അദ്ധ്യായം 17 — ആത്മകഥനം

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com Read More.


പതിനാറാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

                    പറയാൻ പോകുന്നത് നിലവിളിയെ പറ്റിയാണ്. കഠിനദുഃഖം പ്രകടിപ്പിക്കുന്ന വിവിധ രീതികൾ. പല രാജ്യക്കാരും ഇതിൽ വ്യത്യസ്ത രീതികൾ പിന്തുടരുന്നു. ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ തന്നെ വൈവിധ്യം കണ്ടേക്കാം. പാശ്ചാത്യർ കടുത്ത ദുഃഖം അനുഭവിക്കുമ്പോഴും പൊതുവെ പ്രകടനപരതയിൽ തല്പരർ അല്ല. കരച്ചിലും കണ്ണീരൊഴുക്കലും ഒക്കെയുണ്ടെങ്കിലും ഭാവാഹാദികളിൽ അവർ നിയന്ത്രണം പാലിക്കും. ഭാരതീയർ നേരെ തിരിച്ചാണ്.

            പ്രമുഖവ്യക്തികൾ മരിക്കുമ്പോൾ, അവരുടെ സഹപ്രവർത്തകരും മക്കളും ദുഃഖം പ്രകടിപ്പിക്കുന്നതെങ്ങിനെയെന്നു ശ്രദ്ധിച്ചിട്ടുണ്ടോ. ദിവംഗതനായ വ്യക്തി ഏതുമേഖലയിൽ പ്രമുഖൻ/പ്രമുഖയായിരുന്നുവോ, ആ മേഖലയിലെ ശിഷ്യന്മാർ ഗുരുവിനു അനുയോജ്യമായ വിധം പ്രണാമം അർപ്പിക്കും. ഗുരു നൃത്തത്തിൽ നിപുണയായിരുന്നെങ്കിൽ ശിഷ്യർ ലഘുനൃത്തം വഴി ആദരവ് പ്രകടിപ്പിക്കും. നാടകത്തിലും പ്രാചീനകലകളിലും പ്രഗൽഭനായ ഗുരുവിനു ഫോക്‌ലോർ ഗാനങ്ങൾ വഴി ഉചിതമായ അശ്രുപൂജ അർപ്പിക്കാവുന്നതാണ്. ഇതുപോലുള്ള ഉദാഹരണങ്ങൾ വേറേയുമുണ്ട്. ഗുരുനാഥർക്കു സമർപ്പിക്കുന്ന ഈ പ്രണാമങ്ങളിൽ ശിഷ്യരുടെ നിശബ്ദമായ നിലവിളി അടങ്ങിയിരിക്കുന്നു. താങ്ങാനാകാത്ത ദുഃഖത്തിന്റെ കവിഞ്ഞൊഴുകൽ. ഇമ്പമുള്ള വഴികളിലൂടെ നിലവിളിക്കുന്നവരും ഉണ്ട്. വയലിൻ വായന, ഗാനാലാപനം., തുടങ്ങിയവ അക്കൂട്ടത്തിൽ പെടുന്നു. അല്പം മാത്രം ശബ്ദമുള്ള നിലവിളികൾ.

            ഞാൻ എന്തിനു ഇതെല്ലാം പറയുന്നു എന്നല്ലേ ചോദ്യം? എന്റെ ആത്മകഥകുറിപ്പുകൾ, ‘ചില അറിയപ്പെടാത്ത ഏടുകൾ’ എന്ന പുസ്തകം, എന്റെ നിലവിളിയാണ്. വളരെ വ്യത്യസ്തമായ തരം നിലവിളി. ജീവിതത്തിലെ അവിസ്മരണീയമാകേണ്ടിയിരുന്ന ഒരു കാലഘട്ടം, തന്റേതല്ലാത്ത കാരണത്താൽ കൈമോശം വന്ന ഒരുവന്റെ വിലാപം.

***********

            2012 ഡിസംബറിൽ, കമ്പനിയോടു വിടപറയാനുള്ള തീരുമാനം ഞാൻ തിടുക്കത്തിൽ എടുത്തതല്ല. ജോലിചെയ്യുന്ന കാലത്തു തന്നെ മറ്റു കമ്പനികളിൽ ചേക്കേറാൻ കഠിനശ്രമം നടത്തിയിരുന്നു. പലതിലും അവസാനഘട്ട ചർച്ച വരെ കാര്യങ്ങളെത്തി. എന്നാൽ, ഇന്ത്യയിലെ No.1 കമ്പനികൾ ഉൾപ്പെടെയുള്ള ചിലർ ആദ്യറൗണ്ടിൽ വച്ചുതന്നെ അപമാനിച്ച് ഇറക്കി വിടുകയാണുണ്ടായത്. ഏതാനും ആഴ്ചകൾ മാനസിക സംഘർഷത്തിന്റേതാകാൻ അത് ധാരാളമാണ്. കാരണം, ഓരോ ഇന്റർവ്യൂ ‘തോൽവി’യും, സ്വന്തം ന്യൂനതയെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലായിരുന്നു എനിക്കു. എന്നാൽ, നിരാശ ഏറെനാൾ നീണ്ടുനിൽക്കാറില്ല. വീണ്ടും ഉയിർത്തെഴുന്നേൽപ്പും ഉന്മേഷ മനോഭാവവും ഉണ്ട്. അത് അടുത്ത ഇന്റർവ്യൂ വരെ നീളും. വീണ്ടും നിരാസം, ‘തോൽവി’, വിഷമം… ഈ പ്രക്രിയ കുറേനാൾ തുടർന്നു.

ഇതിനൊരു അവസാനം കാണണമെങ്കിൽ, ഇന്റർവ്യൂകളെ അതുവരെ നേരിട്ട രീതിയിൽ തന്നെ, ഭാവിയിലും അഭിമുഖീകരിച്ചാൽ പോരെന്ന്, കമ്പനിയിലെ അവസാനകാലത്ത് എനിക്കു മനസ്സിലായി. ജോലി ലഭിക്കുന്നതിനെ സഹായിക്കാൻ പുതിയൊരു ഉദ്യമം അനിവാര്യമാണെന്ന ചിന്ത എന്നിൽ ഉറച്ചു. മുമ്പും ഇതുപോലുള്ള തീർപ്പുകളിൽ ഞാൻ എത്തിയിട്ടുണ്ടായിരുന്നു. അതായത്, തൊഴിൽ ലഭിക്കാൻ നിലവിലുള്ള യോഗ്യതക്കും പരിശ്രമത്തിനും ഒപ്പം മറ്റൊന്നുകൂടി വേണമെന്ന തോന്നൽ. അപ്പോൾ ഞാൻ വെറുതെ ഇരിക്കാറില്ല. പുതിയ ടെക്നോളജികളിൽ സർട്ടിഫിക്കേറ്റുകൾ എടുത്തത് അങ്ങിനെയാണ്. പ്രത്യേകിച്ചും Solaris 9-ൽ നേടിയ Sun Microsystems സർട്ടിഫിക്കേഷൻ, SCNA. നേരിയ വ്യത്യാസത്തിനു തോറ്റെങ്കിലും, BCFA (Brocade Certified Fabric Admin) സർട്ടിഫിക്കേഷനു വേണ്ടിയും ഒരിക്കൽ കഠിനശ്രമം നടത്തിയിരുന്നു. എന്നാൽ, നിരാശാകരമെന്നേ പറയേണ്ടൂ, ഞാൻ പാസായ 3-4 സർട്ടിഫിക്കേഷനുകൾ ഒന്നും പുതിയ ജോലി സമ്പാദിക്കാൻ എനിക്കു സഹായകമായില്ല. നെറ്റ്‌വർക്കിങ്, വിൻഡോസ് സെർവർ, സോളാറിസ്, ഫൈബർചാനൽ നെറ്റ്‌വർക്കിങ്., എന്നീ മേഖലകളിൽ അറിവുണ്ടായിട്ടും കമ്പനികൾ എന്നെ നിഷ്കരുണം പുറന്തള്ളിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ, കമ്പനിയിലെ അവസാനകാലത്ത്, പുതിയൊരു ഉദ്യമം തുടങ്ങണമെന്നു തീരുമാനിച്ചപ്പോൾ പുതിയൊരു സർട്ടിഫിക്കേഷൻ എടുക്കുന്ന കാര്യം മനസ്സിൽ വന്നില്ല. പകരം, കുറേക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന പ്രോജക്ടിനോടു ചേർന്നു നിന്നുകൊണ്ട്, വ്യത്യസ്തമായ ഒരു ഉദ്യമം നടത്താൻ തീരുമാനിച്ചു.

ആത്മകഥകുറിപ്പുകൾ എഴുതണമെന്ന ആഗ്രഹം ഏറെനാളായി എന്നിലുണ്ടായിരുന്നു. എബിളിറ്റി ഫൗണ്ടേഷൻ നടത്തിയ ഒരു തൊഴിൽമേളയിൽ വച്ചാണ് ഈ ആശയം ആദ്യം മനസ്സിലുദിക്കുന്നത്. അവിടെ തൊഴിൽമേളക്കു എത്തിയ പലതരം ന്യൂനതകൾ ഉള്ള വികലാംഗരെ ഞാൻ നേരിൽ കണ്ടു. ചിലരോടു സംസാരിച്ചു. ഇത്തരം കൂടിക്കാഴ്ചകൾ, വികലാംഗരുടെ ഭാഗത്തുനിന്ന് ഒരു ആത്മപ്രകാശനം വേണമെന്നു എന്നെ ചിന്തിപ്പിച്ചു. ആത്മകഥ കുറിപ്പുകൾ തന്നെയാണ് മനസ്സിൽ വന്നത്. എന്നാൽ വിജയകരമായി എഴുതാൻ കഴിയുമോ എന്ന ആശങ്ക മൂലം ഞാൻ മടിച്ചുനിന്നു. ഇത് ഏറെക്കാലം തുടർന്നു. എന്നാൽ, തൊഴിലുമായി ബന്ധപ്പെട്ട് പുതിയൊരു ഉദ്യമം ആരംഭിക്കണമെന്നു വന്നപ്പോൾ, ആത്മകഥ പ്രോജക്ടിനെ ഞാൻ അതുമായി ബന്ധിപ്പിച്ചു. ആത്മകഥ എഴുത്ത് തന്നെയാകട്ടെ പുതിയ ഉദ്യമം എന്നു തീരുമാനിക്കുന്നത് അങ്ങിനെയാണ്.

Read More ->  അദ്ധ്യായം 10 -- 'ഈക്വൽ ഓപ്പർച്ചുനിറ്റി'യുടെ നാനാർത്ഥങ്ങൾ

ജോലിയിൽ തുടർന്നുകൊണ്ടു എഴുതുക അസാധ്യമായിരുന്നു എഴുതാൻ ആവശ്യമായ ഏകാഗ്രതയോ, സ്വച്ഛന്ദമായ മനസ്സോ സാഹചര്യമോ ഇല്ല. അതിനാൽ കമ്പനിയിലെ ജോലി നിർത്താൻ ഞാൻ നിർബന്ധിതനായി. 2012 ഡിസംബറിൽ ജോലി രാജിവച്ച്, ആത്മകഥാകുറിപ്പുകൾ എഴുതാനിരുന്നു.

കുട്ടിക്കാലം മുതൽ നല്ല വായനാശീലമുള്ള വ്യക്തിയാണ് ഞാൻ. ജന്മഗ്രാമമായ കാതിക്കുടത്തെ പനമ്പിള്ളി സ്മാരക വായനശാലയായിരുന്നു പ്രധാന സങ്കേതം. അവിടെനിന്നു നൂറുകണക്കിനു പുസ്തകങ്ങളും ആനുകാലികങ്ങളും ഞാൻ വായിച്ചുതള്ളിയിട്ടുണ്ട്. എനിക്കേറെ ഇഷ്ടം ചെറുകഥകളും നോവലുമായിരുന്നു. കവിത, ആത്മകഥ വിഭാഗത്തിൽ വായന കുറവായിരുന്നു. ഓർമയിൽ തങ്ങിനിൽക്കുന്ന ആത്മകഥകൾ നാടകാചാര്യനായ എൻ എൻ പിള്ളയുടെ ‘ഞാൻ’, ഫൂലൻദേവിയുടെ ‘ഞാൻ ഫൂലൻ‌ദേവി’ എന്നിവയാണ്. ആദ്യത്തേത് തുറന്നു പറച്ചിലിലെ കൂസലില്ലായ്മയാലും, രണ്ടാമത്തേത് തീഷ്ണാനുഭവങ്ങളുടെ വന്യതയാലും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി. എന്നാൽ ഈ പുസ്തകങ്ങളുടെയോ, മറ്റു ആത്മകഥാ രചനകളുടേയോ എഴുത്തുമാതൃക പിന്തുടരാൻ ഞാൻ തരിമ്പും ആഗ്രഹിച്ചില്ല. കാരണം, ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം എഴുതുക എന്റെ ലക്ഷ്യമായിരുന്നില്ല. ശ്രവണന്യൂനതയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവ മാത്രമായിരിക്കണം എഴുത്തുവിഷയം എന്നു മുമ്പേ തീരുമാനിച്ചിരുന്നു. അതായത്, ആത്മകഥാ കുറിപ്പുകളായിരുന്നു എന്റെ ലക്ഷ്യം. അതിനാകട്ടെ ഒരു പ്രത്യേക എഴുത്തുഘടന മനസ്സിൽ നിശ്ചയിച്ചിരുന്നുമില്ല.

            ഫലം, എഴുത്തിന്റെ തുടക്കത്തിൽ ഞാൻ നല്ല സമ്മർദ്ദത്തിലായി. ഒരു പ്രത്യേക വിഷയത്തെപ്പറ്റി നിശ്ചിത ദിവസങ്ങൾക്കുള്ളിൽ എഴുതി പൂർത്തിയാക്കണം എന്ന തീരുമാനത്തോടെ അന്നുവരെ ഞാൻ എഴുതിയിരുന്നില്ല. പ്രമുഖ പ്രസാധകരാൽ എന്റെ പുസ്തകം പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതിന്റെ ഉള്ളടക്കം എഴുതാൻ എനിക്കുമേൽ സമ്മർദ്ദമില്ലായിരുന്നു. സമയവും സന്ദർഭവും അനുസരിച്ച് എഴുതിയതാണ് അവ. എന്നാലിപ്പോൾ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ, നിശ്ചിതരൂപത്തിൽ എനിക്ക് ഒരുവിഷയം എഴുതി പൂർത്തിയാക്കേണ്ടതുണ്ട്. അത് ഒരു ബാധ്യതയും സമ്മർദ്ദവുമായിരുന്നു. എല്ലാ ഉറച്ച തീരുമാനങ്ങളും തീരുമാനമെടുക്കുന്നവരിൽ സമ്മർദ്ദമുളവാക്കും.

            പുസ്തകത്തിന്റെ റഫ് എഴുതി പൂർത്തിയാക്കാൻ ഞാൻ എനിക്കുതന്നെ നിശ്ചയിച്ച സമയം ആറു മാസമായിരുന്നു. മിനുക്കുപണികൾക്കും മറ്റുമായി രണ്ടുമാസം വേറെ. അങ്ങിനെ, പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റ് എട്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പദ്ധതിയിട്ട് ഞാൻ എഴുതാനിരുന്നു. രാവിലെ ഉപ്പുമാവും കട്ടൻചായയും കഴിച്ച് ചാരുകസേരയിലേക്കു മറിയും. (മൂന്ന് കൊല്ലത്തിലേറെ ഇതേ ഭക്ഷണം ഏതാണ്ട് തുടർച്ചയായി ഞാൻ കഴിച്ചിട്ടുണ്ട്). പിന്നെ ഇരുപത് മിനിറ്റോളം കണ്ണടച്ച് സ്മരണകളിലേക്കു കൂപ്പുകുത്തും. പലപ്പോഴും കണ്ണുകൾ നിറഞ്ഞ് വന്നു മനസ്സ് ദുഃഖസാന്ദ്രമാകും. ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തലാണല്ലോ ആത്മകഥ എഴുത്ത്. ജീവിതത്തിന്റെ സത്യസന്ധമായ അവലോകനമാണ് അവിടെ വേണ്ടത്. ഓരോ തട്ടും തരിയും വരെ പരിശോധിച്ച് എഴുതാനുള്ള അസംസ്കൃത വസ്തുക്കളുണ്ടോ എന്നു തിരയണം. മാനസികമായ സഞ്ചാരമാണിത്. ഏറ്റവും വേഗമാർന്നത്. ഞാനും അതുതന്നെ ചെയ്തു. ഫലം, കുട്ടിക്കാലം മുതൽ മനസ്സിൽ തറഞ്ഞുകയറിയ ഓരോ ചൂണ്ടക്കൊളുത്തും, ആത്മകഥ എഴുത്തിനിടയിൽ, വീണ്ടും സജീവമായി.

            ആത്മകഥ എഴുത്തിനിടയിൽ ചില സവിശേഷ മാറ്റങ്ങൾ എന്നിൽ സംഭവിച്ചു. എന്റെ ഭൂതകാലം എന്നിൽ കൂടുതൽ തെളിമയുള്ളതായി മാറി. ഭൂതകാലത്തെ ഏതെങ്കിലും നാലഞ്ച് സംഭവങ്ങൾ തെളിച്ചമുള്ളതായെന്നോ, 2-3 വർഷത്തെ ജീവിതം കൂടുതൽ മിഴിവുള്ളതായി മനസ്സിൽ വന്നെന്നോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത്തരം ഭാഗികമായ തിരിച്ചുപിടിക്കലല്ല എന്നിൽ സംഭവിച്ചത്. മറിച്ച്, ഭൂതകാല ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഒന്നാകെ മിഴിവുള്ളതായി മാറുകയാണ് ചെയ്തത്. ഒരു വ്യക്തിക്ക്, സാധാരണ നിലയിൽ, ഇത് അസാധ്യമാണ്. റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരും മറ്റും അവരുടെ ഭൂതകാലത്തേക്കു കണ്ണെറിഞ്ഞ് ഓർമകളെ സജീവമാക്കുന്ന പോലെയല്ല ഇതെന്ന് ഞാൻ കരുതുന്നു. ഭൂതകാല സംഭവങ്ങൾ ഓർത്തെടുത്ത്, അക്ഷരങ്ങളായി പരിവർത്തിപ്പിച്ച് കുറിച്ചുവയ്ക്കുമ്പോൾ, ഓർമകളെ സമൂലം ഉടച്ചുവാർത്ത് തെളിമയുള്ളതാക്കുന്ന ഒരു രാസപ്രക്രിയ വ്യക്തിയിൽ സംഭവിക്കുന്നുണ്ട്. ഭൂതകാലത്തെ വെറുതെ മനനം ചെയ്യുമ്പോൾ ലഭിക്കുന്ന തെളിമയേക്കാൾ കൂടുതൽ മിഴിവായിരിക്കും അപ്പോൾ വ്യക്തിക്കു ലഭിക്കുക. ഓർമകളുടെ ചങ്ങലക്കണ്ണികൾ വലിഞ്ഞുമുറുകി, ഒരു സിസ്റ്റത്തിനു എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കാനാകുമോ, അത്രത്തോളം കാര്യക്ഷമമായി മെമ്മറി സിസ്റ്റം പ്രവർത്തിക്കുന്നുവെന്ന് വേണം ഇവിടെ മനസ്സിലാക്കാൻ. ആത്മകഥാകുറിപ്പുകൾ എഴുതിയ കാലയളവിൽ എന്നിൽ ഭൂതകാലം വളരെ സമുജ്വലമായിരുന്നു. ഒരുപക്ഷേ മറ്റു ആത്മകഥാകാരന്മാരും ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ടാകാം.

Read More ->  അദ്ധ്യായം 19 -- 'സ്‌പെഷ്യൽ' മനസ്സുകൾ

            അധ്യായങ്ങളെല്ലാം എഴുതിക്കഴിഞ്ഞ ശേഷവും, മാനുസ്ക്രിപ്റ്റിൽ അപൂർണതയുണ്ടെന്ന തോന്നൽ എന്നിൽ ബാക്കിനിന്നു. ആ ബോധ്യത്തിൽ നിന്ന് ചില കാര്യങ്ങൾ കൂടി ഞാനെഴുതി. അദ്ധ്യായമായി വികസിപ്പിക്കാൻ കഴിയാത്തത്ര ചെറുതായിരുന്നു അവ. എന്നാൽ അവഗണിക്കാൻ കഴിയാത്തത്ര ശക്തിമത്തും വൈകാരികവും. ഞാൻ അവയെ അദ്ധ്യായങ്ങളുടെ തുടക്കത്തിലും (Prefix) അവസാന ഭാഗത്തുമായി (Suffix) സജ്ജീകരിച്ചു. അങ്ങിനെ, എട്ടുമാസം എന്ന ലക്ഷ്യത്തെ തിരുത്തി, അഞ്ചുമാസം കൊണ്ട് ആത്മകഥാകുറിപ്പുകൾ ഞാൻ പൂർത്തിയാക്കി. ‘ചില അറിയപ്പെടാത്ത ഏടുകൾ’ എന്നു നാമകരണവും ചെയ്തു. സമൂഹത്തിലെ ബഹുഭൂരിഭാഗം പേർക്കും പരിചിതമല്ലാത്ത ചില ഏടുകൾ.

**********

സഹിക്കാൻ പറ്റാത്ത ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. അവ ഒരു വ്യക്തിയിൽ ചുരുങ്ങിയ സമയം കൊണ്ട് നിർമിക്കപ്പെടുന്നവയല്ല. ഉദാഹരണമായി, ആരുടെയെങ്കിലും വിയോഗം, അല്ലെങ്കിൽ ഒരു ഇന്റർവ്യൂവിലെ തോ‌ൽവി., തുടങ്ങിയ പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ട് ഉണ്ടാകുന്ന അസഹനീയ സാഹചര്യമല്ല ഇവിടെ പ്രതിപാദ്യം. മറിച്ച് ആഴ്ചകളും മാസങ്ങളും എടുത്ത് പതുക്കെ നിർമിക്കപ്പെട്ട്, മനസ്സിനു കനത്ത ആഘാതമാകുന്ന, മനസ്സിനെ ബലാൽക്കാരം ചെയ്ത് പരിവർത്തിപ്പിക്കുന്ന, സാഹചര്യങ്ങളെ പറ്റിയാണ് ഞാൻ പറയുന്നത്. ഇവ തികച്ചും അപകടകരമാണ്. പെട്ടെന്ന് നിർമിക്കപ്പെടുന്ന സാഹചര്യങ്ങളുടെ ഫലം, നമ്മിലുണ്ടാക്കുന്ന സ്വാധീനത്തിനു പൊതുവെ കുറഞ്ഞ കാലദൈർഘ്യമേ ഉണ്ടാകൂ. ഈയാംപാറ്റകളെ പോലെ പെട്ടെന്ന് ചിറകടിച്ചുയർന്ന്, ഏതാനും ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിന്ന്, പിന്നെ കെട്ടുപോകുന്നവയാണ് ഇവ. എന്നാൽ സാവധാനം ആരംഭിച്ച്, സാവധാനം മുന്നേറി, മനസ്സിൽ ഉറയ്ക്കുന്ന സാഹചര്യങ്ങൾ, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന സ്വാധീനം/ആഘാതം വ്യക്തികളിലുണ്ടാക്കും. അത്തരം സാഹചര്യമാണ് ‘ചില അറിയപ്പെടാത്ത ഏടുകൾ’ എഴുതി പൂർത്തിയാക്കിയ ശേഷം ഞാൻ അഭിമുഖീകരിച്ചത്. മാനുസ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരുന്ന ആറു മാസക്കാലത്ത് എന്റെ മനസ്സ്, ഞാൻ അനുഭവിച്ചിരുന്ന ഏകാന്തതയെ കാര്യമാക്കിയില്ല. എന്നാൽ പുസ്തകരചന കഴിഞ്ഞതോടെ ഏകാന്തത പൂർവ്വാധികം ശക്തിയോടെ എന്നെ വലയം ചെയ്തു.

Resilient Minds–ൽ വച്ചു നടന്ന ഒരു സംഭാഷണം ഞാനോർക്കുന്നു. ഒരു തിങ്കളാഴ്ച ദിവസം അൽഫോൺസ മാഢം എന്നോടു ചോദിച്ചു. “വാരാന്ത്യം സുനിൽ എങ്ങിനെ ചിലവഴിച്ചു?”

അതിനു മുമ്പുള്ള രണ്ട് ദിവസങ്ങൾ അവധിയായിരുന്നു. ഞാൻ സുഹൃത്തുക്കളേയും മറ്റും കൂടിക്കണ്ടിരിക്കുമെന്നു കരുതിയാണ് മാഢത്തിന്റെ അന്വേഷണം. വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളെ സന്ദർശിക്കുന്ന ശീലം ഒരിക്കലുണ്ടായിരുന്നു. അതിനുവേണ്ടി മഡിവാളയിലും മറ്റും പോകാറുണ്ടായിരുന്നു. പക്ഷേ, അതെല്ലാം നിലച്ചിട്ട് ഇപ്പോൾ വർഷങ്ങൾ ഏറെയായി. മാഢത്തിനുള്ള മറുപടി ഞാൻ ഒറ്റവാക്കിൽ ഒതുക്കി.

“മാഢം, ഞാൻ ഏറ്റവും അവസാനം സംസാരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. അത് മാഢത്തിനോടാണ്. വെള്ളിയാഴ്ചക്കു ശേഷം ഇപ്പോഴാണ് സംസാരിക്കുന്നത്. അതും മാഢത്തിനോടു തന്നെ!”

എന്റെ മറുപടിയിൽ അൽഫോൺസ മാഢം അന്തിച്ചുനിന്നു.

ഞാൻ അനുഭവിച്ചിരുന്ന ഏകാന്തത സമാനതകളില്ലാത്തതായിരുന്നു. മാസങ്ങൾ അല്ല, വർഷങ്ങളോളം ഞാനതിന് വിധേയനായി കഴിഞ്ഞു പോന്നു. സാവധാനമാണ് ഇതിന്റെ ഫലം എന്നിൽ തെളിഞ്ഞുവന്നത്. ഏകാന്തത ഒഴിവാക്കാൻ ഞാൻ പുസ്തകങ്ങളിലേക്കു തിരിഞ്ഞു. എനിക്കു വേണ്ടിയിരുന്ന വായന സൗന്ദര്യാത്മകമായ കഥ-കവിത-നോവൽ ആസ്വാദനമല്ലായിരുന്നു. മാനസികമായി എന്നെ ശക്തിപ്പെടുത്തുന്ന, ഉയർന്ന ബൗദ്ധികനിലയിൽ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയുന്ന വായന ഞാൻ ആഗ്രഹിച്ചു. ജീവിതഗന്ധിയായ രചനകൾ നെഗറ്റീവായേ ബാധിക്കുമായിരുന്നുള്ളൂ. അവയെന്നെ വ്യവഹാരിക ലോകത്തിൽ തളച്ചിട്ട്, മനസ്സിനെ കൂടുതൽ ദുർബലവും ദുഃഖസാന്ദ്രവുമാക്കുകയാണ് ചെയ്യുക. അത്തരം വായന ഞാൻ ആഗ്രഹിച്ചില്ല. ഫിലോസഫി പുസ്തകങ്ങൾ വായിക്കുന്ന ശീലം ആരംഭിക്കുന്നത് ഇപ്രകാരമാണ്. ഈ പുസ്തകത്തിൽ ഫൂട്ട്‌നോട്ടായും മറ്റും നിങ്ങൾ കാണുന്ന ദാർശനിക വചനങ്ങൾ എന്നിലെ ഫിലോസഫി കമ്പത്തെ സൂചിപ്പിക്കുന്നു.

പതിനെട്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അഭിപ്രായം എഴുതുക