ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബുദ്ധ ബുക്ക്സ് (അങ്കമാലി) പ്രസിദ്ധീകരിച്ച ‘ആർഷദർശനങ്ങൾ‘ എന്ന എന്റെ പുസ്തകത്തിലെ അദ്ധ്യായമാണ് ഇത്. പുസ്തകം വാങ്ങാൻ 9446482215 എന്ന നമ്പറിൽ ബന്ധപ്പെടുക. OR ആമസോണിൽ നിന്നു വാങ്ങാൻ, ഫ്ലിപ്‌കാർട്ടിൽ നിന്നു വാങ്ങാൻ.


അഞ്ചാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ദൈവങ്ങൾക്കു സർവ്വസാധാരണമായി കൽപ്പിച്ചു നൽകാറുള്ള മൂന്ന് ഗുണങ്ങളാണ് സർവ്വവ്യാപി (Omnipresent), സർവ്വജ്ഞാനി (Omniscient), സർവ്വശക്തൻ (Omnipotent), എന്നിവ. ഇവയെ ത്രൈഗുണങ്ങൾ എന്നു വിളിക്കാം. ഭാരതത്തിൽ ഋഗ്‌വേദകാലം മുതലേ ദൈവങ്ങൾക്കു ത്രൈഗുണങ്ങൾ കല്പിച്ചു പോന്നിട്ടുണ്ട്. മഹായാന ബുദ്ധിസത്തിൽ ശ്രീബുദ്ധനും ത്രൈഗുണങ്ങൾ ഉണ്ട്. ത്രൈഗുണങ്ങൾ ഇല്ലാത്ത ദൈവം, ദൈവമാകില്ലെന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി.

ദൈവങ്ങൾക്കു ത്രൈഗുണങ്ങൾ നൽകപ്പെട്ടത് സ്വാഭാവിക പ്രക്രിയയിലൂടെയാണ്. വ്യാപ്തി, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളിൽ രണ്ടാമത്തേത് ഒന്നാമത്തേതിന്റേയും, മൂന്നാമത്തേത് രണ്ടാമത്തേതിന്റേയും ഉപോൽപ്പനമാണ്. ദൈവം എല്ലായിടത്തുമുണ്ട് എന്നത് പ്രാഥമികമായ ഒരു വിശ്വാസമാണ്. എല്ലായിടത്തും ഉള്ളതിനു എല്ലാ ജ്ഞാനവും ഉണ്ടാകാതെ തരമില്ല. എല്ലാ ജ്ഞാനവും ഇല്ലെങ്കിൽ സർവ്വവ്യാപി എന്ന ഗുണം തന്നെ സംശയത്തിന്റെ നിഴലിലാകുമല്ലോ. അതിനാൽ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതിനു എല്ലാ ജ്ഞാനവും ഉണ്ടായേ തീരൂ.

സർവ്വശക്തൻ എന്ന മൂന്നാമത്തെ ഗുണം സർവ്വജ്ഞാനത്തിന്റെ ഉപോല്പന്നമാണ്. ജ്ഞാനം സ്വതമായ നിലയിൽ ഗുണപ്രദമായേക്കണമെന്നില്ല. മറിച്ച് ജ്ഞാനം പ്രായോഗികമായി ഉപയോഗിക്കപ്പെട്ട് ഉദ്ദേശിച്ച ഫലം നൽകണം. അപ്പോൾ മാത്രമേ ജ്ഞാനം കൊണ്ടു പ്രയോജനമുള്ളൂ. പ്രാവർത്തികമാക്കാൻ കഴിയാത്ത സർവ്വജ്ഞാനം കൊണ്ട് എന്തു പ്രയോജനം? അതിനാൽ സർവ്വജ്ഞാനം പ്രായോഗികമായി ഫലം ചെയ്യണമെന്നു വരുന്നു. സ്വാഭാവികമായും ഇതു ദൈവം സർവ്വശക്തനാണെന്ന ഗുണത്തിലേക്കു നയിക്കും. സർവ്വജ്ഞാനമുള്ള ദൈവം ഭക്തന്റെ എല്ലാ ആഗ്രഹവും നിവർത്തിച്ചു കൊടുക്കുവാൻ തക്ക ശക്തനാണെന്നു സാരം. ദൈവത്തിനുള്ള ത്രൈഗുണങ്ങൾ ഇതുപോലെ പരസ്പര ബന്ധിതമാണ്. പക്ഷേ…

സത്യത്തിൽ ദൈവത്തിനു ഗുണങ്ങൾ ഉണ്ടാകാമോ? ത്രൈഗുണങ്ങൾ പോയിട്ട് ഒരു ഗുണമെങ്കിലും ദൈവത്തിനുണ്ടെന്നു പറയാമോ?

ദൈവത്തിനുള്ള ഗുണങ്ങൾ ദൈവമല്ലാത്ത സാധാരണ മനുഷ്യർ എങ്ങിനെയാണ് മനസ്സിലാക്കുക? ദൈവവും മനുഷ്യനും വ്യത്യസ്ത നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യൻ പ്രകൃതിലോകത്തിലും, ദൈവം പ്രകൃത്യാതീത തലത്തിലും. പ്രകൃതിയിലുള്ള വസ്തുക്കളെ അവയുടെ ഗുണങ്ങൾ വഴി മനുഷ്യൻ മനസ്സിലാക്കുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഗുണങ്ങൾ വഴി മനുഷ്യനു മനസ്സിലാക്കാൻ പറ്റുന്നതെന്തും പ്രകൃതിലോകത്തിലായിരിക്കേണ്ടതുണ്ട്. പ്രകൃതിലോകത്തെ അതിജീവിച്ച് ദൈവം സ്ഥിതി ചെയ്യുന്ന പ്രകൃത്യാതീത ലോകത്തിലേക്കു മനുഷ്യൻ എത്താത്തിടത്തോളം, മനുഷ്യനു ഗുണങ്ങൾ വഴി മനസ്സിലാക്കാൻ പറ്റുന്നതെന്തും പ്രകൃതിലോകത്തിലുള്ള വസ്തുക്കളെ മാത്രമായിരിക്കും. സ്വാഭാവികമായും പ്രകൃത്യാതീത ലോകത്തിലുള്ള ദൈവം അപ്പോൾ മനുഷ്യനു അപ്രാപ്യമാണ്. അതിനാൽ, ദൈവത്തിനുള്ള ത്രൈഗുണങ്ങൾ മനുഷ്യൻ മനസ്സിലാക്കി എന്നു പറഞ്ഞാൽ അതിനർത്ഥം ദൈവം പ്രകൃത്യാതീത ശക്തിയല്ല, മറിച്ചു പ്രകൃതിലോകത്തിൽ സ്ഥിതി ചെയ്യുന്ന ഒന്നാണ് എന്നാണ്. ‘ദൈവം’ അപ്പോൾ ദൈവം അല്ലാതാകും. പ്രകൃതിലോകത്തിൽ വസിക്കുന്ന മനുഷ്യനു ദൈവത്തെ പറ്റി ഒന്നും മനസ്സിലാക്കാൻ പറ്റില്ല[1]. ദൈവത്തിന്റെ ഒരു ഗുണം പോലും! ഈ ഗുണങ്ങളില്ലാത്ത (നിർഗുണ) ദൈവമായിരിക്കണം യഥാർത്ഥ ദൈവം. ഗുണങ്ങളുള്ള മറ്റു ദൈവങ്ങളെല്ലാം നിർഗുണമായ ദൈവത്തിനു കീഴെയായിരിക്കും സ്ഥിതി ചെയ്യുക[2].

Read More ->  ഹിന്ദുമതത്തിന്റെ ആധാര തത്ത്വം

ചുരുക്കത്തിൽ, ത്രൈഗുണങ്ങളുള്ള ദൈവം പരമമായ ദൈവമാകുന്നത് യുക്തിക്ക് നിരക്കുന്നതല്ല. പരമമായ ദൈവത്തിനു ഒരു ഗുണവും ഉണ്ടാകാൻ പറ്റില്ല.

സംതൃപ്തനെങ്കിൽ എന്തിനു പ്രവൃത്തി ചെയ്യുന്നു:-

ദൈവം എല്ലാ അർത്ഥത്തിലും പരിപൂർണതയുള്ളതാണ് എന്നാണ് വിവക്ഷ. ഏതെങ്കിലും തരം അപൂർണതയോ അസംതൃപ്തിയോ ദൈവത്തിൽ ആരോപിക്കാൻ കഴിയില്ല. അങ്ങിനെയൊരു ആരോപണം സത്യമായാൽ പിന്നെ ‘ദൈവം’ ദൈവമാകില്ലല്ലോ. അതിനാൽ ദൈവത്തിനെ എല്ലാ തരത്തിലും പൂർണതയുള്ള ഒന്നായി കാണണം. കാര്യം ഇങ്ങിനെയെങ്കിൽ ദൈവത്തിനു എന്തെങ്കിലും പ്രവൃത്തി ചെയ്യാൻ പറ്റുമോ? ദൈവം പ്രവൃത്തി ചെയ്യുന്നെങ്കിൽ, ആ പ്രവൃത്തി/ഉദ്യമം ദൈവത്തിന്റെ അസംതൃപ്തിക്കും, തദ്വാരാ അപൂർണതക്കും തെളിവാവില്ലേ? ഏതൊരു പ്രവൃത്തിയും ദൈവത്തിന്റെ തന്നെ ദിവ്യത്വത്തിനു ഭീഷണിയല്ലേ?

എല്ലാ പ്രവൃത്തിക്കു പിന്നിലും ഒരു ചോദന അടിസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. ചോദനയില്ലാതെ പ്രവൃത്തി അസാധ്യമാണ്. ചോദനയാണ് ഓരോ പ്രവൃത്തിയുടേയും അടിസ്ഥാനം. എന്തെങ്കിലും ഒന്ന് നിർവഹിക്കപ്പെടാനുണ്ടെങ്കിൽ ഉടനെ ഒരു ചോദന ഉയരുകയും, അത് നിർവാഹകനെ പ്രവൃത്തിയിലേക്കു നയിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ഒരാൾ ചെയ്യുന്ന പ്രവൃത്തികൾ, അയാളിലെ ഇനിയും നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങളെ വെളിച്ചത്തു കൊണ്ടുവരും. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ എല്ലാ വിധത്തിലും പൂർണനും തൃപ്തനുമായ ദൈവം എന്തിനു പ്രവൃത്തി ചെയ്യണം? ഉത്തരം ലളിതമാണ്. ദൈവം പ്രവൃത്തി ചെയ്യുന്നുവെങ്കിൽ ദൈവത്തിൽ ‘ഇനിയും നിറവേറ്റപ്പെടാത്ത’ ആഗ്രഹങ്ങൾ ഉണ്ട്!

കുഴപ്പിക്കുന്ന ചോദ്യം ഇനിയാണ് വരുന്നത്. നിറവേറ്റപ്പെടാനുള്ള ഒരു ആഗ്രഹപൂരണത്തിനായി പ്രവൃത്തി ചെയ്യുന്ന ദൈവം എങ്ങിനെയാണ് ദൈവം ആവുക? ദൈവം ചെയ്യുന്ന ഓരോ പ്രവൃത്തിയും[3] ‘ദൈവ’ത്തിന്റെ തന്നെ അപൂർണ്ണതക്കും അസംതൃപ്തിക്കും തെളിവായാൽ പിന്നെ ആരാണ് ദൈവം? ചുരുക്കത്തിൽ പ്രവൃത്തി (പ്രപഞ്ചസൃഷ്ടി ഉൾപ്പെടെയുള്ള എന്തു പ്രവൃത്തിയും) ചെയ്യുന്ന ദൈവം പൂർണതയുള്ള ദൈവമല്ലെന്നു വരും[4]. അങ്ങിനെ ‘ദൈവം’ ദൈവം അല്ലാതാവുകയും ചെയ്യും.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നത് ഇത്തരത്തിൽ നോക്കിയാൽ അസാധ്യമാണ്. സൃഷ്ടി കർമ്മം ഒരു പ്രവൃത്തിയാണ്, മാനസികമായാലും ശാരീരികമായാലും. അതിനു പിന്നിൽ ഒരു ചോദന ഉണ്ടായേ തീരൂ. നിറവേറ്റപ്പെടാത്ത ഒരു ചോദന പേറുന്ന ദൈവം, ദൈവമേയല്ല.

ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടിക്കു എതിരെ വേറെയും വാദങ്ങളുണ്ട്. ഒന്നുമില്ലായ്ക-യിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കാമെങ്കിൽ പിന്നെ ഒന്നുമില്ലായ്ക-യിൽ നിന്ന് എല്ലാം ഉണ്ടാക്കാം. പക്ഷേ ഇത് നമ്മുടെ അനുഭവ പരിചയങ്ങൾക്കു വിരുദ്ധമാണ്. നമുക്കു അനുഭവവേദ്യമായ ലോകത്തിൽ ഒന്നുമില്ലായ്ക-യിൽ നിന്ന് എന്തെങ്കിലും ഉണ്ടായ ചരിത്രമില്ല. മറിച്ചു ചിലതിൽ നിന്ന് ചിലത് മാത്രമേ ഉണ്ടാകുന്നുള്ളൂ. അവയാകട്ടെ കാര്യ-കാരണ നിയമങ്ങളാൽ (Causal Laws) കർശനമായി നിയന്ത്രിക്കപ്പെട്ടുമിരിക്കുന്നു. ചുരുക്കത്തിൽ ഒന്നുമില്ലായ്ക-യിൽ നിന്ന് എന്തെങ്കിലും ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. യുക്തിയില്ലാത്ത വാദമാണത്.

പ്രപഞ്ചം ഒരു പരമമായ ശക്തി സൃഷ്ടിച്ചതാണ് എന്നത് പ്രതിരോധിക്കാൻ പറ്റാത്ത വാദമാണ്.  പ്രപഞ്ചത്തിനു ഉൽഭവമില്ലെന്നു കരുതുന്നതാണ് ഏറെ യുക്തം[5]. ഉൽഭവമില്ലാത്തതിനാൽ പ്രപഞ്ചത്തിനു നാശവും ഇല്ല.

ഏഴാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


[1] ചോദ്യോത്തര രീതിയിൽ ഇതിനെ താഴെയുള്ള വിധം സൂചിപ്പിക്കാം.

ചോദ്യം: ആരാണ് പരമാർത്ഥ സത്യത്തിന്റെ പ്രകൃതത്തെ പറ്റി സിദ്ധാന്തിക്കുന്നത്?

ഉത്തരം: മനുഷ്യൻ.

ചോദ്യം: പരമാർത്ഥ സത്യവുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യന്റെ പ്രകൃതം എന്താണ്?

ഉത്തരം: മനുഷ്യൻ അപൂർണനും പരിമിതികൾ ഉള്ളവനുമാണ്.

ചോദ്യം: എന്തിനെപ്പറ്റിയാണ് മനുഷ്യൻ സിദ്ധാന്തിക്കാൻ തുനിയുന്നത്?

ഉത്തരം: പരമാർത്ഥ സത്യത്തെ പറ്റി.

ചോദ്യം: മനുഷ്യനുമായി തട്ടിച്ചു നോക്കുമ്പോൾ എന്താണ് പരമാർത്ഥ സത്യത്തിന്റെ പ്രകൃതം?

Read More ->  പഞ്ചഭൂതങ്ങൾ ഭാരതീയ - ഗ്രീക്ക് ദർശനങ്ങളിൽ

ഉത്തരം: പരമാർത്ഥ സത്യം പൂർണത മാത്രമാണ്. യാതൊരു പരിമിതികളും അതിനില്ല.

ചോദ്യം: അങ്ങിനെയെങ്കിൽ, പരിമിതികളുള്ള മനുഷ്യൻ എങ്ങിനെയാണ് പരിമിതികളില്ലാത്ത പരമാർത്ഥ സത്യത്തിന്റെ പ്രകൃതത്തെ പറ്റി സിദ്ധാന്തിക്കുക?

ഉത്തരം: സിദ്ധാന്തിക്കൽ സാധ്യമല്ല.

ചോദ്യം: എന്തുകൊണ്ട്?

ഉത്തരം : മനുഷ്യനും പരമാർത്ഥ സത്യവും രണ്ട് വ്യത്യസ്ത തലത്തിലാണ് നിലനിൽക്കുന്നത്. അതിനാൽ മനുഷ്യനു പരമാർത്ഥ സത്യത്തെ പറ്റി ഒന്നും ആശയവൽക്കരിക്കാൻ സാധ്യമല്ല.

[2] പരിപൂർണമായ ഒരു ധർമ്മധാരയിൽ പരമാർത്ഥ സത്യത്തിനു രണ്ട് തലങ്ങൾ ഉണ്ടായിരുന്നേ മതിയാകൂ. ഒന്ന് പരമ യാഥാർത്ഥ്യമായ തലം. രണ്ടാമത്തേത് പരമ യാഥാർത്ഥ്യത്തിനു തൊട്ടു താഴെയുള്ള തലം. ആദ്യത്തേത് അജ്ഞാനമുള്ള ഭക്തന്റെ ബുദ്ധിശക്തിക്കും ഇന്ദ്രിയങ്ങൾക്കും അപ്പുറമുള്ള ബോധതലവും, രണ്ടാമത്തേത് അജ്ഞാനമുള്ള ഭക്തന്റെ ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും വഴങ്ങുന്ന ബോധതലവുമാണ്.

[3] ശാരീരികമായ പ്രവൃത്തി മാത്രമല്ല, മാനസികമായ പ്രവൃത്തിയും ഇതിൽ ഉൾപ്പെടും.

[4] “Some others say that creation is for the enjoyment (of God), while still others say that it is for (His) disport. But it is the very nature of the Effulgent Being (for) what desire can One have whose desire is ever fulfilled?”

—  Mandukya Upanishad, Agama Prakarana.

[5] “He said, ‘O good looking one, by what logic can existence verily comes out of non-existence? But surely, O good looking one, in the beginning all this was existence, One only, without second.” – Chandogya Upanishad. VI.2.2

“Something does not come out of nothing, for this does not accord with experience… And (if something can come out of nothing, then) on the same ground, success should come even to the indifferent people” – Brahma Sutra Bhashya of Sankaracharya. II.ii.26-27

“For the lord there can be no creatorship, for that leads to incongruity. And (the incongruity arises) because of the impossibility of a relationsip. And (the position is untenable) because of the impossibility of (Nature) coming under (His) direction. Should it be argued that God will direct Natuer like that (a man directing) the organs, then it cannot be so, for that will result in God’s having experiences (of happiness, sorrow etc.)”

— Brahma Sutra Bhashya of Sankaracharya. II.ii.37-40  

Featured Image credit: – https://www.extremetech.com/extreme/179768-the-moons-real-age-is-finally-revealed-but-the-mystery-of-earths-tardy-development-lives-on

അഭിപ്രായം എഴുതുക