സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
ഭാരതീയ ദർശനത്തിൽ പ്രധാനമായും മൂന്ന് പ്രമാണങ്ങളാണ് ഉള്ളതെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇതിൽ നിന്നു വ്യത്യസ്തമായി അദ്വൈത വേദാന്തം (പൂർവ്വ മീമാംസയും) ആറ് പ്രമാണങ്ങളെ അംഗീകരിക്കുന്നുണ്ട്. മറ്റു ദർശനങ്ങൾ പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും കള്ളിയിൽ പെടുത്തുന്ന ചില പ്രമാണങ്ങളെ അദ്വൈത വേദാന്തം സ്വതന്ത്ര പ്രമാണമായി അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള മൂന്ന് സ്വതന്ത്ര പ്രമാണങ്ങളാണ് ഉപമാനം (Comparison), അർത്ഥാപത്തി (Postulation), അനുപലബ്ധി/അഭാവം (Non-existence). ഇവയുടെ സ്വതന്ത്ര പ്രമാണ പദവിക്കു കാരണമായി നിരവധി വാദങ്ങൾ അദ്വൈതം മുന്നോട്ടു വയ്ക്കുന്നുണ്ട്.
അദ്വൈത വേദാന്തം അംഗീകരിക്കുന്ന ആറ് പ്രമാണങ്ങളെ പൂർവ്വ മീമാംസയും അംഗീകരിക്കുന്നു[1]. പ്രമാണ സംബന്ധിയായ കാര്യങ്ങളിൽ ശങ്കരാചാര്യൻ ഏകദേശം പിന്തുടരുന്നത് കുമാരില ഭട്ടന്റെ നിലപാടുകളെയാണ്. കുറച്ചു വ്യത്യാസങ്ങളേ അദ്വൈതവും ഭട്ട മീമാംസയും തമ്മിലുഉളൂ. അദ്വൈത വേദാന്തം (ഉത്തര മീമാംസ) വേദങ്ങളുടെ അന്തിമ ഭാഗമായ ഉപനിഷത്തിൽ വിവരിച്ചിരിക്കുന്ന ചിന്താരീതികളെ അടിസ്ഥാനമാക്കിയും, പൂർവ്വ മീമാംസ വേദങ്ങളുടെ ആദിഭാഗമായ ഋഗ്‌വേദത്തേയും മറ്റും ആധാരമാക്കിയും രൂപം കൊണ്ടവയായതിനാൽ ഇരുദർശനങ്ങളും പരസ്പര പൂരകമാണ്. പൂർവ്വ മീമാംസ ഇന്ദ്രിയ ഗോചരമായ തലത്തിലും (Empirical truth), അദ്വൈത വേദാന്തം അതീന്ദ്രീയ തലത്തിലും (Transcendental truth) ശ്രദ്ധ ഊന്നുന്നു. പൂർവ്വ മീമാംസ വൈദിക സാഹിത്യത്തിലെ കർമ്മ കാണ്ഢത്തേയും, അദ്വൈത വേദാന്തം ജ്ഞാന കാണ്ഢത്തേയും പ്രതിനിധീകരിക്കുന്നു. അതിനാൽ രണ്ടു ദർശനങ്ങളും പൂർണമായും വ്യത്യാസമുള്ള, എതിരിട്ടു നിൽക്കുന്നവയല്ല. മറിച്ച് ഒന്നിന്റെ തന്നെ രണ്ട് ഭാഗങ്ങൾ ആണ്. പൂർവ്വ മീമാംസ അദ്വൈത വേദാന്തത്തിലെ, ബാഹ്യവാദ സമമായ (Epistemological realism)വ്യവഹാരിക തലത്തെ ഏകദേശം പ്രതിനിധീകരിക്കുന്നു. പ്രത്യേകിച്ചും പ്രമാണങ്ങളുടെ കാര്യത്തിൽ. അതിനാൽ അദ്വൈത വേദാന്തത്തെ പോലെ പൂർവ്വ മീമാംസയും ആറ് പ്രമാണങ്ങളെ അംഗീകരിക്കുന്നു. അപൂർവ്വം കാര്യങ്ങളിൽ ഇവർ തമ്മിൽ വിയോജിച്ചിട്ടുമുണ്ട് എന്നതും സ്മരണീയമാണ്.
പ്രത്യക്ഷം, അനുമാനം, ഉപമാനം, അർത്ഥാപത്തി, അനുപലബ്‌ധി, ശബ്‌ദംഎന്നിവയാണ് അദ്വൈത വേദാന്തം അംഗീകരിക്കുന്ന ആറ് പ്രമാണങ്ങൾ.
പ്രത്യക്ഷം:-
അദ്വൈത വേദാന്തം പ്രത്യക്ഷത്തെ നിർവചിക്കുന്നത് ‘പെട്ടെന്നു ലഭ്യമാകുന്ന അറിവ്’ (Immediate knowledge) എന്നാണ്. ഈ അറിവ് വൈരുദ്ധ്യങ്ങൾക്കു ഇട നൽകുകയുമരുത്. മനുഷ്യ ഇന്ദ്രിയവും ബാഹ്യവസ്തുവും തമ്മിലുള്ള ബാന്ധവത്തിൽ നിന്നു ഉണ്ടാകുന്ന അറിവാണ് പ്രത്യക്ഷം എന്ന സാമാന്യ തത്ത്വം അദ്വൈത വേദാന്തം അംഗീകരിക്കുന്നില്ല. ഇത് ഇന്ദ്രിയം എന്താണെന്നു നിർവചിക്കുന്നതിൽ പ്രത്യക്ഷത്തിനു പങ്കു നൽകുകയും, നിലയ്ക്കാത്ത ചാക്രിക പ്രക്രിയ (Infinite regress) സൃഷ്ടിക്കുകയും ചെയ്യുമെന്നു അദ്വൈതികൾ ചൂണ്ടിക്കാട്ടുന്നു.
പ്രത്യക്ഷത്തെ പറ്റിയുള്ള അദ്വൈതത്തിന്റെ കാഴ്ചപ്പാട് മറ്റു ദർശനങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഭാരതീയ ദർശനങ്ങളിൽ പലതും മനസിനെ ഒരു ഇന്ദ്രിയമായി പരിഗണിക്കുന്നു. ആത്മാവിനും ഇന്ദ്രിയത്തിനും ഇടയിലെ മീഡിയം ആണ് മനസ്സ്. എന്നാൽ ‘പെട്ടെന്നു ലഭ്യമാകുന്ന അറിവാണ് പ്രത്യക്ഷം’ എന്ന സിദ്ധാന്തക്കാരായ അദ്വൈതികൾ മനസ്സിനെ ഇന്ദ്രിയമായി കണക്കാക്കുന്നില്ല[2]. ബാഹ്യവസ്തുവിൽ നിന്നു വരുന്ന ഉദ്ദീപനം, ഇന്ദ്രിയങ്ങൾ സ്വീകരിക്കുമ്പോഴാണ് ആ വസ്തുവിനെ പറ്റി കാഴ്ചക്കാരനിൽ അവബോധം ഉണ്ടാകുന്നത് എന്നതും അദ്വൈതം അംഗീകരിക്കുന്നില്ല. മറിച്ച് അന്തഃകരണം (മനസ്സ്) ബാഹ്യേന്ദ്രിയങ്ങൾ വഴി ബാഹ്യവസ്തുക്കളെ സമീപിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി അന്തഃകരണത്തിൽ ബാഹ്യവസ്തുവിനു അനുരൂപമായ മാറ്റങ്ങൾ ഉണ്ടാകുന്നു. വ്യക്തി ഉണർന്നിരിക്കുമ്പോൾ, അദ്വൈതം പ്രകാരം, ആത്മാവ് അന്തഃകരണവുമായി സാത്മീകരിക്കപ്പെട്ട അവസ്ഥയിലായതിനാൽ ആത്മാവിന്റെ പ്രഭയാൽ അന്തഃകരണത്തിലെ മാറ്റങ്ങൾ പ്രകാശിപ്പിക്കപ്പെടുകയും അറിവ് ലഭ്യമാവുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ‘അറിവ് പെട്ടെന്നു ലഭ്യമാകുന്നു’ എന്ന വസ്തുതയാണ്.
‘പെട്ടെന്നു ലഭ്യമാകുന്ന അറിവ്’ തെറ്റായ അറിവാണെങ്കിൽ അതിനെ വിശ്വസിക്കാനാകില്ലല്ലോ? എതിരാളികളുടെ ഈ വാദത്തെ അദ്വൈതികൾ നിരസിക്കുന്നു. അദ്വൈതം പ്രകാരം എല്ലാ അറിവും സ്വയം സാധുവാണ്, സ്വയം പ്രകാശിതവുമാണ്. അറിവിനെ സാധുവാക്കാൻ മറ്റൊരു അറിവ് ആവശ്യമില്ല[3]. വിളക്കിന്റെ പ്രകാശം വിളക്കിനെ പ്രകാശിപ്പിക്കുന്ന പോലെ, അറിവ് അറിവിനു ആധാരമായ വസ്തുവിനെ പ്രകാശിപ്പിക്കുന്നു. വിളക്കിനെ പ്രകാശിപ്പിക്കുന്ന, പ്രകാശത്തെ പ്രകാശിപ്പിക്കാൻ മറ്റൊരു പ്രകാശം ആവശ്യമില്ലാത്ത പോലെ അറിവിനെ പ്രകാശിപ്പിക്കാൻ മറ്റൊരു അറിവ് ആവശ്യമില്ല. അതിനാൽ എല്ലാ അറിവും സ്വയം സാധുവാണ്. സ്വയം സാധുവായ അറിവിനെ അസാധുവാക്കുന്നത് (തെറ്റായ അറിവാക്കുന്നത്) അറിവിനു പുറത്തുള്ള ബാഹ്യഘടകങ്ങളാണ്.
വേദാന്തികൾ ബുദ്ധിസ്റ്റുകളെ പോലെ വസ്തുവിനെ കാണുന്നതും (Object), വസ്തുവിനെ കുറിക്കുന്ന അറിവ് (Object-knowledge) കാഴ്ചക്കാരനിൽ ഉയരുന്നതും ഒരുമിച്ച് സംഭവിക്കുമെന്നു പറയുന്നു. എന്നാൽ ഈ ഒരുമ,വസ്തുവും വസ്തുവിനെ കുറിക്കുന്ന അറിവും ഒന്നാണ് എന്നതിന്റെ സൂചനയല്ല. മറിച്ച് അവ രണ്ടും ഒരുമിച്ചു നിലകൊള്ളുന്നു എന്നതിന്റെ സൂചന മാത്രമാണ്. ഒന്നിനെ മറ്റൊന്നിലേക്കു ചുരുക്കുക സാധ്യമല്ല. അദ്വൈതം അനുഭവവേദ്യമായ ഇന്ദ്രിയ തലത്തിൽ (Experimental world level) ബാഹ്യവാദത്തെ അനുകൂലിക്കുന്നു.
അനുമാനം:-
ഒരു വസ്‌തുവിനെ കുറിക്കുന്ന അടയാളം ദർശിക്കുക വഴി ആ വസ്‌തു ഏതാണെന്നു മനസ്സിലാക്കിയെടുക്കുന്ന രീതിയാണ് അനുമാനം. ഒരു വസ്‌തുവിന്റെ സാന്നിധ്യം ഒരിടത്ത് ഉണ്ടോ എന്ന സംശയം ദൂരീകരിക്കുന്ന പ്രമാണമാണിത്. പ്രത്യക്ഷത്തിനു ശേഷം ഭാരതീയ ദർശനത്തിലെ ഏറ്റവും പ്രമുഖമായ പ്രമാണമാണ് അനുമാനം. ചാർവാകർ ഒഴികെ എല്ലാ ദർശനങ്ങളും അനുമാനത്തെ പ്രമാണമായി അംഗീകരിക്കുന്നു.
ഒരു വസ്‌തുവും, ആ വസ്‌തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന അടയാളവും തമ്മിലുള്ള അഭേദ്യ സഹവാസമാണ് (വ്യാപ്‌തി) അനുമാന പ്രമാണത്തിന്റെ ആധാരം. തീയും പുകയും തമ്മിലുള്ള ബന്ധം ഒരു ഉദാഹരണമാണ്. ‘തീ ഉണ്ടെങ്കിൽ പുകയുമുണ്ട്’ എന്ന അനുമാനത്തിന്റെ ആധാരം, പുക ഉള്ളപ്പോൾ തീ-യിനെ കണ്ടിട്ടുണ്ട് എന്നതിനാൽ മാത്രമല്ല, പുക ഇല്ലാത്തപ്പോൾ തീ-യിനെ കണ്ടിട്ടില്ല എന്നതിനാൽ കൂടിയാണ്. ഇത്തരം അനുമാനത്തെ ‘അന്വയ – വ്യതിരേകി’ എന്നാണ് ന്യായ ദർശനം വിളിക്കുന്നത്. തീയിന്റെയും പുകയുടേയും സാന്നിധ്യം (അന്വയം) വഴിയും, അസാന്നിധ്യം (വ്യതിരേകി) വഴിയും ഇവിടെ അനുമാനം ആരോപിക്കാം. ന്യായ ദർശനത്തെ പോലെ അദ്വൈതവും ഇത് അംഗീകരിക്കുന്നു[4]. എന്നാൽ ന്യായ ദർശനത്തിനു വിരുദ്ധമായി അദ്വൈതത്തിലെ ത്രിപാദ സിദ്ധാന്തത്തിൽ (Syllogism) മൂന്ന് അംഗങ്ങളേ ഉള്ളൂ.
ന്യായ ദർശനം അനുസരിച്ച് ചുറ്റുവട്ടങ്ങളിൽ കാണുന്ന എല്ലാ അനുമാന പ്രമാണ സാധ്യതകളേയും നാം അറിവാക്കി മാറ്റി നമ്മിലേക്കു സംഗ്രഹിക്കുന്നില്ല. വസ്തുവിനെ കുറിക്കുന്ന അടയാളവും – വസ്‌തുവും തമ്മിലുള്ള വ്യാപ്‌തി നാം അറിഞ്ഞിട്ടും, ആ വ്യാപ്‌തി നേരിൽ കണ്ടിട്ടും, അത് അറിവായി നമ്മിൽ എത്തുന്നില്ലെന്നു അർത്ഥം. ഇതിനു കാരണമായി ന്യായ ചൂണ്ടിക്കാട്ടുന്നത് ‘എല്ലാ അനുമാനങ്ങളും ഗ്രഹിക്കണമെന്ന ആഗ്രഹം നമുക്ക് ഇല്ല’ എന്നതിലേക്കാണ്. അങ്ങിനെയെങ്കിൽ അനുമാന പ്രമാണം വഴി അറിവ് ലഭിക്കുന്നതിനു രണ്ട് കാര്യങ്ങൾ അവശ്യമാണെന്നു വരുന്നു. ഒന്ന്, വസ്‌തു എതാണെന്നതിനെ പറ്റിയുള്ള സംശയം. രണ്ട്, ആ സംശയം ദൂരീകരിക്കണമെന്ന ആഗ്രഹം. ഇവയെ ആധാരമാക്കി അനുമാന പ്രമാണം വഴി വസ്തുവിനെ അറിയാൻ ന്യായ ദർശനം നാല് സാധ്യതകൾ സൂചിപ്പിക്കുന്നു.
- വസ്‌തു ഏതെന്ന അറിവില്ലായ്മ + അറിവില്ലായ്‌മ ദൂരീകരിക്കാൻ ആഗ്രഹം.
- വസ്‌തു ഏതെന്ന അറിവില്ലായ്മ + അറിവില്ലായ്‌മ ദൂരീകരിക്കാൻ ആഗ്രഹമില്ലായ്മ.
iii. വസ്‌തു ഏതാണെന്ന അറിവ് + അറിവ് ദൃഢീകരിക്കാൻ ആഗ്രഹം.
- വസ്‌തു ഏതാണെന്ന അറിവ് + അറിവ് ദൃഢീകരിക്കാൻ ആഗ്രഹമില്ലായ്മ.
ന്യായ ദർശനം അനുസരിച്ച് ഇതിൽ ആദ്യത്തെ മൂന്നു സാധ്യതകളിലും അനുമാനം സംഭവിക്കുന്നു[5]. എന്നാൽ അദ്വൈതം മൂന്നാമത്തെ നിബന്ധനയിൽ വിയോജിപ്പ് ഉയർത്തുന്നുണ്ട്. അതാകട്ടെ, എല്ലാ അനുമാനവും സംഭവിക്കുന്നത് വസ്‌തു ഏതാണെന്ന സംശയം മൂലമാണ്എന്ന കർക്കശമായ അദ്വൈത നിലപാടിൽ ഊന്നിയുള്ളതാണ്. വസ്തു ഏതാണെന്നു സംശയാതീതമായി ഉറപ്പുണ്ടെങ്കിലും അനുമാനം സംഭവിക്കുംഎന്നത് അദ്വൈത നിലപാട് അല്ല. അതിനാൽ മൂന്നാമത്തെ സാധ്യതയെ അദ്വൈതം പ്രത്യേക രീതിയിലാണ് വിലയിരുത്തുന്നത്. ഇതനുസരിച്ച് വസ്‌തു ഏതാണെന്നു അറിയാമെങ്കിൽ തന്നെയും ആ അറിവ് അപ്പോഴും സംശയത്തിനു അതീതമായിരിക്കില്ല. അറിവ് ഏകദേശം ഉറപ്പാണ്, നല്ലപോലെ ഉറപ്പാണ്, ശരിക്കും ഉറപ്പാണ് എന്നിങ്ങനെ വിവിധ അളവുകൾ(Degrees) ഉറപ്പിനു ഉണ്ടെന്നു സാരം. അദ്വൈത വിക്ഷണം അനുസരിച്ച് ‘അടയാളം ദർശിക്കുമ്പോൾ വസ്തു ഏതെന്ന കാര്യത്തിൽ പരിപൂർണ ഉറപ്പ് കാഴ്ചക്കാരനിൽ ഉണ്ടാകില്ല. ഈ ഉറപ്പില്ലായ്‌മ കാഴ്‌ചക്കാരനെ അനുമാനത്തിലേക്കു നയിക്കുന്നു’.
അനുമാനത്തെ സംബന്ധിച്ചുള്ള അദ്വൈത നിലപാടിൽ എല്ലാം തന്നെ പൂർവ്വ മീമാംസയിലെ ഭട്ട വിഭാഗത്തിന്റേതാണ്. അനുമാനങ്ങളിലെ പിഴവ്-കളെ (fallacy) പറ്റിയുള്ള ന്യായ വിഭാഗത്തിന്റെ ആശയങ്ങളോടു അദ്വൈതികൾ യോജിക്കുന്നു.
ഉപമാനം / താരതമ്യം (Comparison):-
ഈ പ്രമാണത്തെ ഒരു ഉദാഹരണം വഴി മനസ്സിലാക്കാൻ ശ്രമിക്കാം. പശുവിനെ നേരിൽ കണ്ടിട്ടുള്ള ഒരു വ്യക്തി വനത്തിൽ വച്ചു, അവിടെ വളരുന്ന വന്യമായ ഇനത്തിലുള്ള, താട ഇല്ലാത്ത, പശുവിനെ (ഗവയ) കണ്ടുവെന്നു കരുതുക. അപ്പോൾ അദ്ദേഹം മനസ്സിൽ എടുക്കുന്ന തീരുമാനം‘ഈ ഗവയ എന്റെ പശുവിനെ പോലെയുണ്ട്’ എന്നായിരിക്കും. അതിനു ശേഷം ‘എന്റെ പശു ഈ ഗവയയെ പോലെയുണ്ട്’ എന്നു തീരുമാനിക്കും. ഒറ്റ നോട്ടത്തിൽ ഈ രണ്ടു തീരുമാനങ്ങളും ഒന്നാണെന്നു തോന്നാമെങ്കിലും സൂക്ഷ്മ വിശകലനത്തിൽ ഇവ തമ്മിൽ വ്യത്യാസമുണ്ടെന്നു കാണാം. ആദ്യത്തെ തീരുമാനം (ഈ ഗവയ എന്റെ പശുവിനെ പോലെയുണ്ട്) പ്രത്യക്ഷ പ്രമാണത്തിൽ ഊന്നിയുള്ളതാണ്. ഈ തീരുമാനത്തിലുള്ള വിഷയത്തെ (ഗവയ) നാം നേരിൽ ദർശിക്കുന്നു. എന്നാൽ രണ്ടാമത്തെ തീരുമാനം (എന്റെ പശു ഈ ഗവയയെ പോലെ ഉണ്ട്) മുമ്പ് ഒരു തവണ പ്രത്യക്ഷത്തിൽ ദർശിച്ച വസ്തുവിനെ ആസ്പദമാക്കിയുള്ളതാണ്. ഇവിടെ വിഷയത്തെ/വസ്തുവിനെ (എന്റെ പശു) നാം നേരിൽ ദർശിക്കുന്നില്ല. മറിച്ച് ഓർമയിൽ നിന്നു ചികഞ്ഞെടുക്കുകയാണ്.
രണ്ടാമത്തെ തീരുമാനം ആദ്യത്തെ തീരുമാനത്തിന്റെ ഉപോല്പന്നമാണ്. രണ്ടാമത്തെ തീരുമാനം എടുക്കുന്നതിൽ ഒരു മദ്ധ്യസ്ഥന്റെ പങ്ക് ആദ്യത്തെ തീരുമാനം വഹിക്കുന്നു. അതിനാൽ രണ്ടാമത്തെ തീരുമാനം (എന്റെ പശു ഈ ഗവയയെ പോലെയുണ്ട്) പെട്ടെന്നു കരഗതമാകുന്ന അറിവ്(Immediate knowledge) അല്ല. ഇത് (ആദ്യത്തെ തീരുമാനത്തിന്റെ) മദ്ധ്യസ്ഥത മൂലം ലഭിക്കുന്ന അറിവാണ് (Mediate knowledge).ഒന്നിലധികം ഘട്ടങ്ങളുള്ള ചിന്തനത്തിലൂടെ നമുക്ക് ലഭിക്കുന്ന അറിവ്.
ഒന്നിലധികം ഘട്ടങ്ങളുള്ള ചിന്തനത്തിലൂടെ അറിവുകൾ പ്രദാനം ചെയ്യുന്ന പ്രമുഖ പ്രമാണമാണ് അനുമാനം. എന്നാൽ മുകളിൽ വിവരിച്ച ഉപമാനത്തിന്റെ വിവിധ ഘട്ടങ്ങൾ അനുമാനമായി കണക്കാക്കാമോ? പറ്റില്ലെന്നാണ് അദ്വൈതികളുടെ ഉറച്ച മറുപടി. കാരണം അനുമാന പ്രമാണത്തിന്റെ നട്ടെല്ലായ ത്രിപാദ സിദ്ധാന്തത്തെ, Syllogism, രൂപപ്പെടുത്തുന്ന ഘടകങ്ങൾ ഉപമാനത്തിൽ ഇല്ല. അതിനാൽ ഉപമാന പ്രമാണത്തെ പ്രത്യക്ഷത്തിലും അനുമാനത്തിലും ഉൾക്കൊള്ളിക്കാനാകില്ലെന്നു അദ്വൈതികളൂം, പൂർവ്വ മീമാംസകരും ഉറപ്പിക്കുന്നു. ഉപമാനം അങ്ങിനെ ഒരു സ്വതന്ത്ര പ്രമാണമാകുന്നു.
അർത്ഥാപത്തി (Postulation):-
നാം നേരിൽ കാണുന്ന വസ്‌തുതകളുടെ സാധുത, നാം നേരിൽ കാണാത്ത മറ്റു ചില വസ്‌തുതകളെ ഉപയോഗിച്ച് ഉറപ്പു വരുത്തുന്ന രീതിയാണ് അർത്ഥാപത്തി അഥവാ ഊഹം. നേരിൽ കാണാത്ത വസ്‌തുതകളെ സങ്കല്പിച്ചില്ലെങ്കിൽ നേരിൽ കണ്ട വസ്‌തുതകൾ പരസ്പര വൈരുദ്ധ്യമാകുന്ന, വിവരണാതീതമാകുന്ന സാഹചര്യം ഒഴിവാക്കാൻ അർത്ഥാപത്തി സഹായിക്കുന്നു. ഒരു ഉദാഹരണം ഇനി പറയുന്നു.
‘പകൽ സമയത്തു ഒരു വ്യക്തി ഭക്ഷണം കഴിക്കുന്നില്ല. എന്നിട്ടും ദിനം തോറും അദ്ദേഹം തടിയനായി വളർന്നു വരുന്നു.’
ഇത് നമുക്കു നേരിൽ ദൃശ്യമാകുന്ന വസ്തുത.
ഈ വസ്‌തുതയിലെ വൈരുദ്ധ്യത്തെ അതിജീവിക്കാൻ ആ വ്യക്തി രാത്രിയിൽ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട് എന്നു നമുക്കു ഊഹിക്കേണ്ടി വരും. ഈ ഊഹം ഇല്ലെങ്കിൽ നേരിൽ ദൃശ്യമാകുന്ന വസ്‌തുതയുടെ സാധുത, പരസ്പര വൈരുദ്ധ്യം നിമിത്തം, പ്രശ്നതലത്തിലാകും. ഇവിടെ അർത്ഥാപത്തി എന്ന സ്വതന്ത്ര പ്രമാണമാണ് വ്യക്തി രാത്രിയിൽ ഭക്ഷണം കഴിക്കുന്നുണ്ട് എന്ന അറിവ് നൽകുന്നത്.
അർത്ഥാപത്തിയെ അനുമാന പ്രമാണത്തിൽ നിന്ന് വേർതിരിക്കുന്നത് എന്താണ്? അർത്ഥാപത്തി വഴി ലഭ്യമാകുന്ന അറിവ് പരസ്പര വിരുദ്ധമായ ഒരു സാഹചര്യത്തെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അനുമാനത്തിൽ ഇത്തരം പരസ്പര വിരുദ്ധ സാഹചര്യമില്ല. കൂടാതെ അർത്ഥാപത്തിയെ അനുമാന പ്രമാണ പ്രകാരമുള്ള ത്രിപാദ സിദ്ധാന്തത്തിലെ മൂന്ന് അംഗങ്ങളായി പരിഗണിച്ചാൽ അതിൽ ആദ്യത്തെ പ്രസ്‌താവം തന്നെ, ദൃശ്യമാകുന്ന അറിവിനേയും ദൃശ്യമാകാത്ത അറിവിനേയും (ഈ അറിവ് ലഭിക്കാനായിട്ടാണ് അർത്ഥാപത്തി പ്രമാണം ഉപയോഗിക്കുന്നത്) പ്രദാനം ചെയ്യും. ഏത് അറിവിനു വേണ്ടിയാണോ അനുമാനം ഉപയോഗിക്കുന്നത് ആ അറിവ് തന്നെ ആദ്യം അറിയാനാകും എന്ന്[6]. എങ്കിൽ പിന്നെ അനുമാന പ്രമാണം ഉപയോഗിക്കേണ്ട കാര്യമില്ലല്ലോ? ഈ വിധ കാരണങ്ങളാൽ അർത്ഥാപത്തി അനുമാന പ്രമാണം അല്ലെന്നും, ഒരു വ്യത്യസ്തമായ സ്വതന്ത്ര പ്രമാണമാണെന്നും അദ്വൈത വേദാന്തം പറയുന്നു.
ഇവിടേയും പൂർവ്വ മീമാംസയിലെ ഭട്ട വിഭാഗത്തിന്റെ വാദങ്ങളെ അദ്വൈതികൾ പിന്തുടരുന്നു.
(തുടരും…)
[1] ‘പൂർവ്വ മീമാംസ അംഗീകരിക്കുന്ന ആറ് പ്രമാണങ്ങളെ അദ്വൈത വേദാന്തവും അംഗീകരിക്കുന്നു’ എന്നാണ് സത്യത്തിൽ, പറയേണ്ടത്. കാരണം പ്രമാണങ്ങളെ കുറിച്ചുള്ള പഠനത്തിൽ പൂർവ്വ മീമാംസ അദ്വൈതത്തേക്കാളും വളരെ മുന്നിലാണ്.
[2] മനസ്സ്, ഇന്ദ്രിയത്തിനും ബാഹ്യവസ്തുവിനും ഇടയിൽ ഒരു മീഡിയം ആയി വരുമ്പോൾ അപ്രകാരം ലഭിക്കുന്ന എല്ലാ അറിവും മദ്ധ്യസ്ഥത മുഖേനയുള്ള അറിവേ (Mediate Knowledge) ആവുകയുള്ളൂ. ‘പെട്ടെന്നു ലഭ്യമാകുന്ന അറിവ്’(Immediate Knowledge) ആവുകയില്ല.
[3] ഒരു അറിവിന്റെ സാധുത ഉറപ്പുവരുത്തുന്നത് മറ്റൊരു അറിവാണെന്നു ന്യായ ദർശനം പറയുന്നു. ഇത് സാധ്യമല്ലെന്നു അദ്വൈതവും. കാരണം ഒരു അറിവിന്റെ സാധുത ഉറപ്പു വരുത്തുന്നത് മറ്റൊരു അറിവാണെങ്കിൽ, ആ രണ്ടാമത്തെ അറിവിന്റെ സാധുത ഉറപ്പുവരുത്താൻ മറ്റൊരു (മൂന്നാമത്തെ) അറിവു വേണ്ടിവരും. ഇത് ഒരു നിലക്കാത്ത ചാക്രിക പ്രക്രിയയായി നീണ്ടുപോകും. ഈ ചാക്രിക പ്രക്രിയ നിശ്ചലമാക്കാൻ നമുക്ക്, ചാക്രിക പ്രക്രിയക്കു ഇടയിൽ, എപ്പോഴെങ്കിലും ‘ഒരു അറിവ് സ്വയം സാധുവാണ്’ എന്ന നിലപാട് എടുക്കേണ്ടി വരും. എങ്കിലേ ചാക്രിക പ്രക്രിയ അവസാനിക്കൂ. ഇങ്ങിനെ ചാക്രിക പ്രക്രിയക്കു ഇടയിലുള്ള ഒരു അറിവ് സ്വയം സാധുവാണെന്ന നിലപാട് എടുക്കാമെങ്കിൽ, ‘എന്തുകൊണ്ട് എല്ലാ അറിവും സ്വയം സാധുവാണെന്ന നിലപാട് തുടക്കത്തിൽ തന്നെ എടുക്കാൻ അദ്വൈതിക്കു സാധിക്കില്ല’ എന്നു അദ്വൈതം ആരായുന്നു.
[4] എന്നാൽ ‘കേവല-വ്യതിരേകി’ എന്നു ന്യായ ദർശനം നിർവചിച്ചിട്ടുള്ള അനുമാനത്തെ അദ്വൈതികൾ അംഗീകരിക്കുന്നില്ല. അദ്വൈത വേദാന്തം ‘കേവല വ്യതിരേകി’-യെ മറ്റൊരു സ്വതന്ത്ര പ്രമാണമായി അംഗീകരിക്കുന്നു – അർത്ഥാപത്തി.
[5] രണ്ടാമത്തെ സാധ്യതയിൽ അനുമാനം വഴിയുള്ള അറിവിനു ആഗ്രഹമില്ലെങ്കിൽ തന്നെയും ചില സന്ദർങ്ങളിൽ അനുമാനം അനൈച്‌ഛികമായി നമ്മിൽ നടക്കുമെന്നു ന്യായം പറയുന്നു. ഉദാഹരണമായി ഇടിവെട്ടുമ്പോൾ നാം മേഘങ്ങളുടെ സാന്നിധ്യം അറിയുന്നത്. മൂന്നാമത്തെ നിബന്ധനയിൽ, വസ്തുവിനെ നാം അറിഞ്ഞു കഴിഞ്ഞാലും, ആ അറിവ് കൂടുതൽ ബലപ്പെടുത്താനുള്ള നമ്മുടെ പരിശ്രമം അനുമാനത്തിൽ കലാശിക്കും. ഉദാഹരണമായി, ‘ശ്രുതി’യിൽ ആത്മാവിനെ കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും, കൂടുതൽ അറിവിനായി നാം വീണ്ടും ശ്രുതി വാക്യങ്ങൾ അന്വേഷിക്കുന്നത്. ന്യായ ദർശനം അനുസരിച്ച് ഒന്നാമത്തെ സാധ്യതയിൽ അനുമാനം തീർച്ചയായും സംഭവിക്കും. നാലാമത്തേതിൽ അനുമാനം സംഭവിക്കുന്നില്ല.
[6] Devadatta, who is alive, is either at home or is out;
Devadatta is not at home;
Therefore he is out.
Featured Image:- YouTube.com
അടുത്ത ഭാഗത്തിൽ അനുപലബ്‌ധിയും, ശബ്ദപ്രമാണവും പരിശോധിക്കുന്നു.
സസ്നേഹം
സുനിൽ ഉപാസന