ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.വിശ്വാസ്യതയുടെ പ്രശ്നം രൂക്ഷമായിരുന്ന കാലത്തു ഓർമകൾ കുറിച്ചിടാൻ കൂടുതലും ഉപയോഗിച്ചത് തലച്ചോറിനേക്കാൾ ഉപരി ഡയറിത്താളുകളാണ്. ലിഖിതരൂപങ്ങൾ ഒരിക്കലും ചതിക്കില്ലെന്ന വിശ്വാസം എന്നും കൂടപ്പിറപ്പിനെ പോലെ ഒരുമിച്ചുണ്ടായിരുന്നു. കൺ‌മുന്നിൽ കണ്ട കാഴ്ചകൾ പകർത്തിവച്ചുകൊണ്ടാണ് ഡയറിത്താളുകളെ വിശ്വസിക്കുന്നതിന്റെ ആരംഭം. അതു സാവധാനം മുന്നേറി. വിശ്വാസത്തിന്റെ അളവ് അപാരമായപ്പോൾ ഹൃദയരഹസ്യങ്ങളും കുറിച്ചിടാൻ മടിച്ചില്ല. അങ്ങിനെ ഡയറിത്താളുകൾ നിറയെ എന്റെ ജീവിതമാണ്. കുനുകുനെ എഴുതിനിറച്ച അക്ഷരങ്ങൾ അളക്കാനാവാത്ത അനുഭവങ്ങളെ പ്രതിനിധീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്നിട്ടും അവ പൂർണമാണോ? അല്ല. കടലോളമുള്ളത് അരുവിയോളമേ ഡയറിയിൽ കാ‍ണാനാകൂ. അനുഭവങ്ങൾ അനുദിനം കൂട്ടിച്ചേക്കപ്പെടുമ്പോൾ അരുവിയുടെ നീളം കൂടുന്നെന്നു മാത്രം. സംസാരം, മറ്റുള്ളവരുമായി ഇടപഴകൽ., എന്നിവയെല്ലാം പരിമിതമായ ഒരു കാലത്താണ് എഴുത്തിന്റെ തുടക്കം. അന്നു ഡയറിയെഴുത്ത് തടുക്കാനാകാത്ത ചോദനയുടെ ഫലമാണ്. ആവിഷ്കാരത്തിന്റെ, ആക്ടിവിസത്തിന്റെ ചെറിയ ഉദാഹരണം. ക്രമേണ അതു വലുതായി. കടലായില്ലെങ്കിലും, അരുവി നദിയായി. ഇനി കൂടുതൽ ആഗ്രഹങ്ങൾ ഇല്ല.

എന്തുകൊണ്ട് ഞാൻ ഈ സീരിയസ് എഴുതുന്നു? വികലാംഗർ അനുഭവിക്കുന്ന അവഗണനയും ആക്ഷേപങ്ങളും അറിയാവുന്നതുകൊണ്ടു മാത്രമാണോ ഈ ഉദ്യമം? അല്ല. കാരണം ന്യൂനതയുള്ളവർ വൈഷമ്യങ്ങളുടെ അനന്തമായ തുടർച്ച എപ്പോഴും നേരിട്ടേക്കണമെന്നില്ല. ഒരു കാലഘട്ടം കഴിഞ്ഞാൽ പലരിലും പരിമിതികളും പരിവേദനങ്ങളും ലഘൂകരിക്കപ്പെടുന്നുണ്ട്. അവർ ഭാഗ്യവാന്മാർ. പരിമിതികൾ ലഘൂകരിക്കപ്പെടാതെ വരുന്നവർ ഒന്നുകിൽ ‘വിധിക്കപ്പെട്ട’ ജീവിതത്തോടു പൊരുത്തപ്പെട്ടു പോകും, അല്ലെങ്കിൽ തോൽക്കാൻ മനസ്സില്ലാതെ മൽപിടുത്തം നടത്തും. ഞാൻ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. എന്നിലെ പരിമിതികളും, അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും കാലം പോകുന്തോറും മാറ്റമില്ലാതെ തുടർന്നു. അപ്പോൾ അവ സമ്മാനിച്ച അനുഭവങ്ങളും മാനസികസമ്മർദ്ദങ്ങളും ഞാൻ ഡയറിത്താളുകളിൽ വിശദമായി കുറിച്ചുവച്ചു. ഒരുതരം സ്വയം അവതരണം. ഏറെക്കാലം തുടർന്ന ഈ പക്രിയയിൽ എഴുത്തുകാരനായും വായനക്കാരനായും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു ഫലമില്ലെന്നു മനസ്സിലായപ്പോൾ പേന ചലിപ്പിക്കാൻ തീരുമാനിച്ചു. വായനക്കാരുടെ വ്യാപ്തി വർദ്ധിപ്പിച്ചു, ശാരീരിക വൈകല്യമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കണം എന്ന ലക്ഷ്യം. വിധിക്കപ്പെട്ട ജീവിതത്തോടു സമരസപ്പെടുന്നതു തോൽവിയാണെന്നു വന്നപ്പോൾ അവസാന കച്ചിത്തുരുമ്പ് അന്വേഷിച്ചതിന്റെ ഫലം.

വളരെക്കാലം മനസ്സിൽ കൊണ്ടുനടന്ന സമ്മർദ്ദം താഴെയിറക്കിവച്ച ആശ്വാസം ഇപ്പോഴുണ്ട്. ആ സമ്മർദ്ദം എങ്ങിനെയുള്ളതായിരുന്നു എന്നു പറഞ്ഞറിയിക്കാൻ അറിയില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത കാര്യങ്ങൾ കൺസെപ്‌ഷനും അപ്പുറമാണെന്നു കരുതുന്നില്ല. മറിച്ചു പ്രകടിപ്പിക്കേണ്ടത്, അവതരിപ്പിക്കേണ്ടത് എങ്ങിനെ എന്നറിയാത്ത പ്രശ്നമാണ്. എഴുത്തിനെ സംബന്ധിച്ചാണെങ്കിൽ, ചിലപ്പോൾ നമുക്കു ആശയങ്ങൾ മറ്റുള്ളവരിലേക്കു നന്നായി സന്നിവേശിപ്പിക്കാൻ കഴിവുള്ള ഒരു തേർഡ്പാർട്ടിയെ അവതാരകനായി വേണ്ടിവന്നേക്കാം. അപ്പോഴും അനുഭവസ്ഥനിൽനിന്നു തേർഡ്‌പാർട്ടിയിലേക്കുള്ള സംവദനം പ്രശ്നതലത്തിലാണ്. അതു ഒഴിവാക്കാനാകില്ല. ചുരുക്കത്തിൽ നമ്മൾതന്നെ വിഷയം, വൈയക്തികമായവ പ്രത്യേകിച്ചും, കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യം. ആകുന്നപോലെ എഴുതുക. ചിലപ്പോൾ പരത്തിപ്പറഞ്ഞും, ചിലപ്പോൾ ചുരുക്കിയെഴുതിയും എഴുത്തിനെ വഴക്കിയെടുക്കുക. പലതിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നേക്കാം. പ്രതിനിധാനത്തിൽ, ഘടനയിൽ, അവതരണത്തിൽ… അങ്ങിനെയങ്ങിനെ. ലഭിക്കുന്നത് വിവിധ ഘടകങ്ങൾ അടങ്ങിയ മിശ്രിതമായിരിക്കും. അതിൽ നിരാശപ്പെടരുത്. പരിമിതികൾക്കുള്ളിലാണ് എല്ലാവരുടേയും പ്രവൃത്തിമണ്ഢലം. പരിമിതികളെ അതിർലംഘിക്കുന്നു എന്നതൊക്കെ ഭംഗിവാക്കുകളാണ്. അല്ലെങ്കിലും നമ്മൾ എന്നാണ് സൂപ്പർഹ്യുമൻ ആയിട്ടുള്ളത്? സ്വപ്നങ്ങളിലും ഭാവനകളിലും മാത്രം. അതുകൊണ്ടു പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റാത്ത, സത്യമായ കാര്യങ്ങൾക്കു എപ്പോഴുമുള്ള വൈകാരികതലത്തെ അന്വേഷിക്കുക. ആ വൈകാരികതലത്തിൽ നിന്നുകൊണ്ടു ഇപ്പോൾ ഞാൻ പറഞ്ഞതു മനസ്സിലായില്ലേ? ഇപ്പോൾ നിങ്ങൾക്കു എല്ലാം ബോധ്യമായില്ലേ? എന്നു ഓരോ വായനക്കാരനോടും ചോദ്യമെറിയുക. ഞാനും അതുതന്നെ ചെയ്യുന്നു.

Read More ->  അദ്ധ്യായം 15 -- ഫൈനൽ ലാപ്പ്

ഓരോ വ്യക്തിയുടേയും പരിമിതികൾ കാലഭേദമന്യെ ഒരേ തോതിലും അളവിലും നിലനിൽക്കുന്നവയല്ല. അവ മാറ്റങ്ങൾക്കു വിധേയമാണ്. വ്യക്തിയെ കേന്ദ്രമാക്കി, പരിമിതിയെ ഒരു വൃത്തമായി പരിഗണിച്ചാൽ കാലം പോകുന്തോറും വൃത്തത്തിന്റെ വ്യാസം കുറഞ്ഞുവരുന്നതായാണ് കാണുക. സാമാന്യവൽക്കരണമല്ല. നിരീക്ഷണത്തിൽ നിന്നു മനസ്സിലാക്കിയതാണ്. അതിനാൽ സാധൂകരണമുണ്ട്. കാലം പോകുന്തോറും വ്യാസം കുറഞ്ഞ വൃത്തത്തിൽനിന്നു പുറത്തുകടക്കുകയാണ് വ്യക്തി. ചിലപ്പോൾ എന്നെന്നേക്കുമായി, ചിലപ്പോൾ താൽക്കാലികമായി. പരിമിതികളുടെ പുനസ്ഥാപീകരണവും സാധാരണമാണല്ലോ?

ഈ സീരിയസ് എഴുതുന്നത്, നിർവചിക്കപ്പെട്ടതും നിലനിൽക്കുന്നതുമായ എന്റെ പരിമിതികൾക്കുള്ളിൽ നിന്നാണ്. ഞാൻ എഴുതിയ കാര്യങ്ങൾ പല സ്ഥലങ്ങളിൽ, വ്യത്യസ്ത സാഹചര്യത്തിൽ സംഭവിച്ചതാണ്. പൊതുമണ്ഢലത്തിൽ എനിക്കു ചുറ്റുമുള്ള സാധാരണക്കാർ കടന്നുപോയിട്ടില്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ സഞ്ചരിച്ചത്. ഈ അനുഭവങ്ങൾക്കു പല പ്രത്യേകതകളുണ്ട്. ഒന്നാമത്, അതു വ്യക്തിപരമായി നേരിട്ടു ലഭിച്ചതാണ്; എല്ലാവർക്കും ഇത്തരം അനുഭവങ്ങൾ പ്രാപ്യമല്ല. രണ്ടാമത്, അനുഭവസ്ഥർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ മറ്റുള്ളവർക്കു മനസ്സിലാകണം എന്നില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ മനസ്സിലാക്കലിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. സെൻസിബിളിറ്റിയുടെ പ്രശ്നം. നിങ്ങളുടെ വീട്ടിൽ ശ്രവണന്യൂനതയോ സംസാരന്യൂനതയോ ഉള്ള വ്യക്തികളുണ്ടോ? അതും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ. ഉണ്ടെങ്കിൽ നിങ്ങൾക്കു ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നന്നായി ഗ്രഹിക്കാനാകും. നിങ്ങൾക്കു അത്തരക്കാരെ പരിചയമില്ലെങ്കിൽ, അത്തരക്കാരുമായി മനസ്സുതുറന്നു ഇടപഴകിയിട്ടില്ലെങ്കിൽ ഈ സീരിയസ് നിങ്ങളിൽ ഉളവാക്കുന്ന ആഘാതം നിങ്ങളുടെ സെൻസിബിളിറ്റിയെ ആശ്രയിച്ചിരിക്കുന്നു. ഒപ്പം ലഭ്യമായ വിഷയങ്ങൾ വച്ച് ക്രോഢികരിക്കുന്ന ആശയങ്ങളേയും. നിങ്ങൾക്കു ശാരീരിക ന്യൂനതയുള്ളവരുടെ പ്രശ്നങ്ങൾ എല്ലാമറിയാമെന്നു കരുതരുത്. നടിക്കരുത്. ഇക്കാര്യത്തിൽ പൂർണഅറിവുള്ളത് ന്യൂനത പേറുന്നവർക്കു മാത്രമാണ്. പിന്നീട്, അവരുമായി അടുത്തു സഹവസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുള്ളവർക്കും. ഈ രണ്ടു വിഭാഗങ്ങളിലും നിങ്ങൾ ഉൾപ്പെടുന്നില്ലെങ്കിൽ ഞാൻ അപേക്ഷിക്കുന്നു, ദയവായി ന്യൂനതയുള്ളവരെ പറ്റിയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും ഡിക്ലറേഷൻ സ്റ്റേറ്റ്‌മെന്റുകൾ നടത്തരുത്. പരിമിതമായ സെൻസിബിളിറ്റി തെറ്റായ വിലയിരുത്തലുകളിലേക്കാണ് നിങ്ങളെ നയിക്കുക.

എഴുതാനിരുന്നപ്പോൾ എനിക്കു മുന്നിൽ വിഷയങ്ങൾ ഏറെയുണ്ടായിരുന്നു. പക്ഷേ അവയെല്ലാം, കുട്ടിക്കാലം മുതൽ ഇന്നുവരെയുള്ളവ, എഴുതുന്നത് എന്റെ ലക്ഷ്യവുമായി യോജിച്ചു പോകുന്നതായിരുന്നില്ല. എനിക്കു എഴുതാനുള്ളത്, എന്റെ ശ്രവണന്യൂനതയുമായി ബന്ധമുള്ള, ചില തിരഞ്ഞെടുത്ത വസ്തുതകൾ മാത്രമാണ്. വിഷയവുമായി ബന്ധമില്ലാത്തതും ജീവിതത്തിൽ സംഭവിച്ചതുമായ കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ അങ്ങിനെ തന്നെ ചെയ്തു. എന്നിട്ടും സന്ദേഹങ്ങൾ ബാക്കി. അനുഭവങ്ങളെ എങ്ങിനെ കൂട്ടിയോജിപ്പിക്കണം? ഏതു ഘടനയിൽ സജ്ജീകരിക്കണം? ഞാൻ ആവിഷ്കരണത്തിനു പുതിയ സങ്കേതങ്ങൾ അന്വേഷിച്ചു. പല ഫോർമാറ്റുകൾ മനസ്സിൽ വന്നു. ആത്മകഥനം തൊട്ടു നോവൽരൂപം വരെ. വിഷയവുമായി ബന്ധമില്ലാത്തവ ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാൽ ആത്മകഥനം ആദ്യചിന്തയിൽ തന്നെ ഒഴിവാക്കി. എനിക്കു പറയാനുള്ളത് ഗൗരവപൂർണമായ നേര് മാത്രമായതിനാൽ നോവൽ രൂപവും കയ്യൊഴിഞ്ഞു. ഏറ്റവും ഒടുവിൽ മനസ്സിൽ തെളിഞ്ഞത് ഈജിപ്ഷ്യൻ ദൈവങ്ങളെ പോലെ ഒരു കലർപ്പാണ്. ആത്മഭാഷണങ്ങളും, സംഭവങ്ങളിൽ ഉന്നിയുള്ള കഥനങ്ങളും, മാനസികവ്യാപാരങ്ങളെ സൂചിപ്പിക്കുന്ന ആത്മഗതങ്ങളും, സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളും., എല്ലാം ഉൾപ്പെട്ട ഒരു മിശ്രിതം. മിശ്രിതത്തിലെ എല്ലാ അംഗങ്ങളിലും സത്യം അടങ്ങിയിരിക്കുന്നു. ഓർമയില്ലേ, ‘സത്തിയം പലത്’. ഒന്നിലേക്കു വന്നെത്തുന്ന വിവിധ കൈവഴികൾ. ലക്ഷ്യത്തെപ്പറ്റി അവയ്ക്കു വ്യക്തമായ അറിവുണ്ടായിരിക്കും. ലക്ഷ്യത്തെപ്പറ്റിയുള്ള ഈ ബോധം തന്നെയാണ് അവയെ ഒരേ ഗണത്തിൽ പെടുത്തുന്നത്.

ഈ ബുക്കിലെ നല്ലശതമാനം സംഭവങ്ങളുടെ ഭൂമികയും, അവ അരങ്ങേറുന്ന തൊഴിൽമേഖലയും ഭൂരിഭാഗം വായനക്കാർക്കും പരിചിതമല്ലാത്ത ഇടമാകാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ഐടി (Information Technology) തലസ്ഥാനം എന്ന ഖ്യാതി കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂർ സിറ്റിക്കാണ്. പത്തുലക്ഷത്തോളം മലയാളികൾ ഇവിടെയുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഐടി, ബാങ്കിങ്ങ് മേഖലകൾ കഴിഞ്ഞാൽ മലയാളികളിൽ ഗണ്യമായ വിഭാഗം നഴ്സിങ്, എൻജിനീയറിങ് വിദ്യാർത്ഥികളാണ്. നഗരത്തിൽ സ്ഥിരതാമസമാക്കിയവരും കുറവല്ല. ബാംഗ്ലൂർനഗരം ആയിരക്കണക്കിനു ഐടി/ഐടി അനുബന്ധ കമ്പനികളുടെ ആസ്ഥാനമാണ്. ഒരു ഐടി ഹബ്ബ്. കൂടാതെ ഇന്ത്യയുടെ പ്രതിരോധ/ബഹിരാകാര മേഖലയിലെ പ്രമുഖകമ്പനികളായ HAL, DRDO, ISRO എന്നിവയുടെ ആസ്ഥാനവും ഇവിടെത്തന്നെ.

കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് ബന്ധമുള്ള റഗുലർ കോഴ്സ് വിജയിച്ചവരുടെ അത്യന്തിക ലക്ഷ്യമായി ബാംഗ്ലൂർ മാറുന്നത് 1990കളിലാണ്. നഗരത്തിലെ എൻജിനീയറിങ് / ബയോടെക്നോളജി കോളേജുകളിൽ പഠനം പൂർത്തിയാക്കി ഇറങ്ങിയ യുവതീയുവാക്കൾ നഗരത്തെ മറ്റൊരു സിലിക്കൺവാലിയാക്കി മാറ്റി. ലോകത്തിലെ നാനാഭാഗങ്ങളിലും ബാംഗ്ലൂരിലെ ഐടി കമ്പനികൾക്കു ക്ലയന്റുകൾ ഉണ്ട്. ടെക്‌നിക്കൽ, നോൺ-‌ടെക്നിക്കൽ മേഖലയിലെ ജോലികൾ വിദേശകമ്പനികൾ ബാംഗ്ലൂരിലെ കമ്പനികളെ ഏൽപ്പിക്കുന്നു. ഇന്ത്യക്കാരായ ഐടി ജീവനക്കാർ ആവശ്യപ്പെടുന്ന വേതനം യൂറോ – അമേരിക്കൻ ജീവനക്കാർ ആവശ്യപ്പെടുന്നതിൽനിന്നു കുറവായതിനാൽ, നല്ലപങ്ക് വിദേശജോലികളും ബാംഗ്ലൂർ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കു ഔട്ട്‌സോഴ്സ് ചെയ്യപ്പെടുന്നു. ആഭ്യന്തര പ്രോജക്ടുകളേക്കാൾ അധികം വിദേശപ്രോജക്ടുകളാണ്. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്കു ഓൺസൈറ്റ് അസൈൻമെന്റ് വഴി വിദേശരാജ്യങ്ങളിൽ ജോലിചെയ്യാനും അവസരം ലഭിക്കും. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ഗോവ, പൂനെ., എന്നീ നഗരങ്ങളുമായി ബാംഗ്ലൂരിനു നല്ല കണക്ടിവിറ്റിയുണ്ട്. സ്വാതന്ത്ര്യവും, വിനോദത്തിനുള്ള ഉപാധികളും നഗരത്തിൽ ധാരാളം. കേരളത്തിലെ കാമ്പസുകളിൽനിന്നു ബാംഗ്ലൂരിലേക്കു യുവതീയുവാക്കൾ ഒഴുകാൻ ഇതെല്ലാമാണ് കാരണങ്ങൾ. ബാംഗ്ലൂരിനെ ഇതുപോലൊരു സ്വപ്നനഗരിയാക്കി മാറ്റിയതിന്റെ എല്ലാ ബഹുമതിയും കന്നഡജനതക്കാണ്. ഹൃദ്യം. ശാന്തം.

Read More ->  ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ 'കേസരി' വാരികയിൽ ഖണ്ഢശ്ശഃ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു

ഈ പോസ്റ്റ് സീരിയസ് വായിക്കുമ്പോൾ അനുവാചകരുടെ മനസ്സിൽ ഉയർന്നേക്കാവുന്ന ചില ചോദ്യങ്ങൾ ഞാൻ മുൻകൂട്ടി കാണുന്നുണ്ട്. അവയിൽ പ്രസക്തമായവക്കു മറുപടി പറയുന്നു.

ചോദ്യം: സുനിൽ, താങ്കൾക്കുള്ള ശ്രവണന്യൂനതയിൽ താങ്കൾ നിരാശനാണോ?

ഉത്തരം: ഒരിക്കലുമല്ല. വൈകല്യത്തെ ഒരിക്കലും പഴി പറഞ്ഞിട്ടില്ലെന്നാണ് ഓർമ്മ. ന്യൂനതകളില്ലാത്ത മനുഷ്യൻ അകണമെന്ന ആഗ്രഹം, ചില വ്യക്തികളെ കാണുമ്പോൾ, അഹങ്കാരമായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. എന്റെ അവസ്ഥ വളരെ ഭേദമാണ്. വൈകല്യത്തിലൂന്നി പലരും നേരിട്ടും, അല്ലാതെയും പരിഹസിച്ചിട്ടുണ്ട്. അതും നിരാശനാക്കിയിട്ടില്ല. ‘ഞാൻ’ എന്ന ഭാവം കയ്യൊഴിഞ്ഞാൽ മതി. മാനസികവ്യഥ മാറും. പരിഹാസത്താൽ പ്രകോപിപ്പിക്കപ്പെടുന്നത് നമ്മിലെ ഈഗോയാണ്. ഒരു കൂട്ടുകെട്ടിലെ എല്ലാ വ്യക്തികളും ഒരേ ദുരാരോപണത്താൽ ഒരേപോലെ പ്രകോപിപ്പിക്കപ്പെടാറില്ലല്ലോ? സത്യത്തിൽ ശ്രവണവൈകല്യമെന്ന കാരണം പറഞ്ഞു, കഴിവുകൾ പ്രകടിപ്പിക്കാൻ ആരും അവസരം നൽകാത്തതിലാണ് നിരാശ.

ചോദ്യം: ചില അദ്ധ്യായങ്ങൾ കഥപോലെ എഴുതുന്നത് എന്തുകൊണ്ട്?

ഉത്തരം: ഈ പ്രോജക്ട്/സീരിയസ് ആശയം മനസ്സിൽ അങ്കുരിച്ച നാൾ മുതൽ വെട്ടിയ കൈവഴികളാണ് ആ കഥകൾ. അവ വിഷയവുമായി ബന്ധമുള്ള, എന്നാൽ നേരിട്ടു പ്രതിപാദിക്കാനാകാത്ത, എന്റെ അനുഭവങ്ങളേയും വികാര-വിചാരങ്ങളേയും പ്രതിനിധീകരിക്കുന്നു. കൂടാതെ ആത്മകഥാപരമായ ആഖ്യാനം ഒഴിവാക്കാൻ ഇത്തരം കഥകൾ സഹായകമാണ്.

ചോദ്യം: എന്തുകൊണ്ടാണ് മിക്ക അദ്ധ്യായങ്ങൾക്കും പ്രിഫിക്‌സും സഫിക്സും ചേർക്കുന്നത്?

ഉത്തരം: എല്ലാ അദ്ധ്യായങ്ങളും എഴുതിക്കഴിഞ്ഞ ശേഷം ഞാൻ ഭൂതകാലത്തേക്കു വീണ്ടും പിന്തിരിഞ്ഞു നോക്കി. എഴുതപ്പെടാതെ കിടക്കുന്നതും ജീവിതത്തെ നിർവചിച്ചതുമായ കുറേ കൊച്ചുകൊച്ചു കാര്യങ്ങൾ, കടലിൽ ചിതറിക്കിടക്കുന്ന ദ്വീപുകൾ പോലെ, അപ്പോൾ ഞാൻ കണ്ടു. അവയെ കൂട്ടിയിണക്കി എഴുതാനാകില്ല. അവ അത്രമാത്രം ലഘുവാകുന്നു. എന്നാൽ സ്‌ട്രാറ്റജിക്കലി വളരെ പ്രാധാന്യമുള്ളതും. അങ്ങിനെയാണ് പ്രിഫിക്‌സ്/സഫിക്സ് എന്ന ആശയം മനസ്സിൽ ഉദിക്കുന്നത്.

എന്റെ ഈ എഴുത്ത് ഒരു വേദിയാണ്. ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഞാൻ സ്വയം കെട്ടിപ്പൊക്കിയ വേദി. അവതരണം ചിലപ്പോൾ വ്യക്തിപരമായേക്കാം. പക്ഷേ മനസ്സിലാക്കൂ, ഇത് ഒരു മോഡൽ / ഉദാഹരണം ആണ്. സമൂഹത്തിൽ ഞാൻ കടന്നുപോന്ന അനുഭവങ്ങളിലൂടെ തന്നെ കടന്നുപോയവരും, പോകുന്നവരുമായ ധാരാളം പേരുണ്ട്. എന്റെ വേദിയിലൂടെ, അവരുടെ അനുഭവങ്ങളേയും നോക്കിക്കാണാവുന്നതാണ്. അതുവഴി വായനക്കാർ എത്തിപ്പെടുന്ന വിലയിരുത്തലുകളിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കു സാധ്യതയില്ല. കാരണം പ്രത്യക്ഷപ്പെടുക വിവിധ രീതികളിലാണെങ്കിലും, അവഗണന എന്നും അവഗണന തന്നെയാണ്. അവയുടെ ഫലവും ഐക്യരൂപമുള്ളതാണ്. അതിനാൽ ഈ വേദിയിൽ അരങ്ങേറുന്നവ എന്റേതു മാത്രമല്ല, എല്ലാ വികലാംഗരുടേതുമാണ്. കാണികൾ വായനക്കാരാണ്. അവർ എന്തു പറയുമോ, എന്തോ?

(ഒന്നാം അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


3 Replies to “ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം”

  1. എന്റെ Life – Centric ആയ ഒരുകൂട്ടം പോസ്റ്റുകളുടെ സീരിയസിനു തുടക്കം കുറിക്കുകയാണ്. വായിച്ചു ഇഷ്ടമായാൽ എല്ലാവരും പരമാവധി റീച്ച് ലഭിക്കാൻ സഹായിക്കുമല്ലോ, അല്ലേ? 🙂

    സസ്നേഹം
    സുനിൽ ഉപാസന

അഭിപ്രായം എഴുതുക