്തരം തിരിച്ചു പിടിക്കലിൽ നേട്ടത്തേക്കാളേറെ നിഴലിക്കാറുള്ളത് നഷ്ടങ്ങളാണ് എന്നതും മറക്കുന്നില്ല.
**********
ഭാവിയിൽ എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നത് എന്നതിന്റെ സാമ്പിളായിരുന്നു ‘ആനിവേഴ്സറി എപ്പിസഡ്’. ഒരു ചൂണ്ടു പലക.
കഷ്ടം!
അത് ദിശ തെറ്റാതെ തന്നെ വഴി സൂചിപ്പിച്ചു.
(മൂന്നാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Featured Image Credit:- NSHS Valoor Facebook Group.