അദ്ധ്യായം 19 — ‘സ്‌പെഷ്യൽ’ മനസ്സുകൾ

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com Read More.


പതിനെട്ടാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

            2009-ൽ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പീച്ച് തെറാപ്പി ചെയ്യുന്ന കാലം. തെറാപ്പി സംബന്ധമായ വിവിധ ഘട്ടങ്ങൾ തികച്ചും യാന്ത്രികമായിരുന്നു. സ്പീച്ച് തെറാപ്പി മൊത്തത്തിൽ തന്നെ ആവേശകരമായ അനുഭവമല്ല. നാം സദാ ജാഗരൂകമായിരിക്കണം. കാതിലേക്കു എത്തുന്ന ശബ്ദങ്ങളെ പരമാവധി കൃത്യതയോടെ നമുക്ക് പിടിച്ചെടുക്കേണ്ടതുണ്ട്. എന്നിട്ടു അത് തിരിച്ചു പറയണം. ആദ്യത്തെ 5-10 മിനിറ്റുകൾ പ്രശ്നമല്ല. പക്ഷേ ജാഗരൂകമായിരിക്കേണ്ട സമയത്തിന്റെ ദൈർഘ്യം പിന്നേയും നീണ്ടാൽ, മനസ്സ് വഴങ്ങില്ല. കെട്ടുവിട്ട, അച്ചടക്കമില്ലാത്ത ചിന്തകളിൽ മേയാൻ മനസ്സ് വെമ്പും. തെറാപ്പിസ്റ്റുകൾക്കു ഇതറിയാമെന്ന് തോന്നുന്നു, തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും. അതിനാൽ ഓരോ പതിനഞ്ച് മിനിറ്റ് കൂടുമ്പോഴും, 3-4 മിനിറ്റ് ഇടവേള ഉണ്ടാകാറുണ്ട്. ആ സമയത്ത് ജാഗ്രത ആവശ്യമില്ല. ഏതു വിഷയത്തെപ്പറ്റിയും സംസാരിക്കാം.

   ഒരിക്കൽ, അത്തരമൊരു ഇടവേളയിലാണ് ശോഭിൻ ജെയിംസ് സ്പെഷ്യൽ കുട്ടികളിലെ ആശയങ്ങളെ പറ്റി സൂചിപ്പിക്കുന്നത്. സാധാരണക്കാർ കരുതും പോലെ കുട്ടികൾ ബുദ്ധിശൂന്യരല്ലത്രെ. എല്ലാവരിലും ആശയങ്ങൾ ഉണ്ട്. എന്നാൽ, അത് പ്രകടിപ്പിക്കേണ്ടതിനെ കുറിച്ച് അവർക്കു സ്വയം ബോധ്യം കുറവാണ്. ആശയങ്ങൾ മിനുക്കിയെടുക്കാനും പ്രകടിപ്പിക്കാനും അവർക്കു പരിശീലനം വേണം. ഇതിന്റെ ആദ്യപടിയായി, വ്യത്യസ്ത ടെക്‌നിക്കുകൾ ഉപയോഗിച്ച്, കുട്ടികളുടെ മനസ്സ് അളക്കും. ഇതിനെ Assessment എന്നു പറയുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾക്കു ചില ആക്ടിവിറ്റികൾ ചെയ്യാൻ നൽകും. ആ ആക്ടിവിറ്റികൾ അവർ എത്രത്തോളം കൃത്യതയോടെ നിർവഹിക്കുന്നു, എത്ര വേഗത്തിൽ നിർവഹിക്കുന്നു., എന്നതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കും. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളെ സൈക്കോളജിസ്റ്റുകൾ വിശകലനം ചെയ്യുന്നതാണ് അടുത്തപടി. ഇതിന്റെ ഫലം കുട്ടികളുടെ മനസ്സിന്റെ പ്രതിഫലനം ആയിരിക്കുമത്രെ.

     ശോഭിൻ പറഞ്ഞതെല്ലാം മൂളിക്കേൾക്കുമ്പോൾ ഇതെല്ലാം സാധ്യമാണോ എന്ന സംശയം എന്നിൽ മുറ്റിനിൽക്കുന്നുണ്ടായിരുന്നു. സ്പെഷ്യൽ എജുക്കേഷൻ സെക്ടറുമായി തരിമ്പും പരിചയമില്ലാത്തവന്റെ സന്ദേഹം മാത്രമായിരുന്നു അത്. പരിചയമില്ലാത്തവൻ അപരിചതമായതിനെ അവിശ്വാസത്തോടെ നോക്കുന്നത് സ്വാഭാവികമാണല്ലോ. അത്തരമൊരു വികാരമായിരുന്നു എന്റെയുള്ളിൽ. പിന്നീട് Resilient Minds-ൽ വച്ചാണ് സ്പെഷ്യൽ കുട്ടികളുടെ മനസ്സ് അളക്കുന്നത് എങ്ങിനെയെന്ന് ഞാൻ വിശദമായി മനസ്സിലാക്കുന്നത്. അത് ശ്രമകരമായ ഒരു കലയായിരുന്നു.

**************

ഒരു ദിവസം അമിത് ആണ് അപ്രതീക്ഷിതമായി ആ ചോദ്യം ചോദിച്ചത്. “എന്തുകൊണ്ടാണ് സുനിൽ സാർ, എനിക്ക് എഴുതാൻ തോന്നാത്തത്?”

   ഇംഗ്ലീഷ് അക്ഷരമാല എഴുതാത്തതിനു ഞാൻ വഴക്കു പറഞ്ഞപ്പോഴാണ്, അമിത് സ്വന്തം സ്വഭാവത്തെപ്പറ്റി ഒരു ചോദ്യം എനിക്കു നേരെ തൊടുത്തത്. സ്വപ്രകൃതത്തെ കുറിച്ച് മറ്റൊരാളോടു ചോദിച്ചു മനസ്സിലാക്കേണ്ടി വരുന്നതിലെ നിസ്സഹായതയും ദയനീയതവും അളവറ്റതാണ്. അമിതിനു അതു മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിലും, അവന്റെ ചോദ്യം എന്നിൽ നൊമ്പരമുണ്ടാക്കി. ‘മടി’ എന്നു തമാശഭാവത്തിൽ മറുപടി പറഞ്ഞെങ്കിലും, അമിതിന്റെ ചോദ്യം അതിനകം ഒരു ചൂണ്ടക്കൊളുത്തായി എന്നിൽ തറഞ്ഞു കയറിയിരുന്നു.

        Resilient Minds-ൽ വച്ചാണ് സ്പെഷ്യൽ കുട്ടികളുമായി ഞാൻ ആദ്യമായി നേരിട്ട് ഇടപഴകുന്നത്. ആംഗ്യഭാഷ പഠിച്ച ശേഷം, ഞാൻ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായി. എന്റേത് വൊളന്റിയർ സേവനമായിരുന്നു. രാവിലത്തെ സെഷനിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചു. സൈക്കോളജിസ്റ്റുകൾ എനിക്കു കൃത്യമായ നിർദ്ദേശങ്ങൾ നൽകി. അവരുടെ സഹായമില്ലെങ്കിൽ, ടെക്നിക്കൽ സ്ട്രീമിലുള്ള, എനിക്ക് Resilient Minds-ൽ പ്രവർത്തിക്കാൻ പറ്റുമായിരുന്നില്ല.

            Hyper Activity, Development Delay, Autism., തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾ Resilient Minds-ൽ ഉണ്ടായിരുന്നു. വളരെ സാവധാനം പ്രതികരിക്കുന്നവരും, തീവ്രമായി പ്രതികരിക്കുന്നവരും ഇവരിലുണ്ട്. ചിലർ പ്രതികരിച്ചില്ലെന്നും വരാം. ഇവരുടെ സ്പെഷ്യൽ മനസ്സിനെ നാം വിവിധ ആക്ടിവിറ്റികളാലും മറ്റും, എത്രത്തോളം നോർമലാക്കാൻ പറ്റുമോ, അത്രയും നോർമലാക്കണം. പ്രധാനചോദ്യം അപ്പോൾ ഉയരുകയായി – എന്താണ് ആക്ടിവിറ്റികൾ? എന്താണ് അവയുടെ പ്രാധാന്യം?

Behavioral & Speech Therapy രംഗത്തെ വിദഗ്ദർ, സ്പെഷ്യൽ കുട്ടികളുടെ മാനസികാരോഗ്യവും ഊർജ്ജസ്വലതയും മെച്ചപ്പെടുത്താൻ രൂപപ്പെടുത്തിയ വിവിധ പ്രവൃത്തികളെയാണ് ആക്‌ടിവിറ്റികൾ എന്നു പറയുന്നത്. കുട്ടികൾക്കു ആക്‌ടിവിറ്റികൾ മാനസികവും ശാരീരികവുമായ വ്യായാമം നൽകുന്നു. പ്രധാനപ്പെട്ട ഏതാനും ആക്ടി‌വിറ്റികളും അവ കൊണ്ടുള്ള പ്രയോജനവും താഴെ കൊടുക്കുന്നു:

  1. Letter Cancellation – ഒരു പേപ്പറിൽ ഏതാനും അക്ഷരങ്ങൾ (a, b, d, f, h, y, 1, 3, 5, 8) ഇടകലർത്തി, ആവർത്തിച്ച്, വരിവരിയായി എഴുതിയ ശേഷം, അതിൽ നിന്നു ഏതെങ്കിലും 1-2 അക്ഷരങ്ങൾ മാത്രം തിരഞ്ഞെടുത്ത് റദ്ദ് ചെയ്യുന്ന രീതിയാണിത്. കുട്ടികളിലെ ശ്രദ്ധ കൂട്ടാനും, അക്ഷരങ്ങൾ തിരിച്ചറിയാനുള്ള ശേഷി വർദ്ധിപ്പിക്കാനും ഇതുവഴി കഴിയും. ഈ ആക്ടിവിറ്റി (എല്ലാ ആക്‌ടിവിറ്റികളും) എളുപ്പമാണെന്ന് തോന്നാമെങ്കിലും ചില കുട്ടികൾ ഇതുചെയ്യാൻ തുനിയാറില്ല. എങ്ങിനെ ചെയ്യണമെന്നു അറിയാത്തതോ, അക്ഷരങ്ങൾ തിരിച്ചറിയാത്തതോ ആയിരിക്കണമെന്നില്ല കാരണം. ചിലപ്പോൾ മടിയാകാം, ചിലപ്പോൾ കരുതിക്കൂട്ടിയുള്ള നിസ്സഹകരണമാകാം. അല്ലെങ്കിൽ അവർക്കു മാത്രം അറിയുന്ന മറ്റെന്തെങ്കിലും കാരണം.
  2. Buttons and tweezer – ഈ ആക്ടിവിറ്റിയിൽ വിവിധ വലിപ്പമുള്ള ബട്ടണുകൾ ചെറു ചവണ (Tweezer) ഉപയോഗിച്ച് പെറുക്കിയെടുത്തു ഒരു പെട്ടിയിൽ നിക്ഷേപിക്കണം. സ്പെഷ്യൽ കുട്ടികളെ അപേക്ഷിച്ച്, നല്ല പോലെ നോക്കി, ശ്രദ്ധിച്ച് ചെയ്യേണ്ട പണിയാണിത്. കണ്ണും കയ്യും തമ്മിലുള്ള കോ-ഓർഡിനേഷൻ, ചെറുമസിലുകളുടെ ചലനക്ഷമത., എന്നിവ വർദ്ധിപ്പിക്കാൻ ഈ ആക്ടിവിറ്റി പ്രയോജനപ്പെടുന്നു.
  3. Beading – വിവിധ ആകൃതിയിലുള്ള ചെറിയ പ്ലാസ്റ്റിക് വസ്തുക്കൾ ഒരു നൂലിൽ കോർത്തെടുക്കുന്ന പ്രവൃത്തിയാണിത്. വട്ടത്തിലും തൃകോണത്തിലും ചതുരത്തിലുമുള്ള ഈ വസ്തുക്കളുടെ മദ്ധ്യഭാഗത്ത് ഒരു ദ്വാരം ഉണ്ടായിരിക്കും. ഇതിലൂടെ നൂൽ കടത്തി കോർക്കുകയും, അതിനു ശേഷം സാവധാനം ഊരിയെടുക്കുകയും വേണം. കണ്ണ്, വിരലുകൾ, ചെറുമസിലുകൾ., എന്നിവ തമ്മിലുള്ള കോ-ഓർഡിനേഷൻ കൂട്ടാൻ ഉപകാരപ്രദം.
  4. Puzzles – കുട്ടികളുടെ ചിന്താശേഷിയും പ്രശ്നപരിഹാര ക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയുന്ന ആക്ടിവിറ്റിയാണ് Puzzles. ഇതു നാനാതരത്തിലുണ്ട്. വീട്, കളിസ്ഥലം, വാഹനങ്ങൾ., തുടങ്ങിയവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഒരു മുഴു‌ചിത്രത്തെ പലഭാഗങ്ങളായി ഭാഗിച്ച് കുട്ടികൾക്കു നൽകും. കുട്ടികൾ ഈ ചിത്രഭാഗങ്ങൾ കൂട്ടി യോജിപ്പിച്ച് മുഴുവൻ ചിത്രം പുനർനിർമിക്കണം. രണ്ടാമത്തെ Puzzle വിഭാഗത്തിൽ, ആശയങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ചിത്രങ്ങൾ നൽകി, അവയിൽ സമാനമായവ കൂട്ടി യോജിപ്പിക്കാൻ പറയും. ഉദാഹരണമായി, ഒന്നാമത്തെ ചിത്രത്തിൽ പച്ചക്കറിയും, രണ്ടാമത്തെ ചിത്രത്തിൽ കത്തിയും ബോർഡും, മൂന്നാമത്തെ ചിത്രത്തിൽ നുറുക്കിയ പച്ചക്കറിയും ഉണ്ടാകും. കുട്ടികൾ ഇത് ക്രമം അനുസരിച്ച് ക്രമീകരിക്കണം. ആശയങ്ങൾ മനസ്സിലാക്കാൻ അത്യുത്തമമാണ് Puzzles.
  5. Peg Board – പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ സുതാര്യവും, വരിയും നിരയുമായി നിരവധി ചെറുസുഷിരങ്ങളും ഉള്ള ബോർഡാണ് ‘പെഗ് ബോർഡ്’. ഈ സുഷിരങ്ങളിൽ വിവിധ നിറങ്ങളിലുള്ള പെഗ്ഗുകൾ തറയ്‌ക്കണം. ഇപ്രകാരം പെഗ്ഗുകൾ തറയ്‌ക്കുന്നത് ഏതെങ്കിലുമൊരു ഡിസൈനിൽ ആയിരിക്കും. പെഗ് ബോർഡ് ഡിസൈനുകളുള്ള പുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണ്. കുട്ടികളിൽ ഏതെങ്കിലുമൊരു പ്രവൃത്തിയിലുള്ള ശ്രദ്ധ വർദ്ധിപ്പിക്കാൻ ഈ ആക്ടിവിറ്റി സഹായകമാണ്. കൂടാതെ ആശയ രൂപീകരണത്തിനും ഇത് ഉത്തമം തന്നെ.
  6. Color coding and Shape coding – കളർ/ഷേപ്പ് കോഡിങാണ് ശ്രദ്ധയും ആശയരൂപീകരണവും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു ആക്ടിവിറ്റി. ഇതുപ്രകാരം ഒരു വെള്ളപേപ്പറിന്റെ ഏറ്റവും മുകളിൽ, വിവിധ രൂപങ്ങൾ (ചതുരം, തൃകോണം, ഷഡ്‌ഭുജം, വൃത്തം, ദീർഘചതുരം) വരച്ച് അവയ്‌ക്കു വിവിധ കളറുകൾ നൽകും. ഇത് ഒരു മാതൃകയാണ്. ഈ മാതൃക നോക്കി അതിനു താഴെയുള്ള രൂപങ്ങൾക്കു കളർ നൽകണം. മാതൃകയിൽ തൃകോണത്തിനു ചുവപ്പ് നിറമാണ് നൽകിയിരിക്കുന്നതെങ്കിൽ, അതിനു താഴെയുള്ള എല്ലാ തൃകോണങ്ങൾക്കും ചുവപ്പ് നിറമാണ് നൽകേണ്ടത്. മറ്റു നിറങ്ങൾ നൽകാൻ പാടില്ല. ശ്രദ്ധ വർദ്ധിപ്പിക്കാനും ആശയ രൂപീകരണത്തിനും ഈ ആക്ടിവിറ്റി സഹായകമാണ്.
Read More ->  ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം - ബൗദ്ധ സമ്മേളനങ്ങൾ

ഇത്രയും പറഞ്ഞതിൽ നിന്ന് ഒരുകാര്യം എളുപ്പം മനസ്സിലാക്കാം. എന്തെന്നാൽ, നോർമലായ ഒരാളെ സംബന്ധിച്ച് ആക്‌ടിവിറ്റികൾ അതിനിസാരമാണെന്നല്ല, ശ്രദ്ധേയം പോലുമല്ല. ഇതുപോലുള്ള ആക്ടിവിറ്റികൾ (ഉദാഹരണമായി, കണ്ണും വിരലും തമ്മിലുള്ള കോ-ഓർഡിനേഷൻ) ചെയ്തിട്ട് എന്താകാനാണ് എന്നവർക്കു തോന്നാം. പക്ഷേ, സ്പെഷ്യൽ കുട്ടികളെ സംബന്ധിച്ച് ഇവയ്‌ക്കു വലിയ പ്രാധാന്യമുണ്ട്. കുട്ടികളിൽ ചിലർ ചലിക്കാൻ പോലും മടിയുള്ളവരാണ്. കളിസ്ഥലത്തു പോലും ഇക്കൂട്ടർ എവിടെയെങ്കിലും ഇരിക്കാനേ മിനക്കെടൂ. ഇവരുടെ കാലിനും കയ്യിനും മാത്രമല്ല, ശരീരത്തിലെ എല്ലാ മസിലുകൾക്കും വ്യായാമം എത്തിക്കേണ്ടതുണ്ട്. മറ്റു കുട്ടികൾ സാധാരണ ചെയ്യാറുള്ള പ്രവൃത്തികളൊന്നും ഇവർ ചെയ്യാത്തതിനാൽ, ഈ കുട്ടികളുടെ കയ്യിലെ ചെറുമസിലുകൾക്കു വരെ വ്യായാമം നൽകിയേ തീരൂ. ഇല്ലെങ്കിൽ നിഷ്ക്രിയതയും ജഢത്വവും ഇവരിൽ ക്രമേണ വർദ്ധിച്ചുവരും. അതിനു തടയിടണം. പ്രാധാന്യമില്ലാത്ത ഒരു ആക്ടിവിറ്റിയുമില്ല എന്നതാണ് സത്യം. സ്പെഷ്യൽ കുട്ടികളെ സംബന്ധിച്ച് എല്ലാം പ്രാധാന്യമുള്ളതാണ്.

ഇത്തരം ആക്ടിവിറ്റികൾ കുട്ടികളുടെ ഊർജ്ജസ്വലതയിൽ മാറ്റമുണ്ടാക്കുമോ, അവരുടെ ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായകമാണോ, എന്നെല്ലാം ആദ്യകാലത്ത് ഞാൻ സംശയിച്ചിട്ടുണ്ട്. Resilient Minds-ലെ സൈക്കോളജിസ്റ്റ്, ആൻ ആഞ്ചലിൻ സംശയങ്ങൾ ദൂരീകരിക്കുന്ന മറുപടിയാണ് നൽകിയത്.

“ആക്ടിവിറ്റികൾ കുട്ടികളുടെ ഊർജ്ജസ്വലത മെച്ചപ്പെടുത്താൻ വളരെ സഹായകമാണ്. ആക്ടിവിറ്റികളുടെ റിസൾട്ട് വലിയ കാലതാമസം ഇല്ലാതെ കുട്ടികളിൽ ദൃശ്യമാകണം എന്ന തെറ്റിദ്ധാരണ മൂലമാണ് സുനിൽ ഇവയുടെ പ്രായോഗികക്ഷമതയെ സംശയിക്കുന്നത്. സത്യത്തിൽ, ആക്ടിവിറ്റികളുടെ ഫലം സാവധാനമേ കുട്ടികളിൽ തെളിയൂ. ചിലരിൽ പുരോഗതി വളരെ സാവധാനമായിരിക്കും. അവർ ആക്ടിവിറ്റികൾ മനസ്സിലാക്കാനും ചെയ്യാനും മാസങ്ങൾ തന്നെ എടുത്തേക്കാം. ഏറ്റവും ആവശ്യം ക്ഷമയാണ്, ടീച്ചർമാരുടെ ഭാഗത്തുനിന്നും മാതാപിതാക്കളുടെ ഭാഗത്തുനിന്നും.”

ആൻ തുടർന്നു.

“കുട്ടികൾ ഒരിക്കലും വെറുതെ ഇരിക്കരുത്, അവരെന്തെങ്കിലും ചെയ്യണം. ചിട്ടയായ എന്തെങ്കിലും കാര്യം… ആക്ടിവിറ്റീസ് കുട്ടികൾ ചെയ്തേ മതിയാകൂ. ഇല്ലെങ്കിൽ ഭാവിയിൽ അവരുടെ പെരുമാറ്റം മോശമാകും. എന്നാൽ ആക്ടിവിറ്റികൾ, അതെത്ര ചെറുതായാലും, ചെയ്‌താൽ, ഏതാനും വർഷങ്ങൾക്കു ശേഷം അവർ ഏറെക്കുറെ അച്ചടക്കമുള്ളവരാകും. ചെയ്യേണ്ടതെന്തെന്നും ചെയ്യാൻ പാടില്ലാത്തത് എന്തെന്നും അവർക്കു വിവേചനം വരും.”

ക്ലാസ്സ് മുറിയിൽ ടീച്ചർമാരുടെ പെരുമാറ്റം, കൂടുവിട്ടു കൂടുമാറുന്ന ശൈലിയിലായിരുന്നു. ഓരോ കുട്ടികളോടും അവർ ഓരോ രീതിയിൽ ഇടപഴകി. അർപ്പിതയോടു കർക്കശമായി പെരുമാറിയിട്ടു കാര്യമില്ല. സ്നേഹപൂർണ നിർദ്ദേശങ്ങളേ അർപ്പിത പരിഗണിക്കൂ. നേരെമറിച്ച് നവനീത് സ്നേഹമയമായ വാക്കുകൾക്കു ചെവികൊടുക്കില്ല. കർക്കശമായി തന്നെ പറയേണ്ടി വരും. ഇപ്രകാരം ഓരോ കുട്ടിയും ഓരോ തരത്തിൽ പരിചരിക്കപ്പെടണം.

നമ്മുടെ പെരുമാറ്റം നമ്മുടെ മനസ്സിന്റെ പ്രതിഫലനമാണ്. പെരുമാറ്റം നിരീക്ഷിച്ചാൽ മാനസികനില മനസ്സിലാക്കാം. പക്ഷേ നാം പെരുമാറണം. പ്രവൃത്തികൾ ചെയ്യണം. എങ്കിലേ മനസ്സിനെ സജീവമാക്കാൻ പറ്റൂ. ബ്രിട്ടീഷുകാരനായ തത്ത്വജ്ഞാനിയിരുന്നു ജോൺ ലോക്കെ (John Locke). Empiricism-ത്തിന്റെ പിതാവായി പാശ്ചാത്യ ഫിലോസഫി ഇദ്ദേഹത്തെ പരിഗണിക്കുന്നു. ‘അനുഭവ’ത്തിനു (Experience) യുക്തിയേക്കാൾ (Reason) പ്രാധാന്യം കൊടുക്കുന്ന തത്ത്വജ്ഞാന രീതിയാണ് Empiricism. ഇതുപ്രകാരം തുടക്കത്തിൽ മനസ്സ്, ഉള്ളടക്കം ഒന്നുമില്ലാതെ ശൂന്യമായിരിക്കും (Blank Slate). അനുഭവങ്ങൾ വന്നു നിറയുമ്പോൾ മനസ്സ് സജീവമാവുകയായി. അനുഭവങ്ങൾ ഉണ്ടാകണമെങ്കിൽ പ്രവൃത്തികൾ ചെയ്യണം. കുട്ടികളുടെ മനസ്സ് സജീവമാക്കാൻ, അപ്പോൾ, ധാരാളം ആക്ടിവിറ്റികൾ നൽകണം. അതും വ്യതിരിക്തതയുള്ള ആക്‌ടിവിറ്റികൾ. ഓരോ ആക്‌ടിവിറ്റിയും അവരിലെ ചിന്തയെ, ആശയങ്ങളെ പരിപോഷിപ്പിക്കണം.

Read More ->  അദ്ധ്യായം 14 -- പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

കുട്ടികളുടെ സ്വഭാവരീതിയും മനസ്സും അല്പം മനസ്സിലാക്കാൻ, അവരെ മറ്റു കുട്ടികളോടൊപ്പം കളിസ്ഥലത്ത് വിട്ടാൽ മതി. അവിടെ കുട്ടി പെരുമാറുന്നത് ശ്രദ്ധിക്കുക. മറ്റു കുട്ടികളുമായി കുട്ടി ഇടപഴകുന്നുണ്ടോ? എങ്ങിനെ, എത്രമാത്രം ഇടപഴകുന്നു, എന്നെല്ലാം നിരീക്ഷിക്കുക. അതുവഴി കുട്ടിയുടെ മനസ്സിലേക്കു നമുക്കു കടന്നുചെല്ലാം. പ്രവൃത്തികൾ മനസ്സിന്റെ പ്രതിഫലനമാണ്. പെരുമാറ്റത്തിലെ വൈകല്യം മാനസിക വൈകല്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ഓരോ കുട്ടിയുടേയും മാനസിക വളർച്ച അവരുടെ പ്രവൃത്തികളിൽ പ്രതിഫലിക്കും. കളിക്കുമ്പോഴാണ് ഒരു കുട്ടിയുടെ പ്രവൃത്തികൾ കൂടുതൽ തെളിമയാർജ്ജിക്കുന്നത്. നിയന്ത്രണമില്ലാത്ത, സ്വതന്ത്ര ചുറ്റുപാടിലാണല്ലോ ആത്മപ്രകാശനം കൂടുതൽ സാധ്യമാവുക.

കളിസ്ഥലത്ത് പ്രതിഫലിക്കാത്ത മനസ്സിന്റെ അകത്തളത്തിലേക്കു മറ്റു പ്രവൃത്തികൾ വഴി വെളിച്ചം കടത്തിവിട്ടു പരിശോധിക്കണം. ആക്ടിവിറ്റീസ് എന്നാൽ ക്രീഢാവിനോദം മാത്രമല്ലെന്ന് സാരം. ക്രീഢകൾ പൊതുവെ അച്ചടക്കം ഉള്ളതല്ല. അച്ചടക്കമില്ലായ്മയാണ് അതിന്റെ മേന്മയും കോട്ടവും. സ്പെഷ്യൽ കുട്ടികളുടെ മനസ്സിനെ അളക്കാൻ ക്രീഢാവിനോദങ്ങൾ സഹായിക്കുമെങ്കിലും കുട്ടിയെ അച്ചടക്കമുള്ളതാക്കാൻ അവ പോര. അവരെ ഏതെങ്കിലും ഒരു പ്രവൃത്തിയിൽ ശ്രദ്ധ ചെലുത്തിക്കാനും പറ്റില്ല. അച്ചടക്കവും ശ്രദ്ധയും നാം കുട്ടികളിൽ വളർത്തിയെടുക്കണം. ഈ ശ്രമകരമായ ചുമതലയാണ് സ്പെഷ്യൽ എജുക്കേഷൻ ഫീൽഡിൽ ജോലിചെയ്യുന്ന ടീച്ചർമാർക്കും, തെറാപ്പി-സൈക്കോളജിസ്റ്റുകൾക്കും നിർവഹിക്കാനുള്ളത്.

***********

മിക്ക സ്പെഷ്യൽ കുട്ടികളേയും പരിചരിക്കുക എളുപ്പമല്ല. അവർ നമ്മുടെ ശ്രദ്ധാവലയത്തിൽ എപ്പോഴുമുണ്ടാകണം. ഇക്കാരണത്താൽ, സ്പെഷ്യൽ കുട്ടികളെ പരിചരിച്ചു വളർത്താൻ അനുയോജ്യം കൂട്ടുകുടുംബ വ്യവസ്ഥിതിയാണ്. കുട്ടികളിൽ ശ്രദ്ധവയ്‌ക്കാൻ രണ്ടിലധികം പേരുള്ളത് മാതാപിതാക്കൾക്കു ആശ്വാസകരമാണ്. അവരിലെ മാനസികസംഘർഷം വീതിയ്‌ക്കപ്പെട്ടു പോവുമല്ലോ. അണുകുടുംബങ്ങളിൽ സ്ഥിതി നേരെ തിരിച്ചാണ്. കുട്ടികളെ പരിചരിച്ച് നോക്കിവളർത്താൻ അവിടെ മാതാവിനോ പിതാവിനോ മുഴുവൻ സമയവും നീക്കിവയ്‌‌ക്കേണ്ടി വരും. ഇത് ഇരുവരിലും മാനസികസമ്മർദ്ദം കൂട്ടും.

സ്പെഷ്യൽ കുട്ടികളുള്ള മാതാപിതാക്കളുടെ മനസ്സിലേക്കു ഒരു എത്തിനോട്ടം സാധ്യമാണോ? അസാധ്യമെന്നു തോന്നാമെങ്കിലും എനിക്കതിനു കഴിയും. കാരണം ഞാനുമൊരു സ്പെഷ്യൽ വ്യക്തിയാണ്. എന്റെ മാതാപിതാക്കളുടെ വിഷമതകൾ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അതുമായി താരതമ്യപ്പെടുത്തി സ്പെഷ്യൽ കുട്ടികളുടെ മാതാപിതാക്കളുടെ മനോഹിതം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

ഇരുപതാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Featured Image Credit: – https://www.indiamart.com/proddetail/graded-square-peg-board-with-25-pegs-19087139930.html


അഭിപ്രായം എഴുതുക