അദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



(ആറാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി.”

ഒരു കഷണം പേപ്പറിൽ, നഴ്‌സറി വിദ്യാർത്ഥിയെ പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്.

കോൺക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തിൽ അവസാനത്തെ ആണിയടിച്ചു.”

ഞാൻ അഭിനന്ദന സൂചകമായി ചൂളമടിച്ചു. രാജു എന്നെ നോക്കി തൊഴുത്, വീണ്ടും കടലാസിലേക്കു കമിഴ്ന്നു.

ഞാൻ മനസ്സിലാക്കി. ചില വ്യക്തികളിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണുന്നത് പ്രത്യേക സന്ദർഭങ്ങളിൽ മാത്രമായിരിക്കും. മറ്റുസമയങ്ങളിൽ തങ്ങളിലെ സർഗാത്മക കഴിവുകളെ ഉള്ളിൽ ജ്വലിപ്പിച്ചു, ഒളിപ്പിച്ചുകൊണ്ടു അവർ സാധാരണക്കാരായി തുടരും. അബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗാത്മകതയെ ഉത്തേജിപ്പിച്ച് ഉയിർത്തെഴുന്നേൽപ്പിക്കാൻ ഏതെങ്കിലും മീഡിയം അല്ലെങ്കിൽ സാഹചര്യം അവർക്കു അനിവാര്യമാണ്. സാഹചര്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ അവരിലെ എഴുത്തുകാരൻ സടകുടഞ്ഞു എഴുന്നേൽക്കുകയായി. നൈസർഗികമായ കഴിവ് ഉള്ളവരെ കൂടി കവച്ചുവയ്ക്കുന്ന രചനകളും വൈവിധ്യമുള്ള വിഷയങ്ങളുമായിരിക്കും അവർ അപ്പോൾ ആവിഷ്കരിക്കുക.

രാജു അങ്ങിനെ ഒരാളാണ്. അദ്ദേഹം സാധാരണയായി, ഒന്നും എഴുതി പൂർത്തിയാക്കാറില്ല. പൂർത്തിയാക്കിയ ഒരേയൊരു രചന എന്നെ അൽഭുതസ്തംഭനാക്കിയിട്ടുണ്ട്. അതു താഴെ:

I can see whatever happening around me
But I can
t respond.
I am telling my wife
, mother and son not to cry
But they are not listening
.
I am telling my friend don
t pour mud on me
But they are not hearing
.
I want to run away from there
But my body cheated me.
At last now
, I realized
Yes I
m dead.

***************

ഒന്നാം ഭാഗം

ഏൽപ്പിച്ച ജോലികളെല്ലാം ഞാൻ നാലരക്കു മുമ്പ് തീർത്തു. ടോയ്‌ലറ്റിൽ പോയി വന്നപ്പോൾ മേശക്കു മുകളിൽ വീണ്ടും ഇൻവോയ്‌സുകളുടെ കൂമ്പാരം. അപ്പുറത്തിരിക്കുന്ന ദേവൻ സാർ നിസ്സഹായനായി മാനേജറുടെ മുറിക്കു നേരെ വിരൽ ചൂണ്ടി. ചില്ലു കൂട്ടിനകത്ത് ഇരിക്കുന്ന മാനേജർ എന്തോ തിരക്കിട്ടു എഴുതുകയാണ്. ഞാൻ കമ്പ്യൂട്ടർ വീണ്ടും ഓൺ ചെയ്തു, ദേവൻ സാറിനു അരികിൽ ചെന്നു. അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ സാർ അടക്കം പറഞ്ഞു.

“ജി‌എം വിളിച്ചു എന്തോ പറഞ്ഞു. മാനേജർ ഇപ്പോൾ ചൂടിലാ. സുനിലിപ്പോൾ അങ്ങോട്ടു പോകണ്ട. ഇൻവോയ്‌സ് കുറച്ചു ടൈപ്പ് ചെയ്തിട്ടു പോയ്ക്കോ. ബാക്കി ഞാൻ നോക്കിക്കോളാം.”

ദേവൻ സാർ തിരക്കിലും ടെൻഷനിലുമായിരുന്നു. സാധാരണ എല്ലാദിവസവും ഓഫീസ് സമയം കഴിയാറാകുമ്പോൾ അദ്ദേഹം നല്ല മൂഢിലാകാറുള്ളതാണ്. അടുത്തു ചെല്ലുമ്പോൾ എഴുത്തു നിർത്തി ബുക്ക് മടക്കും. കണ്ണടയൂരി പഴയൊരു ശോകഗാനം പാടും. മിക്കപ്പോഴും സുമംഗലീ നീ ഓർമിക്കുമോ എന്ന പാട്ടായിരിക്കും. അതിനു ശേഷം സാധ്യതയുള്ളത് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാട്ട്. രണ്ടും പ്രണയ ഗാനങ്ങൾ. വിരഹം മുറ്റിനിൽക്കുന്നതും, പ്രണയ പരാജയങ്ങളുടേതുമായ ഗാനങ്ങളുടെ വലിയ ശേഖരം അദ്ദേഹത്തിലുണ്ട്.

ഞാൻ വീണ്ടും കമ്പ്യൂട്ടറിനു മുന്നിൽ വന്നിരുന്നു. ഇൻ‌വോയ്‌സ് ടൈപ്പ് ചെയ്യുന്നതിനു പകരം യാഹൂ മെയിലിൽ കയറി. മാനേജർക്കു കൊടുക്കാത്ത കുറച്ചു ഇൻ‌വോയ്‌സ് ബാക്കിയിരിപ്പുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ റിസർവ്വ് ചെയ്‌തിരിക്കുന്നവ. ദേവൻ സാറിനു അതറിയാം. ഇന്നു ടൈപ്പു ചെയ്തത് അയച്ചുകൊടുക്കാൻ മാനേജർ പറഞ്ഞാൽ അതിൽനിന്നു കുറച്ചുഭാഗം കോപ്പി-പേസ്റ്റ് ചെയ്ത് ഇമെയിലിൽ അയച്ചാൽ മതി. എല്ലാം ശുഭം.

യാഹൂ ഇൻബോക്സിൽ പുതിയ മെയിലുകൾ ഇല്ലായിരുന്നു. ഞാൻ വാച്ചിൽ നോക്കി. അഞ്ചുമണി‍യാകാൻ ഇനിയും ഇരുപതു മിനിറ്റുണ്ട്. ഞാൻ ചാറ്റിലേക്കു ലോഗിൻ ചെയ്തു. പല രാജ്യങ്ങളിൽ നിന്നുള്ള ചാറ്റ്റൂമുകളിൽ കയറിയിറങ്ങി. ഏജ്, സെക്സ്, ലൊക്കേഷൻ ചോദ്യങ്ങൾ അവഗണിച്ചു. സംസാരിക്കാൻ പെൺകുട്ടികളെ വേണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക തുടങ്ങിയ ചതിക്കുഴികളെ ഒഴിവാക്കി.

അഞ്ച് മണിയായപ്പോൾ മാനേജർ കാബിൻ പൂട്ടി ഇറങ്ങി. എന്റെ ടേബിൾ കടന്നുപോയപ്പോൾ ഒന്നും ചോദിച്ചില്ല. തലതിരിച്ച് നോക്കിയതു കൂടിയില്ല. നന്നായി. ഓഫീസിലുള്ളവർ ഒന്നൊന്നായി എഴുന്നേറ്റു പഞ്ച് ചെയ്തു പുറത്തു പോയി. ഒടുവിൽ, ചോറ്റുപാത്രം തോൾബാഗിനു മുകളിൽവച്ചു സംഗീത മേശക്കരുക്കിൽ വന്നു. സംഗീത വയലാർ സ്വദേശിയാണ്. കെൽട്രോണിൽ എന്നോടു ഏറ്റവും കൂടുതൽ സംസാരിക്കുന്ന വ്യക്തി.

സംഗീത ചോദിച്ചു. “നിനക്ക് പോകാറായില്ലേ?”

ഞാൻ പറഞ്ഞു. “ഇല്ല.”

മറുപടിക്കൊപ്പം മേശപ്പുറത്തെ ഇൻ‌വോയ്‌സ് കെട്ടിനു നേരെ ഞാൻ കൈചൂണ്ടി. സംഗീതയുടെ മുഖത്തു നർമ്മഭാവം. അവൾ പെട്ടെന്നു എന്റെ കസേരയുടെ പിന്നിൽ വന്ന് നിന്നു. ചാറ്റിൽ ഏതോ പെൺകുട്ടിയുടെ മെസേജ് വന്നതും അപ്പോൾ തന്നെ. കാശു പിടുങ്ങുന്ന പറ്റിക്കൽ പാർട്ടികൾ. ഫൺ ലവിങ്? ക്ലിക്ക് ഹിയർ എന്ന ചോദ്യം എന്നെ തുറിച്ചു നോക്കി. സംഗീത എളിയിൽ കൈകുത്തി നിന്നു.

സംഗീത ചോദിച്ചു. “അമ്പടാ… നീ അപ്പോൾ അവിടെ ക്ലിക്ക് ചെയ്യുന്നില്ലേ?”

“എവിടെ?” ഞാൻ അജ്ഞത നടിച്ചു.

സംഗീത ചാറ്റ്ബോക്സിലേക്കു പുശ്ചത്തോടെ തല വെട്ടിച്ചു. ചാറ്റിലെ പെണ്ണിനോടാണ് കലിപ്പ്.

ഞാൻ വിട്ടുകൊടുത്തില്ല. “നീ ഇവിടെ നിന്നു പോയിട്ടു ക്ലിക്ക് ചെയ്യും.”

ഒരു മിനിറ്റ് സംസാരിച്ചശേഷം സംഗീത ഓഫീസ് വിട്ടിറങ്ങി. കുറച്ചു കഴിഞ്ഞ് കൈവിരലിൽ ബൈക്കിന്റെ കീചെയിൻ കറക്കി ദേവൻ സാർ എത്തി. ചുണ്ടിൽ ശംഖുപുഷ്‌പം തത്തിക്കളിക്കുന്നു. സാർ എന്റെ തോളിൽ കയ്യിട്ടു കൂടുതൽ ഭാവാത്മകമായി പാടാൻ ശ്രമിച്ചു. സത്യത്തിൽ ഞാൻ മാത്രമേ അദ്ദേഹത്തിന്റെ ആലാപനം ശ്രവിക്കാൻ താല്പര്യമെടുക്കാറുള്ളൂ. ഓഫീസിൽ ദേവൻ സാറിനോടു ഏറ്റവും അടുപ്പമുള്ള രാജശേഖരൻ സാർ പോലും എന്റെ ദേവാ, എന്നെ ഒന്ന് വെറുതെ വിട് എന്നു ഭാവിക്കുകയാണ് പതിവ്.

Read More ->  അദ്ധ്യായം 1 -- അസുഖകരമായ പരിവർത്തനം

യൂണിവേഴ്സിറ്റി ഗ്രൗണ്ടിനു സമീപം എന്നെ ഇറക്കി ദേവൻസാർ യാത്ര പറഞ്ഞു പോയി. ഞാൻ ഗ്രൗണ്ടിലേക്കു നടന്നു. പരിശീലനത്തിനു വന്ന അത്‌ലറ്റുകളേയും, മാനത്തു അണിനിരന്ന ചുവപ്പിനേയും നോക്കി ഗാലറിയിൽ ഇരുന്നു. ആദ്യമായി യൂണിവേഴ്‌സിറ്റി ഗ്രൗണ്ട് സന്ദർശിച്ചത്, രണ്ടു കൊല്ലം മുമ്പ്, ഹോളിസ്റ്റിക് ചികിൽസക്കു വന്ന കാലത്തായിരുന്നു. അന്നു മനസ്സിലെ സമ്മർദ്ദം ചെറുക്കാനുള്ള വഴിയായിരുന്നു വൈകുന്നേരത്തെ കറങ്ങി നടക്കൽ. ബേക്കറി ജംങ്‌ഷനിൽ നിന്നു പത്തുമിനിറ്റു നടന്നാൽ പാളയത്ത് എത്താം. അവിടെ നിന്നു വലത്തോട്ടു തിരിഞ്ഞു കുറച്ചു നടന്നാൽ ഗ്രൗണ്ടുമായി. ക്രമേണ ഞാൻ അവിടത്തെ സ്ഥിരം സന്ദർശകനായി. അധികം കാണികളില്ലാത്ത ഗാലറിയിൽ മൈതാനത്തെ പന്തുകളി കണ്ടു ഒരു മണിക്കൂറോളം ഇരിക്കും. അന്നു നടന്നതും, പിന്നീടു നടന്നേക്കാവുന്നതുമായ കാര്യങ്ങൾ ഘോഷയാത്രയായി മനസ്സിൽ വരും. ഹോളിസ്റ്റിക് ചികിൽസയെപറ്റി അധികം പ്രത്യാശ ഉണ്ടായിരുന്നില്ല. അതിനെ സാധൂകരിക്കുന്നതായിരുന്നു ചികിൽസാ ഫലവും.

മൈതാനത്തു ഇരുട്ടു പടർന്നപ്പോൾ ഞാൻ എഴുന്നേറ്റു. ഗാലറിയിൽ ആളുകൾ ഒഴിഞ്ഞിരിക്കുന്നു. ഏതാനും അത്‌ലറ്റുകൾ ട്രാക്കിൽ‌നിന്നു കയറി കൂട്ടംകൂടിയിരുന്നു വിശ്രമിക്കുന്നു. ചിലർ മേഘങ്ങൾ നോക്കി മലർന്നു കിടക്കുന്നു. ചിലർ മസിൽ തടവുന്നു. കൂടെയുള്ളവർ പറയുന്ന തമാശകൾ കേട്ടു പൊട്ടിച്ചിരിക്കുന്നു. അവരുടെ ചിരിയിൽ നാളെയെ പറ്റിയുള്ള ഉൽക്കണ്ഠകൾ ഇല്ലെന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ചിരിക്കാൻ എനിക്കും ആഗ്രഹം തോന്നി.

എങ്ങും ഇരുട്ട് പടർന്നപ്പോൾ ഞാൻ എഴുന്നേറ്റു. പാളയം വഴി ലോഡ്ജിലേക്കു നടന്നു.

രണ്ടാം ഭാഗം

പത്തു മിനിറ്റിനുള്ളിൽ ഞാൻ റൂമിലെത്തി. വാതിൽ ചാരിയിട്ടേയുള്ളൂ. ഉള്ളിൽ കനത്ത ഇരുട്ട്. ഞാൻ ലൈറ്റ് ഓൺ ചെയ്തു. രാജു കട്ടിലിൽ ചുരുണ്ടു കിടക്കുകയാണ്. സാമീപ്യം അറിയിക്കാൻ ഞാൻ മുരടനക്കി. രാജു പ്രസന്നഭാവത്തോടെ കിടക്കയിൽ എഴുന്നേറ്റിരുന്നു.

ഞാൻ അന്വേഷിച്ചു. “ഷാനു വന്നില്ലേ?”

“വന്നു. തിരക്കിട്ടു ഡ്രസ് മാറി പുറത്തു പോയി.” രാജു പറഞ്ഞു.

ഞാൻ വിയർപ്പിൽ കുതിർന്ന ഷർട്ടഴിച്ചു അഴയിൽ തൂക്കി. കിടക്കകൈയിൽ തലയിണവച്ചു അതിൽ ചാഞ്ഞ് കിടന്നു. റൂമിലെ നിശബ്ദതക്കു ഭംഗം വരുത്തി, കണ്ണുകൾക്കു പിടിതരാതെ ഖേതാൻ കറങ്ങി. ഏതാനും മിനിറ്റുകൾ കഴിഞ്ഞു. മനസ്സിനു ലാഘവത്വം വന്നപ്പോൾ രാജുവിനോടു കുറച്ചു കുസൃതി ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ തീരുമാനിച്ചു.

“രാജു, ഞാനൊരു കഥാകൃത്താണെന്ന കാര്യം നിനക്കറിയാമല്ലോ.”

കുറച്ചു കാലമായി ഞാൻ അല്പസ്വല്പം എഴുത്ത് തുടങ്ങിയിരുന്നെങ്കിലും അവ രാജുവിന്റെ പ്രീതിക്ക് പാത്രമായിരുന്നില്ല.

രാജു ഞെട്ടി. “കഥാകൃത്തോ! നീയോ?”

ഒരു നിമിഷം ശങ്കിച്ചശേഷം അവൻ സമ്മതിച്ചു. “അതെനിക്കു അറിയാം. നീ സമാധാനിക്ക്.”

ഞാൻ തുടർന്നു. “എന്റെ സാഹിത്യസപര്യക്കു അടുത്തമാസം ഒരു വർഷം തികയുകയാണ്. അതിനാൽ ഇതുവരെ എഴുതിയ കൃതികളെല്ലാം ഞാൻ ഇങ്ങോട്ടു കൊണ്ടുവരാൻ പോകുന്നു. സുനിൽ ഉപാസനയുടെ സമ്പൂർണ്ണ കൃതികൾ എന്നു വിളിക്കാവുന്ന ഈ സാഹിത്യസമാഹാരത്തിൽ ആയിരത്തിൽ പരം പേജുകൾ ഉണ്ട്.”

“നീയെന്തിനാ അതൊക്കെ ഇങ്ങോട്ടു കൊണ്ടു വരുന്നത്?” രാജു അമ്പരന്നു.

“നിനക്കു വായിക്കാൻ.” ഞാൻ വെട്ടിത്തുറന്നു പറഞ്ഞു.

“അയ്യോ. ആയിരത്തിൽ പരം പേജുകൾ!” ഒരു ചെറിയ നിലവിളിയോടെ രാജു നെഞ്ചിൽ ഊക്കിലിടിച്ചു.

മേശപ്പുറത്തുണ്ടായിരുന്ന വെള്ളക്കുപ്പി എടുത്ത് രാജു വായിൽ കമിഴ്ത്തി. അത് എന്നെ അപമാനിക്കാനുള്ള നഗ്നശ്രമം ആയിരുന്നിട്ടും ഞാൻ പ്രകോപിതനായില്ല. കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നു. പിന്നെ വീണ്ടും രാജുവിനു നേരെ തിരിഞ്ഞു. അൽഭുതം. അതിശയം. അവൻ ബൈൻഡ് ചെയ്ത ഒരു പുസ്തകം വായിക്കുകയാണ്. സാലറി സ്ലിപ് മാത്രം വായിക്കാറുള്ളവൻ പുസ്തകം വായിക്കുന്നു! എന്താ കഥ. വിവേകാനന്ദ കൃതികൾ ആയിരിക്കുമെന്നു ഞാൻ ഊഹിച്ചു. ഇന്നലെ വൈകുന്നേരം പാളയം പബ്ലിക് ലൈബ്രറിയിൽ നിന്നു അതു തപ്പിയെടുത്തിരുന്നു. അവനു നല്ല ബുദ്ധി തോന്നിപ്പിച്ചതിൽ ഞാൻ ദൈവങ്ങളോടു നന്ദി പറഞ്ഞു.

“രാജു എങ്ങിനെയുണ്ട് പുസ്തകം?”

അവൻ നെഞ്ച് തിരശ്ചീനമായി വെട്ടിച്ചു. എന്നു വെച്ചാൽ ഒന്നാന്തരമെന്ന്. എനിക്കു സന്തോഷമായി. അവൻ രക്ഷപ്പെട്ടോളും.

2003 ഒക്ടോബറിലാണ് കെൽട്രോണിലെ പേർസണൽ ഡിപ്പാർട്ട്മെന്റിനു മുന്നിൽവച്ച് ഞാൻ രാജുവിനെ കണ്ടുമുട്ടുന്നത്. തികച്ചും ആകസ്മികമായ കൂടിക്കാഴ്ച. പരിചിതമുഖം കണ്ടമാത്രയിൽ രാജു ഓടി എന്റെ അരികിലെത്തി. ഞങ്ങൾ പോളിടെക്‌നിക്കിൽ ഒരേ ക്ലാസിലല്ലെങ്കിലും ഒരേ ബാച്ചിലായിരുന്നു. തമ്മിൽ സംസാരിച്ചിട്ടില്ല. ഔപചാരിക കുശലാന്വേഷണത്തിനു ശേഷം ഞാൻ ഭയന്ന, പ്രതീക്ഷിച്ച ചോദ്യമെത്തി. അവനൊരു റൂം വേണമത്രെ. ഞാൻ പാവത്തിനു ഇത് വല്ലതും അറിയുമോ എന്ന ഭാവത്തിൽ ഉടൻ കൈമലർത്തി രക്ഷയില്ലെന്നു പറഞ്ഞു. പക്ഷേ മലർത്തിയ കയ്യിൽ പിടിച്ചു രാജു ചില പ്രലോഭനീയ വാഗ്ദാനങ്ങൾ നൽകി. വാരാന്ത്യങ്ങളിൽ ബേക്കറി ജംങ്‌ഷനിലെ ത്രീസ്റ്റാർ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നിന്നു ഡിന്നർ, സ്പെൻസർ ജംങ്ഷനിലെ കിയോസ്കിൽ നിന്നു ആവശ്യമുള്ളപ്പോൾ ഇന്റർനെറ്റ് ബ്രൗസിങ്ങ്., എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. അങ്ങിനെയെങ്കിൽ താമസിച്ചോളൂ എന്നായി ഞാൻ. മുളയിര ലോഡ്ജിലെ റൂം ഞങ്ങൾ പങ്കിട്ടു. രണ്ടു മാസത്തിനു ശേഷം ഷാൻ കൂടി അന്തേവാസിയായി എത്തി.

പിന്നീടു നഗരത്തിൽ എല്ലായിടത്തും ഞങ്ങൾ ഒന്നിച്ചായിരുന്നു. വെളുപ്പിനു എഴുന്നേറ്റ് മ്യൂസിയത്തിൽ ജോഗിങ്ങിനു പോയി. ഞായറാഴ്ചകളിൽ അരപ്പട്ടിണിയുടെ ആലസ്യത്തിൽ റമ്മി കളിച്ചു. രാത്രിയിൽ എംഎൽഎ ക്വാർട്ടേഴ്സിൽ നിന്നു ചൂടുകഞ്ഞിയും ചെറുപയറും കഴിച്ചു. ഈസ്റ്റ്ഫോർട്ടിലെ അതുല്യ തീയേറ്ററിൽ ചൂടൻ മാറ്റിനി കണ്ടു. വൈകുന്നേരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കൽപടവിലിരുന്നു ഭക്തിഗാനങ്ങൾ കേട്ടു. ആറ്റുകാൽ പൊങ്കാലയ്ക്കു വിനീതിന്റെ ക്ലാസിക്കൽ ഡാൻസ് കണ്ടു. അങ്ങിനെ നഗരം ഞങ്ങൾ സ്വന്തമാക്കി. എന്നാൽ ഇന്ദ്രപ്രസ്ഥയിലെ വാരാന്ത്യ ഡിന്നറും, സ്പെൻസർ ജം‌ങ്ഷനിലെ കിയോസ്കും സ്വപ്‌നമായി തുടർന്നു.

രാജു വായന നിർത്തി എഴുന്നേറ്റു. സമയം എട്ട്. ഡിന്നർ ടൈം. ഞങ്ങൾ എംഎൽഎ ക്വാർട്ടേഴ്സിലേക്കു നടന്നു. ജൂബിലി ഹോസ്‌പിറ്റൽ ജംങ്ഷൻ കടന്നു നടക്കുമ്പോൾ രാജു ചോദിച്ചു.

“അപ്രന്റീസ്‌ഷിപ്പ് കഴിഞ്ഞാൽ എന്തു ചെയ്യാനാ നിന്റെ പ്ലാൻ?”

“വെള്ളയമ്പലത്തെ കമ്പനിയിൽ ജോയിൻ ചെയ്യും.”

Read More ->  അദ്ധ്യായം 11 -- സൗഹൃദങ്ങൾ

കുറച്ചുനാൾ മുമ്പ് ഒരു ഐടി കമ്പനിയുടെ ഇന്റർവ്യൂവിൽ ഞാൻ പാസായിരുന്നു. ആഗസ്റ്റിൽ അപ്രന്റീസ്‌ഷിപ്പ് കഴിയുമ്പോൾ അവിടെ ജോലിക്കു കയറാൻ പറ്റും.

രാജു നെടുവീർപ്പിട്ടു. “അതു നന്നായി. ഞാനൊക്കെ എന്താകുമോ ആവോ.”

“നീ ബാംഗ്ലൂരിൽ ജോലിക്കു ശ്രമിക്ക്.” ഞാൻ പറഞ്ഞു.

ഞങ്ങൾ എംഎൽഎ ക്വാർട്ടേഴ്സിൽ എത്തി. വയറു നിറച്ച് ചൂടുകഞ്ഞിയും ചെറുപയറും കഴിച്ചു. ശരീരം നന്നായി വിയർത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു അരികിലൂടെ കപ്പലണ്ടി കൊറിച്ച് ഞങ്ങൾ റൂമിലേക്കു തിരിച്ചു നടന്നു.

ബേക്കറി ജംങ്ഷനിൽ എത്തി. ‘അമ്പ്രോസിയ’യിൽ പതിവില്ലാത്ത തിരക്ക്. പാർക്കിങ്ങ് ഏരിയ മൊത്തം നിറഞ്ഞിരിക്കുന്നു. കുറേ കാറുകൾ റോഡ്‌സൈഡിൽ പാർക്ക് ചെയ്തിട്ടുണ്ട്. റൂമിൽ പോകാൻ തോന്നിയില്ല. അമ്പ്രോസിയക്കു അടുത്തുള്ള മറ്റൊരു ബേക്കറിയുടെ അരമതിലിൽ, തോളിൽ പരസ്പരം കൈകളിട്ടു ഞങ്ങൾ ഇരുന്നു. രാജു റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ നോക്കി. ഏതാണ്ട് എല്ലാ കാറുകളിലും ആരാധനാ മൂർത്തികളുടേയോ മഹദ്‌ വചനങ്ങളുടേയോ സ്റ്റിക്കറുകൾ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ചില മഹദ്‌ വചനങ്ങൾ പ്രതിഫലിപ്പിക്കുന്ന ആശയം മറ്റു മഹദ്‌ വചനങ്ങൾ പ്രചരിപ്പിക്കുന്ന ആശയങ്ങൾക്കു നേർ വിപരീതമാണ്.

രാജു ആശയക്കുഴപ്പത്തിലായി. എന്നോടു ഗൗരവത്തിൽ ചോദി ച്ചു. “ദൈവം ഉണ്ടോ?”

“ഏത് ദൈവം?”

“എല്ലാ മതങ്ങളും പറയുന്ന ദൈവം.”

ഞാൻ പറഞ്ഞു. “ചിലപ്പോൾ ഉണ്ടായിരിക്കും. ചിലപ്പോൾ ഉണ്ടായിരിക്കില്ല.”

“അതെന്താ അങ്ങിനെ?”

“അതങ്ങിനെയാണ്. യെസ് ഓർ നോ എന്നീ രണ്ട് ഓപ്ഷനുകളിൽ മാത്രം ഈ ചോദ്യത്തിന്റെ ഉത്തരത്തെ തളച്ചിടാൻ സാധിക്കില്ല[1].”

“എന്തുകൊണ്ട്?”

“നമ്മുടെ അണ്ടർസ്റ്റാൻഡിങിനു പരിമിതികളുണ്ട്, പല കാര്യങ്ങളിലും. ആ പരിമിതികൾക്കുള്ളിൽ നിന്നു ദൈവമുണ്ട്, ദൈവമില്ല എന്നിങ്ങനെയുള്ള ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റുകൾ നടത്തുന്നതിൽ അർത്ഥമില്ല. എന്തിനും ഏതിനും ഒരു സാധ്യത കൊടുക്കാം. എന്നു വച്ചാൽ ദൈവവും ഇതുപോലെ ഒരു സാധ്യതയായി നിലനിൽക്കുമെന്ന്.”

രാജു തലയാട്ടി. ഞാൻ കൂട്ടിച്ചേർത്തു. “ദൈവമെന്നല്ല, എന്തും എതും ഒരു സാധ്യതയാണ്.”

കാര്യം മനസ്സിലാക്കി രാജു ചിരിച്ചു.

വഴിയാത്രക്കാരുടെ ബഹളവും വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോൺ മുഴക്കവും അസഹ്യമായപ്പോൾ ഞങ്ങൾ റൂമിലേക്കു നടന്നു. മുറിയുടെ നടുവിലുള്ള മേശയിൽ റമ്മി കളിക്കാനുള്ള കാർഡുകളുമായി ഷാനു കാത്തിരിക്കുകയായിരുന്നു. റമ്മി കളി പാതിര വരെ നീണ്ടു.

***************

എനിക്കു ഒരു സിദ്ധാന്തമുണ്ട്. അതായത്, ഒരു സുഹൃത്ത് നല്ല ശ്രോതാവ് കൂടിയായിരിക്കണം. ശ്രവണന്യൂനതയുള്ള ഒരുവൻ തന്റെ സുഹൃത്തിൽ ഏറ്റവും ആകാംക്ഷയോടെ അന്വേഷിക്കുന്ന ഗുണം, അദ്ദേഹം നല്ല ശ്രോതാവാണോ അല്ലയോ എന്നതാണ്. അന്വേഷണത്തിനു പിന്നിൽ പ്രത്യേക കാരണമുണ്ട്. ശ്രവണ ന്യൂനതയുള്ളവരിൽ നല്ല ശതമാനം പേർ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ താല്പര്യം ഉണ്ടാകുമെങ്കിലും, അവരെ സംബന്ധിച്ചു, മെഡിക്കലി അതു സാധ്യമല്ല. അതൊരു ദുഃഖകരമായ സത്യമാണ്. അതിനാൽ കാര്യമാത്ര പ്രസക്തമായി കുറച്ചു മാത്രം സംസാരിക്കുന്ന, എന്നാൽ വളരെയധികം കാര്യങ്ങൾ ശ്രവിക്കാൻ താല്പര്യമെടുക്കുന്ന സുഹൃത്തുക്കളെ ശ്രവണ ന്യൂനതയുള്ളവർ പൊതുവെ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ അനുഗ്രഹീതനാണെന്നു തന്നെ പറയണം. നല്ല ശ്രോതാക്കളായ കൂട്ടുകാരുടെ നീണ്ട നിര എനിക്കുണ്ട്. അവരിൽ ഒരാൾ രാജുവാണ്.

തിരുവനന്തപുരത്തെ ഒരു വർഷക്കാലത്ത് ഞാൻ രാജുവിനോടു കുറേ കാര്യങ്ങൾ പറഞ്ഞു. ലോഡ്ജിലെ മുറിയിൽ കിടക്കുമ്പോഴും, റോഡിലൂടെ നടക്കുമ്പോഴും ഞാൻ നിർത്താതെ സംസാരിച്ചു. കോളേജിലും പോളിടെക്നിക്കിലും അഞ്ചുവർഷം സംസാരിക്കാതെ കഴിഞ്ഞ കാലത്തിനു പ്രായശ്ചിത്തം ചെയ്തത് തിരുവനന്തപുരത്താണ്. അത്ര നാൾ തടുത്തു നിർത്തിയിരുന്ന വാക്കുകളെല്ലാം എന്നിൽനിന്ന് പുറത്തുചാടി. സംഭാഷണത്തിൽ ഏർപ്പെടുകയെന്നത് ആവേശകരമായ അനുഭവമാണെന്നു മനസ്സിലായത് അന്നാണ്. കഴിഞ്ഞുപോയ നാളുകൾ അപ്പോൾ വിങ്ങലായി. സംസാരിച്ചു സംസാരിച്ച് ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.

ഒരു കൊല്ലം സാർത്ഥകമായിരുന്നു.


[1] “According to Kant the Dialectic is a logic of illusion, but not of every illusion. There are two kinds of illusions, the one is empirical or simple, the other is the natural illusion of the human reason when dealing with the four problems of 1) Infinity, 2) Infinite Divisibility, 3) Free Will and 4) Necessary Ultimate being. These are the four antinomies, i. e. problems that cannot be logically answered neither by Yes or No, and therefore represent a natural illusion of the Human Reason. This corresponds more or less to the Hinayana standpoint, according to which the questions regarding the origin of the world, the questions regarding to its end, the problem of infinite divisibility and the problem of the existence of the absolute eternal Being are insoluble, neither in the positive nor in the negative sense. Mahayana Buddhism likewise assumes two kinds of illusion, an original or natural one; and a simple mistake.” — ‘Buddhist Logic’, F. TH. Stcherbatsky.

Featured Image Credit: – ‘Sebin A Jacob’ facebook profile.

(എട്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായം എഴുതുക