അദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.നാലാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും നിറപ്പകിട്ടുള്ള വർഷങ്ങൾ ഏതാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂവിദ്യാർത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാടുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാർന്ന പരസ്പര മൽസരങ്ങളുടെ, പൂത്തുലയുന്ന സൗഹൃദത്തിന്റെ വിദ്യാർത്ഥി ജീവിതം. എനിക്കു വിധിക്കപ്പെട്ടത് അഞ്ചു വർഷങ്ങളായിരുന്നു. എനിക്കു കൈമോശം വന്നതും അഞ്ചു വർഷങ്ങൾ തന്നെ! ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അരണ മരങ്ങൾക്കിടയിലും, കല്ലേറ്റുംകര മോഡൽ പോളിടെക്‌നിക്കിനു സമീപമുള്ള റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ കൽബെഞ്ചിലും ഇരുന്ന് കരഞ്ഞ അഞ്ചു വർഷങ്ങൾ. കാലഘട്ടത്തിൽ ഞാൻ തടവിലായിരുന്നു. ചുറ്റുമുള്ളവരുടെ നിശബ്ദതയും അവഗണനയും ഒരുക്കിയ തടവുമുറി. ചെറുത്തു നിൽപ്പുകൾക്കു താളം തെറ്റുമ്പോഴെല്ലാം ഞാൻ ദൈവങ്ങളോടു ആക്രോശിക്കുമായിരുന്നു.

എന്തിനു ഉയിര് നൽകി എനിക്ക്?”

ദൈവങ്ങളും എന്നെപ്പോലെ ചെകിടന്മാരായി വർത്തിച്ച നാളുകൾ.

അപൂർവ്വമായി ചില സൗഹൃദങ്ങൾ കിട്ടിയില്ലെന്നല്ല. എനിക്കു കൂട്ടായി, പ്രീഡിഗ്രി കാലത്ത് മാള സ്വദേശി രാജേഷും, പോളിടെക്നിക്കിൽ ചില്ലുവാതിലിനു കീഴെ രവിശങ്കറും ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം നേർച്ചക്കോഴിയെ കൊല്ലുന്നതിനു മുമ്പ് വെള്ളവും അരിമണിയും കൊടുക്കുന്ന പോലെ കിട്ടിയ ചില നൈമിഷിക സൗഭാഗ്യങ്ങൾ. അതും കലാലയ ജീവിതത്തിന്റെ സാഹായ്നത്തിൽ.

എങ്കിലും പോളിടെൿനിക്കിലെ പോർട്ടിക്കോയിലിരുന്ന് കുറച്ചു കാര്യങ്ങൾ പങ്കുവച്ച്, ഒരുകാലത്തു ഞാനും കലാലയത്തിൽ പഠിച്ചിരുന്നെന്ന് ഓർമിപ്പിക്കുന്ന സ്മരണകൾ സമ്മാനിച്ച രവിയും, നിസാരകാര്യങ്ങൾ പറഞ്ഞ് എന്നോടു സംസാരിക്കാൻ താല്പര്യം കാണിച്ച രാജേഷും എനിക്കു വളരെ പ്രിയപ്പെട്ടവരാണ്. കാരണം ഇവരോടാണ് അഞ്ചുവർഷം നീണ്ട കലാലയ ജീവിതത്തിൽ ആകെ സംസാരിച്ചതിന്റെ, എൺപതു ശതമാനം സംഭാഷണവും ഞാൻ നടത്തിയത്. അവർക്കു അറിയാമായിരിക്കില്ല, അതു വലിയ കാര്യമാണോ എന്ന്. പക്ഷേ എന്റെ മനസ്സിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും കല്ലേറ്റുംകര മോഡൽ പോളിടെക്നിക്കും അടയാളപ്പെടുത്തിയത് എന്നും ഇവരോടൊത്തുള്ള പത്തുമിനിറ്റു നേരത്തെ സംഭാഷണങ്ങളായിരുന്നു. ഒരു ദിവസം ആകെ സംസാരിക്കാറുള്ളതും പത്തു മിനിറ്റുകളിൽ മാത്രമായിരുന്നെന്നും, ബാക്കിയുള്ള സമയത്ത് സഹപാഠികൾക്കിടയിൽ ‌നിന്നു ഉയരുന്ന ആരവങ്ങളിൽ എന്റെ സ്വരവും ഉണ്ടെന്നു സങ്കൽപ്പിച്ച് തൃപ്തിയടയുകയായിരുന്നു പതിവെന്നും മനസ്സിലാക്കുമ്പോൾ ഞാൻ അറിയുന്നു, പത്തുമിനിറ്റുകളുടെ മൂല്യം! ആരെങ്കിലും ഓർമകളിൽ രേഖപ്പെട്ടു കിടക്കാൻ പത്തുമിനിറ്റു പോലും ആവശ്യമില്ലെന്നു പിന്നീടു കാലം എന്നെ പഠിപ്പിച്ചു. എങ്കിലും ആദ്യം എത്തുന്നവർ എന്നും മറവിയെ അതിജീവിക്കുന്നു. ഓർമയിൽ ജീവിക്കുന്നു. അതിൽ ആഹ്ലാദം, ആശ്വാസം.

കലാലയ ജീവിതത്തിനു ശേഷം, വളരെക്കാലം കഴിഞ്ഞ് നടന്ന ഒരു കൂടിക്കാഴ്ച. പ്രണയം പോലുള്ള കാര്യങ്ങൾ ചിലർക്കു പറഞ്ഞിട്ടില്ലെന്നും, അതൊക്കെ കയ്യെത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു എന്നതിന്റേയും ഒരു ഓർമപ്പെടുത്തൽ.

****************

ഇടുങ്ങിയ ടാർ‌റോഡ് പിന്നിട്ട്, വീതിയേറിയ ഔട്ടർ റിങ് റോഡിലേക്കു പ്രവേശിക്കുമ്പോൾ കാറിന്റെ ഫ്രന്റ്‌ഗ്ലാസ്സിൽ ഏതാനും മഴത്തുള്ളികൾ വന്നു പതിച്ചു. മറുഭാഗത്തുനിന്നു വരുന്ന വണ്ടികളെ നോക്കി സൂക്ഷ്മതയോടെ വളയം തിരിക്കുകയായിരുന്ന രവി ശബ്ദമില്ലാതെ ചിരിച്ചു. മുമ്പ് പറഞ്ഞതല്ലേ ഇപ്പോൾ എന്തായി എന്ന ചോദ്യം മുഖത്തു തെളിഞ്ഞു നിന്നു. കാറുമായി വരേണ്ടെന്നു പറഞ്ഞ് വിലക്കിയപ്പോൾ മഴയുടെ സാന്നിധ്യം പ്രവചിച്ചിച്ചത് അവനാണ്. കനത്ത ഇരുട്ടിലും മാനത്തു അണിനിരന്ന മേഘങ്ങൾ അവൻ കണ്ടിരിക്കും. തണുത്ത കാറ്റു ശരീരത്തെ തണുപ്പിച്ചു പറന്നിരിക്കും. അല്ലാതെ പ്രവചനങ്ങൾക്കു കാരണമില്ല. പോളിടെക്നിക്കിലെ പോർട്ടിക്കോയിൽ ഇരിക്കുമ്പോൾ നടത്താറുള്ള പ്രവചനങ്ങളിലെ കണിശത രവി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.

ഞാൻ വാച്ചിൽ നോക്കി. സമയം പതിനൊന്ന്. പൊതുവെ തിരക്കുള്ള റിങ്റോഡ് ഇപ്പോൾ ചേലയഴിച്ചു നഗ്നമായി കിടക്കുകയാണ്. വഴിവിളക്കുകളുടെ കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലൂടെ കാർ കുതിച്ചു പാഞ്ഞു. മൂന്നു മിനിറ്റിനുള്ളിൽ ദൊഡ്‌ഡനാക്കുണ്ടി ജംങ്ഷനിൽ എത്തി. മങ്ങിയ നിയോൺ ബൾബിന്റെ വെളിച്ചത്തിൽ ഭഗിനി റസ്റ്റോറന്റിന്റെ ആകർഷണീയത കൂടിയിട്ടുണ്ടെന്നു തോന്നി. രവി കാറിന്റെ വേഗം കുറച്ചു.

“ഞാനിപ്പോൾ വരാം.”

കാർ റോഡ്‌ സൈഡിൽ പാർക്കു ചെയ്ത്, എൻ‌ജിൻ ഓഫാക്കാതെ രവി മഴയിലേക്കു ഇറങ്ങി. തല നനയാതിരിക്കാൻ കൈത്തലം മറച്ചു പിടിച്ചു ഓടി. റസ്റ്റോറന്റിനു മുന്നിൽ ഏതാനും വാഹനങ്ങൾ മഴ നനഞ്ഞു കിടന്നിരുന്നു. ഞാൻ അവയുടെ ബ്രാൻഡ് ഏതാണെന്നു നോക്കിയിരുന്നു. വാഹനങ്ങളോടു കമ്പം ഇല്ലാത്തതിനാൽ ഒരു എത്തും‌പിടിയും കിട്ടിയില്ല.

കുറച്ചു സമയത്തിനുള്ളിൽ രവി തിരിച്ചെത്തി. കാർ റിവേഴ്സെടുത്ത്, റിംങ് റോഡിലേക്കു ഇറക്കി. ഫ്ലൈഓവറിനു എടുക്കുന്ന കുഴികളിൽ മഴവെള്ളം നിറഞ്ഞു കൊച്ചുകുളങ്ങൾ രൂപം കൊണ്ടിരുന്നു. വീണ്ടും വീണ്ടും ഒഴുകിയെത്തുന്ന മഴവെള്ളം കുളങ്ങളെ നിറഞ്ഞൊഴുകിച്ച് പരസ്‌പരം ബന്ധിപ്പിച്ചു.

കാർ സ്റ്റീരിയോയിലൂടെ പുതിയ പാട്ട് മുഴങ്ങി. ഓർക്കസ്‌ട്ര അധികമില്ലാത്തതിനാൽ ആശാ ഭോസ്ലേയുടെ മധുരസ്വരം വളരെ വ്യക്തം. പാട്ടിനൊപ്പം രവി മന്ദം തലയാട്ടി.

Read More ->  അദ്ധ്യായം 12 -- സ്വപ്നങ്ങൾ

“നിന്റെ കേൾവി പ്രശ്നം ഇപ്പോൾ എങ്ങിനെ. ആര് ആരെ കീഴടക്കി?”

നീണ്ട നാളിനുശേഷം കാണുകയായിരുന്നതിനാൽ ഈ ചോദ്യം ഞാൻ പ്രതീക്ഷിക്കുകയായിരുന്നു.

“ആരും കീഴടങ്ങിയിട്ടില്ല രവി. ഇവിടെ ഞാനും എന്റെ ന്യൂനതയും തുല്യ ശക്തികളാണെന്നു തോന്നുന്നു. ഇതുവരെ ആർക്കും ആരേയും ശാശ്വതമായി തോൽപിക്കാനായിട്ടില്ല.”

“ഇപ്പോൾ ഹിയറിങ് എയ്‌ഡ് ഉപയോഗിക്കാറുണ്ടോ?”

“ഇല്ല. അവ കൊണ്ട് പ്രയോജനമില്ലെന്നു പണ്ടേ തെളിഞ്ഞതല്ലേ.”

മഴയുടെ ശക്തികൂടി. പാതി തുറന്നുവച്ച സൈഡ്‌ വിൻഡോ ഞാൻ അടച്ചു. കാറിൽ യാത്ര ചെയ്യുമ്പോൾ ഗ്ലാസ് താഴ്ത്തി വയ്ക്കാതിരിക്കാനാണ് ഇഷ്ടം. മുഖത്തു വീശിയടിക്കുന്ന കാറ്റ് ഒരിക്കലും അലസോരമായി തോന്നിയിട്ടില്ല.

രവി എന്ന ചെല്ലപ്പേരിൽ വിളിക്കപ്പെടുന്ന രവിശങ്കറിനെ ഞാൻ പരിചയപ്പെടാൻ കാരണം ഞങ്ങൾ മൂന്നുവർഷം ഒരേ ക്ലാസിൽ പഠിച്ചതു കൊണ്ടല്ല. മറിച്ച് എന്റെ ശ്രവണന്യൂനത ഒരു പ്രത്യേക ഘട്ടത്തിൽ ഞങ്ങളെ കൂട്ടിമുട്ടിക്കുകയാണ് ചെയ്തത്. മറ്റു സഹപാഠികളെ എന്നിൽനിന്നു അകറ്റിയ അതേ ഘടകം ഒരുവനെ എനിക്കു മുന്നിൽ എത്തിച്ചു.

ഡിപ്ലോമ ഫൈനൽ ഇയറിന്റെ തുടക്കത്തിൽ ഒരു ദിവസം. ക്ലാസിൽ ടീച്ചർ ഹാജർ എടുക്കുന്ന സമയത്ത്, അതിൽ ശ്രദ്ധിക്കാതെ, ഞാൻ തിരക്കിലായിരുന്നു. തേർട്ടി സിക്സിനു ശേഷം ക്ലാസിൽ നിശബ്ദത പരന്നപ്പോഴാണ് പരിസരബോധം വന്നത്. ഹാജർ പറയാൻ ചാടി എഴുന്നേൽക്കുമ്പോഴേക്കും ക്ലാസിൽ തേർട്ടി സെവൻ മുഴങ്ങി. ഇടതു വശത്തു ഏറ്റവും പിൻനിരയിലിരുന്ന സഹ പാഠിയാണ് സഹായിച്ചത്. പോളിടെക്നിക്കിൽ നേരത്തെയെത്തുന്ന സന്ദർഭങ്ങളിൽ പോർട്ടിക്കോയിൽ കാണാറുള്ള മുഖം. ഇടവേളയിൽ അടുത്തു ചെന്നു നന്ദി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.

“സുനിൽ.”

അപരൻ പ്രതിവച്ചിച്ചു. “രവി.”

അങ്ങിനെ രവി എനിക്കു സ്നേഹിതനായി. ഒന്നിച്ചു ഒരേ ക്ലാസിൽ രണ്ടുവർഷം പഠിച്ചശേഷം, മൂന്നാം‌ വർഷത്തിൽ ഞങ്ങൾ സുഹൃത്തുക്കളായി! അതൊരു ഭാഗ്യം മാത്രമല്ല, നിർഭാഗ്യവും കൂടിയായിരുന്നു. രാവിലെ പോർട്ടിക്കോയിലിരുന്നു സംസാരിച്ച് ഞങ്ങൾ സൗഹൃദം ആരംഭിച്ചു.

“ഓണത്തിനു നാട്ടിൽ വരില്ലേ?” രവിയുടെ ചോദ്യം എന്നെ ഓർമയിൽ നിന്നു ഉണർത്തി.

“ഇല്ല.”

“അപ്പോൾ ഗെറ്റുഗതർ?”

ഞാൻ നിർവികാരനായി പറഞ്ഞു. “മിസാകും.”

രവി നിർബന്ധിച്ചു. “വരാൻ ശ്രമിക്കൂ സുനിൽ.”

ഞാൻ മിണ്ടിയില്ല. രവി സൂചിപ്പിച്ചു. “ജൂനിയേഴ്സും പങ്കെടുക്കുന്നുണ്ട്.”

ഞാനത് അവഗണിച്ചു. “ഉം. അതെന്റെ തീരുമാനത്തെ മാറ്റി മറിക്കുന്നില്ല.”

ഞാൻ ഫ്രന്റ്‌ ഗ്ലാസിലൂടെ ഒഴുകുന്ന മഴവെള്ളത്തെ അടിച്ചൊതുക്കുന്ന വൈപ്പറുകളിൽ കണ്ണുനട്ടു. മഴവെള്ളത്തിൽ കുളിച്ചു അങ്ങോട്ടുമിങ്ങോട്ടും കാവാത്തു നടത്തുന്ന അവയോടു അസൂയ തോന്നി. ഗെറ്റുഗതറിനു ഞാൻ ഉണ്ടാകില്ലെന്നു മനസ്സിലായപ്പോൾ രവിയുടെ ഉൽസാഹം കെട്ടു. ഞാൻ വിശദീകരിച്ചു.

“രവി, കാലം നമ്മളിൽ കുറേ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ സഹപാഠികളിൽ ചിലർക്കു പഠനാനന്തര ജീവിതം എളുപ്പമായിരിക്കും. മറ്റു ചിലർക്കു കഠിനവും. ജീവിതം രസകരമായി ആസ്വദിക്കുന്നവർ കൂടുതൽ ആക്ടീവ് ആകും. മറ്റുള്ളവർ ഒരുതരം ജഢാവസ്ഥയിലും. എന്നെ സംബന്ധിച്ചു രണ്ടാമതു പറഞ്ഞതാണ് ഏകദേശം ശരി. പണ്ടില്ലാതിരുന്ന കൂട്ടുകെട്ടുകൾ ഇപ്പോഴും എന്നെ ആകർഷിക്കുന്നില്ല.”

രവി പറഞ്ഞു. “ഗെറ്റുഗതറിനു ജൂനിയേഴ്സും ഉണ്ടാകുമെന്നു ഞാൻ ഊന്നിപ്പറയാൻ പറയാൻ പ്രത്യേക കാരണമുണ്ട്.”

രവി പ്രാധാന്യമുള്ള എന്തോ പറയാൻ പോവുകയാണെന്നു തോന്നി.

രവി തുടർന്നു. “പണ്ട് പോളിടെക്നിക്ക് പോർട്ടിക്കോയിൽ വച്ച് നമ്മൾ ഒരു പെൺകുട്ടിയെ റാഗ് ചെയ്തത് ഓർക്കുന്നോ. കൈക്കുമ്പിളിൽ മഴവെള്ളം ശേഖരിപ്പിച്ചുകൊണ്ടുള്ള ഒരു സെറ്റപ്പ്. നിനക്കു ആ കുട്ടിയോടു അന്നു കുറച്ചു അടുപ്പവും ഉണ്ടായിരുന്നെന്നു തോന്നുന്നു.”

“ഉം. ശ്രീലത… അല്ലേ?”

“അതെ… ഞാൻ ആ കുട്ടിയെ ഒരാഴ്ച മുമ്പ് കണ്ടു. ഷി വിൽ ടേൺ അപ് ഫോർ ദ ഈവന്റ്.”

‘നന്നായി’. ഞാൻ മനസ്സിൽ പറഞ്ഞു. രവി സംസാരം നിർത്തി, നിശബ്ദനായി ഡ്രൈവ് ചെയ്‌തു.

ഞാൻ ശ്രീലതയെ ഓർത്തു. പോളിടെക്നിക്കിൽ മൂന്നാംവർഷം ഞാൻ റാഗ് ചെയ്ത ഏക പെൺകുട്ടി. സത്യത്തിൽ അതൊരു റാഗിങ് അല്ലായിരുന്നു. നിസാര സംഭവം മാത്രമാണ്. അല്ലെങ്കിലും ഞാൻ എങ്ങിനെയാണ് റാഗ് ചെയ്യുക?

അവസാന വർഷത്തെ ഓണാവധിക്കു മുമ്പ്, മൂന്നാം വർഷക്കാരുടെ റാഗിങ്ങിനു മുന്നിൽ ചൂളി നിൽക്കുന്ന ഒരുപറ്റം പെൺ‌കുട്ടികളിൽ‌ നിന്നു ദൂരെ, നിഗിലിനു മുന്നിൽ കരഞ്ഞു നിൽക്കുന്ന ഒരുവളായാണ് ശ്രീലത മനസ്സിൽ ആദ്യമെത്തുന്നത്. രാവിലെ പോർട്ടിക്കോയിലെ പടിയിൽ രവിയോടൊപ്പം ഇരിക്കുമ്പോൾ, മുഖം ഉയർത്താതെ കാൽ‌വിരലിൽ നോട്ടമൂന്നി, നടന്നു വരുന്ന ആ പെൺകുട്ടിയെ കണ്ടിട്ടുണ്ട്. റാഗിങ്ങിന്റെ പേരിൽ കൈക്കുമ്പിളിൽ മഴവെള്ളം ശേഖരിപ്പിക്കുകയാണ്.

രംഗം ശ്രദ്ധിച്ചില്ലെന്നു വരുത്തി ഞാൻ കമ്പ്യൂട്ടർ ലാബിൽ പോയി. റെക്കോർഡിൽ ഒപ്പുവാങ്ങി തിരിച്ചു വരുമ്പോഴും അവർ അവിടെത്തന്നെയുണ്ട്. പെൺകുട്ടിയുടെ കരഞ്ഞു കലങ്ങിയ മിഴികൾ മനസ്സിൽ തറച്ചു. ഞാൻ അവരുടെ അടുത്തു ചെന്നു. ഇളം‌പച്ച നിറത്തിൽ പെയിന്റടിച്ച പോളിടെക്നിക് കെട്ടിടം മഴയേറ്റു മുഖം മിനുക്കിയിരുന്നു. അതിലൂടെ ഒലിച്ചിറങ്ങുന്ന തണുത്ത വെള്ളത്തുള്ളികൾ എന്നെ പ്രലോഭിപ്പിച്ചു. നിഗിലിന്റെ പ്രതിഷേധത്തെ വകവയ്ക്കാതെ ഞാൻ പെൺകുട്ടിക്കു ഒപ്പം കൈക്കുമ്പിളിൽ മഴ വെള്ളം ശേഖരിക്കാൻ കൂട്ടുചേർന്നു. കരച്ചിലിനിടയിലും പെൺകുട്ടിയുടെ ചുണ്ടിലൊരു ചിരി മിന്നി മറഞ്ഞു. സന്ദർഭത്തിന്റെ ഗൗരവം നഷ്ടപ്പെട്ടപ്പോൾ നിഗിൽ തോൽവി സമ്മതിച്ചു.

“നിനക്കെന്തിന്റെ കേടാ സുനിൽ.”

എന്നോടു പരിഭവിച്ച്, ചുമലിൽ സൗഹൃദഭാവത്തിൽ തട്ടി നിഗിൽ പോയി. കുമ്പിളാക്കി പിടിച്ചിരുന്ന കൈത്തലങ്ങൾ പെൺകുട്ടി വേർപെടുത്തി. മഴവെള്ളം വിരലുകളിലൂടെ ഒഴുകിയിറങ്ങി. കണ്ണീരിന്റെ പാടവീണ മുഖത്തു നോക്കി ഞാൻ പറഞ്ഞു.

“കൈ നീട്ടൂ.”

Read More ->  ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ - ആമുഖം

കൈത്തലങ്ങൾ വീണ്ടും കുമ്പിളിന്റെ രൂപംകൊണ്ടു. അതിലേക്കു ഞാൻ മഴവെള്ളം പകർന്നു കൊടുത്തു. കണ്ണീർച്ചാലുകൾ വകഞ്ഞു മാറി. രണ്ടാം നിലയിലേക്കു കയറിപ്പോകുന്ന ഒരു ജോടി പാദസരങ്ങളെ എന്റെ കണ്ണുകൾ പിന്തുടർന്നു. കുറച്ചു സമയം കഴിഞ്ഞ് പോർട്ടിക്കോയിൽ ഇരിക്കുകയായിരുന്ന രവിയോടു ഞാൻ സൂചിപ്പിച്ചു.

“ഒരു സഹായം വേണം.”

“ഓൾവേയ്സ്.”

“ഒരാളെ വിളിച്ചു സംസാരിക്കണം.”

“ആര് സംസാരിക്കണം?”

“ആദ്യം നീ. പിന്നെ ഞാൻ. ഒരുതരം റാഗിങ് പോലെ. പക്ഷേ ക്രൂരമാകരുത്.”

“നിനക്കു തന്നെ വിളിച്ചു സംസാരിച്ചു കൂടേ.”

“അതുപറ്റില്ല. ചിലപ്പോൾ പണി പാളും.”

രവിയ്ക്കു കാര്യം മനസ്സിലായി. “ആരാണ് ഇര?”

“നമ്മൾ രാവിലെ പോർട്ടിക്കോയിൽ ഇരിക്കുമ്പോൾ കാണാറുള്ള കുട്ടിയില്ലേ. അവർ…”

“ആ കുട്ടി വളരെ സില്ലിയാണ്. ചിലപ്പോൾ കരയും.”

“അങ്ങിനെയല്ല ഞാൻ ഉദ്ദേശിക്കുന്നത്. നീ ഒരു തുടക്കം ഇട്ടുതരിക. പിന്നെ ഞാൻ സംസാരിച്ചോളാം.”

രവി മൂളി. പിറ്റേന്നു രാവിലെ ചില്ലു വാതിലിനു കീഴിലെ കാത്തിരിപ്പ് പെൺകുട്ടിക്കു വേണ്ടിയായിരുന്നു. ആളും ആരവവും എത്തിയിട്ടില്ലാത്ത പോർട്ടിക്കോയിൽ, തിമിർത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കുന്ന ഒരു വേള. തണുപ്പിന്റെ നിർവൃതിയിൽ ഇമകൾ അടയും നേരം, കുട ചൂടി മഴനനഞ്ഞ് ഒരു പാദസര കിലുക്കം എത്തി.

രവി അടുത്തു വിളിച്ചു ചോദിച്ചു. “പേരെന്താ?”

“ശ്രീലത.”

“വീട്?”

അടുത്തിരിക്കുന്നവനെ പാളി നോക്കി പെൺകുട്ടി പറഞ്ഞു. “അങ്കമാലി.”

രവി ഗൗരവത്തിൽ മൂളി കാര്യത്തിലേക്കു കടന്നു. “ലത ഒരു കാര്യം ചെയ്യണം.”

അപ്പുറത്തു അമ്പരപ്പ്. ചോദ്യഭാവം.

രവി ആജ്ഞാപിച്ചു. “കുറച്ചു മഴവെള്ളം കൊണ്ടു വരൂ.”

വാക്കുകൾ മൃദുവായിരുന്നെങ്കിലും രവിയുടെ മുഖം പരുക്കനായിരുന്നു. നിഷ്കളങ്കമായ അവന്റെ മുഖത്തു പരുക്കൻ ഭാവം വിരിഞ്ഞതെങ്ങിനെയെന്നു ഞാൻ അൽഭുതപ്പെട്ടു. പെൺകുട്ടി ബാഗും കുടയും ചില്ലുവാതിലിനു അരികിൽ ഒതുക്കി വച്ചു. പോർച്ചിന്റെ അരികിലേക്കു ചെന്ന് മഴയിലേക്കു കൈ നീട്ടി. ഇടമുറിയാതെ പെയ്യുന്ന വർഷം കൈക്കുമ്പിളിൽ പെട്ടെന്നു നിറഞ്ഞു. പെൺകുട്ടി വെള്ളം തുളുമ്പാതെ ശ്രദ്ധിച്ച് അരികിലേക്കു വന്നു. മുഖത്തു വിഷമം. കാർമേഘങ്ങൾ.

റോൾ പൂർത്തീകരിച്ച സംതൃപ്തിയിൽ രവി ചിരിച്ചു. “ഈ മഴ വെള്ളം സുനിലിനു കൊടുത്തേക്ക്. ഇന്നലെ കടം വാങ്ങിയി രുന്നില്ലേ.”

മഴയുടെ ഇരമ്പലിനൊപ്പം മനസ്സിന്റെ ഇരമ്പലും താളാത്മകമായി. എഴുതപ്പെട്ട തിരക്കഥയിൽ ഇല്ലാത്ത സീൻ കൂട്ടിച്ചേർത്തു രവി എഴുന്നേറ്റുപോയി. നിശബ്ദതയെ ഭേദിച്ച് കാലവർഷം തിമിർത്തു പെയ്തു. പൂന്തോട്ടത്തിലെ ചെടികളെ അവ നിരന്തരം താഢിച്ചു. അതിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ ദൃഷ്ടികൾ മേഞ്ഞു. മഴവെള്ളം നിറഞ്ഞു തുളുമ്പുന്ന കൈക്കുമ്പിൾ ചോദ്യചിഹ്നമായി എനിക്കു മുന്നിൽ നിന്നു.

“ഞാൻ പറഞ്ഞോ കടം വീട്ടണമെന്ന്.”

മഴ നനഞ്ഞു വെളുത്ത, കൈത്തലം വിറച്ചു. “കളയട്ടെ.”

“വേണ്ട. ഇങ്ങു തന്നേക്കൂ.”

തണുപ്പുകൾ പരസ്പരം കൂടിക്കലർന്നു. പശ്ചാത്തലമായി മഴ പെയ്തു കൊണ്ടേയിരുന്നു.

ഇതായിരുന്നു ഞാൻ നടത്തിയ റാഗിങ്. മേൽപ്പറഞ്ഞ സാഹചര്യത്തിൽ എത്ര നിരർത്ഥകമായ പദം. അതിനു ശേഷവും ശ്രീലതയെ വീണ്ടും നിരവധി തവണ കൂടിക്കണ്ടു. പക്ഷേ എല്ലാം വെറും പരിചയത്തിൽ ഒതുക്കി നിർത്തി.

ഒരുവൻ കാണുന്ന സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരിക്കലും പരിധിയില്ല എന്നതാണ് സത്യം. പക്ഷെ എന്നിലെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും എന്നും പരിധി ഉണ്ടായിരുന്നു. അപ്പോൾ പിന്നെ യഥാർത്ഥ ജീവിതത്തിന്റെ കാര്യം പറയാനില്ലല്ലോ. ആദ്യം പരിധി നിർണയിച്ച്, അതിരു തിരിച്ചു വേലികെട്ടിയത് എനിക്കു ചുറ്റുമുള്ളവരായിരുന്നു. വേലി ലംഘിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നല്ല. ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി എന്നതാണ് ശരി. പിന്നീട് എല്ലാം പരിചിതമായി. എനിക്കുവേണ്ട വേലികൾ ഞാൻ തന്നെ സ്വയം നിർമിച്ചു. അതിന്റെ അതിരുകൾ ഞാൻ ലംഘിച്ചില്ല. കാലംപോകെ മറ്റുള്ളവർ ലംഘിക്കാൻ ശ്രമിച്ചു. ഞാൻ തിരഞ്ഞെടുത്തവർ എനിക്കു കൂട്ടായി. അങ്ങിനെ കുറച്ചു നല്ല സുഹൃത്തുക്കൾ. അവർക്കിടയിൽ ശ്രീലത ഇല്ലായിരുന്നു. സ്വയം നിർണയിക്കുന്ന അതിരുകൾ എല്ലായ്പ്പോഴും നല്ലതാണ്.

കാർ സർജാപുര സിഗ്നലിനോടു അടുക്കുകയാണ്. ഞാൻ രവിയോടു ചോദിച്ചു.

“ലത ഇപ്പോൾ എവിടെയാണ്?”

“ഞാൻ അത് ചോദിച്ചില്ല.” അൽപനേരത്തെ നിശബ്ദതക്കു ശേഷം രവി കൂട്ടിച്ചേർത്തു. “…നിന്നെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു.”

അധികരിച്ചു വരുന്ന തണുപ്പിനെ ചെറുക്കാൻ ഞാൻ കൈകൾ ശരീരത്തോടു ചേർത്തു. മഴവെള്ളം പകർന്നു തന്ന ഒരു കൈത്തലത്തിന്റെ ചൂട് മേനിയിലേക്കു പ്രവഹിച്ചു. തണുപ്പിനെ പ്രതിരോധിച്ച് ഇളംചൂട് ശരീരത്തിൽ പരന്നു. സീറ്റ് പിന്നിലേക്കു ചായ്ച്ച് ഞാൻ കണ്ണടച്ചു കിടന്നു.

***************

ചിലരുണ്ട്, ചില അപരിചിതർ. നമ്മുടെ വരണ്ട ജീവിതത്തിൽ അപ്രതീക്ഷിതമായി അവർ പെയ്യും. പിന്നീടു എങ്ങോ പോയി മറയും, ചെറിയ നനവ് ബാക്കിവച്ചു കൊണ്ട്. വീണ്ടും വരൾച്ച എത്തുമ്പോൾ അവർ നമ്മോടൊപ്പം ഉണ്ടായേക്കണമെന്നില്ല. പക്ഷേ നനവിന്റെ ഓർമ്മ നമ്മിൽ ബാക്കി നിൽക്കും. ഏതൊരാ ൾക്കും ഇത്തരം അപരിചിതരെ പ്രതീക്ഷിക്കാം. അത്തരം പ്രതീക്ഷ അവകാശമാണ്.

(ആറാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Featured Image: – Kallettumkara Model Polytechnic.


2 Replies to “അദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതം”

  1. ചിലരുണ്ട്, ചില അപരിചിതർ. നമ്മുടെ വരണ്ട ജീവിതത്തിൽ അപ്രതീക്ഷിതമായി അവർ പെയ്യും. പിന്നീടു എങ്ങോ പോയി മറയും, ചെറിയ നനവ് ബാക്കിവച്ചു കൊണ്ട്. വീണ്ടും വരൾച്ച എത്തുമ്പോൾ അവർ നമ്മോടൊപ്പം ഉണ്ടായേക്കണമെന്നില്ല. പക്ഷേ നനവിന്റെ ഓർമ്മ നമ്മിൽ ബാക്കി നിൽക്കും. ഏതൊരാ ൾക്കും ഇത്തരം അപരിചിതരെ പ്രതീക്ഷിക്കാം. അത്തരം പ്രതീക്ഷ അവകാശമാണ്

അഭിപ്രായം എഴുതുക