അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.(ഏഴാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ഇന്നും ദീർഘനേരം നടന്നു. ഏകദേശം ഒന്നര മണിക്കൂർ. ഉലാത്തലിനെ ശാരീരിക വ്യായാമത്തിന്റെ കള്ളിയിൽപ്പെടുത്താൻ ആകില്ലെങ്കിലും, ഉലാത്തൽ മാനസികമായി എനിക്കു വ്യായാമമാകുന്നുണ്ട്. ഉലാത്തുന്ന സമയത്തു എന്റെ തലച്ചോർ കൂടുതൽ സജീവമാകും. നാളെയും അതിനു ശേഷവും എന്തു ചെയ്യണമെന്നുള്ള സമസ്യകൾക്കു ഉത്തരം തേടുന്നത് രാത്രിയിലെ നടത്തത്തിനു ഇടയിലാണ്. കുറച്ചു നാളുകളായി നടത്തം വീട്ടുമുറ്റത്തു ഒതുക്കി നിർത്താറില്ല. മനസ് അടിക്കടി കാലുഷ്യമാകുന്നതു തന്നെ കാരണം. കാത്തിരിപ്പുകളുടെ ഭാരം. അതിനെപറ്റി ആലോചിക്കുന്നതേ മാനസികസമ്മർദ്ദം കൂട്ടും. അപ്പോൾ റോഡിലേക്കു ഇറങ്ങും. ഇരുട്ടു നിറഞ്ഞ റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കും.

എല്ലാത്തിന്റേയും ആരംഭം തിരുവനന്തപുരം വാസത്തിന്റെ അവസാന നാളുകളിലാണ്. വെള്ളയമ്പലത്തുള്ള ഒരു കമ്പനിയിൽ വിജയകരമായി ഇന്റർവ്യൂ പാസായതിന്റെ പരിണതി. അഞ്ച് മാസത്തിനുശേഷം അവിടെ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിരിക്കുന്നു. അഞ്ച് മാസത്തെ ഇടവേള മാനസിക സമ്മർദ്ദം കൂട്ടി. ഉറക്കം വരാതെ രാത്രിയിൽ പുറത്തിറങ്ങി നടക്കുമ്പോൾ സ്വഭാവം എന്നെ നശിപ്പിച്ചു കളയുമെന്നു ഭയന്നിരുന്നു. പക്ഷേ സംഭവിച്ചത് വിപരീതമായാണ്. പ്രശ്നങ്ങളേയും പ്രതിസന്ധികളേയും എങ്ങിനെ നേരിടണമെന്നു തീരുമാനിക്കാൻ ഉലാത്തലിനിടയിലെ സമയം സൗകര്യപ്രദമായി. എല്ലാ തീരുമാനങ്ങളും നന്നായി ആലോചിച്ചേ എടുക്കാവൂ എന്നാണല്ലോ പ്രമാണം. കൂടാതെ, നാളെ അല്ലെങ്കിൽ വിദൂരഭാവിയിൽ ഏതെങ്കിലും വിഷയത്തിൽ എന്തു ചെയ്യണമെന്ന തീരുമാനം നേരത്തെ എടുത്തുവച്ചാൽ അതു പിന്നീടുള്ള സന്ദേഹങ്ങളെ ഒഴിവാക്കും; പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. ഉലാത്തലിനു ഇടയിൽ മനോരാജ്യങ്ങൾ കാണുന്നത് ഒഴിവാക്കിയപ്പോൾ, അതു തന്നെയാണ് സംഭവിച്ചത്. എന്റെ വ്യക്തിത്വം വാർത്തെടുക്കുന്നതിൽ രാത്രിയിൽ ഉലാത്തുന്ന സ്വഭാവം നിർണായക പങ്കുവഹിച്ചു.

***************

നാട്ടിൽ കുറച്ചു ദിവസം സ്വസ്ഥമായി ഇരിക്കാമെന്നു കരുതി ലീവിൽ എത്തിയ എന്നെ വീണ്ടും തിരുവനന്തപുരത്തേക്കു തിരിച്ചു പോകാൻ പ്രേരിപ്പിച്ചത് മാതൃഭൂമി ക്ലാസിഫെഡ്സിൽ വന്ന പരസ്യ മാണ്.

ഇന്ത്യയിലെ പ്രശസ്തമായ ഒരു ഐടി കമ്പനിക്കു കസ്റ്റമർ എൻജിനീയർമാരെ ആവശ്യമുണ്ട്. അതിനുള്ള എഴുത്തു പരീക്ഷ തിരുവനന്തപുരത്തെ ഒരു കോളേജിൽ നടത്തപ്പെടുന്നു.’ എന്നായിരുന്നു പരസ്യം.

ഞാൻ അക്കാലത്തു കെൽട്രോൺ കമ്പനിയുടെ IT ബിസിനസ് ഗ്രൂപ്പിൽ ടെക്നീഷ്യൻ അപ്രന്റീസായി ജോലി ചെയ്തുവരികയാണ്. അതുവരെ ഏഴുമാസം പൂർത്തിയാക്കി. ബാക്കിയുള്ള അഞ്ചു മാസത്തിനു ശേഷം എന്തു ചെയ്യുമെന്ന കടുത്ത ആശങ്കയായിരുന്നു ഉള്ളിൽ.

കല്ലേറ്റുംകര മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ എടുത്തു പുറത്തിറങ്ങുമ്പോൾ തന്നെ സഹപാഠികളിൽ കുറച്ചു പേർക്ക് കാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടിയിരുന്നു. ബാക്കിയുള്ളവരിൽ പലരും ട്രെയിനികളായി പല പല കമ്പനികളിൽ കയറിക്കൂടി. അന്നതൊരു ഭാഗ്യമായി കരുതിയിരുന്നു. അതുകൊണ്ടു തന്നെ പത്രത്തിൽ പരസ്യം കണ്ടപ്പോൾ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന തീരുമാനത്തിൽ എത്താൻ രണ്ടാമതു ആലോചിച്ചില്ല.

പറഞ്ഞതിലും നേരത്തെ ലോഡ്ജിൽ തിരിച്ചെത്തിയ എന്നെ കണ്ട് രാജു അമ്പരന്നു. ഞാൻ പേപ്പർ പരസ്യം കാണിച്ചുകൊടുത്തു. “ഒരു ഭാഗ്യപരീക്ഷണം. പോരുന്നോ?”

രാജു സമ്മതിച്ചു. ഞങ്ങൾ റെഡിയായി കോളേജിലേക്കു തിരിച്ചു. ബേക്കറി ജംങ്ഷനിൽനിന്നു കുറച്ചു നടന്നാൽ കോളേജിൽ എത്താം. ഇന്റർവ്യൂവിനു തിരക്കില്ലായിരുന്നു. ഏകദേശം നൂറ് പേർ മാത്രം. രണ്ടു സെക്ഷനിലായി നടത്തിയ എഴുത്തു പരീക്ഷയിൽ രാജു രണ്ടാംറൗണ്ടിൽ പെട്ടി മടക്കി. ഞാൻ രണ്ട് റൗണ്ടും കടന്നു ഫൈനൽ ഇന്റർവ്യുവിനു തിരഞ്ഞെടുക്കപ്പെട്ടു. മനസ്സിൽ പേരറിയാത്ത ഒരു വികാരം. ഇത്രയും പേരോടു പോരടിച്ചു കയറിവന്നില്ലേ. അതൊരു വലിയ അത്മവിശ്വാസമായിരുന്നു.

അവസാനവട്ട അഭിമുഖം നടത്തിയത് കമ്പനിയുടെ വെള്ളയമ്പലം-ശാസ്തമംഗലം ഓഫീസിലാണ്. ഞാൻ ഉൾപ്പെടെ പത്തോളം പേർ. എന്റെ ഊഴം അടുത്തടുത്തു വന്നപ്പോൾ മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി. ആദ്യമായാണ് ഒരു ഇന്റർവ്യൂ അഭിമുഖീകരിക്കുന്നത്. ദിവസവും പേർസണൽ ഡയറി ഇംഗ്ലീഷിൽ എഴുതാറുള്ളതിനാൽ ആ ഭാഷ തരക്കേടില്ലാതെ കൈകാര്യം ചെയ്യാൻ പറ്റും. അതു മാത്രമേയുള്ളൂ പിൻബലം, ടെക്നിക്കൽ അറിവിനെ കൂടാതെ.

ഞാൻ ചെല്ലുമ്പോൾ ഇന്റർവ്യൂ ചെയ്യുന്ന സാർ എന്നെ കൂർപ്പിച്ചു നോക്കുകയാണ്. പതിമൂന്നാം വയസ്സുമുതൽ ശ്രവണന്യൂനതയുണ്ടെന്ന് കോളേജിലെ എഴുത്തുപരീക്ഷക്കിടയിൽ ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. ഇനിയും അത് ആവർത്തിക്കേണ്ടതില്ലെന്നു സാറിന്റെ മുഖഭാവം വെളിപ്പെടുത്തി. മേശപ്പുറത്തു ചിതറിക്കിടക്കുന്ന ഡയോഡുകളേയും കപ്പാസിറ്ററുകളേയും നോക്കി ടെൻഷനോടെ ഇരുന്ന എന്നോടു സാർ ഇംഗ്ലീഷിൽ ചോദിച്ചു.

“സുനിൽ ഇപ്പോൾ എന്തു ചെയ്യുന്നു?”

അതു പ്രതീക്ഷിച്ച ചോദ്യമായിരുന്നു. ഞാൻ കാര്യങ്ങൾ വിശദീ‍കരിച്ചു. കെൽട്രോണിൽ‍ ജോലി ചെയ്യുകയാണെന്നും, ഈ വരുന്ന ആഗസ്റ്റിൽ ട്രെയിനിംങ് കഴിയുമെന്നും. അദ്ദേഹം പിന്നെയും കുറച്ചു സാധാരണ ചോദ്യങ്ങൾ ചോദിച്ചു. കേൾവിപ്രശ്നത്തോടു ബന്ധമുള്ളതും അല്ലാത്തതുമായവ. ചില ചോദ്യങ്ങൾ കേൾക്കാൻ ബുദ്ധിമുട്ടിയെങ്കിലും, വീണ്ടും വ്യക്തമായി, വേഗത കുറച്ചു അദ്ദേഹം ആവർത്തിച്ചപ്പോൾ എനിക്കു മനസ്സിലാക്കാനായി. ഒടുവിൽ സാർ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു.

Read More ->  അദ്ധ്യായം 4 -- ഒഴിഞ്ഞ ഇടങ്ങൾ

“സുനിൽ, കെൽട്രോണിലെ ജോലി ആഗസ്തിൽ പൂർത്തിയാക്കി ഇവിടെവന്നു മാനേജറെ കാണൂ… ആൾ ദ ബെസ്റ്റ്.”

ഇവിടെയാണ് എല്ലാത്തിന്റേയും തുടക്കം. ജീവിതത്തിനു പുതിയ ദിശാബോധം കൈവന്നു. കെൽട്രോണിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയംകൊണ്ടു TIME Technologies-ൽ നിന്നു അക്കാലത്തു മൈക്രോസോഫ്റ്റിന്റെ പുത്തൻ സർട്ടിഫിക്കേഷനായ Win 2003 Server MCP എഴുതിയെടുത്തു. നെറ്റ്‌വർക്കിങ് സർട്ടിഫിക്കേറ്റ്, CCNA, അതിനും മുമ്പേ എടുത്തിരുന്നു. കെൽട്രോണിലെ ജോലിയും സന്തോഷപ്രദമായി തോന്നി. വൈകീട്ട് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും മ്യൂസിയത്തിലും സമയം ചെലവഴിച്ചു.

കമ്പനി തിരഞ്ഞെടുത്ത കാര്യം ആദ്യമറിയിച്ചത് നാട്ടുകാരനായ വിൽസനെയാണ്. തിരുവനന്തപുരത്തു വന്നശേഷം ആദ്യത്തെ നാലു മാസം വിൽസന്റെ കൂടെയായിരുന്നു താമസം. അതിനു ശേഷമാണ് മുളയിര ലോഡ്ജിലേക്കു മാറിയത്. ഫൈനൽ ഡിസ്കഷനെ പറ്റി പറഞ്ഞപ്പോൾ വിൽസൻ അമിതോൽസാഹം കാണിച്ചില്ല. പകരം താക്കീത് ചെയ്തു.

“ഇപ്പോൾ ഒന്നും ഉറപ്പിക്കണ്ട. ചിലപ്പോൾ അവർ കളിപ്പിക്കുന്നതാകും. നീ ആഗസ്റ്റിൽ ചെല്ലുമ്പോൾ ആരാ, എവിടന്നാ എന്നൊക്കെ ചോദിച്ചെന്നു വരും”

അക്കാലത്തു കമ്പനിയുടെ വെള്ളയമ്പലം ഓഫീസ് മാനേജർ എന്നെ അറിയില്ലെന്നു പറയുന്നതു കേട്ടു ഞാൻ പലതവണ സ്വപ്നത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. ഒടുക്കം ആഗസ്റ്റ് മാസം ആയപ്പോൾ ‘സാറെന്തു പറയുമോ’ എന്നോർത്തു നല്ല ടെൻഷനായിരുന്നു. പക്ഷേ ഞാൻ പേടിച്ച താളപ്പിഴകൾ ഒന്നുമുണ്ടായില്ല.

ആഗസ്റ്റ് പതിനൊന്നിനു വെള്ളയമ്പലം ഓഫീസിൽ റിപ്പോർട്ട് ചെയ്തു. മാനേജർ കുറച്ചു കർക്കശ ഭാവമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിച്ചു. ഞാൻ മുമ്പ് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം ഗൌരവത്തോടെ മൂളിക്കേട്ടശേഷം അദ്ദേഹം ലാപ്‌ടോപിൽ കർമനിരതനായി.

“സുനിൽ, താങ്കൾക്കു ശ്രവണ സഹായി ഉണ്ടോ?” സാർ അന്വേഷിച്ചു.

ഞാൻ മറുപടി പറഞ്ഞു.

“ഉണ്ട്. പക്ഷേ അതത്ര ഫലപ്രദമല്ലെന്നു മാത്രമല്ല, ചില പ്രത്യേക സന്ദർഭങ്ങളിൽ എന്റെ കേൾവി ശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ ശാന്തമായ ചുറ്റുപാടിലേ ഉപയോഗിക്കാറുള്ളൂ.”

തുടർന്നു അദ്ദേഹം ആരെയോ ഫോണിൽ വിളിച്ചു. രണ്ടു മിനിറ്റിനുള്ളിൽ അഡ്രസ്സ് എഴുതിയ ഒരു വെള്ളക്കടലാസ് എനിക്കു കിട്ടി. ഞാൻ പേപ്പറിൽ കണ്ണോടിച്ചു.

Sajiv,

Area CE Manager,

XXXXXXXXX

Cochin.

സാർ ഓർമിപ്പിച്ചു. “ഒരാഴ്ചക്കുള്ളിൽ ഇദ്ദേഹത്തെ പോയി കാണുക. ആൾ ദ ബെസ്റ്റ്.”

All The Best. നിർദ്ദോഷമായ ഈ ആശംസാവാക്കിനു എന്റെ ജീവിതത്തിൽ ഇതുവരെ കോമാളി പരിവേഷമാണുള്ളത്. എത്രയോ ആളുകൾ അർത്ഥരഹിതമായി ഈ വാക്ക് എന്നോടു പറഞ്ഞിരിക്കുന്നു. പലപ്പോഴും പറഞ്ഞവർ തന്നെയാകും പാലം വലിക്കുക; ഈ കേസിൽ അങ്ങിനെ ഉണ്ടായില്ലെങ്കിലും.

രണ്ടു ദിവസത്തിനു ശേഷം ഞാൻ കൊച്ചിഓഫീസിൽ റിപ്പോർട്ട് ചെയ്തു. കസ്റ്റമർ മാനേജർ‍ ചെറുപ്പക്കാരനാണ്. തുളച്ചു കയറുന്ന നോട്ടം. ഹൃദ്യമായ പെരുമാറ്റം. ബയോഡാറ്റ നോക്കി ചോദിച്ചു.

“ഫീൽഡ് ജോലി ബുദ്ധിമുട്ടാകുമോ.”

“ജോലിയെ ആശ്രയിച്ചിരിക്കും. പിന്നെ ടെസ്റ്റിങ് ആൻഡ് റിപ്പയറിംഗ് സെന്ററിൽ ജോലി ചെയ്യാൻ എനിക്കു പ്രത്യേക താൽപര്യമുണ്ട്.”

മാനേജർ ആലോചിച്ചു പറഞ്ഞു. “ശരി. വീട്ടിലെ ഫോൺനമ്പർ തന്നേക്കൂ. ഞാൻ വിളിച്ചറിയിക്കാം.”

പിന്നെയുള്ള ഓരോ ദിവസവും വിളി കാത്തിരുന്നു. ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളായി. പ്രതീക്ഷകൾ ചോദ്യചിഹ്നത്തിൽ ഉടക്കി നിന്നു. രാത്രിയിൽ അസ്വസ്ഥമായ മനസ്സോടെ ഞാൻ മണിക്കൂറുകൾ ഉലാത്തി. ചിലപ്പോൾ റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കും. കുറച്ചു ദൂരെ ചെറുവാളൂർ വരെ, അല്ലെങ്കിൽ കാതിക്കുടം വരെ. അത്തരം സന്ദർഭങ്ങളിൽ മനസ്സിൽ അവരൊക്കെ അറിയാതെ വിരുന്നുവരും. അങ്ങകലെ ഡൽഹിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ, ചെന്നൈ-ബാംഗ്ലൂരിൽ ഉള്ളവർ., ചിന്തകൾക്കു മേൽ അന്നു നിയന്ത്രണമില്ലായിരുന്നു.

അങ്ങകലെ ഒരു പ്രകാശനാളം ഞാൻ കാ‍ണുന്നുണ്ടായിരുന്നു. വ്യർത്ഥമാണെന്നു അറിയാമെങ്കിലും ഞാൻ തന്നെ സൃഷ്ടിച്ചെടുത്തതാണത്. ആ പ്രകാശനാളത്തിനു നേരെ കൊച്ചുകുട്ടിയേ പോലെ ഞാൻ പിച്ചവച്ചു അടുക്കും. അങ്ങിനെ അടുത്തു, ദീപനാളത്തെ കൈപ്പിടിയിൽ ഒതുക്കാൻ മാത്രം അരികിലെത്തുമ്പോൾ ആരോ അതിനെ മനപ്പൂർവ്വം അണച്ചു കളയും. അപ്പോൾ ഞാൻ ഇരുട്ടത്തു പകച്ചു നിൽക്കുകയായി; ദിശയറിയാതെ, വഴിയറിയാതെ. ഒടുക്കം പുതിയ പ്രകാശനാ‍ളത്തിനായി സ്വയം വഴി തേടും.

പലപ്പോഴും ജ്യേഷ്ഠൻ ഓർമിപ്പിച്ചു. “നീ അവർ പറയുന്നത് മുഴുവൻ വിശ്വസിക്കരുത്. ചിലപ്പോൾ ഒഴിവാക്കാൻ പറയുന്നതാകാം.”

ഞാൻ ജ്യേഷ്ഠന്റെ അഭിപ്രായത്തോടു യോജിച്ചില്ല. എങ്കിലും ചില അവസരങ്ങളിൽ എന്നിലും സംശയം തലപൊക്കും. അപ്പോൾ ആ കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കു ഇമെയിലിടും.

“എന്താ ഭായ്, പ്രശ്നമാകുമോ.”

സുഹൃത്തുക്കൾ പറയും. “ഏയ്. ഞങ്ങൾ നല്ല പ്രൊഫഷണലാണ്. വിളിക്കും.”

എനിക്കു മാത്രമല്ല അവർക്കും കണക്കുകൂട്ടലുകൾ പാടെ തെറ്റിയിരുന്നു. ആഴ്ചകൾ പലതു കഴിഞ്ഞിട്ടും മാനേജർ ഒന്നും അറിയിച്ചില്ല. ഇതിനിടയിൽ ഒത്തിരി അന്വേഷണങ്ങൾ. ആദ്യം പടികൾ കയറി നാലാംനിലയിലെ ഓഫീസിൽ എത്തി. വീണ്ടും സന്ദർശനങ്ങൾ വേണ്ടിവന്നപ്പോൾ ലിഫ്റ്റ് ഉപയോഗിക്കാൻ തുടങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററുടെ കൂർത്ത നോട്ടങ്ങൾ അവഗണിച്ചു ഞാൻ ഉരുവിടും. ‘4th Floor’. പിന്നീടു പറയാതെ തന്നെ അദ്ദേഹം മനസിലാക്കി, നാലാം നിലയെന്ന്. എനിക്കു ലിഫ്റ്റ് ഓപ്പറേറ്ററേയും ഭയമായി തുടങ്ങിയിരുന്നു. അകാരണമായ ഒരു ഉൾഭയം. ഓഫീസിലെത്തി സെക്യൂരിറ്റി – റിസപ്ഷനിസ്റ്റിനോടു ഞാൻ അന്വേഷിക്കും.

“എനിക്കു കസ്റ്റമർ മാനേജറെ ഒന്നു കാണണമല്ലോ.”

ചിലപ്പോൾ നിരാശപ്പെടുത്തുന്ന മറുപടി കിട്ടും. “സാർ ഇവിടെ ഇല്ല. ബോംബെയിലാണ്. ഒരു മീറ്റിങ്ങ്. ഒരാഴ്ച കഴിഞ്ഞേ വരൂ.”

പക്ഷേ, പലപ്പോഴും എനിക്കു സാറിനെ കാണാൻ പറ്റുമായിരുന്നു. ഉള്ളിലെ ഉദ്ദേശം പുറത്തു കാണിക്കാതെ അദ്ദേഹം ഹൃദ്യമായി ഇടപെടും. പതിവുള്ള ഡിപ്ലോമാ ബ്രാഞ്ച് ചോദ്യം, ബയോഡാറ്റക്കായി കൈനീട്ടൽ, അതിന്മേൽ ഉറ്റുനോക്കി ഒന്നുരണ്ട് മിനിറ്റുകൾ. ചിലപ്പോൾ ഓഫീസിനുള്ളിൽ പോയി വരും. ബ്രാഞ്ച് മാനേജറെ കാണാനാകാം. ഒടുക്കം വിളിക്കാമെന്ന പതിവ് മറുപടിയും. തീർന്നു! ദിവസങ്ങളായുള്ള ആകാംക്ഷയ്ക്കും, ഇത്തവണയെങ്കിലും എന്ന പ്രതീക്ഷയ്ക്കും തിരശ്ശീല വീഴുകയായി. ഇതു ആറുമാസത്തിനുള്ളിൽ ഏഴെട്ടു തവണ ആവർത്തിച്ചു. ഓരോ സന്ദർശനം കഴിയുമ്പോളും എന്നിൽ പ്രതീക്ഷ മൊട്ടിടും. സാറെങ്ങാനും വിളിച്ചാലോ. പ്രതീക്ഷകൾ ജീവിതം പുഷ്ടിപ്പെടുത്താൻ മാത്രമല്ല, മുരടിപ്പിക്കാനും കാരണമാകുമെന്ന് മനസ്സിലാക്കിയ നാളുകൾ

Read More ->  അദ്ധ്യായം 11 -- സൗഹൃദങ്ങൾ

അന്നൊരിക്കൽ ജ്യേഷ്ഠൻ നിർദേശം വച്ചു. “സാർ വിളിക്കുന്നതു വരെ നീ എന്തെങ്കിലും പഠിക്കൂ.”

അങ്ങിനെ കൊച്ചിയിലെ ഒരു ഐടി കോച്ചിങ്ങ് സ്ഥാപനത്തിൽ മൈക്രോസോഫ്റ്റിന്റെ MCSA സർട്ടിഫിക്കേഷനു വേണ്ട പരീക്ഷകൾ എഴുതിയെടുക്കാൻ ചേർന്നു. ഞാൻ അക്കാലത്തു ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ കഴിഞ്ഞശേഷം, ആ കമ്പനിയുടെ ഓഫീസിനു അടുത്ത് ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു. എനിക്കു ശ്രവണന്യൂനത ഇല്ലായിരുന്നെങ്കിൽ ഞാൻ ജോലി ചെയ്യേണ്ട ഓഫീസാണ് ദാ മുകളിൽ കാണുന്നത്. ഞാൻ വല്ലാത്ത നഷ്ടബോധത്തോടെ റോഡരുകിലെ ഇലക്ട്രിക് പോസ്റ്റിൽ ചാരിനിൽക്കും. വീട്ടിൽ എത്തുമ്പോൾ സാർ വിളിച്ചതായി ജ്യേഷ്ഠൻ പറയുന്ന സീൻ മനസ്സിൽ സങ്കൽപ്പിച്ചിട്ടുള്ള അവസരങ്ങളും കുറവല്ല. അതെല്ലാം ഓർത്തു റോഡിന്റെ ഓരത്തു നിന്നു കുറേ സങ്കടപ്പെട്ടിട്ടുണ്ട്. ശ്രവണന്യൂനത മൂലമാണ് അവഗണിക്കപ്പെടുന്നത് എന്ന അറിവ് നൊമ്പരങ്ങളെ വർദ്ധിപ്പിച്ചു. ജീവിതം നരകമായി.

നാലുമാസത്തെ പഠനത്തിനു ശേഷം MCSA സർട്ടിഫിക്കേറ്റുമായി പുറത്തു വരുമ്പോൾ സാർ വിളിക്കാമെന്നു പറഞ്ഞതിന്റെ വാർഷികം ആകാറായിരുന്നു. തിരക്കിനിടയിൽ കാര്യം മറന്നു പോകാതിരിക്കാൻ മാസത്തിൽ ഒരിക്കലെങ്കിലും ഞാൻ ഓഫീസിൽ പോയി ഓർമ പുതുക്കുമായിരുന്നു. അങ്ങിനെ യൗവനകാലത്തെ നിറപ്പകിട്ടാകേണ്ടിയിരുന്ന ഒരു വർഷത്തിനുശേഷവും ഞാൻ കാരണമില്ലാതെ പ്രത്യാശിച്ചു. സാറെങ്ങാനും വിളിച്ചാലോ.

ചില പ്രതീക്ഷകൾ അങ്ങിനെയാണ്. നമ്മളെ വിട്ടുപോകില്ല. തിരിച്ചടി കിട്ടിയാലും ഉടുമ്പിനേപ്പോലെ പിടിച്ചിരിക്കും. ജീവിതം കുട്ടിച്ചോറാകുമ്പോഴേ മനസ്സിലാക്കൂ, ആ പ്രതീക്ഷ ചെകുത്താന്റെ കരവിരുതായിരുന്നെന്ന്.

ഒരു ദിവസം ജ്യേഷ്ഠൻ തറപ്പിച്ചു പറഞ്ഞു. “സാർ വിളിക്കുമെന്നു തോന്നുന്നില്ല. നമുക്കു വേറെ എന്തെങ്കിലും നോക്കാം. നീ കൂട്ടുകാർക്കു ഇമെയിൽ ചെയ്യൂ.”

ഇത്തവണ ഞാൻ എതിർത്തില്ല. ജോലിയുള്ള ചില സുഹൃത്തുക്കൾക്കു അന്നു തന്നെ ഇമെയിൽ അയച്ചു. രണ്ട് ദിവസം കഴിഞ്ഞു രാജുവിന്റെ മറുപടി കിട്ടി. അവൻ ബാംഗ്ലൂരിലാണത്രെ! കെൽട്രോണിലെ ട്രെയിനിങ് കഴിഞ്ഞ് അവിടെ എത്തിയെന്ന്. രാജുവിന്റെ മറുപടിയിലെ വരികൾ എനിക്കു ഇന്നും ഹൃദിസ്ഥമാണ്.

“Welcome to Bangalore! I can provide you boarding. Come soon”.

2005 ജൂൺ എട്ടിനു ഞാൻ ബാംഗ്ലൂരിലേക്കു തിരിച്ചു. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽവച്ച് മനസ്സിലെ സംഘർഷങ്ങൾ ജ്യേഷ്ഠനെ കാണിക്കാതെ ഒളിപ്പിക്കാൻ ഞാൻ അവിരാമം സംസാരിച്ചു കൊണ്ടിരുന്നു. തീവണ്ടിച്ചക്രങ്ങളുടെ ഡിസൈനെപ്പറ്റി, പ്രവർത്തന രീതിയെപ്പറ്റി, ഒരു ട്രാക്കിൽനിന്നു മറ്റൊന്നിലേക്കു ട്രെയിൻ ദിശ മാറുന്നതിനെപ്പറ്റി. ജ്യേഷ്ഠൻ എല്ലാം മൂളിക്കേട്ട് ഇരിക്കുമ്പോൾ എനി ക്കറിയാമായിരുന്നു, ആ മനസ്സ് വളരെ പ്രക്ഷുബ്ധമാണെന്ന്. അദ്ദേഹം പറഞ്ഞു.

“അവിടെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെങ്കിൽ തിരിച്ചു വരാൻ മടിക്കരുത്. നമുക്ക് ഇവിടെ കഴിയാമല്ലോ.”

ഞാൻ എഴുന്നേറ്റു മുഖംതുടച്ചു. അല്പസമയം പ്ലാറ്റ്ഫോമിലൂടെ ഉലാത്തി. അങ്ങകലെ റെയിൽവേ ട്രാക്കിൽ ഒരു പ്രകാശനാളം തെളിഞ്ഞു. ക്രമേണ അതു വലുതായി അടുത്തടുത്തു വന്നു. കന്യാകുമാരി – ബാംഗ്ലൂർ സിറ്റി ഐലാൻഡ് എക്സ്‌പ്രസ്.

തോൽ‌വികൾക്കു ഇടയിൽ എവിടെയെങ്കിലും എന്നെ നോക്കി പുഞ്ചിരിച്ചു നിൽ‌ക്കുന്ന വിജയത്തെ അന്വേഷിച്ച് ഞാൻ ഉദ്യാനനഗരിയിലേക്കു അങ്ങിനെ യാത്രയായി.

***************

കമ്പനികൾ ഇന്റർവ്യൂവിനുശേഷം വിളിക്കാം/അറിയിക്കാം എന്നു പറയുന്നത് സർവ്വ സാധാരണമാണ്. അത്തരം മറുപടികൾ സൂചിപ്പിക്കുന്നത് ഒന്നുകിൽ നമ്മൾ ഇന്റർവ്യൂവിൽ പരാജയപ്പെട്ടു എന്നോ അല്ലെങ്കിൽ ഒരു സെക്കന്റ് റൗണ്ട് ഇന്റർവ്യൂവിനു തിരഞ്ഞെടുക്കപ്പെട്ടുവെന്നോ ആണ്.

പക്ഷേ ഇവിടെ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. കോളേജിലെ എഴുത്തുപരീക്ഷയിൽ ജയിച്ച് ഫൈനൽ ഡിസ്കഷനു തിരഞ്ഞെടുക്കപ്പെട്ടതും, അഞ്ച് മാസം കഴിഞ്ഞു വെള്ളയമ്പലം ഓഫീസിൽ റിപ്പോർട്ട് ചെയ്തതും, കൊച്ചിഓഫീസിലെ കസ്റ്റമർ മാനേജറെ നിരവധി തവണ നേരിൽ കണ്ടതുമെല്ലാം എനിക്കു പ്രസ്തുത കമ്പനിയിൽ ഒരു അപ്പോയിന്റുമെന്റ് ഉണ്ടെന്നതിന്റെ സുവ്യക്തമായ സൂചനയാണ്. പിന്തള്ളപ്പെട്ടു പോകാൻ കാരണം ശ്രവണന്യൂനത അല്ലാതെ മറ്റൊന്നുമല്ല. അതും അദ്ദേഹം എന്നെ അളന്നതിലെ പിഴവ് മൂലം സംഭവിച്ചതാണ്.

ഇതായിരുന്നു ശ്രവണന്യൂനത മൂലം തൊഴിൽ അന്വേഷണത്തിനിടയിൽ ഞാൻ നേരിട്ട ആദ്യത്തെ വിവേചനം.

തോൽവികൾക്കു ഇടയിൽ പുഞ്ചിരിച്ചു നിൽക്കുന്ന വിജയം തേടി പോയവനു ഉദ്യാനനഗരി കാത്തു വച്ചിരുന്നത് തോൽവികളുടെ ഉൽസവമായിരുന്നു. ഒന്നിൽ നിന്നു മറ്റൊന്നിലേക്കു അവൻ ആഘോഷ കഥാപാത്രമായി സ്വീകരിക്കപ്പെട്ടു. സജീവ് സാറും അദ്ദേഹത്തിന്റെ കമ്പനിയും മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. വെറും അഗ്രം!

Featured Image: – https://goo.gl/Ww72dp

ഒമ്പതാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അഭിപ്രായം എഴുതുക