സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
ബുദ്ധ ബുക്ക്സ് (അങ്കമാലി) പ്രസിദ്ധീകരിച്ച ‘ആർഷദർശനങ്ങൾ‘ എന്ന എന്റെ പുസ്തകത്തിലെ അദ്ധ്യായമാണ് ഇത്. പുസ്തകം വാങ്ങാൻ 9446482215 എന്ന നമ്പറിൽ ബന്ധപ്പെടുക. OR ആമസോണിൽ നിന്നു വാങ്ങാൻ, ഫ്ലിപ്‌കാർട്ടിൽ നിന്നു വാങ്ങാൻ.
ആറാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മസ്തിഷ്കം. ഇതിനു ഏൽക്കുന്ന ആഘാതങ്ങൾ മരണത്തിൽ വരെ കലാശിക്കാം; അല്ലെങ്കിൽ ഏതെങ്കിലും വിധ ശാരീരിക വൈകല്യം ഉറപ്പ്. മസ്തിഷ്കത്തിന്റെ ഇടതുഭാഗം ആരോഗ്യ കാരണങ്ങളാൽ എടുത്തു കളഞ്ഞെന്നു കരുതുക. എങ്കിൽ ശരീരത്തിന്റെ വലതുഭാഗം തളരും[1]. ശരീരത്തിലെ വിവിധ ഭാഗങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്കമാണെന്നു ഇത് തെളിയിക്കുന്നു
മസ്തിഷ്കം മനുഷ്യനു ‘വ്യക്തിത്വം’ പ്രദാനം ചെയ്യുന്നുവെന്നു പൊതുവെ കരുതപ്പെടുന്നു. സമൂഹത്തിലും ഒരുകൂട്ടം ആളുകൾക്കിടയിലും ഒരു വ്യക്തിക്കു താൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാണെന്നു തോന്നുന്നത്, ആ വ്യക്തിക്കു മാത്രമായുള്ള സവിശേഷ വ്യക്തിത്വം മൂലമാണ്. വ്യക്തിത്വം ഒരാളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു നിർവചിക്കുന്നു. മനുഷ്യന്റെ വികാരവിചാരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതും വ്യക്തിത്വമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം അതേപോലെ മറ്റൊരു വ്യക്തിക്കു ഉണ്ടാവുക അസാധ്യമാണ്. വ്യക്തിത്വം അത്രമാത്രം ഏകമാനമാണ് (unique) ആണ്.
ഇപ്രകാരം പരമപ്രധാനമായ വ്യക്തിത്വത്തിന്റെ ഉറവിടം എന്താണ്? ചാർവ്വാക ദർശനം വ്യക്തിത്വം ശരീരസൃഷ്ടിയാണെന്ന ദൃഢസിദ്ധാന്തക്കാരാണ്. എന്നാൽ ഇതിനെതിരെ ന്യായ ദർശനം തടസവാദങ്ങൾ ഉയർത്തുന്നുണ്ട്. അവയിലേക്കൊരു ഓട്ടപ്രദക്ഷിണം.
വ്യക്തിത്വം – ദ്രവ്യ നിർമിതിയുടെ ഒരു ഉല്പന്നം:-
ലോകത്തിലുള്ള എല്ലാം തന്നെ ദ്രവ്യനിർമിതിയാണെന്നു ചാർവ്വാക ദർശനം പറയുന്നു. പൃഥ്വി, ജലം, വായു, അഗ്നി എന്നീ നാല് മൂലഘടകങ്ങളാലാണ് എല്ലാം നിർമിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീരവും അങ്ങിനെ തന്നെ. ചാർവ്വാക ദർശനത്തിൽ വ്യക്തിത്വം ശരീരസൃഷ്ടിയാണ്. ശരീരത്തിനു ആരോഗ്യമുള്ളിടത്തോളം വ്യക്തിത്വം ശരീരത്തിൽ നിലനിൽക്കും. ശരീരത്തോടൊപ്പം വ്യക്തിത്വം നശിക്കുകയും ചെയ്യും. ശരീരബാഹ്യമായി വ്യക്തിത്വത്തെ നിർവചിക്കുന്ന ഒന്നുമില്ലെന്ന കാര്യത്തിൽ ചാർവാക ദർശനം കടുംപിടുത്തക്കാരാണ്.
ന്യായ ദർശന പ്രകാരം മനുഷ്യരുടെ വ്യക്തിത്വം നിർവചിക്കുന്നത് ആത്മാവാണ്. വ്യക്തിത്വം ശരീരസംബന്ധിയല്ല. മറിച്ചു ശരീരബാഹ്യമാണ്. ശരീരത്തിനു വ്യക്തിത്വത്തെ സ്വാധീനിക്കാനാവില്ല. ന്യായ ദർശനത്തിന്റെ ഇത്തരം നിലപാടുകൾ വ്യക്തിത്വം ശരീരസംബന്ധിയാണെന്ന ചാർവ്വാക സിദ്ധാന്തത്തെ നിരസിക്കുന്നു.
ന്യായ ദർശന വീക്ഷണം:-
വ്യക്തിത്വം ശരീരനിർമിതിയാണെന്ന ചാർവാകരുടെ സിദ്ധാന്തത്തിൽ മസ്തിഷ്കവും അതിനോടു ബന്ധപ്പെട്ട നാഢീവ്യവസ്ഥയും, വ്യക്തി ജീവിച്ചുവളരുന്ന സാമൂഹിക സാഹചര്യങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും, മസ്തിഷ്കം ഇവിടെ കേന്ദ്രബിന്ദുവാണ്. കൈകാലുകൾക്കു അംഗഭംഗം വന്നാലോ ശരീരത്തിനുള്ളിലെ അംഗങ്ങൾക്കു പ്രശ്നം വരുമ്പോഴും വ്യക്തിത്വം മാറുന്നില്ല. എന്നാൽ മസ്തിഷ്കം പ്രവർത്തനരഹിതമാകുമ്പോൾ എല്ലാം നിലക്കുന്നു. അതുവഴി മസ്തിഷ്കമാണ് വ്യക്തിത്വത്തെ നിർവചിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെടുന്നു. എന്നാൽ ഇവിടെ ചില തടസങ്ങൾ ഉയരുന്നുണ്ട്. എല്ലാവരുടേയും മസ്തിഷ്കം ഉൾപ്പെടുന്ന നാഢീവ്യൂഹം ഒരേ മൂലഘടകങ്ങളാൽ നിർമിതമാണ്. എന്നിട്ടും എന്തുകൊണ്ട് എല്ലാവർക്കും ഒരേ വ്യക്തിത്വം ലഭിക്കാതെ വെവ്വേറെ വ്യക്തിത്വം ലഭിക്കുന്നു?
എല്ലാ വിധത്തിലും തുല്യ സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന രണ്ട് വ്യക്തികളെ എടുക്കുക[2]. ഇവരുടെ മസ്തിഷ്കവും നാഢീവ്യൂഹവും തമ്മിൽ വ്യത്യാസമില്ലെന്നും, ഒരേ സാമൂഹിക സാഹചര്യങ്ങളിലൂടെയുമാണ് ഇവർ വളർന്നുവന്നതെന്നും കരുതുക. അപ്പോൾ ജീവിതത്തിൽ ഒരേ പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ ഇവർ എടുക്കുന്ന തീരുമാനങ്ങൾ സമാനമായിരിക്കുമോ? ഒരേ ഇൻപുട്ടിനു രണ്ടുപേരും സമാന ഔട്ട്പുട്ട് നൽകുമോ എന്നാണ് ചോദ്യം. ഇവരിലെ വ്യക്തിത്വം ഒരുപോലുള്ള മസ്തിഷ്കത്തിന്റെ ഉല്പന്നമായതിനാലും, ഇരുവരും ജനിച്ചു വളർന്നത് തുല്യ സാഹചര്യങ്ങളിലായതിനാലും തീർച്ചയായും ഇവരുടെ തീരുമാനങ്ങൾ സമാനമായിരിക്കേണ്ടതാണ്. പക്ഷേ നമ്മുടെ കൺമുന്നിലും, പരിചയസീമയിലും സംഭവിക്കുന്നത് അങ്ങിനെയല്ല. സമാനചിന്താഗതി പുലർത്തുന്നവർ പോലും ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് എടുക്കുന്നത് സർവ്വസാധാരണമാണ്. ഒരു വ്യക്തി ‘XYZ’ രീതിയിൽ ചിന്തിക്കും. ഇതര വ്യക്തി ‘ABC’ രീതിയിലും. മസ്തിഷ്കം നിർമിച്ചിരിക്കുന്നത് ഒരേ മൂലഘടകങ്ങളാലായിട്ടും, സമാന രീതിയിൽ വളർന്നുവന്നിട്ടും, ഇവർ ഒരേ വിഷയത്തിൽ വ്യത്യസ്ത തീരുമാനമെടുക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഒരേ തരത്തിലുള്ള മസ്തിഷ്കങ്ങൾക്കു ഒരേ വിഷയത്തിൽ എങ്ങിനെ വ്യത്യസ്ത രീതിയിൽ ചിന്തിക്കാനാകുന്നു?
സങ്കീർണത വാദം:-
മാറ്റങ്ങൾക്കു വിധേയമാകുന്ന മനുഷ്യശരീരം/മസ്തിഷ്കം എങ്ങിനെയാണ് മാറ്റങ്ങൾക്കു വിധേയമല്ലാത്ത വ്യക്തിത്വത്തെ നിർമിക്കുന്നത്. ചാർവാകർ മസ്തിഷ്കത്തിന്റെ സങ്കീർണ്ണ ഘടനയിലേക്കു വിരൽചൂണ്ടും. ‘ശരീരത്തിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് മസ്തിഷ്കത്തിനു സങ്കീർണ്ണ ഘടനയാണുള്ളത്. ഈ സങ്കീർണ്ണ ഘടന നിമിത്തം മസ്തിഷ്കത്തിനു വ്യക്തിത്വം സൃഷ്ടിക്കാനാകും’. ഇതാണ് സങ്കീർണ്ണതാ വാദം. സങ്കീർണ്ണ ഘടനയായതിനാൽ മസ്തിഷ്കത്തിനു അൽഭുതം സൃഷ്ടിക്കാമത്രെ!
സങ്കീർണ്ണതാ വാദം തെറ്റായ വാദരീതിയാണ് മുന്നോട്ടു വയ്ക്കുന്നത്. മസ്തിഷ്കത്തിന്റെ ഘടന സങ്കീർണ്ണമാണെന്നതിൽ തർക്കമില്ല. എന്നാൽ അതിലൂന്നി ‘മസ്തിഷ്കം വ്യക്തിത്വം സൃഷ്ടിക്കുന്നു’ എന്നു വാദിക്കുന്നതിൽ എത്രത്തോളം ന്യായമുണ്ട്? മസ്തിഷ്കത്തിന്റെ ഏതെങ്കിലും സവിശേഷതയെ (ഉദാ: സങ്കീർണ്ണ ഘടന) ചൂണ്ടിക്കാട്ടി, മസ്തിഷ്കം വ്യക്തിത്വം സൃഷ്ടിക്കുണ്ടോ ഇല്ലയോ എന്ന വാദത്തിൽ തീർപ്പ് കല്പിക്കുന്നത് തെറ്റായ രീതിയാണ്. ഇപ്രകാരം തീർപ്പു കല്പിക്കാമെങ്കിൽ മറ്റു തർക്കങ്ങളിലും സങ്കീർണ്ണതാ വാദം പ്രയോഗിക്കാവുന്നതാണ്. പക്ഷേ അതുവഴി നാം എത്തുന്ന തീരുമാനങ്ങൾ തെറ്റായിരിക്കുമെന്നു ഒട്ടും സംശയിക്കേണ്ട.
മസ്തിഷ്കത്തിന്റെ സങ്കീർണ്ണ ഘടന ചൂണ്ടിക്കാട്ടി ‘മസ്തിഷ്കം വ്യക്തിത്വം സൃഷ്ടിക്കുന്നു’ എന്നു പറയാമെങ്കിൽ, മസ്തിഷ്കത്തിന്റെ സങ്കീർണ്ണ ഘടനയെ തന്നെ ചൂണ്ടിക്കാട്ടി ‘മസ്തിഷ്കം വ്യക്തിത്വം സൃഷ്ടിക്കുന്നില്ല’ എന്നും പറയാം. അതിൽ തെറ്റില്ല. സങ്കീർണ്ണ ഘടന മൂലം സാധ്യമാണെന്നു പറയുന്നതിലും, സങ്കീർണ്ണ ഘടന മൂലം സാധ്യമല്ലെന്നു പറയുന്നതിലും അടങ്ങിയിരിക്കുന്ന യുക്തി ഒന്നു തന്നെയാണ്. സങ്കീർണ്ണത വാദത്തിന്റെ പ്രധാന ന്യൂനതയാണിത്.
‘ഓർമ’ എന്ന കീറാമുട്ടി:-
ഓർമയെ വിശദീകരിക്കുന്നതിൽ മസ്തിഷ്കത്തിന്റെ പങ്ക് പലപ്പോഴും പ്രശ്നതലത്തിലാണ്. ഒരു മനുഷ്യന്റെ ബാല്യകാലത്തു നടന്ന ഒരു സംഭവം അദ്ദേഹം വാർദ്ധക്യ കാലത്തും ഓർക്കുന്നുണ്ടാകും. ഓർമ മസ്തിഷ്കത്തിന്റെ സൃഷ്ടിയാണെങ്കിൽ ഇതെങ്ങിനെ സാധ്യമാകും? ബാല്യകാലത്തെ മസ്തിഷ്കത്തിൽ നിന്ന് വ്യത്യസ്തമായി മസ്തിഷ്കമായിരിക്കും വാർദ്ധക്യത്തിൽ. ശാരീരികമായി തികച്ചും വ്യത്യസ്തമെന്നു തന്നെ പറയാം. അങ്ങിനെയെങ്കിൽ പുതിയ മസ്തിഷ്കം എങ്ങിനെയാണ് ബാല്യകാലത്തെ സംഭവം വീണ്ടും ഓർത്തെടുക്കുന്നത്. വ്യക്തിത്വം (അല്ലെങ്കിൽ തത്തുല്യമായ ഒന്ന്), ശരീരബന്ധിതമല്ലാത്തപ്പോൾ മാത്രമല്ലേ ഇത് സാധിതമാകൂ?
ഓർമയെ സംബന്ധിച്ച മറ്റൊരു സാഹചര്യവും ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ബാല്യത്തിൽ നടന്ന സംഭവങ്ങളെല്ലാം നാം എപ്പോഴും ഓർത്തിരിക്കണമെന്നില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം പലതും മറന്നുപോകും. എന്നാൽ വാർദ്ധക്യ കാലത്തു ആരുടെയെങ്കിലും ഓർമപ്പെടുത്തലിലൂടെ ബാല്യകാലസംഭവം വീണ്ടും ഓർത്തെടുക്കാൻ പറ്റും. ഇത് അൽഭുതകരമല്ലേ! കുറേക്കാലത്തിനു ശേഷം ഓർത്തെടുക്കപ്പെടുന്ന ബാല്യകാല സംഭവങ്ങൾ, നമുക്കു സ്വന്തമായി ഓർത്തെടുക്കാൻ കഴിയാഞ്ഞപ്പോൾ, നമ്മിൽ എവിടെയാണ് ശേഖരിക്കപ്പെട്ടു വച്ചിരുന്നത്? ബാല്യത്തിൽ നടന്ന സംഭവത്തിന്റേയും, വാർദ്ധക്യത്തിൽ ആ സംഭവം ഓർമിച്ചെടുത്ത് അതിനെ ബാല്യകാലസംഭവുമായി കൂട്ടിച്ചേർത്ത് കാണുകയും ചെയ്ത ‘ദൃഷ്ടാവ്’ ആരാണ്? ആ ദൃഷ്ടാവിനെയാണോ ‘ആത്മാവ്’ എന്നു വിളിക്കുന്നത്?
‘വാർദ്ധക്യത്തിലെ മസ്തിഷ്കം രൂപപ്പെട്ടത് ബാല്യകാലത്തെ മസ്തിഷ്കം പൂർണമായും നശിച്ചുകൊണ്ടല്ല, മറിച്ച് കോശങ്ങളെ ക്രമമായി നിഷ്കാസനം ചെയ്തുകൊണ്ടാണ്’ എന്നു വാദമുണ്ട്. ക്രമമായ നിഷ്കാസനമാണെങ്കിൽ മസ്തിഷ്കത്തിലെ പഴയ കോശങ്ങളിൽനിന്ന് പുതിയ കോശങ്ങളിലേക്കു ഓർമയും മറ്റും സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെടും; അപ്രകാരം ബാല്യകാല സംഭവം ക്രമമായി കൈമാറ്റം ചെയ്യപ്പെട്ടു വാർദ്ധക്യകാലത്തും മസ്തിഷ്കത്തിൽ നിലനിൽക്കും എന്നതാണ് ഈ വാദത്തിൽ അന്തർലീനമായിരിക്കുന്ന തത്വം. എന്നാൽ ഈ വാദം തെറ്റാണെന്നു ന്യായ – വൈശേഷിക ദർശനം ചൂണ്ടിക്കാട്ടുന്നു. ‘പൂർണ്ണമായി’ (Whole) നിലകൊള്ളുന്ന ഒന്നിന്റെ ‘ഒരു ഭാഗത്തിനു’ (Part) തകരാർ വന്നാൽ അത് പൂർണ്ണമായതിന്റെ തന്നെ തകരാർ ആണെന്നു ന്യായ പറയുന്നു. ഒരു ഭാഗത്തിനു തകരാർ സംഭവിച്ചാൽ പിന്നെ ഒന്നിനും പൂർണത അവകാശപ്പെടാൻ പറ്റില്ലെന്നു സാരം. ഒരു വീടിന്റെ വിവിധഭാഗങ്ങൾ ഉപയോഗിച്ച് അതേ പോലുള്ള മറ്റൊരു വീട് നിർമിക്കുന്നുവെന്നു കരുതുക. രണ്ടാമത്തെ വീടിനു നൽകാനായി, ആദ്യവീടിന്റെ മേൽക്കൂരയോ ചുമർഭാഗമോ ഇളക്കി മാറ്റിയാൽ, പിന്നെ ആദ്യവീട് എങ്ങിനെയാണ് ‘വീട്’ ആവുക? അതുപോലെ മസ്തിഷ്കത്തിലെ കോശങ്ങളുടെ ക്രമമായ നിഷ്കാസനം വഴി ഓർമയെ എങ്ങിനെയാണ് വിശദീകരിക്കുക? മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നവക്ക് മാറ്റങ്ങൾക്കു വിധേയമല്ലാത്ത മനുഷ്യ വ്യക്തിത്വത്തെ എങ്ങിനെയാണ് നിലനിർത്താൻ കഴിയുക?
വ്യക്തിത്വം, ഓർമ., എന്നിവയെല്ലാം മസ്തിഷ്കത്തിന്റെ പ്രവർത്തന ഫലമായി ഉണ്ടാകുന്നതാണെന്ന വാദത്തിനു ഇപ്രകാരം തടസവാദങ്ങൾ ന്യായ ദർശനം മുന്നോട്ടു വയ്ക്കുന്നു. ഒപ്പം ആത്മാവിനെ മുൻനിർത്തി വ്യക്തിത്വത്തെ വിശദീകരിക്കുകയും ചെയ്യുന്നു.
[1] എന്നാൽ ഓർമയും വ്യക്തിത്വവും നശിക്കുമെന്നു ഉറപ്പ് പറയാനാകില്ല. ഇത് പലരീതിയിൽ ശ്രദ്ധേയവുമാണ്. മസ്തിഷ്കം ഉൾപ്പെടുന്ന നാഢീവ്യൂഹം ഒരു മനുഷ്യന്റെ (മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ) വ്യക്തിത്വത്തെ നിർവചിക്കുന്നു എന്നത് ഒരു വാദഗതിയാണ്. എന്നാൽ ഇവിടെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടിട്ടും ഓർമ നശിക്കുന്നില്ലെന്നു വരുന്നു. അതുവഴി നാഢീവ്യൂഹത്തിലെ ഒരു ഭാഗം നഷ്ടപ്പെട്ടിട്ടും വ്യക്തിത്വത്തിനു തകരാർ വരുന്നില്ല. ചലന സംബന്ധിയായ പ്രശ്നങ്ങളും മറ്റുമാണ് സാധാരണ കണ്ടുവരുന്നത്. നാഡീവ്യൂഹത്തിന്റെ പൂർണത നാഢീവ്യൂഹത്തിന്റെ അംഗങ്ങളുടെ പൂർണതയെ ആശ്രയിച്ചിരിക്കുന്നു. ഏതെങ്കിലും ഒരംഗം തകരാറിലായാൽ പിന്നെ നാഢീവ്യൂഹം പൂർണമാണെന്നു പറയാനാകില്ല. മനുഷ്യന്റെ വ്യക്തിത്വത്തെ പ്രദാനം ചെയ്യുന്ന നാഢീവ്യൂഹത്തിലെ ഒരംഗത്തിന്റെ തകരാർ വ്യക്തിത്വത്തിന്റെ തന്നെ തകരാർ ആകില്ലേ? മനുഷ്യന്റെ വ്യക്തിത്വത്തെ നിർവചിക്കുന്നെന്ന് പറയപ്പെടുന്നതെല്ലാം മാറ്റങ്ങൾക്കു വിധേയമായ ശാരീരികഭാഗങ്ങളാണ്. എന്നാൽ ഇവയുടെ മാറ്റങ്ങൾക്കു അനുസരിച്ച്, ഇവ പ്രദാനം ചെയ്യുന്നെന്നു കരുതുന്ന, വ്യക്തിത്വം മാറുന്നതുമില്ല!
[2] ക്ലോണിങ് വഴി ജനിച്ചവരെ ഉദാഹരണമാക്കാം.
Featured Image Credit — https://www.templepurohit.com/vaisheshika-nyaya-philosophy-hinduism/