ബി ചന്നസാന്ദ്ര

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബസിറങ്ങി ചന്നസാന്ദ്ര ഓവർബ്രിഡ്ജിലേക്കു നടക്കുമ്പോൾ ഞാൻ ബാഗിൽ നിന്ന് മാസ്ക് എടുത്തു ധരിച്ചു. ഓവർബ്രിഡ്ജിന്റെ ഏറ്റവും മുകളിലെ പടിയിൽ പതിവുപോലെ ആ നായ വഴിമുടക്കി കിടക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് തലപൊക്കാതെ നായ വാൽ മാത്രം പതുക്കെ ആട്ടി. ഞാൻ കയ്യിൽ കരുതിയിരുന്ന ഏതാനും ബിസ്കറ്റുകൾ അതിനു നൽകി.

രാമമൂർത്തി നഗർ ബസ്‌സ്റ്റോപ്പിൽ നിന്നു ചന്നസാന്ദ്രയിലേക്കു തിരിയുമ്പോൾ, ഇടതുഭാഗത്ത് ഒരു ശ്‌മശാനമുണ്ട്. പൊതുശ്‌മശാനമാണോ, ഏതെങ്കിലും സമുദായത്തിന്റെയാണോ എന്നറിയില്ല. ചില ദിവസങ്ങളിൽ പല്ലക്ക് പോലുള്ള ശവമഞ്ചങ്ങൾ റോഡിലൂടെ ആഘോഷപൂർവ്വം കൊണ്ടുപോകുന്നത് കാണാറുണ്ട്. ബെംഗളുരുവിൽ മരണങ്ങൾ ദുഃഖസാന്ദ്രമല്ല, പുറമേക്കെങ്കിലും. നാസിക് ഡോളുകളും പടക്കവും പൂക്കളുമെല്ലാം ശവമഞ്ചത്തിനു അകമ്പടിയേകും. ജനനം പോലെ മരണവും ആഘോഷമാകുന്ന കാവ്യനീതി.

ഓവർബ്രിഡ്‌ജിൽ നിന്നു നോക്കിയാൽ ശ്‌മശാനത്തിന്റെ ഒരുഭാഗം കാണാം. ഞാൻ കുറച്ചുനേരം അവിടേക്കു നോക്കിനിന്നു. പേരറിയാത്ത ചെടികൾ അവിടെയാകെ വളർന്നു നിന്നിരുന്നു. പെരുച്ചാഴികൾ മാന്തിയിട്ട തവിട്ടുനിറമുള്ള ചെറു മൺകൂനകൾ ധാരാളം. ഓരോ ശ്മശാനവും ഒരു ആവാസവ്യവസ്ഥയാണ്. മൃതശരീരങ്ങൾ ആ ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണിയുമാണ്.

ഓവർബ്രിഡ്ജിറങ്ങി ഞാൻ നടന്നു. ചന്നസാന്ദ്ര മെയിൻറോഡിലേക്ക് തിരിയുന്ന വളവിൽ ഇരിക്കുന്ന കൈനോട്ടക്കാരന്റെ ക്ഷണത്തെ പതിവ് മന്ദഹാസത്തോടെ അവഗണിച്ചു. എല്ലാ തവണയും അയാൾ കയ്യാട്ടി വിളിക്കും. ഭാവിയെപ്പറ്റി ആകാംക്ഷയില്ലാത്തതിനാൽ അയാൾക്കു മുന്നിൽ ഇരുന്നു കൊടുത്തിട്ടില്ല.

അല്പസമയത്തിനുള്ളിൽ ഞാൻ കൃഷ്ണവേണി ടിഫിൻ സെന്ററിൽ എത്തി. അവിടെ പതിവ് സന്ദർശകരായ രണ്ട് ഹിജഡകൾ ഉണ്ടായിരുന്നു. ആസകലം അണിഞ്ഞൊരുങ്ങിയാണ് ഇരിപ്പ്. അവരിലൊരാളെ പരിചയമുണ്ട് – അഭി. ശരിക്കുള്ള പേര് അഭിരാമിയെന്നോ മറ്റോ ആണ്. ഞാനവർക്കു ഒരു ദിവസം പ്രാതൽ വാങ്ങിക്കൊടുത്തിട്ടുണ്ട്. പിന്നീട് ചോദിച്ചിട്ടില്ല. അവരുടെ കയ്യിൽ പൈസയുണ്ട്.

ഞാൻ മൂന്ന് ദോശ വാങ്ങി കൽബെഞ്ചിൽ, അഭിയുടെ അരികിൽ ഇരുന്നു. ഞാൻ മുറിത്തമിഴിലും മലയാളത്തിലും കൈനോട്ടക്കാരനെ പറ്റി ആരാഞ്ഞു. എല്ലാ ഹിജഡകൾക്കും കുറേ ഭാഷകൾ അറിയാം.

“അഭി അക്കാ, അവൻ എപ്പടി ഇറുക്ക്. കൈനോട്ടം തെരിയുമാ?”

“യാര്?”

“ആ കൈനോട്ടക്കാരൻ’ ഞാൻ വളവിലേക്കു ദിശ ചൂണ്ടിക്കാണിച്ചു.

അക്ക വായിൽ കുടുങ്ങിയ കറിവേപ്പില വശത്തേക്കി ആഞ്ഞ് തുപ്പി. “പ്‌തും… അവനുക്ക് ഒരു മൈരുമേ തെരിയാത് വിവേക്”

“അതെന്നാ അഭി അപ്പടിയേ ശൊന്നത്? അഭി കൈ നോക്കിയിട്ടുണ്ടോ”

“ആമാ. ഞാൻ അവനോടു ചോദിച്ചു, ഞാനെപ്പോഴാ മരിക്കാന്ന്”

ഞാൻ ആകാംക്ഷവാനായി. വളരെ പ്രസക്തമായ ചോദ്യം. “അവൻ എന്നാ ശൊന്നത്”

“കാലനെ കൂപ്പിടാൻ…” അഭി പൊട്ടിച്ചിരിച്ചു.

ടിഫിൻ സെന്റർ നടത്തിപ്പുകാരി കൃഷ്ണവേണി അക്ക ചിരിച്ചു മറിഞ്ഞു. അവർക്കു അല്ലെങ്കിലും ചെറിയ കാര്യം മതി ചിരിച്ചു വശമാകാൻ.

പൈസ കൊടുത്ത് ഇറങ്ങാൻ നേരം ഞാൻ അഭിക്കും കൂട്ടുകാരിക്കും ഇരുപത് രൂപ നൽകി. അഭിയ്‌ക്കു സന്തോഷമായി. അഭി എന്നെ ബലമായി മുന്നിൽ പിടിച്ചുനിർത്തി, ചില നിഗൂഢമന്ത്രണങ്ങളോടെ ശരീരമാകെ ഉഴിഞ്ഞിട്ടു. പിന്നെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

“എന്റെ കുട്ടിക്ക് ഇനി ഒരു കുഴപ്പവും വരില്ല. പോയ്ക്കോളൂ. പിന്നെ കാണാം”

സമ്പൂർണ ഹോട്ടലും ഫ്രാങ്ക് റോസിന്റെ ഫാർമസിയും കടന്ന് ഞാൻ നടന്നു. സ്കൂൾഗേറ്റ് തള്ളിത്തുറന്ന് അകത്തു പ്രവേശിക്കുമ്പോൾ, ഞാൻ പഠിപ്പിച്ചു കൊടുത്ത പ്രാർത്ഥന, കുട്ടികൾ ക്ലാസ്‌മുറിയിൽ ചൊല്ലുന്നത് കേട്ടു. ഇംഗ്ലീഷിലുള്ള പതിവ് പ്രാർത്ഥന വിരസമായപ്പോൾ ഒരിക്കൽ അഞ്ജു എന്നെ നിർബന്ധിച്ച് പാടിപ്പിച്ചതാണത്. അതെന്റെ സ്കൂളിലെ പ്രാർത്ഥനാ ഗീതമായിരുന്നു.

“ജ്ഞാനരൂപമേ സച്ചിതാനന്ദാ ഭാവമാം പരബ്രഹ്മമേ.
സത്യദർശക സ്നേഹചൈതന്യ ശക്തി ഞങ്ങൾക്കു നൽകണേ.
നിത്യനൂതനമിപ്രപഞ്ചത്തിൻ സർഗ്ഗചൈതന്യ ധാരകൾ.
മുക്തിയിൽ പകർന്നിടണേ സദാ മുക്തിമാർഗ്ഗമരുളണേ.
ജ്ഞാനരൂപമേ സച്ചിദാനന്ദ ഭാവമാം പരബ്രഹ്മമേ.”

ലാപ്‌ടോപ്പ് ബാഗ് യഥാസ്ഥാനത്തു വച്ച്, ഞാൻ ശബ്ദമുണ്ടാക്കാതെ ക്ലാസ്മുറിയുടെ വാതിൽക്കൽ വന്നുനിന്നു. കൂപ്പിപ്പിടിച്ച കൈകൾ, മന്ദമാടുന്ന ശിരസ്സ്. കുട്ടികളും അവർക്കു പ്രാർത്ഥന ചൊല്ലിക്കൊടുക്കുന്ന ടീച്ചറും ഒരേ താളത്തിൽ ചലിച്ചു.

പ്രാർത്ഥനക്കു ശേഷം, രോഹിത് എന്നോടു ഗുഡ്മോർണിങ്ങ് പറഞ്ഞു. നാണം മൂലം സ്വതസിദ്ധ ശൈലിയിൽ കണ്ണുകൾ മറച്ച്, തലകുനിച്ച് രോഹിത് മുന്നിലെത്തി. കർക്കശമായി നിർബന്ധിക്കാതെ തല ഉയർത്തി നോക്കില്ല. ഞാൻ രോഹിതിനു മുന്നിൽ മുട്ടുകുത്തി. പൊത്തിയ വിരലുകൾക്കിടയിലൂടെ രണ്ട് കുഞ്ഞിക്കണ്ണുകൾ എന്നോടു ‘ശുഭോദയ’ പറഞ്ഞു.

അലമാര തുറന്ന് അഞ്ജു ടീച്ചർ പെഗ് ബോർഡും മറ്റു ആക്‌ടിവിറ്റി മെറ്റീരിയൽസുമായി എത്തി. ഓരോ കുട്ടികൾക്കും ഓരോ മെറ്റീരിയൽസ് നൽകി. മൂന്ന് കുട്ടികളുടെ ആക്ടിവിറ്റികളുടെ മേൽനോട്ടം എന്നെ ഏൽപ്പിച്ചു. അതിലൊരാൾ നിർദ്ദേശമില്ലാതെ തന്നെ എല്ലാ ആക്ടിവിറ്റികളും സ്വയം ചെയ്യും. ഞാൻ മറ്റുള്ളവരെ സഹായിക്കാൻ തുടങ്ങി. അല്പസമയം കഴിഞ്ഞ് അഞ്ജു ബെഞ്ചിന്റെ മറുഭാഗത്ത് വന്നിരുന്നു.

“വിവേക്… സായി ഇന്ന് കുറച്ചു ഓവർആക്ടീവാണ്. ശ്രദ്ധിക്കണം… രോഹിതിന്റെ തല ചുമരിൽ ഇടിപ്പിക്കും”

ഞാൻ ഇരുവരേയും അല്പം അകലത്തിൽ ഇരുത്തി. എന്നാൽ അല്പം കഴിഞ്ഞ്, സായി വീണ്ടും രോഹിതിന്റെ അടുത്തേക്കു നീങ്ങിയിരുന്നു. കുസൃതികൾക്കിടയിൽ അപരന്റെ തല ചുമരിനോടു ചേർത്ത് ഇടിപ്പിക്കുന്ന പ്രവണത സായ് കിരൺ ഇടയ്‌ക്കു പ്രകടിപ്പിക്കാറുണ്ട്. അതിനു തടയിടണം. ശിക്ഷ ആകാനും പാടില്ല. ഞാൻ രോഹിതിനെ എനിക്കരുകിലേക്കു മാറ്റിയിരുത്തി, സായിയെ എതിർവശത്താക്കി. ഇരുവരും സാവധാനം ആക്ടിവിറ്റികൾ ചെയ്തു.

Read More ->  'അവിദ്യ' എന്ന തത്ത്വം ഉപനിഷത്തിൽ

ആക്‌ടിവിറ്റികളും ലഘുഭക്ഷണവും കഴിഞ്ഞ്, കുട്ടികളെ കളിക്കാൻ വിട്ടു. ഞാനും അവരുടെ കൂടെ കൂടി. രോഹിത് പ്ലാസ്റ്റിക് ബാറ്റ് കൊണ്ടുവന്ന് എനിക്കു തന്നു. ഞാൻ ബാറ്റ് ചെയ്യണമെന്നാണ് ആവശ്യം. രോഹിത് ബൗൾ ചെയ്യും. ഞാൻ ഇടങ്കയ്യനായി മാറുന്ന ഒരേയൊരു അവസരം. റിസപ്‌ഷനിൽ ഇരിക്കുന്ന രേഖ ടീച്ചറുടെ അടുത്തു നിന്നു സ്പീഡിൽ ഓടിവരുമെങ്കിലും രോഹിത് ബൗൾ ചെയ്യുന്നത് സാവധാനമാണ്. ഞാനത് അവനുനേരെ തന്നെ അടിച്ചിട്ടു കൊടുക്കും.

പ്ലേടൈം കഴിഞ്ഞ് ഒന്നര മണിക്കൂർ തിയറി ക്ലാസ്. പ്രധാനമായും ഇംഗ്ലീഷ് അക്ഷരമാല, സിമ്പിൾ മാത്തമാറ്റിക്‌സ്, എന്നിങ്ങനെ. പന്ത്രണ്ടേമുക്കാൽ ആയപ്പോൾ ഞാൻ ഉച്ചയൂണിനു പുറത്തിറങ്ങി. സമ്പൂർണ്ണ ഹോട്ടലിലേക്കു നടന്നു.

ഹോട്ടലിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. ഒരുമണി ആകുന്നതേയുള്ളൂ. ഒഴിഞ്ഞ കസേരകൾക്കു ഇടയിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ, ഇരുണ്ടനിറമുള്ള ഒരു വൃദ്ധൻ ഹോട്ടലിൽ വന്നു. ഞാൻ വൃദ്ധനെ ആദ്യമായി കാണുകയല്ല. പലപ്പോഴും ചന്നസാന്ദ്ര ശ്മശാനത്തിനു മുന്നിലുള്ള പ്ലാസ്റ്റിക്‌-പേപ്പർ മാലിന്യകൂമ്പാരത്തിനു സമീപം ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. കൂമ്പാരത്തിൽനിന്നു പ്ലാസ്റ്റിക് കവറുകൾ പെറുക്കിമാറ്റി, പേപ്പറിനു തീയിടുക വൃദ്ധന്റെ പതിവാണ്. നനഞ്ഞതു മൂലം കത്താത്ത പേപ്പറുകൾ ഒരു കോലുപയോഗിച്ചു ചിക്കിയിടുന്ന പോസാണ് എന്റെ മനസ്സിൽ വൃദ്ധനുള്ളത്. ചന്നസാന്ദ്രയിലെ കൈനോട്ടക്കാർ പാതവക്കത്ത് തുണി വിരിച്ചിരിക്കുന്ന ഇടം മുതൽ, ചൗഡേശ്വരി ക്ഷേത്രം വരെയുള്ള വഴിയോരത്തേ വൃദ്ധനെ കണ്ടിട്ടുള്ളൂ. പലപ്പോഴും ഒരു യാചകന്റെ ശരീരഭാഷയാണ് വൃദ്ധന്. എന്നാൽ അദ്ദേഹം ആർക്കെങ്കിലും നേരെ കൈനീട്ടാറുമില്ല.

ഞാൻ വൃദ്ധനെ നിരീക്ഷിച്ചു. പ്രായത്തിന്റെ പരാധീനതകൾ ഉണ്ടെങ്കിലും, തീർത്തും അവശനാണെന്ന് പറയുക വയ്യ. കാഷ്യർ കസേരക്കു അരികിലാണ് അദ്ദേഹം നിന്നിരുന്നത്. ഭക്ഷണം ചോദിക്കാനാകാം. എന്നാൽ, കാഷ്യർ എടുത്തു നൽകിയത് പത്രമായിരുന്നു. വൃദ്ധൻ പത്രം വാങ്ങി അടുത്തുള്ള കൂറ്റൻ വൃക്ഷത്തിന്റെ തണലിൽ കുന്തിച്ചിരുന്നു. പത്രം സിമന്റ് കട്ടകൾ വിരിച്ച ഫുട്‌പാത്തിൽ നിരത്തിയിട്ടു. ശേഷം ഓരോ വരിയും ശ്രമപ്പെട്ടു വായിക്കാൻ തുടങ്ങി. വൃദ്ധന്റെ കണ്ണടകളുടെ സ്ഥിതി ദയനീയമാണ്. ഫ്രെയിമിനു ഇളക്കമുണ്ട്. മുഖത്തു ഉറച്ചിരിക്കാൻ ചരട് ഉപയോഗിച്ച് തലയുടെ പിന്നിലേക്കു വലിച്ചു കെട്ടിയിട്ടുമുണ്ട്. ഫൂട്ട്‌പാത്തിൽ നിരത്തിയിട്ട പത്രത്താളുകളിലേക്കു വേണ്ടവിധം ഫോക്കസ് ചെയ്യാനാകാത്തതിനാൽ, കുന്തിച്ചിരിക്കുന്ന പോസിൽ ആവശ്യാനുസരണം മുന്നോട്ടും പിന്നോട്ടും നീങ്ങിയാണ് വായന. കണ്ണടയുടെ പവർ കാഴ്ചശക്തിക്കു അനുസരിച്ചുള്ളതല്ലെന്ന് വ്യക്തം.

റോഡിന്റെ അങ്ങേയറ്റത്ത്, “ബി ചന്നസാന്ദ്ര” എന്നെഴുതിയ വലിയ ഫലകമുള്ള ഭാഗത്തുനിന്ന് ചെറിയ കോലാഹലം കേട്ടു. ക്രമേണ അത് അടുത്തടുത്തു വന്നു. ഊണിന്റെ പൈസ കൊടുത്തു ഞാനിറങ്ങുമ്പോൾ വൃദ്ധൻ വായന നിർത്തി എഴുന്നേറ്റു നിൽക്കുകയാണ്. മിഴികൾ പാതയുടെ അങ്ങേയറ്റത്ത്. കൊട്ടിന്റെയും വാദ്യത്തിന്റേയും അകമ്പടിയോടെ, പാതയുടെ ഇടതുവശം ചേർന്ന്, ഒരു ശവമഞ്ചയാത്ര വരുന്നു. വാദ്യഘോഷക്കാരുടെ കയ്യിൽ നാസിക് ഡോളുകളും, വലിയ തളിക പോലുള്ള ഇലത്താളവും ഉണ്ട്. ചുവന്നനിറമുള്ള യൂണിഫോം ധരിച്ച അവർ, യാന്ത്രികവും ഉന്മേഷരഹിതരുമായ പതിവ് ട്യൂണിൽ കൊട്ടിക്കൊണ്ടിരുന്നു.

ശവമഞ്ചയാത്ര അടുത്തെത്തിയപ്പോൾ, ഞാൻ വൃദ്ധനു നേരെ പാളിനോക്കി. അദ്ദേഹത്തിന്റെ മുഖത്തു വല്ലാത്ത തെളിച്ചം. വൃദ്ധൻ സ്വന്തം ശവമഞ്ചയാത്രയെ കുറിച്ച് സ്മരിക്കുകയാണെന്നു തോന്നി. ഒരു ഗംഭീര യാത്രയയപ്പായിരിക്കണം മനസ്സിൽ. എന്നാൽ അത് സാധ്യമായേക്കില്ല. ഒരുപക്ഷേ ഞാനും സമ്പൂർണ്ണ ഹോട്ടലിന്റെ ഉടമയും പിന്നെ കൃഷ്ണ‌വേണി ടിഫിൻ ഷോപ്പിൽ ഭക്ഷണം കഴിക്കാൻ വരാറുള്ള ഹിജഡകളും ഉൾപ്പെടെ ഏതാനും പേർ മാത്രം ഉണ്ടാകാം. വൃദ്ധനു ബന്ധുക്കൾ ഉള്ളതായി തോന്നിയില്ല.

ശവമഞ്ചയാത്ര കടന്നു പോയപ്പോൾ ആരോ വീശിയെറിഞ്ഞ പൂക്കളിലൊന്ന് ഫൂട്ട്പാത്തിനു അരികിൽ വീണു. ഏതാനും ചുവടുകൾ മുന്നോട്ടുവച്ച്, പൂവ് കുനിഞ്ഞെടുത്തു വൃദ്ധൻ കയ്യിൽ തെരുപ്പിടിച്ചു. പിന്നെ ആരോടെന്നില്ലാതെ എന്തോ മന്ത്രിച്ചു.

ശവമഞ്ചയാത്ര കടന്നു പോയി. വൃദ്ധൻ പിന്നെ വായന തുടർന്നില്ല. പത്രം മടക്കി കാഷ്യർക്കു തിരിച്ചു നൽകി.

സ്കൂളിൽ കുട്ടികളെല്ലാം ഹാളിൽ വിരിച്ച പായയിൽ ഇരിക്കുകയാണ്. അഞ്ജു അവർക്കു മുന്നിൽ ചെറിയൊരു കസേരയിലും. വെജിറ്റബിൾസിന്റെ പടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കാർഡ് ബോർഡ് മെറ്റീരിയൽസ് അടുത്തുണ്ട്. അഞ്ജു കുട്ടികളോടു സംവദിക്കുന്നത് ഞാൻ നോക്കിനിന്നു.

“Karthik… What is this? You know its name? I don’t know. Truly, I don’t know. You tell me.”

കാർത്തിയ്‌ക്കു ഐക്യു കുറവാണ്. പന്ത്രണ്ട് വയസ്സുണ്ടെങ്കിലും ഏഴുവയസ്സുകാരന്റെ ബുദ്ധി. എന്നാൽ വെജിറ്റബിൾസിന്റെ പേരുകൾ എല്ലാം അറിയാം. ഞാൻ ഒരു ചെറുകസേര വലിച്ചിട്ട് അതിലിരുന്നു. കുട്ടികളോടു അഞ്ജു സംവദിക്കുന്ന രീതി ശ്രദ്ധിച്ചു. ഈണത്തിലും ഭാവത്തിലും അതുപോലെ സംവദിക്കാൻ സ്ത്രീഗണത്തിൽ പെട്ടവർക്കേ കഴിയൂ. കുട്ടികളുമായി എളുപ്പത്തിൽ സംവദിക്കാൻ സഹായിക്കുന്ന എന്തോ ഒന്ന് അവരിലുണ്ട്.

“A… for….. Apple,

B… for….. Ball,

C… for….. Cat,

D… for….. Duck,

E… for….. Egg,”

കുട്ടികൾ ഉച്ചത്തിൽ വാക്കുകൾ ആവർത്തിച്ചു. ഞാനും അവർക്കൊപ്പം കൂടി.

മൂന്നുമണി ആയപ്പോൾ കുട്ടികളെ കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തിത്തുടങ്ങി. അര മണിക്കൂറിനുള്ളിൽ കുട്ടികളെല്ലാം സ്കൂൾ വിട്ടു. ഹാളിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മേശ-കസേര, അവിടവിടെ ചിതറിക്കിടക്കുന്ന പലവിധ കളിപ്പാട്ടങ്ങൾ., അവയെല്ലാം ഞാൻ അടുക്കിവച്ചു. ടീച്ചേഴ്‌സിനു ഇനി ചെറിയ ഇടവേളയാണ്. മൂന്നരക്കു സമീപത്തുള്ള പ്രമുഖ സ്കൂളുകൾ വിടുമ്പോൾ, തെറാപ്പിക്കു വരുന്ന കുറച്ചു കുട്ടികൾ ഉണ്ട്. അവർ എത്തുന്നത് വരെയുള്ള ഇടവേള.

ഞാൻ തെറാപ്പി മുറിയിൽ ചെന്ന്, കസേര വലിച്ചിട്ടു ജനലരുകിൽ ഇരുന്നു. ഒരു ബസ്‌സ്റ്റോപ്പിന്റെ മാത്രം വിസ്താരമുള്ള ചന്നസാന്ദ്ര ബസ്‌സ്റ്റാൻഡിനു അടുത്ത്, ചുവപ്പുസാരി അണിഞ്ഞു നെറ്റിയിലും സീമന്തരേഖയിലും കുങ്കുമം വാരിപ്പൂശി കുറേ സ്ത്രീകൾ കൂട്ടംകൂടി നിൽപ്പുണ്ട്. എല്ലാവരുടെയും കയ്യിൽ ഒരു കുംഭം. ചിലർ കുംഭം തലയിലേന്തിയിരിക്കുന്നു. കുംഭത്തിന്റെ വായിൽനിന്ന് മാവിലയും പൂക്കളും പുറത്തേക്കു തലനീട്ടി നിന്നു. ചൗഡേശ്വരി ക്ഷേത്രത്തിൽ ഉൽസവമോ, പ്രത്യേക ആഘോഷ പരിപാടിയോ ആണ്. സ്ത്രീകൾ കുംഭവുമായി വന്നിരിക്കുന്നത് അനുഷ്ഠാനത്തിന്റെ ഭാഗമായാണ്.

Read More ->  ടിൻഫാക്‌ടറി ജംങ്ഷനിലെ ട്രാഫിക് പോലീസുകാരൻ

അഞ്ജു ഹാളിൽനിന്ന് മുറിയിലേക്കു വന്നു. കുംഭവുമായി നിൽക്കുന്ന സ്ത്രീകളെ നോക്കി പറഞ്ഞു.

“അവരുടെ വേഷത്തിനു നല്ല ഭംഗിയുണ്ട്. കുറച്ച് രൗദ്രതയും…”

സത്യമാണ് പറഞ്ഞത്. ഭക്തിയുടെ മൂലത്തിൽ രൗദ്രതയുണ്ട്. പ്രയാഗിലെ മഹാകുംഭമേളയിൽ പങ്കെടുത്തപ്പോൾ, തപത്തിന്റെ മറുകര കണ്ടവരുടെ ശാന്തതയിലും തെളിഞ്ഞ രൗദ്രതയുടെ ലാഞ്ചന നേരിൽ കണ്ടതാണ്. അധർമ്മത്തെ നേരിടാൻ കരുത്ത് ശാന്തതയേക്കാളും രൗദ്രത്തിനായത് കൊണ്ടാകാം.

കുറച്ചുനേരം സ്ത്രീകളെ നോക്കിനിന്ന ശേഷം അഞ്ജു കസേരയിൽ ഇരുന്നു. മൊബൈലിൽ എന്തോ തിരയുകയാണെന്നു നടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു.

“വിവേക്… ഞാനിന്ന് നിർത്തുകയാണ്. എന്റെ നോട്ടീസ് പിരീഡ് കഴിഞ്ഞു. ഇന്നാണ് ലാസ്റ്റ് ഡേറ്റ്.”

ഞാൻ ദീർഘമായി നിശ്വസിച്ച്, തലവെട്ടിച്ചു നോക്കി. അഞ്ജു വലതുകൈയ്യുടെ മണിബന്ധത്തിൽ ചുറ്റിയിരിക്കുന്ന ബ്രൗൺ നിറത്തിലുള്ള ഹെയർ റിബ്ബണിൽ കൈ തെരുപ്പിടിച്ചു ഇരിക്കുകയാണ്. മീൻമിഴിയെന്ന് രേഖ ടീച്ചർ എപ്പോഴും അസൂയപ്പെടാറുള്ള കണ്ണുകൾ കാണാൻ വയ്യ. ഞാൻ മാനസിക സമ്മർദ്ദം മൂലം നഖം കടിച്ചു.

ബാംഗ്ലൂർ നഗരത്തിൽ പൊതുവെ രാവിലെ മഴ പെയ്യാറില്ല. വർഷകാലത്ത് പോലും ഉച്ചക്കു ശേഷമേ മഴ പെയ്യൂ. അതു പക്ഷേ വെളുപ്പിനു വരെ നീണ്ടുനിൽക്കും. സൈക്ലോൺ ഓഖി മൂലം ബാംഗ്ലൂർ നഗരത്തിൽ അപ്രതീക്ഷിതമായി മഴ പെയ്‌ത ദിവസമാണ് അഞ്ജു പ്രിൻസിപ്പലിനു റിസൈൻ ലെറ്റർ കൊടുത്തത്. അത് അപ്രതീക്ഷിതമായിരുന്നില്ല. സൂചന മുമ്പേയുണ്ടായിരുന്നു.

ഇനിയെന്ത് സംസാരിക്കണം എന്ന ആശയക്കുഴപ്പം ഞങ്ങൾ ഇരുവർക്കുമുണ്ടായി. അഞ്ജു നിശബ്ദത ഭഞ്ജിച്ചു.

“വിവേക് നാട്ടിലേക്കു മാറുന്നില്ലേ?”

എന്റെ മനസ്സ് ഉന്മേഷരഹിതമായി. പതിനാല് വർഷത്തെ ബാംഗ്ലൂർ ജീവിതം എന്തൊക്കെ നൽകിയെന്നുള്ള കണക്കെടുപ്പ് മനസ്സിൽ അനൈശ്ചികമായി പെട്ടെന്നു നടന്നു. നഷ്ടങ്ങളുടെ ത്രാസ്, ഉയരാൻ ശക്തിയില്ലാതെ, നിലംതൊട്ടു കിടന്നു. തിരിച്ചുപോക്ക് അതിലേറെ ആഘാതമാകും.

 ഞാൻ ഉദാസീനമായി മറുപടി പറഞ്ഞു. “മാറണം”

“എപ്പോൾ?”

മറുപടി പറയാൻ ഞാൻ അല്പം സമയമെടുത്തു. “അറിയില്ല… ഒറ്റയാന് എവിടേയും അത്താണിയില്ലെന്നു തോന്നുന്നു.”

ബസ്‌സ്റ്റാൻഡ് പരിസരത്തു നിന്ന് നാഗസ്വരത്തിന്റെ ശബ്ദം ഉയർന്നു. അവിടെ സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും തലയിൽ കുംഭം ഏന്തിയിരിക്കുന്നു. നാഗസ്വരവും തകിലുവാദനവും ആരംഭിച്ചു. അവയുടെ താളത്തിനനുസരിച്ച്, സ്ത്രീകൾ നൃത്തം ചെയ്യാൻ തുടങ്ങി. പ്രത്യേക താളക്രമമില്ലെങ്കിലും അവരുടെ നൃത്തത്തിനു ഭംഗിയുണ്ടായിരുന്നു. ഞാനതിൽ ലയിച്ചു. പത്തു മിനിറ്റോളം ചൗഡേശ്വരി ക്ഷേത്രത്തിനു മുന്നിൽ നൃത്തമാടിയ ശേഷം വാദ്യങ്ങളും സ്ത്രീകളും അമ്പലം വലംവച്ച് പാതയിലേക്കിറങ്ങി. ഞാൻ നോട്ടം പിൻ‌വലിച്ചു.

സെറിബ്രൽ പാൾസിയുള്ള കുഞ്ഞു റിയ കരയാൻ തുടങ്ങി. ഞാൻ റിയയുടെ വീൽചെയർ ഉന്തി പുറത്തേക്കു നടന്നു. റോഡിലൂടെ പായുന്ന വാഹനങ്ങൾ കണ്ടതോടെ റിയ ശാന്തയായി. റിയ അങ്ങിനെയാണ്. എപ്പോഴും ആരെങ്കിലും കൂടെ വേണം, ആരെങ്കിലും സംസാരിച്ചു കൊണ്ടിരിക്കണം. റിയ ശബ്ദങ്ങൾ ഇഷ്ടപ്പെടുന്നു. സാബി ജനലുകളും പുസ്തകങ്ങളും ഇഷ്ടപ്പെടുന്നു. അരുണിനു പേപ്പർഷീറ്റുകളോടാണ് ഭ്രമം. മനസ്സൊരു പ്രഹേളികയാണെന്നത് നോവലിലും സിനിമയിലും കഥാപാത്രങ്ങൾ പറയുന്ന വെറുമൊരു ഡയലോഗ് അല്ല എന്നെ സംബന്ധിച്ച്. എനിക്കതൊരു നേർ അനുഭവമാണ്.

ഞാൻ റിയയ്‌ക്കു അരുകിൽ നിന്ന് അല്പം മാറിനിന്നു. ജനലിനു അപ്പുറം തെറാപ്പി ക്ലാസ്റൂമാണ്. സ്കൂൾ വിട്ട് പത്തോളം കുട്ടികൾ വന്നുകഴിഞ്ഞു. അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന അഞ്ജുവിനെ ഞാൻ സാകൂതം നോക്കിനിന്നു. ഒന്നര വർഷത്തെ പരിചയത്തിനു ഇന്നു വിരാമമാവുകയാണ്. അക്കാര്യം മനസ്സിനെ സാരമായി അലട്ടി. ഞാൻ വാട്ട്സാപ്പിൽ അഞ്ജുവിന്റെ പ്രൊഫൈൽ തുറന്ന് ഏതാനും വാക്കുകൾ ടൈപ്പ് ചെയ്‌തു. പക്ഷേ, പതിവ് പോലെ, അവസാനം അവ ഡിലീറ്റ് ചെയ്‌തു.

അഞ്ചുമണി ആയപ്പോൾ കുട്ടികളെ കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തി. പത്തു മിനിറ്റിനുള്ളിൽ ബൈക്കിലും ഓട്ടോയിലുമായി എല്ലാവരും സ്ഥലംവിട്ടു. അഞ്ജു പക്ഷേ തെറാപ്പി ക്ലാസ്റൂമിൽ തന്നെ തുടർന്നു. ഒന്നര വർഷത്തെ പതിവുചര്യ അവസാനിക്കുകയാണല്ലോ. അതിന്റ വൈകാരിക മുഹൂർത്തങ്ങൾ. ഞാൻ അതിനിടയിൽ ഒരു അസ്വാരസ്യമാകാൻ തുനിഞ്ഞില്ല. ആശംസകൾ എല്ലാം ഒരു മൃദു ഷേക്ക്‌ഹാൻഡിൽ ഒതുക്കി സ്കൂളിന്റെ പടി കടന്നു.

ബസ്‌സ്റ്റോപ്പിലേക്കു പോകുമ്പോൾ, ശ്മശാനത്തിന്റെ ഗേറ്റിനു മുന്നിൽ വൃദ്ധനെ കണ്ടു. തുറന്നു കിടക്കുന്ന ഗേറ്റിലൂടെ ശ്മശാനത്തിന്റെ ഉൾഭാഗത്തേക്കു നിൻനിമേഷനായി നോക്കിനിൽക്കുകയാണ് അദ്ദേഹം. രാവിലെ വന്ന ശവമഞ്ചയാത്രയുടെ തിരുശേഷിപ്പുകളായി, പാതയോരത്തും ഗേറ്റിനരുകിലും വാടിയ പൂക്കൾ ചിതറിക്കിടന്നിരുന്നു. ഞാൻ വൃദ്ധനെ ഗൗനിക്കാതെ കടന്നുപോയി. റിംഗ് റോഡിലേക്കുള്ള വളവിൽ കൈനോട്ടക്കാരൻ ഉണ്ട്. പലപ്പോഴും മാടിവിളിക്കാറുള്ള വ്യക്തി ഇത്തവണ കണ്ടഭാവം നടിച്ചില്ല. എന്നിലുള്ള പ്രതീക്ഷ അദ്ദേഹത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. അങ്ങിനെ പാടില്ല. ഒരു വ്യക്തിയും എന്നിൽ അവിശ്വാസം രേഖപ്പെടുത്തരുത്. എന്നെക്കുറിച്ചുള്ള ന്യായമായ പ്രതീക്ഷകൾക്കൊത്ത് ഉയരേണ്ടത് എന്റെ കടമയാണ്.

ഞാൻ കൈനോട്ടക്കാരന്റെ മുന്നിൽ ഇരുന്നു. അദ്ദേഹത്തിന്റെ സംശയങ്ങൾക്കു അറുതി വരുത്താൻ ഒരു നൂറ്‌രൂപ നോട്ട് എടുത്തു മുന്നിൽവച്ചു. പിന്നെ ഭാവിയുടെ താഢനങ്ങൾക്കു വിധേയനാകാൻ തയ്യാറായി,  വലതു കൈപ്പത്തി മുന്നോട്ടു നീട്ടി.

ഞാൻ കരുതിയത് എന്റെ കൈ നോക്കി കൈനോട്ടക്കാരൻ വാചാലനാകുമെന്നും, കുറേ നല്ല കാര്യങ്ങൾ പറയുമെന്നുമാണ്. എന്നാൽ അതുണ്ടായില്ല. കൈനോട്ടക്കാരൻ ഒരു മിനിറ്റോളം എന്റെ കൈപ്പത്തിയിൽ നിർവികാരനായി നോക്കിയിരുന്നു. പിന്നെ കന്നഡയിൽ എന്തോ പിറുപിറുത്തു കൊണ്ട് കൈ നോക്കുന്നത് നിർത്തി. അദ്ദേഹം പറഞ്ഞത് എനിക്കു മനസ്സിലായിരുന്നില്ല. അതന്വേഷിക്കാൻ തുനിയുമ്പോൾ അദ്ദേഹം ഫലം ഒറ്റവാക്കിൽ പറഞ്ഞു. – Loser!

ഓവർബ്രിഡ്ജ് കയറിയിറങ്ങി  ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ ഞാൻ സ്കൂൾ പ്രാർത്ഥന മനസ്സിൽ ഈണത്തിൽ ഉരുവിട്ടു.


അഭിപ്രായം എഴുതുക