ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണം

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com Read More.


ഭാരതീയ ദർശനത്തിൽ പ്രത്യക്ഷ പ്രമാണം കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യമുള്ള പ്രമാണമാണ് അനുമാനം. എല്ലാ ദാർശനിക ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു. ചാർവാകർ പൊതുവെ അനുമാന പ്രമാണം അംഗീകരിക്കുന്നില്ല എന്നാണ് പറയപ്പെടുന്നെങ്കിലും, അതീന്ദ്രിയമായ ശക്തികളുടെ സാധുതക്ക് അനുമാന പ്രമാണം ഉപയോഗിക്കുന്നതിനെ മാത്രമേ ചാർവാകർ എതിർക്കുന്നുള്ളൂ എന്നു വാദമുണ്ട്. അനുഭവവേദ്യമായ ലോകത്തിൽ ചാർവാകർ അനുമാനത്തെ അനുകൂലിക്കുന്നു എന്നു സാരം (Ref).

ഒരു വസ്തുവിനെ സൂചിപ്പിക്കുന്ന അടയാളം ദർശിച്ച്, ആ വസ്തുവിനെ മനസ്സിലാക്കിയെടുക്കുന്ന രീതിയാണ് അനുമാനം. ഇവിടെ കാഴ്ചക്കാരൻ ദർശിക്കുന്ന അടയാളം, ആ അടയാളം സൂചിപ്പിക്കുന്ന വസ്തുവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കേണ്ടതുണ്ട്. എങ്കിലേ അനുമാനം വഴി ലഭിക്കുന്ന അറിവിനു സാധുതയുള്ളൂ. അനുമാനം അടിസ്ഥാനപരമായി പ്രത്യക്ഷമായ ഒരു അറിവിൽനിന്ന് മറ്റൊരു അറിവ് സമ്പാദിക്കുന്ന രീതിയാണ്.

ഒരു വസ്തുവിനു, അതിനെ കുറിക്കുന്ന അടയാളവുമായുള്ള അഭേദ്യബന്ധമാണ് അനുമാന പ്രമാണത്തിന്റെ ആധാരം. ഈ അഭേദ്യബന്ധത്തെ ‘വ്യാപ്തി’ എന്നു വിളിക്കുന്നു. തീയും പുകയും തമ്മിലുള്ള ബന്ധം വ്യാപ്തിക്കു ഒരു ഉദാഹരണമാണ്. ഇതിൽ ഒന്ന് മറ്റൊന്നിനെ കുറിക്കുന്ന അടയാളമാണ്.

‘വസ്തു ഉണ്ടെങ്കിൽ അടയാളവും ഉണ്ട്’ എന്ന അഭേദ്യബന്ധം മാത്രമല്ല അനുമാന പ്രമാണത്തിന്റെ കാതൽ. ‘വസ്തു ഇല്ലെങ്കിൽ അടയാളവും ഇല്ല’ എന്നതും അനുമാനത്തിന്റെ ആധാരമാണ്. എവിടെയെല്ലാം അടയാളമുണ്ടോ (പുക) അവിടെയെല്ലാം വസ്തു (തീ) ഉണ്ടെന്നും, എവിടെയെല്ലാം അടയാളം ഇല്ല, അവിടെയെല്ലാം വസ്തുവും ഇല്ലെന്ന നില. വസ്തുവും അടയാളവും തമ്മിൽ ഇതുപോലെ കർക്കശവും അഭേദ്യവുമായ ഒരു ബന്ധം (വ്യാപ്തി) അനുമാന പ്രമാണത്തിനു ഉണ്ടായേ തീരൂ. എങ്കിലേ ലഭിക്കുന്ന അറിവ് സംശയത്തിനു അതീതമായിരിക്കുകയുള്ളൂ.

കൂടുതൽ ദാർശനിക നുറുങ്ങുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(Ref) — “Outlines of Indian Philosophy”, Page 181, Hiriyanna. ഇത് തർക്കമറ്റ സംഗതിയല്ല, വിഷയത്തിന്റെ ഒരുവശം മാത്രമേ ആകുന്നുള്ളൂ. ചാർവാകർ അനുമാനത്തെ അംഗീകരിക്കുന്നില്ല എന്നതിനു പ്രബലമായ തെളിവുകൾ ഉണ്ട്.


Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!


അഭിപ്രായം എഴുതുക