കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1

വാസുട്ടൻ സന്തോഷത്തിലായിരുന്നു. ബാംഗ്ലൂരിലെ തിരക്കിട്ട ജീവിതത്തിൽ നിന്ന് ഒരാഴ്ച അവധി. നാട്ടിൽ, കുടുംബത്തോടൊത്ത് ഒരാഴ്ച. ഇഡ്ഢലീം ചട്ട്ണീം കൂട്ടി പ്രാതൽ. ചോറും മോരൊഴിച്ചു കൂട്ടാനും മുളക് കൊണ്ടാട്ടവും കൂട്ടി ഉച്ചഭക്ഷണം. വൈകുന്നേരം കൊള്ളിക്കിഴങ്ങ് പുഴുങ്ങിയതും ഉള്ളി-പച്ചമുളക് ചമ്മന്തിയും. രാത്രി കഞ്ഞിയും പയറും. നാട്ടിലെത്തുമ്പോഴൊക്കെ വയറിനു ഉൽസവമാണ്. കൂടാതെ, കൂട്ടുകാരുമൊത്തു മര്യാദാമുക്കിലിരുന്ന് സൊറ പറച്ചിൽ, പരീക്കപ്പാടത്ത് പന്തുകളി, അമ്പലക്കുളത്തിൽ വിസ്‌തരിച്ച് കുളി, തമ്പിയുടെ കൂടെ അമ്പലത്തിന്റെ അരമതിലിൽ ഇരുന്ന് നാട്ടുവർത്തമാനം., അങ്ങിനെ നാട് സന്ദർശനം എല്ലാ തവണയും ജോറായിരിക്കും.

വൈകീട്ട് ബാംഗ്ലൂരിൽനിന്നു ട്രെയിൻ കയറിയാൽ, തൃശൂരിൽ മൂന്നു മണിക്ക് എത്തും. നാലു മണിക്ക് വീട്ടിലും. പതിവുപോലെ കൊരട്ടിയിൽ വന്നിറങ്ങി, മൃഗാശുപത്രിപ്പടി ബസ്‌സ്റ്റോപ്പിലേക്കു ഷെയർ ഓട്ടോ കിട്ടി. അവിടെ നിന്ന് സാവധാനം വീട്ടിലേക്കു നടന്നു. ഇരുട്ടും നിശബ്ദതയുമാണെങ്കിലും വാസുട്ടൻ പതറിയില്ല. ആയ കാലത്ത് ഒത്ത നിരീശ്വരവാദി ആയിരുന്നു. പിന്നീട് അതിൽനിന്നൊക്കെ പിന്തിരിഞ്ഞെങ്കിലും പ്രേതം പോലുള്ള ഉഡായിപ്പുകൾ വാസുട്ടനു പുല്ലായിരുന്നു. പത്തുമിനിറ്റ് നേരത്തെ നടത്തത്തിനു ഒടുവിൽ, മര്യാദാമുക്കിലെത്തി. വാസുട്ടന്റെ ഉള്ളം കുളിർന്നു. എത്രയെത്ര സന്ധ്യകൾ, സൗഹൃദങ്ങൾ. വാസുട്ടൻ അരമിനിറ്റ് മതിലിൽ ചാരി നിന്നു.

പൊടുന്നനെയാണ് അത് സംഭവിച്ചത്. മതിലിനു അപ്പുറത്തു നിന്ന് ഒരാൾ വാസുട്ടന്റെ തല തോർത്തുകൊണ്ട് മൂടി, തല പിന്നിലേക്കു വലിച്ചു പിടിച്ചു. വാസുട്ടനു അനങ്ങാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴേക്കും മതിലിനു അപ്പുറത്തു നിന്ന് നാലഞ്ച് പേർ ചാടിയിറങ്ങി ഇടി തുടങ്ങി. സാമാന്യം നല്ല മേട് കിട്ടി വാസുട്ടൻ അവശനായപ്പോൾ തല്ലുന്നവരിൽ ഒരാൾ പറഞ്ഞു.

“നിർത്ത് നിർത്ത്. ഞാനിവന്റെ ഷർട്ടൂരാം. നല്ല കിണ്ണൻ ഷർട്ട്. മക്കിയതായിരിക്കും. അല്ലാണ്ട് ഇവനെവിടന്നാ ഇത്ര നല്ല ഷർട്ട്.”

വാസുട്ടനു ആ പറഞ്ഞ ആളുടെ ശബ്ദം മനസ്സിലായി. ആത്മസ്നേഹിതനായ തമ്പി. അവനാണ് ഇത്രനേരം തല്ലിയതെന്നോർത്തപ്പോൾ വാസുട്ടനു സങ്കടമായി. വായ അടക്കം വരിഞ്ഞു പിടിച്ചിരിക്കുന്നതിനാൽ മിണ്ടാനും വയ്യ. വാസുട്ടന്റെ ഷർട്ട് വലിച്ചൂരി തമ്പി അത് മൊബൈലിന്റെ വെളിച്ചത്തിൽ പരിശോധിച്ചു.

ആരോ ചോദിച്ചു. “ഏതാ ബ്രാൻഡ്”

തമ്പി ബ്രാൻഡ് നോക്കി. “Blackman”

Blackman എന്ന ബ്രാൻഡ് നെയിം കേട്ടപ്പോൾ ഇടിച്ചവരെല്ലാം ഞെട്ടി. ലുങ്കി കൊണ്ട് തലവരിഞ്ഞ് പിടിച്ചിരുന്നവൻ നിലവിളിയുടെ ശബ്ദത്തിൽ പറഞ്ഞു.

“അയ്യോ, നമ്മടെ വാസുട്ടൻ”.

വാസുട്ടന്റെ Blackman ഷർട്ട് കക്കാടിൽ പേരെടുത്ത ഷർട്ടാണ്. ‘ഞാനിന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും നല്ല തുണി, നല്ല ഡിസൈൻ, നല്ല ഷർട്ട്’ എന്ന് കക്കാടിന്റെ സ്വന്തം ടെയ്‌ലർ, ഗ്ലാമർ ലാലു, സാക്ഷ്യപ്പെടുത്തിയ ഷർട്ടാണ് വാസുട്ടന്റെ Blackman. ഫ്രഞ്ച് ബ്രാൻഡ്. കട്ടിയില്ലാത്ത, നല്ല ബലമുള്ള തുണി. കീറില്ല. നന്നായി നിഴലടിക്കും. ഒത്ത ശരീരപ്രകൃതിയുള്ള വാസുട്ടനു അതൊരു അലങ്കാരം മാത്രം.

വാസുട്ടന്റെ ബ്ലാക്ക്‌മാൻ ഷർട്ട് പേരെടുത്തതോടെ, കക്കാടിലെ ഏതാനും യുവാക്കൾ അതേ ബ്രാൻഡിന്റെ ഷർട്ട് അന്വേഷിച്ചു. അവർക്കു ഷർട്ട് കിട്ടാതിരിക്കാൻ വാസുട്ടൻ വഴിപാടുകൾ നേർന്നു. വഴിപാടുകൾ വിജയിച്ചു. ഷർട്ട് കിട്ടിയില്ല. പിന്നെ അവർ അതേ ബ്രാൻഡിന്റെ മറ്റേതെങ്കിലും ഷർട്ട് അന്വേഷിച്ചു. വാസുട്ടൻ വീണ്ടും വഴിപാടുകൾ നേർന്നു. വഴിപാടുകൾ ഫലം കണ്ടു. ഷർട്ട് കിട്ടിയില്ല. പിന്നെയവർ ഏതെങ്കിലും ബ്രാൻഡിന്റെ അതേ പോലുള്ള ഷർട്ട് നോക്കി. അപ്പോഴും ഫലം നാസ്തി. അവസാനം അവരെല്ലാം വാസുട്ടനെ തന്നെ ശരണം പ്രാപിച്ചു. തന്റെ ബ്ലാക്ക്മാൻ ഷർട്ട് പോലെ കക്കാടിൽ മറ്റൊരെണ്ണമോ! പാടില്ല. സഹായം അഭ്യർത്ഥിച്ചവരെ വാസുട്ടൻ തെറ്റിദ്ധരിപ്പിച്ചു. “കൊച്ചിയിൽ കിട്ടും” എന്നു പറഞ്ഞു വിട്ടു. കൊച്ചിയാകെ അലഞ്ഞ് പിള്ളേരുടെ ഊപ്പാട് ഇളകി. അപ്പോൾ വാസുട്ടൻ ചുവടുമാറ്റി. “ബാഗ്ലൂര്, ബാംഗ്ലൂർ” എന്നു പറഞ്ഞു. അതിലെ അപകടം പെട്ടെന്നു മനസ്സിലാക്കി “ചെന്നൈ, ചെന്നൈ” എന്ന് തിരുത്തിയെങ്കിലും അപ്പോഴേക്കും, ബാംഗ്ലൂരിൽ നിന്ന് ഷർട്ട് വാങ്ങി കൊണ്ടുവരേണ്ട അനവധി ഓർഡറുകൾ വാസുട്ടനു കിട്ടി. എന്നാൽ, ഷർട്ട് അന്വേഷിക്കാതെ ഒരു മാസം മുഴുവൻ ഉദ്യാനനഗരിയിൽ പതിവുപോലെ ജീവിച്ച വാസുട്ടൻ തിരിച്ച് നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കൾക്കു മുന്നിൽ കൈമലത്തി.

“ബാംഗ്ലൂരിലൊന്നും ഇപ്പോ കിട്ടാനില്യ.”

അങ്ങിനെ വാസുട്ടന്റെ ബ്ലാക്ക്മാൻ ഷർട്ടിന്റെ അപ്രാമാദിത്വം കക്കാടിൽ തുടർന്നു. വാസുട്ടൻ എന്നതിന്റെ പര്യായമാണ് ബ്ലാക്ക്മാൻ. ഇപ്രകാരം ബ്ലാക്ക്മാൻ കക്കാടിൽ വാഴുന്ന കാലത്താണ് സംഭവം നടക്കുന്നത്.

വാസുട്ടന്റെ തല തോർത്തുമുണ്ടിൽ നിന്ന് സ്വതന്ത്രനാക്കി തല്ലിയവരെല്ലാം, മഴവിൽക്കാവടി സിനിമയിൽ പറവൂർ ഭരതൻ പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന പോസിൽ നിന്നു. അവരെ നോക്കി , തമ്പിയുടെ കയ്യിൽ നിന്ന് തന്റെ എല്ലാമെല്ലാമായ ബ്ലാക്ക്മാൻ ഷർട്ട് പിടിച്ചുവാങ്ങി, വാസുട്ടൻ അലറി.

Read More ->  അഡ്വക്കേറ്റിന്റെ നമ്പറുകൾ - 2

“തല്ലിക്കൊന്നേനല്ലോടെ %$#@”.

പിന്നീടാണ് കാര്യങ്ങളുടെ നിജസ്ഥിതി വാസുട്ടൻ മനസ്സിലാക്കിയത്. കക്കാടിൽ ഒരു കള്ളൻ ഇറങ്ങിയിരിക്കുന്നത്രെ!

ഒരു മാസമായി നാട്ടുകാരെ കബളിപ്പിച്ച്, ചെറുതും വലുതുമായ മോഷണങ്ങൾ നടത്തി കള്ളൻ സസുഖം സ്വൈര്യവിഹാരം നടത്തുന്നു. കക്കാടിലെ സമ്പന്നർ ഭയചകിതർ. പാവങ്ങളാണെന്നും അരപട്ടിണിയാണെന്നും അത്രനാൾ പറഞ്ഞു നടന്നിരുന്നവരിൽ പലരും വാതിലിനും ജനലിനും ഇരുമ്പുഗ്രിൽ വച്ചു. നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു.

കള്ളന്റെ ആദ്യ മോഷണം പരമു മാഷിന്റെ പലചരക്ക് കടയിലെ ചിരപുരാതനമായ കട്ടീം ത്രാസുമായിരുന്നു. പിന്നെ സുബ്രണ്ണന്റെ 90 മോഡൽ ബിഎസ്എ സൈക്കിൾ. ഒടുക്കം അഡ്വേക്കറ്റ് അനിൽ പിള്ളയുടെ വീടിന്റെ പൂമുഖത്തെ ക്ലാസ് അലങ്കാരമായിരുന്ന കരടി, കലമാൻ, കാട്ടുപോത്ത് എന്നിവയുടെ തലയും കള്ളൻ കൊണ്ടു പോയി. പിള്ളേച്ചനു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അച്ഛൻ പ്രഭാകരൻ പിള്ള റേഞ്ചറായിരുന്നപ്പോൾ കിട്ടിയ മെഡലുകളായിരുന്നു ആ തലകൾ. പിള്ളേച്ചൻ ഉടൻ കൊരട്ടി സ്റ്റേഷനിൽ പരാതി കൊടുത്തു. പരാതി ഒടുക്കം സർക്കിളിന്റെ കൈവശമെത്തി. നാട്ടുകാരുടെ അപേക്ഷപ്രകാരം കക്കാടിന്റെ സ്വന്തം ഡിറ്റക്‌ടീവായ വിൽസൻ കണ്ണമ്പിള്ളിക്കു സർക്കിൾ കേസ് കൈമാറി.

വാസുട്ടൻ കക്കാടിൽ എത്തിയതിന്റെ പിറ്റേന്ന് വിൽസൻ പോലീസ് അന്വേഷണത്തിനു കക്കാടിൽ വന്നു. നാട്ടുകാരിൽ നിന്നുള്ള പരസ്യ തെളിവെടുപ്പിനു മുമ്പ്, വിൽസൺ പിള്ളേച്ചന്റെ വീടിനു ചുറ്റും നടന്നു കണ്ടു. അതിനകം പരിസരത്ത് ആളുകൾ കൂടുമെന്ന് ആൾക്കറിയാം. ആളുകൾ കൂടിയാലേ കേസ് അന്വേഷണത്തിനു ഉൽസാഹം കൂടൂ എന്ന പക്ഷക്കാരനാണ് അദ്ദേഹം. ഇരുപതു മിനിറ്റിനുള്ളിൽ മര്യാദാമുക്കിനു അടുത്തുള്ള പിള്ളേച്ചന്റെ വീട് ജനസാഗരമായി. കൈത്തലത്തിൽ ലാത്തി അടിച്ചുകൊണ്ട് വിൽസൺ പോലീസ് കലമാൻ, കരടി എന്നിവയുടെ തലകൾ ഉറപ്പിച്ചിരുന്ന പൂമുഖത്തെ ചുമരിൽ നോക്കി അല്പനേരം നിന്നു. തലകൾ ഇരുന്ന സ്ഥലത്ത് ഇപ്പോൾ, അവ ഉറപ്പിച്ചിരുന്ന മരക്കുറ്റികൾ മാത്രമേയുള്ളൂ.

വിൽസൺ ലാത്തി പിള്ളേച്ചനു കൊടുത്തു. പിന്നെ മുകളിലേക്കു ചാടി മരക്കുറ്റിയിൽ കൈമുട്ടിക്കാൻ ശ്രമിച്ചു. സാധിച്ചില്ല. സഹ ഡിറ്റക്‌ടീവായ ഷാജുവിനോടു ചാടി നോക്കാൻ നിർദ്ദേശിച്ചു. ഫലം നാസ്തി. മരക്കുറ്റിയിൽ തൊടാൻ പിന്നേയും ഒരു മുഴം ബാക്കി. വിൽസൺ പോലീസ് പിള്ളേച്ചനോടു ചോദിച്ചു.

“പൂമുഖത്ത് കസേരയോ മറ്റോ രാത്രിയിൽ ഇടാറുണ്ടോ?”

“ഇല്ല. വാതിലടക്കുമ്പോൾ, കസേര ഉൾപ്പെടെ എല്ലാമെടുത്ത് ഉള്ളിലിടുകയാണ് പതിവ്”

വിൽസൻ ഒന്ന് ഇരുത്തി മൂളിയിട്ടു പറഞ്ഞു. “ഒരുമാതിരി ആരോഗ്യമുള്ളവർക്കൊന്നും ഇത് ചാടിപ്പിടിക്കാൻ പറ്റില്ല. ഏണി കൊണ്ടു നടക്കുന്ന കള്ളൻ എന്നത് സംഭാവ്യമല്ല. അങ്ങിനെ നോക്കുമ്പോൾ നന്നായി ചാടിപ്പൊങ്ങാൻ പ്രത്യേക കഴിവുള്ളവനാണ് കള്ളൻ.”

പിള്ളേച്ചനും നാട്ടുകാരും അനുകൂലഭാവത്തിൽ തലകുലുക്കി.

“ഇതുപോലെ നന്നായി ചാടിപ്പൊങ്ങുന്ന ആരെങ്കിലും മിസ്റ്റർ അനിലിനു അറിയോ?”

പിള്ളേച്ചന്റെ മനസ്സിൽ അപ്പോൾ വന്നത് കക്കാട് തേമാലിപ്പറമ്പിൽ വാസുട്ടനും മറ്റും വോളിബോൾ കളിക്കുന്നതാണ്. ഏകദേശം ആറടി പൊക്കമുള്ള നവിച്ചനും മറ്റും ചാടിപ്പൊങ്ങി സ്മാഷടിക്കുന്നത് എത്ര തവണ കണ്ടിരിക്കുന്നു. പിള്ളേച്ചൻ താമസിച്ചില്ല. യാതൊരു മയവുമില്ലാതെ പറഞ്ഞു.

“തേമാലിപ്പറമ്പീ വോളിബോൾ കളിക്കണ മിക്കവരും ഇത്ര പോക്കത്തിൽ ചാടും. വിൽസൺ സാർ അവരെ പൊക്കണം. ചോദ്യം ചെയ്യണം. എനിക്കവരെ സംശയംണ്ട്.”

പിള്ളേച്ചൻ ഇത് പറഞ്ഞതും കക്കാടിലെ കിടയറ്റ സ്മാഷർമാരായ നവിച്ചൻ, തെക്കൂട്ട് ബേബി, കുഞ്ചു വിനയൻ, പാപ്പി ബിനു., എന്നിവർ ആൾകൂട്ടത്തിൽ നിന്ന് വെടിച്ചില്ല് പോലെ എങ്ങോട്ടെന്നില്ലാതെ ഓടി. അവർക്കു പിന്നാലെ പോലീസുകാരും പാഞ്ഞു.

പൂമുഖത്തെ പരിശോധന കഴിഞ്ഞ് എസ്ഐ മുറ്റത്തേക്ക് ഇറങ്ങി. നാട്ടുകാരെല്ലാം ഉൽക്കണ്ഠാകുലരായി നിൽക്കുകയാണ്. ഏറ്റവും മുന്നിൽ കുഞ്ഞിസനു ഉണ്ട്. കൈകെട്ടി, കട്ടിലെൻസുള്ള കണ്ണടയിലൂടെ വിൽസനെ സസൂക്ഷ്മം വീക്ഷിച്ചു നിൽക്കുകയാണ്. വിൽസൺ പോലീസ് ഒരു നമ്പറിടാൻ തീരുമാനിച്ചു. സനുവിന്റെ ഇരു തോളിലും പിടിച്ച് കുലുക്കി വികാരഭരിതമായ സ്വരത്തിൽ ഉറപ്പുകൊടുത്തു.

“സന്വോ നീ വിഷമിക്കാതെ. കള്ളനെ ഞാൻ ഒരാഴ്ച്ചക്കുള്ളീ പിടിക്കും. ഒറപ്പ്”

കാര്യം വിൽസൺ കൊടികെട്ടിയ എസ്ഐ ഒക്കെയാണ്. പക്ഷേ അതൊക്കെ പോലീസ് സ്റ്റേഷനിൽ. കക്കാടിലെ താരം മറ്റാരുമല്ല, സനു തന്നെ. കക്കാടുകാർക്കു സനു അങ്ങോട്ടാണ് ഉറപ്പ് കൊടുക്കുക.

വിൽസൻ പോലീസിന്റെ ഓഫർ സനു തള്ളിക്കളഞ്ഞു. “വേണ്ട.”

അഞ്ചു നിമിഷത്തിനു ശേഷം ഡയലോഗിനു ഒരു പുൾ കിട്ടാൻ സനു വെറുതെ കൂട്ടിച്ചേർത്തു. “എനിക്കറിയാം…”

അത്രനേരം രംഗത്തു തിളങ്ങി നിന്നിരുന്ന വിൽസനു ക്ഷീണമായി. ഇനിയിപ്പോൾ കള്ളനാരാണെന്നതിൽ സനുവിന്റെ അഭിപ്രായം ചോദിക്കാതിരിക്കാൻ പറ്റുമോ? അത് സനുവിന്റെ ക്രെഡിറ്റ് ആകില്ലേ?

വിൽസന്റെ സന്നിഗ്ധാവസ്ഥ മനസ്സിലായെങ്കിലും സനു അത് ഗൗനിച്ചില്ല. തന്റെ കണ്ടെത്തൽ സനു പറഞ്ഞു.

“കള്ളന്മാർ രണ്ട് പേരുണ്ട്.”

സനു ഇത് പറഞ്ഞതും ആൾക്കൂട്ടത്തിൽ നിന്നൊരാൾ വിയോജിച്ചു. ഉടനെ മറ്റൊരാൾ അയാളെ തിരുത്തി. മറ്റുള്ളവർ കൂടെച്ചേർന്നു. ഈ ഒച്ചയിടൽ തുടർന്നപ്പോൾ വിൽസൻ അലറി.

Read More ->  പരീക്കപ്പാടത്തെ ഓപ്പറേഷൻ

“സ്റ്റോപ്പ് ഇറ്റ്….”

ഒച്ച അടങ്ങിയപ്പോൾ വിൽസൻ പോലീസ് സനുവിനു അടുത്തേക്കു നീങ്ങി നിന്ന് കാര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടു.

സനു പറഞ്ഞു. “കള്ളനെ ഇരുട്ടിൽ മിന്നായം പോലെ കണ്ടവർ ഉണ്ട്. ആളെ മനസ്സിലാക്കാൻ അവർക്കു പറ്റിയില്ല. പക്ഷേ ശരീരപ്രകൃതി ഊഹിക്കാം.”

വിൽസൻ ജാഗരൂകനായി. സനു തുടർന്നു. “കള്ളനെ ഞാൻ മിനിഞ്ഞാന്ന് വെളുപ്പാൻ കാലത്ത് കണ്ടു. സന്തോഷ് ചേട്ടന്റെ തറവാട് വീടിന്റെ മതിൽ ചാടി പോവായിരുന്നു. ഒരു ഷാൾ കൊണ്ട് തലേം മേലും മൂടീണ്ട്. കാല് മാത്രേ പുറത്തേക്ക് കാണാമ്പറ്റിയുള്ളൂ. പക്ഷേ വിൽസാ….”

സനു ഒന്ന് നിർത്തി, മുഖത്ത് ‘അസാമാന്യം’ എന്ന ഭാവം വരുത്തി, ബാക്കി പറഞ്ഞു. “കള്ളന്റെ കാല്, അതൊരു ഒന്ന്… ഒന്നര കാൽ ആയിരുന്നു.”

“എന്നുവച്ചാ”, വിൽസനു കാര്യം വ്യക്തമായില്ല.

“എന്നുവച്ചാ… നല്ല ഉഗ്രൻ മസിലുള്ള കാൽ. കള്ളൻ മതിൽ ചാടുന്ന സമയത്ത്, മുട്ടിനു കുറച്ച് മുകൾ ഭാഗവും ഞാൻ കണ്ടു. തുടയൊക്കെ ഫുട്‌ബോൾ കളിക്കാരുടെ പോലെ മസിലാണ്.”

സനുവിന്റെ വീടിനു മുന്നിൽ, റോഡിൽ തെരുവ് വിളക്കുണ്ട്. അതുകൊണ്ട് അദ്ദേഹം പറയുന്നത് അവിശ്വസിക്കേണ്ടതില്ല. വിൽസൻ ഒരു കടലാസിൽ ചിലത് കുറിച്ചെടുത്തു.

“ഇതിനാണോ നാട്ടുകാര് ഒച്ചയിട്ടത്?”

“അല്ല… വേറൊരു കാര്യവും ഇവിടെ പറയാനുണ്ട്. കള്ളനെ നമ്മടെ ജയനും കണ്ടു. നാലഞ്ച് ദിവസം മുമ്പാ. പാടത്തിന്റെ സൈഡീ വച്ചാ കണ്ടെ. അപ്പോൾ കള്ളൻ ഷാൾ കൊണ്ട് മേല് മൂടിയിരുന്നില്ല. കയ്യും നെഞ്ചുമൊക്കെ കാണാൻ പറ്റി. ജയൻ പറയുന്നത് കള്ളന്റെ ശരീരം വളരെ മെലിഞ്ഞതാണെന്നാ… മെലിഞ്ഞ കയ്യും നെഞ്ചും.”

സനു തുടർന്നു. “ഞാൻ കണ്ട കള്ളന്റെ രൂപവുമായി ഇത് യോജിക്കണില്ല. അതോണ്ടാ രണ്ട് കള്ളന്മാരുണ്ടെന്ന് ഞാൻ പറഞ്ഞെ… പക്ഷേ, ചിലരിത് സമ്മതിക്കണില്ല. രണ്ട് കള്ളന്മാർ ചെയ്യണത്ര മോഷണം നാട്ടിൽ ഇല്ലെന്ന് അവർ പറയുന്നു… അതിൽ ശരിയുമുണ്ട്. അവര് പറേണതിലും സത്യംണ്ട്.”

വിൽസൺ കടലാസിൽ വീണ്ടും കുത്തിക്കുറിച്ചു.

“അപ്പോ സന്വോ. പോലീസിന് ഒരു തിയറി ഉണ്ട്. അതായത് പഴുതടച്ച മോഷണമൊന്നും ഇല്ലെന്ന്. കള്ളൻ എന്തെങ്കിലുമൊക്കെ മിസ്‌ടേക്കുകൾ മോഷണത്തിനിടയിൽ വരുത്തുമെന്ന് ചുരുക്കം. ഇവിടെ അതുപോലെ കള്ളൻ എന്തെങ്കിലും തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ടോ?”

പിള്ളേച്ചൻ ഒരു ചെറിയ കത്രിക കൊണ്ടുവന്നു. വലിപ്പം കുറവാണെങ്കിലും നല്ല മൂർച്ചയുണ്ട്.

“ഇത് പൂമുഖത്തിന്റെ കൈവരീന്ന് കിട്ടിയതാ. വച്ചിട്ട് എടുക്കാൻ മറന്ന പോലെ ഇരിക്കായിരുന്ന്”

വിൽസൻ കത്രിക പരിശോധിച്ചു. വയർ, തുണി ഒക്കെ എളുപ്പത്തിൽ മുറിക്കാം. അത്യാവശ്യം സ്വയരക്ഷക്കും പറ്റും.

എസ്ഐയും സംഘവും ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. മോഷണം നടന്ന മറ്റു രണ്ടു സ്ഥലങ്ങളും സന്ദർശിച്ച ശേഷം സംഘം മടങ്ങി. മൂന്ന് ദിവസത്തിനു ശേഷം, പോലീസ് മഫ്‌ടി വേഷത്തിൽ വന്ന്, മോഷണം നടന്ന വീട്ടുകാരോടു വീണ്ടും ചില കാര്യങ്ങൾ സംസാരിച്ചു. സംഭാഷണ വിഷയം രഹസ്യമാക്കി വയ്‌ക്കാൻ നിർദ്ദേശിച്ച് പെട്ടെന്നു മടങ്ങി.

ദിവസങ്ങൾ കടന്നു പോയി. രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയിൽ മൂന്ന് മോഷണം കൂടി നടന്നു. തട്ടാൻ രാജന്റെ വീട്ടിലെ ടെറസിൽ ഉണങ്ങാനിട്ടിരുന്ന വിവിധ ബ്രാൻഡിലുള്ള ധാരാളം ഡ്രസ്സുകൾ കള്ളൻ കൊണ്ടുപോയി. പിറ്റേ ദിവസം ബർമുഢ ധരിച്ച് രാജൻ തട്ടാൻ ഉമ്മറത്തിരുന്ന്, വിവരം അറിയാനെത്തിയ നാട്ടുകാരോടു പറഞ്ഞു.

“പോലീസിനെക്കൊണ്ടൊന്നും ഒരു കാര്യവുമില്ലന്നേയ്. തുണി വരെ അഴിച്ചുകൊണ്ട് പോവാണ് കക്ഷി.”

നാട്ടുകാരും അത് ശരിവച്ചു. പോലീസിനെ വിശ്വസിക്കാതെ, കള്ളനെ പിടിക്കാൻ അവർ വീണ്ടും കാവലിരിക്കാൻ തുടങ്ങി. പക്ഷേ… പക്ഷേ വിജയിച്ചത് വിൽസനും പോലീസും തന്നെയായിരുന്നു. കേരള പോലീസിലെ മികച്ച അന്വേഷകരിൽ ഒരാൾ കക്കാടുകാരൻ ആണെന്നു ഊട്ടിയുറപ്പിച്ച്, മോഷണക്കേസ് പ്രതിയായ കൊല്ലം സ്വദേശിയെ അന്നമനടയിൽ നിന്ന് വിൽസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. തികച്ചും നാടകീയമായ അറസ്റ്റ്!

കള്ളനെ കുടുക്കാൻ വിൽസൻ എസ്ഐ എന്ത് ഇന്ദ്രജാലമാണ് പ്രയോഗിച്ചത്? നാട്ടുകാരിൽ ആകാംക്ഷ വാനോളമുയർന്നു.

രണ്ടാം ഭാഗം ഇവിടെ വായിക്കുക….


2 Replies to “കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1”

  1. നല്ല രസമുള്ള വായന…ഓരോ വരിയിലും ഉദ്വേഗവും,ഹാസ്യവും,

അഭിപ്രായം എഴുതുക