ലേഖനം 4 — പ്രമാണങ്ങൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബുദ്ധ ബുക്ക്സ് (അങ്കമാലി) പ്രസിദ്ധീകരിച്ച ‘ആർഷദർശനങ്ങൾ‘ എന്ന എന്റെ പുസ്തകത്തിലെ അദ്ധ്യായമാണ് ഇത്. പുസ്തകം വാങ്ങാൻ 9446482215 എന്ന നമ്പറിൽ ബന്ധപ്പെടുക. OR ആമസോണിൽ നിന്നു വാങ്ങാൻ, ഫ്ലിപ്‌കാർട്ടിൽ നിന്നു വാങ്ങാൻ.


മൂന്നാമത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാരതീയ തത്ത്വചിന്തയെ പറ്റിയുള്ള ഏത് ഗ്രന്ഥത്തിലും വിവിധ ‘വിജ്ഞാന സ്രോതസ്സ്’-കളെ (സംസ്കൃതത്തിൽ, പ്രമാണം) കുറിച്ചു പ്രതിപാദിക്കേണ്ടതുണ്ട്. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചു ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ. ഭാരതീയ ദർശനങ്ങൾ ഇതിനു വിവിധ രീതികൾ അവലംബിച്ചു വരുന്നു. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’ അല്ലെങ്കിൽ ‘വിജ്ഞാന സ്രോതസ്സ്’ എന്നു പറയുന്നത്. പ്രമാണങ്ങൾ വിജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്ന് വിവരം ശേഖരിക്കുകയും, അവയെ ഒരു പ്രത്യേക രീതിയിൽ മനുഷ്യരിലേക്കു കടത്തിവിടുകയും ചെയ്യുന്നു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ദാർശനികർ വിവിധ സിദ്ധാന്തങ്ങൾ പടുത്തുയർത്തുന്നത്. പ്രമാണങ്ങളെ പറ്റിയുള്ള പഠനത്തിൽ പിഴവ് വന്നാൽ, അതിന്മേൽ പടുത്തുയർത്തുന്ന എല്ലാ സിദ്ധാന്തങ്ങളും അസ്ഥിരവും അസാധുവുമാകും. അതിനാൽ പ്രമാണങ്ങളെ കുറിച്ചുള്ള പഠനവും വിശകലനവും തീർത്തും കുറ്റമറ്റതാകേണ്ടതുണ്ട്.

വിവിധ ഭാരതീയ ദർശനങ്ങൾ ഒന്നിലധികം പ്രമാണങ്ങളെ അംഗീകരിക്കുന്നു. എല്ലാ ദർശന ധാരകൾക്കും പ്രമാണങ്ങൾ പൊതുവല്ല. അദ്വൈത വേദാന്തവും പൂർവ്വ മീമാംസയും ആറ് പ്രമാണങ്ങളെ അംഗീകരിക്കുമ്പോൾ, ചില ബുദ്ധിസ്റ്റ് ദർശനങ്ങൾ വെറും രണ്ട് പ്രമാണങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. എന്നാൽ രണ്ടോ അതിലധികമോ പ്രമാണങ്ങളെ ഒറ്റ ഗ്രൂപ്പായി പരിഗണിക്കുന്ന സമ്പ്രദായം ഭാരതീയ ദർശനത്തിലുണ്ട്. ഉദാഹരണമായി, അദ്വൈത വേദാന്തത്തിലെ ‘ഉപമാനം[1]’, ‘അർത്ഥപത്തി[2]’ എന്നീ പ്രമാണങ്ങൾ മറ്റു ദർശനങ്ങളിൽ ‘അനുമാനം’ എന്ന പ്രമാണത്തിൽ ഉൾപ്പെടുന്നു.

എല്ലാ ഭാരതീയ ദർശനങ്ങളും പൊതുവെ മൂന്ന് പ്രമാണങ്ങളെ അംഗീകരിച്ചിട്ടുണ്ട്. പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം[3] എന്നിവയാണ് അവ.

പ്രത്യക്ഷം (Peception):-

പ്രത്യക്ഷ പ്രമാണത്തിൽ, വ്യക്തി പഞ്ചേന്ദ്രിയങ്ങൾ മുഖേന ബാഹ്യലോകത്തെ നേരിട്ടു അനുഭവിച്ചറിയുന്നു. ബാഹ്യവസ്തുക്കളെ പറ്റിയുള്ള അറിവുകൾ ഇന്ദ്രിയങ്ങൾ വഴി വ്യക്തിക്കു നേരിട്ടു ലഭിക്കുന്നു. ഈ അറിവുകൾ വ്യക്തതയുള്ളതും, പലപ്പോഴും സംശയത്തിനു അതീതവുമായിരിക്കും[4]. പ്രത്യക്ഷമാണ് പരമ പ്രമാണം. കാരണം എല്ലാ പ്രമാണങ്ങളും, അവയുടെ പ്രവർത്തനത്തിനായി, ഏതെങ്കിലും വിധത്തിൽ പ്രത്യക്ഷ പ്രമാണത്തെ ആശ്രയിക്കുന്നു.

പ്രത്യക്ഷ പ്രമാണം രണ്ടു വിധമുണ്ട്. ഒന്ന് – ബാഹ്യലോക വസ്തുക്കളുമായുള്ള ബാഹ്യസംവദനം. രണ്ട് – മാനസികാവസ്ഥയുമായുള്ള ആന്തരിക സംവദനം. ബാഹ്യസംവദനത്തിൽ മനുഷ്യനിലെ പഞ്ചേന്ദ്രിയങ്ങൾ വസ്തുവിനെ പറ്റിയുള്ള വിവരങ്ങൾ മനസ്സിനു[5] കൈമാറുന്നു. മനസ്സ് ഇതു ആത്മാവിനു കൈമാറും. ബാഹ്യഇന്ദ്രിയങ്ങൾ – മനസ്സ് – ആത്മാവ് എന്നിവ ഉൾപ്പെടുന്ന, ഈ സംവദനപ്രക്രിയ വിവിധ ദാർശനിക ധാരകൾ വിവിധ രീതിയിലാണ് സിദ്ധാന്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പൊതുനിലപാട് ഇല്ലെന്നു സാരം.

ആന്തരിക സംവദനത്തിൽ, മനുഷ്യ ശരീരത്തിനുള്ളിൽ തന്നെയുള്ള സന്തോഷം, ദുഃഖം, ആഗ്രഹം തുടങ്ങിയ മാനസിക ഭാവങ്ങളെ മനസ്സ് ആത്മാവിലേക്കു വിനിമയം ചെയ്യും. മനസ്സും ആത്മാവും തമ്മിൽ നേരിട്ടുള്ള സംവദനമായതിനാൽ, ഇവിടെ അന്തിമതീരുമാനം വളരെ വേഗത്തിൽ ഉണ്ടാകും.

പ്രത്യക്ഷ പ്രമാണത്തിലെ ബാഹ്യസംവദനത്തിനു രണ്ടു ഘട്ടങ്ങളുണ്ടെന്നു പല ദർശന ധാരകളും പറയുന്നു. ആദ്യഘട്ടത്തിൽ ബാഹ്യവസ്തു ഏതാണെന്നും, അതിന്റെ ഗുണങ്ങൾ എന്താണെന്നും അറിയാനാകില്ല. അദ്വൈത വേദാന്തം ഈ ഘട്ടത്തെ ‘നിർവികല്പക[6]’ എന്നു വിളിക്കുന്നു. ഈ ഘട്ടത്തിൽ വസ്തുവിന്റെ ഇനം, സ്വഭാവം, ഗുണം., തുടങ്ങിയ വിവരങ്ങൾ ഒന്നും കാഴ്ചക്കാരനു ലഭിക്കില്ല. വസ്തുവിനെപ്പറ്റി അവ്യക്ത ആശയമേ കാഴ്ചക്കാരനിൽ ഉണ്ടാകൂ. രണ്ടാമത്തെ ‘സവികല്പക[7]’ ഘട്ടത്തിലാണ് കാഴ്ചക്കാരൻ ബാഹ്യവസ്തുവിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നത്.

അദ്വൈത വേദാന്ത പ്രകാരം പ്രത്യക്ഷ പ്രമാണം വഴി ലഭിക്കുന്ന എല്ലാ അറിവുകളും സ്വതവേ സാധുവാണ്. ഈ അറിവിനെ സാധൂകരിക്കാൻ മറ്റൊരു അറിവ് ആവശ്യമില്ല[8]. സ്വതവേ സാധുവായ അറിവിനെ അസാധുവാക്കുന്നത് ബാഹ്യലോകത്തിലെ പ്രശ്നങ്ങളാണ്. അദ്വൈത വേദാന്തത്തിന്റെ ഈ നിലപാടിനെ ന്യായ ദർശനം കഠിനമായി എതിർക്കുന്നു. അറിവ് സ്വതവേ സാധുവോ അസാധുവോ അല്ലെന്നും, അറിവിന്റെ സാധുതയെ ഉറപ്പിക്കുന്നത് അതിന്റെ പ്രായോഗിക ക്ഷമതയാണെന്നും ന്യായ ദർശനം പറയുന്നു. ഇവിടെ അറിവിന്റെ സാധുത ഉറപ്പിക്കുന്നത് ബാഹ്യഘടകങ്ങളാണ്.

അനുമാനം (Inference):-

ഒരു വസ്തുവിനെ സൂചിപ്പിക്കുന്ന അടയാളം ദർശിച്ച്, ആ വസ്തുവിനെ മനസ്സിലാക്കിയെടുക്കുന്ന രീതിയാണ് അനുമാനം. ഇവിടെ കാഴ്ചക്കാരൻ ദർശിക്കുന്ന അടയാളം, ആ അടയാളം സൂചിപ്പിക്കുന്ന വസ്തുവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കേണ്ടതുണ്ട്. എങ്കിലേ അനുമാനം വഴി ലഭിക്കുന്ന അറിവിനു സാധുതയുള്ളൂ. അനുമാനം അടിസ്ഥാനപരമായി പ്രത്യക്ഷമായ ഒരു അറിവിൽനിന്ന് മറ്റൊരു അറിവ് സമ്പാദിക്കുന്ന രീതിയാണ്.

ഒരു വസ്തുവിനു അതിനെ കുറിക്കുന്ന അടയാളവുമായുള്ള അഭേദ്യബന്ധമാണ് അനുമാന പ്രമാണത്തിന്റെ ആധാരം. ഈ അഭേദ്യ ബന്ധത്തെ ‘വ്യാപ്തി’ എന്നു വിളിക്കുന്നു. തീയും പുകയും തമ്മിലുള്ള ബന്ധം വ്യാപ്തി-ക്കു ഒരു ഉദാഹരണമാണ്. ഇതിൽ ഒന്ന് മറ്റൊന്നിനെ കുറിക്കുന്ന അടയാളമാണ്.

‘വസ്തു ഉണ്ടെങ്കിൽ അടയാളവും ഉണ്ട്’ എന്ന അഭേദ്യബന്ധം മാത്രമല്ല അനുമാന പ്രമാണത്തിന്റെ കാതൽ. ‘വസ്തു ഇല്ലെങ്കിൽ അടയാളവും ഇല്ല’ എന്നതും അനുമാനത്തിന്റെ ആധാരമാണ്. എവിടെയെല്ലാം അടയാളമുണ്ടോ (പുക) അവിടെയെല്ലാം വസ്തു (തീ) ഉണ്ടെന്നും, എവിടെയെല്ലാം അടയാളം ഇല്ല, അവിടെയെല്ലാം വസ്തുവും ഇല്ലെന്ന നില. വസ്തുവും അടയാളവും തമ്മിൽ ഇതുപോലെ കർക്കശവും അഭേദ്യവുമായ ഒരു ബന്ധം (വ്യാപ്തി) അനുമാന പ്രമാണത്തിനു ഉണ്ടായേ തീരൂ. എങ്കിലേ ലഭിക്കുന്ന അറിവ് സംശയത്തിനു അതീതമായിരിക്കുകയുള്ളൂ.

അനുമാന പ്രമാണം രണ്ടുവിധത്തിൽ പ്രവർത്തിക്കുന്നു. ആദ്യത്തേതിൽ, അടയാളം കാണുന്ന കാഴ്ചക്കാരൻ അറിവിനു വേണ്ടി വ്യാപ്തിയെ കുറിച്ച് സ്വയം ആത്മചിന്തനം നടത്തുന്നു (Inference for himself). യാന്ത്രികമായി നടക്കുന്ന മാനസിക പക്രിയയാണ് ഇത്. കുന്നിൻമുകളിൽ പുക കാണുമ്പോൾ കാഴ്ചക്കാരന്റെ മനസ്സിൽ, തീ-പുക ബന്ധത്തെപ്പറ്റി, യാന്ത്രികമായി ത്സടുതിയിലൊരു വിശകലനം നടത്തപ്പെടുന്നു. തത്‌ഫലമായി കുന്നിൻമുകളിൽ തീയുണ്ടെന്നു കാഴ്ചക്കാരൻ ഉറപ്പിക്കുന്നു.

അനുമാനത്തിന്റെ രണ്ടാമത്തെ രീതിയിൽ, തീയും പുകയും തമ്മിലുള്ള വ്യപ്തിയെ പറ്റി കാഴ്ചക്കാരൻ, വ്യാപ്തി ദർശിച്ചിട്ടില്ലാത്ത, മറ്റൊരു വ്യക്തിക്കു വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് (Inference for others). വ്യാപ്തിയെ പറ്റി ആന്തരിക വിശകലനമല്ല ഇവിടെ നടക്കുന്നത്. മറിച്ച് സംഭാഷണത്തിലൂടെ വ്യാപ്തിയെ നിർവചിക്കുകയാണ് ചെയ്യുന്നത്. വസ്തുവും അതിന്റെ അടയാളവും തമ്മിലുള്ള അഭേദ്യബന്ധം യുക്തിപരമായി, കാഴ്ചക്കാരൻ കാഴ്ചക്കാരനല്ലാത്ത മറ്റൊരു വ്യക്തിയെ പറഞ്ഞു മനസ്സിലാക്കിയ്ക്കുന്നു. ഇതിനെ പൊതുവെ ത്രിപാദ സിദ്ധാന്തം (Syllogism) എന്നു വിളിക്കുന്നു.ഒരു ഉദാഹരണം താഴെ.

“അടുക്കളയിലെ പോലെ, തീ എവിടെയുണ്ടോ അവിടെ പുകയും ഉണ്ട്.

ഈ കുന്നിനു മുകളിൽ പുകയുണ്ട്.

അതിനാൽ കുന്നിനു മുകളിൽ തീയും ഉണ്ട്.”

മിക്ക ഭാരതീയ ദർശനങ്ങളും മൂന്നു അംഗങ്ങളുള്ള സില്ലോഗിസമാണ് ഉപയോഗിക്കുന്നത്. എന്നാൽ ന്യായ ദർശനത്തിൽ അഞ്ച് അംഗങ്ങളുണ്ട്. ഉദാഹരണം താഴെ.

“കുന്നിനു മുകളിൽ തീ ഉണ്ട്.

കാരണം കുന്നിനു മുകളിൽ പുക ഉണ്ട്.

അടുക്കളയിലെ പോലെ, എവിടെയാണോ പുകയുള്ളത് അവിടെ തീയും ഉണ്ട്.

തീ ഉള്ളപ്പോൾ കാണാറുള്ള പോലത്തെ പുക കുന്നിനു മുകളിൽ ഉണ്ട്.

അതിനാൽ കുന്നിനു മുകളിൽ തീ ഉണ്ട്.”

അനേകം സൂക്ഷ്മനിരീക്ഷണങ്ങളിൽ നിന്നു യുക്തിഭദ്രമായി വ്യവഹരിച്ചെടുക്കപ്പെട്ട തീരുമാനങ്ങളും, ഈ തീരുമാനങ്ങളെ പ്രവർത്തിപഥത്തിൽ പ്രതിഷ്ഠിച്ച് പരീക്ഷണത്തിലൂടെ അതിൽ അടങ്ങിയിരിക്കുന്ന സത്യത്തിന്റെ സാധുത ഉറപ്പുവരുത്തുന്നതും ഭാരതീയ ദർശനങ്ങൾ ഉപയോഗിക്കുന്ന സില്ലോഗിസത്തിന്റെ പ്രത്യേകതയാണ്. ‘The positive sciences of ancient Hindus’ എന്ന പ്രശസ്ത ഗ്രന്ഥത്തിൽ B N Seal ഇതിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്.

“Anumana is the process of ascertaining, not by perception or direct observation, but through the instrumentality or medium of a mark, that a thing possesses a certain character. Inference is therefore based on the establishment of an invariable concomitance between the ‘mark’ and the character inferred. The Hindu inference is therefore neither merely formal not merely material, but a combined Formal – Material Deductive – Inductive process…… this formal – material deductive – inductive process thus turns on one thing – the establishment of the invariable concomitance between the ‘mark’ and the character inferred – in other words, an inductive generalization.”

Read More ->  ശ്രീബുദ്ധനും വേദങ്ങളും

D M Dutta അദ്ദേഹത്തിന്റെ ‘The six ways of knowing’ എന്ന ഗ്രന്ഥത്തിലും ഇതേ വിഷയം പരാമർശിക്കുന്നു.

“… The necessity of classifying inference into the deductive and inductive also did not arise, because for the Indian logician no syllogism was of any value unless based on a universal major established through induction; consequently, the processes of induction and deduction blended together to constitute a syllogism.”

ഭാരതീയ ദർശനത്തിൽ, അനുമാനം എന്ന പ്രമാണത്തിൽ വേറേയും പ്രമാണങ്ങൾ അംഗങ്ങളായുണ്ട്. ചില ദർശനധാരകൾ വ്യത്യസ്ത പ്രമാണമായി പരിഗണിക്കുന്നവ, ചില ദർശനങ്ങൾ ‘അനുമാനം’ എന്ന പ്രമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി, അദ്വൈത വേദാന്തത്തിൽ ആറ് പ്രമാണങ്ങളുണ്ട് – പ്രത്യക്ഷം, അനുമാനം, ഉപമാനം, അർത്ഥപത്തി, അനുപലബ്ധി, ആപ്തവാക്യം. മറ്റു ദർശനങ്ങൾ ഈ ആറെണ്ണത്തിൽ പെടുന്ന പ്രമാണങ്ങളെ അംഗീകരിക്കുമെങ്കിലും, അവർ ഓരോ പ്രമാണവും വെവ്വേറെയാണെന്നു പറയില്ല. അദ്വൈത വേദാന്തത്തിലെ ഉപമാനം, അർത്ഥപത്തി എന്നീ പ്രമാണങ്ങളെ മറ്റു ദർശനങ്ങൾ അനുമാന പ്രമാണത്തിൽ ഉൾപ്പെടുത്തുകയാണ് പതിവ്. വൈശേഷിക ദർശനത്തിൽ പ്രത്യക്ഷവും അനുമാനവും മാത്രമേ പ്രമാണങ്ങളായുള്ളൂ. പക്ഷേ ഇവിടെ അനുമാന പ്രമാണത്തിൽ ആപ്തവാക്യവും, പ്രത്യക്ഷത്തിൽ ഉപമാനവും ഉൾപ്പെടുന്നുണ്ട്.

ഭാരതീയ ദർശനത്തിൽ ചാർവാക ദർശനം ഒഴികെ എല്ലാ ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു[9].

ആപ്തവാക്യം[10]:-

ബാഹ്യലോക വിജ്ഞാനത്തെ കാഴ്ചക്കാരനിലേക്കു വിനിമയം ചെയ്യുന്നതിൽ, പ്രത്യക്ഷ – അനുമാന പ്രമാണങ്ങൾക്കു ഒപ്പം തന്നെ ആപ്തവാക്യ പ്രമാണത്തിനും സ്ഥാനമുണ്ട്. ബാഹ്യലോകത്തെ കുറിച്ച് ആപ്തവാക്യങ്ങൾ മുഖേന ലഭിക്കുന്ന അറിവും, പ്രത്യക്ഷ – അനുമാന പ്രമാണങ്ങൾ വഴി ലഭിക്കുന്ന അറിവും ഒരുതരത്തിലും വ്യത്യസ്തമാവുകയില്ല. ഇനി അഥവാ ആപ്തവാക്യങ്ങൾ നൽകുന്ന അറിവ് പ്രത്യക്ഷ – അനുമാന പ്രമാണങ്ങൾ നൽകുന്ന അറിവിനു വിരുദ്ധമാണെങ്കിൽ, ആപ്തവാക്യങ്ങളുടെ വ്യാഖ്യാനം വിശദപരിശോധനക്കു വിധേയമാക്കേണ്ടതുണ്ട്. ബാഹ്യലോക തലത്തിൽ പ്രത്യക്ഷ – അനുമാന – ആപ്തവാക്യ പ്രമാണങ്ങൾക്കു തുല്യപ്രാധാന്യമാണ്.

പ്രത്യക്ഷ – അനുമാന പ്രമാണങ്ങളുടെ ഏറ്റവും വലിയ പോരായ്മ അതീന്ദ്രിയ തലത്തിലുള്ള വിജ്ഞാനത്തെ ഒരു വേദ-വിദ്യാർത്ഥിയിലേക്കു ആശയവിനിമയം ചെയ്യാനാകാത്തതാണ്. പ്രത്യക്ഷ – അനുമാന പ്രമാണങ്ങൾക്കു ബാഹ്യലോകത്തിലെ അനുഭവ പരിസരങ്ങളിലുള്ള വിജ്ഞാനം മാത്രമേ കാഴ്ചക്കാരിലേക്കു വിനിമയം ചെയ്യാനാകൂ. വേദവാക്യങ്ങൾ ഉൾപ്പെടെയുള്ള ആപ്തവാക്യങ്ങൾ മാത്രമാണ്, ബ്രഹ്മവിദ്യ ഉൾപ്പെടെയുള്ള, അതീന്ദ്രിയതല വിജ്ഞാനത്തിന്റെ സ്രോതസ്. ആപ്തവാക്യങ്ങൾ മനുഷ്യ-ഇന്ദ്രിയങ്ങൾക്കു പ്രാപ്യമല്ലാത്ത അറിവിനെ സമ്പാദിക്കാൻ സഹായിക്കുന്നു. പ്രത്യക്ഷ – അനുമാന പ്രമാണങ്ങൾക്കു മനുഷ്യ-ഇന്ദ്രിയങ്ങളാൽ പ്രാപ്യമായ വിജ്ഞാനത്തെ മാത്രമേ അറിയാനാകൂ.

‘ശ്രുതി വചനങ്ങൾ[11]’ ഉൾപ്പെടെയുള്ള ആപ്തവാക്യ പ്രമാണം യുക്തിക്കു ഒട്ടും എതിരല്ല. മറിച്ചു യുക്തിയുമായി ചേർന്നു പോകുന്നതാണ്. ലോകത്തിലുള്ള എല്ലാവർക്കും എല്ലാ മേഖലകളിലും വിശദമായ അറിവുണ്ടാവുക അസാധ്യമാണ്. അവരവർ ഇടപെടുന്ന മേഖലയിൽ മാത്രമായിരിക്കും അവർക്കു സമ്പൂർണ ജ്ഞാനം അവകാശപ്പെടാനാവുക. ഈ സാഹചര്യത്തിൽ മറ്റുമേഖലകളിലെ സുപ്രധാന വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ആ മേഖലയിൽ പരിണത പ്രജ്ഞരായ മനുഷ്യരുടെ അഭിപ്രായങ്ങൾക്കു എല്ലാവരും ചെവി കൊടുക്കേണ്ടതുണ്ട്. ആപ്തവാക്യങ്ങളുടെ പ്രാധാന്യം ഇവിടെയാണ്. ബ്രഹ്മവിദ്യ ഉൾപ്പെടെയുള്ള, ഇന്ദ്രിയഗോചരമല്ലാത്ത വിജ്ഞാനത്തെ ആപ്തവാക്യങ്ങൾ വേദ-വിദ്യാർത്ഥിയിലേക്കു വിനിമയം ചെയ്യുന്നു.

പരമാർത്ഥ സത്യമായ നിർഗുണ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ ആവശ്യമായ അറിവുകൾ ആപ്തവാക്യങ്ങളിൽ പെടുന്നു. ‘ശ്രുതി’യിൽ നിപുണനായ ഒരു ഗുരുവിനെ കണ്ടെത്തി അദ്ദേഹത്തിൽ നിന്നും വേദവിദ്യാഭ്യാസം സ്വീകരിക്കുമ്പോൾ വേദവിദ്യാർത്ഥി ആപ്തവാക്യ പ്രമാണത്തെയാണ് ആശ്രയിക്കുന്നത്. വിദ്യാലയത്തിൽ നിന്നും, പണ്ഢിതന്മാരിൽ നിന്നും ലഭിക്കുന്ന അറിവുകളും ആപ്തവാക്യത്തിൽ അധിഷ്ഠിതമാണ്. ഈ പ്രമാണം അത്രയേറെ പ്രാധാന്യമുള്ളതാകുന്നു.

പൗരാണിക ഭാരതത്തിലെ ഋഷിമാർ ബ്രഹ്മപദം പ്രാപിച്ചവരാണ്. അവർ ബ്രഹ്മവിദ്യ ഭാവി തലമുറക്കു വേണ്ടി സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. ഉപനിഷത്തുക്കൾ ഉൾപ്പെടെയുള്ള ശ്രുതി – സ്മൃതി ഗ്രന്ഥങ്ങൾ ഇത്തരം അറിവുകളാൽ സമൃദ്ധമാണ്.

പ്രമാണങ്ങളുടെ ന്യൂനതകൾ:-

വിവിധ പ്രമാണങ്ങളെ പരാമർശിച്ചു കഴിയുമ്പോൾ ന്യായമായും മനസ്സിൽ ഉയരുന്ന ചോദ്യമുണ്ട്. ഈ പ്രമാണങ്ങൾ വഴി ലഭിക്കുന്ന അറിവുകൾ എല്ലാം കുറ്റമറ്റതായിരിക്കുമോ? പ്രമാണങ്ങളിൽ പിഴവുകൾക്കു ഒരു സാധ്യതയും ഇല്ലേ? ന്യായമായും കഴമ്പുള്ള ചോദ്യമാണിത്. ഒരു പ്രമാണവും അന്യൂനമായ അറിവിനെ വിനിമയം ചെയ്യുന്നില്ലെന്നാണ് ചില ദാർശനികരുടെ നിലപാട്. ബ്രഹ്മത്തെ ഒഴിച്ചുനിർത്തി, ബാക്കിയുള്ള ഒന്നിനെ പറ്റിയും ശരിയായ അറിവ് സാധ്യമല്ല. കാരണം ലോകത്തുള്ളതെല്ലാം അത്യന്തികമായി ബ്രഹ്മമാണ്. അപ്പോൾ ബ്രഹ്മത്തെ സാക്ഷാത്കരിക്കാനുള്ള അറിവ് മാത്രമാണ് ശരിയായ അറിവ്. ബാക്കിയുള്ള അറിവുകൾ എല്ലാം, അവിദ്യയുടെ സ്വാധീനം മൂലം, ആപേക്ഷികം മാത്രമായിരിക്കും.

പ്രത്യക്ഷ പ്രമാണത്തിന്റെ ന്യൂനതകൾ:-

പ്രത്യക്ഷ പ്രമാണത്തിനു തെറ്റുപറ്റാൻ സാധ്യതയുണ്ട്. ഭൂമി പരന്നതായി നാം കാണുന്നു. എന്നാൽ സത്യത്തിൽ ഭൂമിക്ക് ഗോളാകൃതിയാണ്. സൂര്യൻ ഭൂമിയെ വലം വയ്ക്കുന്നതായി നാം കാണുന്നു. സത്യത്തിൽ ഭൂമിയാണ് കറങ്ങുന്നത്.

ഇന്ദ്രിയങ്ങളുടെ പ്രവൃത്തിമണ്ഢലം പരിമിതമാണ്. മനുഷ്യനു ലോകത്തിലുള്ള എല്ലാ ശബ്ദങ്ങളും ശ്രവിക്കാനാകില്ല. മനുഷ്യന്റെ കാഴ്ചശക്തിയും പരിമിതമാണ്. ചില ജീവികൾക്കു പല മേഖലയിലും മനുഷ്യനേക്കാൾ കേമത്തം അവകാശപ്പെടാം. ഇക്കാരണങ്ങളാൽ തന്റെ ഇന്ദ്രിയങ്ങൾക്കു പ്രാപ്യമാകുന്നത് മാത്രമാണ് സത്യമെന്നു മനുഷ്യൻ കരുതുന്നത് മൗഢ്യമാണ്[12]. അതേ സമയം ഇന്ദ്രിയങ്ങൾ വഴി പ്രാപ്യമാകുന്ന ബാഹ്യലോകം ജീവിക്കാൻ ഉതകുന്ന, ആപേക്ഷിക സത്യമുള്ള ഒരു നിലയാണെന്നതും മറക്കരുത്. പക്ഷേ ഈ ബാഹ്യലോകമാണ് പരമാർത്ഥമായ സത്യം, ഈ ബാഹ്യലോകത്തിനു അപ്പുറം ഒന്നുമില്ല എന്നു കരുതുന്നത് ബുദ്ധിമോശമാണ്. ഇന്ദ്രിയങ്ങൾ വഴി പ്രാപ്യമാകുന്ന ബാഹ്യലോകത്തിനു ആപേക്ഷിക നിലനിൽപ്പേയുള്ളൂ എന്നു നാം സമ്മതിക്കേണ്ടതുണ്ട്. അപ്പോൾ, ആപേക്ഷികത്വത്തിനു ഉപരിയായി നിലനിൽക്കുന്ന ‘ഒന്ന്’ സ്വാഭാവികമായും ഉയർന്നുവരും. കാരണം ആപേക്ഷികത്വം എപ്പോഴും പരമാർത്ഥ തലത്തിലുള്ള ഒന്ന്-ലേക്കു വിരൽ ചൂണ്ടുന്നു. ഈ പരമാർത്ഥ തലത്തെ ആധാരമാക്കിയാണ് ആപേക്ഷികം സത്യത്തിൽ ‘ആപേക്ഷികം’ ആകുന്നത്.

പ്രത്യക്ഷ – അനുമാന പ്രമാണങ്ങൾ ആപേക്ഷിക നിലനിൽപ്പുള്ള ബാഹ്യലോകത്തിലെ അറിവുകളെ ഗ്രഹിക്കാൻ നമ്മെ പ്രാപ്തമാക്കുന്നു. എന്നാൽ ഇതേ പ്രമാണങ്ങൾക്കു പരമാർത്ഥമായി നിലനിൽക്കുന്ന സത്യത്തെ (നിർഗുണ ബ്രഹ്മം) പറ്റി ഒന്നും ഗ്രഹിക്കാനാകില്ല.

പ്രത്യക്ഷ പ്രമാണത്തിലൂടെ ലഭിക്കുന്ന അറിവുകളിൽ ‘അനുമാനം’ ഒരു പങ്കു വഹിക്കുന്നുണ്ട്. കാരണം നാം ഒരിക്കലും ഒരു വസ്തുവിനെ പൂർണമായി ദർശിക്കുന്നില്ല. ഒരു വൃക്ഷത്തിന്റെ ഒരു ഭാഗം മാത്രമേ ഒരുസമയത്ത് കാണാനൊക്കൂ. ബാക്കിയുള്ള ഭാഗത്തെപ്പറ്റി അനുമാനിക്കുകയാണ് ചെയ്യുന്നത്. വൃക്ഷത്തെ പൂർണമായും നേരിട്ടു കാണാതെയാണ് നാം ‘അതൊരു വൃക്ഷമാണ്’ എന്നു തീരുമാനിക്കുന്നത്. ഒരു വസ്തുവിന്റെ ഒരുഭാഗം മാത്രം ദർശിച്ച്, ആ വസ്തുവിന്റെ സ്വഭാവത്തെപ്പറ്റി അന്തിമപ്രസ്താവന നടത്തുന്നത്, കർക്കശമായ ന്യായബുദ്ധിയോടെ ചിന്തിച്ചാൽ, തെറ്റായ രീതിയാണ്.

പ്രത്യക്ഷ പ്രമാണത്തിലെ അനുമാനത്തിന്റെ അംശം മാത്രമല്ല അതിന്റെ സാധുതയെ ചോദ്യചിഹ്നത്തിലാക്കുന്നത്. മറിച്ച് ഓർമകളും കൂടിയാണ്. നാം ഒരു വൃക്ഷത്തെ കാണുമ്പോൾ, മുൻസന്ദർഭങ്ങൾ കണ്ടിട്ടുള്ള, ഏകദേശം അതേപോലുള്ള വൃക്ഷങ്ങളുടെ ഓർമകൾ പൊടുന്നനെ മനസ്സിൽ ഉയർന്നുവരികയും, ‘അതൊരു വൃക്ഷമാണ്’ എന്നു നാം തീരുമാനിക്കുന്നതിനെ നിർണായകമായി സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്തരം ഓർമകൾ നിശ്ചിതമല്ലെന്നതാണ് സത്യം. ഓർമ എന്നതേ അനിശ്ചിതമായ ഒന്നാണ്. ഓർമകളെ പൂർണമായും വിശ്വസിക്കാനാകില്ല. പ്രത്യക്ഷ പ്രമാണം മുഖേന ലഭിക്കുന്ന അറിവ് രൂപപ്പെടുത്തുന്നതിൽ ഓർമകൾ വഹിക്കുന്ന പങ്ക്, പ്രത്യക്ഷ പ്രമാണത്തിന്റെ സാധുതയെ കുറയ്ക്കുന്നു.

പ്രത്യക്ഷ പ്രമാണം വഴി ലഭിക്കുന്ന അറിവ്, ബാഹ്യലോകത്തു നിന്നു ലഭിക്കുന്ന അർദ്ധസത്യങ്ങളെ ആസ്പദമാക്കി, നമ്മുടെ ബുദ്ധികേന്ദ്രങ്ങളും മറ്റും ‘സൃഷ്ടിച്ചെടുക്കുന്നതാണ്’ എന്നു അഭിപ്രായമുണ്ട്. ‘സൃഷ്ടിച്ചെടുക്കുന്ന’ അറിവിനും മുകളിൽ ‘സൃഷ്ടിച്ചെടുക്കാനാകാത്ത’ അറിവും ഉണ്ടെന്നു നിശ്ചയം. ആ ‘സൃഷ്ടിച്ചെടുക്കാനാകാത്ത’ അറിവ് സ്വായത്തമാക്കിയാൽ പിന്നെ എല്ലാം അറിഞ്ഞു എന്ന് ഉപനിഷത്ത്[13].

അനുമാന പ്രമാണത്തിന്റെ ന്യൂനതകൾ:-

എല്ലാ അനുമാനത്തിനു പിന്നിലും ഒരു പ്രത്യക്ഷ പ്രമാണം അടിത്തറയായി ഉണ്ട്. വസ്തുവിനേയും, വസ്തുവിന്റെ അടയാളത്തേയും ഒരു തവണയെങ്കിലും ഒരുമിച്ച് നേരിൽ കാണാതെ, കാഴ്ചക്കാരനു അടയാളം വഴി വസ്തുവിന്റെ സാന്നിധ്യം ഗ്രഹിക്കാനാകില്ല. തീയും പുകയും ഒരുമിച്ച് ഒരുതവണയെങ്കിലും നേരിൽ കാണാതെ പുകയുടെ സാന്നിധ്യത്തിൽനിന്ന് തീ ഉണ്ടെന്നു മനസ്സിലാക്കാനാകില്ല. അനുമാനത്തിന്റെ അടിസ്ഥാന തലത്തിൽ പ്രത്യക്ഷമുണ്ടെന്നു ഇതിൽനിന്നു മനസ്സിലാക്കാം. അപ്പോൾ പ്രത്യക്ഷത്തിനുള്ള എല്ലാ ന്യൂനതകളും അനുമാനത്തെയും ബാധിക്കും. അനുമാനത്തിൽ അടങ്ങിയിരിക്കുന്നതായി, ചാർവാക ദർശനം ആരോപിക്കുന്ന ‘അനസ്യൂതമായ ചാക്രികപ്രക്രിയ’ മറ്റൊരു പ്രശ്നമായി കണക്കാക്കാം.

Read More ->  ലേഖനം 2 -- തത്ത്വജ്ഞാന ധാരകളുടെ വിഭജനം

അനുമാനത്തിനും പ്രത്യക്ഷത്തിനും അപ്രാമാദിത്വം ഇല്ലെന്നാണ് ചില ദർശന ധാരകളുടെ നിലപാട്. അവ ബാഹ്യലോകത്തിലെ വിജ്ഞാന സമ്പാദനത്തിനു ഉതകുമെങ്കിലും, ഈ വിജ്ഞാനമാണ് പരമവും ശ്രേഷ്ഠവുമെന്നു കരുതുന്നത് തെറ്റാകും. പരമമായ ജ്ഞാനം ഇന്ദ്രിയങ്ങൾക്കും അപ്പുറമാകുന്നു.

ആപ്ത വാക്യത്തിന്റെ ‘ന്യൂനത’കൾ:-

ആപ്തവാക്യത്തിന്റെ ന്യൂനതകൾ എന്നു പറയുമ്പോൾ, ശ്രുതി വചനങ്ങൾ അതിന്റെ പരിധിയിൽ വരുന്നില്ല. ശ്രുതി വചനങ്ങൾക്കു അവയുടെ തനതായ രൂപത്തിൽ ന്യൂനതകളില്ല. ശ്രുതി വചനങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് ന്യൂനതകളുടെ പരിധിയിൽ വരിക. ഇത് ഒരു വ്യാഖ്യാനപ്രശ്നം മാത്രമാണ്. അതീന്ദ്രിയ തലത്തിലെ വിജ്ഞാനം അനാവരണം ചെയ്യുന്ന ശ്രുതി വചനങ്ങൾക്കു സ്വതസിദ്ധമായ സാധൂകരണമുണ്ട്. കാരണം ശ്രുതി/വേദ വാക്യങ്ങൾ ഋഷിമാരുടെ സൃഷ്ടിയല്ല. അതീന്ദ്രിയതലം പ്രാപിച്ച ഋഷിമാർക്കു വേദവാക്യങ്ങൾ വെളിപ്പെട്ടു കിട്ടുകയാണുണ്ടായത്. വേദവാക്യങ്ങളുടെ ഉറവിടം ദൈവികമാണ്. അതിനാൽ തന്നെ വേദ വാക്യങ്ങളിൽ ന്യൂനതയില്ല.

ആപ്തവാക്യ പ്രമാണം ഭാരതീയ ദർശന ധാരകളെ വിശ്വാസപരമായ തലത്തിലേക്കു ഉയർത്തുന്നതായി ചില ചിന്തകർ അഭിപ്രായപ്പെടുന്നു. പ്രത്യക്ഷവും അനുമാനവും ശാസ്ത്രീയ രീതികളാണെന്നു സമ്മതിക്കുമ്പോഴും ആപ്തവാക്യങ്ങളെ ഇത്തരക്കാർ സന്ദേഹത്തോടെ വീക്ഷിക്കുന്നു. എന്നാൽ ദൈനംദിന ജീവിതത്തിൽ ആപ്തവാക്യ പ്രമാണം ഒരു മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നത് നിഷേധിക്കാനുമാകുന്നില്ല. അതായത് ആപേക്ഷിക യാഥാർത്ഥ്യമായ ബാഹ്യലോകത്തിൽ ശബ്ദപ്രമാണത്തിന്റെ (ആപ്തവാക്യങ്ങളുടെ) സാധുത ചോദ്യം ചെയ്യപ്പെടുന്നില്ല. ആരിൽ നിന്നാണോ ശബ്ദസാക്ഷ്യം ലഭിക്കുന്നത് അദ്ദേഹം ആ വിഷയത്തിൽ പരിണത പ്രജ്ഞനാകണം എന്നേ നിർബന്ധമുള്ളൂ. നല്ല അറിവുള്ള ആരുടേയും അഭിപ്രായം (ആപ്തവാക്യം) സാധുതയുള്ളതായി കരുതാം. ഇത് ആപേക്ഷികമായ ബാഹ്യലോകത്തിലെ ഇടപാടുകളിൽ മാത്രമായി ചുരുക്കാനാകുമോ എന്നതാണ് തർക്കവിഷയം.

ഭാരതീയ ദർശന പ്രകാരം മനുഷ്യ-ഇന്ദ്രിയങ്ങൾക്കു പ്രാപ്യമല്ലാത്ത പ്രാപഞ്ചിക മേഖലകളും മാനസിക തലങ്ങളും ഉണ്ട്. സൂക്ഷ്മദർശിനി ഇല്ലാത്തപ്പോൾ ദൃഷ്ടിഗോചരമാകാത്ത ജീവികൾ, സൂക്ഷ്മദർശിനിയിലൂടെ ദൃഷ്ടിഗോചരമാകും. ഇപ്രകാരം ഇന്ദ്രിയങ്ങൾക്കു നേരിട്ടു പ്രാപ്യമല്ലാത്ത കാര്യങ്ങൾ, പ്രത്യേക ഉപകരണ-സംവിധാനത്തിലൂടെ ഇന്ദ്രിയങ്ങൾ വശംവദമാക്കുന്ന പോലെ, ശാരീരികവും മാനസികവുമായ ചിട്ടയായ പരിശീലനത്തിലൂടെ (ഉദാ: യോഗ) ഇന്ദ്രിയങ്ങൾക്കു അപ്പുറമുള്ള അതീന്ദ്രിയ ലോകത്തെ അറിയാമെന്നത് ഭാരതീയ ഋഷിമാർ രൂപപ്പെടുത്തിയെടുത്ത ഒരു ശാസ്ത്രമാണ്. അവർ ഇക്കാര്യത്തെക്കുറിച്ചു സിദ്ധാന്തിച്ച് തൃപ്തിയടയുകയായിരുന്നില്ല. മറിച്ച് രൂപപ്പെടുത്തിയ സിദ്ധാന്തങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കി, സിദ്ധാന്തങ്ങളുടെ പ്രായോഗിക ക്ഷമത തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം മഹാഋഷിമാരുടെ നീണ്ട പരമ്പര തന്നെ ഭാരത്തിലുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസർ, രമണ മഹർഷി, അരവിന്ദൻ, തുടങ്ങി പൊതുമണ്ഢലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ ഈ പരമ്പരയുടെ ഇങ്ങേയറ്റത്തായി കാണാം. സമൂഹമധ്യത്തിൽ അറിയപ്പെടാത്ത അനേകം ഋഷിമാർ ഹിമാലയ സാനുക്കളിൽ തപസ്സിരിക്കുന്നു.

മനുഷ്യ-ഇന്ദ്രിയങ്ങൾക്കു പ്രാപ്തമായ ലോകം മാത്രമേ സത്യമായുള്ളൂ എന്നു കരുതുന്നത് തെറ്റാണ്. ഇന്ദ്രിയങ്ങൾക്കു അപ്പുറവും ലോകമുണ്ട്. ആ ‘അതീന്ദ്രിയ ലോകത്തെ’ അറിയാൻ ആപ്തവാക്യ പ്രമാണം കൂടിയേ തീരൂ.

മേൽപ്പറഞ്ഞ മൂന്ന് പ്രമാണങ്ങളെ പറ്റിയുള്ള സമഗ്രമായ അറിവ് വിവിധ ഭാരതീയ ദർശന ധാരകളെ കുറിച്ചു മനസ്സിലാക്കുന്നതിനു അനിവാര്യമാണ്.

അഞ്ചാമത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


[1] Comparison.

[2] Postulation.

[3] ബുദ്ധിസം ബുദ്ധവചനങ്ങളെ പ്രമാണമായി കണക്കാക്കുന്നുണ്ട്.

[4] ഇത് അനുമാന പ്രമാണം വഴി ലഭിക്കുന്ന അറിവിൽ നിന്നു വ്യത്യസ്തമാണ്. അനുമാന പ്രമാണം നൽകുന്ന അറിവുകൾ നേരിട്ടു ലഭിക്കുന്നതല്ല, മറിച്ച് പരോക്ഷമാണ്. അറിവുകൾ അവ്യക്തവുമായിരിക്കും.

[5] ഭാരതീയ ദർശനങ്ങളിൽ ഇന്ദ്രിയങ്ങൾ ആറാണ്, കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് എന്നിവ കൂടാതെ ‘മനസ്സും’ ഇന്ദ്രിയമാണ്. ആദ്യത്തെ അഞ്ചെണ്ണം ബാഹ്യഇന്ദ്രിയങ്ങൾ എന്നും, മനസ്സ് ആന്തരിക ഇന്ദ്രിയമെന്നും അറിയപ്പെടുന്നു.

[6] Indeterminate Perception.

[7] Determinate Perception.

[8] ഉദാഹരണമായി, ഒരു കാഴ്ചക്കാരൻ അഗ്നിയെ ദർശിച്ചാൽ അത് അഗ്നിയാണെന്നതിനു വേറെ സാധൂകരണം ആവശ്യമില്ല. കാരണം എല്ലാ അറിവിനും സ്വതസിദ്ധമായി സാധൂകരണമുണ്ട്. പക്ഷേ ചില ദർശനങ്ങൾ (പ്രത്യേകിച്ചും, ന്യായ ദർശനം) അഗ്നിയെ ദർശിച്ചതുകൊണ്ടു മാത്രം അത് അഗ്നിയാണെന്ന് കരുതുന്നില്ല. ന്യായ ദർശന പ്രകാരം നാം ദർശിക്കുന്ന അഗ്നി തണ്ണുപ്പിനെ അകറ്റി ചൂട് പ്രദാനം ചെയ്യാനോ, ഭക്ഷണം പാകം ചെയ്യാൻ കെൽപ്പുള്ളതോ ആകണം. എന്നാലേ ‘അഗ്നി’, അഗ്നിയാണെന്നു ഉറപ്പിക്കാനാകൂ. ഇവിടെ, ന്യായ ദർശനത്തിൽ, പ്രത്യക്ഷ പ്രമാണം വഴി ലഭിക്കുന്ന അറിവിനെ സാധൂകരിക്കാൻ രണ്ടാമതൊരു അറിവു കൂടി വേണ്ടിവരുന്നു. അതിനാൽ, സ്വതസിദ്ധമായ സാധുത അറിവിനു ഇല്ല. അറിവിനു സാധുത നൽകുന്നത് ബാഹ്യഘടകങ്ങളാണ്. ന്യായ ദർശനം പ്രായോഗികതാ വാദികളാണ്.

[9] അനുമാനത്തെ പ്രമാണമായി പരിഗണിക്കുന്നതിനു എതിരെ ചാർവാക ദർശനം ഗൗരവതരമായ എതിർപ്പുകൾ ഉയർത്തുന്നു. അനുമാന പ്രമാണത്തിൽ ‘നിലയ്ക്കാത്ത ചാക്രികപ്രക്രിയ’ (Infinite Regress) ഉണ്ടെന്ന് ചാർവാകർ വാദിക്കുന്നു. അനുമാന പ്രമാണത്തിലൂടെ ലഭിക്കുന്ന അറിവ്, അതിന്റെ സാധൂകരണത്തിനായി, അനുമാനം വഴി ലഭിച്ച മറ്റൊരു മുൻഅറിവിനെ ആവശ്യപ്പെടുന്നു. ഈ മുൻഅറിവ്, അതിന്റെ സാധൂകരണത്തിനായി മറ്റൊരു മുൻഅറിവിനെ ആവശ്യപ്പെടും. ഇതൊരു ചാക്രിക പക്രിയയായി അനന്തമായി നീളും. തീയും പുകയും തമ്മിലുള്ള അഭേദ്യ സഹവർത്തിത്വത്തെ ഉദാഹരണമായി എടുക്കുക. തീ – പുക സഹവർത്തിത്വത്തെ ആദ്യമായി ദർശിക്കുന്ന ഒരാൾക്കു തീർച്ചയായും അവ തമ്മിലുള്ള അഭേദ്യബന്ധം (വ്യാപ്തി) അറിയാനാകില്ല. (തന്മൂലം പുക ദർശിച്ചാൽ തീയുടെ സാന്നിധ്യം അദ്ദേഹത്തിനു അനുമാനിക്കാൻ പറ്റില്ല). അഭേദ്യബന്ധം അറിഞ്ഞ്, പുകയുണ്ടെങ്കിൽ തീയുമുണ്ടെന്നു മനസ്സിലാക്കണമെങ്കിൽ അദ്ദേഹം തീയും പുകയും ഒരുമിച്ചുള്ള ഒരു ദൃശ്യമെങ്കിലും മുമ്പ് കണ്ടിരിക്കേണ്ടതുണ്ട്. ഈ മുൻകാഴ്ചയുടെ തീ – പുക വ്യാപ്തിക്കു സാധൂകരണമായി അതിനു മുമ്പുള്ള ഒരു തീ – പുക ദർശനം അനിവാര്യമാണ്. ഈ പക്രിയ അനന്തമായി നീളും. ഫലം, അനുമാനം ഒരു പ്രമാണമാണോയെന്നു തർക്കം ഉയർത്താം. ചാർവാക ദർശനവും അതുതന്നെ ചെയ്യുന്നു. ഓരോ അനുമാന പ്രമാണത്തിലും ഒരു പ്രത്യക്ഷ പ്രമാണം അടങ്ങിയിരിക്കുന്നതിനാൽ (പുകയെ പ്രത്യക്ഷത്തിൽ കണ്ടാലേ തീ ഉണ്ടെന്നു മനസ്സിലാക്കാനാകൂ) പ്രത്യക്ഷമാണ് ഒരേയൊരു സ്വതന്ത്ര പ്രമാണമെന്നു ചാർവാകർ വാദിക്കുന്നു.

[10] വേദവാക്യം, ശബ്ദപ്രമാണം, ശ്രുതി പ്രമാണം എന്നിങ്ങനെയും പറയാം.

[11] വേദം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നീ വിഭാഗങ്ങളിൽ പെടുന്ന ഗ്രന്ഥങ്ങളാണ് ‘ശ്രുതി’ എന്നറിയപ്പെടുന്നത്. ഈ ഗ്രന്ഥങ്ങളുടെ ഉറവിടം ദൈവികമാണ്.

[12] ചാർവാക ദർശനത്തിന്റെ പ്രധാന ന്യൂനതയാണിത്.

[13] “Because when there is duality, as it were, then one sees something, one smells something, one tastes something, one speaks something, one hears something, one thinks something, one touches something, one knows something. But when to the knower of Brahman everything has become the Self, then what should one see and through what, what should one smell and through what, what should one taste and through what, what should one speak and through what, what should one hear and through what, what should one think and through what, what should one touch and through what, what should one know and through what ? Through what should one know that owing to which all this is known? This self is That which has been described as ‘Not this, not this’. It is imperceptible, for It is never perceived; undecaying, for It never decays; unattached, for It is never attached; unfettered-it never feels pain, and never suffers injury. Through what, O Maitreyi, should one know the Knower?”

Brihadaranyaka Upanishad. IV.v.15

Featured Image Credit : – https://arganesh3.wordpress.com/2012/04/12/what-are-the-sources-of-knowledge/

അഭിപ്രായം എഴുതുക