ദിമാവ്‌പൂരിലെ സർപഞ്ച്

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.മൂന്നുമണിക്കൂർ നേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ് വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നു എന്നെ സ്വാഗതം ചെയ്‌ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. വേലക്കാരൻ പൊക്കം കുറഞ്ഞ്, അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണെന്നാണ് പണിക്കർ പറഞ്ഞത്. കൈകൾ കുറുകി കുള്ളന്മാരുടേതു പോലെ തോന്നിക്കും, മുപ്പത്തഞ്ചു വയസ്സായിട്ടും പതിനഞ്ചുകാരന്റെ മീശയാണ്, എഴുത്തും വായനയും അറിയില്ല, ഹിന്ദിയല്ലാതെ മറ്റു ഭാഷകൾ സംസാരിക്കില്ല എന്നിങ്ങനെയാണ് മറ്റു പ്രത്യേകതകൾ. പണിക്കരുടെ വിവരണം ഫോണിലൂടെ കേൾക്കുമ്പോൾതന്നെ കഥാപാത്രം മനസ്സിൽ കുടിയേറിയിരുന്നു. നേരിൽ കണ്ടതോടെ താൽപര്യം കൂടുതലായി.

പേര് അറിയാമെങ്കിലും ഞാൻ വെറുതെ അന്വേഷിച്ചു. “നാം ക്യാ ഹൈ, ഭായ്?”

വേലക്കാരന്റെ മുഖത്തു ലജ്ജ പരന്നു. കക്ഷി ഒരു നാണക്കാരനാണെന്നു പണിക്കർ പറഞ്ഞിരുന്നില്ലല്ലോ. പിന്നെന്താ ഇങ്ങിനെ.

ഞാൻ വീണ്ടും ചോദിച്ചു. “അരേ ഭായ്. തുമാരാ നാം ക്യാ ഹൈ?”

വേലക്കാരൻ മറുപടി പറഞ്ഞു. “ശ്യാം സിങ്ങ്”

“അച്ചാ. മേരാ ഏക് ദോസ്ത് കാ ഭി നാം ശ്യാം ഹെ”

ശ്യാം സിങ് ചിരിച്ചു. എന്റെ തോൾബാഗ് വാങ്ങി നിലത്തുവച്ചു. പെട്ടികൾ വണ്ടിയിൽ നിന്നിറക്കാൻ സഹായിച്ചു. ഞങ്ങൾ റൂമിലെത്തി. അപ്പോൾ എന്നെയാകെ അൽഭുതപ്പെടുത്തി ശ്യാം എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ ഒരുങ്ങി. ഞാൻ തടഞ്ഞു.

എന്റെ മുഖത്തെ നീരസം കണ്ടാകണം, ശ്യാം ഇതെല്ലാം സ്വാഭാവികമാണെന്ന മട്ടിൽ പറഞ്ഞു.

“സാബ്. രോസ് മെം പണിക്കർ സാബ് കി ഷര്‍ട്ട് കെ ബട്ടൺ ഘോല്‍ത്താ ഹും”

വിശ്വസിക്കാൻ കഴിഞ്ഞില്ല. “സച്”

“ഹാ. മേം സച്ച് ബതാ രഹാ ഹും. പെഹ്‌ലെ സെ ഹി ഐസാ ഹൈ. ഉസ്കെ ജുത്തെ ഭി മേം ഹി ഖോല്‍ത്താ ഹും”

കേൾക്കുന്നത് വിശ്വസിക്കണോയെന്നു നിശ്ചയമില്ലായിരുന്നു. ഞാനറിയുന്ന പണിക്കർ വേറെ ആളാണ്. ഇത്തരം സ്വഭാവങ്ങളുള്ള വ്യക്തിയേയല്ല. ശ്യാം പറഞ്ഞ അളവുകോൽ വച്ചു നോക്കിയാൽ പണിക്കരിൽ ഒരു ഫ്യൂഡലിസ്റ്റിനെയോ, പരുക്കനും താൻപോരിമയുമുള്ള ഒരു യജമാനനെയോ ദർശിക്കാവുന്നതാണ്. അതെന്റെ വിലയിരുത്തലുകളോടു യോജിക്കുന്നതല്ല. മൂന്നുകൊല്ലത്തെ പരിചയംവച്ചു നോക്കിയാൽ പണിക്കർ അൽപം ചൂടനാണെന്നേ തോന്നിയിട്ടുള്ളൂ. അതും എന്നോടല്ല, മറ്റുള്ളവരോടു. ഒരിക്കൽ ഓൺലൈനിൽ ചാറ്റ് ചെയ്യുമ്പോൾ ജോലിയിൽ തെറ്റുവരുത്തിയ കീഴ്‌ജീവനക്കാരനെ ശകാരിച്ച കാര്യം പണിക്കർ എടുത്തുപറഞ്ഞു. അപ്പോൾ ഞാൻ ഗുണദോഷിച്ചു. ശകാരിക്കലിൽ ‘ഞാൻ’ എന്ന ഭാവം ഉണ്ടാകരുതെന്നും ജോലിയിലെ തെറ്റിനെ മാത്രമേ ചൂണ്ടിക്കാണിക്കാവൂ എന്നും പറഞ്ഞു. തുടർന്നു ബുദ്ധന്റെ പ്രബോധനങ്ങളിലെ സാരാംശം എടുത്തെഴുതി.

“Great is the one, who have no ego,

Great is the one, who give up whatever he has,

Great is the one, who is untouched by anger, desires, hatred, jealous, greed and lust,

And finally, Great is the one, who have peace in mind.

എല്ലാം വായിച്ചുകഴിഞ്ഞ് പണിക്കർ ഓൺലൈൻ വഴി കാലുപിടിച്ചു. തുടർന്നു ശപഥങ്ങളായി. മൂന്നാമത്തെ വരിയിലെ ഒരു ഇനമൊഴിച്ചു ബാക്കിയൊക്കെ പാലിക്കാമെന്നു സത്യം ചെയ്തു. ഞാനതു കാര്യമായെടുത്തില്ല. പക്ഷേ ഒരുമാസം കഴിഞ്ഞു അപ്രതീക്ഷിതമായി പണിക്കരുടെ ഇമെയിൽ. മീററ്റിൽ അവൻ സ്ഥിരം യാത്രചെയ്യാറുള്ള യുവാവായ സൈക്കിൾ റിക്ഷക്കാരനു പതിനായിരം രൂപ ചിലവിട്ടു സെക്കന്റ്ഹാൻഡ് ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തെന്നും അതിപ്പോൾ നന്നായി ഓടുന്നുണ്ടെന്നുമായിരുന്നു പ്രസ്തുത ഇമെയിലിന്റെ ഉള്ളടക്കം. അതുകേട്ടപ്പോൾ സന്തോഷിച്ചതിനു കണക്കില്ല. എന്റെ ഉപദേശം അവൻ കാര്യമായെടുത്തല്ലോ. അങ്ങിനെയുള്ള പണിക്കർ സ്വന്തം വേലക്കാരെനെക്കൊണ്ടു ഷർട്ടഴിപ്പിക്കുകയും ഷൂലേസ് കെട്ടിക്കുകയും ചെയ്യുമെന്നോ. അസംഭാവ്യം!

ഞാൻ വസ്ത്രം മാറി, കൈലിചുറ്റി എത്തിയപ്പോൾ ചൂടുചായ റെഡി. ടിവി കണ്ടുകൊണ്ട്, ചായ കുടിച്ചു. ചായ തീർന്നപ്പോൾ കുളിമുറിയിൽ വെള്ളം തയ്യാറായെന്നു ശ്യാം അറിയിച്ചു. കുളികഴിഞ്ഞിറങ്ങുമ്പോൾ എന്റെ അഴുക്കുവസ്ത്രങ്ങൾ വാഷിങ്ങ്‌മെഷീനിൽ മുക്കി ശ്യാം സോപ്പുപൊടി വിതറുന്നു. പണിക്കരുടെ അലക്കിതേച്ചു വച്ചിരുന്ന ഷർട്ട് ശ്യാം എടുത്തുതന്നു. ഇതെല്ലാം ചെയ്യുമ്പോൾ അദ്ദേഹം വളരെ ഭവ്യത പുലർത്തുന്നുണ്ട്. ഞാനതു പ്രത്യേകം ശ്രദ്ധിച്ചു. ആൾ കൊള്ളാമെന്നു ആത്മഗതം ചെയ്തു.

പകൽ സമയത്തു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ മയങ്ങി. വൈകുന്നേരം ടെറസിൽ കുറച്ചുസമയം ഉലാർത്താമെന്നു കരുതി. ടെറസിൽ കയറാനുള്ള ഗോവണി ഇരുമ്പിന്റേതാണ്, കോൺക്രീറ്റല്ല. ഗോവണിയിലേക്കു കാലെടുത്തുവച്ചപ്പോൾ താഴെനിന്നു നാലാമത്തെ പടിയിൽ ഒരു കറുത്ത ഹെൽമറ്റ് ഇരിക്കുന്നതു കണ്ടു. പടിയുടെ കൃത്യം മദ്ധ്യഭാഗത്തു തന്നെ. കയറുന്നവർക്കും ഇറങ്ങുന്നവർക്കും ഹെൽമറ്റിന്റെ സ്ഥാനം തികച്ചും അസൗകര്യമാണ്. ശ്യാം വച്ചതാകാൻ സാദ്ധ്യതയില്ല. ഇത്രസമയം അടുത്തു ഇടപഴകിയതിൽനിന്നു അദ്ദേഹം വളരെ യജമാനഭക്തി പ്രകടിപ്പിക്കുന്ന ഒരാളാണെന്നു ബോധ്യം വന്നിരുന്നു. ഉച്ചക്കു ഊണു കഴിക്കാൻ പ്ലേറ്റു വച്ചപ്പോഴും, വിളമ്പിത്തരുമ്പോഴും പ്ലേറ്റുകളോ സ്പൂണുകളോ കൂട്ടിമുട്ടി ശബ്ദമുണ്ടാകാതിരിക്കാൻ പ്രത്യേക നിഷ്കർഷ പുലർത്തി. എന്തിനാണ് ഇത്ര സൂക്ഷ്മത പുലർത്തുന്നതെന്നു ചോദിച്ചപ്പോൾ, വിളമ്പുമ്പോൾ ഒച്ചയുണ്ടാകുന്നത് പണിക്കർക്കു ഇഷ്ടമല്ലെന്നായിരുന്നു മറുപടി. ഇനിയിപ്പോൾ ഹെൽമറ്റ് ഇവിടെ, പടിയുടെ മധ്യഭാഗത്ത്, വയ്ക്കാൻ പറഞ്ഞതും പണിക്കരായിരിക്കുമോ? എങ്കിൽ വീണ്ടും ഗുണദോഷിക്കാൻ വകുപ്പുണ്ട്.

ഞാൻ ശ്യാമിനോടു അന്വേഷിച്ചു. മറുപടി കിട്ടി. പ്രതി പണിക്കർ തന്നെ!

“വൊ ഹെല്‍മെറ്റ് പണിക്കർ സാബ് കാ ഹെ. ഉനോനെ ഹി ഇസെ യഹാം രഖാ ഥാ.  ഇസ്കൊ കഹി ഓർ രഖ്‌നാ ഉസെ പസന്ത് നഹി ഹെ”

കൊള്ളാം പണിക്കരേ നിന്റെ രീതികൾ. ഞാൻ ടെറസ്സിലെത്തി. വാട്ടർടാങ്കിനു മുകളിൽ കയറി കോളനിയാകെ കണ്ണോടിച്ചു. ഡൽഹൗസി ആർക്കേഡിൽ അമ്പതോളം വീടുകളുണ്ട്. എല്ലാ വീടുകളും കുറച്ചു പഴമയുള്ള രണ്ടുനില വീടുകളാണ്. എല്ലാത്തിന്റേയും നിർമാണഘടന ഒരേതരത്തിൽ. ഞാൻ അരമണിക്കൂർ ടെറസിൽ ഉലാർത്തി. അപ്പോൾ മൊബൈൽ വിറച്ചുകൊണ്ട് സംഗീതം പൊഴിച്ചു.

“പണിക്കർ കാളിങ്”

കുശലാന്വേഷണത്തിനു ശേഷം ഞാൻ ഷർട്ട് സംഭവത്തെക്കുറിച്ചു തിരക്കി. ഫോണിന്റെ അങ്ങേയറ്റത്തു പൊട്ടിച്ചിരി.

“മാഷേ. ശ്യാം പറയുന്നതൊക്കെ ചെയ്യിച്ചിരുന്നത് ഞാനല്ല, ശ്യാമിന്റെ പഴയ ബോസാണ്. ഒരു റാത്തോഡ്. രാജസ്ഥാൻകാരനാ. പുള്ളി ഓഫീസ് വിട്ടുവന്നാൽ ചുമ്മാ വടിപോലെ നിൽക്കും. ശ്യാം ഓടിവന്നു കോട്ടഴിച്ചു മാറ്റും. പിന്നെ ടൈ. ഷർട്ടിന്റെ ബട്ടൻസ്. അതുകഴിഞ്ഞാൽ റാത്തോഡ് കൈകൾ രണ്ടും തിരശ്ചീനമായി പിടിക്കും. ശ്യാം ഷർട്ടഴിക്കും. ഷൂലേസ് കെട്ടുന്നതും അഴിക്കുന്നതും ഒക്കെ ശ്യാം തന്നെയാണ്”

ഞാൻ ചോദിച്ചു. “നിനക്കിതൊക്കെ എങ്ങിനെ അറിയാം?”

“മുമ്പു എന്റെയൊരു ബന്ധു താമസിക്കാൻ വന്നപ്പോഴും ശ്യാം അവനോടു ഇങ്ങിനെ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ കാര്യമന്വേഷിച്ചു. ശ്യാം അങ്ങിനെ പറഞ്ഞതായി സമ്മതിക്കാതെ എല്ലാം നിഷേധിച്ചു. പിന്നീടൊരിക്കൽ അസുഖം മൂലം ശ്യാമിനു പകരം ഭാര്യ ജോലിക്കു വന്നു. അവരാണ് എന്നോടു റാത്തോഡിനെപ്പറ്റി പറഞ്ഞത്”

കുറച്ചുനേരം കൂടി ഞങ്ങൾ സംസാരിച്ചു. അവൻ ഡെറാഡൂണിലാണെന്നും മൊബൈൽ ടവർ നിലംപൊത്തിയതിനാൽ അതിന്റെ ജോലികൾ തീരാതെ തിരിച്ചുവരാൻ പറ്റില്ലെന്നും പറഞ്ഞു. ഞാൻ ഫോൺ വച്ചു. പണിക്കർ വിശുദ്ധനാണ്. പരമവിശുദ്ധൻ എന്നു പറഞ്ഞാൽപോലും കുറഞ്ഞു പോകും.

രാത്രിയിൽ ശ്യാം പാകംചെയ്ത ഭക്ഷണം കഴിച്ചു. ഞാൻ വരുന്നതു പ്രമാണിച്ചു പണിക്കർ മട്ടഅരിയും മീനുമൊക്കെ കരുതിയിരുന്നു. ശ്യാം അതെല്ലാം നന്നായി പാകംചെയ്‌തു. അദ്ദേഹത്തിന്റെ കൈപ്പുണ്യം എനിക്കു ബോധിച്ചു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും കർശനമായി പറഞ്ഞപ്പോൾ ശ്യാം ഇരുന്നു. പകൽസമയത്തു കണ്ട ഭവ്യതക്കു കുറവുള്ളതായി തോന്നി. ഭക്ഷണം കഴിഞ്ഞതോടെ ശ്യാമിനു കുറച്ചുകൂടി ആത്മവിശ്വാസമായി. എന്നോടു കൂടുതൽ അധികാരികമായി പെരുമാറാൻ തുടങ്ങി. പായയിൽ എനിക്കരുകിൽ ചോദിക്കാതെതന്നെ ഇരുന്നു. ടിവി റിമോട്ട് എടുത്തു ചാനലുകൾ മാറ്റി. തമാശകൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാവമാറ്റം ഞാൻ അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തു

Read More ->  മഹതിയുടെ ആകുലതകൾ

രാത്രി പത്തുമണിയോടെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. വിശാലമായ ഹാളിൽ ഒരു കിടക്കയേയുള്ളൂ. അതിന്റെ സ്ഥാനം പൂമുഖത്തെ വാതിലിനോടു ചേർന്നാണ്. ഞാൻ അതിലും, ശ്യാം അടുക്കളയോടു ചേർന്ന ഹാളിന്റെ ഭാഗത്തും കിടന്നു. ഹാളിലെ സീറോവാട്ട് ബൾബിന്റെ പ്രകാശം അടുക്കളഭാഗത്തേക്കു ശരിയ്‌ക്കു എത്തില്ല. പായ അവ്യക്തമായി കാണാം. അത്ര മാത്രം. പരിചിതമല്ലാത്ത ചുറ്റുപാടായതിനാലും ചൂടു കൂടുതലായതിനാലും എനിക്കു ഉറക്കം ശരിക്കു കിട്ടിയില്ല. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഏകദേശം ഒരുമണിക്കൂർ അങ്ങിനെ പോയിരിക്കണം. ഇടക്കെപ്പോഴോ എന്തോ തട്ടുമുട്ട് ശബ്ദംകേട്ടു ഞാൻ കണ്ണുതുറന്നു. തലയിണക്കു അരികിൽ വച്ചിരുന്ന മൊബൈലിൽ നോക്കി. സമയം പതിനൊന്ന്. ശ്യാം കിടന്നിരുന്ന ഭാഗത്തേക്കു നോക്കിയപ്പോൾ പായ ഒഴിഞ്ഞുകിടക്കുകയാണെന്നു തോന്നി. തോന്നലായതിനാൽ കാര്യമാക്കിയില്ല. കമിഴ്‌ന്നു കിടന്നു തലയണയിൽ മുഖംപൂഴ്ത്തി. ഒരുമിനിറ്റു കഴിഞ്ഞപ്പോൾ വീണ്ടും തട്ടുമുട്ടു ശബ്ദം. ഞാൻ എഴുന്നേറ്റു. കിടക്കയിലിരുന്നു നോക്കിയാൽ സിമന്റിട്ട മുറ്റവും ഗേറ്റുപരിസരവും നന്നായി കാണാം. ഹൗസിങ്ങ് കോളനിയിലെ ഓരോവീടിനു മുന്നിലും ഓരോ വിളക്കുകാലുണ്ട്. അതിലെ ബൾബ് രാത്രിമുഴുവൻ കത്തും. കിടക്കയിലിരുന്നു പുറത്തേക്കു നോക്കിയ ഞാൻ, ഗേറ്റ് തുറന്നു സൈക്കിൾ ഉന്തി പുറത്തുപോകുന്ന ഒരുവനെ കണ്ടു. അതെന്റെ സുഹൃത്ത് പണിക്കരുടെ വേലക്കാരനായ ശ്യാം എന്ന ശ്യാംസിങ് അല്ലാതെ മറ്റാരുമായിരുന്നില്ല. എന്നിലെ ആശ്ചര്യത്തിന്റെ തോത് പതിന്മടങ്ങ് വർദ്ധിപ്പിച്ച്, സൈക്കിളിന്റെ ഹാൻഡിലിൽ വൈകീട്ടു ഗോവണിപ്പടിയിൽ കണ്ട കറുത്ത ഹെൽമറ്റും ഉണ്ടായിരുന്നു!

എനിക്കു ഭയമായി. ഇന്നിവിടെ എന്തോ സംഭവിക്കാൻ പോകുന്നില്ലേ? ഇത്തരേന്ത്യയിലെ ടഗ്ഗുകളെപ്പറ്റി പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ജന്മംകൊണ്ടു കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്ന വിഭാഗം. അത്തരം സമ്പ്രദായങ്ങളോടു കഠിനമായ എതിർപ്പും ആ സമുദായക്കാരോടു ഐക്യദാർഢ്യവും എന്നിലുണ്ട്. എങ്കിലും ടഗ്ഗുകൾക്കു അതു അറിയില്ലല്ലോ? എന്റെ ഭയം കൂടി. ശ്യാംസിങ്ങ് ഒരു ടഗ്ഗാണോ? ഞാൻ മൊബൈലെടുത്തു പണിക്കരെ വിളിച്ചു. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളെപ്പറ്റി അവനു എന്തെങ്കിലും പറയാനുണ്ടെങ്കിലോ. മൂന്നുവട്ടം ശ്രമിച്ചിട്ടും അപ്പുറത്തു ഫോൺ എടുത്തില്ല. പണിക്കർ ഉറങ്ങിയിരിക്കും. ഞാൻ മൊബൈൽ തലയിണക്കരികിൽ തിരിച്ചുവച്ചു. മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു. ഭയപ്പെടാൻ ഒന്നുമില്ല. ശ്യാം വീട്ടിലോ മറ്റോ പോയതാകണം. ഇനി അഥവാ എന്തെങ്കിലും ആപത്തുകൾ ഉണ്ടാകുമെങ്കിൽ അതിനെ ധീരമായി നേരിടുന്നതാണ്. എന്തായാലും ശ്യാം ഒറ്റയ്‌ക്കു എന്നെയൊന്നും ചെയ്യാൻ പോകുന്നില്ല. ആരോഗ്യപരമായി അദ്ദേഹം അത്ര ദുർബലനാണ്. വേറെ ആളുകളെയും കൂട്ടിയാണ് വരുന്നതെങ്കിൽ അതു മുമ്പേ മനസ്സിലാക്കാം. ഈ വീട്ടിലേക്കു കയറിവരാനുള്ള ഏകവഴി ഗേറ്റ് മാത്രമാണ്. പുറകുവശത്തു പൊക്കമുള്ള മതിലാണ്. കുപ്പിച്ചില്ലു പാകിയ അതു ചാടിക്കടക്കുക അസാധ്യം തന്നെ. ഗേറ്റുവഴി ഒന്നിലധികം ആളുകൾ കയറിവന്നാലും അവർ അടുക്കളവാതിൽ വഴി ഉള്ളിലെത്താൻ ഒരു മിനിറ്റെങ്കിലും എടുക്കും. അതിനുള്ളിൽ അടുക്കളവാതിൽ അടച്ചു, ലൈറ്റെല്ലാം തെളിച്ചു എനിക്കു ഒച്ചവക്കാവുന്നതേയുള്ളൂ. ഞാൻ അങ്ങിനെ ആശ്വസിച്ചു, ഉറങ്ങാതെ ശ്യാമിന്റെ തിരിച്ചുവരവിനു കാത്തിരുന്നു. ഇടക്കിടക്കു പണിക്കരെ വിളിക്കാനും ശ്രമിച്ചു. പതിനൊന്ന് പന്ത്രണ്ടായി. പന്ത്രണ്ടരയായി. ഒന്നായി. ശ്യാം തിരിച്ചെത്തിയപ്പോൾ കൃത്യം ഒന്നേകാൽ. കൂടെ ആരുമില്ല. സൈക്കിളും ഹെൽമെറ്റും മാത്രം. ഞാൻ ജാഗരൂകനായിരിക്കെ അദ്ദേഹം, സൈക്കിൾ വീടിന്റെ പിൻഭാഗത്തുവച്ചു, അടുക്കളവഴി അകത്തുകയറി. ഒന്നും സംഭവിക്കാത്തപോലെ കിടക്കയിൽ കിടന്നു. പുതപ്പ് തലവഴി മൂടി. താമസിയാതെ ക്രമമായ കൂർക്കംവലി ഉയർന്നു. മലപോലെ വന്നത് എലിപോലെ പോയി. എങ്കിലും എനിക്കു പിന്നീടു ഉറങ്ങാൻ സാധിച്ചില്ല. വെളുപ്പാൻകാലത്തു കുറച്ചുനേരം മയക്കം കിട്ടി.

രാവിലെ ഉറക്കമുണർന്നു നോക്കുമ്പോൾ കണ്ടത് കയ്യിൽ ചൂടുചായയുമായി പ്രതിമപോലെ, ഞാൻ ഉണരുന്നതും കാത്തുനിൽക്കുന്ന ശ്യാമിനേയാണ്. ബെഡ്കോഫി എന്ന ശീലമേ എനിക്കില്ല. പല്ലുതേച്ചിട്ടേ എന്തും കഴിക്കൂ. ശ്യാമിന്റെ മുഖത്തുനോക്കിയപ്പോൾ അദ്ദേഹം കാത്തുനിൽക്കാൻ തുടങ്ങിയിട്ടു നേരം കുറച്ചായെന്നു തോന്നി.

“കബ് ആയാ ശ്യാം?”

“ആദാ ഗണ്ടാ ഹൊ ഗയ ഹെ സാബ്”

അര മണിക്കൂർ എന്നു! ഒരു ആവശ്യവുമില്ലാതെ ഇത്രയുംനേരം ശ്യാം കാത്തുനിന്നതിൽ എനിക്കു കുണ്ഠിത്തവും ദേഷ്യവും ഉണ്ടായി.

“തുംനെ സുബെ ഹി കോഫീ ക്യൊം ബനാ ദി. മേനെ ഐസാ കര്‍നെ കേലിയെ നഹി കഹാ ഥാ. നാ?”

ശ്യാം പറഞ്ഞു. “പണിക്കർ സാബ് കോ ബെഡ്കോഫി ബഹുത് സരൂരി ഹെ. ഉൻകോ യെ സുബെ ഉഡ്തെ ഹി ചാഹിയെ”

മറ്റൊരു നുണ. എല്ലാം പണിക്കരുടെ രീതികളാണെന്ന്. ഇതു പതിവായി മാറുകയാണല്ലോ. ഞാൻ തലേന്നു വൈകുന്നേരം പണിക്കർ പറഞ്ഞ കാര്യങ്ങളോ, രാത്രിയിൽ നടന്ന സംഭവങ്ങളോ സൂചിപ്പിക്കാൻ പോയില്ല. ശ്യാം എല്ലാം നിഷേധിക്കുമെന്നത് ഉറപ്പാണ്.

രാവിലെ മുതൽ ശ്യാമിന്റെ സ്വഭാവത്തിൽ മാറ്റം വന്നിരുന്നു. തലേന്നു രാത്രി ഭക്ഷണത്തിനുശേഷം പ്രകടിപ്പിച്ച ധൈര്യവും ആത്മവിശ്വാസം ഒക്കെ പോയ്‌പ്പോയി. യജമാനനോടുള്ള അടിമത്തം പതിന്മടങ്ങ് വ്യാപ്തിയിൽ തിരിച്ചുവന്നു. എന്തുപറ്റിയെന്നു ഞാൻ അൽഭുതപ്പെട്ടു. പ്രാതലിനു വിളിച്ചപ്പോൾ ശ്യാം ഒരു കാരണവശാലും അടുത്തിരിക്കാൻ കൂട്ടാക്കിയില്ല. ഞാൻ ഒറ്റക്കിരുന്നു കഴിച്ചു. ഞാൻ ഭക്ഷണം കഴിക്കുന്നതുനോക്കി ശ്യാം ഭവ്യനായി നിന്നു.

വൈകീട്ടു ടെറസ്സിൽ ഉലാർത്തുമ്പോൾ ഞാൻ പണിക്കരെ വിളിച്ചു. തലേന്നു രാത്രി നടന്ന സംഭവങ്ങൾ വിവരിച്ചു. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്നു ആരാഞ്ഞു. പണിക്കർ ശ്യാമിന്റെ പ്രവൃത്തിയിൽ അൽഭുതം പ്രകടിപ്പിച്ചില്ല.

“എന്റെ കൂടെ താമസിക്കുമ്പോഴും ശ്യാം അങ്ങിനെ തന്നെയാണ്. എന്നും പാതിരാത്രിയാകുമ്പോൾ സൈക്കിളും ഹെൽമറ്റുമായി പുറത്തുപോകും. വെളുപ്പിനു രണ്ടുമണിയോടടുത്തു തിരിച്ചു വരികയും ചെയ്യും”

“എങ്ങോട്ടാണ് പോകുന്നതെന്നു നീ ചോദിച്ചിട്ടില്ലേ? ഈ രാത്രി യാത്ര വിലക്കിക്കൂടേ”

“ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്. വീട്ടിലേക്കു പോകുന്നതാണെന്നാണു പറയുക. പക്ഷേ പോകുന്നതു വീട്ടിലേക്കല്ല. ശ്യാമിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്, വീട്ടിലേക്കു എത്താറില്ലെന്ന്”

എനിക്കു സംഗതികൾ മൊത്തത്തിൽ രസകരമായി തോന്നി. “പിന്നെ…”

“ഞാൻ ഒരുകാര്യം പറയാൻ പോവുകയാണ്. മുമ്പ് പറയേണ്ട എന്നുവെച്ചതാ. ഇപ്പോ ഇത്രയും കാര്യങ്ങൾ ചോദിച്ചപ്പോൾ പറയാതിരിക്കാനും പറ്റുന്നില്ല. കാര്യമിതാണ്, രാത്രിയിൽ ശ്യാമിന്റെ പെരുമാറ്റത്തിൽ കുറച്ചു അസ്വാഭാവികതയുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളവരെപ്പോലെയാണെന്നു തീർത്തു പറഞ്ഞുകൂടാ. പക്ഷേ ചെറിയ തോതിലൊരു സ്‌പ്ലിറ്റ് പേർസണാലിറ്റി ഞാൻ ഫീൽ ചെയ്തിട്ടുണ്ട്. പകൽനേരത്തെ ഭവ്യതയും വിനയവും രാത്രിയിൽ കാണിക്കാറില്ല. കൂടാതെ എല്ലാ ദിവസവും രാത്രിയിൽ സൈക്കിളിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്യാൻ മറ്റു കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല”

താമസിക്കുന്നതു ചെറിയതോതിൽ മതിഭ്രമമുള്ള വ്യക്തിയുടെ കൂടെയാണെന്നു കേട്ടിട്ടും എന്നിൽ ഭാവഭേദമുണ്ടായില്ല. വിഷയത്തിലുള്ള താല്പര്യം കൂടുകയാണു ചെയ്തത്.

“രാത്രിയിൽ ഇങ്ങനെ ഇറങ്ങി നടക്കാൻ കാരണമെന്താ? എനിക്കു ഇക്കാര്യത്തിൽ ഒരു ഊഹവുമില്ല”

പണിക്കർ പറഞ്ഞു.

“എനിക്കു ചില ഐഡിയകളുണ്ട്. ഐഡിയയല്ല ഏതാണ്ടു ഉറപ്പുതന്നെയാണ്. ശ്യാം പലപ്പോഴും എന്നിൽ കാണുന്നത്, പ്രത്യേകിച്ചും രാത്രിയിൽ, പഴയ യജമാനനായ റാത്തോഡിനെയാണ്. അയാളുടെ മുഴുവൻ പേര് ഇന്ദർസിങ് റാത്തോഡ് എന്നാണ്. ഒരു ജമീന്ദാറുടെ മകൻ. അവരുടെ ഗ്രാമത്തിലെ സർപഞ്ച് ആയിരുന്നത്രെ. നല്ല അധികാരമുള്ള പദവി. അയാളാണ് ശ്യാമിനെകൊണ്ടു ഷർട്ട് അഴിപ്പിക്കുന്നതും, ഷൂലേസ് കെട്ടിക്കുന്നതും, കൈകൾ മസാജ് ചെയ്യിപ്പിച്ചതൊക്കെ. എന്റെ ഊഹമനുസരിച്ചു പണ്ട് എന്നും അർദ്ധരാത്രി റാത്തോഡ് ശ്യാമിനേയും കൂട്ടി എവിടെയോ പോകാറുണ്ട്. നിനക്കറിയോ, ശ്യാമിനു എഴുതാനോ വായിക്കാനോ അറിയില്ല. മറ്റു പല കാര്യങ്ങളിലും ഒരുതരം മന്ദബുദ്ധി പോലെയാ. പക്ഷേ ബൈക്ക് നന്നായി ഓടിക്കും. അതെങ്ങനെ പഠിച്ചെന്നു എനിക്കറിയില്ല. റാത്തോഡ് പഠിപ്പിച്ചതാകണം. അവരുടെ രാത്രിസഞ്ചാരത്തിനു അത് അനുയോജ്യമാണല്ലോ? അക്കാലത്തു രാത്തോഡ് ഉപയോഗിച്ച ഹെൽമറ്റായിരിക്കണം ഇന്നും ഗോവണിപ്പടിയിൽ ഇരിക്കുന്നത്. അതു പണ്ടും അവിടെയാണ് സൂക്ഷിക്കാറുള്ളതെന്നു തോന്നുന്നു. ഹെൽമറ്റ് അവിടെ നിന്നു മാറ്റാൻ ശ്യാം സമ്മതിക്കില്ല. ആൾ വയലന്റാകും”

“നിനക്കു ശ്യാമിനെ പറഞ്ഞുവിട്ടൂടേ പണിക്കരേ?”

“അയ്യോ ആളൊരു പാവമാണ്. രാത്രിയിൽ ഇറങ്ങി നടക്കുമെന്നല്ലാതെ ഒരു ശല്യവുമില്ല. പിന്നെ ശ്യാമിന്റെ കുടുംബത്തെ എനിക്കു അടുത്തറിയാം. ഞാൻ പറഞ്ഞുവിട്ടാൽ അവർക്കു വലിയ വിഷമമാകും. വേറെ വരുമാന മാർഗമില്ല”

ഞാൻ ആശയക്കുഴപ്പത്തിലായി. ഇപ്പോൾ കുഴപ്പമില്ലെങ്കിലും എപ്പോഴാണ് ശ്യാം പ്രശ്നമുണ്ടാക്കുകയെന്നു പറയാനാകില്ലല്ലോ. പിരിച്ചു വിടുന്നതു തന്നെയാണു നല്ലത്. അല്ലെങ്കിൽ പഴയ യജമാനനായ റാത്തോഡിന്റെ അരികിലേക്കു തിരിച്ചയക്കണം.

“ഈ റാത്തോഡ് ഇപ്പോൾ എവിടെയാണ്? അയാൾക്കു ശ്യാമിനേയും കൂടെ കൊണ്ടുപോയ്‌ക്കൂടേ?”

പണിക്കർ കുറച്ചുനേരം മൗനിയായി. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “റാത്തോഡ് ഇന്നില്ല. നാലുകൊല്ലം മുമ്പൊരു രാത്രി യാത്രയിൽ ആരോ വെടിവച്ചു കൊന്നു!”

Read More ->  പുതിയ പുസ്‌തകം - 'ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ'

നന്നായി. അപ്പോൾ രാത്രിയിലെ യാത്ര കുട്ടിക്കളിയല്ല. തികച്ചും അപകടകരമാണ്. ഞാൻ പണിക്കർക്കു ശുഭരാത്രി നേർന്നു ഫോൺ കട്ടുചെയ്തു.

ടെറസിൽ കുറേനേരം ഉലാർത്തി ഞാൻ സംഭവത്തെ മൊത്തത്തിൽ വിശകലനം ചെയ്തു. ഇപ്പോൾ അകപ്പെട്ടിരിക്കുന്ന സാഹചര്യം വളരെ ആവേശകരവും അതേസമയം അപകടകരവുമായ ഒന്നാണ്. ഒരുപക്ഷേ ജീവിതത്തിൽ ഇനിയൊരിക്കലും ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചേക്കില്ല. അതുകൊണ്ടു തന്നെ ഒരു സാഹസികയജ്ഞത്തിനു തയ്യാറായാലോ എന്ന ചിന്ത മനസ്സിലുദിച്ചു. കഴിഞ്ഞ നാലുദിവസങ്ങളിൽ രണ്ടുദിവസത്തെ ഋഷികേശ്, ഹരിദ്വാർ യാത്രയും ബാക്കി രണ്ടുദിവസത്തെ വിരസതയും എന്നിലെ ഉൽസാഹത്തെ നിർജ്ജിവമാക്കിയിരുന്നു. അതിനെ ആളിക്കത്തിക്കാൻ ഉതകുന്ന അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കുറേനേരത്തെ കണക്കുകൂട്ടലുകൾക്കു ശേഷം അന്നു രാത്രി ശ്യാമിന്റെകൂടെ സൈക്കിളിൽ യാത്രചെയ്യാൻ ഞാൻ തീരുമാനിച്ചു. പണിക്കരോടു ഇതിനെപ്പറ്റി സൂചിപ്പിക്കേണ്ടതില്ല. എന്റെ തീരുമാനം അറിഞ്ഞാൽ അവൻ സമ്മതിക്കില്ലെന്നു ഉറപ്പാണ്. ഒരുപക്ഷേ ഇന്നു രാത്രി ഞാൻ വെടിയേറ്റു മരിച്ചേക്കാം. എന്നിട്ടും സാഹസികത ഒരുക്കിയ കെണിയിൽനിന്നു എനിക്കു തെന്നിമാറാനായില്ല.

രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്യാമിൽ രാവിലെകണ്ട ദാസ്യഭാവത്തിനു കുറവുണ്ടായിരുന്നു. വീണ്ടും ആത്മവിശ്വാസവും അധികാരഭാവവും സ്ഫുരിക്കുന്ന പെരുമാറ്റം. ടെലിവിഷൻ കണ്ടുകഴിഞ്ഞു ഉറങ്ങാൻ കിടക്ക വിരിക്കുമ്പോൾ ഞാൻ നാടകീയമായി, കനത്തസ്വരത്തിൽ ശ്യാമിനോടു പറഞ്ഞു.

“ശ്യാം, ആജ് ഹമെ ബാഹർ ജാനാ ഹോഗാ”

ശ്യാം പോകാമെന്ന അർത്ഥത്തിൽ തലയാട്ടി. എവിടേക്കാണെന്നു തിരിച്ചു ചോദിക്കാതെ തിരക്കിട്ടു പുതിയ കുർത്തയും പൈജാമയുമായി വന്നു. ഞാൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ചുമാറ്റിയില്ല. ശ്യാം അതിനായി കാത്തതുമില്ല. ഞാൻ കൈകൾ തിരശ്ചീനമായി പിടിച്ചു. ശ്യാം ഓരോ ബട്ടൻസും ശ്രദ്ധാപൂർവ്വം വിടുവിച്ചു ഷർട്ട് അഴിച്ചു. കുർത്ത തലയിലൂടെ ഇട്ടുതന്നു. സ്റ്റൂളിൽ ഇരുത്തി തലമുടി ഈരി. എല്ലാം കഴിഞ്ഞു എന്നെ മുന്നിൽ നിർത്തി അടിമുടി പരിശോധിച്ചു.

“ചലേഗാ റാത്തോഡ് സാബ്”

അത്തരം സംബോധന ശ്യാമിൽനിന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. ശ്യാം വീടിന്റെ പിൻഭാഗത്തുപോയി സൈക്കിളുമായി വന്നു. സൈക്കിളിന്റെ ഹാൻഡിലിൽ ബൈക്കിൽ തൂക്കിയിടുന്നപോലെ ഹെൽമറ്റ് തൂക്കി.

“ആയിയേ സാബ്”

ഞാൻ കരുതിയത് ശ്യാം സൈക്കിൾ ചവിട്ടുമെന്നും എനിക്കു പിന്നിലിരുന്നാൽ മതിയെന്നുമാണ്. അതു തെറ്റി. ഒരുപക്ഷേ റാത്തോഡായിരിക്കും ദിവസവും ബൈക്ക് ഓടിക്കാറുള്ളത്. എങ്ങോട്ടാണ് യാത്രയെന്നു ഞാൻ ചോദിച്ചില്ല. അതു അനുചിതമാകുമെന്നു സ്പഷ്‌ടം. ഹൗസിങ്ങ് കോളനിയിലെ ടാർറോഡിലൂടെ ഞാൻ സൈക്കിൾ ചവിട്ടി. ശ്യാമിനു അധികം ഭാരമില്ലെങ്കിലും സൈക്കിളിന്റെ നിലവാരം താഴെയാണ്. ബ്രേക്ക് കട്ടകളിലൊന്നു റിങ്ങിനോടു ചേർന്നു ഉരസുന്നുണ്ട്. അതുമൂലം കൃത്യമായ ഇടവേളകളിൽ സൈക്കിളിന്റെ വേഗം കുറഞ്ഞു. കൂടാതെ ഞാൻ സൈക്കിൾ ചവിട്ടിയിട്ട് വളരെ നാളുകളായിരുന്നു. കാലുകൾക്കും അരക്കെട്ടിനും ആദ്യം ലാഘവത്വവും പിന്നീടു കഴപ്പും തോന്നി. ഹൗസിങ്ങ്കോളനിയുടെ ഗേറ്റിൽ ഉറക്കമിളച്ചിരുന്ന സെക്യൂരിറ്റിക്കാർ, അവർ രണ്ടുപേരുണ്ട്, ഞങ്ങളെ തടഞ്ഞില്ല. ഒന്നും ചോദിച്ചതുമില്ല. സൈക്കിൾ വരുന്നതു കണ്ടപ്പോൾ തന്നെ ഗേറ്റ് തുറന്നുവച്ചു.

ഗേറ്റ് കടന്നശേഷം കുറച്ചു ചവിട്ടിയാൽ പ്രധാനറോഡായി. കുറച്ചേ ദൂരമുള്ളൂവെങ്കിലും റോഡിൽ നിറയെ കുണ്ടും കുഴിയുമാണ്. എന്റെ അവശത വർദ്ധിച്ചു. പ്രധാനറോഡിനു അരികിലെത്തിയപ്പോൾ ശ്യാം ഹെൽമറ്റ് നീട്ടി.

ഞാൻ വിലക്കി. “നഹി ശ്യാം. അഗർ ഹം സൈക്കിൾ സെ ജാ രഹെ ഹൈ, തൊ ഹെല്‍മെറ്റ് കി സരൂരത് ക്യാ ഹെ?”

ശ്യാമിന്റെ മറുപടി അൽഭുതപ്പെടുത്തി. “ഉസ് ചൌരാഹ് പർ പുലീസ് ചെക്കിങ്ങ് ഹോ സക്തി ഹെ. അഗർ ഹെല്‍മെറ്റ് നഹി പെഹ്നാ തൊ പൈസ ദേനാ പഡേഗാ”

പറഞ്ഞുകഴിഞ്ഞതും അനുവാദത്തിനു കാക്കാതെ ഹെൽമറ്റ് എന്റെ തലയിൽ കമഴ്ത്തി. മുറുക്കിക്കെട്ടി തരികയും ചെയ്തു. ഞങ്ങളുടെ സൈക്കിൾ പ്രധാന റോഡിലേക്കിറങ്ങി. അവിടെ ജംങ്ഷനിൽ ഒരു പോലീസ് വണ്ടി കിടക്കുന്നുണ്ട്. സിഗററ്റ് വലിച്ചുനിന്നിരുന്ന പോലീസുകാരൻ ഞങ്ങളുടെ വിചിത്രമായ പെരുമാറ്റം കണ്ടിട്ടും, എന്നെ സംബന്ധിച്ചു സൈക്കിളിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്യുന്നത് വിചിത്രം മാത്രമല്ല ലജ്ജാകരവും കൂടിയാണ്, കണ്ടുവെന്ന ഭാവമോ കുറച്ചെങ്കിലും ശ്രദ്ധയോ കാണിച്ചില്ല. സെക്യൂരിറ്റിക്കു പുറമേ പോലീസുകാരും തുടർന്ന നിസ്സംഗതത്വം മനസ്സിലാക്കാവുന്നതേയുള്ളൂ. ശ്യാമിന്റെ രാത്രിസഞ്ചാരം അവർക്കു അത്രമേൽ പരിചിതമാണ്.

പ്രധാനറോഡിലൂടെ സൈക്കിൾ ചവിട്ടുന്നത് എളുപ്പമായിരുന്നു. അതുപക്ഷേ അധികം നീണ്ടില്ല. അഞ്ചുമിനിറ്റിനു ശേഷം സൈക്കിൾ ഇടത്തോട്ടു തിരിക്കാൻ ശ്യാം ആവശ്യപ്പെട്ടു. അതൊരു ചെറിയ ഇടവഴിയായിരുന്നു. മുന്നോട്ടു പോകുന്തോറും ഇടവഴിയുടെ വീതി കുറഞ്ഞുവന്നു. അവസാനം സൈക്കിൾ ചവിട്ടാൻമാത്രം വീതിയുള്ള ഒറ്റയടിപ്പാതയായി മാറി. അത്രയും ചെറിയ വഴിയിലൂടെ ആദ്യമായി സൈക്കിൾ ചവിട്ടുകയായിരുന്നതിനാൽ ഞാൻ വളരെ ശ്രദ്ധപുലർത്തി. ശ്യാം പെൻടോർച്ച് സൈക്കിളിനു മുന്നിലേക്കു തുടർച്ചയായി മിന്നിച്ചു വഴികാണിച്ചു. അഞ്ചുനിമിഷം ടോർച്ച് അണച്ചാൽ സൈക്കിൾ വീഴും. പാതയുടെ വശങ്ങളിലേക്കു നോക്കിയപ്പോഴൊക്കെ കനത്ത ഇരുട്ട് മാത്രമേ ഞാൻ കണ്ടുള്ളൂ. വെളിച്ചത്തിന്റെ തരിപോലുമില്ല. അപരിചിതമായ നാട്. അപരിചിതമായ സാഹചര്യങ്ങൾ. അപരിചിതമായ ലക്ഷ്യം. കൂടെയുള്ളത് രണ്ടുദിവസം മാത്രം പരിചയമുള്ള പരിചാരകനും. അദ്ദേഹത്തിനോ മതിഭ്രമവും. മനസ്സിൽ ഭയം തോന്നാൻ ഇതൊക്കെ ധാരാളമാണ്. എന്നിട്ടും ഞാൻ നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരുകാലത്തു പതിവായി നടത്തിയിരുന്ന രാത്രി യാത്രയുടെ പുനർ-ആവിഷ്‌കരണമാണ് ഇപ്പോൾ അരങ്ങേറുന്നത്. റാത്തോഡ് വെടിയേറ്റു മരിച്ചത് ഇത്തരമൊരു യാത്രയിലാണെങ്കിലും അതു സംഭവിച്ചത് വളരെ പണ്ടാണ്. അതിനുശേഷം കാര്യങ്ങൾ തീർച്ചയായും മാറിയിരിക്കും. തന്മൂലം ലക്ഷ്യത്തെപ്പറ്റി അവ്യക്തതയാണെങ്കിലും ആപത്തുകൾക്കു സാധ്യതയില്ലെന്നു എനിക്കു ഏകദേശം ഉറപ്പായിരുന്നു.

പത്തുമിനിറ്റിൽ കൂടുതൽ ദീർഘിച്ച യാത്രക്കൊടുവിൽ ഞങ്ങൾ വീണ്ടും വീതിയേറിയ, ഉയർന്ന വിതാനത്തിലുള്ള, റോഡിലേക്കു കയറി. അതു ടാർ റോഡായിരുന്നില്ല. ഉറപ്പില്ലാത്ത പൊടിമണ്ണുള്ള നാടൻ‌വഴിയായിരുന്നു. അതിലൂടെ സൈക്കിൾ ചവിട്ടുമ്പോഴാണ് ഞാൻ ചുറ്റുപാടുകൾ ശരിക്കും കണ്ടത്. നാലുപാടും വിളവെടുക്കാറായ കരിമ്പിൻതോട്ടം. ഇത്രനേരം യാത്രചെയ്തതു കരിമ്പിൻപാടത്തിനു നടുവിലെ ഒറ്റയടിപ്പാതയിലൂടെയായിരുന്നു.

പൊടിമണ്ണ് നിറഞ്ഞ റോഡിലൂടെയുള്ള യാത്രയുടെ അവസാനം ഞങ്ങൾ പുല്ലുമേഞ്ഞ ഒരു കുടിലിനു മുന്നിലെത്തി. ആ കുടിലിനടുത്തു വേറെ കുടിലുകൾ ഇല്ലായിരുന്നു. ഒറ്റപ്പെട്ട, ഏകാന്തത മുറ്റിനിൽക്കുന്ന സ്ഥലം. ശ്യാം മുരടനക്കി. കുടിലിൽനിന്നു മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന, നല്ല പൊക്കമുള്ള ഒരു സ്ത്രീ ഇറങ്ങിവന്നു. പരുക്കൻ മുഖഭാവമാണെങ്കിലും അവർക്കു നല്ല ആകർഷകത്വം ഉണ്ടായിരുന്നു. അപരിചിതനെ കണ്ടു ശ്യാമിനോടു ചോദിച്ചു.

“ഇസ് ആദ്‌മി കോൻ ഹൈ?”

ശ്യാമിന്റെ മുഖഭാവം മാറി. അത്രനേരം ഭവ്യതയും വിനയവും ദാസ്യവും സന്തോഷവും മാത്രം ദർശിച്ച മുഖത്തു വിവരിക്കാനാകാത്ത ക്രൗര്യം വ്യാപിച്ചു. ആ ഭാവപ്പകർച്ചയിൽ ഞാൻ അമ്പരന്നു. അക്രമസൂചനയോടെ രണ്ടടി മുന്നോട്ടു കുതിച്ച്, ശ്യാം സ്ത്രീയോടു കയർത്തു.

“നഹി ജാൻതി… തും നഹി ജാൻതി സാബ് കൊ?”

വീണ്ടും മുന്നോട്ടു കുതിക്കാനാഞ്ഞ ശ്യാമിനെ ഞാൻ തടഞ്ഞു. ശ്യാമിന്റെ ക്രോധഭാവം കണ്ടിട്ടും ഭയക്കാതെ, ഭാവഭേദമില്ലാതെനിന്ന സ്ത്രീയെ സാകൂതം നോക്കി. കൈകൾ പിന്നിൽകെട്ടി ഞാൻ ഏതാനും ചുവടുകൾ മുന്നോട്ടുവച്ച്, സ്ത്രീക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്നു. തികച്ചും രാജകീയഭാവം.

“മേം ഇന്ദർസിങ് റാത്തോഡ് ഹൂം. ദിമാവ്‌പൂർ ഗാവ് കീ സർപഞ്ച്”

ശബ്ദത്തിലെ ഗാംഭീര്യം എനിക്കുതന്നെ വിശ്വസിക്കാനായില്ല. പേരു പറഞ്ഞപ്പോൾ മീശപിരിച്ചിരുന്നെന്നും ഏതോ വ്യക്തിയുടെ കുലീനത എന്നിലേക്കു സന്നിവേശിച്ചെന്നും ഞെട്ടലോടെ ഞാൻ മനസ്സിലാക്കി.

സ്ത്രീയുടെ വിരോധം അലിഞ്ഞു. അവർ തല പരിധിയിലധികം കുനിച്ചു എന്നെ വണങ്ങി. തല ഉയർത്താതെ തന്നെ ക്ഷണിച്ചു.

“ആയിയേ റാത്തോഡ് സാബ്”

ദിമാവ്‌പൂർ ഗ്രാമത്തിന്റെ തലവൻ കുടിലിൽ കയറി. ഒറ്റമുറിയിൽ വിരിച്ച പായയിൽ ഇരുന്നു. കുറച്ചുസമയം കഴിഞ്ഞു ഉടയാടകളില്ലാതെ സ്‌ത്രീ അടുത്തെത്തി. കയ്യിൽ കരിമ്പുവാറ്റിയ മദ്യം. ഓലവാതിലിന്റെ വിടവിലൂടെ, പുറത്തു സശ്രദ്ധനായി കാവൽ നിൽക്കുന്ന ശ്യാംസിങ്ങിനെ റാത്തോഡ് നോക്കി. സ്ത്രീ കൈനീട്ടി വിളക്കിന്റെ നാളം അണച്ചു. റാത്തോഡിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, സ്ത്രീ അദ്ദേഹത്തിന്റെ മടിയിൽ കാലുകൾ കവച്ചുവച്ച് ഇരുന്നു. രാവ് പിന്നേയും കനത്തു. കുടിലിനു പുറത്തു ശ്യാംസിങ് ബീഡി പുകച്ചു, ഉറങ്ങാതെ ജാഗരൂകനായി കാവൽ തുടർന്നു.

മീററ്റിൽനിന്നു ഡൽഹി വഴി ബാംഗ്ലൂരിലേക്കു ഞാൻ തിരിച്ചുപോയത് പിന്നേയും നാലുദിവസം കഴിഞ്ഞായിരുന്നു.

Featured Image Credit: – shutterstock.com


24 Replies to “ദിമാവ്‌പൂരിലെ സർപഞ്ച്”

 1. ബ്ലോഗ് വാർഷികത്തിൽ പോസ്റ്റിടുക എന്ന പതിവ് തെറ്റിക്കുന്നില്ല. നവംബർ 14 ന് 'എന്റെ ഉപാസന'ക്കു അഞ്ചുവയസ്സ്!

  'ദിമാവ്‌പൂരിലെ സർപഞ്ച്' നിങ്ങൾക്ക് സമർപ്പിക്കുന്നു. എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.

  കാത്തോളണേ പിതൃക്കളേ.
  🙂
  എന്നും സ്‌നേഹത്തോടെ
  സുനിൽ || ഉപാസന

 2. ആർക്കാ പ്രാന്ത് ?
  പുതിയ റാത്തോഡിനോ?, ശ്യാമിനോ? അതോ വായിച്ച എനിക്കോ ? 😉

  (എനിക്കായിരിക്കും..)

 3. @ സാബു

  ഇങ്ങിനെയൊരു ചോദ്യം എന്റെ അടുത്ത പോസ്റ്റിൽ സാബു വീണ്ടും ചോദിച്ചേക്കാം 🙂

  നന്ദി
  🙂
  ഉപാസന

 4. നാളെത്തന്നെ എറക്കാം പ്രവീൺ..
  എന്താ 🙂

  എല്ലാത്തിനും അതിന്റെ സമയമുണ്ട് പ്രവീ. ഞാൻ എന്നെത്തന്നെ അളന്നുകൊണ്ടിരിക്കുകയാണ്.
  🙂
  ഉപാസന

 5. ആദ്യം പിറന്നാൾ ആശംസകൾ…

  കഥ വായിച്ചു. അവസാനം ഇങ്ങനെയെന്തോ ആവുമെന്ന് ആ കുടിലുകൾ കണ്ടപ്പോൾ മനസ്സിലായി. പക്ഷെ, അതു വരെ പേടിയുണ്ടായിരുന്നു…

 6. കൊള്ളാം ….
  ആദ്യം മുതലേ നല്ല സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള എഴുത്ത്.

അഭിപ്രായം എഴുതുക