സാംഖ്യ ദർശനം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ഭാരതീയ ദർശനങ്ങളിൽ ഏറ്റവും പഴക്കം സാംഖ്യ ദർശനത്തിനാണ്. കപില മുനിയുടെ സാംഖ്യസൂത്രമാണ് അടിസ്ഥാന ഗ്രന്ഥം. എന്നാൽ ഇത് കണ്ടുകിട്ടിയിട്ടില്ല. ഈശ്വരകൃഷ്ണൻ എന്ന ദാർശനികന്റെ സാംഖ്യാകാരികയാണ് വ്യാപകമായി ഉപയോഗിക്കുന്ന സാംഖ്യ ഗ്രന്ഥം. സാംഖ്യ ദർശനം ദൈവത്തിന്റെ ആസ്‌തിത്വം നിരസിക്കുന്നു. എന്നാൽ വേദപ്രാമാണ്യം അംഗീകരിക്കുന്നതിനാൽ ആസ്തിക ദർശനമാണ് സാംഖ്യ.

യാതൊന്നിനേയും ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽപ്പുള്ള പ്രകൃതി, പുരുഷ എന്നീ രണ്ട് യഥാർത്ഥ്യങ്ങളെ സാംഖ്യം മുന്നോട്ടു വയ്ക്കുന്നു. ഇതിൽ പ്രകൃതിക്കു ജഢസ്വഭാവമാണ്. എന്നാൽ പുരുഷ[1] ചൈതന്യമാർന്നതും സംവദനത്തിനു ശക്തവുമാണ്. പ്രപഞ്ചത്തിൽ അനേകം പുരുഷ-കൾ ഉണ്ടെന്നും അവയുടെ മോക്ഷത്തിനായി പ്രകൃതി അനസ്യൂതം പരിണമിക്കുമെന്നും സാംഖ്യ ദർശനം പറയുന്നു. സാംഖ്യ ദാർശനികർ പരിണാമവാദികളാണ്. കാര്യം (Effect) കാരണത്തിൽ (Cause) അന്തർലീനമാണ്. കാരണം പരിണമിച്ചുണ്ടായതാണ് കാര്യം. കാര്യം, നാമത്തിലും രൂപത്തിലും (Name and Form) കാരണത്തിൽ നിന്നു വ്യത്യസ്തമാകാമെങ്കിലും, രണ്ടിന്റേയും സത്ത ഒന്നു തന്നെയെന്നു സാംഖ്യദർശനം പറയുന്നു.

‘പ്രകൃതി’ സാംഖ്യദർശനം പ്രകാരം സത്വ, രജസ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളുടെ ആകെത്തുകയാണ്. മൂന്ന് ഗുണങ്ങളുടെയും ആധാരമല്ല, മറിച്ച് മൂന്നു ഗുണങ്ങളും കൂടിച്ചേർന്നതാണ് പ്രകൃതി. മാനസികവും ഭൗതികവുമായവ ഉൾപ്പെടെ, ലോകത്തിലുള്ള എല്ലാം തന്നെ മൂന്ന് ഗുണങ്ങളാൽ നിർമിതമാണ്. സത്വഗുണം കൂടുതലുള്ളവ മനസ്സായും, തമോഗുണം കൂടുതലുള്ളവ ജഢപ്രകൃതമായ ഭൗതികവസ്തുവായും മാറുന്നു. ‘പ്രകൃതി’യിലെ ഈ മൂന്നു ഗുണങ്ങൾ എപ്പോഴും സംഘർഷത്തിലായിരിക്കും. ഒരു ഗുണത്തിനും മറ്റുള്ളവയേക്കാൾ മുൻതൂക്കമില്ലാത്തപ്പോൾ പ്രകൃതി സന്തുലിതാവസ്ഥ കൈ വരിക്കുന്നു. ഈ സന്തുലിതാവസ്ഥ തകർക്കുന്നത് പുരുഷ ആണ്. പുരുഷ മോക്ഷം കാംക്ഷിക്കുന്നതിനാൽ പ്രകൃതിയെ ‘ബാധിക്കുന്നു[2]’. അപ്പോൾ, പുരുഷയുടെ താല്പര്യാർത്ഥം പ്രകൃതി പരിണാമപ്രക്രിയ ആരംഭിക്കുന്നു.

സാംഖ്യദർശനം പ്രകാരം ലോകത്തിൽ അനേകം പുരുഷ-കൾ ഉണ്ട്. പുരുഷ മൂന്ന് ഗുണങ്ങൾക്കും (സത്വ, രജസ്, തമസ്) അതീതമാണ്. പുരുഷ സ്വതവേ ദൈവികമാണ്. വളരെ സൂക്ഷ്മമായ പുരുഷ-യ്ക്കു വിവേചനക്ഷക്തിയുണ്ട്. പ്രകൃതി മാറ്റങ്ങൾക്കു വിധേയമാണെങ്കിൽ, പുരുഷ മാറ്റങ്ങൾക്കു അതീതമാണ്. പുരുഷ, പ്രകൃതിയെ സമീപിക്കുമ്പോൾ, പ്രകൃതി പരിണാമ പ്രക്രിയ ആരംഭിക്കുകയും മഹത്[3], അഹംകാര[4], ഇന്ദ്രിയങ്ങൾ., തുടങ്ങിയ വിവിധ പരിണാമ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യും. പുരുഷ ആകട്ടെ, അജ്ഞാനം നിമിത്തം, ഈ വിവിധ പരിണതികളുമായി (മഹത്, അഹംകാര.,) തദാമ്യം പ്രാപിക്കുകയും ചെയ്യുന്നു. തത്ഫലമായി മിഥ്യാബോധം, ദുഃഖം., ഇത്യാദികൾ ഉണ്ടാകും.

Read More ->  ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും - 3

സാംഖ്യദർശനം പ്രകാരം, തന്റെ സ്വതവേയുള്ള ദൈവികത്വത്തെ പറ്റി പുരുഷ വിവേചിച്ച് മനസ്സിലാക്കുന്നതാണ് മോക്ഷം. പുരുഷ പ്രകൃതിയുടെ വിവിധ പരിണാമഘട്ടങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ ഇത്തരം വിവേചനം സാധ്യമാകില്ല. അപ്പോൾ പുരുഷ വിവിധ ‘ദുഃഖ’ങ്ങളുടെ തടവിലായിരിക്കും. ഈ ദുഃഖത്തെ ഇല്ലാതാക്കലാണ് മോക്ഷം. മോക്ഷം എന്നത് സന്തോഷമോ സുഖമോ നിറഞ്ഞു നിൽക്കുന്ന അവസ്ഥയല്ല. മറിച്ച് ദുഃഖമില്ലാത്ത അവസ്ഥയാണ്.

മോക്ഷം നേടുന്നതിനു സാംഖ്യദർശനം കർമ്മത്തേക്കാൾ ജ്ഞാനത്തിനു പ്രാധാന്യം കല്പിക്കുന്നു[5]. മോക്ഷത്തിനു ഉതകുന്ന ജ്ഞാനം പുരുഷ-യെ, പ്രകൃതിയിൽ നിന്നു വേറിട്ടുള്ള, അതിന്റെ യഥാർത്ഥ നിലയെപ്പറ്റി ബോധവാനാക്കുന്നു. സ്വന്തം ദൈവികത്വത്തെ കുറിച്ച് പുരുഷ അപ്പോൾ അറിയുകയും, ദുഃഖം വഴിമാറുകയും ചെയ്യുന്നു.

സാംഖ്യദർശനവും, യോഗദർശനവും

സാംഖ്യദർശനവും അദ്വൈത വേദാന്തവും തമ്മിൽ കുറച്ചു വ്യത്യാസങ്ങളേയുള്ളൂ. പ്രകൃതി – പുരുഷ ദ്വൈതത്തെ ഒഴിവാക്കി, അവ രണ്ടും ഒന്നാണെന്ന് സങ്കല്പിച്ചാൽ അദ്വൈതത്തോടു ചേർന്നു നിൽക്കാവുന്നതായി സാംഖ്യ ദർശനം മാറും. ആദ്യകാല ബുദ്ധിസവും സാംഖ്യദർശനവും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. കാര്യ-കാരണ സിദ്ധാന്തം, പ്രകൃതിയുടെ അനസ്യൂത പരിണാമം, ദുഃഖ നിവാരണം., ഇത്യാദി ആശയങ്ങൾ സാംഖ്യദർശനം ബുദ്ധിസത്തിനു മുൻപേ വികസിപ്പിച്ചെടുത്തിരുന്നു.


[1] പുരുഷ-യെ ഏകദേശം ആത്മാവിനു സമമായി കണക്കാക്കാം.

[2] കാന്തം അരികിലെത്തുമ്പോൾ ഇരുമ്പുകണികകൾ ചലിക്കുന്ന പോലെ, പുരുഷ-യുടെ സാമീപ്യത്താൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റുന്നു എന്നു സാരം. മറ്റു ദാർശനിക ധാരകൾ ഏറെ വിമർശിച്ചിട്ടുള്ള സാംഖ്യ വീക്ഷണമാണിത്. ചൈതന്യമുള്ള പുരുഷ എങ്ങിനെ ചൈതന്യമില്ലാത്ത, ജഢസമാനമായ പ്രകൃതിയെ പരിണാമ പ്രക്രിയയിലേക്കു നയിക്കുന്നുവെന്നതിനു കൃത്യമായ മറുപടി സാംഖ്യപക്ഷത്തു നിന്ന് ഇല്ലെന്നു അഭിപ്രായമുണ്ട്. സാംഖ്യ ദർശനത്തിലെ ഏറ്റവും ദുർബലമായ കണ്ണിയായി ഇതിനെ കണക്കാക്കാം.

[3] Cosmic Intellect.

[4] Cosmic Ego.

[5] കർമ്മത്തെ പൂർണമായും സാംഖ്യ ദർശനം ഒഴിവാക്കുന്നില്ല. ഫലം ഇശ്ചിക്കാതെയുള്ള കർമ്മങ്ങൾ മോക്ഷത്തിനായുള്ള ജ്ഞാനസമ്പാദനത്തിനു ഉപയോഗപ്പെടുത്താമെന്നു സാംഖ്യം.


One Reply to “സാംഖ്യ ദർശനം”

അഭിപ്രായം എഴുതുക