ഹിന്ദുമതത്തിന്റെ ആധാരതത്ത്വം – 1: വിജ്ഞാന ത്രയങ്ങൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ഈ ലോകത്തിലുള്ള എല്ലാ കാര്യങ്ങളേയും നമുക്ക് ദ്രവ്യം (Physical / Matter), മനസ്സ് (Mental / Mind) എന്നിങ്ങനെ രണ്ടായി തരം തിരിക്കാമെന്നു ഒരു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇപ്രകാരമല്ലാതെ, വിജ്ഞാനസംബന്ധിയായ വിഭജനവും സാധ്യമാണ് (Epistemological Division). അത് താഴെ നൽകുന്നു.

1. ജ്ഞാനി. അറിയുന്നവൻ (Knower/Subject)
2. ജ്ഞേയം, അറിയപ്പെടുന്നത്. (Known/Object)
3. ജ്ഞാനം അറിവ്. (Knowledge)

ഇതിൽ ആദ്യത്തെ വിഭാഗത്തിൽ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളും പെടുന്നു. മറ്റൊന്നിനെ വിവേചിച്ച് അനുഭവിച്ചറിയുന്നത് ആരാണോ / എന്താണോ അവരെല്ലാം ജ്ഞാനി / Knower ആണ്. മനുഷ്യർ ശരീരബാഹ്യമായ മറ്റു വസ്തുക്കളെ വിവേചിച്ചറിയുന്നുണ്ടല്ലോ. അതിനാൽ നാം ഈ ഗണത്തിൽ പെടുന്നു.

രണ്ടാമത്തെ വിഭാഗത്തിൽ ലോകത്തിലുള്ള എല്ലാ അചേതന, സചേതന വസ്തുക്കളും ഉൾപ്പെടുന്നു. ഇവ ജ്ഞാനികളുടെ പ്രവൃത്തിക്ക് പാത്രമാകുന്നവയാണ്. ഉദാഹരണമായി, ഞാൻ വ്യക്തികളേയോ/വസ്തുക്കളെയോ നോക്കിക്കാണുമ്പോൾ, ഞാൻ ‘ജ്ഞാനി’ എന്ന ആദ്യവിഭാഗത്തിലും, വസ്തുക്കൾ രണ്ടാമത്തെ ‘ജ്ഞേയം’ എന്ന വിഭാഗത്തിലും പെടുന്നു. ഇവിടെ ശ്രദ്ധേയമെന്തെന്നാൽ, എല്ലാ മനുഷ്യരും, ജ്ഞാനികളും (Subject) ജ്ഞേയവും (Object) ആണ്. ഞാൻ മറ്റൊരാളെ നോക്കിക്കാണുമ്പോൾ, ആ വ്യക്തി എന്നെ സംബന്ധിച്ച് ‘ജ്ഞേയം’ ആണ്, (Object). ഞാൻ ജ്ഞാനിയും. ഇനി മറ്റേ വ്യക്തി എന്നെ നോക്കിക്കാണുമ്പോഴോ, അപ്പോൾ, ഞാൻ ജ്ഞേയവും (Object), മറ്റേ വ്യക്തി ‘ജ്ഞാനിയും’ (Subject) ആകും.

മൂന്നാമത്തേയും അവസാനത്തേയും വിഭാഗമാണ് ജ്ഞാനം (അറിവ്), Knowledge. അറിവ് എന്നത് ‘ജ്ഞാനിയും’, ‘ജ്ഞേയവും’ തമ്മിലുള്ള ബന്ധമാണെന്ന് പൊതുവെ പറയാം. അറിയപ്പെടുന്ന വസ്തുവിനെ, അറിയുന്നവനിൽ കുറിക്കുന്നത് എന്താണോ, അതാണ് അറിവ്, ജ്ഞാനം. അറിവിനു ആശയരൂപമാണുള്ളത്. അറിവ് അമൂർത്തമാണ്.

ഇനി ഹിന്ദുമതത്തിന്റെ ആധാരതത്ത്വം എന്ത് എന്ന ചോദ്യത്തിലേക്കു വരാം. മേൽപ്പറഞ്ഞ വിജ്ഞാനസംബന്ധമായ മൂന്നു വിഭാഗങ്ങളും അത്യന്തികമായി ഒന്നാണെന്ന് ഹിന്ദുമതം പറയുന്നു. അതായത്, ജ്ഞാനിയും ജ്ഞേയവും ജ്ഞാനവും അത്യന്തികമായി ഒന്നാണെന്നതാണ് ഹിന്ദുമതത്തിന്റെ ആധാരസിദ്ധാന്തം. ഈ ഐക്യഭാവം അതിഭൗതികമാണ് (Metaphysical). ഭൗതികലോകത്തുള്ള മൂന്ന് വൈജ്ഞാനിക വിഭജനവും അതിഭൗതികമായ ഒരേയൊരു സത്യത്തിന്റെ, പരംപൊരുളിന്റെ വിവിധ പ്രത്യക്ഷപ്പെടലുകൾ ആണത്രെ. (നാലു മഹാവാക്യങ്ങൾ എപ്രകാരം ഈ തത്ത്വത്തെ സൂചിപ്പിക്കുന്നു എന്നറിയാൻ അദ്ധ്യായം XX നോക്കുക)

ഈ മൂന്ന് വിഭാഗങ്ങളും ഒന്നാണെന്ന് നമുക്ക് എങ്ങിനെ മനസ്സിലാക്കാം? അത് മറ്റൊരു അദ്ധ്യായത്തിൽ പറയുന്നു.

Featured Image: Wikipedia.


അഭിപ്രായം എഴുതുക