അദ്ധ്യായം 16 — ട്രെയിൻ എന്ന വൈകാരിക മീഡിയം

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com Read More.


പതിനഞ്ചാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഐലാന്റ് എക്‌സ്‌പ്രസ്സിൽ നാട്ടിലേയ്ക്കു പോവുകയാണ്. സാധാരണ ദിവസമായിട്ടും ട്രെയിനിൽ നല്ല തിരക്ക്. വെറും നിലത്ത്, എന്റെ അടുത്തിരിക്കുന്നത് ഒരു വൃദ്ധനാണ്. മുഷിഞ്ഞ ലുങ്കിയും കീറഷർട്ടും ധരിച്ച ഒരു അപ്പൂപ്പൻ. കുഴിഞ്ഞ കണ്ണുകൾ. വലിയ ശാരീരിക അവശത ഇല്ലെങ്കിലും ദയനീയൻ. മാനസികവ്യഥ ഏറെ അനുഭവിക്കുന്നുണ്ടെന്നു വ്യക്തം. അദ്ദേഹം എന്റെ മുഖത്തേയ്ക്കു നിർവികാരനായി നോക്കി. ടോയ്ലറ്റിൽനിന്ന് വരുന്ന മൂത്രഗന്ധത്തെ അവഗണിച്ച് ഞങ്ങൾ ആടിക്കുലുങ്ങി യാത്ര ചെയ്തു. കയ്യിൽ കരുതിയിരുന്ന വീക്കിലി ഞാൻ ഇടയ്ക്കു അലസമായി മറിച്ചുനോക്കി.

സേലം കഴിഞ്ഞപ്പോൾ ഞാൻ വാതിലിനരുകിലേക്കു നീങ്ങിയിരുന്നു. കാലുകൾ ചമ്രം പടിഞ്ഞുവച്ചു. തണുപ്പ് ശരീരത്തിലേക്കു അരിച്ചരിച്ചു കയറി. ഇരുട്ടിലേയ്ക്കു ഓടിമറയുന്ന നിഴലുകളെ നോക്കി ഞാനിരുന്നു. അങ്ങകലെ വയലുകളുടെ വരമ്പത്ത് തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ ‘ഇതിഹാസ’ സ്മരണകൾ ഉണർത്തി.

ട്രെയിൻ ഈറോഡിൽനിന്നു പുറപ്പെട്ടപ്പോൾ ഞാൻ ഒരു ചൂടുചായ വാങ്ങി. തണുപ്പ് അധികരിച്ചിരിക്കുന്നു. ചായ മൊത്താൻ കപ്പ് ഉയർത്തുമ്പോൾ എന്തുകൊണ്ടോ എന്റെ മിഴികൾ പിന്നിലേയ്ക്കു ചലിച്ചു. വൃദ്ധൻ അവിടെത്തന്നെയുണ്ട്. തണുപ്പത്ത് കൂഞ്ഞിക്കൂടി ഇരിക്കുകയാണ്.

ഒരു ജ്ഞാനിയേപ്പോലെ ഞാൻ തിരിച്ചറിഞ്ഞു. ആ കണ്ണുകളിൽ എന്നെപ്പറ്റി പ്രതീക്ഷയുണ്ട്!

ട്രെയിൻ വേഗതയെടുക്കുകയായിരുന്നു. എന്നെ തഴുകുന്ന കാറ്റിനും ശക്തിയേറി. ഭൂതക്കാലത്തിന്റെ കുളിരുള്ള ആ കാറ്റിൽ ഞാനെന്റെ അമ്മയുടെ ദയനീയശബ്ദത്തിന്റെ അലയൊലികൾ കേട്ടു.

“പഞ്ചാര ഇല്ലെങ്കി അമ്മ എന്താ മോനേ ചെയ്യാ. മോനീ കാപ്പി കുടി.”

കാഴ്ചകളെ മറച്ച് എന്റെ കണ്ണുകൾ നിറഞ്ഞു. ചായക്കപ്പ് ഞാൻ പിന്നിലേയ്ക്കു നീട്ടി. അവിടെ

സന്തോഷം. സംതൃപ്തി.

ഞാൻ കൂപ്പുകുത്തി, മനസ്സിൽ എരിയുന്ന കുറേ സ്മരണകളിലേക്ക്.

*****************

മഴയെപ്പറ്റി പലരും ഒരു പ്രത്യേക അഭിപ്രായം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. എല്ലാ മാനുഷികവികാരങ്ങളും, അതിന്റെ പൂർണാർത്ഥത്തിൽ, മറ്റുള്ളവരിലേക്കു സന്നിവേശിപ്പിക്കാൻ മഴ നല്ല മീഡിയം ആണത്രെ. അതാണ് അവരുടെ മതം. ഇവിടെ, മാനുഷികവികാരങ്ങൾ എന്നതിൽ സങ്കടം, സന്തോഷം., എന്നിങ്ങനെ എന്തും ഉൾപ്പെടാം. സിനിമാരംഗത്ത് ഈ ‘മഴ വിശ്വാസം’ നന്നായുണ്ട്. എത്രയോ സിനിമകളുടെ ക്ലൈമാക്‌സുകളിൽ നാം മഴ കണ്ടിരിക്കുന്നു. സിനിമയിലെ മറ്റു രംഗങ്ങളിൽ ഒരു ചാറ്റൽമഴ പോലുമില്ലെങ്കിലും ക്ലൈമാക്സിൽ മഴ ഉണ്ടാകും. ഇതെല്ലാം സൂചിപ്പിക്കുന്നത് മഴ എന്ന പ്രകൃതിപ്രതിഭാസത്തിന്റെ സംവേദനക്ഷമതയാണ്. മാനുഷികവികാരങ്ങൾ മഴയെന്ന മീഡിയത്തിലൂടെ മറ്റുള്ളവരിലേക്കു കടത്തിവിടുമ്പോൾ വികാരങ്ങൾക്കു കൂടുതൽ മിഴിവുണ്ടാകും. വികാരങ്ങൾ കൂടുതൽ ഭാവതീവ്രമാകും. തീവ്രതയുടെ ഉദ്ദീപകനാണ് മഴ.

            ഇത്രയും പറഞ്ഞതിൽനിന്നു, മഴ മാത്രമേ ഇങ്ങിനെയൊരു മീഡിയമായുള്ളൂ എന്ന് കരുതരുത്. എന്റെ ജീവിതത്തിൽ ഞാൻ രണ്ടാമതൊന്ന് കൂടി അനുഭവിച്ചറിഞ്ഞിട്ടുണ്ട് – ട്രെയിൻ യാത്ര! പതിനഞ്ചുകൊല്ലമായി ട്രെയിൻയാത്ര നടത്തുന്ന വ്യക്തിയാണ് ഞാൻ. മാസത്തിൽ ഒരു തവണയെങ്കിലും യാത്ര സുനിശ്ചയം. ഇതിനിടയിലാണ് ട്രെയിൻ ഒരു മീഡിയമാണെന്നും, അതിനു വൈകാരിക സംവേദനക്ഷമതയുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നത്.

            എന്റെ ആദ്യത്തെ ദീർഘദൂര ട്രെയിൻയാത്ര പത്തൊമ്പതാമത്തെ വയസ്സിലായിരുന്നു. ഹോളിസ്റ്റിക് ചികിൽസക്കായി ചാലക്കുടിയിൽനിന്നു തിരുവനന്തപുരം വരെ യാത്രചെയ്തു. അക്കാലത്ത് ഞാൻ പോളിടെക്നിക്കിൽ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. ആദ്യടേമിലെ ഒരു മാസത്തെ ക്ലാസുകൾ ഒഴിവാക്കിയാണ് ചികിൽസയ്ക്കു പോയത്. ആ യാത്ര രസകരമായിരുന്നു. മനസ്സിലെ മാനംമുട്ടുന്ന പ്രതീക്ഷ തന്നെ കാരണം.

പക്ഷേ, നാലാഴ്ചത്തെ ഹോളിസ്റ്റിക് ചികിൽസ മനസ്സിനെ തകർത്തുകളഞ്ഞു. എന്റെ ആത്മവിശ്വാസത്തേയും വല്ലാതെ മുറിവേൽപ്പിച്ചു. ഞാൻ ഒരു വ്യക്തിയാണ്, അതിന്റേതായ പ്രാധാന്യം എനിക്കുണ്ട് എന്ന ആത്മവിശ്വാസം പോയ്പ്പോയി. കോളേജ് പഠനകാലത്താണ് ഈ വിശ്വാസക്ഷയം സംഭവിച്ചു തുടങ്ങിയത്. എന്നാൽ, പോളിടെക്നിക്കിലെ ആദ്യവർഷങ്ങളിൽ ആത്മവിശ്വാസം കുറേയൊക്കെ ഞാൻ തിരിച്ചുപിടിച്ചിരുന്നു. ഹോളിസ്റ്റിക് ചികിൽസ അതിനെ തച്ചുടച്ചു.

മടക്കയാത്രയിൽ സഹോദരനായിരുന്നു ഒപ്പം. യാത്രയയ്ക്കാൻ സ്റ്റേഷൻ വരെ വിൽസൻ കൂടെവന്നു. ഉച്ചയ്ക്കു ശേഷമുള്ള ചെന്നൈ മെയിലിൽ, ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കിൽ ഞാൻ ആടിയുലഞ്ഞു നിന്നു. സഹോദരൻ അല്പം അകലെയായിരുന്നു. സങ്കടംകൊണ്ട് എന്റെ കണ്ണുകൾ ഇടവിട്ട് നിറഞ്ഞു തുളുമ്പി. ശുഭപ്രതീക്ഷകൾ ഉടഞ്ഞിരിക്കുന്നു. ലാഗേജ് നിരയുടെ കമ്പിയിൽ പിടിച്ചുനിന്നിരുന്ന ഞാൻ, കയ്യെടുക്കാതെ തന്നെ ഷർട്ടിന്റെ കൈകൊണ്ട് മുഖംതുടച്ചു. എന്നിൽ ദുഃഖം സാന്ദ്രീകരിക്കുകയായിരുന്നു. അതിശയമെന്നേ പറയേണ്ടൂ, അതെന്നിൽ ഒരുതരം ആശ്വാസവും ഉളവാക്കി. ദുഃഖം കനംകെട്ടി നിൽക്കുന്ന അവസ്ഥയിലും ഒരു ശാന്തഭാവം എന്നിലുണ്ടായി. അതെങ്ങിനെ വന്നു എന്നറിയില്ല. ഒരുപക്ഷേ, ആരും അസ്വസ്ഥതയുടേയോ പ്രശ്നങ്ങളുടേയോ തരിപോലുമില്ലാത്ത മാനസികാവസ്ഥ ആഗ്രഹിക്കുന്നില്ലായിരിക്കാം. കുറച്ചു ദുഃഖം ഏവർക്കും ആവശ്യമാണ്. അത് പലതരത്തിൽ അമൂല്യവുമാണ്. ഒരു മനുഷ്യന്റെ മുന്നോട്ടുള്ള വഴിയെ നിശ്ചയിക്കുന്നത് സന്തോഷത്തേക്കാൾ ദുഃഖമായിരിക്കും. പൂർത്തീകരിക്കപ്പെടാത്ത ഒന്ന് ദുഃഖത്തിൽ അന്തർലീനമാണ്. അപ്പോൾ പൂർത്തീകരണത്തിനു വേണ്ടിയുള്ള പരിശ്രമം മനുഷ്യനിലെ ആക്ടിവിറ്റിയെ കുറിയ്ക്കുന്നു. ഒന്നും പൂർത്തീകരിക്കാനില്ലാത്ത, എല്ലാം നിറവേറ്റപ്പെട്ട അവസ്ഥ കഷ്ടമാണ്. നിഷ്ക്രിയത്വത്തിന്റെ ഉറവിടമാണത്.

സന്താപത്തിനിടയിൽ അനുഭവപ്പെടുന്ന ശാന്തഭാവം, അല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ, ഞാൻ പിൽക്കാലത്തും അനുഭവിച്ചിട്ടുണ്ട്. അതിന്റെ കാരണം സൈക്കോളജിക്കൽ ആണെന്നേ കരുതാനാകൂ. മറ്റുള്ളവരുടെ അവഗണന പോലും അതിനിസാരനായ ഒരുവന്റെ ജീവിതത്തിനു അല്പം മൂല്യം കൊടുക്കുന്നുണ്ട്. ശ്രവണപ്രശ്നമുള്ളവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. സംസാരിക്കാൻ ആളെ ലഭ്യമല്ലാത്ത അവസ്ഥയിൽ പെട്ടുഴലുമ്പോൾ, ആരുടെയെങ്കിലും കളിയാക്കലോ ചീത്തപറച്ചിലോ പോലും ഒരുതരം ആശ്വാസമാണ്. വാക്കാലും പ്രവൃത്തിയാലുമുള്ള മറ്റുള്ളവരുടെ നെഗറ്റീവ് സമീപനം, വാചികമായി ഒറ്റപ്പെട്ടു കഴിയുന്നവരെ അൽപം ഉൽസുകരാക്കും. ഒരാൾ നെഗറ്റീവായിട്ടാണെങ്കിലും ഇടപെടുന്നു എന്ന വസ്തുത അവരെ സംബന്ധിച്ച് ആകർഷകമാണ്. തങ്ങൾക്കു ഒരു വ്യക്തിത്വമുണ്ടെന്ന ബോധം അവരിലപ്പോൾ സജീവമാകും. നിരന്തര അവഗണന വഴിയുണ്ടാകുന്ന സ്വത്വശോഷണത്തിനും, പ്രാധാന്യമില്ലായ്മക്കും സംഭാഷണം (ശകാരം പോലും) തടയിടുമെന്ന് ചുരുക്കം. സ്വത്വപ്രശ്നമില്ലാത്തവർക്കു ശകാരം അരോചകമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

Read More ->  അദ്ധ്യായം 4 -- ഒഴിഞ്ഞ ഇടങ്ങൾ

            തിരുവനന്തപുരം മുതൽ ആലുവ വരെയുള്ള ദൂരം ഞാൻ സഹോദരനിൽനിന്ന് അകന്നുനിന്നു. മാനസികവിക്ഷോഭം നിയന്ത്രിക്കാനാകാത്തതായിരുന്നു പ്രശ്നം. ട്രെയിനിൽ കയറുന്നതിനുമുമ്പ് മ്ലാനത ഉണ്ടായിരുന്നെങ്കിലും അത് നിയന്ത്രണവിധേയമായിരുന്നു. എന്നാൽ യാത്ര ആരംഭിച്ചതോടെ എല്ലാം കിഴ്മേൽ മറിഞ്ഞു. അനുഭവങ്ങളുടെ രൂക്ഷത മാത്രമല്ല, ട്രെയിൻ എന്ന മീഡിയവും കാരണമാണെന്ന് പിന്നീടു ഞാൻ മനസ്സിലാക്കി.

            കമ്പ്യൂട്ടർ ഹാർഡ്‌വെയറിൽ ഡിപ്ലോമ നേടിയശേഷം ജോലിക്കായി വീണ്ടും തിരുവനന്തപുരത്തു വരേണ്ടിവന്നു. ഒന്നേകാൽ വർഷം നീണ്ട താമസം. ഇക്കാലയളവിൽ പല ട്രെയിനുകളിൽ കയറിയിറങ്ങി. അഞ്ചു മണിക്കൂർ നീളുന്ന യാത്രയിൽ ഉടനീളം സ്ഥായിയായ വിഷാദം എന്നെ ചൂഴ്ന്നുനിന്നു. ഓരോ യാത്രയിലും ആലോചിച്ച് സങ്കടപ്പെടാൻ കുറേ സ്മരണകൾ ഉണ്ടായിരുന്നു. ഒരുപക്ഷേ എനിക്കു മാത്രമല്ല, ഒറ്റയ്ക്കു യാത്രചെയ്യുന്ന മിക്ക വികലാംഗർക്കും, എല്ലാ ദുഃഖിതർക്കും ഇങ്ങിനെയാകാം. ഇത്തരം ഓർമകൾ ഒഴിവാക്കാൻ ഞാൻ വാതിൽക്കൽ വന്നിരിക്കും. ഓടിമറയുന്ന ദൃശ്യങ്ങളെപ്പോലെയാകട്ടെ എന്നിലെ ഓർമകൾ എന്ന് ഞാൻ സ്വയം ആജ്ഞാപിക്കും. അടിക്കടി മാറിമറയുന്ന ഓർമകൾ. പക്ഷേ അതെല്ലാം ആജ്ഞകളായി തന്നെ തുടർന്നു.

            അത്തരമൊരു തിരുവന്തപുരം – ആലുവ യാത്രയിലാണ് ഞാൻ അനിയെ കണ്ടുമുട്ടുന്നത്. രാത്രി പത്തേമുക്കാലിനു യാത്ര പുറപ്പെടുന്ന കണ്ണൂർ എക്‌സ്‌പ്രസ്സ്. വെളുപ്പിനു നാലുമണിയോടെ ആലുവയിൽ എത്താം. തിരക്കുണ്ടായിരുന്നാൽ എനിക്കു സീറ്റ് കിട്ടിയില്ല. ഞാൻ ട്രെയിനിന്റെ വാതിൽക്കൽ കാലുകൾ പുറത്തേക്കുവച്ച് ഇരുന്നു. മനസ്സിൽ ആലോചനകളുടെ തിരയിളക്കം. എന്റെ ചില ട്രെയിൻയാത്രകൾ വിശേഷദിവസങ്ങളുടെ തലേന്നോ അതിനു മുമ്പുള്ള ദിവസമോ ആയിരിക്കും. അപ്പോൾ വീട്ടുകാർക്കും മറ്റും എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാൻ പറ്റാത്തതിന്റെ സങ്കടം യാത്രയിൽ കൂട്ടിനുണ്ടാകും.

            അനിയെ കണ്ടുമുട്ടിയ രാത്രി, ട്രെയിനിന്റെ വാതിൽപടിയിൽ ഇരിക്കുമ്പോൾ, നിറവേറ്റപ്പെടാത്ത ഒരു ആഗ്രഹത്തെ ഓർത്ത് ഞാൻ മ്ലാനവദനായിരുന്നു. ഒരാൾ അരികിൽ വന്നിരുന്നത് ഞാനറിഞ്ഞില്ല. അപരനും മറ്റൊരാൾ അടുത്തിരിക്കുന്നെന്ന ഭാവം കാണിച്ചില്ല. കുറച്ചുസമയം കഴിഞ്ഞ്, ഇരുളിലേക്കു മിഴിനട്ടിരിക്കുന്ന ഞങ്ങളുടെ കാലിൽ ഏതാനും വെള്ളത്തുള്ളികൾ വന്നുപതിച്ചു. കമ്പിയിൽ പിടിച്ചിരുന്ന കയ്യിലും വെള്ളത്തുള്ളികൾ വീണു. ഞാൻ സന്തോഷിച്ചു, മഴയും ട്രെയിനും അപാര കോമ്പിനേഷൻ ആണ്. പക്ഷേ, എനിക്കരുകിലിരുന്ന വ്യക്തി പെട്ടെന്ന് ക്ഷുഭിതനായി. അദ്ദേഹം കാൽകുടഞ്ഞ് വെള്ളം തെറിപ്പിച്ച്, ആരോടെന്നില്ലാതെ ശാപവാക്കുകൾ ചൊരിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഒരു വാക്കിനും വ്യക്തതയില്ലായിരുന്നു. അദ്ദേഹം ബധിരനും മൂകനുമായ വ്യക്തിയാണെന്ന് ഞാൻ മനസ്സിലാക്കി.

            അപരന്റെ ക്ഷോഭം ന്യായമായിരുന്നു. വെള്ളത്തുള്ളികൾ മഴയുടേതല്ലായിരുന്നു. ജനലരുകിൽ ഇരുന്ന ആരോ കൈകഴുകിയ വെള്ളമാണ് ഞങ്ങളുടെ കാലുകളിൽ പതിച്ചത്. അപരൻ അസ്പഷ്ടമായ ശബ്ദത്തിൽ ദേഷ്യപ്പെടുന്നത് പിന്നേയും കുറേനേരം തുടർന്നു. ഒടുക്കം ശാന്തനായി, ഇരുട്ടിലേക്കു തുറിച്ചുനോക്കി ഇരുന്നു. മറ്റൊരുവന്റെ സാമീപ്യം തിരിച്ചറിഞ്ഞത് അപ്പോഴാണ്. അദ്ദേഹം ഞാനെവിടേക്കു പോകുന്നെന്ന് ആംഗ്യത്തിൽ ചോദിച്ചു. എങ്ങിനെ മറുപടി പറയണമെന്നു ആലോചിച്ച് ഞാൻ പതറി. (എന്നോടു ആദ്യമായി സംസാരിക്കുന്നവരിലും ഈ പതർച്ച ഞാൻ കണ്ടിട്ടുണ്ട്). ഞാൻ കൈത്തലത്തിൽ ആലുവ എന്നു എഴുതിക്കാണിക്കാൻ തുനിഞ്ഞെങ്കിലും അദ്ദേഹം തടഞ്ഞു. അദ്ദേഹം ആഗ്രഹിക്കുന്നത് എന്താണെന്നു ശ്രവണന്യൂനതയുള്ള എനിക്കു പെട്ടെന്നു മനസ്സിലായി. കാരണം, അദ്ദേഹം ആഗ്രഹിക്കുന്ന പെരുമാറ്റം, ഞാനും മറ്റുള്ളവരിൽ നിന്ന് ആഗ്രഹിച്ചിട്ടുണ്ട് – ആഗ്യം കാണിക്കാതെ സംസാരിച്ച് കാര്യം ബോധ്യപ്പെടുത്തുക.

ഞാൻ രണ്ടു തവണ മീഡിയം ശബ്ദത്തിൽ ആലുവ എന്നു പറഞ്ഞു. അത് ശ്രദ്ധിച്ചു കേൾക്കാതെ അദ്ദേഹം എന്നോടു, ചെവിയോടു അടുപ്പിച്ച് പറയുക എന്നു ആഗ്യം കാണിച്ചു. ഞാൻ അതുപോലെ ചെയ്തു. സാധാരണ ശബ്ദത്തിൽ ആലുവ എന്നു ചെവിയിൽ പറഞ്ഞു. ഒരുതവണയേ പറയേണ്ടി വന്നുള്ളൂ. അദ്ദേഹം എന്റെ കൈത്തലത്തിൽ ‘ആലുവ’ എന്നു എഴുതിക്കാണിച്ചു. ഞാൻ പതുക്കെ പറഞ്ഞത് അദ്ദേഹം കേട്ടു! അടുത്തതായി, ചോദിക്കാതെ തന്നെ അദ്ദേഹം കൈത്തലത്തിൽ എഴുതി – ‘അനി, കൊല്ലം’. അതാണ് പേരും സ്ഥലവും. അനി എന്ന പേര് ഞാൻ എവിടേയും കുറിച്ചു വച്ചിരുന്നില്ല. ഈ അധ്യായം എഴുതുമ്പോൾ, മനസ്സിൽ തന്നെത്താൻ ആ പേര് തെളിഞ്ഞു വരികയായിരുന്നു. മനസ്സിൽ തുളച്ചുകയറിയ ഒരു പേര്. അല്ലാതെ, പതിമൂന്ന് കൊല്ലത്തിനു ശേഷവും ആ വാക്ക് ഓർത്തിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല.

            അനിയുമായുള്ള ‘സംസാരം’ എനിക്കു വളരെ പുതുമയുള്ളതായിരുന്നു. മറ്റുള്ളവരോടു സംവദിക്കുമ്പോൾ, എന്റെ ആശയവിനിമയ കഴിവിനെ പരിമിതപ്പെടുത്താറുള്ള ശ്രവണന്യൂനത, അനിയുമായുള്ള സംഭാഷണത്തിൽ എന്നെ അലട്ടിയില്ല. അവിടെ ഞാൻ പൂർണതയുള്ള ഒരുവനായിരുന്നു. അനിയിലെ കൂടിയ അളവിലുള്ള ശ്രവണപ്രശ്നം, എന്നിൽ ശ്രവണപൂർണതയുടെ മാനസികഫലം ഉളവാക്കി. വളരെ വർഷങ്ങൾക്കു ശേഷമായിരുന്നു അത്തരമൊരു സവിശേഷ സ്ഥിതിവിശേഷം ഞാൻ അനുഭവിച്ചത്. സ്കൂൾകാലത്തു ശ്രവണന്യൂനത തുടങ്ങിയശേഷം ആദ്യമായി, പൂർണതയുള്ള ഒരുവന്റെ ആത്മവിശ്വാസത്തോടെ ഞാൻ ഇടപഴകി. അനിയോടു സംവദിക്കാൻ കേൾവിശക്തി ആവശ്യമില്ലായിരുന്നു. ഒരുവേള, ലോകത്തുള്ളവരെല്ലാം എന്നേക്കാളും കൂടിയ അളവിൽ ശ്രവണപ്രശ്നമുള്ളവരാകാൻ ഞാൻ ആഗ്രഹിച്ചുപോയി.

            അനിയുമായി ഞാൻ ഏറെനേരം സംസാരിച്ചു. അദ്ദേഹം ആരുമായോ വഴക്കുണ്ടാക്കി വീടുവിട്ട് ഇറങ്ങിയതാണ്. സംസാരത്തിനിടയിൽ അനി പലപ്പോഴും വികാരവിക്ഷോഭനായി. തുടരെത്തുടരെ നിറഞ്ഞുവന്ന കണ്ണുകൾ അദ്ദേഹം തുടച്ചു. സ്കൂൾ-കോളേജ് പഠനകാലത്ത്, കരച്ചിൽ ഒരു ശീലമായിരുന്ന ഞാൻ, നിർവികാരനായി അത് നോക്കിയിരുന്നു. എനിക്കു അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റി. വികലാംഗരെന്ന സ്വത്വം ഞങ്ങളെ തമ്മിൽ കൂട്ടിയിണക്കി. മാനസിക സംവേദനത്തിനു അത് ധാരാളമായിരുന്നു.

ആലപ്പുഴയിലൂടെ കടന്നു പോകുമ്പോൾ, കായലിന്റെ കൈവഴി പോലുള്ള ഭാഗം കടക്കാൻ ട്രെയിൻ പാലത്തിലേക്കു പ്രവേശിച്ചു. ഞങ്ങൾക്കു താഴെ കറുത്ത വെള്ളത്തിന്റെ തിരയിളക്കം. കായലിനും ഞങ്ങൾക്കുമിടയിൽ ഒരു തടസവുമില്ല. അനി എന്നെ തോണ്ടിവിളിച്ച് ചോദിച്ചു.

“ചാടട്ടെ”.

ഞാൻ ഞെട്ടി. തമാശയ്ക്കു പറഞ്ഞാൽ പോലും അദ്ദേഹം ചാടുമെന്നു തോന്നി. തമാശയും അല്ലാത്തതുമായ ഭാഷണങ്ങൾ വേർതിരിക്കാനുള്ള മാനസികനില അനിക്കു കൈമോശം വന്നിരുന്നു. അദ്ദേഹത്തിനു വേണ്ടത് വെറുമൊരു പ്രചോദനം മാത്രമാണ്. നിസാരമായ ഒരു വാക്ക്, അല്ലെങ്കിൽ അനുകൂലഭാവത്തിലുള്ള തലയനക്കം. അതിൽ എല്ലാം തീരും.

ഞാൻ അനിയുടെ ഉള്ളംകൈ എന്റെ കൈയിലാക്കി പിടിച്ചു. മങ്ങിയ ചന്ദ്രപ്രകാശത്തിൽ, കായൽജലത്തിലേക്കു തുറിച്ചു നോക്കിയിരിക്കുകയായിരുന്ന അനി നോട്ടം സാവധാനം പിൻവലിച്ചു. അദ്ദേഹവും എന്റെ കയ്യിലെ പിടിമുറുക്കി. കുറച്ചുകഴിഞ്ഞ് പിന്നിലേക്കു മലർന്നു കിടന്നു. വാതില്പടിയിൽ ഇരുന്നു മടുത്തപ്പോൾ, ഞാൻ എഴുന്നേറ്റ് ലാഗേജ് വയ്ക്കാനുള്ള സ്ഥലത്തു കയറിക്കിടന്നു. വെളുപ്പിനു നാലുമണിക്ക് ആലുവയിൽ ഇറങ്ങാൻ നേരം, അനി വിൻഡോ സീറ്റിലിരുന്ന് മയങ്ങുന്നത് കണ്ടു. അനിയുടെ മുഖം ശാന്തമായിരുന്നു.

Read More ->  അദ്ധ്യായം 14 -- പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

കടുത്ത നിരാശയിലിരിക്കുന്നവരെ ലഘുവാക്കുകളാൽ പോലും വേദനിപ്പിക്കരുത്. അത് നമ്മൾ പ്രതീക്ഷിക്കാത്ത ആഘാതം ഉണ്ടാക്കിയേക്കും. നിരാശനായ വ്യക്തി പലപ്പോഴും കാക്കുന്നത്, എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനത്തിനു വേണ്ടിയാണ്. അതിപ്പോൾ ആത്മഹത്യയായാലും. പ്രചോദനം എപ്പോഴും വ്യക്തിയുടെ ഉള്ളിൽനിന്നു വരുന്നതാകണമെന്നില്ല. പുറത്തു നിന്നുമാകാം. ഒരുപക്ഷേ പുറത്തുള്ളവയ്ക്കായിരിക്കാം കൂടുതൽ നശീകരണശേഷി.

അനി ഇപ്പോൾ എവിടെയാണാവോ?

തിരുവനന്തപുരം വിട്ടശേഷം ഞാൻ എത്തിച്ചേർന്നത് ഉദ്യാനനഗരിയായ ബാംഗ്ലൂരിലാണ്. അഞ്ചുമണിക്കൂർ നീണ്ടിരുന്ന ട്രെയിൻയാത്രകൾ പതിനൊന്ന് മണിക്കൂറായി വർദ്ധിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തിയിരുന്ന യാത്രകൾ മാസത്തിൽ ഒന്നായി കുറഞ്ഞു. ഇവയിൽ ഏറിയപങ്കും ബാംഗ്ലൂർ – കന്യാകുമാരി ഐലാൻഡ് എക്സ്പ്രസ്സിലായിരുന്നു. മറ്റു ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഏതൊരു ബാംഗ്ലൂർവാസിയേയും പോലെ ട്രെയിൻ എന്നാൽ എനിക്ക് ഐലാൻഡാണ്. 1960-കളിൽ സർവ്വീസ് ആരംഭിച്ച ട്രെയിൻ. കുറേക്കാലം ഈ ട്രെയിൻ മാത്രമേ ബാംഗ്ലൂരിൽനിന്നു കേരളത്തിലേക്കു സർവീസ് ഉണ്ടായിരുന്നുള്ളൂ. മഴയത്തും മഞ്ഞത്തും ബാംഗ്ലൂരിനേയും കേരളത്തേയും ബന്ധിപ്പിച്ചുകൊണ്ട് ഐലാൻഡ് കിതച്ചോടി. ട്രെയിൻ എന്നിൽ വൈകാരിക മീഡിയമാകുന്നത് ഐലാൻഡിന്റെ രൂപത്തിലാണ്.

ബാംഗ്ലൂർ – ചാലക്കുടി യാത്രകൾ കൂടുതൽ സംഭവബഹുലമായിരുന്നു. ഓണം, വിഷു, ദുർഗ്ഗാപൂജ, കൃസ്തുമസ് – പുതുവർഷം, പൂരങ്ങൾ തുടങ്ങിയ ഉൽസവ സമയത്തായിരിക്കും മിക്കപ്പോഴും നാട്ടിലേക്കുള്ള പോക്ക്. ഇത്തരത്തിലുള്ള വിശേഷസന്ദർഭങ്ങൾ എന്നെ സംബന്ധിച്ച് വാഗ്ദാനലംഘനങ്ങളുടെ വാർഷികമാണ്. പണ്ടു പ്രിയപ്പെട്ടവർക്കു കൊടുത്തിട്ടുള്ള വാഗ്ദാനങ്ങളുടെ ലംഘനം. വാഗ്ദാനങ്ങളിൽ ഏറിയപങ്കും ഇനി നിറവേറ്റാൻ കഴിയില്ല. കാരണങ്ങൾ പലതാണ്. ഒന്നാമത്, കാലം കുറേ കഴിഞ്ഞുപോയിരിക്കുന്നു. വാഗ്ദാനങ്ങളുടെ പ്രസക്തി തന്നെ കൈമോശം വന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ ‘പശുവും ചത്തു, മോരിലെ പുളിയും പോയി’. രണ്ടാമത്തെ കാരണം, ഞാൻ വാഗ്ദാനം നൽകിയ ചിലർ ഇഹലോകം വെടിഞ്ഞുകഴിഞ്ഞു എന്നതാണ്. അവർക്കു നൽകിയ വാഗ്ദാനങ്ങൾ, എന്റെ നെഞ്ചിലെ പിടച്ചിലുകളാണ്. അവ മരണം വരെ എന്നിൽ നിലനിൽക്കും… എന്റെ ബാംഗ്ലൂർ – ചാലക്കുടി ട്രെയിൻയാത്രകൾ എന്നും സങ്കടകരമായിരുന്നു.

ട്രെയിൻയാത്രകളെ ദുഃഖസാന്ദ്രമാക്കുന്ന മറ്റൊന്ന് ഇന്റർവ്യൂകളിലെ ‘തോൽവി’യാണ്. ഒരു മാസം 2-3 ഇന്റർവ്യൂകൾ എനിക്ക് പതിവായിരുന്നു. അതിൽ രണ്ടെണ്ണത്തിലെങ്കിലും നല്ല പ്രകടനം കാഴ്ചവയ്ക്കും. പക്ഷേ ഓഫർ ലെറ്റർ കിട്ടില്ല. വിവേചനത്തിന്റെ രൂക്ഷഭാവം. ഓരോ ട്രെയിൻ യാത്രയിലും ഇക്കാര്യം മനസ്സിൽ തികട്ടിവരും. വീട്ടിൽ ഇക്കാര്യം എങ്ങിനെ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് യാത്രയ്ക്കിടയിലാണ്. ആദ്യകാലത്ത് വീട്ടുകാർ എന്റെ ‘തോൽവി കഥകൾ’ കേട്ടു എന്നെ ആശ്വസിപ്പിക്കുമായിരുന്നു. കമ്പനികളുടെ വിവേചനമൊന്നും അവർക്കറിയില്ലല്ലോ. നിർഭാഗ്യം തന്നെ ഹേതുവെന്ന് അവർ വിശ്വസിച്ചു. ഞാൻ തിരുത്താനും പോയില്ല. പിന്നെപ്പിന്നെ അവരും കാര്യങ്ങൾ മനസ്സിലാക്കി. നാട്ടിലെത്തുന്ന ദിവസം ഞാൻ അമ്മയോടു ഇന്റർവ്യൂവിനു നടന്ന കാര്യങ്ങൾ പതിഞ്ഞ സ്വരത്തിൽ പറയും. അമ്മ എല്ലാ സശ്രദ്ധം കേട്ടുവെന്നു വരുത്തി യാന്ത്രികമായി മൂളും. ഞാൻ ഉടനെ അവിടെനിന്നു വലിയും. മുറിയിൽ കയറി കതകടച്ച് തല കൈത്തലത്തിൽ വച്ച് കരയും. അമ്മ മനസ്സു കൊണ്ടും. വൈകല്യം ഏൽപ്പിക്കുന്ന ആഘാതം മകനു താങ്ങാനാകുന്നില്ലെന്ന് മാതൃമനസ്സിനു മനസ്സിലാകാതിരിക്കുമോ?

ഞാൻ ട്രെയിൻയാത്രകൾ ആരംഭിച്ചിട്ട് ഇപ്പോൾ പതിനാല് വർഷമായി. പക്ഷേ, യാത്ര വഴി പരിചയപ്പെട്ട ഒരുമുഖവും എന്നിലില്ല. അപ്രധാന പരിചയങ്ങൾ പോലുമില്ലെന്നത് അതിശയകരമാണ്. ഞാൻ സാമൂഹികജീവിയല്ലാതായി മാറിയോ ആവോ. ആൾക്കൂട്ടത്തിനൊപ്പം യാത്രചെയ്തിട്ടും അതിലൊരാളായി തോന്നിയിട്ടില്ല. യാത്രയിൽ എനിക്കു എന്റെ ലോകം മാത്രം. സാമൂഹികഘടകങ്ങൾക്കു ഒരു ഗതാഗത സംവിധാനത്തിനുള്ളിൽ പ്രസക്തിയുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ട കാര്യമാണ്. വിലയിരുത്തലിന്റെ ഔട്ട്പുട്ട് എന്തായാലും യാത്രയുടെ സാമൂഹികവശത്തിനു എതിരാണെന്നു തോന്നുന്നു എന്റെ മനോഗതി. തന്മൂലം, യാത്രകൾ എനിക്കു മനനത്തിന്റെ അപാരസാധ്യതകൾ തുറന്നിടുന്നു. വേണ്ടവിധം സമീപിച്ചാൽ, ഓരോ യാത്രയും ആത്മശുദ്ധീകരണത്തിനു ഉതകുമെന്നു പറയാം.

എന്റെ ട്രെയിൻ യാത്രകൾ തുടരുകയാണ്. പുതിയ പുതിയ മാനസികഭാവങ്ങളും പേറി ഞാൻ യാത്ര പോകുന്നു. വൈകാരിക മുഹൂർത്തങ്ങളുടെ തെളിമ ട്രെയിൻയാത്രകൾ എനിക്കു സമ്മാനിക്കുന്നു. അതും ഒരുതരം ഭാഗ്യമാണ്. ചിലതെല്ലാം നഷ്ടപ്പെടുത്തി നേടിയെടുക്കുന്ന ഭാഗ്യങ്ങൾ.

**********

ഇന്റർവ്യൂവിൽ തോല്പിക്കപ്പെടുന്ന ഓരോ തവണയും ഞാൻ ദുഃഖിക്കും. ചിലപ്പോൾ ദുഃഖം കോപത്തിനു വഴിമാറും. നിസ്സഹായന്റെ കോപത്തിനു എന്തു വില? കോപം ശാപവചനങ്ങളുടെ രൂപത്തിലാണ് അവരിൽ പ്രത്യക്ഷമാവുക. ഞാനും അത്തരത്തിൽ ശപിച്ചിട്ടുണ്ട്. നെറുകയിൽ കൈവച്ച്. ഓരോ ‘ഇന്റർവ്യൂ തോൽവിയിലും’ ഞാൻ ശപിക്കും. ഇവിടെ രസകരമായ ഒരു സംഗതിയുണ്ട്. എന്തെന്നാൽ, ഞാൻ ശാപങ്ങളിൽ വിശ്വസിക്കുന്ന ആളല്ല, അന്നും ഇന്നും. എന്നിട്ടുകൂടി വിശ്വസിക്കാത്ത കാര്യം ഞാൻ പ്രവർത്തിയിൽ കൊണ്ടുവരുന്നു! ആശ്വാസത്തിനു കേഴുന്ന മനസ്സ്, വിശ്വസിക്കാത്തതിൽ വരെ പ്രവർത്തിച്ചു പോകുമെന്നു ചുരുക്കം. മനപ്പൂർവ്വമല്ല യുക്തിയെ ഇപ്രകാരം ഒഴിച്ചുനിർത്തുന്നത്. പരമമായ നിസ്സഹായത വ്യക്തികളിൽ പ്രവർത്തിക്കുന്ന രീതിയാണിത്. നിരീശ്വരവാദികളായ ചിലർ കഷ്ടപ്പാടുകളിൽ ദൈവത്തെ തേടി പോകുന്നത് കണ്ടിട്ടില്ലേ. ഇത്തരം മനംമാറ്റങ്ങൾ സ്ഥിരമല്ല, താൽക്കാലികമാണ് പൊതുവെ.

പക്ഷേ ഈ ‘താൽക്കാലികം’ പോലും എന്നിൽ ‘സ്ഥിരം’ ആയിരുന്നു. ഇന്റർവ്യൂവിൽ തോൽപ്പിക്കപ്പെടുന്നത് അത്ര സർവ്വസാധാരണമായിരുന്നു.

പതിനേഴാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Featured Image credit – https://lifemytake7.wordpress.com/category/tour-diaries/


2 Replies to “അദ്ധ്യായം 16 — ട്രെയിൻ എന്ന വൈകാരിക മീഡിയം”

  1. ജോലിയുടെ ഭാഗമായി കുറെ യാത്രകൾ ചെയ്തിട്ടുണ്ട്. പക്ഷെ അധികവും ബസ്സിൽ ആണ്. ട്രെയിൻ യാത്ര എന്തുകൊണ്ടോ അത്ര ഇഷ്ടമല്ല. ഇന്ന് ട്രയിനിന്റെ തരംതിരിവുകൾ ബോഗികൾ എന്നിങ്ങനെ പലതിനെക്കുറിച്ചും അജ്ഞതതന്നെ. ഒരിക്കൽ എറണാകുളത്തു നിന്നും തിരുവനന്തപുരത്തിനു പോകാൻ ട്രയിനിൽ കയറി. ജനറൽ ക്ലാസ് ടിക്കറ്റ് ആയിരുന്നില്ല. സെക്കന്റ് ക്ലാസ് സ്ലീപ്പർ ആയിരുന്നു. സ്ലീപ്പർ ക്ലാസ് എന്ന് തോന്നിയ തിരക്കൊഴിഞ്ഞ ഒരു കമ്പാർട്ട്മെന്റിൽ കയറി. ട്രയിൽ പുറപ്പെട്ട ശേഷം ടിടി വന്നപ്പോഴാണ് അത് തത്കാൽ ആയിരുന്നു എന്നത് അറിഞ്ഞത്. പിന്നെ അവിടെ നിന്നും മാറി വേറെ കമ്പാർട്ട്മെന്റിൽ ഇരുന്നു.

    യാഹൂ ചാറ്റിൽ പരിചയപ്പെട്ട ഒരു സുഹൃത്തുണ്ട് എനിക്ക്. കണ്ണൂർ സ്വദേശി ഫൈസൽ. ഫൈസൽ എന്നോട് ചോദിക്കാറുണ്ട് യാത്രകളിൽ മണി ആരെയെങ്കിലും പരിചയപ്പെടാറുണ്ടോ എന്ന്. ഇല്ല എന്നതാണ് സത്യം. അടുത്തിരിക്കുന്ന ആളോടൊപ്പം മണിക്കൂറുകൾ നീളുന്ന യാത്രയാണെങ്കിലും ഒന്നും മിണ്ടാറില്ല. അതിന് ഫൈസൽ കളിയാക്കുകയും ചെയ്യും. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുറെ സുഹൃത്തുക്കളെ നേടിയേനെ എന്ന്. ഫൈസലിന്റെ അഭിപ്രായത്തിൽ യാത്രകൾ സുഹൃത്തുക്കളെ ഉണ്ടാക്കാനുള്ളതാണ്. എന്നാൽ എന്റെ യാത്രകൾ സുനിൽ എഴുതിയതുപോലെ എന്റെ ചിന്തകളിൽ സന്തോഷങ്ങളിൽ ദുഃഖങ്ങളിൽ മുഴുകാനുള്ളതാണ്.

    1. യാത്രക്ക് സാമൂഹികവശം തീർച്ചയായുമുണ്ട് മണിയണ്ണാ. എന്നാൽ അതിന്റെ വ്യാപ്തിയും അളവും കൃത്യമായി നിർണയിക്കുക അസാധ്യമാണ്.

അഭിപ്രായം എഴുതുക