സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
പതിനൊന്നാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്നത്തെ ദിവസം രസകരമായിരുന്നു. ബന്നർഘട്ട റോഡ് പരിസരത്തുള്ള ഒരു കമ്പനിയാണ് ഇന്റർവ്യൂവിനു വിളിച്ചത്. വളരെയധികം ഉല്പന്നങ്ങൾ നിർമിച്ച് വിൽക്കുന്ന പ്രതാപികൾ. ഞാൻ ഇന്റർവ്യൂവിനു നല്ല മുൻകരുതൽ എടുത്തു. പക്ഷേ അവിടെ എത്തിയപ്പോൾ എച്ച്ആർ എക്സിക്യുട്ടീവ് പറയുന്നു, ഡിപ്ലോമക്കാർ ബയോഡാറ്റ തന്നിട്ടു പോയ്ക്കോളാൻ. പിന്നീടു വിളിക്കാമത്രെ! ബാംഗ്ലൂരിൽ ഇത്തരം മറുപടികൾ പച്ച മലയാളത്തിലേക്കു മൊഴി മാറ്റം ചെയ്താൽ അതിനർത്ഥം ‘എറങ്ങിപ്പോടേയ്’ എന്നാണ്. ഇന്റർവ്യൂവിനു വന്നവരിൽ ഒരുവൻ ഉശിരനായിരുന്നു. അദ്ദേഹം തർക്കിച്ചു. അപ്പോൾ എച്ച്ആർ എക്സിക്യുട്ടീവ് ചുറ്റിലുള്ളവരെയെല്ലാം നോക്കി അദ്ദേഹത്തോടു ചോദിച്ചു; എല്ലാവരും കേട്ടോളൂ എന്ന ധ്വനിയോടെ.
“എന്താണ് നിന്റെ ഏറ്റവും ഉയർന്ന വിഭ്യാഭ്യാസ യോഗ്യത?”
അനുകൂലമായ സാഹചര്യങ്ങളിൽ വളർന്നവരുടെ, കനത്ത ഫീസ് അടയ്ക്കാൻ പണമുള്ളവരുടെ മറുപടി മിക്കവാറും ‘എൻജിനീയറിങ്’ എന്നായിരിക്കും. സാമ്പത്തികവും മറ്റു സാഹചര്യങ്ങളും ഇല്ലാതെ, എന്നാൽ പഠനത്തിൽ അതിസമർത്ഥരും, വളർന്നവർ ‘ഡിപ്ലോമ’ എന്നു പറയും. സാമാന്യവൽക്കരണമല്ല. അപഭ്രംശങ്ങൾ എവിടേയും സാധാരണമാണ്! അദ്ദേഹം രണ്ടാമത്തെ കൂട്ടത്തിലായിരുന്നു. കൂസലില്ലാതെ മറുപടി പറഞ്ഞു.
“ത്രീ ഇയർ ഫുൾടൈം ഡിപ്ലോമ.”
മറുപടി കേട്ടതോടെ ‘ഞാൻ ജയിച്ചു, നീ തോറ്റു’ എന്ന ഭാവത്തിൽ വളരെ ഹർഷോന്മാദത്തോടെ, എന്നാൽ അപാരകാരുണ്യം മുഖത്തു വരുത്തി എച്ച്‌ആർ പറഞ്ഞു.
“ഞങ്ങൾ ഈ ജോലിക്ക് എൻജിനീയറിങ് ബിരുദം ഉള്ളവരെയേ പരിഗണിക്കൂ?”
ശരി സാർ. സമ്മതിച്ചു. പക്ഷേ എൻജിനീയറിങ് ബിരുദമുള്ളവരെയേ തിരഞ്ഞെടുക്കൂവെങ്കിൽ, ‘പിന്നെയെന്തിനു ഇമെയിൽ അയച്ചു ഡിപ്ലോമക്കാരെ ഇന്റർവ്യൂവിനു വിളിച്ചു വരുത്തി’ എന്നു ചോദിച്ചാൽ എച്ച്ആർ ചൂളുമെന്നോ മനസ്സാക്ഷിക്കുത്തു കൊണ്ടു ഉത്തരം മുട്ടുമെന്നൊന്നും കരുതരുത്. അതിനൊക്കെ അവർക്കു വ്യക്തമായ മറുപടിയുണ്ട്. അതാണ് So Sorry!
മേൽപ്പറഞ്ഞ Sorry എന്ന വാക്കിനു പ്രത്യേക അർത്ഥതലങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങളിലും അതു ഉപയോഗിക്കാമെന്നു എനിക്കറിയില്ലായിരുന്നു. അറ്റകൈക്കു പ്രതീക്ഷിക്കാവുന്ന ഉത്തരം ‘Bulk Email’ പോലുള്ള സാങ്കേതിക കാരണങ്ങളാണ്. എന്നാൽ അതുണ്ടായില്ല. പകരം കിട്ടിയത് Sorry. എച്ച്ആർ എക്സിക്യുട്ടീവ് സോറി പറഞ്ഞതും, ഉദ്യോഗാർത്ഥി പൊട്ടിച്ചിരിച്ചു. കൂടെ മറ്റുള്ളവരും. കാരണം Sorry എന്ന വാക്കിനു വന്ന മൂല്യശോഷണം വളരെ വലുതായിരുന്നു.
(3rd February 2007) ***************
ടെറസിൽ, അരയോളം പൊക്കമുള്ള അലക്കുകല്ലിൽ ഞാൻ ഇരുന്നു. കാലുകൾ നിവർത്തി കല്ലിനോടു ചേർത്തു വച്ചു. ടെറസിൽനിന്നു നോക്കിയാൽ ദൂരെ ടിൻ ഫാക്ടറി ജംങ്ഷനിലെ ഫ്ലൈഓവർ കാണാം. ഏതാനും ഭാരവണ്ടികൾ മാത്രമേ ഇപ്പോൾ അതിലൂടെ സഞ്ചരിക്കുന്നുള്ളൂ. എല്ലാവരും ഉറങ്ങുകയാണ്. നഗരവും. എനിക്കു മാത്രം ഉറക്കം നിഷേധിക്കപ്പെട്ടിരിക്കുന്നു. കാരണമോ, സ്വപ്നങ്ങളും!
സ്വപ്നങ്ങൾ അബോധമനസ്സിന്റെ വെറും ചാഞ്ചല്യങ്ങളല്ല. അവയ്ക്കു പിറകിൽ ഭൂതകാലത്തിന്റെ കൈകളുണ്ടെന്നാണ് ചില ഭാരതീയ ആചാര്യന്മാരുടെ മതം[1]. കൂടാതെ വേറേയും ചില ഘടകങ്ങൾ സ്വപ്നങ്ങൾക്കു കാരണമാകാം. അവ ഇനി പറയുന്നു.
നിത്യജീവിതത്തിൽ മനുഷ്യന്റെ ആഗ്രഹങ്ങൾക്കു യാതൊരു പരിധിയുമില്ല എന്നതാണ് സത്യം. അതു കൊണ്ടു തന്നെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നില്ല. സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങൾ യഥാർത്ഥ ജീവിതത്തിൽ ആകാശകുസുമം മാത്രമായി തുടരും. പക്ഷേ മറ്റൊരിടത്തു ഈ ആകാശ കുസുമങ്ങളും പുഷ്പിച്ച്, ഇന്ദ്രിയങ്ങൾക്കു മുന്നിൽ യഥാർത്ഥസംഭവം പോലെ നിറഞ്ഞാടും. ആ വേളയിൽ നമുക്കു പൂർണസംതൃപ്തി ലഭിക്കുകയും ചെയ്യും. സ്വപ്നങ്ങളുടെ പ്രാധാന്യം ഇവിടെയാണ്. നിത്യജീവിതത്തിൽ സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങൾ, അബോധമനസ്സിൽ സഫലീകരിക്കാനുള്ള ഒരു സെറ്റപ്പ്. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹമുള്ളവയുടെ, (ആഗ്രഹമില്ലാത്തവയും സ്വപ്നത്തിൽ വരാറുണ്ടെന്നത് മറക്കുന്നില്ല), റിഹേഴ്സൽ എന്നും പറയാം. ആഗ്രഹങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചില്ലെങ്കിലും, സ്വപ്നത്തിലെ റിഹേഴ്സലുകളുടെ മാധുര്യം നമ്മിൽ തങ്ങിനിൽക്കും. ഒപ്പം ആഗ്രഹം നടന്നിരുന്നെങ്കിലോ എന്ന ചിന്ത മനസ്സിനെ പീഢിപ്പിക്കുകയും ചെയ്യും. അത്തരം സ്വപ്നങ്ങളും, പീഢകളുമാണ് ഇക്കാലത്ത് എന്റെ ഉറക്കം കെടുത്തുന്നത്. കുറച്ചു മുമ്പും അങ്ങിനെ ഒരു സ്വപ്നം അബോധമനസ്സിൽ നിറഞ്ഞാടി.
സ്വപ്നത്തിൽ ഞാൻ ഉദ്യാനനഗരിയിൽ, ഡയറി സർക്കിളിനു അടുത്തുള്ള പ്രശസ്‌തമായ ഒരു കമ്പനിയുടെ ഓഫിസിൽ ഇന്റർവ്യൂവിനായി ഇരിക്കുകയാണ്. അൽഭുതകരമെന്നു പറയട്ടെ സ്വപ്നത്തിൽ കലണ്ടറും ഉണ്ടായിരുന്നു. കലണ്ടർ സൂചിപ്പിച്ച ദിവസം 2006 December 20 ആണ്. പതിവിനു വിപരീതമായി സാഹായ്നത്തിലാണ് കൂടിക്കാഴ്ച. ഒരു ഇന്റർവ്യൂ കടമ്പ മുമ്പേ കഴിഞ്ഞിരുന്നു. അത് നവംബർ പതിനൊന്നിനാണെന്ന് മനസ്സിലെ കലണ്ടർ സൂചിപ്പിച്ചു. ഇന്നു ഫൈനൽ ഡിസ്കഷനാണ്. അതിനാണ് കടുത്ത വൈറൽപനി ഉണ്ടായിട്ടും ഓവർകോട്ട് പുതച്ചു പ്രതീക്ഷയോടെ ഞാൻ എത്തിയിരിക്കുന്നത്. നാലുപേർ മാത്രമേ അഭിമുഖത്തിനു ഉണ്ടായിരുന്നുള്ളൂ. വിരസമായ കുറച്ചു സമയത്തിനൊടുവിൽ എന്റെ പേരു വിളിച്ചു. ഞാൻ മുറിയിൽ കയറി. മാഢം ഫോണിലൂടെ ആരോടോ സംസാരിക്കുകയാണ്. ഇംഗ്ലീഷിൽ അനർഗളം സംസാരിക്കുന്ന ആ വനിതയുടെ ഐഡന്റിറ്റി കാർഡിൽ ഞാൻ സാകൂതം നോക്കി.
“സുമിത ദേവ്.”
സ്വപ്‌നമായതിനാലാകാം കമ്പനിയുടെ പേരു അവ്യക്തമായി രുന്നു. കുറച്ചുകഴിഞ്ഞ് മാഢം സംസാരം നിർത്തി, എന്റെ ബയോഡാറ്റ സൂക്ഷിച്ചു വായിച്ചു. പിന്നെ കുറച്ചു സാധാരണ ചോദ്യങ്ങൾ ചോദിച്ചു. ഞാൻ തൃപ്‌തികരമായി ഉത്തരം പറഞ്ഞു. ഒപ്പം ചില ആശങ്കകളും പങ്കുവച്ചു. മാഢം അവയെല്ലാം പുഞ്ചിരിയോടെ നേരിട്ടു. കമ്പനിക്കു വളരെ നന്നായി സംവിധാനം ചെയ്ത പദ്ധതികൾ ഉണ്ടെന്നും, ഓഫർലെറ്റർ ഇമെയിലിൽ വരുമെന്നും അവർ പറഞ്ഞു. മുറിക്കു പുറത്തിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“എനിക്ക് സെലക്ഷനായോ!”
സ്വപ്നം ഇത്രയും എത്തിയപ്പോൾ ഞാൻ ഞെട്ടിയുണർന്നു. അബോധമനസ്സിലെ സ്വപ്ന സാക്ഷാത്കാരം ബോധമനസ്സിനു ആഘാതമായതിനാൽ കണ്ണുകൾ നിറഞ്ഞു. പിന്നെ എനിക്ക് ഉറക്കം വന്നില്ല. ടെറസിൽ വന്നിരുന്നിട്ടും സ്വപ്നത്തിന്റെ മായികപ്രപഞ്ചത്തിൽ നിന്നു വിടുതൽ കിട്ടിയില്ല. അടുത്ത കാലത്ത് നടന്ന, പരാജയപ്പെട്ട ഒരു സംഭവവുമായി സ്വപ്നത്തിനു അഭേദ്യബന്ധം ഉണ്ടായിരുന്നു. അതിനാലാകണം സ്വപ്നം എന്നെ വിടാതെ പിടികൂടിയത്. സ്വപ്നങ്ങൾ എന്നിൽ എന്നും യഥാർത്ഥ്യത്തിന്റെ മേലങ്കി അണിയുന്നത് കഷ്ടമാണ്.
അന്നു സന്ധ്യയിൽ, വളരെ കർക്കശമായിരുന്നു മാഢത്തിന്റെ പെരുമാറ്റം.
“ഞങ്ങളുടെ റെക്കോർഡുകൾ പ്രകാരം താങ്കൾ ടെക്‌നിക്കലി വിദഗ്ദനാണ്. എന്നാൽ ശ്രവണന്യൂനത മൂലം താങ്കളെ സെലക്ട് ചെയ്യാൻ എനിക്ക് നിർവാഹമില്ല.”
ഞാൻ സൂചിപ്പിച്ചു. “പക്ഷേ ടെക്നിക്കൽ ഇന്റർവ്യൂ ചെയ്ത സാർ ഇതൊരു പ്രശ്നമായി കണ്ടില്ലല്ലോ മാഢം. ഞാൻ ശ്രവണന്യൂനതയെപ്പറ്റി അദ്ദേഹത്തോടു പറഞ്ഞിരുന്നു.”
“അത് അവരുടെ ചുമതല അല്ല.”
മാഢം ഒന്നും മറച്ചുവയ്ക്കാതെ തുറന്നു പറഞ്ഞു. എനിക്കു തൊഴിൽ ചെയ്യാനാകുമെന്നതിനെ പറ്റി കൂടുതൽ വിശദീകരണത്തിനു അവസരം ചോദിച്ചപ്പോൾ മാഢത്തിന്റെ ഭാവം പരുഷമായി.
“തിരിച്ചു പോകുമ്പോൾ വിസിറ്റർ ബാഡ്ജ് സെക്യൂരിറ്റിക്കു കൊടുക്കാൻ മറക്കരുത്.”
ഞാൻ സ്തംഭിച്ചു പോയി. പറഞ്ഞത് ഞാൻ കേട്ടില്ലെന്നു കരുതി മാഢം ആവശ്യം വീണ്ടും ആവർത്തിച്ചു. സ്തംഭനം പൂർത്തിയായി.
ഇതായിരുന്നു സ്വപ്നത്തിന്റെ പൂർവ്വകാല അടിസ്ഥാനം.
ഒരിക്കൽ വളരെ അടുത്ത പരിചയമില്ലാത്ത ഒരു സുഹൃത്തുമായി സംസാരിക്കാൻ ഇടയായി. ടോപ്പ് ലെവൽ മാനേജ്മെന്റിനോടു ചേർന്നു പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഞാൻ നേരിട്ട കുറച്ചു മോശം അഭിമുഖങ്ങളെ പറ്റി സംസാരത്തിനിടയിൽ പരാമർശിച്ചു. അദ്ദേഹം അതൊന്നും അൽഭുതകരമല്ലെന്നു പറഞ്ഞു.
“സുനിൽ, ഈ കെട്ടിടങ്ങൾക്കിടയിൽ, ഐടിയിലെ റിക്രൂട്ട്മെന്റ് ടീമുകൾക്കിടയിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തരുത്. പലപ്പോഴും നിരാശയാകും ലഭിക്കുക.”
“അപ്പോൾ മനപ്പൂർവ്വമാണോ എന്നെപ്പോലുള്ളവരെ അവഗണിക്കുന്നത്?”
“സുനിലിനെ പോലെ ശ്രവണസഹായി ധരിച്ചിട്ടും ന്യൂനത ഭേദമാകത്തവരെ മനഃപ്പൂർവ്വം തന്നെ തള്ളിക്കളഞ്ഞേക്കും. എങ്കിലും സാമാന്യവൽക്കരിക്കാൻ പറ്റില്ല. മറ്റു ഘടകങ്ങളും സെലക്ഷന് വിഘാതം സൃഷ്ടിക്കാറുണ്ട്.”
“ഏതൊക്കെ ഘടകങ്ങൾ?”
പറയണോ വേണ്ടയോ എന്നു സുഹൃത്ത് ശങ്കിച്ചു. ഒടുവിൽ മനസ്സ് തുറന്നു.
“സുനിൽ, മിക്ക കമ്പനികളിലേയും റിക്രൂട്ടുമെന്റ് ടീമിലെ നല്ലശതമാനം ആളുകൾ മിഡിൽക്ലാസ്സ്, അല്ലെങ്കിൽ അതിനു മുകളിലുള്ള കുടുംബങ്ങളിൽനിന്നു വരുന്നവരാണ്. റിക്രൂട്ട്മെന്റ് ടീം മാത്രമല്ല, ഐടി മേഖല മൊത്തമായി തന്നെ ഏകദേശം ഇങ്ങിനെയാണ്. ഒരുതരം പ്രബലമായ അരിസ്റ്റോക്രസി. ഇതിനിടയിൽ അടിസ്ഥാനതലത്തിൽ നിന്നു വരുന്നവരും ശാരീരിക ന്യൂനതയുള്ളവരും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചാൽ, അതു മനസ്സിലാക്കാൻ തക്കവിധം വിവിധ തരക്കാരുമായി, പ്രത്യേകിച്ചും ശാരീരിക ന്യൂനതയുള്ളവരുമായി, ഇടപഴകിയുള്ള പരിചയം റിക്രൂട്ടുമെന്റ് ടീമിലെ പലർക്കും ഉണ്ടാകില്ല. അവർ അവരെപ്പോലെയുള്ളവർക്കു ഇടയിൽ ജനിച്ചു വളർന്നവരാണ്. ചില യോഗ്യതകൾ ഇല്ലേ, എങ്കിൽ അവൻ ഔട്ട്. ആ യോഗ്യതയുണ്ടോ എങ്കിൽ അവൻ ഇൻ… മെഷീൻ കണക്കെയാണ് ഇത്തരക്കാരുടെ പ്രവർത്തനം.”
സുഹൃത്ത് കൂട്ടിച്ചേർത്തു. “ഐടി എന്നത് വിജയിക്കുമെന്നു ഉറപ്പുള്ളവരെ മാത്രം തിരഞ്ഞെടുത്തു കൊണ്ടു നടത്തുന്ന ബിസിനസാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.”
ഞാൻ കളിയാക്കുന്ന ടോണിൽ ചോദിച്ചു. “വിജയിക്കുമെന്നു ഉറപ്പുള്ളവരെയല്ലാതെ തോൽക്കാൻ ഇടയാകുന്നവരെ തിരഞ്ഞെടുക്കണമെന്നു പറയാനാകുമോ സാർ?”
സുഹൃത്ത് വിശദീകരിച്ചു.
“ഞാൻ പറഞ്ഞതിനെ സുനിൽ തെറ്റിദ്ധരിച്ചു. കമ്പനികൾ ഒരു ഉദ്യോഗാർത്ഥി ജോലിയിൽ വിജയിക്കും, അല്ലെങ്കിൽ പരാജയപ്പെടും, എന്ന് നിർണയിക്കാൻ അവലംബിക്കുന്ന രീതിയാണ് പ്രശ്നം. ഇന്റർവ്യൂ ക്രിട്ടേരിയകൾ. ഒരു ഉദാഹരണമായി, റൂറൽ ഏരിയയിൽ നിന്നു വരുന്നവർക്കു ഇംഗ്ലീഷ് ഫ്ലുവൻസി കുറച്ചു കുറവായിരിക്കും. അതു വിദ്യാഭ്യാസ അയോഗ്യതയെ ചൂണ്ടിക്കാണിക്കുന്നില്ല. മറിച്ച് പ്രാക്ടീസിങ്ങിന്റെ കുറവാണ്. നഗരത്തിൽ ജനിച്ചു വളർന്നവർക്കു വിദ്യാഭ്യാസ യോഗ്യത കുറവായാലും ഇംഗ്ലീഷിൽ പെർഫെക്ട് ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ സെലക്ഷൻ കിട്ടാൻ കൂടുതൽ സാധ്യത രണ്ടാമത്തെ കൂട്ടർക്കാണ്.”
“ഈ ട്രെന്റ് ഐടി ഏരിയയിൽ മാത്രമല്ലല്ലോ.”
“എല്ലാ മേഖലയിലും ഏറിയും കുറഞ്ഞും ഉണ്ട്. ഐടിയിലാണ് എന്റെ അഭിപ്രായത്തിൽ കൂടുതൽ. ഐടി മേഖലയിൽ എത്തിപ്പെടുന്ന ബഹുഭൂരിഭാഗം പേരും അധികം താമസിയാതെ ഒരു അരിസ്റ്റോക്രാറ്റിക് മനോഘടനയിലേക്കു വഴുതുകയാണ്. ഈ കൂറുമാറ്റമാണ് ഏറെ ശ്രദ്ധേയം. ഐടി മേഖലയിൽ പച്ച പിടിച്ചാൽ ഒരു പക്ഷേ താങ്കളും ഇതുപോലെ ആയേക്കാം.”
ഞാൻ ചിരിച്ചു. “ഹഹഹ… അങ്ങിനെയല്ല കേട്ടോ. എനിക്കിത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ഐടി അല്ലാതെ വേറെ പണിയൊന്നും അറിയില്ല.”
“മനസ്സിലായി. താങ്കളുടെ പ്രശ്നത്തിനു മറ്റൊരു തലവും ഉണ്ട്. അതായത് ഡിസേബിളിറ്റി. ശ്രവണന്യൂനത മൂലം ഇന്റർവ്യുകളിൽ തോൽപ്പിക്കപ്പെടുന്നു, അവസരങ്ങൾ കിട്ടുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതു ബന്ധപ്പെട്ടവർ ഗൗരവമായി അഡ്രസ് ചെയ്യേണ്ട പ്രശ്നം തന്നെയാണ്. ഇല്ലെങ്കിൽ ബാംഗ്ലൂരിൽനിന്നു താങ്കളും താങ്കളെപ്പോലുള്ളവരും തുടച്ചു നീക്കപ്പെട്ടേക്കാം.”
ഞാൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. “അങ്ങിനെ വരില്ലെന്നു കരുതാം. ഇവിടെ ധാരാളം കമ്പനികൾ ഉണ്ടല്ലോ?”
“കമ്പനികളുണ്ട്. അതു പ്രശ്നത്തെ ലഘൂകരിക്കാതെ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. തൊഴിലന്വേഷകർ ധാരാളമാണ്. കമ്പനികൾക്കു ധാരാളം ചോയ്സുകൾ. യെസ് ഓർ നോ ചോദ്യങ്ങളിൽ തട്ടി പുറത്തു പോകുന്നവരിൽ ഏറിയ പങ്കും താങ്കളെപ്പോലുള്ളവരായിരിക്കും.”
സുഹൃത്തുമായുള്ള സംഭാഷണം ഇങ്ങിനെയായിരുന്നു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ പുതിയ അറിവായിരുന്നു. എന്നെ ഇന്നുവരെ അഭിമുഖം ചെയ്ത മുഖങ്ങളെല്ലാം പെട്ടെന്ന് മനസ്സിൽ ഓടിയെത്തി. അവരുടെ മുഖം എന്താണ് പ്രതിഫലിപ്പിക്കുന്നത്. അവർ ഔപചാരിക സംഭാഷണങ്ങളിലൂടെ മാത്രം സംവദിക്കുന്നവർ ആയിരുന്നില്ലേ? മനസ്സുകളോടാണ് സംവദിക്കുന്നതെന്ന ബോധ്യം അവർക്കുണ്ടായിരുന്നോ? ഉദ്യോഗാർത്ഥിയുടെ മനോഭാവം മനസ്സിലാക്കാൻ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി പറയാൻ, ഉദ്യോഗാർത്ഥി സ്വന്തം മനോഭാവം മാറ്റി മറിക്കേണ്ടതുണ്ടോ? ചോദ്യങ്ങളുടെ ടൈപ്പിക്കൽ ഉത്തരങ്ങൾ പഠിക്കുകയും, അല്പം കൗശലവും പ്രകടിപ്പിച്ചാൽ പോരേ? തീർപ്പുകളിൽ എത്താൻ ഞാൻ അധികം ബുദ്ധിമുട്ടിയില്ല. സുഹൃത്ത് പറഞ്ഞതിൽ സത്യമുണ്ട്.
പക്ഷേ അപ്പോഴും ചിലരുണ്ട്. എന്നും ആൾക്കൂട്ടത്തിൽ നിന്നു വഴിമാറി നടക്കാൻ ഇഷ്ടപ്പെടുന്നവർ. അവർ നമ്മളേയും നമ്മുടെ ധാരണകളേയും അപ്രതീക്ഷിതമായി തോല്പിച്ചു കളയും. അത്തരത്തിൽ ഒരാളെ മഡിവാളയിൽ സ്ഥിതിചെയ്യുന്ന ഒരു കമ്പനിയിൽ വച്ച് കണ്ടുമുട്ടി. ടെക്നിക്കൽ ഇന്റർവ്യു പാസായി ഞാൻ എച്ച്ആറിനു മുന്നിൽ നിൽക്കുകയാണ്. ഫൈനൽ റൗണ്ട്! ബുൾഗാൻ വളർത്തി, തലമുടിയിൽ ലോഷൻ പുരട്ടി ഭംഗിയായി ചീകിവച്ച ഒരുവൻ. മേശപ്പുറത്തു പകുതി മുറിച്ച പിസയും ശീതള പാനീയവും. തികച്ചും ആധുനികൻ. അദ്ദേഹം ഭക്ഷണം കഴിക്കുകയായിരുന്നതിനാൽ ഞാൻ അകത്തു കടക്കാതെ സംശയിച്ചു നിന്നു. മടിക്കാതെ കടന്നുവരാൻ ആജ്ഞ കിട്ടി. ഒരുകഷണം പിസയും ശീതള പാനീയവും അദ്ദേഹം എനിക്കു നൽകി. ആദ്യം നിരസിച്ചെങ്കിലും, കഴിക്കാതെ വിടില്ലെന്നു ഉറപ്പായപ്പോൾ കഴിച്ചു. അദ്ദേഹം കന്നഡ കലർന്ന മലയാളത്തിൽ സംസാരിച്ചു.
“ഞാനും മലയാളിയാണ്. പക്ഷേ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായതിനാൽ മലയാളത്തിൽ വളരെ ഫ്ലുവന്റ് അല്ല.”
ഞങ്ങൾ പത്തുമിനിറ്റോളം സംസാരിച്ചു. വിദ്യാഭ്യാസം, ശ്രവണ ന്യൂനത, എന്റെ കുടുംബപശ്ചാത്തലം അങ്ങിനെയെല്ലാം പരാമർശവിഷയമായി. സർട്ടിഫിക്കേറ്റുകൾ നോക്കി അദ്ദേഹം സംതൃപ്തിയോടെ തലകുലുക്കി. മൂന്നു ദിവസത്തിനകം ഓഫർ ലെറ്റർ ഇമെയിലിൽ വരുമെന്നു പറഞ്ഞു. ഇതടിച്ചതു തന്നെയെന്നു ഞാനും ഉറപ്പിച്ചു. പക്ഷേ മൂന്നുദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. വിസിറ്റിങ്ങ് കാർഡിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഒരാഴ്ച കഴിഞ്ഞു വ്യക്തമായ മറുപടി തരാമെന്നു വാഗ്ദാനം ചെയ്തു. ഫലം നെഗറ്റീവാണെന്നു ഊഹം കിട്ടിയതിനാൽ പിന്നീട് അദ്ദേഹം ബന്ധപ്പെടുമെന്നു കരുതിയില്ല. പക്ഷേ മറുപടി കിട്ടി.
‘താങ്കളെ അഭിമുഖം ചെയ്ത പ്രോജക്ട് ആരംഭിച്ചു, വേറെ പ്രോജക്ടിലേക്കു ശ്രമിക്കാം, വിവിധ ഡിപ്പാർട്ടുമെന്റുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു’ എന്നായിരുന്നു മറുപടി.
ആറു മാസത്തിനു ശേഷവും ഇതേ ടോണിലുള്ള മറ്റൊരു മറുപടിയും കിട്ടി. അദ്ദേഹം എന്റെ അന്വേഷണങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാൻ ശ്രമിക്കാത്തതിനാൽ ആദരവ് തോന്നി. ആൾക്കൂട്ടത്തിൽ ഒരുവനെങ്കിലും ഉണ്ടല്ലോ. അത്തരക്കാർ തൊഴിൽശ്രമങ്ങൾ തുടരാനുള്ള പ്രേരണയാണ്.
പത്തുവർഷത്തിനിടയിൽ നല്ലതും ചീത്തയുമായ കുറേ നാണയങ്ങളെ ഞാൻ കണ്ടുമുട്ടി. അവരെല്ലാം നല്ല അഭിനേതാക്കളായിരുന്നു. ഇന്റർവ്യൂ പ്രക്രിയകൾ നാടകവും. സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു നായകന്റേയും വില്ലന്റേയും റോളുകൾ അവർ തന്നെ അതിസമർത്ഥമായി നിർവഹിച്ചു. പല പല വേഷഭൂഷാധികൾക്കുള്ളിൽ, വ്യത്യസ്ത ഭാവാഭിനയത്തോടെ അരങ്ങിൽ പ്രത്യക്ഷപ്പെടുന്നവർ ഒരേ ആളുകളല്ല, മറിച്ചു വ്യത്യസ്ത ആളുകളാണെന്നു കരുതി കാണികൾ രസംപിടിച്ചിരുന്നു നാടകങ്ങൾ കണ്ടു. ദൗത്യം പൂർത്തീകരിച്ചു അഭിനേതാക്കൾ അണിയറയിൽ മറയും. കാണികൾ വിഡ്ഢികളായി പൊടിയും തട്ടി എഴുന്നേറ്റു പോകും. വീണ്ടും അടുത്ത സെറ്റ് കാണികൾ എത്തുമ്പോൾ, അതേ ആളുകൾ നാടകം ആവർത്തിക്കുന്നു. വ്യത്യസ്ത വേഷങ്ങൾ, വ്യത്യസ്ത ഭാവാഭിനയം, വ്യത്യസ്ത ഡയലോഗുകൾ., അങ്ങിനെയങ്ങിനെ. ഞാൻ എന്ന ‘കാണി’ അത്തരം നാടകങ്ങൾ കുറേനാൾ കണ്ടിരുന്നു. ഇപ്പോഴും കാണാൻ നിർബന്ധിതനാകുന്നു.
ടെറസിലെ ഇരിപ്പു മതിയാക്കി ഞാൻ റൂമിലേക്കു പോന്നു. സ്വപ്നങ്ങൾ ഇല്ലാത്ത നിദ്ര മോഹിച്ചു കിടന്നു. പക്ഷേ സാധ്യമായില്ല. സ്വപ്നത്തിൽ ആവർത്തിക്കപ്പെടാൻ ഭൂതകാല സംഭവങ്ങൾ ധാരാളമായിരുന്നു.
***************
ഒരിക്കൽ, രാത്രിയിൽ റമ്മി കളിച്ചു കൊണ്ടിരിക്കുമ്പോൾ, പറയണോ വേണ്ടയോ എന്ന സന്ദേഹത്തിൽ രാജു എന്നെ അറിയിച്ചു.
“നീയിന്നലെ രാത്രി ഉറക്കത്തിൽ കുറേ ചീത്ത പറഞ്ഞു.”
ഞാൻ അമ്പരന്നു. ആരെ ചീത്ത പറയാൻ? എനിക്കു ശത്രുക്കൾ ഇല്ലല്ലോ. രാജു കൂട്ടിച്ചേർത്തു.
“ഒക്കെ പഴയ കാര്യങ്ങളാ. പഴയ കമ്പനിയുടെ പേര് മാത്രം മാറി. ഇപ്പോൾ പുതിയ കമ്പനി, പുതിയ പേര്. ദാറ്റ്സ് ആൾ.”
ഞാൻ കാര്യങ്ങൾ മനസ്സിലാക്കി വേദനയോടെ മന്ദഹസിച്ചു.
ഞാൻ ഉറക്കത്തിൽ സംസാരിക്കുന്നതിനെപ്പറ്റി രാജു ആദ്യമായി പറയുന്നത്, ബാംഗ്ലൂരിൽ എനിക്കു ലഭിച്ച ആദ്യത്തെ ഇന്റർവ്യൂ ഷോക്കിനു ശേഷമാണ്. പിന്നേയും ഷോക്കുകൾ ഒന്നിനു പിറകെ ഒന്നായി വന്നു. അപ്പോൾ സംഭാഷണത്തിലെ കമ്പനിയുടെ പേരുകൾ മാറിമറിഞ്ഞു. മറ്റു പദങ്ങൾ മാറ്റമില്ലാതെ തുടർന്നു.
ഉറക്കവും എനിയ്ക്കു ഒരുതരം മാനസികപീഢയായിരുന്നു. ഒരിടക്കാലത്തു കൂടെ താമസിക്കുന്നവരുമൊത്ത് ഒരു മുറിയിൽ കിടന്നു ഉറങ്ങാനും ഭയപ്പെട്ടിരുന്നു. മനസ്സിലെ സംഘർഷങ്ങളും രഹസ്യങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സഹജീവികളിൽനിന്നു മറച്ചു പിടിക്കണം എന്നു ആഗ്രഹമുള്ളവർക്കു ഉറക്കം എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാർക്കു ഉണർന്നിരിക്കുമ്പോൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ ഉറങ്ങുമ്പോൾ, അബോധമനസ്സിന്റെ പിടിയിലായിരിക്കുമ്പോൾ, അവർ വിളിച്ചു കൂവുന്നത് മനസ്സിന്റെ അടിത്തട്ടിൽ ആരുമറിയരുതെന്ന ലക്ഷ്യത്തോടെ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യ ങ്ങളും വിഷമതകളും ആയിരിക്കും.
ഞാൻ അനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷം, കൂടെ താമസിക്കുന്നവരിൽ നിന്നു മറച്ചു പിടിക്കാൻ ആദ്യ കാലങ്ങളിൽ നടത്തിയ ശ്രമങ്ങൾ, സ്വപ്നം കാണലും ചീത്തപറയലും തുടങ്ങിയതോടെ തകർന്നു വീണു. എല്ലാം അവർക്കു മുന്നിൽ കെട്ടഴിക്കേണ്ടി വന്നു.
അതിനാൽ, ഉറക്കത്തേയും ഒരിക്കൽ ഭയന്നിരുന്നു.
പതിമൂന്നാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
[1] “cognitions have real substrata in the external world… and about dream-cognitions….. the external substratum is not altogether absent. In all cases there is a real substratum, though in dreams appearing under diverse conditions of time and place. What is perceived in dream is some real external objects that has been perceived previously either in this life or in some past life, or at some other time, and it is cognized in dreams either in the same context or under different circumstances’
— ‘Mimamsa – Sloka – Varttika”, by Kumarila Bhatta.
Features Image Credit -> https://goo.gl/b9W5BR