അദ്ധ്യായം 4 — ഒഴിഞ്ഞ ഇടങ്ങൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


മൂന്നാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കോളേജ്-പോളിടെക്നിക്ക് പഠനകാലത്ത് ഞാൻ ഉപയോഗിച്ചിരുന്ന എല്ലാ നോട്ടുബുക്കുകളിലും കൗതുകകരമായ ഒന്നുണ്ടായിരുന്നു. എന്റെ പുസ്തകത്തിൽ മാത്രമല്ല, സാധാരണ അക്കാദമിക് സ്ഥാപനങ്ങളിൽ പഠിച്ച, ശ്രവണന്യൂനതയുള്ള മിക്കവരുടേയും നോട്ടുബുക്കിൽ ഈ പ്രത്യേകത കാണാനാകും. അതായത്… പുസ്തകത്തിന്റെ വലതുവശത്തു വരുന്ന എല്ലാ പേജുകളുടേയും അവസാന ഭാഗത്ത്, അല്ലെങ്കിൽ ഇടതുവശത്തെ പേജിന്റെ തുടക്കത്തിൽ, ഒന്നോ രണ്ടോ വരികൾ എഴുതാതെ ഒഴിഞ്ഞുകിടപ്പുണ്ടാകും; അല്ലെങ്കിൽ അവിടെ കുനുകുനെ എഴുതി നിറച്ചിട്ടുണ്ടാകും! എന്തുകൊണ്ടാണ് ഇങ്ങിനെ?

കാര്യം ലളിതമാണ്. ശ്രവണന്യൂനതയുള്ളവരിൽ പലരും അടുത്തിരിക്കുന്ന കുട്ടിയുടെ നോട്ടുബുക്കിൽ നോക്കി പകർത്തി എഴുതുകയാണ് സാധാരണ ചെയ്യുക. ടീച്ചർ പറഞ്ഞുതരുന്ന നോട്ട്സ് കുറേയൊക്കെ കേൾക്കാൻ കഴിഞ്ഞാൽ തന്നെയും ചില വാക്കുകൾ അവർക്കു മിസാകും. അത് തീർച്ചയാണ്. അപ്പോൾ അവരുടെ മുഖം അടുത്തിരിക്കുന്ന വിദ്യാർത്ഥിയുടെ പുസ്തകത്തിലേക്കു തിരിയും. നിങ്ങൾക്കറിയുമോ… ഞാൻ അധ്യാപകരുടെ നോട്ടുകൾ കേട്ട് എഴുതുകയല്ലായിരുന്നു, മറിച്ച് പകർത്തി എഴുതുകയായിരുന്നു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ഞാൻ നോക്കി എഴുതിയിരുന്നത് ജെസിൻ അരീക്കാട്ട്, രാജു ജോർജ്ജ് എന്നിവരുടെ നോട്ടുബുക്കിൽ നോക്കിയായിരുന്നെങ്കിൽ, കല്ലേറ്റുംകര പോളിടെക്നിക്കിൽ അവരുടെ റോൾ സുധീർ വിളയിലക്കോട്, നിഗിൽ നാരായൺ, ശ്രീജിത് ലോഹിത് എന്നിവർ ഏറ്റെടുത്തു. അവർ എന്റെ കാതുകളായിരുന്നു അന്ന്. അവർക്കു പിഴച്ചാൽ എനിക്കും പിഴയ്ക്കുമായിരുന്നു.

പകർത്തിയെഴുത്തിന്റെ പ്രശ്നമെന്തെന്നാൽ, നമുക്ക് കേട്ടെഴുതുന്നവന്റെ ഒപ്പം എഴുത്തിൽ മുന്നേറാൻ പറ്റില്ല. നാം എപ്പോഴും അല്പം പിന്നിലായിരിക്കും. അതുകൊണ്ട് കേട്ടെഴുതുന്നവൻ, എഴുത്ത് തുടരാൻ പേജ് മറിക്കുമ്പോൾ, നമ്മളും (എഴുത്ത് പൂർത്തിയായില്ലെങ്കിൽ കൂടിയും) പേജ് മറിക്കാൻ നിർബന്ധിതരാകും. അപ്പോൾ, മുൻപേജിൽ എഴുതി പൂർത്തിയാകാത്തത്, പിന്നീട് എഴുതിച്ചേർക്കാൻ കുറച്ചു വരികൾ വെറുതെയിടും. മിക്കവാറും ഇത് വലതുവശത്തെ പേജിന്റെ അവസാന ഭാഗത്തായിരിക്കും. അല്ലെങ്കിൽ ഇടതുപേജിന്റെ ആദ്യഭാഗത്ത്. പിന്നീട്, ഇടവേള സമയത്തോ ഉച്ചയ്ക്കോ, എഴുതാൻ സാധിക്കാതിരുന്ന നോട്ട്സ് പകർത്തി എഴുതുമ്പോൾ, ഒന്നുകിൽ ഒഴിച്ചിട്ട ഭാഗത്ത് ഒന്നോ രണ്ടോ വരി ബാക്കിയാകും, അല്ലെങ്കിൽ ഒഴിച്ചിട്ട ഭാഗം പോരാതെയാകും. എന്റെ പുസ്തകത്തിലെ മിക്ക പേജിലും ഒഴിഞ്ഞ വരികളാണുള്ളത്. ഇത്തരത്തിലുള്ള ‘ഒഴിഞ്ഞ ഇടങ്ങൾ’ എന്റെ ജീവിതത്തിന്റെ നേർപ്രതിഫലനമാണ്. അവ ഞാൻ അക്കാലത്ത് അനുഭവിച്ച ദൈന്യതയെ സൂചിപ്പിക്കുന്നു.

എന്റെ നോട്ടുബുക്കുകൾക്കും ധാരാളം കഥകൾ പറയാനുണ്ട്.

***********

എന്റെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ കുറിച്ച് ഞാൻ തീർത്തും സ്മരിക്കാറില്ല. അവഗണിക്കത്തക്ക വിധം അപ്രധാനമായ കാലമാണിതെന്ന് കരുതരുത്. മറിച്ച്, എല്ലാവരും ഓർമിക്കാൻ ഇഷ്ടപ്പെടുന്ന കാലമാണ് ഞാൻ മാത്രം ഒഴിവാക്കി വിടുന്നത്. ഈ ഒഴിവാക്കൽ മനപ്പൂർവ്വമല്ല. മറിച്ച്, എന്നിലെ ബോധവ്യവസ്ഥ ഈ കാലഘട്ടത്തെ അവഗണിക്കാൻ തക്ക രീതിയിൽ എങ്ങിനെയോ സജ്ജീകരിക്കപ്പെട്ടിരിക്കുകയാണ്. അതായത്, ഈ ഒഴിവാക്കൽ ഒരു അനൈശ്ചിക പ്രവൃത്തിയാണെന്നു പറയാം. സ്വേശ്ചയോടെ, ബോധ്യത്തോടെ അല്ലാത്ത പ്രവൃത്തി.

Categorical Imperative-നെ കുറിച്ചു സിദ്ധാന്തിച്ചത് ഇമ്മാനുവേൽ കാന്റ് ആണ് (Immanuel Kant). മോറലിറ്റിയെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ Critique of Practical Reason എന്ന ഗ്രന്ഥത്തിൽ ഈ ആശയം വെളിവാക്കിയിരിക്കുന്നു. മോറലിറ്റിയുമായി ബന്ധപ്പെട്ട നമ്മുടെ പ്രവൃത്തികൾ, ഒരു ‘ആജ്ഞ’യുടെ ഫലം പോലെയാണ് നമ്മിൽ പ്രവർത്തിക്കുന്നതെന്നും, അന്തിമഫലം അനുകൂലമായാലും പ്രതികൂലമായാലും (ആജ്ഞയുടെ സ്വാധീനം മൂലം) നമ്മുടെ പ്രവർത്തികൾ നാം ചെയ്യേണ്ട രീതിയിൽ ചെയ്യുമെന്നുമാണ് Categorical Imperative പറയുന്നത്. നമുക്ക് നല്ല ഫലം സിദ്ധിക്കുന്ന മോറൽ കാര്യങ്ങളേ നാം ചെയ്യൂ എന്നില്ലെന്നു സാരം. എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാൻ ഓർക്കാതെ ഒഴിവാക്കുന്ന കാര്യം/ഘടകങ്ങൾ മോറാലിറ്റിയുമായി ബന്ധമുള്ളതല്ല. പക്ഷേ, അവ ‘ഒഴിവാക്കിയേ തീരൂ’ എന്ന ദൃഢനിശ്ചയം, Categorial Imperative-ലെ ഒരു ആജ്ഞ പോലെയാണ് എന്നിൽ പ്രവർത്തിക്കുന്നത്. തന്മൂലം, ഞാൻ മനഃപ്പൂർവ്വം ഓർമിക്കാൻ തുനിഞ്ഞാലേ, ദൈനംദിന വ്യവഹാരങ്ങളിൽ അത്തരം ഓർമകൾ കടന്നു വരാറുള്ളൂ.

കോളേജ് പഠനകാലത്തെ പറ്റിയാണ് ഞാൻ പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരസുരഭില കാലം. കോളേജ് ലൈഫ് ഏറെക്കുറെ എല്ലാവർക്കും വളരെ വർണാഭമായിരിക്കും. ആരും ഓർക്കാതിരിക്കാൻ ഇഷ്ടപ്പെടുന്നതല്ല ആ ദിനങ്ങൾ. പക്ഷേ എന്നിൽ അത് നേർവിപരീതമാണ്. ഞാൻ മറവിയിൽ തള്ളാൻ ഏറ്റവും ആഗ്രഹിക്കുന്നത് രണ്ട് വർഷം നീണ്ട കോളേജ് ലൈഫാണ്. ഇതൊരു തരം Categorical Imperative ആയി എന്നിൽ പ്രവർത്തിക്കുന്നുമുണ്ട്. കോളേജ് കാലത്തെ കുറിച്ച് ഓർക്കരുതെന്ന നിശ്ചയം ഒരു ആജ്ഞ പോലെ എന്നിൽ എപ്പോഴും പാലിക്കപ്പെടുന്നു. നിർബന്ധപൂർവ്വം ശ്രദ്ധ അങ്ങോട്ടു വച്ചാലേ, മനസ്സ് കോളേജ് ലൈഫിലേക്കു എത്തി നോക്കാൻ താല്പര്യപ്പെടാറുള്ളൂ. അതാണെങ്കിൽ ഏറെ സമയം നീണ്ടു നിൽക്കുകയുമില്ല. കാരണം, നല്ലതൊന്നുമില്ല അവിടെ ഓർമിക്കാൻ.

Read More ->  അദ്ധ്യായം 6 -- ഹോളിസ്റ്റിക് ചികിൽസ

            ഞാൻ ഫസ്റ്റ് ഗ്രൂപ്പിൽ ചേർന്നു ഫിസിക്സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി., തുടങ്ങിയ പ്രമുഖ വിഷയങ്ങൾ പഠിച്ചു. തെർമോഡൈനാമിക്സ്, റേ ഓപ്റ്റിക്സ്, ഇന്റഗ്രൽ കാൽക്കുലസ്, ഹൈഡ്രോകാർബൺ സംയുക്തങ്ങൾ, കുറേ കെമിക്കൽ സൂത്രങ്ങൾ., എന്നിവ ഹൃദിസ്ഥമാക്കി. രണ്ടു വർഷവും പഠിക്കാൻ വളരെ ബുദ്ധിമുട്ടിയെങ്കിലും, ലൈബ്രറിയുടെ സഹായത്തോടെയുള്ള സ്വയംപഠനം വഴി നില മെച്ചപ്പെടുത്തി. പ്രിഡിഗ്രി ഫസ്റ്റ് ക്ലാസോടെ പാസാകാനുള്ള പ്രധാന കാരണം ക്ലാസ് മുറിയിൽ നിന്നു ലഭിച്ച പരിശീലനമല്ല, മറിച്ച് ലൈബ്രറിയെ ആശ്രയിച്ചുള്ള സ്വയംപഠനമാണ്. ശ്രവണന്യൂനത മൂലം പ്രൊഫസർമാരുടെ ക്ലാസുകൾ എനിക്കു പൊതുവെ മനസ്സിലാകാറില്ലായിരുന്നു. പൂർണമായ ബ്ലാക്ക് ഔട്ട് അല്ല ഉദ്ദേശിച്ചത്. ക്ലാസുകൾ പഠനവിഷയങ്ങളെ അവ്യക്തമായേ എന്നിലേക്കു കടത്തിവിട്ടുള്ളൂ. അതാണ് സത്യം. പഠനഭാഗങ്ങൾക്കു തെളിമ വരിക ലൈബ്രറിയിൽ വച്ച്, റഫറൻസ് ഗ്രന്ഥങ്ങളുടെ സഹായത്തോടെയുള്ള പഠനം വഴിയാണ്. വാചികമായ ലക്ചറുകളേക്കാൾ, ലിഖിതരൂപത്തിലുള്ള അക്ഷരങ്ങളാണ് എനിക്ക് അറിവേകി തണൽ നൽകിയത്. എന്റെ പിൽക്കാല ജീവിതത്തിലും ഈ രീതി തുടർന്നു.

            കോളേജ് ലൈഫ് തീരെ മനുഷ്യപ്പറ്റില്ലാതെ, നിർദ്ദയമായാണ് എന്നെ കൈകാര്യം ചെയ്തത്. ശ്രവണ-സംസാര പ്രശ്നമുള്ള ഏവരേയും അത് അങ്ങിനെയേ കൈകാര്യം ചെയ്യൂവെന്ന് തോന്നുന്നു. ശ്രവണന്യൂനത ഉള്ളവർക്കു വീട്ടുകാർക്കിടയിലും നാട്ടുകാർക്കിടയിലും തോന്നാത്ത അന്യതാബോധവും നിസ്സഹായതയും കോളേജ് പോലുള്ള സാമൂഹിക ഇടങ്ങളിൽ തോന്നും. ഇതിന് പ്രധാന കാരണം സാമൂഹികമായി ഇടപെടുന്നതിനുള്ള പരിമിതിയും, മതിയായ സുഹൃത്തുകളുടെ അഭാവവുമാണ്. ജനിച്ചുവളർന്ന നാട്ടിൽ ഇത് പ്രശ്നമല്ലെങ്കിലും കലാലയം പോലുള്ള ഇടങ്ങളിൽ ഇത് നന്നായി പ്രതിഫലിക്കും. നമുക്ക് സ്വയം തന്നെത്താൻ ആശയവിനിമയം നടത്താനാകില്ല. രണ്ടാമതൊരാൾ കൂടിയേ തീരൂ. അതാണ് സുഹൃത്ത്. നമ്മൾ ഒരു കൂട്ടത്തിലെ അംഗമാണ് എന്നു സുഹൃത്തുക്കൾ നമ്മെ ബോധ്യപ്പെടുത്തുന്നു. സുഹൃത്തുക്കൾ ഇല്ലാതെ വരുമ്പോൾ നാം ആൾക്കൂട്ടത്തിൽ തനിച്ചാകും. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണിത്. അതിനാൽ, എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും ഏതാനും സുഹൃത്തുക്കൾ കൂടിയേ തീരൂ. എനിക്കതില്ലായിരുന്നു. വൈകലും എന്നെ അവരിൽനിന്നും, അവരെ എന്നിൽനിന്നും അകറ്റി നിർത്തി. വൈകല്യമില്ലാത്ത കുട്ടികൾക്കു വൈകല്യമുള്ള കുട്ടികളോടു ഇടപഴകാൻ വിമുഖത കണ്ടിട്ടുണ്ട്, പ്രത്യേകിച്ചും ശ്രവണ-സംസാര പ്രശ്നമുള്ളവരോട്. മനഃപ്പൂർവ്വമായ ഒരു ഒഴിച്ചുനിർത്തലോ അവഗണനയോ ആയി ഇതിനെ കാണേണ്ടതില്ല. നമുക്ക് പരിചിതമല്ലാത്ത, അസാധാരണ സാഹചര്യങ്ങളോടും വ്യക്തികളോടും നാം അടുപ്പം കാണിക്കില്ല എന്ന പൊതുതത്ത്വമാണ് ഇവിടെ പ്രവർത്തിക്കുന്നത്. എന്നെ ഒറ്റപ്പെടുത്തിയ ക്ലാസിലെ സഹപാഠികളെ കുറ്റപ്പെടുത്താനില്ലെന്ന് സാരം.

            കലാലയങ്ങൾ ശ്രവണവൈകല്യമുള്ള വിദ്യാർത്ഥികൾക്കു തീർക്കുന്നത് ഒറ്റപ്പെട്ട കമ്പാർട്ട്മെന്റുകളാണ്. എന്റെ കാര്യത്തിൽ അതായിരുന്നു സത്യം. മറ്റുള്ളവരെപ്പോലെയല്ല ഞാൻ എന്ന ബോധം കലാലയ ചുറ്റുപാടുകൾ എന്നിൽ ഊട്ടിയുറപ്പിച്ചു. കമ്പാർട്ടെമെന്റലൈസേഷനു എന്നിൽ അവിടെ തുടക്കമായി. അതിൽനിന്നു പുറത്തുകടക്കാൻ സുഹൃത്തുകൾ അവശ്യമായിരുന്നു. എന്നാൽ കോളേജിൽ എനിക്ക് സുഹൃത്തുക്കൾ തീരെ കുറവായിരുന്നു. ‘സൗഹൃദങ്ങൾ ഇല്ലായിരുന്നു’ എന്നു പറഞ്ഞാൽ കൂടി അതിൽ അതിശയോക്തിയില്ല. പക്ഷേ 1-2 പേരുകൾ അങ്ങിനെ തുറന്നു പറയുന്നതിൽ നിന്ന് എന്നെ വിലക്കുകയാണ്. ഞാനവരോടു അത്രമേൽ കടപ്പെട്ടിരിക്കുന്നു.

ആദ്യത്തേത്, എന്റെ സ്കൂൾ സഹപാഠിയാണ് – ശ്രീശോഭിൻ. സ്കൂളിലെ സഹപാഠികൾ ഒരേ കോളേജിൽ എത്തുമ്പോൾ, അവിടേയും സൗഹൃദം തുടരുന്നത് സ്വാഭാവികമാണല്ലോ. എനിക്ക് പ്രത്യേകം എടുത്തു പറയാനുള്ളത് രണ്ടാമത്തെ സൗഹൃദത്തെ കുറിച്ചാണ്. മാള സ്വദേശിയായ രാജേഷ് എന്ന സഹപാഠിയായിരുന്നു കോളേജിൽ അന്ന് എന്റെ ഏകസുഹൃത്ത്. കോളേജ് പഠനകാലത്ത് ഞാൻ സംസാരിച്ചിട്ടുള്ള വാക്കുകളിൽ മുക്കാൽഭാഗവും രാജേഷിനോടാണ്. അദ്ദേഹത്തിനു വേറേയും സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും, കൺവെട്ടത്ത് എന്നെ കണ്ടാൽ, അടുത്തെത്തി എന്തെങ്കിലും കുശലം ചോദിച്ചിട്ടേ വിടുമായിരുന്നുള്ളൂ. ഇക്കാരണത്താൽ, സംസാരിക്കാൻ ആരുമില്ലാതെ, ഒന്നാം നിലയോടു ചേർന്നു നിൽക്കുന്ന അരണമരങ്ങൾക്കരികെ നിൽക്കുമ്പോൾ, ഞാൻ പ്രതീക്ഷിച്ചിരുന്ന മുഖം രാജേഷിന്റേതായിരുന്നു. ക്ലാസുകൾ മനസ്സിലാകുന്നില്ലെന്നു പറഞ്ഞപ്പോൾ, പഠനത്തിനു ലൈബ്രറിയെ ആശ്രയിക്കാൻ ഉപദേശിച്ചത് അവനാണ്. രാജേഷിന്റേത് ഒരു സാധാരണ നിർദ്ദേശം മാത്രമായിരുന്നു. പക്ഷേ, പിൽക്കാലത്ത് എന്റെ പഠനത്തെ മുഴുവൻ നിയന്ത്രിച്ചത് ക്ലാസ് മുറികളേക്കാൾ കോളേജ്/പോളിടെക്നിക്ക് ലൈബ്രറികളാണ്.

കോളേജ് പഠനകാലത്താണ് ലക്ചറൽ നോട്സുകൾ എഴുതിയെടുക്കുന്നതിൽ ഞാൻ മറ്റുള്ളവരെ ആശ്രയിച്ചു തുടങ്ങിയത്. അധ്യാപകർ നോട്സ് പറഞ്ഞു തരുമ്പോൾ എനിക്ക് എല്ലാ വാക്കുകളും കേട്ടു മനസ്സിലാക്കാൻ സാധിക്കാറില്ല. മൂന്നിലൊന്ന് വാക്കുകളേ ഞാൻ വ്യക്തമായി കേൾക്കൂ. ബാക്കിയുള്ളവ എന്നിൽ അവ്യക്തമായിരിക്കും. അപ്പോൾ, അടുത്തിരിക്കുന്ന കുട്ടിയുടെ പുസ്തകത്തിൽ നോക്കി നോട്സ് പകർത്താൻ തുടങ്ങി. അങ്ങിനെ, എനിക്കരുകിൽ ഇരുന്നവർ എന്റെ കാതുകളായി വർത്തിച്ചു. അവർ, അവർക്കു വേണ്ടി മാത്രമല്ല എനിക്കു വേണ്ടിയും കേട്ടു. അവർക്കു പിഴച്ചാൽ എനിക്കും പിഴക്കുമായിരുന്നു. അക്കാലത്താണ് എന്റെ നോട്ടുബുക്കുകളിൽ ഒഴിഞ്ഞ ഇടങ്ങൾ രൂപംകൊണ്ടു തുടങ്ങിയത്. അവ, പിൽക്കാലത്ത്, എന്റെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകം ആകുന്നതിൽ വരെ കാര്യങ്ങളെത്തി. എങ്ങിനെയെന്നല്ലേ? അത് ഇനി പറയുന്നു.

നമുക്കെല്ലാവർക്കും, നമ്മുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒന്നോ അതിലധികമോ രൂപകങ്ങൾ/ചിഹ്നങ്ങൾ ഉണ്ടെന്ന പക്ഷക്കാരനാണ് ഞാൻ. അതായത്, നമ്മുടെ ജീവിതത്തെ പൂർണമായോ, അല്ലെങ്കിൽ ഏകദേശം പൂർണമായോ പ്രതിനിധീകരിക്കുന്ന ചില കാര്യങ്ങൾ. ഇത് ചിലപ്പോൾ ഒരു വസ്തുവാകാം, ദൃശ്യമാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. എന്തു തന്നെയായാലും, ഈ രൂപകങ്ങൾ നമ്മളോടു അത്യധികം സംവദിക്കും. സംവേദനക്ഷമത ഏറെയുള്ള ഇവയെ നാം കാണുമ്പോഴോ സ്‌മരിക്കുമ്പോഴോ, നമ്മുടെ മനസ്സിന്റെ അടിത്തട്ടിലുള്ള ഓർമകൾ ഉദ്ദീപിപ്പിക്കപ്പെടുകയും, തുടർന്ന് സമകാലിക ലോകത്തുനിന്നു ഭൂതകാലത്തേക്കു അതിശക്തമായ ഒരു ബന്ധം സ്ഥാപിതമാവുകയും ചെയ്യും.

Read More ->  അദ്ധ്യായം 12 -- സ്വപ്നങ്ങൾ

ഇപ്രകാരം, എന്നെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന അതിശക്തമായ രൂപകമാണ് ‘അസ്വാഭാവിക രീതിയിൽ കാണപ്പെടുന്ന ഒഴിഞ്ഞ ഇടങ്ങൾ’. എന്നിലെ നിസ്സഹായതയുടേയും ഗതികേടിന്റേയും പ്രതിബിംബമായ ഇവ, എന്റെ ജീവിതത്തെ അർത്ഥപൂർണമായി പ്രതിനിധീകരിക്കുന്നു. കടലാസിലോ ചുമരെഴുത്തിലോ, ഓൺലൈൻ വെബ്പേജിലോ മറ്റോ അസ്വാഭാവികമായ രീതിയിൽ, പാരാഗ്രാഫുകൾക്കിടയിൽ ഒഴിഞ്ഞ സ്ഥലം കണ്ടാൽ, ആ ദൃശ്യം കോളേജ് പഠനകാലത്തേക്കും, വിശിഷ്യാ ‘ഞാൻ ശ്രവണന്യൂനതയുള്ളവനാണ്’ എന്ന സത്യത്തിലേക്കും എന്നെ കൈപിടിച്ച് ഉയർത്തും.

ഇത്തരം രൂപകങ്ങൾ നമ്മിൽ പലതുണ്ടാകാം. അതെല്ലാം നമ്മെ കുറിയ്‌ക്കുന്നവ മാത്രമായിരിക്കുമെന്നും അർത്ഥമില്ല. മറ്റുള്ളവരെ അടയാളപ്പെടുത്തുന്ന രൂപകങ്ങളൂം നമ്മിലുണ്ടാകാം. ഈ രൂപകങ്ങൾ കാണുമ്പോഴൊക്കെ ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ നമ്മിലേക്കു കടന്നുവരികയും ചെയ്യും. ഇത്തരത്തിൽ മറ്റൊരാളെ എന്നിൽ കുറിക്കുന്ന ഒരു രൂപകമാണ് ‘ഇഞ്ചിമിട്ടായി’. ഇഞ്ചിമിട്ടായി എന്ന വാക്കോ അതിന്റെ ദൃശ്യമോ, ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇരുപത്തഞ്ച് കൊല്ലത്തോളമായി ഇഞ്ചിമിട്ടായി വിൽക്കുന്ന ഒരു വ്യക്തിയെ, എന്നിലേക്ക് കൂട്ടിക്കൊണ്ടൂ വരും. വട്ടത്തിലുള്ള ബേസിനിൽ, വെള്ളക്കടലാസ് കൊണ്ടു പൊതിഞ്ഞ്, ലംബമായി കുത്തിനിർത്തിയ ഇഞ്ചിമിട്ടായിയുമായി വരുന്ന അദ്ദേഹത്തെ എന്നിൽ കുറിക്കുന്ന രൂപകമാണ് ഇഞ്ചിമിട്ടായി. ഞാൻ അദ്ദേഹവുമായി ഒരിക്കൽപോലും സംസാരിച്ചിട്ടില്ലെന്നു സൂചിപ്പിക്കട്ടെ. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. രൂപകങ്ങളുടെ രസതന്ത്രം വളരെ കൗതുകകരവും രസകരവുമാണ്.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിച്ച രണ്ടുവർഷക്കാലം, ക്രൂരമായ തിരിച്ചടികളെ അതിജീവിക്കാനുള്ള സ്വാഭാവിക കഴിവിനു എന്നിൽ അസ്ഥിവാരമിട്ടു. നിർദ്ദയമായ തിരിച്ചടികളോടു വൈകാരികമായി പ്രതികരിക്കാത്ത, സംവേദനക്ഷമതയില്ലാതെ കല്ലുപോലെ ഉറച്ച, ഒരു മനസ്സിനെ കോളേജ് ലൈഫ് എനിക്കു പ്രദാനം ചെയ്തു. പിൽക്കാലത്ത് അഭിമുഖീകരിച്ച ദുർഘടസന്ധികളിൽ ഞാൻ തകരാതിരിക്കാനുള്ള പ്രധാന കാരണം ഇതാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, തൊഴിൽ അന്വേഷണത്തിലും മറ്റും ദയാരഹിത പെരുമാറ്റങ്ങളാണ് എനിക്കു ലഭിച്ചത്. ഇന്റർവ്യൂകളിൽ, എന്റെ വൈകല്യത്തിലൂന്നി, തലപൊക്കാനാകാത്ത വിധം തൊഴിൽദാതാക്കൾ എന്നെ അടിച്ചിരുത്തി. ജീവിക്കാനായി ഒരു തൊഴിൽ പോലും നിരസിക്കപ്പെട്ടു.

മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങൾ. എങ്ങും തരിശായിരുന്നു. സഹായമേകുമെന്ന് ഞാൻ കരുതിയവർ കൈ നീട്ടിയില്ല. എന്നാൽ, അപ്രതീക്ഷിതമായി ചിലർ ചില അവസരങ്ങളിൽ താങ്ങായി. അപ്പോഴൊക്കെ വരണ്ട തൊണ്ടയിൽ ഒരിറ്റു ജലം വീണ അനുഭൂതിയുണ്ടായി. പിന്നെ പിന്നെ, വരൾച്ചയുടെ രൂക്ഷതയെ ഉദ്ദീപിപ്പിക്കുന്ന അത്തരം അനുഭൂതികളെ ഞാൻ വെറുത്തു. കാരണം താൽക്കാലികമായ പ്രതിവിധിയല്ലായിരുന്നു എനിക്കാവശ്യം.

***********

            ‘ആനന്ദിപ്പിക്കുന്ന അവഗണനകൾ’ എന്നൊരു സ്ഥിതിവിശേഷം ഞാൻ അനുഭവിച്ചിട്ടുണ്ട്. ലഘുവായി പറഞ്ഞാൽ, മറ്റുള്ളവരുടെ തീക്ഷ്ണമായ അവഗണനകൾ മാനസിക വിഷമത്തിനൊപ്പം, ഒരുതരം മാനസിക ആശ്വാസവും നൽകുന്ന അവസ്ഥ. മാനസിക ആശ്വാസം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കിയത് സാധാരണ രീതിയിലുള്ള ആശ്വാസം/സന്തോഷം അല്ല. മറിച്ച് ഒരു പോസിറ്റീവ് ഫീലിങ് ആണ്. നിർവചനത്തിനു വഴങ്ങാത്ത തരത്തിലുള്ള ഒന്ന്.

            മുകളിൽ സൂചിപ്പിച്ച, ‘മറ്റുള്ളവരുടെ അവഗണനകൾ’ എന്നത് ഒരു വലിയ വിഭാഗം കാര്യങ്ങളാണ്. ഇന്റർവ്യൂകളിൽ പരാജയപ്പെടുത്തുന്നത്, അധികാരസ്ഥാനത്ത് ഇരിക്കുന്നവരുടെ മോശം സമീപനം, വ്യക്തിപരമായ ഒഴിച്ചുനിർത്തലുകൾ, എന്നിവയൊക്കെ ഇതിൽപെടും. ഇത്തരം അവഗണനകൾ എന്നെ ആനന്ദിപ്പിക്കും. പക്ഷേ അതിനൊരു നിബന്ധനയുണ്ട്. അതായത്, മറ്റുള്ളവർ എന്നെ അവഗണിക്കുന്നത് എന്നിലെ ശ്രവണന്യൂനത മൂലമായിരിക്കണം. ശ്രവണന്യൂനത അറിയാതെയുള്ള മറ്റുള്ളവരുടെ ഏതു അവഗണനയും എന്നിൽ ആനന്ദത്തിന്റെ അനുഭൂതി ഉണ്ടാക്കില്ല.

            ആനന്ദിപ്പിക്കുന്ന അവഗണനകളുടെ അടിസ്ഥാനമെന്തെന്ന് ഞാൻ ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. എല്ലാ അന്വേഷണവും കോളേജ് ലൈഫിലാണ് എത്തിനിൽക്കുക. ഞാൻ നിർദ്ദയമായ അനുഭവങ്ങളും അവഗണനകളും നേരിട്ടു തുടങ്ങിയത് അവിടം മുതലാണല്ലോ. അതുകൊണ്ട്, ‘ആനന്ദിപ്പിക്കുന്ന അവഗണനകൾ’ എന്ന മനസ്ഥിതിയുടെ അസ്ഥിവാരം ചികയേണ്ടതും അവിടെ തന്നെ.

ഇത്തരം വിലയിരുത്തലിലൂടെ ഞാൻ മനസ്സിലാക്കിയതെന്നാൽ, മറ്റുള്ളവരുടെ അവഗണനകൾക്കു എന്നിൽ ഒരു ‘സാധാരണീകരണം’ സംഭവിച്ചിട്ടുണ്ടെന്നാണ്. നിരന്തരമായ അവഗണനയും ഒഴിവാക്കലും പതിവാകുമ്പോൾ, അവയുടെ സത്തയിൽ (അവഗണനയെ അവഗണനയാക്കുന്ന അതിന്റെ സത്ത) ശോഷണം സംഭവിക്കുന്നുണ്ട്. ഒരു അവഗണന, അവഗണനയായി നമുക്ക് തോന്നണമെങ്കിലും പരിഗണിക്കണമെങ്കിലും അതൊരിക്കലും നിത്യസംഭവമാകരുത്; ഒറ്റപ്പെട്ടതോ ഇടയ്‌ക്കു മാത്രം സംഭവിക്കുന്നതോ ആയിരിക്കണം. എങ്കിലേ അതിനൊരു അസാധാരണത്വം കൈവരൂ. (ഒരു നിർഭാഗ്യം നമുക്ക് നിർഭാഗ്യമായി തോന്നണമെങ്കിൽ നാം എപ്പോഴും അതിനു വശപ്പെട്ടിരിക്കുന്ന ആൾ ആയിരിക്കരുത്). അസാധാരണത്വമുള്ള കാര്യങ്ങളാണ് നമ്മിൽ വൈകാരികമാറ്റം ഉണ്ടാക്കുന്നത്. സംഭവങ്ങളുടെ അസാധാരണത്വം പോകുന്നതോടെ നമ്മിൽ അവയ്‌ക്കുള്ള സംവേദനക്ഷമത നഷ്ടമാകും. ഇതിനെ ‘സാധാരണീകരണം’ എന്ന് വിശേഷിപ്പിക്കാം. സാധാരണീകരണം സംഭവിച്ച ശേഷമുള്ള അവഗണനകൾ, സാധാരണീകരണം വന്നിട്ടില്ലാത്തവരിൽ ഉളവാക്കുന്നത്ര ആഘാതം നമ്മിൽ ഉളവാക്കില്ല. നാം അതിനെ ‘സന്തോഷമായി’ തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്.

അവഗണനകളുടെ സാധാരണീകരണം സംഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ.

(അഞ്ചാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Featured Image Credit: – https://dumielauxepices.net/old-paper-clipart


അഭിപ്രായം എഴുതുക