സുശ്രുതപൈതൃകം – 2

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ഒരാഴ്ചയ്ക്കു ശേഷം ഭാസ്കരൻനായർ എസ്എൻഡിപി സെന്ററിലെ ക്ലിനിക്കിൽ ദിനേശ്‌ഡോക്ടറെ കാണാൻ എത്തി. കാലത്തുതന്നെ കുളിയും ജപവും കഴിച്ച്, നെറ്റിയിൽ ട്രേഡ്‌മാർക്കായ മൂന്നു നീളൻ ഭസ്മക്കുറി വരച്ചിട്ടുണ്ട്. കയ്യിൽ നെല്ലിശ്ശേരി ഡോക്ടർ നൽകിയ ഗുളികകൾ.

ദിനേശ് ചോദിച്ചു. “ആശൂത്രീ പോയിട്ടെന്തായി അങ്കിളേ”

“ഞെരമ്പ് വീര്‍ക്കണത് ബ്ലഡ്പ്രഷർ കാരണാന്നാ പറഞ്ഞെ. കാലുവേദനേടെ കാര്യം പറഞ്ഞപ്പോഴും പ്രഷർ തന്നെ പ്രശ്നം”

ദിനേശ്‌ഡോക്ടർ അനുകൂലിച്ചു. ഭാസ്കരൻനായരെ പേടിപ്പിച്ചു. “പ്രഷറിന്റെ കാര്യം തള്ളിക്കളയാൻ പറ്റില്ല. സൂക്ഷിച്ചില്ലെങ്കി ചെലപ്പോ മേലും വീർത്തു വരും”

ഭാസ്കരൻനായർ രണ്ടു കൈകൊണ്ടും ശരീരം ഉഴിഞ്ഞു. നെല്ലിശ്ശേരി ഡോക്ടർ നൽകിയ ഗുളികകൾ ദിനേശിനു നേരെ നീട്ടി. ഗുളികകൾ പരിശോധിച്ച ശേഷം ഡോക്ടർ അറിയിച്ചു.

“ഈ ഗുളിക കഴിച്ചാ മതി. ധാരാളം”

“അപ്പോ കാലുവേദന എന്നുമാറും?”

“എന്നാന്നല്ല, ഏതു നിമിഷോം മാറാംന്നു പറ”

“മാറീല്ലെങ്കിലോ?”

“മാറീല്ലെങ്കിലാ…. മാറീല്ലെങ്കി നമക്കു വേറെ ചില സ്ട്രോങ്ങ് ഗുളിക പ്രയോഗിക്കാം”

“സ്ട്രോങ് ഗുളിക കഴിച്ചട്ടും മാറീല്ലെങ്കിലോ?”

“ഇല്ലെങ്കീ നമക്കീ കാല് രണ്ടും അങ്ങട് മുറിച്ച് കളയാം” ഡോക്ടർക്കു കലി വന്നു.

പറയുക മാത്രമല്ല, മേശപ്പുറത്തിരുന്ന ചെറിയ കത്തി പോലുള്ള ഉപകരണം എടുത്തു, ഡോക്ടർ ഇറച്ചി വെട്ടുന്ന ആഗ്യം കാണിക്കുകയും ചെയ്തു. ഭാസ്കരൻനായരുടെ ജീവൻ പോയി. ഡോക്ടറുടെ മുഖത്തു നോക്കിയപ്പോൾ ‘കാൽ മുറിച്ചിട്ടേയുള്ളൂ’ എന്ന ദൃഢനിശ്ചയം അവിടെ സ്ഫുരിക്കുന്നതായി തോന്നി. സംശയങ്ങൾ ചോദിക്കുന്നത് നിർത്തി ഭാസ്കരൻനായർ ക്ലിനിക്കിന്റെ പടിയിറങ്ങി.

അങ്ങിനെ ദിനേശ്‌ഡോക്ടറുടെ പേഷ്യന്റായി ഭാസ്കരൻനായർ ‘ചുമതലയേറ്റു’. ആദ്യ സെറ്റ് ഗുളികകൾ കഴിഞ്ഞപ്പോൾ ഡോക്ടർ അതേ ഗുളികകൾ തന്നെ വീണ്ടും എഴുതിക്കൊടുത്തു. അതും കഴിഞ്ഞപ്പോൾ ‘സ്ട്രോങ്ങായ’ മീൻഗുളിക കൊടുത്തു. പിന്നെ കുറച്ചുനാൾ മീൻഗുളികയുടെ ധാരാളിത്തമായിരുന്നു. അതു കഴിച്ചു ഞെരമ്പ് കൂടുതൽ വീർത്തില്ലെങ്കിലും, വീർത്തതെല്ലാം കുറഞ്ഞില്ല. അതിന്റെ കാരണം ചോദിക്കുമ്പോൾ ‘എന്തൂട്ടാ പ്രഷറിന്റെ ഓരോരോ കളികൾ’ എന്നു ഡോക്ടർ പതംപറഞ്ഞു തേങ്ങി.

കാലിലെ പ്രശ്നങ്ങൾ മാറിയില്ലല്ലോ, ഇനി ശരീരവും വീർക്കുമോ’ എന്നു ശുദ്ധാത്മാവായ ഭാസ്കരൻനായർ ആശങ്കപ്പെട്ടു കഴിയുന്ന ഇക്കാലത്താണ് അയ്യങ്കോവ് അമ്പലത്തിലെ പുതിയ വാരരായി മണികണ്ഠൻ എത്തുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ മണികണ്ഠൻ ദിവസവും പോയിവരാമെന്നു ആദ്യം തീരുമാനിച്ചു. പിന്നെ മനസ്സിലായി, പോയിവന്നാൽ ബസിലിരുന്നു മാല കോർക്കേണ്ടി വരുമെന്ന്. അപ്പോൾ കക്കാടിൽ തന്നെ താമസസ്ഥലം നോക്കി. അന്വേഷണം എത്തിനിന്നത് ഭാസ്കരൻനായരിലാണ്. രണ്ടു പെൺമക്കളേയും വിവാഹം ചെയ്തയച്ച്, അദ്ദേഹം ഒറ്റത്തടിയായി ജീവിക്കാൻ തുടങ്ങിയിട്ടു കൊല്ലം ഇരുപതോളമാകുന്നു. വലിയ ചെലവില്ലാതെയും, ചെലവു വരുത്താതെയും ജീവിതം തള്ളിനീക്കുകയാണ്. ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഒരുദിവസം മൂന്നു വെറ്റിലയും, കുറച്ചു ചുണ്ണാമ്പും അടയ്ക്കയും, ഒരുകഷണം പുകലയും ഭാസ്കരൻനായർക്കു ധാരാളമാണ്. മണികണ്ഠനാണെങ്കിൽ ഇതിന്റെയൊക്കെ ഉസ്താദും.

വൈകുന്നേരത്തെ പതിവായ പുല്ലുപറിക്കൽ വേളയിലാണ് മണികണ്ഠനേയും കൂട്ടി ശാസ്താവിന്റെ ഭക്തവൽസലൻ കൈപ്പുഴ ജനാർദ്ദനൻ മര്യാദാമുക്കിനു സമീപമുള്ള ഭാസ്കരൻനായരുടെ വീട്ടിലെത്തിയത്. മണികണ്ഠനെ മുന്നിൽ നിർത്തി ജനാർദ്ദനൻ നരച്ചു വെളുത്ത താടി ചൊറിഞ്ഞു ചോദിച്ചു.

“ഇതാരാന്ന് മനസ്സിലായാ ഭാസ്കരൻനായരേ?”

ഭാസ്കരൻനായർ കണ്ണിനുമേൽ കൈപ്പടംവച്ചു സൂക്ഷിച്ച് നോക്കി. പക്ഷേ ആളെ മനസ്സിലായില്ല.

“കണ്ണൊന്നും ഇപ്പോ അങ്ങട് പിടിക്കണില്ല ജനാ. തിമിരം തുടങ്ങീലേ”

ജനാർദ്ദനൻ പറഞ്ഞു. “നമ്മടെ അമ്പലത്തിലെ പുതിയ വാരരാ”

“ഓ നന്നായി” മണികണ്ഠനോടായി ചോദിച്ചു. “എവട്യാ വീട്?’

“തിരുവഞ്ചിക്കുളം” മണികണ്ഠൻ പറഞ്ഞു.

ജനാർദ്ദനൻ കാര്യം അവതരിപ്പിച്ചു. “അപ്പോ ഭാസ്കരൻനായരേ. വാരർക്ക് താമസിക്കാൻ ഒര് വീട് വേണം. ഞാൻ നമ്മടെ സജീവന്റെ തറവാട് വീട് ആലോചിച്ചു. പക്ഷേ അത്രേം സൗകര്യം ആവശ്യല്ലാന്ന് വാരർക്ക് നിർബന്ധം”

“അതെന്തേ. കുളിക്കാനാണെങ്കി അമ്പലക്കൊളോണ്ട്. വയറ്റിലെ പ്രശ്നങ്ങൾക്കു അമ്പലപ്പറമ്പിന്റെ മൂലയ്ക്കു കക്കൂസുണ്ട്. ഭക്ഷണം കഴിക്കാനാണെങ്കിലോ മാധവൻസുനീടെ ഹോട്ടലൂണ്ട്. പിന്നെ ഒന്നു നിവർന്നു കെടക്കണ്ട കാര്യം മാത്രല്ലേ ഒള്ളൂ. അതിനു ആ ഒറ്റമുറി ധാരാളല്ലേ”

“കെടക്കാൻ മാത്രാണെങ്കി ശങ്കരേട്ടന്റെ റേഷൻകടേടെ തിണ്ണ പോരേ”

“അതെ. കൊറച്ചൂടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റൂങ്കി കെടപ്പ് അവട്യാക്കാം. അപ്പോപിന്നെ നായാപ്പൈസ കയ്യീന്നു പോവില്ല”

അവസാനം പറഞ്ഞതാണ് കാര്യം. കാശ് പരമാവധി കുറച്ചുപോകുന്ന കാര്യങ്ങളേ ഭാസ്കരൻനായർ ഉപദേശിക്കൂ. കാര്യങ്ങൾ ഇങ്ങിനെ സെറ്റിലാകുമോയെന്നു മണികണ്ഠൻ ഭയന്നു. ജനാർദ്ദനന്റെ ചെവിയിൽ രഹസ്യം പറഞ്ഞു.

Read More ->  പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]

“വാരര്‌ക്കു കുളിക്കാൻ ചൂടുവെള്ളം നിർബന്ധാന്ന് ഭാസ്കരൻനായരേ”

“അങ്ങനാണെങ്കി സുനീടെ ഹോട്ടലിൽ അരിക്കു വെള്ളം ചൂടാക്കുമ്പോ ഒരു ബക്കറ്റ് വെള്ളം കൂടുതലൊഴിക്കാ. അത്രന്നെ”

ജനാർദ്ദനൻ എതിർത്തു. “അതൊന്നും ശര്യാവില്ല. വാരർക്ക് ഇതൊക്കെ തന്നെത്താൻ ചെയ്യണന്ന് നിർബന്ധാ”

ഭാസ്കരൻനായർ വാരരോടു ചോദിച്ചു. “നിന്റെ പേരെന്താ?”

മറുപടി പറയുന്നതിനു മുമ്പ് മണികണ്ഠൻ വായ ‘കുമുകുമാ’ന്നനെ കുലുക്കി, വേലിക്കരുകിൽ പോയി, ഒരു ലോട്ടയിൽ കൊള്ളാവുന്ന അത്രയും മുറുക്കാൻ വെള്ളം തുപ്പി. നിലക്കാത്ത ആ മുറുക്കാൻ പ്രവാഹം കണ്ട് ഭാസ്കരൻനായർ കറന്റടിച്ച പോലെ തരിച്ചുനിന്നു. കടുത്ത വെറ്റില പ്രേമിയായ ഭാസ്കരൻനായർക്കു വാരരെ നന്നായി ബോധിച്ചു. വായിൽ ബാക്കിയായ മുറുക്കാൻ കാരണം ഉച്ചാരണവൈകല്യത്തോടെയാണ് മണികണ്ഠൻ പേര് പറഞ്ഞത്.

“മണികന്റൻ”

ജനാർദ്ദനൻ തിരുത്തി. “എന്ന്വച്ചാ മണികണ്ഠൻ ന്ന്”

ഭാസ്കരൻനായർ അന്വേഷിച്ചു. “നീയെല്ലാ ദിവസോം മുറുക്ക്വോ?”

“ഏതു നേരോം മുറുക്കൂന്ന് പറ”

“നന്നായി” മുറുക്കാൻ കാശ് ലാഭം. ഭാസ്കരൻനായർ ആവേശത്തോടെ വീണ്ടും ആരാഞ്ഞു.

“നീയെങ്ങനാ രാത്രീല് ലൈറ്റ് ഇടണ പാർട്ട്യാണോ?”

‘ആണ്’ എന്നു പറയാനാഞ്ഞ മണികണ്ഠനെ തടഞ്ഞു, ജനഞ്ചേട്ടൻ ഇടയ്ക്കു കയറി പറഞ്ഞു.

“അങ്ങനെ ഒരു നിർബന്ധോം ഇല്യാന്ന്. ഇരുട്ടത്തിരുന്ന് നാമം ജപിക്ക മാത്രേ ചെയ്യൂ. പിന്നെ കഞ്ഞി കുടിക്കുമ്പോ മാത്രം ചെലപ്പോ ലൈറ്റിടും. അതിനിപ്പോ മിന്നാമിനുങ്ങായാലും മതി”

അങ്ങിനെ കറന്റുകാശും ലാഭം. “അങ്ങനാണെങ്കി ഒരുമാസം എന്റെ കൂടെ നിന്നോ. എനിക്ക് വിരോധല്യ. ഒരുമാസം കഴിഞ്ഞട്ട് നിക്കണ കാര്യം പിന്നെപ്പറയാം”

അഞ്ചു മിനിറ്റിനുള്ളിൽ മണികണ്ഠനു താമസം ശരിയായി. അന്നു മുതൽ എല്ലാ രാത്രിയിലും മണികണ്ഠൻ ഇരുട്ടത്തു ലാത്തിച്ചാർജിനു വിധേയനായി.

ആദ്യദിവസങ്ങളിൽ കഞ്ഞിയും കായഉപ്പേരിയും കഴിച്ചെങ്കിലും പിന്നീട് മണികണ്ഠനു അതു പോരെന്നായി. അപ്പോൾ വൈകിട്ടു അമ്പലത്തിൽനിന്നു വന്നാൽ പ്രകാശന്റെ ഓട്ടോയിൽ അന്നമനടയ്ക്കു പോകും. നാലു മസാലദോശ വാങ്ങും. ഒരു ദോശക്കു ഇരുപത്തഞ്ചു രൂപ. നാലു ദോശക്കു നൂറ് രൂപ. ഓട്ടോ ചാർജ്ജ് ഇരുപതു രൂപ വേറെ. അങ്ങിനെ മൊത്തം നൂറ്റിയിരുപത് പോകും.

നാലു മസാലദോശകളിൽ രണ്ടെണ്ണം സ്വാദോടെ കഴിച്ച്, കൈവടിച്ചുനക്കി, ചുക്കുവെള്ളം കുടിച്ചു ഏമ്പക്കം വിടുമ്പോൾ ഭാസ്കരൻനായർ പരിഭവം പറയും.

“ഒര് രണ്ടെണ്ണം കൂടെ വാങ്ങായിരുന്നു മണികണ്ഠാ”

നിമിത്തങ്ങളിൽ ഭാസ്കരൻനായർക്കു ഭയങ്കര വിശ്വാസമായതിനാൽ ഉത്തരത്തുള്ള പല്ലികൾ ചിലക്കാതിരിക്കാൻ മണികണ്ഠൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. അമ്പലത്തിലിരുന്നു മാല കോർക്കുമ്പോൾ ശ്രീധരസ്വാമിയോടു മാത്രം പരിഭവം പറയും.

“ഇവടന്നു മാളക്കു പത്തുരൂപ. മാളേന്ന് തിരുവഞ്ചിക്കുളത്തേക്കു വേറൊരു പത്തു രൂപ. അങ്ങിനെ മൊത്തം ഇരുപത്. അങ്ങോട്ടും ഇങ്ങോട്ടും കൂട്ട്യാ ആകെ നാല്പത്. ഒരുദിവസം നാല്പത് രൂപേണ്ടെങ്കി എനിക്കു വീട്ടീപ്പോയി വരാം. ഇതിപ്പോ ദിവസം നൂറ് നൂറ്റിരുപത് രൂപ്യാ കയ്യീന്ന് പോണെ. പോരാഞ്ഞ് ജാതീടെ കടയ്ക്കിടാൻ എല്ലുപൊടി, വൈദ്യനു കൊടുക്കാൻ ദക്ഷിണ., ഒക്കെ ഞാൻ തന്നെ കൊടുക്കണം”

മണികണ്ഠൻ വന്നു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഭാസ്കരൻനായർ, തന്നെ ദീർഘനാളായി അലട്ടുന്ന, ആരോഗ്യപ്രശ്നം അവതരിപ്പിച്ചു. രാത്രിയിൽ, മസാലദോശ കഴിച്ചു നടുനിവർത്തുമ്പോൾ അദ്ദേഹം ചോദിച്ചു.

“നിനക്കെങ്ങനാ മണികണ്ഠാ, അലോപ്പതി ചികിൽസ ഇഷ്ടാണോ?”

അലോപ്പതിയെ അനുകൂലിച്ചു ഒരക്ഷരം പറയരുതെന്നു നിർദ്ദേശമുണ്ട്. മണികണ്ഠൻ എതിർത്തു.

“അലോപ്പത്യാ? ഛായ്. അതൊരു തവണ്യാ ചെയ്തട്ടൊള്ളൂ. അതോടെ നിർത്തി”

“അതെന്തേ” ഭാസ്കരൻനായർക്കു ആകാംക്ഷയായി.

“പല്ലിന് ചെറിയ വേദന വന്നപ്പോ പോയതാ. പല്ല് ഡോക്ടർ പറഞ്ഞു ‘നമക്കൊന്നു ക്ലീൻ ചെയ്യാന്ന്”

“അതെന്തൂട്ടാ പരിപാടി”

“പല്ല് തേക്കണ പോല്യാന്നാ ഞാൻ കരുത്യെ”

“എന്നട്ട്”

“എന്നട്ടെന്തൂട്ടാ. അങ്ങേര് ഏതാണ്ട് യന്ത്രം വച്ച് പല്ലിന്റെ എടേലൊക്കെ കുത്തി. കോണ്‍ക്രീറ്റ് പൊളിക്കാൻ ഒരു യന്ത്രംവച്ച് അടിക്കില്ലേ, “ശ്ചുക് ചുക്” എന്ന്. അതേപോല്യാ എനിക്ക് തോന്ന്യേ. എന്താണ്ടൊക്കെ തകര്‍ന്ന് പോണ സൗണ്ട് കേട്ടു. വായ അടച്ചപ്പഴാ മനസ്സിലായേ, കോമ്പല്ല് രണ്ടെണ്ണോം പകുത്യായീന്ന്”

“നിനക്ക് പ്രശ്നാക്കായിര്ന്നില്ലേ മണികണ്ഠാ”

“ആക്കാന്ന് വെച്ചതാ. പക്ഷേ ഡോക്ടറൊരു ഊക്കനായിരുന്നു. എന്നെക്കൊണ്ട് കൂട്ട്യാ കൂടൂല. പിന്നെ കോമ്പല്ലുമ്മെ പോട് ഇണ്ടായിരുന്നൂന്ന് പറഞ്ഞ് അങ്ങേര് തടി തപ്പി”

ഭാസ്കരൻ നായർ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ കാലിലെ ഞെരമ്പ് തടിക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചു. “നിനക്ക് ഇക്കാര്യത്തീ എന്തെങ്കിലും ചികിൽസ അറിയോ?”

“ആയുർവേദ ഉഴിച്ചിൽ നല്ലതാ”

“അത് ശര്യാ. പക്ഷേ ഉഴിച്ചിലിനിപ്പോ ഭയങ്കര ചെലവാ. കിഴീം കൂടീണ്ടെങ്കി പറയേ വേണ്ടാ”

ഒരുമാസം കഴിഞ്ഞാൽ എവിടെ താമസിക്കുമെന്ന അനിശ്ചിതത്വം ഒഴിവാക്കാനുള്ള പോംവഴി മണികണ്ഠന്റെ തലയിൽ മിന്നി.

“എന്നാപ്പിന്നെ ഒര് വഴ്യേള്ളൂ. ഞാൻ തന്നെ അങ്ങട് ഉഴിയാം”

ഭാസ്കരൻനായർ അൽഭുതപ്പെട്ടു. “നിനക്കതിനു ഉഴിച്ചിൽ അറിയോ?”

“അറിയോന്നാ! ഹഹഹഹ” മണികണ്ഠൻ ചിരിച്ചു. “എന്റെ വീട്ടിലെ മൂന്നു പശുക്കളേം ഞാനായിരുന്നു കറക്കാറ്”

“പശൂനെ കറക്കണ പോലെയാണോ ഉഴിച്ചില്?”

“ഏതാണ്ട് അങ്ങനന്നെ. ഏതു കറവക്കാരനും ഉഴിച്ചിലുകാരനാണ്, പക്ഷേ ഏതു ഉഴിച്ചിലുകാരനും കറവക്കാരനല്ല എന്നു കേട്ടിട്ടില്ലേ”

കേട്ടിട്ടില്ലെങ്കിലും ഭാസ്കരൻനായർ കേട്ടിട്ടുണ്ടെന്നു തല കുലുക്കി. “അപ്പോ ഫലപ്രാപ്തിയെപ്പറ്റി സംശയം വേണ്ടാല്ലേ”

“എന്തിനു സംശയം”

Read More ->  ഖാലി - 1

പിറ്റേന്നു രാവിലെ അമ്പലത്തിലെ ജോലികൾ ഒതുക്കി, ആരോടും പറയാതെ മണികണ്ഠൻ അന്നമനടയിലേക്കു ബസ് കയറി. അവിടെയുള്ള ആയുർവേദ ഡോക്ടറെ കണ്ടു. ബന്ധത്തിലുള്ള ഒരു അമ്മാവനു ഞെരമ്പുവീക്കം ഉണ്ടെന്നു സൂചിപ്പിച്ച്, ഭാസ്കരൻനായരുടെ രോഗവിവരങ്ങൾ പറഞ്ഞുകൊടുത്തു.

ഡോക്ടർ പറഞ്ഞു. “രോഗിയെ കാണാതെ ചികിൽസ നിശ്ചയിക്കാൻ പറ്റില്ല”

“ഡോക്ടറെ ഈ കേസീ രോഗീനെ കാണാൻ പറ്റില്ലാന്നൊള്ളത് നൂറ്റൊന്നു തരം ഉറപ്പാ”

ഡോക്ടർ ഊതി. “അതെന്താ. രോഗി മരിച്ചോ?”

“മരിച്ചട്ടില്ല. പക്ഷെ മരിച്ചാ‌പോലും ആയുർവേദ ചികിൽസ ചെയ്യില്ലെന്നാ വാശി” മണികണ്ഠൻ മുട്ടൻനുണ പറഞ്ഞു.

“എന്നാൽപ്പിന്നെ ചാവട്ടേന്നു വക്കാം”

“പക്ഷേ ഞങ്ങക്ക് അങ്ങനെ കരുതാൻ പറ്റില്ലല്ലോ. വേണ്ടപ്പെട്ട ആളാണ്. മുൻശുണ്ഠിക്കാരനാണ്. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താന്നാ വിചാരിക്കണേ”

ഡോക്ടർ മടിച്ചുനിന്നു. മണികണ്ഠൻ പ്രേരിപ്പിച്ചു. “ധൈര്യായി എഴുതിത്തരൂന്ന്. ചികിൽസ സുഖാവുമ്പോ ഒരാഴ്ചയ്ക്കകം അദ്ദേഹം ഇവടെ വന്നു ഡോക്ടറെ മുഖം കാണിക്കും. എനിക്കൊറപ്പല്ലേ”

“ആണോ. എന്നാൽ കൊറച്ച് കൊട്ടൻചുക്കാദീം കർപ്പൂരാദീം വാങ്ങി ഉഴിഞ്ഞോ”

“അതു മത്യാവോ?” മണികണ്ഠൻ സംശയിച്ചു.

“മത്യായില്ലെങ്കീ ഇവടെ വരാമ്പറ…” ആയുർവേദ ഡോക്ടർ ഉപസംഹരിച്ചു.

മണികണ്ഠൻ ഓരോകുപ്പി കൊട്ടൻ‌ചുക്കാദിയും കർപ്പൂരഹസ്താദി തൈലവും വാങ്ങി തിരികെ പോന്നു. രാവിലെ അമ്പലത്തിൽനിന്നു വന്നശേഷം അരമണിക്കൂർ ഭാസ്കരൻനായരെ ഉഴിയാൻ തീരുമാനിച്ചു. ഉച്ചിയിൽ രാസ്‌നാദിപ്പൊടി തേച്ചു. കുഴമ്പ് അളവിനെടുത്തു, അടുപ്പിൽവച്ചു ചൂടാക്കി. ചൂടായ കുഴമ്പ് കാലിൽ തേച്ചുപിടിപ്പിച്ചു അഞ്ചുമിനിറ്റ് വിശ്രമം. ശേഷം ഉഴിച്ചിൽ. ഭാസ്കരൻനായർ കരുതിയത് മണികണ്ഠൻ അരമണിക്കൂർ ജോറായി ഉഴിഞ്ഞുതരുമെന്നാണ്. ആദ്യത്തെ ആഴ്ച അങ്ങിനെ തന്നെ നടന്നു. പക്ഷേ രണ്ടാമത്തെ ആഴ്ച, ഉഴിച്ചിലിനിടയിൽ മണികണ്ഠന്റെ കൈ ‘എങ്ങിനെയോ ഉളുക്കി’. മാരകമായ ഉളുക്ക്. മണികണ്ഠൻ ‘അയ്യോ’ എന്നൊരു അലർച്ചയോടെ മറിഞ്ഞു വീണു. കൈക്കുള്ളിൽ എന്തോ പൊട്ടിത്തകർന്നെന്നു വിലപിച്ചു.

“എന്താ…. എന്താ പറ്റ്യെ മണികണ്ഠാ” ഭാസ്കരൻനായർ ചോദിച്ചു.

മണികണ്ഠൻ വലതുകൈ വിറപ്പിച്ചു. “എന്റെ വലത്തേ കൈയ്യാകെ നാശായി. അനക്കാൻ പറ്റണില്ല”

“അനക്കാൻ പറ്റണില്ലാന്നോ! എന്നട്ട് വെറക്കണ്ണ്ടല്ലോ”

“അത്…. അത് ഞാനറിയാണ്ട് വെറക്കണതാ”

“സാരല്യ മണികണ്ഠാ” ഭാസ്കരൻനായർ പറഞ്ഞു. ‘ഹോ ആ തൊല്ലയൊഴിഞ്ഞു’ എന്നു മണികണ്ഠൻ ആശ്വസിക്കെ ഭാസ്കരൻനായർ കൂട്ടിച്ചേർത്തു.

“നീ എടത് കയ്യോണ്ട് ഉഴിഞ്ഞാ മതി”

മണികണ്ഠൻ കൈവിറപ്പിക്കുന്നത് കുറച്ചുനേരം നിർത്തി. പിന്നെ വീണ്ടും വിറപ്പിച്ചു.

അതിൽപിന്നെ എല്ലാ ദിവസവും മണികണ്ഠൻ ഇടതുകൈയാൽ ഉഴിച്ചിലിനു തുടക്കമിട്ടു കൊടുക്കും. തുടർന്നു ഭാസ്കരൻനായർ തന്നെത്താൻ ഉഴിയും. ഉഴിച്ചിലിനു പുറമെ, മുരിങ്ങയിലയും ചതഓപ്പയും മറ്റും വെള്ളത്തിലിട്ടു തിളപ്പിച്ച്, അമ്മിക്കല്ലിൽ അരച്ച മിശ്രിതം പകൽസമയം മുഴുവൻ കാലിൽ പുരട്ടി. നീണ്ട നാളത്തെ ആയുർവേദ ചികിൽസമൂലം കിട്ടിയ അറിവുവച്ച് ഭാസ്കരൻനായർ ഒരു കഷായവും തയ്യാറാക്കി. ദിവസം രണ്ടുനേരം അതു സേവിച്ചു.

ഉഴിച്ചിലിനിടയിലും ദിനേശ്‌ഡോക്ടറെ സന്ദർശിച്ചു മരുന്നു വാങ്ങാൻ ഭാസ്കരൻനായർ മറന്നില്ല. പ്രാക്ടീസ് പുരോഗമിച്ചതോടെ ഡോക്ടർ മീൻഗുളിക ഉപേക്ഷിച്ചു, രോഗത്തെ സുഖപ്പെടുത്തുന്ന സ്ട്രോങ് ഗുളികകൾ ഭാസ്കരൻനായരിൽ പ്രയോഗിച്ചു.

രണ്ടുമാസം അങ്ങിനെ പോയി. രണ്ടുമാസവും ഭാസ്കരൻനായർ ഗുളിക കഴിച്ചു. ഉഴിച്ചിലിനു വിധേയനായി. മൂന്നാം മാസം മുതൽ കാലിലെ തടിപ്പ് കുറഞ്ഞു തുടങ്ങി. ദിനേശ്‌ ഡോക്ടറുടെ ചികിൽസയും, വാരരുടെ ഉഴിച്ചിലും ഏതോ അനുപാതത്തിൽ ശരിയായി പ്രവർത്തിച്ചപ്പോൾ കാലിലെ ഞെരമ്പുവീക്കം മാറി.

കക്കാടുകാർ അടക്കം പറഞ്ഞു. “നമ്മടെ ദിനേശിന്റെ ചികിൽസ്യല്ലെ. ഭേദാവാണ്ടിരിക്ക്വോ”

കേട്ടവർ അതു ശരിവച്ചു. “പിന്നല്ലാ”

പക്ഷേ അമ്പലത്തിലെ ശ്രീധരൻ തന്ത്രി പറഞ്ഞു. “മണികണ്ഠന്റെ ഉഴിച്ചലല്ലേ, ഞെരമ്പ് നേര്യാവാണ്ടിരിക്ക്വോ?”

തുളസിയില ചെവിയിൽ ചാർത്തുകയായിരുന്ന ജനാർദ്ദനൻ ആഞ്ഞു തലകുലുക്കി. “എന്താ സംശയം”

നാട്ടുകാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ഭാസ്കരൻനായർ അസുഖം ആരു ശരിയാക്കിയതാണെന്നു ആലോചിച്ച് തല പുകയ്ക്കാൻ പോയില്ല. ഇശ്ചിച്ച ഫലസിദ്ധി കിട്ടി. അതിനു സഹായിച്ച രണ്ടുപേർക്കും തുല്യപരിഗണന കൊടുത്തു. ദിനേശ്‌ഡോക്‌ടറെ വീട്ടിൽപോയി കണ്ടു കൃതജ്ഞത അറിയിച്ചു. മണികണ്ഠൻ വാരർക്കു ആയുഷ്കാലം കൂടെ താമസിക്കാൻ അനുവാദം കൊടുത്തു.

ഒരിടക്കാലത്തു അലോപ്പതി ചികിൽസ സ്വീകരിച്ചെങ്കിലും, വളരെ വേഗം അതിൽനിന്നു പിന്തിരിയാൻ ഭാസ്കരൻനായർ മടിച്ചില്ല. ആയുർവേദത്തിൽ അദ്ദേഹം കൂടുതൽ കർക്കശക്കാരനായി. ഇന്നും അന്നമനടയിൽനിന്നു വാങ്ങിയ മസാലദോശ സ്വാദോടെ കഴിച്ച്, കൈവിരൽ നക്കുമ്പോൾ മണികണ്ഠനോടു ‘പറയാതെ പറയും’.

“ഒര് രണ്ടെണ്ണം കൂടെ വാങ്ങായിര്ന്നു മണികണ്ഠാ”

കക്കാടിലെ ആദ്യത്തെ അപ്പോത്തിക്കിരി കക്കാടിലെ ക്ലിനിക്ക് അടച്ചുപൂട്ടി കടൽകടന്നു. ബ്രുണൈയിലും യുകെയിലും ആസ്ട്രേലിയയിലുമൊക്കെ അദ്ദേഹം വെള്ളക്കാരുടെ ബ്ലഡ്പ്രഷർ നോക്കി, ‘I think, clinically, you are already….. dead’ എന്നു പറയുന്നുണ്ടെന്നു കക്കാടുകാർ അടക്കം പറയുന്നു.

Featured Image: – Littmann.com


9 Replies to “സുശ്രുതപൈതൃകം – 2”

 1. ഭാസ്കരൻനായർ അന്വേഷിച്ചു. “നീയെല്ലാ ദിവസോം മുറുക്ക്വോ?”

  “ഏതു നേരോം മുറുക്കൂന്ന് പറ”

  “നന്നായി” മുറുക്കാൻ കാശ് ലാഭം. ഭാസ്കരൻനായർ ആവേശത്തോടെ വീണ്ടും ആരാഞ്ഞു. “നീയെങ്ങനാ രാത്രീല് ലൈറ്റ് ഇടണ പാർട്ട്യാണോ?”

  ‘ആണ്’ എന്നു പറയാനാഞ്ഞ മണികണ്ഠനെ തടഞ്ഞു, ജനഞ്ചേട്ടൻ ഇടയ്ക്കു കയറിപ്പറഞ്ഞു. “അങ്ങനെ ഒരു നിർബന്ധോം ഇല്യാന്ന്. ഇരുട്ടത്തിരുന്ന് നാമംജപിക്ക മാത്രേ ചെയ്യൂ. പിന്നെ കഞ്ഞികുടിക്കുമ്പോ മാത്രം ചെലപ്പോ ലൈറ്റിടും. അതിനിപ്പോ മിന്നാമിനുങ്ങായാലും മതി”

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.

  എന്നും സ്നേഹത്തോടെ
  സുനിൽ ഉപാസന

 2. “സുശ്രുതപൈതൃകം രണ്ടു ഭാഗങ്ങളും ഒന്നിച്ചു വായിച്ചു വളരെ നന്നായി.

  “നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം.”
  🙂
  നാട്ടിന്‍ പുറത്തെ വിശേഷങ്ങള്‍!
  ഒരു അസുഖം വരുമ്പോള്‍ ഉണ്ടാവുന്ന ആകുലത നെട്ടോട്ടം ഒക്കെ പതിവ്‌ പോലെ വളരെ ഹൃദ്യമായി എഴുതി!
  അഭിനന്ദനങ്ങള്‍..

 3. എന്റെ ഗ്രാമത്തേക്കാളും പരിചയം തോന്നുന്നു ‘കക്കാട്’ എന്ന ഗ്രാമത്തോട്… കഥകൾ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം പറഞ്ഞു തരുന്നു.. ആശംസകൾ….

അഭിപ്രായം എഴുതുക