അവിദ്യ & മായ

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


ഭാരതീയ തത്ത്വചിന്തയുടെ പഠിതാക്കളിൽ വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദങ്ങളുണ്ട് – അവിദ്യ & മായ. ഈ രണ്ട് സംജ്ഞകളുടെ അർത്ഥവും പ്രയോഗം പലരിലേക്കും കൃത്യമായി സംവേദനം ചെയ്യപ്പെടുകയില്ല. ആയതിനാൽ ഒരു ലഘുവിവരണം നൽകുന്നു.

അവിദ്യ: –

ഉപനിഷത്ത് അനുസരിച്ച് ‘എല്ലാം ബ്രഹ്മം ആണ്’ (സർവ്വം ഖലു ഇദം ബ്രഹ്മം). എല്ലാം, എല്ലാവരും മോക്ഷാവസ്ഥയിൽ ആണ്. മനുഷ്യരും ബ്രഹ്മം ആണ്; മോക്ഷാവസ്ഥയിലും ആണ്. എന്നാൽ മനുഷ്യരുടെ ഈ സ്വാഭാവിക മോക്ഷനില അവരിൽ നിന്നു മറച്ചു പിടിക്കുന്ന ഒരു തത്ത്വമുണ്ട്. അതാണ് അവിദ്യ. അവിദ്യയുടെ സാന്നിധ്യം മൂലമാണ്, അടിസ്ഥാനപരമായി മോക്ഷാവസ്ഥയിൽ ആണെങ്കിലും, മോക്ഷാർത്ഥിയോടു ‘ശ്രവണ-മനന-നിദിധ്യാസന വഴി മോക്ഷം സാക്ഷാത്കരിക്കൂ’ എന്ന് ഉപനിഷത്തിനു ഉദ്ബോധിപ്പിക്കേണ്ടി വരുന്നത്.

മനുഷ്യരിൽ ദ്വൈതഭാവം ഉണ്ടാകുന്നത് അവിദ്യയുടെ സ്വാധീനം മൂലമാണ്. ബ്രഹ്മവും അവിദ്യയും തമ്മിലുള്ള ബന്ധം അജ്ഞേയ തലത്തിലാണ്.

മായ: –

മായ എന്നത് ബ്രഹ്മത്തിന്റെ ശക്തിവിശേഷമായി കണക്കാക്കപ്പെടുന്നു. മായയുടെ സ്വാധീനത്തിൽ ആയിരിക്കുന്നിടത്തോളം മോക്ഷാർത്ഥിക്കു അദ്വൈതമായ ബ്രഹ്മസാക്ഷാത്കാരം സാധ്യമല്ല. കാരണം മായ എന്നത് ദ്വൈതത്തിന്റേയും വൈവിധ്യത്തിന്റേയും ഉറവിടമാണ്. അതിന്റെ സ്വാധീനത്തിൽ നിന്നു മുക്തമാകാൻ ഉപനിഷത്ത് ‘ശ്രവണ-മനന-നിദിധ്യാസന’ നിർദ്ദേശിക്കുന്നു.

മായയുടെ സ്വാധീനം രണ്ടുവിധത്തിൽ പ്രത്യക്ഷമാകുന്നു: –
1) മായ ബ്രഹ്മത്തിന്റെ അദ്വൈതമായ തനിസ്വരൂപം മോക്ഷാർത്ഥിയിൽ നിന്ന് മറച്ചുപിടിക്കുന്നു.
2) മായ ദ്വൈതമായ, വൈവിധ്യമുള്ള ഒരു വ്യവഹാരിക ലോകം മോക്ഷാർത്ഥിക്കു മുന്നിൽ വയ്ക്കുന്നു. ഇതുവഴി മോക്ഷാർത്ഥിയെ തെറ്റിദ്ധരിപ്പിക്കുന്നു.

മേൽപ്പറഞ്ഞതിൽ നിന്ന് മായക്ക് മറച്ചുപിടിക്കുന്നതും, വെളിപ്പെടുത്തുന്നതുമായ ഇരട്ടമുഖമുണ്ടെന്ന് മനസ്സിലാക്കാം. ബ്രഹ്മസാക്ഷാത്കാരം തേടുന്ന മോക്ഷാർത്ഥികളിൽ നിന്ന്, അവർ തേടുന്നതിനെ (ബ്രഹ്മത്തെ) മറച്ചുപിടിക്കുകയും, ഒപ്പം മോക്ഷസാക്ഷാത്കാരത്തിനു അങ്ങേയറ്റം വിലങ്ങുതടിയാകുന്ന ഭൗതികലോകം (വ്യവഹാരിക ലോകം) മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു. ഈ മായയുടെ സ്വാധീനത്തിൽ നിന്ന് മുക്തരാവുകയാണ് ബ്രഹ്മസാക്ഷാത്കാരത്തിനു മോക്ഷാർത്ഥികൾ ചെയ്യേണ്ടത്.

മായയെ പറ്റിയുള്ള ചില സൂചകങ്ങൾ താഴെ: –

1) മായ സ്വന്തം നിലയിൽ നിൽനിൽപ്പുള്ളതുമല്ല. ബ്രഹ്മത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് കരുതപ്പെടുന്നു.
2) ബ്രഹ്മവും മായയും തമ്മിലുള്ള ബന്ധം അജ്ഞേയതലത്തിലാണ്. നിർവചനത്തിനു പര്യാപ്തമല്ല. മനുഷ്യർക്കു മനസ്സിലാക്കാൻ കഴിയുകയുമില്ല. സാധാരണ മനുഷ്യർ മായയുടെ സ്വാധീനത്തിലായതിനാൽ അവർക്കു ബ്രഹ്മം പ്രാപ്‌തമല്ല. ബ്രഹ്മസാക്ഷാത്‌കാരം നേടിയവർക്കാകട്ടെ മായ അനുഭവവേദ്യവുമല്ല.
3) മായയും അവിദ്യയും ഒന്നാണ്.

(ഇതിൽ മൂന്നാമത്തെ പോയിന്റിനെ കുറിച്ച് മറ്റൊരു അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്).


Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Thank You Very Much!


അഭിപ്രായം എഴുതുക