സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴാണ് റേഞ്ചർ പിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ അദ്ദേഹം ഒന്നും പറയാതെ തിണ്ണയിൽ ഇരുന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള, അതിന്റെ കാരണം അന്വേഷിക്കുന്നതിനു ആദ്യപടിയായി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി.
“ആക്രാഷ്… പ്ഫ്തൂം”
തോര്‍ത്തു കൊണ്ടു ചുണ്ടുതുടച്ച ശേഷം പിള്ള അന്വേഷിച്ചു. “എന്താ പേങ്ങാ വല്ലാണ്ടിരിക്കണെ?”
പേങ്ങൻ ഗദ്ഗദനായി. “ഭാസ്കരേട്ടന്റെ മോൻ ദിനേശ് …. ദിനേശ് എന്റട്ത്ത്ന്ന് കാശ് ചോദിച്ചു”
“അതുപിന്നെ കാശു വാങ്ങ്യാ തിരിച്ച് കൊടുക്കണ്ടേ”
പിള്ളക്കു കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരുന്നില്ല. പേങ്ങൻ വിവരിച്ചു.
“ദിനേശ് എസ്എൻഡിപി സെന്ററിൽ ക്ലിനിക് തൊടങ്ങ്യ കാര്യം നായർക്ക് അറിയാലോ”
“അറിയാം”
പേങ്ങൻ തുടർന്നു.
“ഞാനിന്നലെ ഇവടെ കെളച്ചപ്പോ കാല് ചെറുതായി മുറിഞ്ഞത്, ഒന്നു വച്ചുകെട്ടാൻ ക്ലിനിക്കീ പോയി. ഒര് അഞ്ചുമിനിറ്റ് നേരത്തെ പണീണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഞാൻ എറങ്ങിപ്പോരാന്‍ നേരം ദിനേശേ… ദിനേശ് കാശ് ചോദിച്ചു”
“അതു പിന്നെ ചികിത്സിച്ചാ ഡോക്ടർക്ക് കാശ് കൊടുക്കണ്ടേ പേങ്ങാ”
“നായര് അങ്ങനെ പറേര്ത്“ പേങ്ങൻ ഒന്നു തേങ്ങി രണ്ടുകൈയും മുന്നോട്ടു നീട്ടി. “ദിനേശിനെ ഞാനെന്റെ ഈ കയ്യിലിട്ടാ വളർത്ത്യേ. എന്റെ സുകുമാരൻ വലിയ വായീ കരഞ്ഞാ പോലും ഞാൻ ദിനേശന്യാ എടുക്കൊള്ളായിരുന്ന്. ആ ദിനേശ് എന്നോട് കാശു ചോദിച്ചു!”
വിഷമം നിയന്ത്രിക്കാനാകാതെ പേങ്ങൻ കരഞ്ഞു. പേങ്ങന്റെ ഭാവമാറ്റം പിള്ളയേയും വിഷമിപ്പിച്ചു. ആറേക്കർ തെങ്ങിൻതോപ്പും കവുങ്ങുകളും നോക്കിനടത്തുന്ന ആളാണ്. ഒരു മച്ചിങ്ങ കൊഴിഞ്ഞാൽ പിള്ളയേക്കാളും അങ്കലാപ്പ് പേങ്ങനാണ്. ഇരുപത്തഞ്ച് കൊല്ലമായുള്ള അടുപ്പം. ഇങ്ങനെയുള്ള ആളെ അപമാനിക്കുകയോ?
പിള്ള കസേരയിൽനിന്നു എടുപിടീന്നനെ എഴുന്നേറ്റു. ഒറ്റക്കുതിപ്പിനു ചുമരിൽ തൂക്കിയിരുന്ന ഇരട്ടക്കുഴൽ തോക്കെടുത്തു. വീടിനുള്ളിൽ കയറി ഒരുപിടി വെടിയുണ്ടകൾ വാരി പോക്കറ്റിലിട്ടു.
“വാ പേങ്ങാ. ഇതൊന്ന് ചോദിച്ചിട്ട് തന്നെ കാര്യം”
കാര്യങ്ങൾ അത്രയും പോകുമെന്നു പേങ്ങൻ കരുതിയിരുന്നില്ല. “അയ്യോ വേണ്ട. ദിനേശ് കൊച്ചല്ലേ”
“കൊച്ചന്മാര് ഇങ്ങന്യാ ചെയ്യാ. മുതിർന്നവരോടു ഒരു ബഹുമാനം ഇല്ലാതെ”
മുറ്റത്തെ ഒട്ടുമാവ് വരെ കുതിച്ച പിള്ളയെ പേങ്ങൻ ഓര്‍മിപ്പിച്ചു. “നായര് പോവരുത്. ഭാസ്കരേട്ടന്റെ കയ്യീ മെഷീൻഗണ്ണ്‌ണ്ട്. ഒര് മിനിറ്റ്ല് പത്തമ്പത് തവണ വെടിവക്കാൻ പറ്റണ സാധനം. അതെങ്ങാനും പൊട്ടിച്ചാ മേല് അരിപ്പ മാതിര്യാവും”
മെഷീൻഗൺ എന്നു കേട്ടപാതി പിള്ളയുടെ അടിവയറ്റിൽ നിന്നു ഒരാന്തൽ പൊങ്ങി. അദ്ദേഹം മുന്നോട്ടു കുതിക്കുന്നത് നിര്‍ത്തി, വെട്ടിത്തിരിഞ്ഞു ചാരുകസേരയിൽ തന്നെ വന്നിരുന്നു. പിള്ളയുടെ ഭാവമാറ്റം പേങ്ങനെ അല്‍ഭുതപ്പെടുത്തി.
“എന്താ നായര് പോണില്ലേ?”
തോര്‍ത്തു കൊണ്ടു മേലാകെ അഞ്ചാറു തവണ വീശി പിള്ള പറഞ്ഞു. “ദിനേശ് കുട്ടിയല്ലേ പേങ്ങാ”
പേങ്ങൻ നിർത്താതെ പൊട്ടിച്ചിരിച്ചു. പിള്ള കൂടെ ചിരിച്ചു. പേങ്ങനില്‍നിന്നു എന്തു മറച്ചു പിടിക്കാൻ.
കക്കാടും ഇന്ത്യൻ ആർമിയും തമ്മിലുള്ള ബന്ധം എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരമാണ് ഭാസ്കരേട്ടൻ. ദേശത്തെ ആദ്യത്തെ മിലിട്ടറിക്കാരൻ. സർവ്വീസ് കാലത്തു അദ്ദേഹം വെറുതെ തോക്കും പിടിച്ചു നടക്കുകയായിരുന്നില്ല. പതിനഞ്ചു വർഷത്തെ സേവനത്തിനൊടുവിൽ, 1972-ൽ വിരമിക്കുമ്പോൾ ഇന്ത്യൻ ആർമിയുടെ പ്രധാനപ്പെട്ട രണ്ട് യുദ്ധങ്ങളിലും അദ്ദേഹം ഭാഗഭാക്കായിരുന്നു. അറുപത്തിയൊന്നിലെ ഇന്ത്യാ – ചീന യുദ്ധം. എഴുപത്തിയൊന്നിലെ ഇന്ത്യാ – പാക്ക് യുദ്ധം. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ശേഷം പിരിഞ്ഞു പോന്നു.
ആർമിയിൽ സേവനമനുഷ്‌ഠിക്കുന്ന കാലം മുതലേ ഭാസ്കരേട്ടന്റെ മനസ്സിലെ സ്വപ്‌നമായിരുന്നു മകൻ ദിനേശിനെ കിടയറ്റ ഒരു ഡോക്ടറാക്കുക എന്നത്. ആ ലക്ഷ്യത്തിലേക്കു മകനെ നയിക്കാൻ ഭാസ്കരേട്ടൻ കാര്യങ്ങൾ വേണ്ട രീതിയിൽ നീക്കി. ആർമിക്കാരെ പോലെ, ഡോക്‍ടറുടേയും ജീവിത വിജയത്തിന്റെ അടിസ്ഥാനം അച്ചടക്കമാണെന്നു അദ്ദേഹം വിശ്വസിച്ചു. മകനെ ആര്‍മി രീതിയിൽ അച്ചടക്കത്തോടെ വളർത്തി. അങ്ങിനെ ദിനേശ് വളർന്നു. അച്ഛന്റെ അഗ്രഹം പോലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ് എടുത്ത്, കക്കാടിലെ ആദ്യത്തെ സുശ്രുതൻ എന്ന ഖ്യാതി നേടി.
പഠനം പൂർത്തിയാക്കി കക്കാടിൽ തിരിച്ചെത്തിയ ഡോക്ടർ കുറച്ചു നാൾ വിശ്രമം എടുത്തു. അക്കാലയളവിൽ, മെഡിക്കൽ പഠനകാലം തന്നിൽ നിന്നു കവർന്നെടുത്ത നാട്ടുസ്വഭാവങ്ങൾ തിരിച്ചു പിടിക്കാൻ അദ്ദേഹം ശ്രമിച്ചു. രാവിലെ ഇയ്യാത്തുംകടവിൽ ചൂണ്ടയിടൽ. പുഴമീൻ പാകം ചെയ്തു വിഭവസമൃദ്ധമായ ഉച്ചയൂണ്. വീടിനു പിറകിലെ കവുങ്ങിൻ തോപ്പിൽ, കക്കാടിലെ പൊടിപിള്ളേരുടെ കൂടെ ക്രിക്കറ്റു കളി. വൈകുന്നേരം എസ്‌എന്‍ഡിപി സെന്ററിൽ സുബ്രണ്ണനും കുട്ടപ്പൻ ചേട്ടനും അടക്കമുള്ള, കക്കാടിലെ മുതിർന്നവരുമായി ചീട്ടുകളി. രാത്രിയിൽ സുഹൃത്ത് അപ്പുമാഷിന്റെ വീട്ടുമുറ്റത്തു ട്യൂബ്‌ലൈറ്റ് വെളിച്ചത്തിൽ പൊരിഞ്ഞ ഷട്ടിൽ ബാഡ്‌മിന്റൺ കളി. ഇവയൊക്കെയാണ് തിരിച്ചു പിടിച്ച ഇനങ്ങളിൽ പ്രധാനം. മൊത്തത്തിൽ ആർമാദ കാലം.
എസ്‌എൻഡിപി സെന്ററിൽ, പണ്ട് കൊരട്ടി ജെടിഎസിൽ അധ്യാപകനായിരുന്ന വിജയൻ മാസ്റ്ററുടെ കൊച്ചുപുര മിനുക്കിപ്പണിത്, ദിനേശിനു ക്ലിനിക് ഇട്ടുകൊടുക്കാൻ ഭാസ്‌കരേട്ടനോടു പറയുന്നത് മെമ്പർ മോഹനനാണ്. ചെറുവാളൂരിലെ നെല്ലിശ്ശേരിയുടെ ക്ലിനിക്കിനോടു കിടപിടിക്കാൻ കക്കാടിൽ ആരുമില്ലാത്തത് മെമ്പറുടെ സ്വകാര്യ ദുഃഖമായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമാണ് ഒരു ആതുരാലയം. മകനെ ഉപരിപഠനത്തിനു വേണ്ടി യൂറോപ്പിലേക്ക് അയക്കാൻ പദ്ധതിയുണ്ടായിരുന്നതിനാൽ ഭാസ്‌കരേട്ടൻ ആദ്യം സമ്മതിച്ചില്ല. പക്ഷേ ഉപരിപഠനത്തിനു അഡ്മിഷൻ കിട്ടുന്നത് വരെ ഒരു ക്ലിനിക്ക് ഇട്ട് അല്പം തൊഴിൽപരിചയം നേടുന്നത് നന്നാണെന്ന് മനസ്സിലാക്കി, മെമ്പറോട് സമ്മതം മൂളി. കൊച്ചുപുരയുടെ ചിതൽ കയറിത്തുടങ്ങിയിരുന്ന ജനൽപലകയിൽ പെയിന്റ് അടിച്ചു മിനുക്കി. പുതിയ മേശയും കസേരയും വാങ്ങി. പുതിയ ഓടു വിരിച്ചു. കടയുടെ നെറുകയിൽ ബോര്‍ഡ് വച്ചു.‘സുശ്രുതപൈതൃകം മെഡിക്കൽ ക്ലിനിക്. കക്കാടിലെ ആദ്യത്തെ ആതുരാലയം അങ്ങിനെ സ്ഥാപിതമായി.
ക്ലിനിക് തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ ദിനേശ് ഡോൿടറുടെ ചികിൽസ ജനശ്രദ്ധ ആകർഷിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചു കക്കാട് തേമാലിപ്പറമ്പിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്കു ജനം ഒഴുകി. ചികിത്സയിൽ ഏവർക്കും തൃപ്തിയായിരുന്നു. മെഡിക്കൽ ക്യാമ്പിനു വന്ന അവിവാഹിതകളായ യുവതികൾ ‘ദിനേശേട്ടൻ ഒന്നു തൊട്ടപ്പോഴേക്കും അസുഖം മാറി‘ എന്നു സാക്ഷ്യവും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ ജനസമ്മതി പിടിച്ചാൽ കിട്ടാത്തത്ര ഉയർന്നു.
അന്നൊരിക്കലാണ് മര്യാദാമുക്കിന്റെ കാവൽക്കാരനും, കടുത്ത ആയുർവേദ ഫാനുമായ മച്ചിങ്ങൽ ഭാസ്കരൻ നായർ തന്റെ ആരോഗ്യപ്രശ്നം ദിനേശ് ഡോക്ടർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
എഴുപത് വര്‍ഷത്തോളം നീണ്ട ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ഇംഗ്ലീഷ് ഡോൿടര്‍മാരുടെ ചികിത്സ സ്വീകരിച്ചിട്ടുള്ള ആളാണ് ഭാസ്കരൻ നായർ. കടുത്ത ആയുർവേദ ഫാൻ. കൊല്ലത്തിലൊരിക്കൽ ഉഴിച്ചിലും കിഴിയും. കർക്കടകത്തിൽ കർക്കടക കഞ്ഞി. തേച്ചു കുളിക്കാൻ കൊട്ടൻചുക്കാദി. രാത്രി ഉറക്കത്തിനു മുമ്പ് ഏതെങ്കിലും ലേഹ്യം. വിട്ടുവീഴ്ചയില്ലാത്ത സസ്യാഹാരി. ചായയും കാപ്പിയും കഴിക്കില്ല. ചുക്കുവെള്ളമേ കുടിക്കൂ. ലഹരിയായി വെറ്റില മുറുക്കുന്ന ശീലമുണ്ട്. അതു മാത്രം ഒഴിവാക്കാനാകില്ല. നിരന്തരമായ ആയുർവേദ സമ്പർക്കം നിമിത്തം ഇദ്ദേഹത്തിനു ആയുർവേദ ചികിൽസയും അല്പസ്വല്പം അറിയാം. എപ്പോഴും എന്തെങ്കിലും ആരോഗ്യ കാരണങ്ങൾ പറഞ്ഞ് ഡോക്ടർമാരെ സന്ദർശിക്കുന്നത് ഭാസ്കരൻ നായരുടെ ഒരു ശീലമാണ്.
ഒരു ദിവസം സന്ധ്യാനേരത്ത് ഭാസ്കരൻ നായർ വീട്ടുമുറ്റത്തു വളർന്നു നിന്നിരുന്ന പുല്ലുകൾ പറിച്ചു കളയുകയായിരുന്നു. കുന്തിച്ചിരുന്നു നടുവേദനിച്ചപ്പോൾ ഒന്നു നിവർന്നു. പട്ടാളച്ചിട്ടയിൽ നടന്നു വരുന്ന ഡോക്ടറെ കണ്ടത് അപ്പോഴാണ്. കുറച്ചു നാളുകളായി അലട്ടുന്ന കാലുവേദനയ്ക്കു പരിഹാരം ചോദിച്ചാലോ എന്ന ചിന്ത അദ്ദേഹത്തിന്റെ തലയിൽ മിന്നി. അലോപ്പതിയാണെങ്കിലും വെറുതെ കിട്ടുന്ന ചികിൽസ വിട്ടു കളയണ്ട.
അദ്ദേഹം വിളിച്ചു. “ദിനേശേ… ഒരു മിനിറ്റ്. ഒരു കാര്യം ചോദിച്ചോട്ടെ”
അല്പം കൂന് ഉള്ള ഭാസ്കരൻ നായർ ഡോക്ടറുടെ അടുത്തേക്കു മുടന്തി മുടന്തി ഓടിയെത്തി. ഡോക്ടറുടെ തോളിൽ തട്ടി ഉറച്ച ശരീരമല്ലേ എന്നു പരിശോധിച്ചു. പിന്നെ സന്തോഷത്തോടെ പറഞ്ഞു.
‘അച്ഛനെ പോലെ നല്ല തണ്ടും തടീമായല്ലോ… നന്നായി”
ദിനേശ് ഡോക്ടർ ഗംഭീരഭാവം കൊണ്ടു. ഭാസ്കരൻ നായർ കാര്യം അവതരിപ്പിക്കാൻ തയ്യാറെടുത്തു. ഇപ്പോൾ കരയും എന്ന മട്ടിൽ മുഖത്തു ദയനീയ ഭാവം വരുത്തി.
“ദിനേശേ എന്റെ കാലിനൊരു പ്രോബ്ലം…”
പ്രശ്നങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു അറിയാവുന്നതിനാൽ ഡോക്ടർ തുടക്കത്തിലേ നിരുൽസാഹപ്പെടുത്തി. “അത് തെങ്ങിന്റെ ആര് എങ്ങാനും കേറ്യതാവൊള്ളൂന്നേയ്”
വെറുതെ എന്തിനാ വയ്യാവേലി വലിച്ചു കഴുത്തിലിടുന്നതെന്നു ചിന്തിച്ച്, എന്തെങ്കിലും തൊടുന്യായങ്ങൾ പറഞ്ഞു മുങ്ങാൻ ശ്രമിക്കവെയാണ്, സംഭവങ്ങൾ വീക്ഷിച്ചു തൊട്ടപ്പുറത്തെ വളപ്പിൽ രണ്ടു പെൺകുട്ടികൾ നില്‍ക്കുന്നത് യുവഡോക്ടർ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ചികിത്സിക്കാൻ തീരുമാനമെടുത്തു. ഞെരമ്പ് തടിച്ചുവീര്‍ത്ത കാലിൽ ഞെക്കി ഭാസ്കരൻ നായർ സങ്കടം ഉണര്‍ത്തിച്ചു.
“എന്റെ രണ്ട് കാലിനും എടക്കെടക്ക് ഭയങ്കര വേദന. പോരാഞ്ഞ് ഈ ഞെരമ്പൊക്കെ വീര്‍ത്ത് വരേം ചെയ്യണ്”
ഡോക്ടർ ഒരു നമ്പർ ഇടാൻ തീരുമാനിച്ചു. ഭാസ്കരൻ നായരുടെ കാലിൽ സ്‌തെതസ്‌കോപ്പ് വച്ച് നോക്കി. ഒപ്പം ഗോപ്യമായി പെൺകുട്ടികളെ ഒളികണ്ണിട്ടു നോക്കി. തന്റെ ചികിത്സ പെണ്‍കുട്ടികൾ സാകൂതം നോക്കുന്നുണ്ട്. അതോടെ ഡോക്ടറുടെ ആവേശം ഇരട്ടിച്ചു. കാലിലെ ഞെരമ്പിൽ ഞെക്കി ഭാസ്കരൻ നായരോടു വേദനയുണ്ടോയെന്നു ചോദിച്ചു. വേദനയുണ്ടെന്നു മറുപടി കിട്ടി. അടുത്തതായി മുട്ടുചിരട്ടയിൽ തട്ടി വേദനയുണ്ടോന്നു ചോദിച്ചു. ഇല്ലെന്നു മറുപടി കിട്ടിയപ്പോൾ കുറച്ചു കൂടി ശക്തിയായി കിഴുക്കി. അപ്പോഴും വേദനയില്ലെന്നു കേട്ടപ്പോൾ ഡോൿടർ കൈമുഷ്‌ടി ചുരുട്ടി ആഞ്ഞിടിക്കാൻ തയ്യാറെടുത്തു. ഭാസ്‌കരൻനായർ ഉടൻ ഡോക്ടറുടെ രണ്ടു കൈത്തലവും കൂട്ടിപ്പിടിച്ചു വിലക്കി.
“അയ്യോ… വേദനേണ്ട് ദിനേശെ. ഭയങ്കര വേദനേണ്”
പരിശോധന കഴിഞ്ഞു. ഡോക്ടർ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഗൗരവത്തിൽ തലയാട്ടി എഴുന്നേറ്റു.
“സ്തെതസ്കോപ്പ് വച്ചട്ട് സൌണ്ടൊന്നും കേട്ടില്ല”
“ഓ. ആ കൊഴല് കേടായിരിക്കും ദിനേശെ”
“ഹേയ്. ഇന്ന് ഉച്ചക്കും കൂടി ഞാൻ പത്തുമുപ്പതാളെ ചികിത്സിച്ചതല്ലേ”
“അത്യാ. അപ്പോ എന്താ പ്രശ്നം”
ഭാസ്കരൻ നായർ സംശയിച്ചു നിൽക്കെ ഡോക്ടർ നമ്പറിട്ടു.
“എനിക്ക് തോന്നണത്… എനിക്ക് തോന്നണത് അങ്കിളിന്റെ ഹൃദയമിടിപ്പ് നിന്നൂന്നാണ്.”
നിഷ്കളങ്കനായ ഭാസ്കരൻ നായര്‍ക്കു അപായസൂചന തോന്നി. “അതോണ്ട് എന്തേലും കൊഴപ്പണ്ടാ ദിനേശേ”
ഡോക്ടർ കാര്യം തുറന്നു പറയാൻ മടിച്ചു. വേലിയിൽ പടര്‍ന്ന മുല്ലവള്ളിയിൽ പിടുത്തമിട്ടു പാളി നോക്കി. പെണ്‍കുട്ടികൾ അപ്പുറത്തില്ല. അവർ സ്ഥലം വിട്ടിരിക്കുന്നു. ചികിത്സയിലുള്ള താല്പര്യം പെട്ടെന്നു തീർന്നു. ഡോക്ടർ ഭാസ്കരൻ നായരോടു തുറന്നടിച്ചു.
“എന്ന്വച്ചാ അങ്കിളിന്റെ ജീവൻ എപ്പ വേണങ്കിലും അപകടത്തിലാവാന്ന്. വേഗം ആശൂത്രീ പൊക്കോ“
ഭാസ്കരൻ നായർ നെഞ്ചിൽ ഊക്കിലൊരു ഇടി പാസാക്കി. അനിയൻ മിന്നു നായരെ വിളിച്ചു. “മിന്ന്വോ, പ്രകാശനെ വിളിച്ചേടാ. ആശൂത്രീ പോണം”
ഡോക്ടർ ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നുപോയി. അംബി വൈദ്യൻ സ്ഥലത്തുണ്ടാകില്ലെന്നു അറിയാവുന്നതിനാൽ ഭാസ്കരൻ നായർ കൊരട്ടിയിലെ ഒരു ക്ലിനിക്കിൽ എത്തി. ഡോക്ടർ ഒന്നുരണ്ടു ഗുളികകൾ കൊടുത്തു വിട്ടു.
🙂
സുനിൽ ഉപാസന
ഹഹ!
എന്റെ വിസ്മയം ഈ കഥാപാത്രങ്ങളൊക്കെ എവിടുന്നു വരുന്നു എന്നാണ്. ഇവരൊക്കെ അവിടുള്ളവരാണോ അതോ ഭാവനയോ?
എല്ലാവരും നാട്ടുകാർ തന്നെ എതിരണ്ണാ….
ചിലപ്പോൾ യഥാർത്ഥസംഭവങ്ങളിൽ ഊന്നിയും ചിലപ്പോൾ ഭാവനയെ കൂട്ടുപിടിച്ചും എഴുതും.
🙂
ഉപാസന
🙂