അദ്ധ്യായം 18 — ആംഗ്യഭാഷാ പഠനം @ Resilient Minds

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com Read More.


(പതിനേഴാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

            ഞാൻ പങ്കെടുത്ത ആദ്യത്തെ ‘Employ Ability’ ജോബ്‌ഫെയർ ചെന്നൈയിലാണ് നടന്നത്. അവിടെ വച്ചു ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഒരു മണിക്കൂറോളം ഒരു ചെറിയ ഹാളിൽ മറ്റു വികലാംഗർക്കൊപ്പം സമയം ചിലവഴിച്ചതിൽ നിന്നു അവർക്കു വൈകല്യമില്ലെന്ന് എനിക്കു തോന്നി. അവരുടെ പെരുമാറ്റം അത്രമേൽ സ്വാഭാവികമായിരുന്നു. മാത്രമല്ല, വികലാംഗർക്കു തുണയായി ആരെങ്കിലും കൂടെ വരുന്ന പതിവ് ജോബ്‌ഫെയറിൽ ഉണ്ടായിരുന്നു. ഈ പെൺകുട്ടി അത്തരത്തിൽ വന്നതാണെന്ന് ഞാൻ കരുതി.

            ഇന്റർവ്യൂകൾ ആരംഭിച്ചു. ഒരു വലിയ ഹാളിൽ ക്യൂബിക്കിളായി സജ്ജീകരിച്ചിരിക്കുന്ന മുറികളിൽ വച്ച് ഓരോ വികലാംഗരുടേയും കഴിവ് കമ്പനികൾ ‘അളന്നു’. ഇന്റർവ്യൂ ഫലങ്ങളിൽ പലതും മുൻനിശ്ചിതപ്രകാരം നെഗറ്റീവായിരുന്നു. എനിക്ക് നൽകിയിട്ടുള്ള എൻട്രി സ്ലിപ്പിലെ ഓരോ കമ്പനിയിലും ഞാൻ കയറിയിറങ്ങി. അതിനിടയിൽ ആ പെൺകുട്ടിയെ വീണ്ടും കണ്ടു. അവർക്കു ശ്രവണ-സംസാര ശേഷി ഇല്ലായിരുന്നു. ശ്രവണപ്രശ്നം ജന്മനാൽ ഉണ്ടെങ്കിൽ സംസാരവും സാധ്യമല്ല. Sign Language interpreter – ടെ സഹായത്തോടെയാണ് പെൺകുട്ടി ഇന്റർവ്യൂവറുമായി സംസാരിക്കുന്നത്. ഇന്റർവ്യൂവർ പെൺകുട്ടിയോടു താല്പര്യത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും, ദീർഘനാളത്തെ ഇന്റർവ്യൂ പരിചയം മൂലം, അദ്ദേഹത്തിനു ആ കാൻഡിഡേറ്റിൽ താല്പര്യമില്ലെന്നു എനിക്കു മനസ്സിലായി. Sign language Interpreter-ക്കും അതറിയാം. അദ്ദേഹം എത്രയോ ഇന്റർവ്യൂകൾക്കു ഇതുപോലെ ദ്വിഭാഷിയായി നിന്നിട്ടുണ്ട്.

ഞാൻ പെൺകുട്ടിയെ കുറച്ചകലെ നിന്ന് സസൂക്ഷ്മം വീക്ഷിച്ചു. ഇന്റർവ്യൂ ചെയ്യുന്ന എക്‌സിക്യുട്ടീവിനെ ഇമ്പ്രസ് ചെയ്യാനുള്ള അവരുടെ ശ്രമങ്ങൾ, നേരിട്ടു അതിനു കഴിയുന്നില്ലെന്ന് മനസ്സിലാക്കി നിസ്സഹായതയോടെ ദ്വിഭാഷിയുടെ നേരെയുള്ള പെൺകുട്ടിയുടെ നോട്ടം, ദ്വിഭാഷിയുടെ പരിഭാഷ ഇന്റർവ്യൂവറെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് ആകാംക്ഷയോടെ, അതിലേറെ ആധിയോടെ പെൺകുട്ടി ഇന്റർവ്യൂവറെ നോക്കി വിലയിരുത്തുന്നത്…, എല്ലാം ഞാൻ വിഷമത്തോടെ നോക്കിക്കണ്ടു. അല്പനേരം ഇന്റർവ്യൂവറെ നിരീക്ഷിച്ചതിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കി ഞാൻ പെൺകുട്ടിയോടു മനസ്സാൽ പറഞ്ഞു. ‘ഈ ജോലി നിനക്ക് കിട്ടുകയില്ല കുട്ടീ. വേറേത് ജോലിയാണ് കിട്ടുകയെന്നു നീ എന്നോടു ചോദിക്കരുത്. എനിക്കറിയില്ല അത്’.    

            ഇന്റർവ്യൂ കഴിഞ്ഞശേഷം ഒരിടത്തു വച്ച് ഞാൻ പെൺകുട്ടിയോടു സംസാരിച്ചു. (ഓരോ ജോബ്‌ഫെയറിലും ഞാൻ കുറച്ചുപേരോടു സംസാരിക്കുമായിരുന്നു. തൊഴിൽ അന്വേഷണത്തിനിടെ അവർ നേരിട്ട വിവേചനങ്ങൾ അറിയുകയായിരിക്കും ലക്ഷ്യം). പേപ്പറിൽ എഴുതിയായിരുന്നു ‘സംസാരം’. എനിക്കു sign language (ആംഗ്യഭാഷ) അറിയില്ലായിരുന്നു അന്ന്. സംഭാഷണത്തിനിടയിൽ ഞാൻ മനസ്സിലാക്കിയ കാര്യം എന്തെന്നാൽ, ‘തനിക്ക് ആ ജോലി കിട്ടില്ലെന്ന് മറ്റാരേക്കാളും നന്നായി പെൺകുട്ടിക്ക് അറിയാമായിരുന്നു’ എന്നാണ്. ആ കുട്ടി അതിനകം പലയിടത്തു നിന്നായി നിരവധി നിരാസങ്ങൾ ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്നു. ‘പരിചയസമ്പന്ന’യാണെന്ന് ചുരുക്കം.

പതിനഞ്ച് മിനിറ്റോളം നീണ്ട സംസാരം അവസാനിപ്പിച്ച് വിടപറയുമ്പോൾ പെൺകുട്ടിയുടെ ഭാവിയെപ്പറ്റി ഞാൻ ആകുലപ്പെട്ടില്ല. കാരണം അവർ ഞാൻ കരുതിയതിനേക്കാൾ മാനസികമായി കരുത്തയായിരുന്നു. ഒരുപക്ഷേ എന്നേക്കാളും കൂടുതൽ. അത് മനസിലാക്കാൻ ഞാൻ അഞ്ചുമിനിറ്റു പോലുമെടുത്തില്ല. ആദ്യത്തെ അഞ്ചുമിനിറ്റ് ഒഴിച്ച്, ബാക്കിയുള്ള സമയം ഞങ്ങൾ ഇന്റർവ്യൂവിനേയും വിവേചനത്തേയും കുറിച്ച് സംസാരിച്ചില്ല. അപ്പോൾ എന്തായിരുന്നു പിന്നത്തെ സംഭാഷണ വിഷയം? ആ പെൺകുട്ടി ആംഗ്യഭാഷ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു, കൂടാതെ ഏതാനും അടയാളങ്ങളും അവയുടെ അർത്ഥവും എനിക്ക് പറഞ്ഞു തരികയും ചെയ്തു.

ആ പെൺകുട്ടിയായിരുന്നു ആംഗ്യഭാഷാ പഠനത്തിൽ എന്റെ ആദ്യഗുരു.

**************

            ഒരിക്കൽ ഞാൻ ഫേസ്‌ബുക്ക് വാളിൽ കുറിച്ചിട്ട ഒരു വരിയുണ്ട്. ‘Either nobody is important or nobody is unimportant, there can’t be somebody is important or somebody is unimportant’. അദ്വൈതവുമായി ബന്ധമുള്ള ഏതോ ചിന്തയിൽ നിമഗ്നനായിരിക്കുമ്പോഴാണ് ഞാനിതു എഴുതിയത്. വ്യവഹാരിക-യിൽ എല്ലാവർക്കും പ്രാധാന്യവും, പരമാർത്ഥിക-യിൽ ആർക്കും പ്രാധാന്യമില്ലാതിരിക്കയും ചെയുന്ന അവസ്ഥയാണ് ഇവിടെ സൂചിതം. ഇതിനു മറ്റ് വ്യാഖ്യാനങ്ങളും ഉണ്ടാകാം.

            നൂറു കൊല്ലത്തോളം നീളുന്ന മനുഷ്യജീവിതത്തിൽ ആരും നിസാരർ അല്ല. കാലം എന്നെ പഠിപ്പിച്ച വസ്തുതയാണിത്. എല്ലാവർക്കും അവരുടേതായ പ്രാധാന്യമുണ്ട്. നാം ഒരാളെ കണ്ടുമുട്ടുന്ന കാലത്ത് തന്നെ, ആ വ്യക്തി നമ്മുടെ ജീവിതത്തിൽ നിർണായക റോൾ വഹിച്ചേക്കണമെന്നില്ല. വർഷങ്ങളോളം ഇതേ സ്ഥിതി തുടരുകയും ചെയ്യാം. പിന്നെയൊരിക്കൽ, നമ്മൾ നിനച്ചിരിക്കാത്ത കാലത്ത്, അവർ നമ്മുടെ ജീവിതത്തിലേക്കു തലനീട്ടുകയാണ് ഉണ്ടാവുക. അന്നുമുതൽ, ഒരു നിശ്ചിതകാലം വരെ നമ്മുടെ വ്യവഹാരങ്ങളിൽ നിർണായക റോൾ വഹിച്ചശേഷം അവർ രംഗത്തോടു വിടപറയും. എന്റെ ജീവിതത്തിൽ ഇതുപോലുള്ള ചില വ്യക്തിത്വങ്ങളെ പരിചയപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇത്തരം റോൾ വഹിച്ചത്, ബാംഗ്ലൂരിലെ Resilient Minds സ്ഥാപനത്തിന്റെ ഉടമയായ ഭുവന കല്യാൺ റാം ആണ്.

            ഭുവന മാഢത്തിനെ ആദ്യം പരിചയപ്പെടുന്നത്ത് 2008-ലാണ്. മാഢം അക്കാലത്ത് ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്-ൽ ജോലി ചെയ്യുകയായിരുന്നു. ഓഡിയോഗ്രാം ടെസ്റ്റ് ചെയ്യാനാണ് ഞാനവിടെ എത്തിയത്. അതുപിന്നെ ബെറ (BERA) ഉൾപ്പെടെയുള്ള മറ്റു ടെസ്റ്റുകളിലേക്കു മുന്നേറി. എല്ലാ ടെസ്റ്റുകളും സൗജന്യമായിരുന്നു. പരിശോധന റിപ്പോർട്ടിന്റെ അവസാനം, സ്പീച്ച് തെറാപ്പിക്കു ഞാൻ ശുപാർശ ചെയ്യപ്പെട്ടു. തെറാപ്പിക്കു വിധേയനാകുന്ന കാലത്ത്, ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ചിലർ ജോലി ലഭിക്കാൻ എന്നെ സഹായിക്കുന്നുണ്ടായിരുന്നു. അത്തരം ശ്രമങ്ങൾ ഏകോപിപ്പിച്ചിരുന്ന വ്യക്തിയാണ് ഭുവന. മാഢത്തിന്റെ ശ്രമഫലമായി എനിക്കു ഏതാനും ഇന്റർവ്യൂകൾ കിട്ടി. പക്ഷേ ഫൈനൽ റൗണ്ടിൽ തള്ളിക്കളയുന്ന രീതി കമ്പനികൾ തുടർന്നു.

തൊഴിൽശ്രമങ്ങൾ നടന്ന കാലത്ത്, ഒരിക്കൽ പോലും ഞാൻ മാഢത്തെ നേരിൽ കണ്ടിരുന്നില്ല. ആശയവിനിമയ മാർഗം ഇമെയിൽ ആയിരുന്നു. 2008 ജൂൺ മാസത്തോടെ തെറാപ്പി അവസാനിച്ചു. അതിൽ പിന്നെ കുറേക്കാലം ഞങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായില്ല. 2009 ഫെബ്രുവരിയിൽ ജോലി ലഭിച്ചപ്പോൾ, ഞാൻ ആ വാർത്ത ആദ്യം അറിയിച്ച വ്യക്തികളിൽ ഒരാൾ ഭുവനമാഢം ആയിരുന്നു. എനിക്കവരോടു അത്രമേൽ കടപ്പാടുണ്ടായിരുനു. മാഢത്തിന്റെ പരിശ്രമം ജോലി ലഭിക്കാൻ ഉതകിയില്ലെങ്കിലും, ശ്രമങ്ങളുടെ മൂല്യം ഇല്ലാതാകുന്നില്ല. എല്ലാ പരിശ്രമവും അമൂല്യമാണ്.

ഏതാനും വർഷങ്ങൾ കടന്നുപോയി. കമ്പനിയിലെ ജോലിയും, അല്പസ്വല്പം എഴുത്തുമായി ഞാൻ കഴിഞ്ഞുകൂടി. അന്നൊരിക്കൽ ശോഭിൻ ജെയിംസുമായി സംസാരിച്ചപ്പോൾ ഭുവന മാഢം ഇൻസ്റ്റിറ്റ്യൂട്ട് വിട്ടെന്നു അറിഞ്ഞു. ഞാൻ കൂടുതൽ തിരക്കിയില്ല.

2014 നവംബറിൽ ‘Being Hearing Impaired: Challenges Aspirations Realities’ (‘ചില അറിയപ്പെടാത്ത ഏടുകൾ’-ന്റെ ഇംഗ്ലീഷ് പരിഭാഷ) പുറത്തിറങ്ങി. ഈ പുസ്തകത്തിന്റെ പ്രചരണാർത്ഥം പഴയ പരിചയക്കാരെയെല്ലാം ബന്ധപ്പെടാൻ ഞാൻ തീരുമാനിച്ചു. ഭുവന മാഢത്തിനെ ആദ്യമായി നേരിൽ കാണുന്നത് അങ്ങിനെയാണ്.

            മാഢം സ്വന്തമായി ഒരു സ്പീച്ച് ആൻഡ് ഹിയറിംങ് സ്കൂൾ തുടങ്ങിയിരുന്നു. വലിയൊരു വീട് സ്പെഷ്യൽ സ്കൂളായി സജ്ജീകരിച്ചിരിക്കുകയാണ്. മേശയ്ക്കു ഇരുപുറവുമിരുന്ന് ഞങ്ങൾ സംസാരിച്ചു. ഞാൻ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് വിട്ടശേഷം എന്തുണ്ടായെന്നു വിശദീകരിച്ചു. ജോലി, വീട്, ആദ്യത്തെ മലയാളം പുസ്തകം, ആത്മകഥാ കുറിപ്പുകളിലേക്കു നയിച്ച സാഹചര്യങ്ങൾ., അങ്ങിനെയങ്ങിനെ. മാഢം എല്ലാം മൂളിക്കേട്ടു; പുസ്തകത്തിന്റെ പത്തുകോപ്പികൾ വാങ്ങി. കൂടാതെ മോഹിപ്പിക്കുന്ന ഒരു വാഗ്ദാനവും എനിക്കു മുന്നിൽ വച്ചു – Resilient Minds-ൽ വന്ന് ആംഗ്യഭാഷ (Sign Language) പഠിച്ചുകൊൾക!

Read More ->  അദ്ധ്യായം 6 -- ഹോളിസ്റ്റിക് ചികിൽസ

            ഞാൻ തീരെ പ്രതിക്ഷിക്കാത്ത ഓഫറായിരുന്നു അത്. ആംഗ്യഭാഷ കേൾവി-സംസാര പ്രശ്നമുള്ളവർ ആശയവിനിമയത്തിനു ഉപയോഗിക്കുന്ന ഭാഷയാണ്. അതിൽ പ്രാഗൽഭ്യമുള്ളവർ വളരെ കുറവായതിനാൽ, ആംഗ്യഭാഷ ജ്ഞാനം അഭിലഷണീയമാണ്. സ്വജീവിതത്തിൽ ആംഗ്യഭാഷ ഉപയോഗിക്കാൻ പോകുന്നില്ലെങ്കിലും, ആംഗ്യഭാഷ ട്യൂട്ടർ ആയോ മറ്റോ തൊഴിൽ ചെയ്യാൻ പറ്റും. ആംഗ്യഭാഷ മുഴുവൻ പഠിച്ചെടുത്ത വിദഗ്ധർ വളരെ കുറവാണ്. കൂടാതെ ഡിസേബിളിറ്റി സെക്ടറിനോടു (Disability Sector) ബന്ധമുള്ള പരിപാടികളിൽ വളന്റിയറായി പ്രവർത്തിക്കാനുള്ള എന്റെ ആഗ്രഹത്തിനു ആംഗ്യഭാഷജ്ഞാനം സഹായകമാണ്. ഇക്കാരണങ്ങളാൽ ഭുവന മാഢത്തിനോടു യെസ് മൂളാൻ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

യുവതീയുവാക്കളായ തൊഴിലന്വേഷകരെ വളരെ പെട്ടെന്നു ആകർഷിക്കാൻ കഴിവുള്ള മേഖലയല്ല സ്പീച്ച് ആൻഡ് ഹിയറിംങ് (S&H) രംഗം. ഉദ്യോഗാർത്ഥികളുടെ മനോഭാവത്തിനു ഇവിടെ അതിപ്രാധാന്യമുണ്ട്. ലാഭേശ്ച കുറവുള്ള ഈ രംഗത്തെ തൊഴിലിനു സേവനപരമായ മാനമുണ്ട്. സമൂഹത്തിൽ ജനിക്കുന്ന ശ്രവണ–സംസാര-പെരുമാറ്റ പ്രശ്നമുള്ള കുട്ടികൾക്കു അനുയോജ്യ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കേണ്ടത്, ആ സമൂഹം നിവർത്തിക്കേണ്ട പ്രധാന ചുമതലയാണ്. എന്നാൽ, അതിശ്രമകരമായ ജോലിയുള്ള ഈ മേഖലയിൽ പ്രവർത്തിക്കാൻ മിക്കവരും സന്നദ്ധരല്ല. അതുകൊണ്ട് ഉദ്യോഗാർത്ഥികളുടെ മനോഭാവം പ്രധാനമാണ്.

ആംഗ്യഭാഷ പഠിപ്പിക്കുന്ന ടീച്ചറുടെ പേര് കൃപ ദമാസ് എന്നായിരുന്നു. S&H മേഖലയിൽ കൃപമാഢം ഒരു പരിണതപ്രജ്ഞയായിരുന്നു. അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചു പരിചയമുണ്ട്. ആംഗ്യഭാഷ വിദ്യാർത്ഥിയായി ഞാനെത്തുമ്പോൾ മാഢം ഒരുകൂട്ടം കുട്ടികൾക്കിടയിലായിരുന്നു. കുട്ടികൾക്കു നാനാവിധ വൈകല്യങ്ങളുണ്ട്. അവരെയെല്ലാം ശാസിച്ചും പരിപാലിച്ചും കൃപമാഢം ശാന്തയായി ഇരുന്ന്, പാഠങ്ങൾ പറഞ്ഞു കൊടുക്കുകയാണ്. പെരുമാറ്റ വൈകല്യമുള്ള അഞ്ചോളം കുട്ടികളെ, ഒരു ചരടിൽ കോർത്തിണക്കിയ പോലെ കൈകാര്യം ചെയ്യുന്ന മാഢത്തിനെ ഞാൻ അൽഭുതാതിരേകത്തോടെ നോക്കിനിന്നു.

കുട്ടികൾ എന്നെ ശ്രദ്ധിക്കുന്നത് കണ്ട് മാഢം തലതിരിച്ചു നോക്കി. ഞാൻ കൈകൂപ്പി നമസ്തെ പറഞ്ഞു. മാഢം പുഞ്ചിരിച്ചുകൊണ്ട് കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. എനിക്കു മനസ്സിലായില്ല.

മാഢം മന്ദഹസിച്ചു. “ഗുഡ് മോണിങ്.”

ഞാൻ ആ ആംഗ്യം അത്ര പൂർണതയില്ലാതെ അനുകരിച്ചു. മാഢം നന്നായെന്ന് തലയാട്ടി. അതായിരുന്നു ആദ്യപാഠം. പിറ്റേന്നു, കൃപ മാഢത്തിന്റെ ശിഷ്യനായി ഞാൻ ആംഗ്യഭാഷ പഠനത്തിൽ ഹരിശ്രീ കുറിച്ചു.

            ആംഗ്യഭാഷ പൊതുവെ ഒരു സാർവ്വജനിക (Universal) ഭാഷയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എങ്കിലും രാജ്യങ്ങൾക്കനുസരിച്ച് അത്യാവശ്യം ഭേദങ്ങളുണ്ട്. ഇന്ത്യൻ, അമേരിക്കൻ, ബ്രിട്ടീഷ് എന്നിങ്ങനെ. ഇതിൽ പൊതുവെ അമേരിക്കൻ ആംഗ്യഭാഷയ്ക്കു പ്രചാരം കൂടുതലാണ്. ഇന്ത്യൻ ആംഗ്യഭാഷയിൽ പ്രാദേശികസംസ്കാരം ഇടകലർന്നിട്ടുണ്ട്. ഉദാഹരണമായി മാസങ്ങളുടെ പേര് ആംഗ്യത്തിൽ പറയുമ്പോൾ ഉൽസവങ്ങൾ ഉപയോഗിക്കാം. ജനുവരി – പൊങ്കൽ, സെപ്റ്റംബർ – വിനായക ചതുർത്ഥി, ഒക്ടോബർ – ദുർഗ്ഗാപൂജ, എന്നിങ്ങനെ.

ആംഗ്യഭാഷയിൽ മുഖചലനങ്ങൾക്കുള്ള പ്രാധാന്യം സവിശേഷമാണ്. ‘Tired’ എന്ന വാക്കിന്റെ ആംഗ്യം കാണിക്കുമ്പോൾ മുഖം പ്രസന്നമോ നിർവികാരമോ ആയിരിക്കരുത്. ‘Tired’ വാക്കിനൊപ്പം പരിക്ഷീണിത മുഖഭാവവും ഭാഷാകാരനിൽ അവശ്യമാണ്. സത്യത്തിൽ, മുഖം നിർവികാരമായി നിർത്തിക്കൊണ്ടുള്ള ആംഗ്യങ്ങൾ ആംഗ്യഭാഷയിൽ ഇല്ലെന്നു പറയാം. ഭാവാഹാദികളുടെ ഒടുങ്ങാത്ത പ്രവാഹമാണ് ആംഗ്യഭാഷ. അത് പ്രായോക്താവിന്റെ മുഖത്തും ശരീരത്തിലും പ്രതിഫലിക്കും, പ്രതിഫലിക്കണം. ആംഗ്യഭാഷ പഠിച്ച ബധിരർ, മുഖചലനം കൊണ്ട് മികച്ച അഭിനേതാക്കളാണെന്ന് പറയാം. വിവിധ രസങ്ങൾ മിന്നിമറയുന്ന മുഖം, ബധിരർക്കു ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ആംഗ്യഭാഷ പഠനത്തിന്റെ ആദ്യകാലത്തു മുഖചലനം ശരിയാകാതെ ഞാൻ വളരെ ബുദ്ധിമുട്ടി. ശോകം, സന്തോഷം, അസൂയ., തുടങ്ങിയ ഭാവാഹാദികൾ എന്റെ മുഖത്തു ശരിക്കു പ്രതിഫലിച്ചില്ല. കൃപാമാഢം ആശ്വസിപ്പിച്ചു. ഏതാനും ആഴ്ചകൾകൊണ്ട് എല്ലാം ശരിയാകുമത്രെ.

            ആംഗ്യഭാഷയിൽ രണ്ടുതരത്തിൽ ആശയങ്ങൾ കൈമാറാം. ഒന്ന് – വാക്കുകളുടെ തത്തുല്യമായ ആംഗ്യങ്ങൾ വഴി. ഈ രീതിയിൽ, ‘My Home’ എന്നു പറയുന്നതിനു My, Home എന്നിവയുടെ രണ്ട് ആംഗ്യങ്ങൾ കാണിച്ചാൽ മതി. താരമ്യേന എളുപ്പത്തിൽ ആശയം കൈമാറാം. രണ്ടാമത്തെ രീതിയിൽ, നാം ഓരോ വാക്കിന്റേയും സ്പെല്ലിങ് കൈവിരലുകളാൽ ആംഗ്യത്തിൽ കാണിക്കണം. ‘My Home’ എന്ന ആശയം, ആംഗ്യഭാഷ അറിയാവുന്ന മറ്റൊരാളിലേക്കു കൈമാറണമെങ്കിൽ m y h o m e എന്നീ ആറ് ലെറ്റേഴ്സിന്റേയും ആംഗ്യം കൈവിരലുകൾ കൊണ്ട് കാണിക്കണം. അതും വേഗത്തിൽ. ഇതിനെ ഫിംഗർ സ്പെല്ലിങ് (Finger Spelling) എന്നു പറയുന്നു. സാധാരണ സംഭാഷണങ്ങളിൽ, ഫിംഗർ സ്‌പെല്ലിങ് എപ്പോഴും ഉപയോഗിക്കേണ്ടി വരുന്നില്ല. വാക്കുകളുടെ ആംഗ്യങ്ങൾ കൊണ്ടു മാത്രം ആശയം കൈമാറാൻ കഴിയും. പക്ഷേ, ഏതെങ്കിലും വാക്കിന്റെ ആംഗ്യം മറന്നെന്നോ, അല്ലെങ്കിൽ വ്യക്തികളുടെ പേരുകളോ പ്രശസ്തമല്ലാത്ത സ്ഥലനാമമോ മറ്റൊരാളിലേക്കു കൈമാറണമെന്നു കരുതുക. അപ്പോൾ എന്തുചെയ്യും? ഫിംഗർ സ്പെല്ലിങിന്റെ പ്രാധാന്യം ഇവിടെയാണ്. വലതുകൈ വിരലുകൾ കൊണ്ട് മാത്രം, അമേരിക്കൻ ആംഗ്യഭാഷയിലെ a b c d … x y z കാണിക്കാൻ കഴിയും. (ഇന്ത്യൻ ആംഗ്യഭാഷയിലെ ചില ലെറ്റേഴ്‌സ് കാണിക്കാൻ ഇരുകൈകളും ആവശ്യമാണ്). ഫിംഗർ സ്പെല്ലിങ് കാണിക്കുമ്പോൾ അതിലെ വേഗത പ്രധാനമാണ്. അധികം സമയമെടുക്കാതെ സ്പെല്ലിങ് പൂർത്തിയാക്കണം. 3-4 സെക്കന്റിനുള്ളിലോ അതിനുമുമ്പോ ശരാശരി നീളമുള്ള എല്ലാ ഇംഗ്ലീഷ് വാക്കുകളുടേയും ഫിംഗർ സ്പെല്ലിങ്, എന്റെ അധ്യാപിക കൃപ ഡമാസ് പൂർത്തിയാക്കും. ഞൊടിയിടയിലായിരിക്കും ആംഗ്യപ്രകടനം. അതു വായിച്ചെടുക്കാൻ ചില്ലറ പ്രയത്നം പോര. ഫിംഗർ സ്പെല്ലിങ് വേഗത്തിൽ കാണിക്കാനും മനസ്സിലാക്കാനും നല്ല പരിശീലനം അവശ്യമാണ്. ആംഗ്യങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നതും ശ്രമകരമാണ്. നൂറുകണക്കിനു വാക്കുകളുടെ ആംഗ്യങ്ങളാണ് നമുക്കു മുന്നിലുള്ളത്. അവയിൽ ചിലതാകട്ടെ ഒരുപോലുള്ളതും. ഒരു ആംഗ്യത്തിനു ഒന്നിലധികം അർത്ഥങ്ങൾ ഉണ്ടാകാമെന്നു സാരം. അപ്പോൾ നാം ഉള്ളടക്കം നോക്കി അർത്ഥനിർണയം നടത്തണം.

            ആംഗ്യഭാഷയിൽ സാധാരണയായി വാക്കുകളുടെ ആംഗ്യങ്ങൾ മാത്രമേ കാണിക്കാറുള്ളൂ. സംഭാഷണത്തിന്റെ വേഗതയ്ക്കു അതാണ് അഭികാമ്യം. വ്യക്തികളുടേയോ സ്ഥലങ്ങളുടെയോ പേരുകൾ പറയേണ്ടിവരുമ്പോൾ മാത്രം ഫിംഗർ സ്പെല്ലിങ്ങിലേക്കു തിരിയും. അതുതന്നെ എപ്പോഴും ആവശ്യമില്ല. ചെന്നൈ, കേരളം, ബാംഗ്ലൂർ തുടങ്ങിയ നിരവധി സ്ഥലങ്ങൾക്കു സ്വന്തമായ ആംഗ്യങ്ങളും ഉണ്ട്. എന്നാൽ ഉൾനാടൻ പ്രദേശങ്ങളെ സൂചിപ്പിക്കാൻ ഫിംഗർ സ്പെല്ലിങ് തന്നെ വേണം.

              ആംഗ്യഭാഷ പഠനം എന്റെ മനോഘടനയിലും സ്വഭാവത്തിലും അല്പം മാറ്റം വരുത്തി. ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ശ്രവണശേഷിയുള്ളവരോടു സംസാരിക്കുമ്പോൾ പോലും, സംസാരത്തിനിടെ ഞാനറിയാതെ എന്റെ കൈകൾ ആംഗ്യഭാവത്തിൽ ഇടയ്ക്കൊക്കെ ചലിക്കും. ഇത് അനൈശ്ചികമാണ്. മനസ്സിലെ സന്നിഗ്ദാവസ്ഥയുടെ ബഹിർസ്ഫുരണം. ശ്രവണശേഷി എന്നിൽ ഭാഗികമായേ നഷ്ടപ്പെട്ടിട്ടുള്ളൂ. ജന്മനാൽ ശ്രവണപ്രശ്നം ഇല്ലാതിരുന്നതിനാൽ എനിക്കു ആംഗ്യഭാഷയെ ആശയവിനിമയത്തിനു ആശ്രയിക്കേണ്ടതില്ല. എന്നാൽ, പഠിച്ച ആംഗ്യഭാഷ അബോധമനസ്സിൽ തികട്ടി വരികയും ചെയ്യുന്നു. ആശയക്കുഴപ്പത്തിന്റെ ഒരു കലാശക്കൊട്ട്. അതിൽപ്പെട്ട് സംസാരവും ആംഗ്യവും കുറച്ചുനേരത്തേക്ക് എന്നിൽ ഒരുമിച്ചു പ്രകടമാകും. ഏതാനും സെക്കന്റുകൾക്കു ശേഷമേ മനസ്സിലാകൂ, ഞാൻ സംവദിക്കുന്നത് ശ്രവണപ്രശ്നമില്ലാത്ത ഒരാളോടാണെന്ന്. അപ്പോൾ പേരറിയാത്ത വികാരം എന്നിൽ നിറയും. അതിനെ ജാള്യത എന്നു ഞാൻ വിശേഷിപ്പിക്കില്ല. എന്നാൽ ഈ ‘കൺഫ്യൂസിങ് ബിഹേവിയറിന്റെ’ തുടക്കത്തിൽ എനിക്കു തോന്നിയിരുന്നത് ജാള്യത തന്നെയായിരുന്നു. ഇത് തുടർക്കഥയായപ്പോൾ ജാള്യത മാറി. പകരം പേരറിയാത്ത അസ്വസ്ഥതയായി. ആംഗ്യഭാഷ പഠനത്തോടെ എന്നിൽ വന്ന മാറ്റത്തെ ഞാൻ സ്വയം മനസ്സിലാക്കുന്നതാണ് ഇതിനു കാരണം. മറ്റൊരു കാര്യവും ഇവിടെ പറയാതെ വയ്യ. ഇത്തരം ‘കൺഫ്യൂസിങ് ബിഹേവിയർ’ ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്ത്, അതായത് എന്റെ വീട്ടിലോ ബാംഗ്ലൂരിലെ റൂമിലോ വച്ച്, മറ്റുള്ളവരോടു സംസാരിക്കുമ്പോൾ ഞാൻ പ്രകടിപ്പിച്ചിട്ടില്ല. Resilient minds എനിക്കൊരു വ്യത്യസ്ത സ്വത്വം നൽകുന്നെന്ന് തോന്നുന്നു. ആ കെട്ടിടത്തിൽ കഴിയുമ്പോൾ മാത്രം ലഭിക്കുന്ന മാനസികവും അമൂർത്തവുമായ ഒരു മേലങ്കി. അതു അവിടെ അഴിച്ചുവച്ചിട്ടാണ് ഞാൻ പുറത്തിറങ്ങുന്നത്. അല്ലെങ്കിൽ ഇതേ പ്രശ്നം റൂമിലും ഞാൻ അഭിമുഖീകരിക്കുമായിരുന്നു.

Read More ->  അദ്ധ്യായം 12 -- സ്വപ്നങ്ങൾ

            അടയാളഭാഷ ക്ലാസുകൾ ഉച്ചയ്ക്കായിരുന്നു. ചിലപ്പോൾ കൃപമാഢം വളരെ തിരക്കിലായിരിക്കും. അപ്പോൾ ഞാൻ സ്വയം പഠിക്കാൻ ശ്രമിക്കും. Resilient-ൽ ആംഗ്യഭാഷയുടെ ഡിക്ഷണറി ഉണ്ട്. അതിൽനിന്നു ചില അടയാളങ്ങൾ തന്നെത്താൻ പഠിക്കാൻ പറ്റും. പക്ഷേ ഭൂരിഭാഗം ആംഗ്യങ്ങളും പഠിക്കാൻ ട്യൂട്ടറുടെ സഹായം ആവശ്യമാണ്. കൈ-മുഖചലന രീതികൾ അതിന്റെ സ്വാഭാവികതയിൽ ഡിക്ഷണറിയിൽനിന്നു പഠിക്കാൻ പറ്റില്ല

            ആംഗ്യഭാഷ പഠിക്കുന്നതിനിടയിൽ, ഒരിടക്കാലത്ത്, രണ്ടുമാസത്തോളം കൃപ മാഢത്തിനു എന്റെ പഠനത്തിൽ ശ്രദ്ധിക്കാനായില്ല. പക്ഷേ അക്കാലത്തും ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനം തുടർന്നു. ദിവസവും രാവിലെ 11-നു ഇൻസ്റ്റിറ്റ്യൂട്ടിലെത്തി, എല്ലാവരേയും വിഷ് ചെയ്ത്, ആംഗ്യഭാഷ ഡിക്ഷണറിയുമായി ഒരു മുറിയിലിരുന്ന് ആംഗ്യങ്ങൾ പരിശീലിക്കും. ഫിംഗർ സ്പെല്ലിങിന്റെ വേഗത കൂട്ടാനും ഞാൻ ശ്രമിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൃപാമാഢം എന്നോടു ചോദിച്ചു.

            “ഞാൻ തിരക്കിലായതു കൊണ്ടാണ് ക്ലാസ് എടുക്കാത്തത്. ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നു ഒറ്റയ്ക്കു പഠിക്കുന്നതിൽ സുനിലിനു മടുപ്പുണ്ടോ?”

               ഞാൻ നിഷേധിച്ചു.

            “ഇല്ല മാഢം. ഇവിടെ വരുന്നത് എനിക്കു വലിയ ആശ്വാസമാണ്. ഞാൻ ജഡപ്രകൃതത്തിൽ അല്ല, മറിച്ച് ആക്ടീവ് ആൻഡ് ഡൈനാമിക് ആണെന്ന്, എന്നെത്തന്നെ ഞാൻ വിശ്വസിപ്പിക്കുന്നത് ദിവസവും രണ്ടുമണിക്കൂർ നീളുന്ന ഇവിടത്തെ സന്ദർശനം വഴിയാണ്. ഇതില്ലെങ്കിൽ, എന്റെ മനഃസ്സന്തോഷം കെട്ടുപോയേനെ… പിന്നെ, സ്വയം പരിശീലിക്കുമ്പോഴും ആംഗ്യഭാഷ എനിക്ക് നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഫിംഗൽ സ്പെല്ലിങ് വേഗതയിൽ ഞാനേറെ മുന്നേറിക്കഴിഞ്ഞു.”

            കൃപ മാഢം എന്നെ തോളിൽ തട്ടി അഭിനന്ദിച്ചു.

            ആംഗ്യഭാഷയിൽ പുരോഗതി നേടിയ ശേഷം, ശനിയാഴ്ചകളിൽ കുട്ടികളുടെ മാതാപിതാക്കൾക്കു ഞാൻ ആംഗ്യഭാഷ ക്ലാസ് എടുക്കാൻ തുടങ്ങി. കേൾവിപ്രശ്നമുള്ള കുട്ടികളെ കൂടാതെ, അവരുടെ കുടുംബത്തിലെ ഒരാളെങ്കിലും ആംഗ്യഭാഷ പഠിച്ചിരിക്കണം. അല്ലാതെ ക്രിയാത്മകമായ ആശയവിനിമയം സാധ്യമാകില്ല. മാത്രമല്ല ശ്രവണപ്രശ്നമുള്ള കുട്ടിക്ക് ‘സംസാരിക്കാനും‘, അതുവഴി ആരോഗ്യകരമായ മാനസികനില നിലനിർത്താനും ഒരു സുഹൃത്ത് കൂടിയേ തീരൂ. മിക്കവാറും അത് മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ ആകും. Resilient Minds-ൽ കുട്ടികളുടെ മാതാപിതാക്കളെ ആംഗ്യഭാഷ പഠിപ്പിക്കുന്ന ചുമതല ഞാൻ സന്തോഷപൂർവ്വം ഏറ്റെടുത്തു. പഠിച്ചതെല്ലാം മനസ്സിൽ കൂടുതൽ ഉറയ്ക്കാൻ ഇത്തരം ക്ലാസുകൾ സഹായകമായി.

      Resilient Minds ഒരു സങ്കേതമാണ്. ജീവിതത്തിലെ ഒരു ദശാസന്ധിയിൽ എനിക്ക് അഭയമേകിയ സങ്കേതം. മഴ വരുമ്പോൾ ഒരു മരത്തിനു കീഴിൽ കയറിനിൽക്കുന്ന പോലെ, ജീവിതത്തിലെ ഒരു സന്നിഗ്ദാവസ്ഥയിൽ ഞാൻ ആ സ്ഥാപനത്തിന്റെ തണലിൽ കയറിനിന്നു. ഭുവന മാഢം അവരുടെ റോൾ അപ്പോൾ ഭംഗിയായി നിർവഹിച്ചു. ഉമ മാർത്താണ്ഢനെ പോലെ, ഞാൻ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന മറ്റൊരു വ്യക്തിത്വമാണ് ഭുവന കല്യാൺ റാം.

            ……അതിനാൽ ഞാൻ പറയുന്നു, ആരുടേയും ജീവിതത്തിൽ ആരും നിസാരർ അല്ല, ആരും പ്രമാണിമാരും അല്ല.

**************

ജോലിയില്ലാതെ ബാംഗ്ലൂരിൽ കഴിയുന്ന ഒരിടക്കാലം. എഴുത്തും വായനയും ഇന്റർവ്യൂകളുമായി ദിവസങ്ങളും മാസങ്ങളും തള്ളിനീക്കുന്നു. അവഗണനയുടേയും വിവേചനത്തിന്റേയും തീഷ്ണകാലം. ചെറുത്തുനിൽപ്പ് ശീലമാക്കിയ മനസ്സിനേയും സാവധാനം നിരാശ ബാധിക്കാൻ തുടങ്ങും. അപ്പോൾ ഞാൻ മനസ്സിലാക്കും. നാട്ടിലേക്കു പോകേണ്ട സമയമായിരിക്കുന്നു. കുടുംബത്തിന്റെ തണലിൽ അല്പനാൾ കഴിയണം. അവർ പകർന്നു തരുന്ന ആത്മവിശ്വസം വളരെ വലുതായിരുന്നു.

അങ്ങിനെയൊരു ‘വെക്കേഷൻ’ കാലം. ഒരുദിവസം ഉച്ചയ്ക്കു, പൂമുഖത്തു കിടന്നു ജ്യേഷ്ഠന്റെ പുത്രനൊപ്പം കളിച്ചു തിമിർക്കുന്നു. കളിക്കിടയിൽ ഗൗതം പെട്ടെന്നു എന്തോ ഓർത്ത പോലെ ഭാവിച്ചു നിന്നിട്ടു പറഞ്ഞു.

“കൊച്ചച്ഛാ, അതില്ലേ… ഞാൻ ഇപ്പോ ഒരു സാധനം കൊണ്ടരാം. കൊച്ചച്ഛൻ ഇവിടെ നിക്ക്.”

ഞാൻ കാത്തുകിടന്നു. ഒരു കളിപ്പാട്ടമാണ് ഗൗതം കൊണ്ടുവരാൻ പോകുന്നതെന്ന് ഉറപ്പായിരുന്നു. മുമ്പും ഇങ്ങിനെ സംഭവിച്ചിട്ടുണ്ടല്ലോ.

ഗൗതം പൂമുഖത്തേക്കു വന്നത് ഒരു ഒന്നാന്തരം തോക്കുമായിട്ടായിരുന്നു. ഞാൻ ചോദിച്ചു. “ഇത് ആരു വാങ്ങിത്തന്നതാ.”

ഗൗതം പറഞ്ഞു. “രഞ്ചു കൊച്ചച്ഛൻ.’

നന്നായി. ഞാൻ കളിപ്പാട്ടം വാങ്ങി പരിശോധിച്ചു. ‘ടർ‌ർർ’ എന്നു ശബ്ദമുണ്ടാക്കി ഗൗതമിനെ വെടിവച്ചു. ഗൗതം ചിരിച്ചുകളിച്ച് തോക്ക് എന്റെ കയ്യിൽ നിന്ന് വാങ്ങാൻ ശ്രമം തുടങ്ങി. ഞാൻ നൽകിയില്ല. തോക്ക് കുറച്ച് ഉയരത്തിൽ പൊക്കി പിടിച്ചു. ഗൗതമിനു ചാടിപ്പിടിക്കാനാകില്ല ഇപ്പോൾ. ഞാൻ തോക്ക് അല്പം താഴ്ത്തി. ഗൗതം ചാടിയപ്പോൾ തോക്ക് ഞാൻ വീണ്ടും പൊക്കിപ്പിടിച്ചു. നാലഞ്ചുവട്ടം ഇത് ആവർത്തിച്ചു. ഒടുക്കം ഗൗതം പരിഭവിച്ച് പറഞ്ഞു.

“തോക്ക് താ കൊച്ചച്ഛാ.”

ഞാൻ നിഷേധഭാവത്തിൽ തലയാട്ടി. അപ്പോൾ ഗൗതം എന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു. “കൊച്ചച്ഛാ ആ തോക്ക് എന്റെയാണ്. കൊച്ചച്ഛൻ അതെനിക്കു തരണം.”

എന്റെ തലയിൽ ഒരു മിന്നായം പോലെ. ആരോ എന്നെ യാഥാർത്ഥ്യത്തിലേക്കു കുലുക്കി ഉയർത്തിയ പോലെ തോന്നി. എന്റെ ദയനീയ ഭൂതകാലം എന്നെ ആഞ്ഞു പ്രഹരിക്കുകയായിരുന്നു. ഞാൻ തോക്ക് ഗൗതമിനു തിരിച്ചുകൊടുത്ത് അവന്റെ കവിളിൽ ചെറുതായി വേദനിക്കും വിധം കടിച്ചു. (അതെ, എന്റെ സ്നേഹപ്രകടനങ്ങൾ എന്നും വന്യമായിരുന്നു!). ഗൗതം തിരിച്ചും എന്നെ കടിച്ചിട്ട് വീടിനുള്ളിലേക്കു പോയി. ഞാൻ തലതാഴ്ത്തി ഏറെനേരം പൂമുഖപ്പടിയിൽ ഇരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

ഗൗതം എന്നെ പഠിപ്പിച്ചത് ഒരു വലിയ പാഠമായിരുന്നു… ആർക്കെങ്കിലും അവകാശപ്പെട്ടത്, അല്ലെങ്കിൽ അവർ അർഹിക്കുന്നത്, നാം ഒരിക്കലും അവർക്കു കൊടുക്കാതിരിക്കരുത്, അവരിൽ നിന്നു അത് തട്ടിപ്പറിക്കുകയുമരുത്.

ബാംഗ്ലൂരിലെ ഐടി കമ്പനികൾക്കു ഇക്കാര്യം അറിയില്ല!

പത്തൊമ്പതാം അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


4 Replies to “അദ്ധ്യായം 18 — ആംഗ്യഭാഷാ പഠനം @ Resilient Minds”

അഭിപ്രായം എഴുതുക